ദൈവം നടപടിയെടുക്കുമ്പോൾ നിങ്ങൾ രക്ഷിക്കപ്പെടുമോ?
ദൈവം നടപടിയെടുക്കുമ്പോൾ നിങ്ങൾ രക്ഷിക്കപ്പെടുമോ?
“ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] നിമിത്തമോ ആ നാളുകൾ ചുരുങ്ങും.”—മത്തായി 24:22.
1, 2. (എ) നമ്മുടെ ഭാവിയിൽ തത്പരരായിരിക്കുന്നതു സ്വാഭാവികമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സ്വാഭാവിക താത്പര്യത്തിൽ ഏതു സുപ്രധാന ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നേക്കാം?
നിങ്ങൾ നിങ്ങളിൽത്തന്നെ എത്ര താത്പര്യമുള്ളവനാണ്? ഇന്ന് അനേകർ അങ്ങേയറ്റം സ്വാർഥതത്പരരാണ്. തൻകാര്യതത്പരരാണ്. എന്നിരുന്നാലും, നമ്മെ ബാധിക്കുന്ന കാര്യങ്ങളിലുള്ള ഉചിതമായ താത്പര്യത്തെ ബൈബിൾ കുറ്റംവിധിക്കുന്നില്ല. (എഫെസ്യർ 5:32ബി) നമ്മുടെ ഭാവിയിൽ താത്പര്യമുള്ളവരായിരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. അതുകൊണ്ടു നിങ്ങളുടെ ഭാവി എന്തു കൈവരുത്തുമെന്ന് അറിയാൻ ആഗ്രഹിക്കുന്നതു സ്വാഭാവികമായിരിക്കും. നിങ്ങൾക്കു താത്പര്യമുണ്ടോ?
2 യേശുവിന്റെ അപ്പോസ്തലൻമാർക്കു തങ്ങളുടെ ഭാവിയിൽ അത്തരമൊരു താത്പര്യമുണ്ടായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (മത്തായി 19:27) അവരിൽ നാലുപേർ യേശുവിനോടൊപ്പം ഒലിവുമലയിൽ ആയിരുന്നതിന്റെ ഒരു കാരണം സാധ്യതയനുസരിച്ച് അതായിരുന്നു. അവർ ചോദിച്ചു: ‘അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്ത്?’ (മർക്കൊസ് 13:4) ഭാവിയിലുള്ള, അവരുടെയും നമ്മുടെയും, സ്വാഭാവിക താത്പര്യത്തെ യേശു അവഗണിച്ചില്ല. ഭാവിസംഭവഗതികൾ തന്റെ അനുഗാമികളെ എങ്ങനെ ബാധിക്കുമെന്നും അന്തിമ ഫലം എന്തായിരിക്കുമെന്നും അവൻ എടുത്തു പറഞ്ഞു.
3. യേശുവിന്റെ മറുപടിയെ നമ്മുടെ നാളുമായി നാം ബന്ധിപ്പിക്കുന്നത് എന്തുകൊണ്ട്?
3 നമ്മുടെ നാളിൽ പ്രമുഖ നിവൃത്തിയുള്ള ഒരു പ്രവചനമാണ് യേശുവിന്റെ മറുപടി വിവരിച്ചത്. നമ്മുടെ നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങൾ, മറ്റു സംഘട്ടനങ്ങൾ, അസംഖ്യം ജീവന് അന്തംവരുത്തുന്ന ഭൂകമ്പ ങ്ങൾ, രോഗത്തിനും മരണത്തിനും ഇടയാക്കുന്ന ഭക്ഷ്യദൗർലഭ്യങ്ങൾ, വിപുലമായി വ്യാപിച്ച 1918-ലെ സ്പാനീഷ് പകർച്ചപ്പനിമുതൽ ഇപ്പോഴത്തെ എയ്ഡ്സ് വിപത്തുവരെയുള്ള സാംക്രമിക രോഗങ്ങൾ തുടങ്ങിയവയിൽനിന്നു നമുക്കിതു മനസ്സിലാക്കാൻ കഴിയും. എന്നിരുന്നാലും, യേശുവിന്റെ മറുപടിയുടെ കൂടുതൽ ഭാഗത്തിനും പൊ.യു. (പൊതുയുഗം) 70-ലെ റോമാക്കാരാലുള്ള യെരുശലേമിന്റെ നാശത്തിലേക്കു നയിക്കുന്നതും ആ നാശം ഉൾപ്പെടുന്നതുമായ ഒരു നിവൃത്തിയും ഉണ്ടായിരുന്നു. “എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏൽപ്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിർത്തുകയും ചെയ്യും” എന്നു യേശു തന്റെ ശിഷ്യൻമാർക്കു മുന്നറിയിപ്പു നൽകി.—മർക്കൊസ് 13:9.
യേശു മുൻകൂട്ടി പറഞ്ഞത്, സംഭവിച്ചത്
4. യേശുവിന്റെ മറുപടിയിൽ ഉൾക്കൊണ്ടിരുന്ന ചില മുന്നറിയിപ്പുകൾ ഏവ?
4 മറ്റുള്ളവർ തന്റെ ശിഷ്യൻമാരോട് എങ്ങനെ പെരുമാറും എന്നു മുൻകൂട്ടിപ്പറയുന്നതിലധികം യേശു ചെയ്തു. അവർതന്നെ എങ്ങനെ പ്രവർത്തിക്കണമെന്നതു സംബന്ധിച്ച് അവൻ അവരെ ജാഗരൂകരാക്കി. ഉദാഹരണത്തിന്, “ശൂന്യമാക്കുന്ന മ്ലേച്ഛത നിൽക്കരുതാത്ത സ്ഥലത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ,—വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ—അന്നു യഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” (മർക്കൊസ് 13:14) “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ” എന്നു ലൂക്കൊസ് 21:20-ലെ സമാന്തരവിവരണം പറയുന്നു. ആദ്യ നിവൃത്തിയിൽ അതു കൃത്യതയുള്ളതെന്നു തെളിഞ്ഞതെങ്ങനെ?
