മൈക്കൽ ഫാരഡെ—ശാസ്ത്രജ്ഞനും വിശ്വാസിയും
മൈക്കൽ ഫാരഡെ—ശാസ്ത്രജ്ഞനും വിശ്വാസിയും
“വൈദ്യുതിയുടെ പിതാവ്.” “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ പരീക്ഷണ ശാസ്ത്രജ്ഞൻ.” 1791-ൽ ഇംഗ്ലണ്ടിൽ ജനിച്ച മൈക്കൽ ഫാരഡെയെക്കുറിച്ചുള്ള രണ്ടു വിവരണങ്ങളാണിവ. വിദ്യുത്കാന്തിക പ്രേരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വൈദ്യുത മോട്ടോറുകളും വൈദ്യുതി ഉത്പാദനവും സാധ്യമാക്കുന്നതിനു വഴിതെളിച്ചു.
ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിൽ രസതന്ത്രത്തെയും ഭൗതികശാസ്ത്രത്തെയും കുറിച്ച് അദ്ദേഹം വളരെയധികം പ്രഭാഷണങ്ങൾ നടത്തി. ശാസ്ത്രത്തെ പ്രചരിപ്പിക്കാനുദ്ദേശിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സങ്കീർണമായ ആശയങ്ങൾ ഗ്രഹിക്കാൻ യുവജനങ്ങളെ സഹായിച്ചു. അനേകം സർവകലാശാലകളിൽനിന്ന് അദ്ദേഹത്തിനു ബഹുമതികൾ ലഭിച്ചു. എങ്കിലും ഖ്യാതി അദ്ദേഹം തള്ളിക്കളഞ്ഞു. ആഴമായ മതഭക്തിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മൂന്നു മുറികളുള്ള തന്റെ അപ്പാർട്ടുമെൻറിൽ തന്റെ കുടുംബാംഗങ്ങളുടെയും സഹവിശ്വാസികളുടെയും കൂടെ അദ്ദേഹം അതീവ സന്തുഷ്ടനുമായിരുന്നു. “സാൻഡെമാനിയൻമാർ . . . എന്നറിയപ്പെടുന്ന, ക്രിസ്ത്യാനികളുടെ തീരെ ചെറുതും നിന്ദിക്കപ്പെടുന്നതുമായ ഒരു വിഭാഗ”മായി അദ്ദേഹം വർണിച്ചതിൽ ഉൾപ്പെട്ടിരുന്നു ഫാരഡെ. അവർ ആരായിരുന്നു? അവർ എന്താണു വിശ്വസിച്ചത്? ഇത് ഫാരഡെയെ എങ്ങനെ ബാധിച്ചു?
സാൻഡെമാനിയൻമാർ
“ഫാരഡെ കുടുംബവും സാൻഡെമാനിയൻ സഭയും തമ്മിലുള്ള ആദ്യ ബന്ധം മൈക്കൽ ഫാരഡെയുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ കാലത്തു തുടങ്ങിയതാണ്” എന്ന് മൈക്കൽ ഫാരഡെ: സാൻഡെമാനിയനും ശാസ്ത്രജ്ഞനും (ഇംഗ്ലീഷ്) എന്ന കൃതിയുടെ ഗ്രന്ഥകർത്താവായ ജെഫ്രി കാന്റർ അഭിപ്രായപ്പെടുന്നു. ആംഗ്ലിക്കൻ സഭയിൽനിന്നു വിഘടിച്ചുനിന്ന ഒരു സഞ്ചാരസുവിശേഷകന്റെ അനുഗാമികളുമായി അവർ സഹവസിച്ചു. ആ ശുശ്രൂഷകന്റെ സഹചാരികൾ സാൻഡെമാനിയൻ വിശ്വാസങ്ങൾ സ്വീകരിക്കുകയുണ്ടായി.
