കണ്ണുകളും ഹൃദയവും സമ്മാനത്തിൽ ഉറപ്പിച്ചുനിർത്തൽ
കണ്ണുകളും ഹൃദയവും സമ്മാനത്തിൽ ഉറപ്പിച്ചുനിർത്തൽ
എഡിത്ത് മൈക്കിൾ പറഞ്ഞപ്രകാരം
ഞങ്ങൾ യു.എസ്.എ.-യിലെ മിസൗറിയിലുള്ള സെൻറ് ലൂയിസിൽ താമസിക്കുമ്പോഴായിരുന്നു, 1930-കളുടെ തുടക്കത്തിൽ യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളെ സന്ദർശിച്ചത്. അപ്പോൾ വസ്ത്രങ്ങൾ തൂക്കിയിട്ടിരുന്ന അയ പൊട്ടി മമ്മിയുടെ തൂവെള്ള വസ്ത്രങ്ങൾ ചെളിയിൽ വീണു. ആ സ്ത്രീ പോകുവാൻനേരം നൽകിയ പുസ്തകങ്ങൾ വാങ്ങി മമ്മി ഷെൽഫിൽ വെച്ചു, അവയുടെ കാര്യം മറക്കുകയും ചെയ്തു.
സാമ്പത്തിക മാന്ദ്യമുള്ള വർഷങ്ങളായിരുന്നു അവ, ഡാഡിക്കു ജോലി നഷ്ടമായി. വായിക്കാനെന്തെങ്കിലുമുണ്ടോയെന്ന് ഒരു നാൾ അദ്ദേഹം തിരക്കി. ആ പുസ്തകങ്ങളെപ്പറ്റി മമ്മി അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം അവ വായിക്കാൻ തുടങ്ങി, അൽപ്പം കഴിഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ ഉദ്ഘോഷിച്ചു: “അമ്മേ, ഇതാണു സത്യം!”
“എല്ലാ മതങ്ങളെയും പോലെ പണം ആഗ്രഹിക്കുന്ന ഏതോ ഒരു മതമാണത്,” അവർ പ്രതിവചിച്ചു. എന്നിരുന്നാലും, ഇരുന്നു തന്നോടൊപ്പം തിരുവെഴുത്തുകൾ എടുത്തുനോക്കാൻ ഡാഡി അവരെ പ്രോത്സാഹിപ്പിച്ചു. അവർ അങ്ങനെ ചെയ്തപ്പോൾ അവർക്കും ബോധ്യമായി. പിന്നീട് സാക്ഷികൾക്കു വേണ്ടി തിരച്ചിലാരംഭിച്ചു. സെൻറ് ലൂയിസിന്റെ ഏതാണ്ടു മധ്യഭാഗത്തായി വാടകയ്ക്കെടുത്ത ഒരു ഹാളിൽ സാക്ഷികൾ കൂടിവരുന്നതായി അവർ കണ്ടെത്തി. ആ ഹാൾ നൃത്തങ്ങൾക്കും മറ്റു പരിപാടികൾക്കും കൂടി ഉപയോഗിച്ചിരുന്നു.
ഏകദേശം മൂന്നു വയസ്സുണ്ടായിരുന്ന എന്നെക്കൂടി മമ്മിയും ഡാഡിയും കൊണ്ടുപോയി. ഹാൾ കണ്ടെത്തി, പക്ഷേ അവിടെ അപ്പോൾ ഒരു നൃത്തപരിപാടിയാണ് നടന്നുകൊണ്ടിരുന്നത്. യോഗങ്ങളുടെ സമയം ഡാഡി മനസ്സിലാക്കി, ഞങ്ങൾ യോഗസമയത്തു തിരിച്ചുചെന്നു. ഞങ്ങൾ താമസിച്ച സ്ഥലത്തിനടുത്തു നടന്നിരുന്ന ഒരു പ്രതിവാര ബൈബിൾ അധ്യയനത്തിലും സംബന്ധിക്കാൻ തുടങ്ങി. ഞങ്ങളെ ആദ്യം സന്ദർശിച്ച സ്ത്രീയുടെ ഭവനത്തിലായിരുന്നു അതു നടന്നിരുന്നത്. “നിങ്ങളുടെ പുത്രന്മാരെ കൊണ്ടുവരാത്തത് എന്താണ്?” അവർ ചോദിച്ചു. അവർക്കു ഷൂസില്ലെന്നു പറയാൻ മമ്മിക്കു ലജ്ജ തോന്നി. ഒടുവിൽ അതു പറഞ്ഞപ്പോൾ ഷൂസ് നൽകപ്പെട്ടു. എന്റെ ആങ്ങളമാരും ഞങ്ങളോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി.
ഞങ്ങളുടെ ഭവനത്തിനടുത്ത് ഒരു പ്രസംഗപ്രദേശം മമ്മിക്കു ലഭിച്ചു, അങ്ങനെ അവർ വീടുതോറുമുള്ള ശുശ്രൂഷ തുടങ്ങി. ഞാനും കൂടെ പോയെങ്കിലും, മമ്മിയുടെ പിന്നിൽ ഒളിച്ചുനിൽക്കുമായിരുന്നു. മമ്മി കാറോടിക്കാൻ പഠിക്കുന്നതിനു മുമ്പ്, സെൻറ് ലൂയിസിലെ യോഗങ്ങൾക്കു പോകാനായി ബസ്സ് കിട്ടുന്നതിന് ഒരു മൈലോളം ഞങ്ങൾ നടക്കുമായിരുന്നു. ഹിമവും മഞ്ഞും ഉണ്ടായിരുന്നപ്പോൾപോലും ഞങ്ങൾ ഒരിക്കലും യോഗങ്ങളൊന്നും നഷ്ടപ്പെടുത്തിയിരുന്നില്ല.