5. പൊ.യു. 66-ൽ യഹൂദ്യയിലെ യഹൂദൻമാർക്കിടയിൽ എന്തു സംഭവിച്ചു?
5 ദി ഇൻറർനാഷണൽ സ്റ്റാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ (1982) നമ്മോടു പറയുന്നു: “റോമൻ നിയന്ത്രണത്തിൻ കീഴിൽ യഹൂദൻമാർ മേൽക്കുമേൽ അശാന്തരും ഉദ്യോഗസ്ഥൻമാർ വർധിച്ചതോതിൽ അക്രമാസക്തരും ക്രൂരൻമാരും സത്യസന്ധതയില്ലാത്തവരും ആയിരുന്നു. എ. ഡി. 66-ൽ തുറന്ന വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. . . . തീവ്രവാദികൾ മസാദാ പിടിച്ചെടുത്ത് മെനക്കെമിന്റെ നേതൃത്വത്തിൽ യെരുശലേമിലേക്കു മാർച്ചുചെയ്തപ്പോൾ യുദ്ധം ആരംഭിച്ചു. അതേസമയം ഗവർണർ ഭരണത്തിലുള്ള കൈസര്യ നഗരത്തിലെ യഹൂദൻമാർ കൂട്ടക്കൊലചെയ്യപ്പെട്ടു, ഈ കഠോരകൃത്യത്തെക്കുറിച്ചുള്ള വാർത്ത രാജ്യത്തുടനീളം പരന്നു. 1 മുതൽ 5 വരെയുള്ള വിപ്ലവവർഷങ്ങൾ എന്ന് ആലേഖനം ചെയ്ത പുതിയ നാണയങ്ങൾ പുറത്തിറങ്ങി.”
6. യഹൂദ വിപ്ലവം ഏതു റോമൻ പ്രതികരണം ഉളവാക്കി?
6 സെസ്റ്റ്യസ് ഗാലസിന്റെ കീഴിലുള്ള പന്ത്രണ്ടാം റോമൻ പട സിറിയയിൽനിന്നു മാർച്ചുചെയ്തു ഗലീലയും യഹൂദ്യയും കൊള്ളയടിച്ചു നശിപ്പിച്ചിട്ട് “വിശുദ്ധനഗരമായ യെരൂശലേമി”ന്റെ വടക്കുഭാഗം പോലും കൈവശപ്പെടുത്തിക്കൊണ്ട തലസ്ഥാനം ആക്രമിച്ചു. (നെഹെമ്യാവു 11:1; മത്തായി 4:5; 5:35; 27:53) സംഭവവികാസങ്ങളെ ചുരുക്കിപ്പറഞ്ഞുകൊണ്ട്, യെരുശലേമിന്റെമേലുള്ള റോമൻ ഉപരോധം എന്ന വാല്യം പറയുന്നു: “തുടർച്ചയായി പ്രത്യാക്രമണ വിധേയരായ റോമാക്കാർ അഞ്ചു ദിവസം മതിലിൽ കോവണി പിടിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ശരവർഷംകൊണ്ടു കീഴടക്കപ്പെട്ട പ്രതിരോധകർ പിൻവാങ്ങി. പരിചമറ—തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനു തലകൾക്കു മീതെ പരിചകൾ കൂട്ടിയിണക്കുന്ന രീതി—ഉണ്ടാക്കിക്കൊണ്ട് റോമൻ സൈനികർ മതിലിന് അടിയിലൂടെ തുരങ്കമുണ്ടാക്കി, കവാടത്തിനു തീവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു ഭയാനകമായ സംഭ്രാന്തി പ്രതിരോധകരെ പിടികൂടി.” ഉള്ളിലുണ്ടായിരുന്ന ക്രിസ്ത്യാനികൾക്കു യേശുവിന്റെ വാക്കുകൾ ഓർമിക്കുന്നതിനും ഒരു മ്ലേച്ഛവസ്തു വിശുദ്ധസ്ഥലത്തു നിൽക്കുകയാണെന്നു തിരിച്ചറിയുന്നതിനും കഴിഞ്ഞു. a എന്നാൽ നഗരത്തെ വളഞ്ഞിരുന്നതിനാൽ യേശു ഉപദേശിച്ചതുപോലെ പലായനംചെയ്യാൻ ആ ക്രിസ്ത്യാനികൾക്ക് എങ്ങനെ കഴിയുമായിരുന്നു?
7. പൊ.യു. 66-ൽ വിജയം കൈയെത്താവുന്ന ദൂരത്തായിരുന്നപ്പോൾ റോമാക്കാർ എന്തു ചെയ്തു?
7 ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് പറയുന്നു: “ഉപരോധിക്കപ്പെട്ടവരുടെ നൈരാശ്യമോ ജനങ്ങളുടെ വികാരങ്ങളോ സംബന്ധിച്ചു ബോധവാനല്ലായിരുന്ന സെസ്റ്റ്യസ് [ഗാലസ്] സകല ന്യായങ്ങൾക്കും വിരുദ്ധമായി പെട്ടെന്നു തന്റെ ആളുകളെ പിൻവലിച്ച്, യാതൊരു തോൽവിയും അനുഭവിക്കാതിരുന്നിട്ടും വിജയം വേണ്ടെന്നുവെച്ച് നഗരത്തിൽനിന്നു പിൻവാങ്ങി.” ഗാലസ് പിൻവാങ്ങിയത് എന്തുകൊണ്ടാണ്? കാരണം എന്തായിരുന്നാലും അദ്ദേഹത്തിന്റെ പിൻവാങ്ങൽ യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു മലകളിലേക്ക്, സുരക്ഷിതസ്ഥാനത്തേക്കു പലായനംചെയ്യാൻ ക്രിസ്ത്യാനികൾക്ക് അവസരം നൽകി.