എഡിൻബറോയിൽ ഗണിതവും ഗ്രീക്കും മറ്റു ഭാഷകളും പഠിച്ചിരുന്ന ഒരു സർവകലാശാലാ വിദ്യാർഥിയായിരുന്നു റോബർട്ട് സാൻഡെമാൻ (1718-71). ഒരിക്കൽ ഒരു മുൻ പ്രസ്ബിറ്റേറിയൻ ശുശ്രൂഷകനായ ജോൺ ഗ്ലാസ്സിന്റെ പ്രസംഗം അദ്ദേഹം കേട്ടു. താൻ കേട്ടത് സർവകലാശാല ഉപേക്ഷിച്ചു പെർത്തിലെ ഭവനത്തിലേക്കു മടങ്ങി ഗ്ലാസ്സിനോടും സഹചാരികളോടുമൊപ്പം ചേരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
1720-കളിൽ, ജോൺ ഗ്ലാസ്സ് സ്കോട്ട്ലൻഡ് സഭയുടെ ചില പഠിപ്പിക്കലുകളിൽ സംശയിച്ചുതുടങ്ങിയിരുന്നു. ദൈവവചനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനം, ബൈബിളിലെ ഇസ്രായേൽ ജനത ഒരു ആത്മീയ ജനതയെയാണു ദൃഷ്ടാന്തീകരിച്ചതെന്നും അതിലെ പൗരന്മാർ പല ദേശങ്ങളിൽനിന്നും വരുന്നവരാണെന്നും നിഗമനം ചെയ്യുന്നതിലേക്കു നയിച്ചു. ഓരോ ജനതയ്ക്കും ഒരു പ്രത്യേകം സഭ ഉണ്ടായിരിക്കേണ്ടതിന്റെ ന്യായം അദ്ദേഹം ഒരിടത്തും കണ്ടില്ല.
സ്കോട്ട്ലൻഡിലെ ഡൻഡിക്കു വെളിയിലുള്ള റ്റീലിങ്ങിലെ തന്റെ സഭയുടെ പഠിപ്പിക്കലിൽ അസ്വസ്ഥനായ ഗ്ലാസ്സ് സ്കോട്ട്ലൻഡ് സഭയിൽനിന്നു പിൻവാങ്ങി സ്വന്തമായി യോഗങ്ങൾ നടത്തിത്തുടങ്ങി. ഏതാണ്ട് നൂറോളം പേർ അദ്ദേഹത്തോടു ചേർന്നു. തുടക്കംമുതൽതന്നെ തങ്ങളുടെ അണികളിൽ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യം അവർ മനസ്സിലാക്കി. ഏതെങ്കിലും ഭിന്നതകൾ ഉണ്ടായാൽ അവ പരിഹരിക്കാൻ മത്തായി 18-ാം അധ്യായത്തിന്റെ 15 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പിൻപറ്റാൻ അവർ തീരുമാനിച്ചു. പിൽക്കാലത്ത് അവർ പ്രതിവാര യോഗങ്ങൾ നടത്തി, അവയിൽ സമാന വിശ്വാസമുള്ളവർ ആരാധനയ്ക്കും പ്രബോധനത്തിനുമായി കൂടിവന്നു.
വളരെയധികമാളുകൾ വ്യത്യസ്ത കൂട്ടങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ആരാധനയ്ക്കു നേതൃത്വം വഹിക്കുന്നതിന് ഉത്തരവാദിത്വമുള്ള പുരുഷന്മാർ ആവശ്യമായിവന്നു. എന്നാൽ ആരാണു യോഗ്യതയുള്ളവർ? ഈ വിഷയത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എഴുതിയ കാര്യങ്ങൾക്കു ജോൺ ഗ്ലാസ്സും അദ്ദേഹത്തിന്റെ സഹചാരികളും പ്രത്യേക ശ്രദ്ധ കൊടുത്തു. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) ഒരു സർവകലാശാലാ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നോ എബ്രായയും ഗ്രീക്കും അറിഞ്ഞിരിക്കണമെന്നോ ഒരു പരാമർശവും അവർ കണ്ടില്ല. അതുകൊണ്ട്, തിരുവെഴുത്തു മാർഗരേഖകൾ പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം, യോഗ്യതയുള്ള പുരുഷന്മാരെ മൂപ്പന്മാരായി അവർ നിയമിച്ചു. “തറികൾക്കോ സൂചിക്കോ കലപ്പയ്ക്കോ ആയി ജനിച്ച” അനഭ്യസ്ത പുരുഷന്മാർ ബൈബിൾ അറിയാമെന്നു ഭാവിക്കുന്നതും അതിന്റെ സന്ദേശം പ്രസംഗിക്കുന്നതും “ഏറെക്കുറെ ദൈവദൂഷണപരമാണെന്ന്” സ്കോട്ട്ലൻഡ് സഭയോടു കൂറുള്ളവർ കരുതി. ഗ്ലാസ്സും അദ്ദേഹത്തിന്റെ സഹവിശ്വാസികളും 1733-ൽ പെർത്ത് എന്ന പട്ടണത്തിൽ യോഗം നടത്തുന്നതിനുള്ള തങ്ങളുടെ സ്വന്തം ഹാൾ നിർമിച്ചപ്പോൾ, അവരെ അവിടെനിന്ന് ഓടിക്കാൻ ആ പ്രദേശത്തെ വൈദികർ മജിസ്ട്രേട്ടുമാരുടെമേൽ സമ്മർദം ചെലുത്തിയെങ്കിലും അവർ പരാജയപ്പെട്ടു, ആ പ്രസ്ഥാനം വളർന്നു.
