“സഹജ ജ്ഞാന”മുള്ള ജന്തുക്കൾക്കു നമ്മെ പഠിപ്പിക്കാൻ കഴിയുന്നത്
“സഹജ ജ്ഞാന”മുള്ള ജന്തുക്കൾക്കു നമ്മെ പഠിപ്പിക്കാൻ കഴിയുന്നത്
എയർ-കണ്ടീഷനിങ്, ആൻറിഫ്രീസ്, കടൽവെള്ളത്തിൽനിന്ന് ഉപ്പു നീക്കം ചെയ്യൽ, സോണാർ എന്നിവ 20-ാം നൂറ്റാണ്ടിൽ മനുഷ്യവർഗത്തിനു പരക്കെ അറിയാൻ കഴിഞ്ഞ കണ്ടുപിടിത്തങ്ങളാണ്. എന്നുവരികിലും അവ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു മൃഗലോകത്തു നിലവിലുണ്ടായിരുന്നു. അതേ, മനുഷ്യവർഗം “സഹജ ജ്ഞാനമുള്ള” അത്തരം ജന്തുക്കളെക്കുറിച്ചു പഠിക്കുന്നതിൽനിന്നു പ്രയോജനം നേടുന്നു. (സദൃശവാക്യങ്ങൾ 30:24-28; ഇയ്യോബ് 12:7-9) ചില മൃഗങ്ങൾ മനുഷ്യവർഗത്തിന്റെ സംസാരരഹിത ഉപദേഷ്ടാക്കളായിത്തീർന്നിരിക്കുന്നുവെന്നു തോന്നുന്നു. അവയെക്കുറിച്ചു പഠിക്കുന്നതു വളരെയധികം താത്പര്യജനകമെന്നു കണ്ടെത്താൻ നമുക്കു കഴിയും.
ചില മൃഗങ്ങളുടെ സ്വഭാവവിശേഷങ്ങൾ പരിചിന്തിക്കുന്നതിൽനിന്നു നമുക്കു പ്രയോജനമനുഭവിക്കാൻ കഴിയുമോ? കൊള്ളാം, യേശുക്രിസ്തു തന്റെ അനുഗാമികളെ ചെമ്മരിയാടുകൾ, പാമ്പുകൾ, പ്രാവുകൾ, വെട്ടുക്കിളികൾ എന്നിവയോട് ഉപമിച്ചു. തന്റെ അനുഗാമികളെ ആ ജന്തുക്കളോട് ഉപമിച്ചപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരുന്നു? നമുക്കു കാണാം.
“എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു”
ബൈബിളിൽ 200-ലധികം തവണ ചെമ്മരിയാടുകളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. സ്മിത്തിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) വിശദീകരിക്കുന്ന പ്രകാരം, “ചെമ്മരിയാടുകൾ സൗമ്യതയുടെയും ക്ഷമയുടെയും കീഴ്പെടലിന്റെയും പ്രതീകമാണ്.” യെശയ്യാവു 53-ാം അധ്യായത്തിൽ യേശുതന്നെയും പ്രാവചനികമായി ഒരു ചെമ്മരിയാടിനോട് ഉപമിക്കപ്പെടുകയുണ്ടായി. തന്റെ അനുഗാമികളെ അവൻ അതേ മൃഗത്തോട് ഉപമിക്കുന്നത് എത്ര അനുയോജ്യമാണ്! എന്നാൽ ചെമ്മരിയാടിന്റെ ഏതു പ്രത്യേക സവിശേഷതകളാണ് യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്?
“എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 10:26, 27) അങ്ങനെ അവൻ തന്റെ ശിഷ്യന്മാരുടെ സൗമ്യതയും അവനെ അനുഗമിക്കാനുള്ള അവരുടെ ഉത്സാഹവും എടുത്തുകാട്ടി. അക്ഷരീയ ചെമ്മരിയാടുകൾ തങ്ങളുടെ ഇടയന്റെ ശബ്ദം കേട്ടു മനസ്സോടെ അവനെ അനുഗമിക്കുന്നു. ഇടയനും ആട്ടിൻകൂട്ടത്തോട് ഒരു പ്രത്യേക അടുപ്പമുണ്ട്.