8. യെരുശലേമിന് എതിരായ റോമൻ ശ്രമത്തിന്റെ രണ്ടാം ഘട്ടം ഏതായിരുന്നു, അതിജീവകർ എന്തനുഭവിച്ചു?
8 അനുസരണം ജീവരക്ഷാകരമായിരുന്നു. അധികം താമസിയാതെ വിപ്ലവത്തെ അടിച്ചമർത്താൻ റോമാക്കാർ നീക്കം ആരംഭിച്ചു. ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള സൈനിക നടപടി പൊ.യു. 70 ഏപ്രിൽ മുതൽ ആഗസ്ററ് വരെ യെരുശലേമിന്റെമേലുള്ള ഉപരോധത്തിൽ പാരമ്യത്തിലെത്തി. യഹൂദൻമാർ യാതന അനുഭവിച്ചവിധം സംബന്ധിച്ച ജോസീഫസിന്റെ വിവരണം വായിക്കുന്നത് ഒരുവനെ ഭീതിപ്പെടുത്തുന്നു. റോമാക്കാരോടു പോരാടി മരിച്ചവർക്കുപുറമേ, മറ്റ് യഹൂദൻമാർ യഹൂദരിലെതന്നെ ശത്രു സംഘടനകളാൽ കൊലചെയ്യപ്പെട്ടു, പട്ടിണി നരഭോജനത്തിലേക്കു നയിച്ചു. റോമൻ വിജയത്തിന്റെ സമയമായപ്പോഴേക്കും 11,00,000 യഹൂദർ മരിച്ചു. b 97,000 അതിജീവകരിൽ കുറേപ്പേരെ പെട്ടെന്നുതന്നെ വധിച്ചു; മറ്റുള്ളവരെ അടിമകളാക്കി. ജോസീഫസ് പറയുന്നു: “പതിനേഴു വയസ്സിനു മുകളിലുള്ളവരെ വിലങ്ങുവച്ച് കഠിന വേലയ്ക്ക് ഈജിപ്തിലേക്ക് അയച്ചു, അതേസമയം തിയേറ്ററുകളിൽ വാളിനാലും വന്യമൃഗങ്ങളാലും കൊല്ലപ്പെടുന്നതിനു വലിയൊരു സംഖ്യ ആളുകളെ ടൈറ്റസ് പ്രവിശ്യകൾക്കു സമ്മാനിച്ചു.” ഈ വേർതിരിക്കൽ നടക്കവേ, 11,000 തടവുകാർ പട്ടിണികിടന്നു മരിച്ചു.
9. യഹൂദൻമാർ അനുഭവിച്ച അനന്തരഫലം ക്രിസ്ത്യാനികൾ അനുഭവിക്കാതിരുന്നത് എന്തുകൊണ്ട്, എന്നാൽ ഏതു ചോദ്യങ്ങൾ അവശേഷിക്കുന്നു?
9 റോമൻ സൈന്യം തിരിച്ചുവരുന്നതിനു മുൻപു കർത്താവിന്റെ മുന്നറിയിപ്പ് അനുസരിച്ച്, നഗരത്തിൽനിന്നു പലായനം ചെയ്തതിൽ ക്രിസ്ത്യാനികൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുമായിരുന്നു. ‘ലോകാരംഭം മുതൽ അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും’ യെരുശലേമിൽ ‘വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം’ എന്ന് യേശു വിളിച്ചതിന്റെ ഒരു ഭാഗത്തുനിന്ന് അവർ അങ്ങനെ രക്ഷിക്കപ്പെട്ടു. (മത്തായി 24:21) യേശു കൂട്ടിച്ചേർത്തു: “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] നിമിത്തമോ ആ നാളുകൾ ചുരുങ്ങും.” (മത്തായി 24:22) അത് അന്ന് എന്തർഥമാക്കി, ഇന്ന് എന്തർഥമാക്കുന്നു?
10. മത്തായി 24:22 നാം മുൻപ് എങ്ങനെ വിശദീകരിച്ചിരുന്നു?
10 പൊ.യു. 70-ലെ യെരുശലേമിലെ കഷ്ടത്തെ അതിജീവിച്ച യഹൂദൻമാരെയാണ് ‘രക്ഷിക്കപ്പെടേണ്ട ജഡം’ പരാമർശിക്കുന്നതെന്നു കഴിഞ്ഞകാലത്തു വിശദീകരിച്ചിരുന്നു. ക്രിസ്ത്യാനികൾ പലായനംചെയ്തിരുന്നു, അതുകൊണ്ട് ഒരു സത്വര നാശം കൊണ്ടുവരാൻ ദൈവത്തിനു റോമാക്കാരെ അനുവദിക്കാൻ കഴിഞ്ഞു. മറ്റുവാക്കുകളിൽ, “തിരഞ്ഞെടുക്കപ്പെട്ടവർ” അപകട വിമുക്തരായിരുന്നുവെന്നുള്ള വസ്തുത നിമിത്തം, കുറെ യഹൂദ “ജഡം” രക്ഷിക്കപ്പെടാൻ അനുവദിച്ചുകൊണ്ട് ഉപദ്രവനാളുകൾ ചുരുക്കപ്പെടാൻ കഴിഞ്ഞു. അതിജീവിച്ച യഹൂദൻമാർ നമ്മുടെ നാളിൽ ആഗതമാകുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നവരെ മുൻനിഴലാക്കിയെന്നു കരുതപ്പെട്ടിരുന്നു.—വെളിപ്പാടു 7:14.
11. മത്തായി 24:22-ന്റെ വിശദീകരണം പുനഃപരിഗണിക്കണമെന്നു തോന്നുന്നതെന്തുകൊണ്ട്?
