“ദൈവത്തിന്റെ പർവത”മുള്ള ദേശത്തിൽ ഒരു “സാക്ഷ്യത്തിന്റെ കൂമ്പാരം”
“ദൈവത്തിന്റെ പർവത”മുള്ള ദേശത്തിൽ ഒരു “സാക്ഷ്യത്തിന്റെ കൂമ്പാരം”
ഭൂഖണ്ഡത്തിന്റെ ഭൂപടത്തിൽ പശ്ചിമാഫ്രിക്കയുടെ സമുദ്രതീരം പിൻപറ്റി, ഗിനി ഉൾക്കടലിനോടു ചേർന്നു കിഴക്കോട്ടു നീങ്ങുന്നപക്ഷം തീരപ്രദേശം തെക്കോട്ടു തിരിയുന്ന ഭാഗത്തു നിങ്ങൾ കാമെറൂൺ കണ്ടെത്തും. തീരപ്രദേശത്തൂടെ തെക്കോട്ടു തുടർന്നു സഞ്ചരിക്കുന്നെങ്കിൽ നിങ്ങൾ കറുത്ത മണലുള്ള വിസ്തൃതമായ കടൽത്തീരങ്ങളിൽ എത്തിച്ചേരും. കാമെറൂൺ കൊടുമുടിയിലെ അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമാണു കറുത്ത മണൽ.
4,070 മീറ്റർ ഉയരത്തിൽ, കോണാകൃതിയിലുള്ള ആ പർവതം ആ പ്രദേശത്തു മുഴുവൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. അസ്തമയ സൂര്യൻ കാമെറൂൺ കൊടുമുടിയുടെ ചരിവുകളെ പ്രകാശത്താൽ കുളിപ്പിക്കുമ്പോൾ അതു നീലലോഹിതം, ഓറഞ്ച്, സൗവർണം, കുങ്കുമം എന്നിങ്ങനെ വിശിഷ്ട വർണങ്ങളാൽ പകിട്ടേറിയ ദൃശ്യമൊരുക്കുന്നു. ആകാശവും ഭൂമിയും വേർതിരിച്ചറിയാനാവാത്തവിധം കടലും സമീപത്തുള്ള ചതുപ്പുനിലവും ഈ നിറഭേദങ്ങളെയെല്ലാം ഒരു കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു. ആ പ്രദേശത്തെ പ്രപഞ്ചാത്മവാദി ഗോത്രങ്ങൾ ആ പർവതത്തിനു മെങ്കോ മാ ലോബാ എന്നു പേരിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുക എളുപ്പമാണ്. “ദൈവങ്ങളുടെ രഥം” അല്ലെങ്കിൽ കൂടുതൽ സാധാരണമായി “ദൈവത്തിന്റെ പർവതം” എന്ന് അതു തർജമ ചെയ്യപ്പെട്ടിരിക്കുന്നു.
കുറച്ചുകൂടെ തെക്കുഭാഗത്തായി കിലോമീറ്റർ കണക്കിനു വ്യാപിച്ചു കിടക്കുന്ന വെള്ളമണൽത്തീരങ്ങളുടെ ഓരം ചേർന്നു നിരനിരയായി തെങ്ങുകൾ പിടിപ്പിച്ചിരിക്കുന്നു. പ്രകൃതിരമണീയമായ തീരപ്രദേശമൊഴിച്ചാൽ, രാജ്യത്തിന്റെ ഭൂരിഭാഗവും നിബിഢമായ ഭൂമധ്യരേഖാ വനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അതിന്റെ അതിർത്തി കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്കും വടക്ക് നൈജീരിയ, സഹാറയുടെ തെക്കുള്ള ഛാഡ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗം പർവതങ്ങളാണ്. അത് യാത്രക്കാരെ യൂറോപ്പിന്റെ ചില ഭാഗങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു. എന്നിരുന്നാലും, ഉഷ്ണമുള്ള കാലാവസ്ഥ നിങ്ങൾ ഭൂമധ്യരേഖയിൽനിന്നു വിളിപ്പാടകലെയാണെന്ന വസ്തുത മറക്കാൻ നിങ്ങളെ അനുവദിക്കുകയില്ല. നാട്ടുപ്രദേശത്തിന്റെ വൈജാത്യം കാമെറൂൺ ആഫ്രിക്കയുടെ ഒരു ചെറിയ പകർപ്പാണെന്നു പറയാൻ അനേകം വിനോദസഞ്ചാര ഗൈഡുകളെ പ്രേരിപ്പിക്കുന്നു. വ്യത്യസ്ത വംശ വിഭാഗങ്ങളും 220-ലധികം അംഗീകൃത ഭാഷകളും ഉപഭാഷകളും ഈ ധാരണയെ അരക്കിട്ടുറപ്പിക്കുന്നു.