1934-ൽ മമ്മിയും ഡാഡിയും സ്നാപനമേറ്റു. സ്നാപനമേൽക്കാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. അതേക്കുറിച്ച് എന്നോടു സംസാരിക്കാൻ പ്രായമായ ഒരു സാക്ഷിയോട് മമ്മി അഭ്യർഥിക്കുന്നതുവരെ ഞാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. എനിക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം പല ചോദ്യങ്ങൾ ചോദിച്ചു. അതിനുശേഷം, സ്നാപനപ്പെടുന്നതിൽനിന്ന് എന്നെ തടയേണ്ടതില്ലെന്നും തടസ്സപ്പെടുത്തിയാൽ അത് എന്റെ ആത്മീയ പുരോഗതിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം എന്റെ മാതാപിതാക്കളോടു പറഞ്ഞു. തുടർന്നുവന്ന വേനൽക്കാലത്തു ഞാൻ സ്നാപനമേറ്റു, അപ്പോൾ എനിക്ക് ആറു വയസ്സാണുണ്ടായിരുന്നത്.
ഭവനവും സന്തുഷ്ടിയും (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം എനിക്കു വളരെ ഇഷ്ടമായി. ഞാനത് എപ്പോഴും എന്റെ കൂടെ കരുതിയിരുന്നു, ഉറങ്ങുമ്പോൾ തലയിണയുടെ അടിയിൽപോലും വെക്കുമായിരുന്നു. ഞാൻ അതു മനപ്പാഠമാക്കുന്നതുവരെ വീണ്ടും വീണ്ടും എന്നെ വായിച്ചുകേൾപ്പിക്കാൻ ഞാൻ മമ്മിയോടു ശാഠ്യം പിടിച്ചു. പറുദീസയിൽ ഒരു സിംഹത്തോടു കൂടെയിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം അതിന്റെ പിൻതാളിലുണ്ടായിരുന്നു. ആ കൊച്ചു പെൺകുട്ടി ഞാനാണെന്നു ഞാൻ പറഞ്ഞു. ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനാകുന്ന സമ്മാനത്തിന്മേൽ എന്റെ ദൃഷ്ടികൾ പതിപ്പിക്കാൻ ആ ചിത്രം എന്നെ സഹായിച്ചിരിക്കുന്നു.
ഞാൻ വളരെ ലജ്ജാവതിയായിരുന്നു, വിറച്ചുകൊണ്ടായിരുന്നെങ്കിലും, സഭാ വീക്ഷാഗോപുര അധ്യയനത്തിൽ ഞാൻ ചോദ്യങ്ങൾക്ക് എല്ലായ്പോഴും ഉത്തരം പറയുമായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, തന്റെ ജോലി നഷ്ടപ്പെടുമോയെന്നു ഡാഡി ഭയപ്പെട്ടു. അതുകൊണ്ട്
സാക്ഷികളുമായുള്ള സഹവാസം അദ്ദേഹം നിർത്തി. എന്റെ ആങ്ങളമാരും അങ്ങനെതന്നെ ചെയ്തു.മുഴുസമയ ശുശ്രൂഷ
പയനിയർമാർ അഥവാ മുഴുസമയ ശുശ്രൂഷകർ താമസത്തിനും യാത്രയ്ക്കും വേണ്ടി ഉപയോഗിച്ചിരുന്ന വണ്ടി ഞങ്ങളുടെ പിൻമുറ്റത്ത് ഇടാൻ മമ്മി അനുവദിച്ചിരുന്നു. സ്കൂൾ വിട്ടുകഴിയുമ്പോൾ ഞാൻ അവരോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുമായിരുന്നു. പെട്ടെന്നുതന്നെ, പയനിയറിങ് ചെയ്യാൻ എനിക്ക് ആഗ്രഹമായി. എന്നാൽ ഡാഡിക്ക് അതിനോട് എതിർപ്പായിരുന്നു. എനിക്കു കൂടുതൽ ലൗകിക വിദ്യാഭ്യാസം വേണമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. പയനിയറിങ് ചെയ്യാൻ എന്നെ അനുവദിക്കത്തക്കവണ്ണം മമ്മി ഒടുവിൽ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ എനിക്ക് 14 വയസ്സുണ്ടായിരുന്നപ്പോൾ, അതായത് 1943 ജൂണിൽ, ഞാൻ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. വീട്ടുചെലവുകളിൽ സഹായിക്കുന്നതിനു വേണ്ടി ഞാൻ അംശകാല ലൗകിക ജോലിയും ചെയ്തു. ചിലയവസരങ്ങളിൽ, മുഴുസമയവും ആ ജോലിയിൽ ഏർപ്പെട്ടു. എങ്കിലും, പ്രസംഗപ്രവർത്തനത്തിൽ ഓരോ മാസവും 150 മണിക്കൂർ എന്ന ലക്ഷ്യത്തിൽ ഞാൻ എത്തുകയും ചെയ്തിരുന്നു.
കാലക്രമേണ ഡോറത്തി ക്രേയ്ഡൻ എന്ന ഒരു പയനിയർ പങ്കാളിയെ ഞാൻ കണ്ടെത്തി. അവൾ പയനിയറിങ് തുടങ്ങിയത് 1943 ജനുവരിയിലാണ്. അന്നവൾക്ക് 17 വയസ്സാണുണ്ടായിരുന്നത്. അവൾ ഒരു കത്തോലിക്കാ ഭക്തയായിരുന്നെങ്കിലും, ആറു മാസത്തെ ബൈബിളധ്യയനത്തിനുശേഷം സ്നാപനമേറ്റു. അവൾ എനിക്ക് അനേകം വർഷങ്ങളോളം പ്രോത്സാഹനത്തിന്റെയും ശക്തിയുടെയും ഉറവായിരുന്നു, ഞാൻ അവൾക്കും. ഞങ്ങൾ ജഡിക സഹോദരിമാരെക്കാൾ അടുത്തു.