ഒരു ആട്ടിൻകൂട്ടം മേച്ചിൽസ്ഥലത്ത് അങ്ങിങ്ങായാകും മേയുന്നത്. എന്നാൽ മൊത്തം ആട്ടിൻകൂട്ടവുമായി ഓരോ ആടും സമ്പർക്കം പുലർത്തുന്നുണ്ടാകും. അങ്ങനെ, ആ മൃഗങ്ങൾക്ക് അരക്ഷിതത്വമോ പേടിയോ തോന്നുമ്പോൾ, “അവയ്ക്കു തിടുക്കത്തിൽ കൂട്ടംകൂടാൻ കഴിയും” എന്ന് അല്ലെസ് ഫൂർ ഡാസ് ഷാഫ് (സകലതും ആടുകൾക്കുവേണ്ടി) എന്ന പുസ്തകം പ്രസ്താവിക്കുന്നു. ആടുകൾ അപകടത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നെങ്കിൽ അവ ഒരു കൂട്ടമായാണ് അതു ചെയ്യുക. ചുറ്റുപാടുകളെ പുനർനിരീക്ഷിക്കുന്നതിന് ഇടയ്ക്കിടെ അവ നിൽക്കും. “പല ഘട്ടമായി ഓടുന്നത് കുഞ്ഞാടുകൾക്കും ബലക്ഷയം വന്ന ആടുകൾക്കും കൂട്ടത്തോടൊപ്പം ഓടിയെത്താൻ അവസരമൊരുക്കുന്നു. ആട്ടിൻകൂട്ടം അവയ്ക്കു പ്രത്യേക സംരക്ഷണംപോലും നൽകുന്നു.” ഈ പെരുമാറ്റത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
സത്യക്രിസ്ത്യാനികൾ ഇന്ന് ക്രൈസ്തവലോകത്തിലെ മതവിഭാഗങ്ങളിലും പിരിവുകളിലുമായി ഛിന്നിച്ചിതറിക്കിടക്കുന്നില്ല. മറിച്ച്, അവ ഒറ്റ ആട്ടിൻകൂട്ടമായി കൂടിവന്നിരിക്കുന്നു. ദൈവത്തിന്റെ ഈ ആട്ടിൻകൂട്ടത്തോട് ഓരോ ക്രിസ്ത്യാനിക്കും വ്യക്തിപരമായ അടുപ്പം തോന്നുന്നു. അത് യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിന്റെ ഐക്യത്തിനു സഹായിക്കുന്നു. ഗുരുതരമായ ഒരു രോഗമോ യുദ്ധമോ പ്രകൃതി വിപത്തോ എന്നുവേണ്ട എന്തെങ്കിലും ഒരു പ്രതിസന്ധി എപ്പോഴെങ്കിലും തലപൊക്കിയാൽ ഓരോ ആരാധകനും
മാർഗദർശനത്തിനും സംരക്ഷണത്തിനുമായി എങ്ങോട്ടാണ് ഓടുക? ആത്മീയ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന യഹോവയുടെ സ്ഥാപനത്തിലേക്ക്.ബൈബിൾ ബുദ്ധ്യുപദേശം എങ്ങനെയാണു ലഭ്യമാക്കുന്നത്? വീക്ഷാഗോപുരവും അതിന്റെ കൂട്ടുമാസികയായ ഉണരുക!യും പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ. ഈ മാസികകളും ക്രിസ്തീയ യോഗങ്ങളും ആട്ടിൻകൂട്ടത്തിലെ കുഞ്ഞാടുകളെയും ബലക്ഷയംവന്ന ആടുകളെയുംപോലെ കൂടുതലായ പരിപാലനം ആവശ്യമുള്ളവർക്കു പ്രത്യേക സഹായം നൽകുകപോലും ചെയ്യുന്നു. ഉദാഹരണത്തിന്, ഒറ്റയ്ക്കുള്ള മാതാവിനും പിതാവിനും വിഷാദത്താൽ കഷ്ടപ്പെടുന്നവർക്കും ശ്രദ്ധ നൽകുന്നു. തന്മൂലം, ഓരോ മാസികയും വായിക്കുന്നതും സഭായോഗങ്ങൾക്കെല്ലാം ഹാജരാകുന്നതും പഠിക്കുന്ന കാര്യങ്ങൾ നാം ബാധകമാക്കുന്നതും എത്ര ജ്ഞാനപൂർവകമാണ്! അങ്ങനെ, നാം സൗമ്യതയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടു ശക്തമായ അടുപ്പവും പ്രദർശിപ്പിക്കുന്നു.—1 പത്രൊസ് 5:2.
“പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും”
സ്മിത്തിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “പൂർവദേശത്തുടനീളം പാമ്പിനെ തിന്മയുടെ, അനുസരണക്കേടിന്റെ ആത്മാവിന്റെ പ്രതീകമായാണ് ഉപയോഗിച്ചിരുന്നത്.” നേരേമറിച്ച്, ‘എന്റെ പ്രാവ്’ എന്നതു സ്നേഹപ്രകടനത്തിന്റെതായ ഒരു പദപ്രയോഗമായിരുന്നു. (ഉത്തമഗീതം 5:2) അപ്പോൾ, “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കാൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്താണ്?—മത്തായി 10:16.
യേശു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനു നിർദേശങ്ങൾ നൽകുകയായിരുന്നു. അവന്റെ ശിഷ്യന്മാർക്ക് ഒരു സമ്മിശ്ര പ്രതികരണമേ പ്രതീക്ഷിക്കാനാകുമായിരുന്നുള്ളൂ. ചിലരെല്ലാം താത്പര്യം കാട്ടും എന്നാൽ, മറ്റുചിലർ സുവാർത്ത നിരസിക്കും. ചിലർ ദൈവത്തിന്റെ ഈ യഥാർഥ സേവകരെ പീഡിപ്പിക്കുകപോലും ചെയ്യും. (മത്തായി 10:17-23) പീഡനത്തോടു ശിഷ്യർ എങ്ങനെ പ്രതികരിക്കേണ്ടിയിരുന്നു?
ഡാസ് എഫങ്കേലിയൂം ഡെസ് മാറ്റേയുസിൽ (മത്തായിയുടെ സുവിശേഷം) ഫ്രിട്ട്സ് റീനെക്കർ മത്തായി 10:16-നെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ബുദ്ധികൂർമത . . . നിർമലത, ആത്മാർഥത, പരമാർഥത എന്നിവയുമായി ഒത്തുചേർന്നിരിക്കണം, അല്ലാത്തപക്ഷം ശത്രുക്കൾക്കു പരാതിക്കു ന്യായമായ കാരണങ്ങൾ ഉണ്ടായിരിക്കത്തക്കവണ്ണം എന്തുവേണമെങ്കിലും സംഭവിച്ചേക്കാം. യാതൊരു പരിഗണനയും കാട്ടാത്ത, കരുണ കൂടാതെ ഏതു നിസ്സാര അവസരത്തിലും അപ്പോസ്തലന്മാരെ ആക്രമിക്കുന്ന നിർദയരായ എതിരാളികളുടെയിടയിലാണ് യേശുവിന്റെ സ്ഥാനപതികൾ. തന്മൂലം, എതിരാളികളുടെമേൽ—ഒരു പാമ്പിനെപ്പോലെ—ജാഗരൂകമായ ഒരു കണ്ണുണ്ടായിരിക്കുന്നതും കണ്ണുകളും ഇന്ദ്രിയങ്ങളും തുറന്നുപിടിച്ചുകൊണ്ടു സാഹചര്യത്തെ അവലോകനം ചെയ്യുന്നതും അത്യാവശ്യമാണ്; കൗശലമോ വഞ്ചനയോ പ്രയോഗിക്കാതെ, വാക്കിലും പ്രവൃത്തിയിലും ശുദ്ധിയും സത്യവും ഉള്ളവരായിരുന്നുകൊണ്ടും അങ്ങനെ പ്രാവുകളെന്നു സ്വയം തെളിയിച്ചുകൊണ്ടും സാഹചര്യത്തിന്റെമേൽ നിയന്ത്രണമുണ്ടായിരിക്കേണ്ടത് ആവശ്യമാണ്.”
മത്തായി 10:16-ൽ കാണുന്ന യേശുവിന്റെ വാക്കുകളിൽനിന്നു ദൈവത്തിന്റെ ആധുനിക ദാസർക്ക് എന്തു പഠിക്കാൻ കഴിയും? ഒന്നാം നൂറ്റാണ്ടിൽ ആളുകൾ സുവാർത്തയോടു പ്രതികരിച്ചതിന് ഏറെക്കുറെ സമാനമായ വിധത്തിലാണ് ഇന്ന് ആളുകൾ പ്രതികരിക്കുന്നത്. പീഡനത്തെ അഭിമുഖീകരിക്കുമ്പോൾ സത്യ ക്രിസ്ത്യാനികൾ സർപ്പത്തിന്റെ ബുദ്ധികൂർമതയും പ്രാവിന്റെ നിർമലതയും കൂട്ടിയിണക്കേണ്ടതുണ്ട്. മറ്റുള്ളവരോടു രാജ്യസന്ദേശം പ്രഖ്യാപിക്കുമ്പോൾ ക്രിസ്ത്യാനികൾ ഒരിക്കലും വഞ്ചനയോ കള്ളത്തരമോ ഉപയോഗിക്കുന്നില്ല മറിച്ച്, ശുദ്ധരും ആത്മാർഥരും സത്യസന്ധരുമാണ്.