നിങ്ങൾ കാമെറൂൺ സന്ദർശിക്കുന്നപക്ഷം, ഡുവാള തുറമുഖത്തോ തലസ്ഥാന നഗരിയായ യാവുണ്ടെയിലോ ഉള്ള വലിയ ഹോട്ടലുകളിലൊന്നിൽ താമസിച്ചേക്കാം. എന്നാൽ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ച്, പ്രത്യേകിച്ചും “ദൈവത്തിന്റെ പർവത”മുള്ള ഈ ദേശത്ത് “സാക്ഷ്യത്തിന്റെ കൂമ്പാരം” പണിതുയർത്തുന്നതിൽ തിരക്കുള്ള 24,000 യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയാനുള്ള അവസരം നിങ്ങൾ കളഞ്ഞുകുളിക്കുന്നുവെന്നു വരാം. a അവരിൽ ചിലരെ കണ്ടുമുട്ടുന്നതിനു രാജ്യത്തുടനീളം ഒരു യാത്ര നടത്തരുതോ? ഈ പശ്ചിമാഫ്രിക്കൻ ദേശത്തെ നിങ്ങളുടെ പര്യടനം തീർച്ചയായും സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.
ഒറ്റത്തടിവള്ളത്തിലോ ബുഷ് ടാക്സിയിലോ സൈക്കിളിലോ?
കാമെറൂണിലെ ഏറ്റവും നീളമുള്ള നദിയായ സാനഗ കടലിൽ പതിക്കുന്നിടം ഒരു വലിയ തുരുത്താണ്. ഈ വിസ്തൃതമായ പ്രദേശത്തെ നിവാസികളുടെയെല്ലാം പക്കൽ എത്തിച്ചേരുന്നതിനു യഹോവയുടെ സാക്ഷികൾക്കു മിക്കപ്പോഴും ഒറ്റത്തടിവള്ളത്തിൽ യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഒമ്പതു രാജ്യപ്രസാധകരുള്ള എംബിയാക്കോയിലെ ചെറിയ കൂട്ടം അതാണു ചെയ്യുന്നത്. അവരിൽ രണ്ടുപേർ അവിടെനിന്ന് 25 കിലോമീറ്റർ അകലെയുള്ള യോയോ ഗ്രാമത്തിലാണു താമസിക്കുന്നത്. വള്ളം ആഞ്ഞു തുഴഞ്ഞാലേ അവർക്ക് എംബിയാക്കോയിൽ എത്തിച്ചേരാൻ സാധിക്കൂ. എങ്കിലും ക്രിസ്തീയ യോഗങ്ങളിൽ അവർ എല്ലായ്പോഴും സന്നിഹിതരാണ്. ഈ കൂട്ടത്തെ സന്ദർശിച്ചപ്പോൾ ഒരു സഞ്ചാരമേൽവിചാരകൻ, യഹോവയുടെ സാക്ഷികൾ—ആ പേരിനു
പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്) എന്ന വീഡിയോ കാണിക്കുന്നതിനെക്കുറിച്ചു നിർദേശിച്ചു. എന്നാൽ അതു പറയുന്നത്ര എളുപ്പമായിരുന്നില്ല. അത്തരം വിദൂര ഗ്രാമത്തിൽ എവിടെനിന്നാണു വീഡിയോ കാസറ്റ് റെക്കോർഡർ, ടെലിവിഷൻ സെറ്റ്, അവ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി എന്നിവ ലഭിക്കുക?സന്ദർശന ആഴ്ചയിൽ ചില പ്രസാധകർ പ്രാദേശിക പള്ളിയിലെ ഒരു ഉപദേശിയെ സന്ദർശിച്ചു. ഉപദേശി അവർക്ക് ഊഷ്മളമായ സ്വാഗതമരുളിയത് അവരെ അതിശയിപ്പിച്ചു. അവർ അദ്ദേഹത്തോടൊപ്പം സജീവമായ ബൈബിൾ ചർച്ചയിലേർപ്പെട്ടു. ആ ഉപദേശിക്കു സ്വന്തമായി ഒരു വിസിആർ മാത്രമല്ല ഒരു വൈദ്യുത ജനറേറ്ററുമുണ്ടെന്നു മനസ്സിലാക്കിയ സഹോദരങ്ങൾ ധൈര്യം സംഭരിച്ച് ആ ഉപകരണങ്ങൾ തങ്ങൾക്കു വാടകയ്ക്കെടുക്കാനാകുമോയെന്ന് അദ്ദേഹത്തോടു ചോദിച്ചു. നേരത്തത്തെ ബൈബിൾ ചർച്ച ആസ്വദിച്ച ഉപദേശി സഹായിക്കാമെന്നേറ്റു. ശനിയാഴ്ച വൈകുന്നേരം ഉപദേശിയും അദ്ദേഹത്തിന്റെ പള്ളിയിലെ മിക്ക അംഗങ്ങളുമുൾപ്പെടെ 102 പേർ വീഡിയോ കാണാൻ എത്തിച്ചേർന്നു. യോയോയിൽനിന്നുള്ള രണ്ടു സാക്ഷികൾ രണ്ടു വള്ളങ്ങളിൽ താത്പര്യക്കാരെ കൊണ്ടുവന്നു. ഉയരുന്ന വേലിയേറ്റ പ്രവാഹത്തിനെതിരെ തുഴയുന്നതു ദുഷ്കരമായി അവർ കണക്കാക്കിയില്ല. വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അവർ അത്യന്തം വികാരഭരിതരും പ്രോത്സാഹിതരുമായി. യഹോവയെ മഹത്ത്വപ്പെടുത്തുന്നതു ലക്ഷ്യമായുള്ള ഇത്തരം വലിയ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതിൽ അവർ അഭിമാനമുള്ളവരായിരുന്നു.