ഗ്ലാസ്സിന്റെ മൂത്ത പുത്രിയെ വിവാഹം ചെയ്ത റോബർട്ട് സാൻഡെമാൻ 26-ാമത്തെ വയസ്സിൽ ഗ്ലാസ്സുകാരുടെ പെർത്ത് സഭയിൽ ഒരു മൂപ്പനായി. ഒരു മൂപ്പൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ വളരെ ഭാരിച്ചതായിരുന്നതിനാൽ, മുഴുസമയവും ഇടയവേലയ്ക്ക് അർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. പിൽക്കാലത്ത് ഭാര്യ മരിച്ചപ്പോൾ, “തന്റെ നറുക്കു വീഴുന്ന എവിടെയും കർത്താവിനെ സേവിക്കാൻ” റോബർട്ട് “സന്തോഷത്തോടെ സമ്മതിച്ചു” എന്ന് ഒരു ആത്മകഥാ കുറിപ്പ് പറയുന്നു.
സാൻഡെമാനിയൻ മതം വ്യാപിക്കുന്നു
സാൻഡെമാൻ തീക്ഷ്ണതയോടെ തന്റെ ശുശ്രൂഷ സ്കോട്ട്ലൻഡിൽനിന്ന് ഇംഗ്ലണ്ടിലേക്കു വ്യാപിപ്പിച്ചു, അവിടെ വിശ്വാസികളുടെ പുതിയ കൂട്ടങ്ങൾ വളർന്നുവന്നു. അക്കാലത്ത്, ആംഗലേയ കാൽവനിസ്റ്റുകാരുടെ ഇടയിൽ വഴക്കു കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. രക്ഷയ്ക്കായി തങ്ങളെ മുൻകൂട്ടി നിശ്ചയിച്ചിരിക്കുകയാണെന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു. നേരേമറിച്ച്, വിശ്വാസം രക്ഷയ്ക്ക് അനിവാര്യമാണെന്നു കരുതിയവരുടെ പക്ഷം ചേർന്നു സാൻഡെമാൻ. ആ വീക്ഷണത്തിനു പിൻബലമായി അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതു നാലു പ്രാവശ്യം പുനർമുദ്രണം ചെയ്യപ്പെട്ടു, അതിനു രണ്ട് അമേരിക്കൻ പതിപ്പുകളുമുണ്ടായി. ജെഫ്രി കാന്റർ അഭിപ്രായപ്പെടുന്നതനുസരിച്ച്, “[സാൻഡെമാനിയൻ] മതവിഭാഗത്തെ അതിന്റെ പരിമിതമായ സ്കോട്ടിഷ് തുടക്കങ്ങളിൽനിന്ന് ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരൊറ്റ സംഗതി” ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണമായിരുന്നു.
1764-ൽ, സാൻഡെമാൻ മറ്റു ഗ്ലാസ്സൈറ്റ് മൂപ്പന്മാരോടൊപ്പം അമേരിക്കയിലേക്കു യാത്ര ചെയ്തു. വളരെയധികം a അവിടെവെച്ച് 1771-ൽ സാൻഡെമാൻ മരിച്ചു.