11 എന്നാൽ ആ വിശദീകരണം പൊ.യു. 70-ൽ സംഭവിച്ചതുമായി ചേർച്ചയിലാണോ? കഷ്ടത്തിൽനിന്നു മാനുഷ “ജഡം രക്ഷിക്കപ്പെ”ടേണ്ടിയിരുന്നു എന്നു യേശു പറഞ്ഞു. ആയിരക്കണക്കിന് അതിജീവകർ പെട്ടെന്നുതന്നെ പട്ടിണിയാൽ മരിക്കുകയോ തിയേറ്ററിൽ കൊലചെയ്യപ്പെടുകയോ ചെയ്തുവെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, “രക്ഷിക്കപ്പെട്ടു” എന്ന പദം ആ 97,000 അതിജീവകരെ വിവരിക്കാൻ നിങ്ങൾ ഉപയോഗിക്കുമോ? കൈസര്യയിലെ ഒരു തിയേറ്ററിനെക്കുറിച്ചു ജോസീഫസ് പറയുന്നു: “വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലോ പരസ്പരാക്രമണത്തിലോ ജീവനോടെ കത്തിക്കപ്പെട്ടതിനാലോ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു.” ഉപരോധത്തിൽ അവർ മരിച്ചില്ലെങ്കിലും തീർച്ചയായും അവർ “രക്ഷിക്കപ്പെ”ട്ടില്ല. ആഗതമാകുന്ന “മഹോപദ്രവ”ത്തിലെ സന്തുഷ്ട അതിജീവകർക്കു സമാനരായി യേശു അവരെ പരിഗണിക്കുമായിരുന്നോ?
ജഡം രക്ഷിക്കപ്പെട്ടു—എങ്ങനെ?
12. ദൈവത്തിനു താത്പര്യമുണ്ടായിരുന്ന ഒന്നാം നൂറ്റാണ്ടിലെ “തിരഞ്ഞെടുക്കപ്പെട്ടവർ” ആരായിരുന്നു?
12 പൊ.യു 70-ഓടെ, സ്വാഭാവിക യഹൂദൻമാരെ ദൈവം മേലാൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി വീക്ഷിച്ചിരുന്നില്ല. ദൈവം ആ ജനതയെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അതിന്റെ തലസ്ഥാന നഗരവും ആലയവും ആരാധനാ സമ്പ്രദായവും അവസാനിക്കാൻ അനുവദിക്കുമെന്നും യേശു പ്രകടമാക്കി. (മത്തായി 23:37–24:2) ദൈവം ഒരു പുതിയ ജനതയെ, ആത്മീയ ഇസ്രായേലിനെ തിരഞ്ഞെടുത്തു. (പ്രവൃത്തികൾ 15:14; റോമർ 2:28, 29; ഗലാത്യർ 6:16) എല്ലാ ജനതകളിൽനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ സ്ത്രീപുരുഷൻമാർ അടങ്ങിയതായിരുന്നു അത്. (മത്തായി 22:14; യോഹന്നാൻ 15:19; പ്രവൃത്തികൾ 10:1, 2, 34, 35, 44, 45) സെസ്റ്റ്യസ് ഗാലസിനാലുള്ള ആക്രമണത്തിന് ഏതാനും വർഷം മുൻപ്, ‘പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച . . . വൃതന്മാർക്കു [“തിരഞ്ഞെടുക്കപ്പെട്ടവർക്ക്,” NW]’ പത്രോസ് എഴുതി. അത്തരം ആത്മാഭിഷിക്തർ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും” ആയിരുന്നു. (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (1 പത്രൊസ് 1:1, 2; 2:9) തിരഞ്ഞെടുക്കപ്പെട്ട അവരെ യേശുവിനോടൊപ്പം ഭരിക്കാൻ ദൈവം സ്വർഗത്തിലേക്ക് എടുക്കുമായിരുന്നു.—കൊലൊസ്സ്യർ 1:1, 2; 3:12; തീത്തൊസ് 1:1; വെളിപ്പാടു 17:14.
13. മത്തായി 24:22-ലെ യേശുവിന്റെ വാക്കുകൾക്ക് ഏത് അർഥം ഉണ്ടായിരുന്നിരിക്കാനിടയുണ്ട്?
13 “തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തം” ഉപദ്രവനാളുകൾ ചുരുക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞതിനാൽ തിരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ചുള്ള ഈ തിരിച്ചറിവു പ്രയോജനകരമാണ്. “നിമിത്തം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തെ “നന്മയ്ക്കുവേണ്ടി” അല്ലെങ്കിൽ “നന്മയ്ക്ക്” എന്നും വിവർത്തനം ചെയ്യാവുന്നതാണ്. (മർക്കൊസ് 2:27; യോഹന്നാൻ 12:30; 1 കൊരിന്ത്യർ 8:11; 9:10, 23; 11:9; 2 തിമൊഥെയൊസ് 2:10; വെളിപ്പാടു 2:3; NW) അതുകൊണ്ട്, ‘ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ നന്മയ്ക്കുവേണ്ടി ആ നാളുകൾ ചുരുങ്ങും’ എന്നു യേശു പറയുകയായിരുന്നിരിക്കാം. c (മത്തായി 24:22, NW) യെരുശലേമിൽ കുരുങ്ങിപ്പോയ ക്രിസ്തീയ തിരഞ്ഞെടുക്കപ്പെട്ടവർക്കു പ്രയോജനംചെയ്ത അല്ലെങ്കിൽ അവരുടെ ‘നന്മക്കുവേണ്ടി’യുള്ള എന്തെങ്കിലും സംഭവിച്ചോ?
14. പൊ.യു. 66-ൽ റോമൻ സൈന്യം യെരുശലേമിൽനിന്ന് അപ്രതീക്ഷിതമായി പിൻവാങ്ങിയപ്പോൾ “ജഡം” രക്ഷിക്കപ്പെട്ടതെങ്ങനെ?