1945-ൽ തുടങ്ങി സഭകൾ ഇല്ലാതിരുന്ന മിസൗറിയിലെ കൊച്ചുപട്ടണങ്ങളിൽ ഞങ്ങൾ പയനിയറിങ് നടത്തി. ബൗളിങ് ഗ്രീൻ എന്ന പട്ടണത്തിൽ യോഗം നടത്തുന്നതിനുള്ള ഒരു ഹാൾ ഞങ്ങൾ തരപ്പെടുത്തി; അമ്മ വന്നു ഞങ്ങളെ സഹായിച്ചു. ഞങ്ങൾ ആളുകളുടെ വീടുകൾ സന്ദർശിച്ച് ഓരോ വാരത്തിലും ആളുകളെ ഒരു പരസ്യപ്രസംഗത്തിനു ക്ഷണിച്ചു. ഈ പ്രസംഗങ്ങൾ സെൻറ് ലൂയിസിൽനിന്നുള്ള സഹോദരന്മാർ വന്നു നടത്താൻ ഞങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. ഓരോ ആഴ്ചയിലും 40-നും 50-നും ഇടയ്ക്ക് ആളുകൾ ഹാജരുണ്ടായിരുന്നു. പിന്നീട് ലൂസിയാനയിലും ഞങ്ങൾ അതുതന്നെ ചെയ്തു. അവിടെ ഒരു മേസോണിക് ആലയം ഞങ്ങൾ വാടകയ്ക്കെടുത്തു. ഹാളുകൾ വാടകയ്ക്കെടുക്കുന്നതിന്റെ ചെലവുകൾക്കായി ഞങ്ങൾ സംഭാവനപ്പെട്ടികൾ വെച്ചു, ഓരോ വാരത്തിലെയും എല്ലാ ചെലവുകളും അങ്ങനെ നടന്നിരുന്നു.
അടുത്തതായി ഞങ്ങൾ മാറിയത് മിസൗറിയിലെ മെക്സിക്കോ എന്ന നഗരത്തിലേക്കാണ്. അവിടെ ഒരു സ്റ്റോർ കെട്ടിടത്തിലെ ഒരു മുറി ഞങ്ങൾ വാടകയ്ക്കെടുത്തു. ചെറിയൊരു സഭയ്ക്ക് ഉപയോഗിക്കുന്നതിനു ഞങ്ങൾ അതു ശരിയാക്കിയെടുത്തു. ആ കെട്ടിടത്തിൽ അതിനടുത്തുണ്ടായിരുന്ന മുറികളിലാണു ഞങ്ങൾ താമസിച്ചത്. മെക്സിക്കോ നഗരത്തിൽ പരസ്യപ്രസംഗങ്ങൾക്കുള്ള ക്രമീകരണങ്ങളും ഞങ്ങൾ ചെയ്തു. പിന്നീട്, ഞങ്ങൾ ആ സ്റ്റേറ്റിന്റെ തലസ്ഥാനമായ ജെഫേഴ്സൺ നഗരത്തിലേക്കാണു പോയത്. അവിടെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഉദ്യോഗസ്ഥന്മാരെ അവരുടെ ഓഫീസുകളിൽ ചെന്നു ഞങ്ങൾ കണ്ടു. സ്റ്റെല്ലാ വില്ലിയോടൊപ്പം രാജ്യഹാളിനു മുകളിലുണ്ടായിരുന്ന ഒരു മുറിയിലായിരുന്നു ഞങ്ങളുടെ താമസം. അവർ ഞങ്ങൾക്ക് ഒരു അമ്മയെപ്പോലെയായിരുന്നു.
അവിടെനിന്നു ഞങ്ങൾ മൂന്നു പേരും ഫെസ്റ്റസിലെ പട്ടണങ്ങളിലേക്കും ക്രിസ്റ്റൽ നഗരത്തിലേക്കും പോയി, അവ അടുത്തടുത്തു തന്നെയായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നത് താത്പര്യക്കാരായ ഒരു കുടുംബത്തിന്റെ വീടിനു പുറകിൽ താമസിക്കാൻ പറ്റിയ വിധത്തിൽ മാറ്റിയെടുത്ത, കോഴികളെ വളർത്തിയിരുന്ന, ഒരു കെട്ടിടത്തിലായിരുന്നു. സ്നാപനമേറ്റ പുരുഷന്മാരൊന്നും ഇല്ലാതിരുന്നതിനാൽ, ഞങ്ങളാണ് എല്ലാ യോഗങ്ങളും നടത്തിയിരുന്നത്. അംശകാല ജോലി എന്ന നിലയിൽ ഞങ്ങൾ സൗന്ദര്യവർധക വസ്തുക്കൾ വിറ്റുപോന്നു. ഭൗതികമായി ഞങ്ങൾക്കു വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. വാസ്തവത്തിൽ, ഷൂസിൽ വീണ തുളപോലും അടയ്ക്കാൻ ഞങ്ങൾക്കു നിവൃത്തിയുണ്ടായിരുന്നില്ല. അതുകൊണ്ട് ഓരോ ദിവസവും രാവിലെ ഞങ്ങൾ പുതിയ കാർഡ്ബോർഡ് കഷണങ്ങൾ അവയ്ക്കുള്ളിൽ പിടിപ്പിക്കുമായിരുന്നു. ഞങ്ങൾ ഓരോരുത്തരും ഉടുത്തിരുന്ന ഏക വസ്ത്രം രാത്രിയിൽ കഴുകിയിടും.