വിവാദവും എതിർപ്പും ഉയർത്തിവിട്ട ഒരു സന്ദർശനമായിരുന്നു അത്. എന്നിരുന്നാലും, സമാന ചിന്താഗതിക്കാരായ ക്രിസ്ത്യാനികളുടെ ഒരു കൂട്ടം കണക്റ്റിക്കട്ടിലെ ഡാൻബറിയിൽ ഉണ്ടാകുന്നതിൽ അതു കലാശിച്ചു.ഫാരഡെയുടെ മതവിശ്വാസങ്ങൾ
യുവാവായ മൈക്കൽ തന്റെ മാതാപിതാക്കളുടെ സാൻഡെമാനിയൻ വിശ്വാസങ്ങൾ സ്വീകരിച്ചു. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പ്രായോഗികമാക്കാത്ത വ്യക്തികളിൽനിന്നു സാൻഡെമാനിയൻമാർ വേറിട്ടുനിന്നതായി അദ്ദേഹം മനസ്സിലാക്കി. ഉദാഹരണത്തിന്, ആംഗ്ലിക്കൻ വിവാഹചടങ്ങിൽ സംബന്ധിക്കാൻ അവർ വിസമ്മതിച്ചു. തങ്ങളുടെ വിവാഹ ചടങ്ങുകൾ നിയമപരമായ കാര്യങ്ങളിൽ മാത്രം ഒതുക്കിനിർത്താനാണ് അവർ പ്രിയപ്പെട്ടത്.
ഗവൺമെൻറുകൾക്കു കീഴ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയത്തിലെ നിഷ്പക്ഷത സാൻഡെമാനിയൻമാരുടെ സവിശേഷതയായിരുന്നു. സമൂഹത്തിലെ ആദരണീയ അംഗങ്ങളായിരുന്നെങ്കിലും, അവർ ജനകീയ സ്ഥാനമാനങ്ങൾ വിരളമായേ സ്വീകരിച്ചുള്ളൂ. എന്നാൽ അവർ അവ സ്വീകരിച്ച ചുരുങ്ങിയ സന്ദർഭങ്ങളിൽ, പാർട്ടി രാഷ്ട്രീയം അവർ ഒഴിവാക്കിയിരുന്നു. ഈ നിലപാടു കാത്തതുകൊണ്ട് അവർക്കു മറ്റുള്ളവരിൽനിന്നു നിന്ദ സഹിക്കേണ്ടിവന്നു. (യോഹന്നാൻ 17:14 താരതമ്യം ചെയ്യുക.) പൂർണതയുള്ള ഭരണ ക്രമീകരണം ദൈവത്തിന്റെ സ്വർഗീയ രാജ്യമാണെന്നു സാൻഡെമാനിയൻമാർ വിശ്വസിച്ചിരുന്നു. “യാതൊരു ധാർമികതയുമില്ലാത്ത നിസ്സാരവും വൃത്തികെട്ടതുമായ ഒരു കേളി”യാണു രാഷ്ട്രീയമെന്ന് അവർ വീക്ഷിച്ചിരുന്നതായി കാന്റർ അഭിപ്രായപ്പെടുന്നു.
മറ്റുള്ളവരിൽനിന്നു വ്യത്യസ്തരായിരുന്നെങ്കിലും, പരീശന്മാരുടേതുപോലുള്ള മനോഭാവം അവർ സ്വീകരിച്ചില്ല. അവർ ഇങ്ങനെ പ്രഖ്യാപിച്ചു: “പുരാതന പരീശന്മാരുടെ മനോഭാവവും ആചാരവും ഒഴിവാക്കുന്നത് തികച്ചും അനിവാര്യമാണെന്നു ഞങ്ങൾ വിധിക്കുന്നു, അതുകൊണ്ട് കൂടുതൽ പാപങ്ങൾ ചെയ്യുന്നതോ തിരുവെഴുത്തുകൾ ആവശ്യപ്പെടുന്നതിലധികമുള്ള ഉത്തരവാദിത്വങ്ങളോ ഞങ്ങൾ ഒഴിവാക്കും; മനുഷ്യ പാരമ്പര്യങ്ങളോ യുക്തമായ ഒഴികഴിവുകളോ മുഖാന്തരം ദിവ്യ അനുശാസനങ്ങൾ അസാധുവാക്കുന്നതും ഞങ്ങൾ ഒഴിവാക്കും.”