14 പൊ.യു. 66-ൽ റോമാക്കാർ ദേശത്തുകൂടെ നീങ്ങി യെരുശലേമിന്റെ വടക്കുഭാഗം കൈവശമാക്കിയിട്ട് മതിലിന് അടിയിലൂടെ തുരക്കാൻ തുടങ്ങിയെന്ന് ഓർമിക്കുക. “ഉപരോധം അൽപ്പകാലം കൂടി അദ്ദേഹം നീട്ടിയിരുന്നെങ്കിൽ ഉടനടി നഗരം പിടിച്ചെടുക്കുമായിരുന്നു” എന്ന് ജോസീഫസ് അഭിപ്രായപ്പെടുന്നു. നിങ്ങളോടുതന്നെ ചോദിക്കുക, ‘റോമൻ സൈന്യം പെട്ടെന്നു സൈനികനടപടി ഉപേക്ഷിച്ച് “സകല ന്യായങ്ങൾക്കും വിരുദ്ധമായി” എന്തുകൊണ്ടു പിൻവാങ്ങണമായിരുന്നു?’ “ഗാലസിന്റെ അസാധാരണവും വിനാശകരവുമായ തീരുമാനത്തിനു പര്യാപ്തമായ എന്തെങ്കിലും കാരണം നൽകുന്നതിൽ ഒരു ചരിത്രകാരനും വിജയിച്ചിട്ടില്ല” എന്നു സൈനിക ചരിത്രം വ്യാഖ്യാനിക്കുന്നതിൽ വിദഗ്ധനായ റുപേർട്ട് ഫർനോ അഭിപ്രായപ്പെടുന്നു. കാരണമെന്തായിരുന്നാലും ഉപദ്രവം ചുരുക്കപ്പെട്ടു എന്നതായിരുന്നു ഫലം. റോമാക്കാർ പിൻവാങ്ങി, അവർ പോകവേ യഹൂദൻമാർ അവരെ ആക്രമിച്ചു. കുരുക്കിലകപ്പെട്ട അഭിഷിക്ത ക്രിസ്ത്യാനികളായ ‘തിരഞ്ഞെടുക്കപ്പെട്ടവരെ’ സംബന്ധിച്ചെന്ത്? ഉപരോധം നീക്കംചെയ്തത് ഉപദ്രവകാലത്തെ കൊലപാതക ഭീഷണിയിൽനിന്ന് അവർ രക്ഷിക്കപ്പെട്ടുവെന്ന് അർഥമാക്കി. അതുകൊണ്ട് ഉപദ്രവം ചുരുക്കപ്പെട്ടതിൽനിന്നു പ്രയോജനം അനുഭവിച്ച ആ ക്രിസ്ത്യാനികളായിരുന്നു മത്തായി 24:22-ൽ പരാമർശിച്ചിരിക്കുന്ന രക്ഷിക്കപ്പെട്ട “ജഡം.”
നിങ്ങളുടെ ഭാവി എന്ത് വെച്ചുനീട്ടുന്നു?
15. മത്തായി 24-ാം അധ്യായം നമ്മുടെ നാളിൽ പ്രത്യേക താത്പര്യമുള്ളതായിരിക്കണമെന്നു നിങ്ങൾ എന്തുകൊണ്ടു പറയും?
15 ‘യേശുവിന്റെ വാക്കുകളുടെ സ്പഷ്ടമാക്കപ്പെട്ട ഈ ഗ്രാഹ്യത്തിൽ ഞാൻ എന്തുകൊണ്ടു പ്രത്യേകാൽ താത്പര്യമുള്ളവനായിരിക്കണം?’ എന്ന് ഒരുവൻ ചോദിച്ചേക്കാം? കൊള്ളാം, പൊ.യു. 70 വരെയും ആ വർഷത്തിലും സംഭവിച്ചതിൽ കവിഞ്ഞ ഒരു വലിയ നിവൃത്തി യേശുവിന്റെ പ്രവചനത്തിന് ഉണ്ടായിരിക്കേണ്ടിയിരുന്നുവെന്നു നിഗമനം ചെയ്യാൻ മതിയായ കാരണമുണ്ട്. d (മത്തായി 24:7; ലൂക്കൊസ് 21:10, 11; വെളിപ്പാടു 6:2-8; ഇവ താരതമ്യം ചെയ്യുക.) വിപുലമായ തോതിലുള്ള ഒരു “മഹോപദ്രവം” തൊട്ടുമുന്നിൽ പ്രതീക്ഷിക്കാൻ കഴിയുമെന്നു നമ്മുടെ നാളിൽ സംഭവിക്കുന്ന പ്രമുഖ നിവൃത്തി തെളിയിക്കുന്നുവെന്നു ദശകങ്ങളായി യഹോവയുടെ സാക്ഷികൾ പ്രസംഗിച്ചിരിക്കുന്നു. മത്തായി 24:22-ലെ പ്രാവചനിക വാക്കുകൾ ആ സമയത്ത് എങ്ങനെ നിവൃത്തിയേറും?
16. ആഗതമാകുന്ന മഹോപദ്രവത്തെക്കുറിച്ചു വെളിപ്പാടു പ്രോത്സാഹജനകമായ ഏതു വസ്തുത പ്രദാനം ചെയ്യുന്നു?