ഒറ്റത്തടിവള്ളങ്ങൾക്ക് എത്തിച്ചേരാനാകാത്തിടത്ത് ഒരുവനു ബുഷ് ടാക്സി ഉപയോഗിക്കാൻ കഴിയും. ഈ ടാക്സികൾ യാത്രക്കാരെ കാത്തുകിടക്കുന്നിടങ്ങൾ എല്ലായ്പോഴും ബഹളമയമാണ്. തണുത്ത വെള്ളം വിൽക്കുന്നവർ, പഴം വിൽക്കുന്നവർ, ബസ്സിലെ പോർട്ടർമാർ തുടങ്ങിയവരുടെ ഇടയിൽപ്പെട്ട് ആകെ സംഭ്രാന്തരായിത്തീരാൻ എളുപ്പമാണ്. കാത്തുകിടക്കുന്ന ബുഷ് ടാക്സിയിൽ ആളെ വിളിച്ചുകയറ്റുകയാണു ബസ്സിലെ പോർട്ടർമാരുടെ തൊഴിൽ. അവരെ സംബന്ധിച്ചിടത്തോളം എല്ലാ വണ്ടിയും “ഉടൻ പുറപ്പെടും.” എന്നിരുന്നാലും “ഉടൻ” എന്ന പദത്തിന് അതിന്റെ ഏറ്റവും അകന്ന അർഥമേ നൽകാവൂ. യാത്രക്കാർക്കു മണിക്കൂറുകളോളം, ചിലപ്പോഴൊക്കെ ദിവസങ്ങളോളം, കാത്തിരിക്കേണ്ടിവരുന്നു. യാത്രക്കാരെയെല്ലാം ഉള്ളിൽ കുത്തിനിറച്ചശേഷം ഡ്രൈവർ യാത്രാസാമാനങ്ങളും ഉത്പന്നങ്ങളും ചിലപ്പോഴൊക്കെ ജീവനുള്ള കോഴികൾ, ആടുകൾ എന്നിവയെയും വണ്ടിയുടെ മുകളിൽ അടുക്കിവയ്ക്കും. അങ്ങനെ ബുഷ് ടാക്സി കുണ്ടും കുഴിയും പൊടിപടലവും നിറഞ്ഞ വഴിയിലൂടെ യാത്ര പുറപ്പെടുകയായി.
ഇത്തരം ഗതാഗതത്തിൽ മടുപ്പുതോന്നിയ ഒരു സഞ്ചാര ശുശ്രൂഷകൻ സ്വന്തമായി യാത്രാസൗകര്യം ഏർപ്പെടുത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ യാത്ര മുഴുവൻ സൈക്കിളിലാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: “സൈക്കിളിൽ സഭകൾതോറും സന്ദർശിക്കാൻ തീരുമാനിച്ചതോടെ ഞാൻ എപ്പോഴും സമയത്ത് എത്തിച്ചേരുന്നു. യാത്രയ്ക്കു മണിക്കൂറുകൾ എടുത്തേക്കാമെന്നതു ശരിതന്നെ. ചുരുങ്ങിയപക്ഷം, ബുഷ് ടാക്സിയും കാത്ത് ഒന്നോ രണ്ടോ ദിവസം ചെലവഴിക്കേണ്ടതില്ലല്ലോ. മഴക്കാലത്തു വെള്ളപ്പൊക്കം നിമിത്തം ചില വഴികൾ പാടേ അപ്രത്യക്ഷമാകുന്നു. ചെളിയും വെള്ളവും നിറഞ്ഞ അത്തരം സ്ഥലങ്ങൾ താണ്ടുന്നതിനു ഷൂസ് ഊരാതെ നിവർത്തിയില്ല. ഒരിക്കൽ എന്റെ ഷൂസിലൊരെണ്ണം ഒരു അരുവിയിൽ വീണു. ഏതാനും
ആഴ്ചകൾക്കുശേഷം സാക്ഷികളിലൊരാളുടെ മകൾ മീൻ പിടിച്ചുകൊണ്ടിരിക്കെ അവിചാരിതമായി അവൾക്കതു കിട്ടി! ഈ ഷൂസിലൊരെണ്ണം കുറേനാൾ മത്സ്യത്തോടൊപ്പം കഴിഞ്ഞശേഷം ഇതുതന്നെ വീണ്ടും ധരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. യഹോവയുടെ സാക്ഷികൾ ഒരിക്കലും പ്രസംഗിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ ഞാൻ ചിലപ്പോഴൊക്കെ സഞ്ചരിക്കാറുണ്ട്. ഞാൻ എന്താണു കൊണ്ടുവന്നിരിക്കുന്നതെന്നു ഗ്രാമീണർ എല്ലായ്പോഴും ചോദിക്കും. അതുകൊണ്ടു ഞാൻ മാസികകളും ലഘുപത്രികകളും എടുക്കാനെളുപ്പത്തിനു വയ്ക്കും. ഇടയ്ക്കു നിർത്തുമ്പോഴെല്ലാം ഈ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഹ്രസ്വമായ സാക്ഷ്യവും നൽകും. സത്യത്തിന്റെ ഈ വിത്തുകൾ വളരാൻ യഹോവ അനുവദിക്കുമെന്നാണ് എന്റെ വിശ്വാസം.”ഏറെ ഉള്ളിൽ
കാമെറൂണിന്റെ ഉൾഭാഗത്ത്, വനാന്തരങ്ങളിൽ മറഞ്ഞുകിടക്കുന്ന ഗ്രാമങ്ങളിൽപ്പോലും മറ്റുള്ളവരുമായി രാജ്യസുവാർത്ത പങ്കിടാൻ യഹോവയുടെ സാക്ഷികൾ കിണഞ്ഞുപരിശ്രമിക്കുന്നു. അതിനു വളരെയധികം ശ്രമം ആവശ്യമാണെങ്കിലും ഫലങ്ങൾ ഹൃദയോഷ്മളമാണ്.
ഒരു മുഴുസമയ ശുശ്രൂഷകയായ മറി, ആർലെറ്റ് എന്നുപേരുള്ള ഒരു പെൺകുട്ടിയോടൊപ്പം ബൈബിളധ്യയനം ആരംഭിച്ചു. ആദ്യ അധ്യയനത്തിനുശേഷം, ആഫ്രിക്കയുടെ ആ ഭാഗത്തെ പതിവനുസരിച്ച്, വാതിൽവരെ തന്നെ അനുഗമിക്കുന്നോയെന്നു മറി ആർലെറ്റിനോട് ചോദിച്ചു. പാദങ്ങളിലെ വേദന നിമിത്തം തനിക്ക് ഒട്ടും നടക്കാനാവില്ലെന്ന് ആ പെൺകുട്ടി പറഞ്ഞു. ഒരു തരം ചെള്ളുബാധ ആർലെറ്റിന്റെ പാദങ്ങളെ ബാധിച്ചിരുന്നു. പെൺചെള്ളു മാംസള ഭാഗത്തു തുളച്ചുകയറിയതു നിമിത്തം വ്രണമായിരിക്കുകയായിരുന്നു. മറി സധൈര്യം ചെള്ളുകളെ ഒന്നൊന്നായി നീക്കം ചെയ്തു. രാത്രിയിൽ ആ പെൺകുട്ടിയെ ഭൂതങ്ങൾ പീഡിപ്പിച്ചിരുന്നതായും അവർ പിന്നീടു മനസ്സിലാക്കി. യഹോവയിൽ ആശ്രയമർപ്പിക്കുന്നതെങ്ങനെയെന്നു മറി ക്ഷമാപൂർവം വിശദീകരിച്ചു. പ്രത്യേകിച്ചും പ്രാർഥിക്കുമ്പോൾ യഹോവയുടെ നാമം ഉച്ചത്തിൽ വിളിച്ചപേക്ഷിച്ചുകൊണ്ടാണ് അതു ചെയ്യേണ്ടത്.—സദൃശവാക്യങ്ങൾ 18:10.
ആർലെറ്റിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. ശാരീരികവും ബൗദ്ധികവുമായ അവളുടെ ശ്രദ്ധേയമായ പുരോഗതി നിമിത്തം അധ്യയനംകൊണ്ട് എന്തെങ്കിലും കുഴപ്പമുള്ളതായി ആദ്യമൊന്നും അവളുടെ കുടുംബത്തിനു തോന്നിയില്ല. എന്നാൽ അവൾ യഹോവയുടെ സാക്ഷികളിലൊരാളാകാൻ ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ അധ്യയനം തുടരുന്നതിൽനിന്ന് അവർ അവളെ വിലക്കി. മൂന്നാഴ്ചകൾക്കുശേഷം, ആർലെറ്റിന്റെ അമ്മ മകളുടെ ദയനീയാവസ്ഥകണ്ടു മറിയുമായി ബന്ധപ്പെടുകയും അധ്യയനം പുനരാരംഭിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.