മദ്യാസക്തനോ തട്ടിപ്പുകാരനോ പരസംഗക്കാരനോ മറ്റേതെങ്കിലും ഗുരുതരമായ പാപങ്ങളിൽ ഏർപ്പെടുന്നവനോ ആയ ഏത് അംഗത്തെയും പുറത്താക്കുകയെന്ന തിരുവെഴുത്തുപരമായ രീതി അവർ അവലംബിച്ചിരുന്നു. പാപി യഥാർഥത്തിൽ അനുതപിച്ചാൽ, അയാളെ പുനഃസ്ഥിതീകരിക്കാൻ അവർ ശ്രമിച്ചിരുന്നു. അല്ലാഞ്ഞാൽ, “ആ ദുഷ്ടനെ നീക്കിക്കളവിൻ” എന്ന തിരുവെഴുത്തു പ്രബോധനം അവർ പിൻപറ്റിയിരുന്നു.—1 കൊരിന്ത്യർ 5:5, 11, 13.
രക്തം വർജിക്കാനുള്ള ബൈബിൾ കൽപ്പന സാൻഡെമാനിയൻമാർ അനുസരിച്ചിരുന്നു. (പ്രവൃത്തികൾ 15:29) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കാതിരിക്കാൻ ആദ്യ മനുഷ്യരോടു ദൈവം കൽപ്പിച്ചതുപോലെതന്നെ, രക്തത്തെ സംബന്ധിച്ച വിലക്ക് അനുസരിക്കാനുള്ള കടപ്പാടിൻ കീഴിലാണു ദൈവജനമെന്നു ജോൺ ഗ്ലാസ്സ് വാദിച്ചു. (ഉല്പത്തി 2:16, 17) രക്തത്തെ സംബന്ധിച്ച കൽപ്പനയോടുള്ള അനുസരണക്കേട് ക്രിസ്തുവിന്റെ രക്തത്തിന്റെ ശരിയായ ഉപയോഗത്തെ, അതായത് പാപപരിഹാരത്തെ, തള്ളിക്കളയുന്നതിനു തുല്യമായിരുന്നു. ഗ്ലാസ്സ് ഇങ്ങനെ നിഗമനം ചെയ്തു: “രക്തം ഭക്ഷിക്കരുതെന്ന ഈ വിലക്ക് എപ്പോഴും ഏറ്റവുമധികം, ഏറ്റവുമുയർന്ന പ്രാധാന്യമുള്ളതായിരുന്നു, ഇപ്പോഴും അങ്ങനെതന്നെയാണ്.”
തിരുവെഴുത്തുകളെ അധികരിച്ചുള്ള സാൻഡെമാനിയന്മാരുടെ ന്യായവാദം പല അബദ്ധങ്ങളും ഒഴിവാക്കാൻ അവരെ സഹായിച്ചു. ഉദാഹരണത്തിന്, വിനോദത്തിന്റെ കാര്യത്തിൽ മാർഗരേഖയായി ക്രിസ്തുവിന്റെ പ്രബോധനങ്ങളിലേക്ക് അവർ നോക്കി. “ക്രിസ്തു നിയമങ്ങൾ ഉണ്ടാക്കാത്തിടത്തു നിയമങ്ങൾ ഉണ്ടാക്കാനും അവൻ നൽകിയിരിക്കുന്ന ഏതെങ്കിലും നിയമങ്ങളെ അവഗണിക്കാനും ഞങ്ങൾ മുതിരുന്നില്ല. അതുകൊണ്ട്, വിനോദം പരസ്യമായാലും രഹസ്യമായാലും വിലക്കപ്പെട്ടതായി ഞങ്ങൾ ഒരിടത്തും കാണാത്തതുകൊണ്ട് പാപപൂർണമായ സാഹചര്യങ്ങളുമായി ബന്ധപ്പെടാത്ത ഏതൊരു വിനോദത്തെയും നിയമാനുസൃതമായി ഞങ്ങൾ കരുതുന്നു.”