16 യെരുശലേമിലെ ഉപദ്രവത്തിന് ഏകദേശം രണ്ടു ദശകങ്ങൾ കഴിഞ്ഞ് അപ്പോസ്തലനായ യോഹന്നാൻ വെളിപ്പാടു പുസ്തകം എഴുതി. മഹോപദ്രവം മുന്നിലാണെന്ന് അതു സ്ഥിരീകരിച്ചു. നമ്മെ വ്യക്തിപരമായി ബാധിക്കുന്ന സംഗതിയിൽ താത്പര്യമുള്ളതിനാൽ, ഈ ആഗതമാകുന്ന മഹോപദ്രവത്തെ മാനുഷ ജഡം അതിജീവിക്കുമെന്നു വെളിപ്പാട് പ്രാവചനികമായി നമുക്ക് ഉറപ്പുനൽകുന്നുവെന്ന് അറിയുന്നതിൽ നാം ആശ്വസിച്ചേക്കാം. “സകല ജാതികളിൽനിന്നും ഗോത്രങ്ങളിൽനിന്നും വംശങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഉള്ള . . . ഒരു മഹാപുരുഷാര”ത്തെക്കുറിച്ചു യോഹന്നാൻ മുൻകൂട്ടിപ്പറഞ്ഞു. അവർ ആരാണ്? സ്വർഗത്തിൽനിന്നുള്ള ഒരു സ്വരം ഉത്തരം നൽകുന്നു: “ഇവർ മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] വന്നവർ.” (വെളിപ്പാടു 7:9, 14) അതേ, അവർ അതിജീവകരായിരിക്കും! വരാൻപോകുന്ന മഹോപദ്രവത്തിൽ കാര്യങ്ങൾ എങ്ങനെ വികാസംപ്രാപിക്കുമെന്നതിലും മത്തായി 24:22 എങ്ങനെ നിവൃത്തിയേറുമെന്നതിലും വെളിപ്പാട് നമുക്ക് ഉൾക്കാഴ്ചയും നൽകുന്നു.
17. മഹോപദ്രവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
17 ഈ ഉപദ്രവത്തിന്റെ പ്രാരംഭ ഘട്ടം “മഹതിയാം ബാബിലോൻ” എന്നു വിളിക്കപ്പെടുന്ന ആലങ്കാരിക വേശ്യയുടെ മേലുള്ള ഒരു ആക്രമണമായിരിക്കും. (വെളിപ്പാടു 14:8; 17:1, 2) ഏറ്റവും നിന്ദ്യമായ ക്രൈസ്തവലോകം ഉൾപ്പെടെയുള്ള വ്യാജമത ലോകസാമ്രാജ്യത്തെ അവൾ പ്രതിനിധാനം ചെയ്യുന്നു. വെളിപ്പാടു 17:16-18-ലെ വാക്കുകൾ അനുസരിച്ച്, ഈ ആലങ്കാരിക വേശ്യയെ ആക്രമിക്കാൻ ദൈവം രാഷ്ട്രീയ ഘടകത്തിന്റെ ഹൃദയത്തിൽ തോന്നിക്കും. e ദൈവത്തിന്റെ അഭിഷിക്തരായ “തിരഞ്ഞെടുക്കപ്പെട്ടവർ”ക്കും അവരുടെ സഹകാരികളായ “മഹാപുരുഷാരത്തിനും” ഇത് എങ്ങനെ പ്രത്യക്ഷപ്പെട്ടേക്കാവുന്നതാണെന്നു ചിന്തിക്കുക. മതത്തിന്റെമേലുള്ള വിനാശകരമായ ഈ ആക്രമണം മുന്നേറവേ, യഹോവയുടെ ജനം ഉൾപ്പെടെ, സകല മതസ്ഥാപനങ്ങളെയും അതു തുടച്ചുനീക്കുമെന്നു തോന്നിയേക്കാം.
18. മഹോപദ്രവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു “ജഡ”വും രക്ഷിക്കപ്പെടുകയില്ലെന്നു തോന്നിയേക്കാവുന്നതെന്തുകൊണ്ട്?
18 മത്തായി 24:22-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ വിപുലമായ തോതിൽ നിവൃത്തിയേറുന്ന സമയമിതായിരിക്കും. യെരുശലേമിലെ തിരഞ്ഞെടുക്കപ്പെട്ടവർ അപകടത്തിലാണെന്നു തോന്നിയതുപോലെ, മതത്തിന്റെ മേലുള്ള ആക്രമണവേളയിൽ, ദൈവജനത്തിലെ സകല “ജഡ”ത്തെയും ആ ആക്രമണം തുടച്ചുനീക്കുമെന്നപോലെ, യഹോവയുടെ ദാസൻമാർ അപകടത്തിലാണെന്നു തോന്നിയേക്കാം. എന്നാൽ, പൊ.യു. 66-ൽ എന്താണു സംഭവിച്ചതെന്നു നമുക്കു മനസ്സിൽ പിടിക്കാം. ദൈവത്തിന്റെ അഭിഷിക്തരായ തിരഞ്ഞെടുക്കപ്പെട്ടവർക്കു രക്ഷപ്പെടുന്നതിനും തുടർന്നു ജീവിക്കുന്നതിനും മതിയായ അവസരം അനുവദിച്ചുകൊണ്ട്, റോമാക്കാരാലുണ്ടായ ഉപദ്രവം ചുരുക്കപ്പെട്ടു. അതുകൊണ്ട്, സത്യാരാധകരുടെ ആഗോളസഭയെ കൊന്നൊടുക്കാൻ മതത്തിന്റെമേലുള്ള വിനാശകരമായ ആക്രമണം അനുവദിക്കപ്പെടുകയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. “ഒരു ദിവസത്തിൽ” എന്നപോലെ അതു പെട്ടെന്നു മുന്നേറും. എന്നാൽ, ദൈവജനം “രക്ഷിക്ക”പ്പെടാൻ കഴിയേണ്ടതിന്, അത് ഏതെങ്കിലും വിധത്തിൽ ചുരുക്കപ്പെടും, ലക്ഷ്യം പൂർത്തീകരിക്കാൻ അത് അനുവദിക്കപ്പെടില്ല.—വെളിപ്പാടു 18:8.