ഉദാഹരണത്തിന്: സഹപ്രവർത്തകരോ സഹപാഠികളോ നിങ്ങളുടെ സ്വന്ത കുടുംബാംഗങ്ങൾ പോലുമോ യഹോവയുടെ ഒരു സാക്ഷിയെന്ന നിലയിലുള്ള നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു കുത്തിനോവിക്കുന്ന അഭിപ്രായങ്ങൾ പറഞ്ഞെന്നുവരാം. അവരുടെ വിശ്വാസത്തെക്കുറിച്ചു സമാനമായ വിധത്തിൽ അഭിപ്രായപ്പെട്ടുകൊണ്ടു പരുഷമായി പ്രതികരിക്കാനാവും ഉടനടി തോന്നുക. എന്നാൽ അതു കളങ്കരഹിതമെന്നു പറയാൻ കഴിയുമോ? ഇല്ലേയില്ല. വിമർശകരുടെ അഭിപ്രായങ്ങൾ നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റത്തിനു യാതൊരു മാറ്റവും വരുത്തുന്നില്ലെന്നു നിങ്ങൾ അവരെ
കാട്ടുമ്പോൾ കുത്തിനോവിക്കുന്ന അഭിപ്രായങ്ങൾ അവർ നിർത്തിയേക്കാം. അപ്പോൾ നിങ്ങൾ ബുദ്ധികൂർമതയുള്ളവരും കളങ്കരഹിതരുമായിരിക്കും—‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കേ പ്രാവിനെപ്പോലെ കളങ്കമില്ലാത്തവർ’തന്നെ.“വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം”
“രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലേക്കും ഏറ്റവും വലിയ [വെട്ടുക്കിളി] ബാധ” 1784-ൽ ദക്ഷിണാഫ്രിക്കയിൽ നാശം വിതച്ചതായി ജിഇഓ മാസിക റിപ്പോർട്ടു ചെയ്യുന്നു. വെട്ടുക്കിളിക്കൂട്ടം 5,200 ചതുരശ്ര കിലോമീറ്റർ വ്യാപിക്കുകയുണ്ടായി. അതു ഹോങ്കോങ്ങിന്റെ വലുപ്പത്തിന്റെ അഞ്ചിരട്ടിയാണ്. സ്മിത്തിന്റെ ബൈബിൾ നിഘണ്ടു ഇങ്ങനെ പറയുന്നു: “വെട്ടുക്കിളികൾ അവ സന്ദർശിക്കുന്ന രാജ്യങ്ങളിലെ സസ്യലതാദികളെ ഭീതിദമാംവിധം നശിപ്പിക്കുന്നു.”
“കർത്തൃദിവസത്തിൽ” സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ദൈവദത്ത വെളിപാടിൽ യേശു ഒരു കൂട്ടം വെട്ടുക്കിളികളെക്കുറിച്ചുള്ള ദർശനം ഉപയോഗിച്ചു. “വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം” എന്ന് അവയെപ്പറ്റി പറയപ്പെട്ടു. (വെളിപ്പാടു 1:1, 10; 9:3-7) ആ പ്രതീകത്തിന്റെ പ്രാധാന്യമെന്തായിരുന്നു?
വെളിപാട് 9-ാം അധ്യായത്തിലെ വെട്ടുക്കിളികൾ ഈ നൂറ്റാണ്ടിൽ ഭൂമിയിലുള്ള ദൈവത്തിന്റെ അഭിഷിക്ത ദാസരെ ചിത്രീകരിക്കുന്നുവെന്നു യഹോവയുടെ സാക്ഷികൾ പണ്ടുമുതലേ മനസ്സിലാക്കിയിട്ടുണ്ട്. a രാജ്യസന്ദേശം ലോകവ്യാപകമായി പ്രസംഗിച്ചു ശിഷ്യരെ ഉളവാക്കാനുള്ള ഒരു പ്രത്യേക വേല ഈ ക്രിസ്ത്യാനികൾക്കു നിയമിച്ചു കൊടുത്തിരിക്കുന്നു. (മത്തായി 24:14; 28:19, 20) അത് അവർ പ്രതിബന്ധങ്ങൾ തരണംചെയ്യേണ്ടതും തങ്ങളുടെ വേലയിൽ ഉറച്ചു നിൽക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു. അജയ്യമായ വെട്ടുക്കിളിക്കല്ലാതെ വേറെന്തിന് അതിനെ മെച്ചമായി ചിത്രീകരിക്കാൻ കഴിയും?