തിരുവെഴുത്തിൽ കൃത്യമായി അധിഷ്ഠിതമായ പല വീക്ഷണങ്ങളും സാൻഡെമാനിയന്മാർ പുലർത്തിയിരുന്നുവെങ്കിലും, സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന പ്രവർത്തനത്തിന്റെ പ്രാധാന്യം, അതായത് ഓരോരുത്തനും രാജ്യസുവാർത്ത പ്രസംഗിക്കണമെന്ന കാര്യം അവർ മനസ്സിലാക്കിയില്ല. (മത്തായി 24:14) എന്നിരുന്നാലും, അവരുടെ യോഗങ്ങളിൽ ആർക്കും സംബന്ധിക്കാമായിരുന്നു. അവിടെവെച്ചു തങ്ങളുടെ പ്രത്യാശ സംബന്ധിച്ചു കാരണമാരാഞ്ഞ ആർക്കും ഉത്തരം നൽകാൻ അവർ ശ്രമിക്കുകയും ചെയ്തിരുന്നു.—1 പത്രൊസ് 3:15.
ഈ വിശ്വാസരീതികൾ മൈക്കൽ ഫാരഡെ എന്ന ശാസ്ത്രജ്ഞനെ എങ്ങനെ സ്വാധീനിച്ചു?
സാൻഡെമാനിയനായ ഫാരഡെ
തന്റെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളുടെ പേരിൽ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്തുവെങ്കിലും, മൈക്കൽ ഫാരഡെ ലളിതമായ ഒരു ജീവിതമാണു നയിച്ചിരുന്നത്. പ്രഖ്യാതരായ ആളുകൾ മരിക്കുമ്പോൾ പ്രശസ്തരായ ആളുകൾ
ശവസംസ്കാരത്തിൽ സംബന്ധിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്നാൽ അവയിൽനിന്ന് ശ്രദ്ധേയമാംവിധം ഒഴിഞ്ഞുനിന്ന വ്യക്തിയായിരുന്നു ഫാരഡെ. അവയിൽ സംബന്ധിക്കുകവഴി ആംഗലേയ സഭയുടെ ഒരു ചടങ്ങിൽ ഉൾപ്പെടാൻ മനസ്സാക്ഷി അദ്ദേഹത്തെ അനുവദിച്ചില്ല.ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ, വസ്തുതകളായി തനിക്കു തെളിയിക്കാൻ കഴിഞ്ഞ കാര്യങ്ങളോട് അദ്ദേഹം അടുത്തു പറ്റിനിന്നു. അങ്ങനെ, തങ്ങളുടെ സിദ്ധാന്തങ്ങൾക്കു മുൻതൂക്കം കൊടുക്കുകയും വിവാദങ്ങൾ ഉണ്ടാകുമ്പോൾ പക്ഷം പിടിക്കുകയും ചെയ്ത വിജ്ഞരായ ആളുകളോടുള്ള അടുത്ത സമ്പർക്കം അദ്ദേഹം ഒഴിവാക്കി. ഒരിക്കൽ ഒരു സദസ്സിനോട് അദ്ദേഹം പറഞ്ഞതുപോലെ, ‘ഒരു അടിസ്ഥാന വസ്തുത നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല, അതിന്റെ തെളിവ് എല്ലായ്പോഴും ശരിയാണ്.’ ശാസ്ത്രം ‘അവധാനപൂർവം നിരീക്ഷിക്കപ്പെട്ട വസ്തുതകളെ’ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. പ്രകൃതിയിലെ അടിസ്ഥാന ശക്തികളെക്കുറിച്ചുള്ള ഒരു അവതരണത്തിന്റെ സമാപനത്തിൽ, “അവയെ ചമെച്ചവനെ”ക്കുറിച്ചു ചിന്തിക്കാൻ ഫാരഡെ തന്റെ സദസ്സിനെ പ്രോത്സാഹിപ്പിച്ചു. എന്നിട്ട് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് പറഞ്ഞത് അദ്ദേഹം ഉദ്ധരിച്ചു: “അവന്റെ അദൃശ്യ കാര്യങ്ങൾ ലോകസൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നു, നിർമിത വസ്തുക്കളാൽ ഗ്രഹിച്ചുമിരിക്കുന്നു, അവന്റെ നിത്യശക്തിയും ദൈവപ്രകൃതവും പോലും.”—റോമർ 1:20, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
മറ്റു ശാസ്ത്രജ്ഞന്മാരിൽനിന്നു ഫാരഡെയെ വ്യത്യസ്തനാക്കിനിർത്തിയത് ദൈവത്തിന്റെ നിശ്വസ്ത പുസ്തകത്തിൽനിന്നും അതുപോലെ പ്രകൃതിയെന്ന പുസ്തകത്തിൽനിന്നും പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. “സാൻഡെമാനിയൻ മതത്തിലൂടെ, ദൈവത്തിന്റെ ധാർമിക നിയമത്തോടുള്ള
അനുസരണത്തിലും നിത്യജീവന്റെ വാഗ്ദത്തത്തിനു ചേർച്ചയിലും ജീവിക്കുന്നതിനുള്ള ഒരു മാർഗം അദ്ദേഹം കണ്ടെത്തി” എന്നു കാന്റർ അഭിപ്രായപ്പെടുന്നു. “തന്റെ ശാസ്ത്രത്തിലൂടെ അദ്ദേഹം, പ്രപഞ്ചത്തെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ഭൗതിക നിയമങ്ങളുമായി അടുത്ത ബന്ധത്തിൽ വന്നു.” “ബൈബിളിന്റെ ആത്യന്തിക പ്രാമാണികതയ്ക്കു തുരങ്കംവെക്കാൻ ശാസ്ത്രത്തിനാവില്ലെന്നും, എന്നാൽ ശാസ്ത്രത്തെ ശരിക്കും ക്രിസ്തീയമായ ഒരു വിധത്തിൽ ഉപയോഗപ്പെടുത്തുന്നുവെങ്കിൽ, ദൈവത്തിന്റെ മറ്റേ പുസ്തകത്തെ പ്രകാശമാനമാക്കാൻ അതിനു സാധിക്കു”മെന്നും ഫാരഡെ വിശ്വസിച്ചിരുന്നു.പലരും ഫാരഡെയ്ക്കു നൽകാൻ ആഗ്രഹിച്ച ബഹുമതി അദ്ദേഹം വിനയപൂർവം നിരസിക്കുകയാണു ചെയ്തത്. അതിനോടുള്ള ചേർച്ചയിൽ, സർ പദവിയോട് അദ്ദേഹം താത്പര്യമില്ലായ്മ പ്രകടമാക്കി. ‘സാധാരണ ശ്രീമാൻ ഫാരഡെ’ ആയി നിലകൊള്ളാൻ അദ്ദേഹം അഭിലഷിച്ചു. തന്റെ സമയമധികവും ഒരു മൂപ്പനെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം വിനിയോഗിച്ചു. നോർഫോക്ക് ഗ്രാമത്തിൽ താമസിച്ചിരുന്ന സമാനമനസ്കരായ വിശ്വാസികളുടെ ചെറിയ കൂട്ടത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ തലസ്ഥാനത്തുനിന്നു പതിവായി അവിടേക്കു യാത്ര ചെയ്യുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.
മൈക്കൽ ഫാരഡെ 1867 ആഗസ്റ്റ് 25-ന് മരിച്ചു. ലണ്ടന്റെ വടക്കുള്ള ഹൈഗേറ്റ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ഫാരഡെ “മറ്റേതു ഭൗതിക ശാസ്ത്രജ്ഞനെക്കാളും വരുംതലമുറയ്ക്കായി ശുദ്ധമായ ശാസ്ത്രീയ നേട്ടത്തിന്റെ ഒരു വൻ സഞ്ചയംതന്നെ അവശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളുടെ പ്രായോഗിക പരിണതഫലങ്ങൾ ആധുനിക ജീവിതത്തിന്റെ സ്വഭാവത്തെത്തന്നെ ആഴമായി സ്വാധീനിച്ചിരിക്കുന്നു” എന്നു ജീവകഥാകൃത്തായ ജോൺ തോമസ് നമ്മോടു പറയുന്നു. ഫാരഡെയുടെ വിധവയായ സാറാ ഇങ്ങനെ എഴുതി: “അദ്ദേഹത്തിന്റെ വഴികാട്ടിയും നിയമവും ആയി പുതിയനിയമം മാത്രമേ ചൂണ്ടിക്കാണിക്കാൻ എനിക്കാവുകയുള്ളൂ; കാരണം, അത് എഴുതപ്പെട്ട സമയത്തെപ്പോലെതന്നെ ഇപ്പോഴും തുല്യമായി ക്രിസ്ത്യാനികളുടെമേൽ ബാധകമാകുന്ന . . . ദൈവവചനമായി അദ്ദേഹം അതിനെ കണ്ടു”—തന്റെ വിശ്വാസമനുസരിച്ചു ഭക്തിയോടെ ജീവിച്ച ഒരു പ്രമുഖ ശാസ്ത്രജ്ഞനുള്ള പ്രൗഢമായ സാക്ഷ്യം തന്നെ.