19. (എ) മഹോപദ്രവത്തിന്റെ ആദ്യഘട്ടത്തിനു ശേഷം എന്തു പ്രകടമായിരിക്കും? (ബി) ഇത് എന്തിലേക്കു നയിക്കും?
19 തങ്ങളുടെ പഴയ മതവേശ്യയുമായുള്ള ഇടപാടുകളുടെ നഷ്ടത്തിൽ വിലപിച്ചുകൊണ്ട്, പിശാചായ സാത്താന്റെ ഭൗമികസ്ഥാപനത്തിലെ മറ്റു ചില ഘടകങ്ങൾ കുറേക്കാലം കൂടെ അതേത്തുടർന്നു നിലനിൽക്കും. (വെളിപ്പാടു 18:9-19) അനായാസ ഇരയായി കാണപ്പെടുന്ന ദൈവത്തിന്റെ യഥാർഥ ദാസൻമാർ അവശേഷിക്കുന്നുവെന്ന്, ‘മതിൽ . . . കൂടാതെ നിർഭയം വസിക്കുന്നു’വെന്ന് അവർ ഒരു ഘട്ടത്തിൽ നിരീക്ഷിക്കും. എന്തൊരു അതിശയമാണു സംഭവിക്കാൻ പോകുന്നത്! തന്റെ ദാസൻമാർക്കെതിരായ യഥാർഥമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഒരു ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട്, മഹോപദ്രവത്തിന്റെ അന്തിമഭാഗത്ത് ദൈവം തന്റെ ശത്രുക്കളുടെമേൽ ന്യായവിധി ആരംഭിക്കും.—യെഹെസ്കേൽ 38:10-12, 14, 18-23.
20. മഹോപദ്രവത്തിന്റെ രണ്ടാം ഘട്ടം ദൈവജനത്തെ അപകടപ്പെടുത്തുകയില്ലാത്തത് എന്തുകൊണ്ട്?
20 മഹോപദ്രവത്തിന്റെ ഈ രണ്ടാം ഘട്ടം പൊ.യു. 70-ൽ റോമാക്കാരാലുള്ള ആക്രമണത്തിൽ യെരുശലേമിനും അതിലെ നിവാസികൾക്കും സംഭവിച്ചതിനോടു സമാന്തരമായിരിക്കും. അതു “ലോകാരംഭം മുതൽ [അന്നു]വരെ സംഭവിച്ചിട്ടില്ലാത്തതും വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവ”മാണെന്ന് തെളിയും. (മത്തായി 24:21, NW) എന്നിരുന്നാലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ സഹകാരികളും അപകട മേഖലയിൽ, കൊല്ലപ്പെടുന്നതിന്റെ അപകടത്തിൽ ആയിരിക്കുകയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഓ, അവർ ഒരു ഭൂമിശാസ്ത്രപരമായ സ്ഥാനത്തേക്കു പലായനം ചെയ്യില്ല. യെരുശലേമിലായിരുന്ന ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് ആ നഗരത്തിൽനിന്നു ജോർദാന് അപ്പുറത്തുള്ള പെല്ലാ പോലുള്ള പർവതപ്രദേശങ്ങളിലേക്കു പലായനം ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഭാവിയിൽ, ദൈവത്തിന്റെ വിശ്വസ്ത സാക്ഷികൾ ഗോളത്തിലുടനീളം വസിക്കുന്നതായിരിക്കും, അതുകൊണ്ടു സുരക്ഷിതത്വവും സംരക്ഷണവും ഭൂമിശാസ്ത്രപരമായ സ്ഥാനത്ത് അധിഷ്ഠിതമായിരിക്കില്ല.
21. അന്തിമ യുദ്ധത്തിൽ ആർ പോരാട്ടം നടത്തും, എന്തു ഫലത്തോടെ?
21 റോമൻ സൈന്യത്താലോ മറ്റേതൊരു മാനുഷ സംഘടനയാലോ ആയിരിക്കില്ല ആ നാശം. പകരം, വെളിപ്പാടു പുസ്തകം വധാധികൃത സൈന്യങ്ങളെ സ്വർഗത്തിൽനിന്നുള്ളവയായി വിവരിക്കുന്നു. അതേ, ഏതെങ്കിലും മാനുഷ സൈന്യമായിരിക്കില്ല, മറിച്ച്, പുനരുത്ഥാനംപ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള “സ്വർഗ്ഗത്തിലെ സൈന്യ”ത്തിന്റെ സഹായത്തോടെ “ദൈവവചനം” എന്ന രാജാവായ യേശുക്രിസ്തു ആയിരിക്കും മഹോപദ്രവത്തിന്റെ ആ അന്തിമഭാഗം നിർവഹിക്കുന്നത്. “കർത്താധികർത്താവും രാജാധിരാജാവു”മായവൻ പൊ.യു. 70-ൽ റോമാക്കാർ ചെയ്തതിനെക്കാൾ വളരെയേറെ സമ്പൂർണമായ ഒരു വധനിർവഹണം നടത്തും. അത് ദൈവത്തിന്റെ സകല മാനുഷ ശത്രുക്കളെയും—രാജാക്കൻമാർ, സൈനിക മേധാവികൾ, സ്വതന്ത്രരും അടിമകളും, ചെറിയവരും വലിയവരും—നീക്കം ചെയ്യും. സാത്താന്റെ ലോകത്തിലെ മാനുഷ സ്ഥാപനങ്ങൾപോലും അവയുടെ അന്ത്യം അനുഭവിക്കും.—വെളിപ്പാടു 2:26, 27; 17:14; 19:11-21; 1 യോഹന്നാൻ 5:19.
22. ഏതു കൂടുതലായ അർഥത്തിൽ “ജഡം” രക്ഷിക്കപ്പെടും?