1948-ന്റെ ആരംഭത്തിൽ, എനിക്ക് 19 വയസ്സുണ്ടായിരുന്നപ്പോൾ, മിഷനറിമാർക്കു വേണ്ടിയുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 12-ാമത്തെ ക്ലാസ്സിലേക്കുള്ള ക്ഷണം ഡോറത്തിക്കും എനിക്കും ലഭിച്ചു. അഞ്ചു മാസത്തെ പഠനത്തിനുശേഷം, ആകെയുണ്ടായിരുന്ന നൂറു വിദ്യാർഥികൾ 1949 ഫെബ്രുവരി 6-ന് ബിരുദം നേടി. അതു വളരെ സന്തോഷകരമായ ഒരു സമയമായിരുന്നു. എന്റെ മാതാപിതാക്കൾ കാലിഫോർണിയയിലേക്കു താമസം മാറ്റിയിരുന്നു. ആ ചടങ്ങിൽ സംബന്ധിക്കാൻ അമ്മ ആ ദൂരമെല്ലാം യാത്ര ചെയ്ത് എത്തി.
ഞങ്ങളുടെ നിയമനപ്രദേശത്തേക്ക്
ഇരുപത്തിയെട്ട് ബിരുദധാരികളെ ഇറ്റലിയിലേക്ക് നിയമിച്ചു—ഡോറത്തിയും ഞാനും ഉൾപ്പെടെ ആറ് പേരെ മിലാൻ എന്ന നഗരത്തിലേക്കും. 1949 മാർച്ച് 4-ന് വൂൾക്കേനിയ എന്ന ഇറ്റാലിയൻ കപ്പലിൽ ഞങ്ങൾ ന്യൂയോർക്കിൽനിന്നും യാത്ര തിരിച്ചു. ആ യാത്രയ്ക്ക് 11 ദിവസമെടുത്തു. പ്രക്ഷുബ്ധമായ കടൽനിമിത്തം ഞങ്ങളിൽ മിക്കവർക്കും കടൽച്ചൊരുക്കുണ്ടായി. ഞങ്ങളെ സ്വീകരിച്ചു തീവണ്ടിയിൽ മിലാനിലേക്കു കൊണ്ടുപോകുന്നതിനു ബേനാൻറ്റി സഹോദരൻ ജെനവാ തുറമുഖത്ത് എത്തിയിരുന്നു.
ഞങ്ങൾ മിലാനിലെ മിഷനറി ഭവനത്തിൽ എത്തിയപ്പോൾ, ഞങ്ങളുടെ മുറികളിൽ ഓരോന്നിലും ഒരു കൊച്ച് ഇറ്റാലിയൻ പെൺകുട്ടി വെച്ചിരുന്ന പൂക്കൾ ഞങ്ങൾ
കണ്ടു. വർഷങ്ങൾക്കുശേഷം, മാരിയാ മേരാഫിന എന്ന ഈ പെൺകുട്ടി ഗിലെയാദിൽ പോയി ഇറ്റലിയിലേക്കു തിരിച്ചുവന്നു. അവളും ഞാനും ഒരു മിഷനറി ഭവനത്തിൽ ഒന്നിച്ചു സേവിച്ചു!മിലാനിൽ എത്തിയതിന്റെ പിറ്റേ ദിവസം രാവിലെ കുളിമുറിയുടെ ജനാലയിൽ കൂടി ഞങ്ങൾ വെളിയിലേക്കു നോക്കി. പിൻവശത്തെ തെരുവിൽ, ബോംബിട്ടു തകർക്കപ്പെട്ട ഒരു വലിയ അപ്പാർട്ടുമെൻറ് കെട്ടിടം ഞങ്ങൾ കണ്ടു. ഒരു അമേരിക്കൻ ബോംബർ വിമാനം അബദ്ധവശാൽ അവിടെ ബോംബിട്ടതായിരുന്നു. അതുമൂലം അവിടെ താമസിച്ചിരുന്ന 80 കുടുംബങ്ങളും മൃത്യുവിനിരയായി. മറ്റൊരു സമയത്ത്, ഒരു ഫാക്ടറിയുടെമേൽ ഇട്ട ബോംബ് ലക്ഷ്യം തെറ്റി ഒരു സ്കൂളിലാണു വന്നുപതിച്ചത്, ആ സംഭവത്തിൽ 500 കുട്ടികളാണു മരിച്ചത്. അതുകൊണ്ട് അമേരിക്കക്കാരോട് ആളുകൾക്ക് അത്ര പ്രതിപത്തിയൊന്നുമില്ലായിരുന്നു.
ആളുകൾ യുദ്ധത്താൽ മടുത്തിരുന്നു. ഇനി മറ്റൊരു യുദ്ധമുണ്ടായാൽ, തങ്ങൾ ബോംബിൽനിന്നുള്ള സംരക്ഷണത്തിനു സുരക്ഷാസങ്കേതങ്ങളിലേക്കു പോകുകയില്ലെന്നും വീട്ടിൽത്തന്നെ കഴിയുമെന്നും പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും പലരും പറഞ്ഞു. ഞങ്ങൾ പ്രതിനിധീകരിക്കുന്നത് ഐക്യനാടുകളെയോ മറ്റേതെങ്കിലും മനുഷ്യനിർമിത ഗവൺമെൻറിനെയോ അല്ല, സകല യുദ്ധവും അവ കൈവരുത്തുന്ന ദുരിതവും ഇല്ലായ്മ ചെയ്യുന്ന ദൈവരാജ്യത്തെയാണെന്നു ഞങ്ങൾ അവർക്ക് ഉറപ്പു കൊടുത്തു.