[അടിക്കുറിപ്പ]
a ഐക്യനാടുകളിലെ അവസാനത്തെ സാൻഡെമാനിയൻ അഥവാ ഗ്ലാസ്സൈറ്റ് കൂട്ടം ചുരുങ്ങിയപക്ഷം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇല്ലാതായിത്തീർന്നു.
[29-ാം പേജിലെ ചതുരം]
ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിൽ ഒരു ലെക്ച്ചറർ ആയി നിയമിക്കപ്പെട്ട മൈക്കൽ ഫാരഡെ, കുട്ടികൾക്കുപോലും മനസ്സിലാകുന്ന വിധത്തിൽ ശാസ്ത്രത്തിനു പ്രചാരം നൽകി. സഹ ലെക്ച്ചറർമാർക്കുള്ള അദ്ദേഹത്തിന്റെ ഉപദേശത്തിൽ പരസ്യ പ്രബോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആധുനികകാല ക്രിസ്ത്യാനികൾ പരിചിന്തിക്കേണ്ട പ്രായോഗിക നിർദേശങ്ങൾ അടങ്ങുന്നു.
◻ “പ്രസംഗം ധൃതിപിടിച്ചുള്ളതോ വളരെ വേഗതയിലോ ആയിരിക്കരുത്, അങ്ങനെ ആയാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും, പിന്നെയോ സാവധാനത്തിലും അവധാനപൂർവം ചിന്തിച്ചുള്ളതുമായിരിക്കണം.”
◻ “പ്രസംഗത്തിന്റെ തുടക്കത്തിൽ” സദസ്സിന്റെ താത്പര്യമുണർത്താൻ ഒരു പ്രസംഗകൻ ഉദ്യമിക്കണം. “സദസ്യർ ശ്രദ്ധിക്കാതെതന്നെ അഗോചരമായ ഘട്ടങ്ങളുടെ ഒരു പരമ്പരയാൽ, വിഷയം ആവശ്യമാക്കിത്തീർക്കുന്നിടത്തോളം അതിനെ സജീവമാക്കി നിർത്തുകയും വേണം.”
◻ “പ്രസംഗകൻ കരഘോഷം കിട്ടാൻ ചായ്വു കാണിക്കുകയും അഭിനന്ദനം ചോദിച്ചുവാങ്ങുകയും ചെയ്യുമ്പോൾ, ഒരു ലെക്ച്ചറർ അയാളുടെ മാന്യ സ്വഭാവത്തിൽനിന്നു തരംതാഴുന്നു.”
◻ ബാഹ്യരേഖ ഉപയോഗിക്കുന്നതു സംബന്ധിച്ച്: “[വിഷയത്തിന്റെ] ഒരു പ്ലാൻ പേപ്പറിൽ വരയ്ക്കാനും മറ്റുള്ള കാര്യങ്ങളുമായി അവയെ ബന്ധിപ്പിച്ചുകൊണ്ടോ മറ്റേതെങ്കിലും പ്രകാരത്തിലോ അവയെ മനസ്സിൽ ഓർത്തുകൊണ്ട് അതിന്റെ ഭാഗങ്ങൾ നികത്താനും . . . എനിക്ക് ബാധ്യത തോന്നുന്നതായി ഞാൻ എപ്പോഴും കണ്ടെത്തുന്നു. . . . ക്രമനിബദ്ധമായ പ്രമുഖവും അല്ലാത്തതുമായ ശീർഷകങ്ങളുടെ ഒരു പരമ്പര എനിക്കുണ്ട്, ഇവയിൽനിന്ന് എന്റെ വിഷയങ്ങൾക്കുള്ള കാര്യങ്ങൾ ഞാൻ ഉണ്ടാക്കിയെടുക്കുന്നു.”
[26-ാം പേജിലെ ചിത്രത്തന് കടപ്പാട്]
Both pictures: By courtesy of the Royal Institution