22 ഉപദ്രവത്തിന്റെ ആദ്യഘട്ടത്തിൽ മഹാബാബിലോൻ വേഗത്തിലും പൂർണമായും നിലംപതിക്കുമ്പോൾതന്നെ അഭിഷിക്ത ശേഷിപ്പും മഹാപുരുഷാരവുമാകുന്ന “ജഡം” രക്ഷിക്കപ്പെട്ടിരിക്കുമെന്ന് ഓർമിക്കുക. സമാനമായി, ഉപദ്രവത്തിന്റെ അന്തിമഭാഗത്ത്, യഹോവയുടെ പക്ഷത്തേക്കു പലായനം ചെയ്തിരിക്കുന്ന “ജഡം” രക്ഷിക്കപ്പെടും. പൊ.യു. 70-ലെ മത്സരികളായ യഹൂദൻമാർക്കുണ്ടായ പരിണതഫലവുമായി ഇത് എത്ര വൈപരീത്യത്തിലായിരിക്കും!
23. അതിജീവിക്കുന്ന “ജഡ”ത്തിന് എന്തിനായി നോക്കിപ്പാർത്തിരിക്കാൻ കഴിയും?
23 നിങ്ങളുടെ സ്വന്തം ഭാവിയുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവിയുടെയും സാധ്യതകളെക്കുറിച്ചു ചിന്തിച്ചുകൊണ്ട്, വെളിപ്പാടു 7:16, 17-ൽ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “ഇനി അവർക്കു വിശക്കയില്ല ദാഹിക്കയുമില്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവംതാൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” ഇതു തീർച്ചയായും വിസ്മയാവഹമായ, നിലനിൽക്കുന്ന അർഥത്തിലുള്ള യഥാർഥമായ “രക്ഷിക്ക”പ്പെടലാണ്.
[അടിക്കുറിപ്പുകൾ]
a 1996 ജൂൺ 1-ലെ വീക്ഷാഗോപുരം 14-19 പേജുകൾ കാണുക.
b ജോസീഫസ് പറയുന്നു: “ടൈറ്റസ് നഗരത്തിൽ പ്രവേശിച്ചപ്പോൾ അതിന്റെ ബലം അദ്ദേഹത്തെ അത്ഭുതസ്തബ്ധനാക്കി . . . അദ്ദേഹം ഉത്ഘോഷിച്ചു: ‘ദൈവം ഞങ്ങളുടെ ഭാഗത്തായിരുന്നു; ഈ കോട്ടകളിൽനിന്നു യഹൂദൻമാരെ നിലംപതിപ്പിച്ചതു ദൈവമാണ്; എന്തെന്നാൽ അത്തരം ഗോപുരങ്ങൾക്കെതിരെ മാനുഷ കരങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?’”
c രസാവഹമായി, ഷേം-റ്റോബിന്റെ പാഠം മത്തായി 24:22-ൽ “നന്മക്കുവേണ്ടി, നിമിത്തം, ആ ഉദ്ദേശ്യത്തിൽ” തുടങ്ങിയ അർഥങ്ങളുള്ള എയ്വുർ എന്ന എബ്രായ പദം ഉപയോഗിക്കുന്നു.—മുൻ ലേഖനം, പേജ് 13 കാണുക.
d 1994 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 11-ഉം 12-ഉം പേജുകളും മത്തായി 24-ാം അധ്യായത്തിലെയും മർക്കൊസ് 13-ാം അധ്യായത്തിലെയും ലൂക്കൊസ് 21-ാം അധ്യായത്തിലെയും യേശുവിന്റെ പ്രാവചനിക മറുപടി സമാന്തര കോളങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 14-ഉം 15-ഉം പേജുകളിലെ ചാർട്ടും കാണുക.
e വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ 1994-ൽ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം, പേജുകൾ 235-58 കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യെരുശലേമിന്റെമേലുള്ള റോമൻ ആക്രമണത്തിന് ഏതു രണ്ടു ഘട്ടങ്ങൾ ഉണ്ടായിരുന്നു?
◻ മത്തായി 24:22-ൽ പരാമർശിച്ചിരിക്കുന്ന “ജഡം” പൊ.യു. 70-ലെ 97,000 യഹൂദ അതിജീവകർ ആയിരിക്കാൻ സാധ്യതയില്ലാത്തത് എന്തുകൊണ്ട്?
◻ യെരുശലേമിന്റെ ഉപദ്രവനാളുകൾ ചുരുക്കപ്പെട്ടത് എങ്ങനെയായിരുന്നു, അതുകൊണ്ടു “ജഡം” രക്ഷിക്കപ്പെട്ടതെങ്ങനെ?
◻ ആഗതമാകുന്ന മഹോപദ്രവത്തിൽ ദിനങ്ങൾ എങ്ങനെ ചുരുക്കപ്പെടുകയും “ജഡം” രക്ഷിക്കപ്പെടുകയും ചെയ്യും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
വിപ്ലവാനന്തരം നിർമിച്ച യഹൂദ നാണയം. “വർഷം രണ്ട്” എന്നുള്ള എബ്രായ എഴുത്ത്, പൊ.യു. 67-നെ, അതായത് അവരുടെ സ്വയംഭരണത്തിന്റെ രണ്ടാം വർഷത്തെ കുറിക്കുന്നു.
[ചിത്രത്തിന്റെ കടപ്പാട്]
Pictorial Archive (Near Eastern History) Est.
[17-ാം പേജിലെ ചിത്രം]
പൊ.യു. 71-ൽ നിർമിച്ച റോമൻ നാണയം. ഇടത്ത് ഒരു സായുധ റോമാക്കാരൻ; വലത്ത് വിലപിക്കുന്ന ഒരു യഹൂദ വനിത. “യൂഡിയ കാപ്റ്റ” എന്ന പദങ്ങൾ “പിടിക്കപ്പെട്ട യഹൂദ്യ” എന്ന് അർഥമാക്കുന്നു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.