മിലാൻ എന്ന വൻ നഗരത്തിൽ, 20 പേരോ മറ്റോ ഉണ്ടായിരുന്ന ഒരേയൊരു സഭ കൂടിവന്നിരുന്നതു മിഷനറി ഭവനത്തിലായിരുന്നു. അപ്പോഴൊന്നും പ്രസംഗപ്രദേശങ്ങളൊന്നും വേർതിരിച്ചിരുന്നില്ല, അതുകൊണ്ട് ഒരു വലിയ അപ്പാർട്ടുമെൻറ് കെട്ടിടത്തിൽ ഞങ്ങൾ സാക്ഷീകരണം തുടങ്ങി. ആദ്യത്തെ വീട്ടിൽ ഞങ്ങൾ മിസ്റ്റർ ജാൻഡിനോറ്റിയെ കണ്ടുമുട്ടി. തന്റെ ഭാര്യ സഭ വിട്ടുപോരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്, അദ്ദേഹം ഞങ്ങളുടെ ഒരു പ്രസിദ്ധീകരണം സ്വീകരിച്ചു. ശ്രീമതി ജാൻഡിനോറ്റി ആത്മാർഥതയും ധാരാളം സംശയങ്ങളുമുള്ള ഒരു സ്ത്രീയായിരുന്നു. “നിങ്ങൾ ഇറ്റാലിയൻ ഭാഷ പഠിച്ചാൽ എനിക്കു സന്തോഷമായിരിക്കും, അപ്പോൾ നിങ്ങൾക്കെന്നെ ബൈബിൾ പഠിപ്പിക്കാൻ പറ്റുമല്ലോ,” അവർ പറഞ്ഞു.
അവരുടെ അപ്പാർട്ടുമെൻറിലെ മച്ച് ഉയരത്തിലുള്ളതായിരുന്നു, പ്രകാശം മങ്ങിയതുമായിരുന്നു. അതുകൊണ്ട് വെളിച്ചത്തിനടുത്തിരുന്നു ബൈബിൾ വായിക്കാൻ തക്കവണ്ണം രാത്രിയിൽ അവർ കസേരയെടുത്തു മേശയുടെ മുകളിൽ ഇട്ട് ഇരിക്കുമായിരുന്നു. “ഞാൻ നിങ്ങളോടൊപ്പം ബൈബിൾ പഠിക്കുകയാണെങ്കിൽ, എനിക്ക് അപ്പോഴും പള്ളിയിൽ പോകാൻ പറ്റുമോ?” അവർ ചോദിച്ചു. അത് അവരുടെ തീരുമാനമാണെന്നു ഞങ്ങൾ അവരോടു പറഞ്ഞു. ഞായറാഴ്ച രാവിലെ അവർ പള്ളിയിൽ പോയി, ഉച്ചകഴിഞ്ഞ് ഞങ്ങളുടെ യോഗങ്ങൾക്കും വന്നു. ഒരു ദിവസം അവർ പറഞ്ഞു, “ഇനി ഞാൻ പള്ളിയിൽ പോകുന്നില്ല.”
“എന്തുകൊണ്ട്?” ഞങ്ങൾ ചോദിച്ചു.
“കാരണം, അവർ ബൈബിൾ പഠിപ്പിക്കുന്നില്ല. നിങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്നതിനാൽ ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു.” സ്നാപനമേറ്റ അവർ, എല്ലാ ദിവസവും പള്ളിയിൽ പോയിരുന്ന പല സ്ത്രീകളുമായി ബൈബിളധ്യയനം നടത്തി. പള്ളിയിൽ പോകരുതെന്നു ഞങ്ങൾ പറഞ്ഞിരുന്നെങ്കിൽ, അവർ പഠനം നിറുത്തിക്കളയുമായിരുന്നുവെന്നും ഒരുപക്ഷേ ഒരിക്കലും സത്യം പഠിക്കാൻ സാധ്യത ഇല്ലായിരുന്നുവെന്നും പിന്നീട് അവർ ഞങ്ങളോടു പറഞ്ഞു.
പുതിയ നിയമനങ്ങൾ
ക്രമേണ ഡോറത്തിയെയും എന്നെയും മറ്റു നാലു മിഷനറിമാരോടൊപ്പം ഇറ്റാലിയൻ നഗരമായ ട്രിയെസ്റ്റിലേക്കു നിയമിച്ചു. ബ്രിട്ടീഷ്, അമേരിക്കൻ സേനകളുടെ അധിനിവേശസ്ഥലമായിരുന്നു അവിടം. അവിടെ ഏകദേശം പത്തു സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സംഖ്യ വർധിച്ചു. മൂന്നു വർഷത്തോളം ഞങ്ങൾ ട്രിയെസ്റ്റിൽ പ്രസംഗിച്ചു, ഞങ്ങൾ അവിടെനിന്നു പോന്നപ്പോൾ 40 രാജ്യപ്രസാധകരുണ്ടായിരുന്നു. അവരിൽ 10 പേർ പയനിയർമാരായിരുന്നു.
ഞങ്ങളുടെ അടുത്ത നിയമനസ്ഥലം വെറോണ എന്ന നഗരമായിരുന്നു. അവിടെ സഭയൊന്നുമുണ്ടായിരുന്നില്ല. പള്ളിക്കാർ ലൗകിക അധികാരികളുടെമേൽ സമ്മർദം ചെലുത്തിയപ്പോൾ ഞങ്ങൾക്ക് അവിടം വിട്ട് പോരേണ്ടിവന്നു. ഡോറത്തിയെയും എന്നെയും റോമിലേക്കു നിയമിച്ചു. സജ്ജീകൃതമായ ഒരു മുറി ഞങ്ങൾ അവിടെ വാടകയ്ക്കെടുത്തു. വത്തിക്കാന് അടുത്തുണ്ടായിരുന്ന പ്രദേശത്താണു ഞങ്ങൾ പ്രവർത്തിച്ചത്. ഞങ്ങൾ അവിടെ ആയിരുന്നപ്പോഴാണു ജോൺ ചിമിക്ലിസിനെ വിവാഹം കഴിക്കാൻ ഡോറത്തി ലെബനനിലേക്കു പോയത്. ഏതാണ്ട് 12 വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ പോയതിൽ എനിക്കു യഥാർഥത്തിൽ വിഷമം തോന്നി.