ഒരു സർക്കിട്ട് സമ്മേളനത്തിനു സമയമായപ്പോൾ, രണ്ടു ദിവസവും ആർലെറ്റിനെ കൂട്ടിക്കൊണ്ടുവരാൻ മറി ഒരു ടാക്സി ഡ്രൈവറെ പണം കൊടുത്ത് ഏർപ്പാടു ചെയ്തു. ആർലെറ്റിന്റെ വീട്ടിൽനിന്നു നിരത്തിലേക്കുള്ള പാതയിലൂടെ കടന്നുപോകാൻ വഹിയാത്തതിനാൽ വീടുവരെപ്പോകാൻ ഡ്രൈവർ വിസമ്മതിച്ചു. തന്മൂലം ആർലെറ്റിനെ നിരത്തുവരെ എത്തിക്കാൻ ഒരുവിധത്തിൽ മറിക്കു സാധിച്ചു. യഹോവ ആ ശ്രമങ്ങളെ തീർച്ചയായും അനുഗ്രഹിച്ചു. ഇന്ന് ആർലെറ്റ് എല്ലാ സഭായോഗങ്ങൾക്കും ഹാജരാകുന്നുണ്ട്. അതി
നു സഹായിക്കാൻ മറി അക്ഷീണം അവളെ പോയിക്കൊണ്ടുവരുന്നു. ഒരു വശത്തേക്ക് 75 മിനിറ്റ് അവർ ഒരുമിച്ചു നടക്കുന്നു. ഞായറാഴ്ച യോഗങ്ങൾ രാവിലെ 8:30-നു തുടങ്ങുന്നതുകൊണ്ടു മറി 6:30-നു വീട്ടിൽനിന്നിറങ്ങണം; എന്നിട്ടും ഒരുതരത്തിലേ സമയത്ത് എത്തിച്ചേരാൻ അവർക്കു കഴിയുന്നുള്ളൂ. താമസിയാതെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താൻ ആർലെറ്റ് പ്രതീക്ഷിക്കുന്നു. മറി ഇങ്ങനെ പ്രസ്താവിക്കുന്നു: “അധ്യയനം തുടങ്ങിയപ്പോൾ അവളെ കണ്ടിട്ടില്ലാത്തവർക്ക് അവൾക്ക് എത്രമാത്രം മാറ്റംവന്നുവെന്ന് ഊഹിക്കാനേ കഴിയില്ല. യഹോവ അവളെ അനുഗ്രഹിച്ചിരിക്കുന്ന വിധത്തിനു ഞാൻ അവനു നന്ദി കരേറ്റുന്നു.” തീർച്ചയായും, ആത്മത്യാഗപരമായ സ്നേഹത്തിനു നല്ല ദൃഷ്ടാന്തമാണു മറി.അങ്ങു വടക്ക്
വടക്കൻ കാമെറൂൺ വൈപരീത്യങ്ങളും അത്ഭുതങ്ങളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. മഴക്കാലത്ത് ഒരു ഭീമമായ, തഴച്ചുവളരുന്ന ഉദ്യാനമായി അതിനു പരിവർത്തനം സംഭവിക്കുന്നു. എന്നാൽ, ചുട്ടുപൊള്ളുന്ന സൂര്യന്റെ വരവോടെ പുല്ലുകൾ കരിയുന്നു. സൂര്യൻ ജ്വലിച്ചുനിൽക്കുന്ന, തണൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഉച്ചനേരത്തു വീടുകളുടെ ചെമ്മൺ ഭിത്തികളോട് ആടുകൾ ഒട്ടിനിൽക്കും. മണലിനും കരിഞ്ഞ പുല്ലിനുമിടയിൽ ആകെക്കൂടെയുള്ള പച്ചപ്പിന്റെ അവശിഷ്ടം ബുബാബ് മരങ്ങളുടെ ഏതാനും ഇലകൾ മാത്രമാണ്. ആ ഇലകൾ ഭൂമധ്യരേഖാ വനങ്ങളിലുള്ള അതേ ഇനത്തിൽപ്പെട്ട ഇലകളുടെയത്രയും വലുതല്ലെങ്കിലും അത്രതന്നെ ബലമുള്ളവയാണ്. പരുക്കൻ ചുറ്റുപാടുകളെ അതിജീവിക്കാനുള്ള അവയുടെ കഴിവ്, സത്യത്തിന്റെ പ്രകാശം പ്രദീപ്തമാക്കുന്നതിന് അവിടെ പാർക്കാൻ പോയിരിക്കുന്ന സാക്ഷികളുടെ തീക്ഷ്ണതയെയും ധൈര്യത്തെയും നന്നായി ചിത്രീകരിക്കുന്നു.