അഞ്ചു സെൻറിമീറ്ററിലും അൽപ്പം നീളമേ കൂടുതലുള്ളുവെങ്കിലും വെട്ടുക്കിളി ദിവസം 100 മുതൽ 200 വരെ കിലോമീറ്റർ യാത്ര ചെയ്യുന്നു. മരുഭൂ വെട്ടുക്കിളികൾ 1,000 കിലോമീറ്റർ യാത്ര ചെയ്തെന്നു വരാം. “അതിന്റെ ചിറക് സെക്കൻറിൽ 18 തവണ അടിക്കുന്നു, അതും ദിവസം 17 മണിക്കൂറോളം—മറ്റൊരു പ്രാണിക്കും അതു ചെയ്യാൻ പ്രാപ്തിയില്ല” എന്നു ജിഇഓ വിശദീകരിക്കുന്നു. അത്തരമൊരു കൊച്ചു ജീവിയെ സംബന്ധിച്ചിടത്തോളം എത്ര ഭീമമായ വേല!
ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ രാജ്യ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ദൃഢചിത്തരാണ്. അവരിപ്പോൾ 230-ലധികം രാജ്യങ്ങളിൽ പ്രസംഗിക്കുന്നു. ആ വേല നിർവഹിക്കുന്നതിൽ പങ്കുപറ്റുന്നതിന് ഈ ദൈവദാസർ നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നുണ്ട്. ഏതു തരത്തിലുള്ള പ്രശ്നങ്ങളാണ് അവർ അഭിമുഖീകരിക്കുന്നത്? മുൻവിധി, നിയമപരമായ നിയന്ത്രണങ്ങൾ, രോഗങ്ങൾ, നിരുത്സാഹം, ബന്ധുക്കളിൽനിന്നുള്ള എതിർപ്പ് എന്നിവ അവയിൽ ഏതാനും ചിലതു മാത്രമാണ്. എന്നാൽ അവരുടെ മുന്നേറ്റത്തെ തടയാൻ ഒന്നിനും സാധിച്ചിട്ടില്ല. അവർ തങ്ങളുടെ ദൈവദത്ത വേലയിൽ ഉറച്ചു നിൽക്കുന്നു.
ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ തുടരുക
അതേ, യേശു തന്റെ അനുഗാമികളെ ചെമ്മരിയാട്, പാമ്പ്, പ്രാവ്, വെട്ടുക്കിളി എന്നിവയോട് ഉപമിച്ചു. നമ്മുടെ നാളിൽ ഇതു തികച്ചും അനുയോജ്യമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമായിരിക്കയാണ്. മാത്രമല്ല, പ്രശ്നങ്ങൾ എന്നത്തേക്കാൾ അധികമായി സമ്മർദം ചെലുത്തുകയുമാണ്.
യേശുവിന്റെ ഉപമയിലെ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട് സത്യക്രിസ്ത്യാനികൾ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടു പറ്റിനിൽക്കുകയും യഹോവയുടെ സ്ഥാപനത്തിൽനിന്നുള്ള ബുദ്ധ്യുപദേശം സൗമ്യതയോടെ കൈക്കൊള്ളുകയും ചെയ്യുന്നു. തങ്ങളുടെ ക്രിസ്തീയ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങൾക്കെതിരെ അവർ ജാഗരൂകരാണ്, ഒപ്പംതന്നെ അവർ സകല കാര്യങ്ങളിലും അപവാദമുക്തരാണ്. അതിനുപുറമേ, അവർ പ്രതിബന്ധങ്ങൾക്കു മധ്യേയും ദൈവഹിതം ചെയ്യുന്നതിൽ ഉറ്റിരിക്കുന്നു. കൂടാതെ, അവർ “സഹജ ജ്ഞാനമുള്ള” ഏതാനും ജന്തുക്കളിൽനിന്നു തുടർന്നു പഠിച്ചുകൊണ്ടിരിക്കുന്നു.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 22-ാം അധ്യായം കാണുക.