1955-ൽ, റോമിന്റെ മറ്റൊരു ഭാഗത്ത് ന്യൂ ആപ്പിയൻ വേ എന്നു വിളിക്കപ്പെടുന്ന തെരുവിൽ ഒരു പുതിയ മിഷനറി ഭവനം തുറന്നു. ആ ഭവനത്തിലുണ്ടായിരുന്ന നാലു പേരിൽ ഒരാൾ, ഞങ്ങൾ മിലാനിലെത്തിയ രാത്രിയിൽ ഞങ്ങളുടെ മുറിയിൽ പൂക്കൾ വെച്ച പെൺകുട്ടിയായ മാരിയാ മേരാഫിന ആയിരുന്നു. നഗരത്തിന്റെ ഈ ഭാഗത്ത് ഒരു പുതിയ സഭ രൂപീകൃതമായി. ആ വേനൽക്കാലത്ത് റോമിൽവെച്ചു നടന്ന സാർവദേശീയ കൺവെൻഷനുശേഷം, ജർമനിയിലെ ന്യൂറംബർഗിലുള്ള കൺവെൻഷനിൽ സംബന്ധിക്കാൻ എനിക്കു പദവി ലഭിച്ചു. ഹിറ്റ്ലറുടെ ഭരണകാലത്തു വളരെയധികം സഹിച്ചുനിന്നവരെ കണ്ടുമുട്ടുന്നത് എത്ര ആഹ്ലാദകരമായിരുന്നു!
തിരികെ ഐക്യനാടുകളിലേക്ക്
1956-ൽ ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം, രോഗാവധിയെടുത്തു ഞാൻ ഐക്യനാടുകളിലേക്കു മടങ്ങി. എന്നാൽ യഹോവയെ ഇപ്പോഴും അവന്റെ പുതിയ ലോകത്തിൽ അനന്തമായും സേവിക്കുന്നതിന്റെ സമ്മാനത്തിൽനിന്നു ഞാൻ ഒരിക്കലും ദൃഷ്ടികൾ പിൻവലിച്ചില്ല. ഇറ്റലിയിലേക്കു മടങ്ങുന്നതിനു വേണ്ടി ഞാൻ ആസൂത്രണങ്ങൾ ചെയ്തു. എന്നാൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവിച്ചിരുന്ന ഓർവില്ലെ മൈക്കിളിനെ ഞാൻ കണ്ടുമുട്ടി. ന്യൂയോർക്ക് നഗരത്തിൽ 1958-ലെ സാർവദേശീയ കൺവെൻഷനുശേഷം ഞങ്ങൾ വിവാഹിതരായി.
താമസിയാതെ, ഞങ്ങൾ വെർജീനിയയിലെ ഫ്രണ്ട് റോയലിലേക്കു താമസം മാറ്റി. അവിടെ ഒരു കൊച്ചു സഭയോടൊത്തുള്ള പ്രവർത്തനം ഞങ്ങൾ ആസ്വദിച്ചു. രാജ്യഹാളിനു പിൻവശത്തുള്ള ഒരു ചെറിയ അപ്പാർട്ടുമെൻറിലാണു ഞങ്ങൾ താമസിച്ചിരുന്നത്. ഒടുവിൽ, ഞങ്ങളുടെ കടങ്ങൾ വീട്ടുന്നതിനു ലൗകിക ജോലി കണ്ടെത്താൻ 1960 മാർച്ചിൽ ബ്രുക്ലിനിലേക്കു തിരികെ പോകേണ്ടത് ആവശ്യമായിത്തീർന്നു. ഞങ്ങൾക്കു മുഴുസമയ സേവനത്തിൽ നിൽക്കുന്നതിനു വേണ്ടി രാത്രിയിൽ ഞങ്ങൾ വ്യത്യസ്ത പണമിടപാടു സ്ഥാപനങ്ങളിൽ ശുചീകരണ ജോലി ചെയ്തു.
ഞങ്ങൾ ബ്രുക്ലിനിലായിരുന്നപ്പോൾ, എന്റെ ഡാഡി മരിച്ചു. എന്റെ ഭർത്താവിന്റെ മാതാവിനു ചെറിയ തോതിൽ പക്ഷാഘാതമുണ്ടായി. അതുകൊണ്ട് ഞങ്ങളുടെ അമ്മമാരുടെ അടുത്തായിരിക്കാൻ വേണ്ടി ഓറിഗണിലേക്കു മാറിത്താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അംശകാല ലൗകിക ജോലി കണ്ടെത്തിയ ഞങ്ങൾ രണ്ടു പേരും അവിടെ പയനിയർ ശുശ്രൂഷയിൽ തുടർന്നു. 1964-ലെ ശരത്കാലത്ത്, പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിലുള്ള വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ വാർഷികയോഗത്തിൽ സംബന്ധിക്കാൻ ഞങ്ങളും ഞങ്ങളുടെ അമ്മമാരും രാജ്യത്തിനു കുറുകെ കാറോടിച്ചുപോയി.
റോഡ്ദ്വീപിൽ സന്ദർശനം നടത്തവേ, രാജ്യ പ്രസാധകരുടെ ആവശ്യം കൂടുതലുള്ള ആ സ്റ്റേറ്റിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലേക്കു മാറിത്താമസിക്കാൻ ആർലൻ മെയിർ എന്ന ഒരു സർക്കിട്ട് മേൽവിചാരകനും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ പുതിയ നിയമനം സ്വീകരിക്കാൻ ഞങ്ങളുടെ അമ്മമാരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഓറിഗണിൽ മടങ്ങിയെത്തിയ ഞങ്ങൾ, ഞങ്ങളുടെ വീട്ടിലുള്ള മിക്ക സാധനങ്ങളും വിറ്റു താമസം മാറ്റി.