ഈ പ്രദേശത്തെ ചില സഭകൾ 500 മുതൽ 800 വരെ കിലോമീറ്റർ അകലെയായതിനാൽ ഒറ്റപ്പെടലിന്റെ അനുഭവം തികച്ചും യാഥാർഥ്യമാണ്. എന്നാൽ വളരെയധികം താത്പര്യം അവിടെയുണ്ട്. മറ്റു പ്രദേശങ്ങളിൽനിന്നുള്ള സാക്ഷികൾ സഹായിക്കാനായി ഈ ഭാഗത്തേക്കു മാറിയിരിക്കുന്നു. ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന് അവർ പ്രാദേശികഭാഷയായ ഫൂഫൂൽഡ പഠിച്ചെടുക്കേണ്ടതുണ്ട്.
ഗറുവയിൽനിന്നുള്ള ഒരു സാക്ഷി ഏതാണ്ടു 160 കിലോമീറ്റർ അകലെയുള്ള തന്റെ സ്വന്തം ഗ്രാമത്തിൽ പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട് ഏതാനും നാളുകൾ ചെലവഴിക്കാൻ തീരുമാനിച്ചു. അദ്ദേഹം ചില താത്പര്യക്കാരെ കണ്ടുമുട്ടി. എന്നാൽ വണ്ടിക്കൂലി കൂടുതലായതിനാൽ അദ്ദേഹത്തിനു ക്രമമായി മടങ്ങിച്ചെല്ലാൻ കഴിഞ്ഞില്ല. ഏതാനും ആഴ്ചകൾക്കു ശേഷം, വീണ്ടും സന്ദർശിക്കാൻ അപേക്ഷിച്ചുകൊണ്ട് താത്പര്യക്കാരിലൊരാൾ എഴുതിയ കത്ത് അദ്ദേഹത്തിനു കിട്ടി. എന്നാൽ വണ്ടിക്കൂലിക്കു പണമില്ലാഞ്ഞതിനാൽ അദ്ദേഹത്തിനു പോകാൻ കഴിഞ്ഞില്ല. ആ വ്യക്തി ഗറുവയിലുള്ള സാക്ഷിയുടെ വീടു സന്ദർശിക്കുകയും ഗ്രാമത്തിൽ പത്തുപേർ അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുകയായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തപ്പോൾ ആ സാക്ഷിക്കുണ്ടായ ആശ്ചര്യം ഒന്നു വിഭാവനചെയ്യൂ!
ഛാഡിന്റെ അതിർത്തിയിലുള്ള മറ്റൊരു ഗ്രാമത്തിൽ 50 പേരടങ്ങുന്ന താത്പര്യക്കാരുടെ ഒരു കൂട്ടം സ്വന്തം ബൈബിളധ്യയനം ക്രമീകരിച്ചു. തങ്ങളുടെ കൂട്ടത്തിൽനിന്നുള്ള മൂന്നു പേർ അടുത്ത സഭയായ ഛാഡിൽ യോഗങ്ങൾക്കു ഹാജരാകാൻവേണ്ട ക്രമീകരണങ്ങൾ അവർ ചെയ്തു. അവർ മടങ്ങിവന്നു മുഴു കൂട്ടത്തോടൊപ്പം ബൈബിളധ്യയനം നടത്തുമായിരുന്നു. വാസ്തവത്തിൽ, “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ” എന്ന യേശുവിന്റെ വാക്കുകൾ ഇവിടെ കൃത്യമായി ബാധകമാക്കാനാവും.—മത്തായി 9:37, 38.