വീണ്ടും ഗിലെയാദ് സ്കൂളിലേക്ക്
1965-ലെ വേനൽക്കാലത്ത്, യാങ്കീ സ്റ്റേഡിയത്തിലെ ഒരു കൺവെൻഷനിൽ ഞങ്ങൾ സംബന്ധിച്ചു. വിവാഹിത ദമ്പതികളെന്ന നിലയിൽ അവിടെവെച്ചു ഞങ്ങൾ ഗിലെയാദ് സ്കൂളിലേക്ക് അപേക്ഷിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക് അപേക്ഷാ ഫാറങ്ങൾ ലഭിച്ചു, അതിൽ ഞങ്ങൾ അമ്പരന്നുപോയി. 30 ദിവസത്തിനുള്ളിൽ അവ തിരിച്ചയയ്ക്കേണ്ടിയിരുന്നു. അമ്മ നല്ല ആരോഗ്യാവസ്ഥയിൽ അല്ലാതിരുന്നതിനാൽ, ഒരു വിദൂര രാജ്യത്തേക്കു പോകേണ്ടിവരുന്നതു സംബന്ധിച്ച് എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ അവർ എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ആ അപേക്ഷകൾ പൂരിപ്പിക്കൂ. നിനക്കറിയാമോ, യഹോവ തരുന്ന ഏതു സേവന പദവിയും എപ്പോഴും സ്വീകരിക്കണം!”
അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ഞങ്ങൾ അപേക്ഷകൾ പൂരിപ്പിച്ച് അയച്ചു. 24-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചത് എന്തൊരു അതിശയമായിരുന്നു! ആ ക്ലാസ്സ് 1966 ഏപ്രിൽ 25-ന് ആരംഭിച്ചു. അപ്പോൾ ഗിലെയാദ് സ്കൂൾ സ്ഥിതി ചെയ്തിരുന്നതു ന്യൂയോർക്കിലെ ബ്രുക്ലിനിലായിരുന്നു. അഞ്ചു മാസത്തിൽ കുറഞ്ഞ സമയംകൊണ്ടു ഞങ്ങൾ 106 പേർ 1966 സെപ്റ്റംബർ 11-ന് ബിരുദം നേടി.
അർജൻറീനയിലേക്കു നിയമിക്കപ്പെടുന്നു
ബിരുദസമ്പാദനം കഴിഞ്ഞ് രണ്ടാം ദിവസം പെറൂവിയൻ എയർലൈൻസിൽ ഞങ്ങൾ അർജൻറീനയിലേക്കു പുറപ്പെട്ടു. ബ്യൂണസ് അയേഴ്സിൽ ഞങ്ങൾ എത്തിച്ചേർന്നപ്പോൾ, ബ്രാഞ്ച് മേൽവിചാരകനായ ചാൾസ് എയ്സെൻഹൗവർ എയർപോർട്ടിൽ വന്നു ഞങ്ങളെ സ്വീകരിച്ചു. കസ്റ്റംസ് പരിശോധനയിൽ അദ്ദേഹം ഞങ്ങളെ സഹായിക്കുകയും ബ്രാഞ്ചിലേക്കു ഞങ്ങളെ കൊണ്ടുപോവുകയും ചെയ്തു. സാധനങ്ങളെല്ലാം അഴിച്ചുവെച്ചു താമസമുറപ്പിക്കുന്നതിനു ഞങ്ങൾക്ക് ഒരു ദിവസമേ ലഭിച്ചുള്ളൂ; അപ്പോൾ ഞങ്ങളുടെ സ്പാനിഷ് ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ മാസം ദിവസം 11 മണിക്കൂർ വീതം ഞങ്ങൾ സ്പാനിഷ് പഠിച്ചു. രണ്ടാമത്തെ മാസം ദിവസവും നാലു മണിക്കൂർ മാത്രമേ ഞങ്ങൾ ഭാഷ പഠിച്ചുള്ളൂ, കൂടാതെ വയൽ ശുശ്രൂഷയിലും പങ്കെടുത്തുതുടങ്ങി.
ഞങ്ങൾ ബ്യൂണസ് അയേഴ്സിൽ അഞ്ചു മാസമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം, വടക്കോട്ട് തീവണ്ടിയിൽ നാലു മണിക്കൂർ യാത്ര ചെയ്യേണ്ടിയിരുന്ന ഒരു വൻ നഗരമായ റോസ്സാറിയോയിലേക്കു ഞങ്ങളെ നിയമിച്ചു. 15 മാസം അവിടെ പ്രവർത്തിച്ചശേഷം, പിന്നെയും വടക്കോട്ടു മാറി സാൻറിയാഗോ ഡെൽ എസ്റ്റെറോയിലേക്കു ഞങ്ങളെ അയച്ചു. ചുട്ടുപഴുത്ത മരുപ്രവിശ്യയിലെ ഒരു നഗരമായിരുന്നു അത്. ഞങ്ങൾ അവിടെ ആയിരുന്നപ്പോൾ, 1973 ജനുവരിയിൽ എന്റെ അമ്മ മരിച്ചു. നാലു വർഷമായി ഞാൻ അവരെ കണ്ടിരുന്നില്ല. ദുഃഖത്തിലും എന്നെ തളരാതെ പിടിച്ചുനിർത്തിയത് ഉറപ്പുള്ള പുനരുത്ഥാന പ്രത്യാശയായിരുന്നു, അതുപോലെതന്നെ ഞാൻ ആയിരിക്കാൻ അമ്മ ആഗ്രഹിച്ചിടത്താണു ഞാൻ സേവിക്കുന്നത് എന്ന അറിവും.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
സാൻറിയാഗോ ഡെൽ എസ്റ്ററോയിലെ ആളുകൾ സൗഹൃദമനസ്കരായിരുന്നു, ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ എളുപ്പമായിരുന്നു. 1968-ൽ ഞങ്ങൾ അവിടെ എത്തിയപ്പോൾ ഏതാണ്ട് 20-ഓ 30-ഓ പേരാണു യോഗങ്ങളിൽ സംബന്ധിച്ചിരുന്നത്, എന്നാൽ എട്ടു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ സഭയിൽ നൂറിലധികം പേരുണ്ടായിരുന്നു. മാത്രമല്ല, അടുത്ത രണ്ടു പട്ടണങ്ങളിൽ 25-നും 50-നും ഇടയിൽ പ്രസാധകരുള്ള രണ്ടു പുതിയ സഭകളുമുണ്ടായി.
വീണ്ടും ഐക്യനാടുകളിലേക്കു മടങ്ങുന്നു
ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം, 1976-ൽ പ്രത്യേക പയനിയർമാരായി തിരികെ ഐക്യനാടുകളിൽ ഞങ്ങളെ നിയമിക്കുകയുണ്ടായി—നോർത്ത് കരോളിനയിലെ ഫായറ്റ്വില്ലിലേക്ക്. മധ്യ-ദക്ഷിണ അമേരിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, പോർട്ടറിക്കോ എന്നിവിടങ്ങളിൽനിന്നും സ്പെയിനിൽനിന്നുപോലും വന്നു താമസിക്കുന്ന സ്പാനിഷ് സംസാരിക്കുന്ന അനേകർ അവിടെയുണ്ടായിരുന്നു. ഞങ്ങൾക്കു ധാരാളം ബൈബിളധ്യയനങ്ങൾ ലഭിച്ചു. കാലക്രമേണ, ഒരു സ്പാനിഷ് സഭ തുടങ്ങി. ഞങ്ങൾ ആ നിയമനപ്രദേശത്ത് ഏതാണ്ട് എട്ടു വർഷത്തോളം ചെലവഴിച്ചു.
എന്നിരുന്നാലും, വൃദ്ധയും ശാരീരികമായി അപ്രാപ്തയുമായ എന്റെ അമ്മായിയമ്മയോടു കൂറെക്കൂടെ അടുത്ത് ഞങ്ങൾ ആയിരിക്കേണ്ടത് ആവശ്യമായിത്തീർന്നു. അവർ താമസിച്ചിരുന്നത് ഓറിഗണിലെ പോർട്ട്ലാൻഡിലാണ്. അതുകൊണ്ട് വാഷിങ്ടണിലെ വാൻകൂവറിലുള്ള സ്പാനിഷ് സഭയിൽ ഞങ്ങൾക്കു പുതിയൊരു നിയമനം ലഭിച്ചു. അതു പോർട്ട്ലാൻഡിൽനിന്നും വളരെ അകലെയൊന്നുമല്ല. 1983 ഡിസംബറിൽ ഞങ്ങൾ അവിടെ എത്തിയപ്പോൾ സഭ വളരെ ചെറുതായിരുന്നു, എന്നാൽ പുതിയ പലരും വന്നുകൊണ്ടിരിക്കുന്നത് ഞങ്ങൾ കാണുന്നു.
1996 ജൂണിൽ ഞാൻ 53 വർഷത്തെ മുഴുസമയ സേവനം പൂർത്തിയാക്കി, എന്റെ ഭർത്താവ് 1996 ജനുവരി 1-ന് 55 വർഷത്തെ മുഴുസമയ സേവനവും. ഈ വർഷങ്ങളിലെല്ലാം, ദൈവവചനത്തിലെ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരാനും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കാനും നൂറുകണക്കിനാളുകളെ സഹായിക്കാനുള്ള പദവി എനിക്കു ലഭിച്ചിരിക്കുന്നു. അവരിൽ പലരും ഇപ്പോൾ മൂപ്പന്മാരും മുഴുസമയ ശുശ്രൂഷകരുമായി സേവിക്കുന്നു.
കുട്ടികളില്ലാത്തതിൽ എനിക്കു ദുഃഖമില്ലേ എന്നു ചിലപ്പോൾ എന്നോടു ചോദിക്കാറുണ്ട്. എന്നാൽ വാസ്തവം ഇതാണ്, അനേകം ആത്മീയ മക്കളെയും മക്കളുടെ മക്കളെയും തന്നുകൊണ്ട് യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അതേ, എന്റെ ജീവിതം യഹോവയുടെ സേവനത്തിൽ സമ്പന്നവും അർഥവത്തുമായിത്തീർന്നിരിക്കുന്നു. യിഫ്താഹിന്റെ മകളോട് എന്നെ ഉപമിക്കാൻ സാധിക്കും. അവൾ ആലയസേവനത്തിൽ തന്റെ ആയുഷ്കാലം ചെലവഴിച്ചു, ആ വലിയ പദവി നിമിത്തം ഒരിക്കലും കുട്ടികളുണ്ടായിരുന്നുമില്ല.—ന്യായാധിപന്മാർ 11:38-40.
ഞാൻ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ, യഹോവയ്ക്കു സമർപ്പണം നടത്തുന്നത് ഇപ്പോഴും ഓർമിക്കുന്നുണ്ട്. പറുദീസയുടെ ചിത്രം അന്നത്തെപ്പോലെ ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിലെ അനന്ത ജീവനാകുന്ന സമ്മാനത്തിൽ എന്റെ ദൃഷ്ടികളും ഹൃദയവും ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതേ, എന്റെ ആഗ്രഹം യഹോവയെ സേവിക്കുകയെന്നതാണ്, വെറും 50 വർഷത്തേക്കല്ല, പിന്നെയോ അവന്റെ രാജ്യഭരണത്തിൻ കീഴിൽ എന്നേക്കും.
[23-ാം പേജിലെ ചിത്രം]
സഹ പയനിയർമാരോടൊപ്പം, എന്റെ തോളിൽ കൈകൾ വെച്ചുകൊണ്ട് ഡോറത്തി ക്രേയ്ഡൻ 1943-ൽ
[23-ാം പേജിലെ ചിത്രം]
സഹ മിഷനറിമാരുമൊത്ത് ഇറ്റലിയിലെ റോമിൽ 1953-ൽ
[25-ാം പേജിലെ ചിത്രം]
ഭർത്താവുമൊത്ത്