നഗരങ്ങളിലെ സാക്ഷീകരണം
വർഷങ്ങളോളമുണ്ടായിരുന്ന സാഹിത്യ ദൗർലഭ്യത്തിനുശേഷം ഏതാണ്ടു രണ്ടു വർഷം മുമ്പു വീക്ഷാഗോപുരം, ഉണരുക! മാസികകൾ കാമെറൂണിൽ സുലഭമായി ലഭിക്കാൻ തുടങ്ങി. അനേകർ ഈ മാസികകൾ ആദ്യമായി വായിക്കുന്നതുകൊണ്ട് അതിനായുള്ള
ഉത്സാഹവും താത്പര്യവും തിരയടിക്കുന്നു. നഗരങ്ങളിലൊന്നിലേക്കു നിയമിക്കപ്പെട്ട പ്രത്യേക പയനിയർമാരായ ഒരു യുവദമ്പതികൾ തങ്ങളുടെ പുതിയ പ്രദേശത്തെ പ്രസംഗവേലയിൽ ആദ്യ ദിവസം രാവിലെ 86 മാസികകൾ സമർപ്പിച്ചു. ചില പ്രസാധകർ ഒറ്റ മാസത്തിൽത്തന്നെ 250 മാസികകൾ സമർപ്പിക്കുന്നു! അവരുടെ വിജയത്തിന്റെ രഹസ്യമെന്താണ്? സകലർക്കും മാസിക വാഗ്ദാനം ചെയ്യുക.പൊതുജനത്തിനു പ്രവേശനമുള്ള ഒരു ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സാക്ഷി പ്രദർശനാർഥം എല്ലായ്പോഴും മാസിക വെളിയിൽ വയ്ക്കുന്നു. ഒരു സ്ത്രീ മാസിക ശ്രദ്ധിച്ചെങ്കിലും ഒന്നും എടുത്തില്ല. അവരുടെ താത്പര്യം കണ്ടറിഞ്ഞ സാക്ഷി അവർക്ക് ഒരു മാസിക വാഗ്ദാനം ചെയ്തു, അത് അവർ സ്വീകരിച്ചു. അവർ പിറ്റേന്നു തിരിച്ചെത്തിയതു സാക്ഷിയെ അതിശയിപ്പിച്ചു. അവർ താൻ സ്വീകരിച്ച മാസികയുടെ വില നൽകാൻ ആഗ്രഹിക്കുക മാത്രമല്ല, കൂടുതൽ മാസികകൾ ആവശ്യപ്പെടുകയുംചെയ്തു. എന്തുകൊണ്ട്? ബലാൽസംഗത്തിന് ഇരയായിരുന്ന അവർ ആ വിഷയത്തെക്കുറിച്ചു ചർച്ചചെയ്യുന്ന മാസിക തിരഞ്ഞെടുത്തു. അതിൽ കൊടുത്തിരുന്ന ഉപദേശം പലവട്ടം വായിച്ചുകൊണ്ട് അവർ രാത്രി മുഴുവൻ ചെലവഴിച്ചു. ആശ്വാസം തോന്നി യഹോവയുടെ സാക്ഷികളെക്കുറിച്ചു കൂടുതൽ അറിയാൻ അവർ ആഗ്രഹിച്ചു.
ചെറിയകുട്ടികൾക്കുപോലും പ്രത്യാശയുടെ ബൈബിൾ സന്ദേശം പരത്തുന്നതിൽ പങ്കുപറ്റാം. ആറു വയസ്സുള്ള സാക്ഷിയായ ഒരു പെൺകുട്ടിയോട് അവളുടെ അധ്യാപകൻ ഒരു കത്തോലിക്കാ ഭക്തിഗാനം പാടാൻ പറഞ്ഞപ്പോൾ താൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നു പറഞ്ഞ് അവൾ അതു നിരസിച്ചു. അവളെ ജയിപ്പിക്കുന്നതിന് അവളുടെ മതത്തിന്റെ ഒരു പാട്ടുപാടാൻ അധ്യാപകൻ അവളോട് ആവശ്യപ്പെട്ടു. “ദൈവത്തിന്റെ പറുദീസാ വാഗ്ദത്തം” എന്ന ശീർഷകത്തിലുള്ള ഗീതം അവൾ ഓർമയിൽനിന്നു പാടി. “നിന്റെ പാട്ടിൽ നീ ഒരു പറുദീസയെക്കുറിച്ചു സൂചിപ്പിച്ചല്ലോ. ആ പറുദീസ എവിടെയാണ്?” എന്ന് അധ്യാപകൻ കുട്ടിയോടു ചോദിച്ചു. വളരെ പെട്ടെന്നുതന്നെ ഭൂമിയിൽ പറുദീസ സ്ഥാപിക്കാനുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചു പെൺകുട്ടി വിശദീകരിച്ചു. അവളുടെ ഉത്തരത്തിൽ അത്ഭുതസ്തബ്ധനായി, അവൾ പഠിച്ചുകൊണ്ടിരുന്ന പുസ്തകം കൊടുത്തയയ്ക്കാൻ അദ്ദേഹം അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മതപാഠക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്ന വിവരങ്ങൾക്കു പകരം അതിനെ അടിസ്ഥാനമാക്കി അവളെ ജയിപ്പിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. അവൾക്കു ശരിയായി മാർക്കിടാൻ ആഗ്രഹിക്കുന്നപക്ഷം ആദ്യം അദ്ദേഹം പഠിക്കേണ്ടതാവശ്യമാണെന്നു മാതാപിതാക്കൾ അധ്യാപകനോടു നിർദേശിച്ചു. അദ്ദേഹത്തോടൊപ്പം ഒരു ബൈബിളധ്യയനം തുടങ്ങി.
ഒരു സന്ദർശനത്തിന് ആസൂത്രണം ചെയ്യുന്നുവോ?
ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇന്നു ജനങ്ങൾ രാജ്യസുവാർത്തയുടെ കാര്യത്തിൽ ഉദാസീനരാണ്. ദൈവത്തിലോ ബൈബിളിലോ അവർക്കു താത്പര്യമില്ല. മറ്റു ചിലർ ഭയപരവശരായിരിക്കുന്നതിനാൽ വീട്ടുവാതിൽക്കൽ വരുന്ന ഏതൊരപരിചിതനും ചെവിചായ്ക്കാൻ വിസമ്മതിക്കുന്നു. ഇതെല്ലാം യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ ശുശ്രൂഷയിൽ യഥാർഥ വെല്ലുവിളി ഉയർത്തുന്നു. എന്നാൽ കാമെറൂണിലെ അവസ്ഥ എത്ര വിഭിന്നമാണ്!
വീടുതോറുമുള്ള പ്രസംഗവേല ഇവിടെ ആമോദദായകമാണ്. കതകിൽ മുട്ടുന്നതിനു പകരം “കോങ്, കോങ്, കോങ്” എന്നു വിളിച്ചു പറയുകയാണ് ഇവിടത്തെ പതിവ്. അപ്പോൾ അകത്തുനിന്ന്, “ആരാണത്?” എന്ന മറുപടി വരുന്നു. അതിനുശേഷം ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു സ്വയം പരിചയപ്പെടുത്തുന്നു. സാധാരണ ഒരു മരത്തണലിൽ, ഒരുപക്ഷേ മാവിൻചുവട്ടിൽ, ബെഞ്ചെടുത്തിടുവാൻ മാതാപിതാക്കൾ കുട്ടികളോട് ആവശ്യപ്പെടുന്നു. പിന്നീട്, ദൈവരാജ്യമെന്താണെന്നും മനുഷ്യവർഗത്തിന്റെ ദാരുണമായ സ്ഥിതിവിശേഷത്തിന് അറുതിവരുത്താൻ അത് എന്തു ചെയ്യുമെന്നും വിശദീകരിച്ചുകൊണ്ട് ഉല്ലാസകരമായി സമയം ചെലവിടുന്നു.
അത്തരമൊരു ചർച്ചയിൽ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞുകൊണ്ടു തന്റെ ഹൃദയം തുറന്നു: “ഞാൻ തേടിക്കൊണ്ടിരുന്ന സത്യം ഞാൻ പിറന്നുവീണ, ഈ പ്രായമെല്ലാം ചെലവഴിച്ച മതത്തിൽ ഇല്ലെന്നു കാണുന്നതിൽ എനിക്കു ദുഃഖമുണ്ട്. സത്യം എനിക്കു കാണിച്ചു തന്നതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. ഞാൻ എന്റെ പള്ളിയിൽ ഒരു ശുശ്രൂഷകയായിരുന്നു. കന്യാമറിയത്തിന്റെ പ്രതിമ സഭാശുശ്രൂഷകരുടെ ഓരോരുത്തരുടെയും വീട്ടിൽ ഒരാഴ്ച വീതം വയ്ക്കുന്നതുമൂലം ഓരോരുത്തർക്കും ആവശ്യങ്ങൾ അവളെ അറിയിക്കാൻ കഴിയുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സത്യം കണ്ടെത്താൻ എന്നെ സഹായിക്കണമെന്നു ഞാൻ മറിയയോട് എപ്പോഴും പ്രാർഥിക്കുമായിരുന്നു. എന്നാൽ സത്യം അവളുടെ പക്കലല്ലെന്ന് ഇപ്പോൾ ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.”
അതുകൊണ്ട്, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ അദമ്യമായ ആനന്ദം അനുഭവിക്കാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ പശ്ചിമാഫ്രിക്കയുടെ ഈ പ്രദേശം സന്ദർശിക്കരുതോ? “ആഫ്രിക്കയുടെ കൊച്ചു പകർപ്പ്” കണ്ടെത്തുന്നതിനു പുറമേ, വള്ളമോ ബുഷ് ടാക്സിയോ സൈക്കിളോ ഉപയോഗിച്ചുകൊണ്ട് “ദൈവത്തിന്റെ പർവത”മുള്ള ദേശത്തെ “സാക്ഷ്യത്തിന്റെ കൂമ്പാര”ത്തിനു നിങ്ങളും സംഭാവന ചെയ്യുകയായിരിക്കും.
[അടിക്കുറിപ്പ]
a “സാക്ഷ്യത്തിന്റെ കൂമ്പാരം” എന്നത് “ഗിലെയാദ്” എന്നു പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദത്തിന്റെ ഏകദേശ അർഥമാണ്. കാമെറൂണിലുൾപ്പെടെ ലോകവ്യാപകമായി പ്രസംഗവേലയ്ക്കു തുടക്കം കുറിക്കുന്നതിന് 1943 മുതൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ മിഷനറിമാരെ അയച്ചുകൊണ്ടിരിക്കുന്നു.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Map: Mountain High Maps® Copyright © 1995 Digital Wisdom, Inc.