യേശുവിന്റെ വരവോ യേശുവിന്റെ സാന്നിധ്യമോ—ഏത്?
യേശുവിന്റെ വരവോ യേശുവിന്റെ സാന്നിധ്യമോ—ഏത്?
“നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?”—മത്തായി 24:3, NW.
1. യേശുവിന്റെ ശുശ്രൂഷയിൽ ചോദ്യങ്ങൾ എന്തു പങ്കുവഹിച്ചിരുന്നു?
യേശു വിദഗ്ധമായി ചോദ്യങ്ങൾ ഉപയോഗിച്ചത് ചിന്തിക്കാൻ, കാര്യങ്ങളെ പുതിയ കാഴ്ചപ്പാടിൽ പരിഗണിക്കാൻ പോലും, അവന്റെ ശ്രോതാക്കളെ പ്രേരിപ്പിച്ചു. (മർക്കൊസ് 12:35-37; ലൂക്കൊസ് 6:9; 9:20; 20:3, 4) അവൻ ചോദ്യങ്ങൾക്ക് ഉത്തരവും നൽകി എന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും. മറ്റുപ്രകാരത്തിൽ നാം അറിയുകയോ ഗ്രഹിക്കുകയോ ചെയ്യുമായിരുന്നില്ലാത്ത സത്യങ്ങളെ അവന്റെ ഉത്തരങ്ങൾ പ്രകാശമാനമാക്കുന്നു.—മർക്കൊസ് 7:17-23; 9:11-13; 10:10-12; 12:18-27.
2. ഏതു ചോദ്യത്തിനു നാം ഇപ്പോൾ ശ്രദ്ധ നൽകണം?
2 യേശു ഉത്തരം നൽകിയിട്ടുള്ളതിലേക്കും ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന് മത്തായി 24:3-ൽ നാം കണ്ടെത്തുന്നു. തന്റെ ഭൗമിക ജീവിതത്തിന്റെ സമാപനത്തോടടുത്ത്, യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തെ സൂചിപ്പിച്ചുകൊണ്ട് യെരുശലേമിലെ ആലയം നശിപ്പിക്കപ്പെടുമെന്നു യേശു മുന്നറിയിപ്പുനൽകിയതേ ഉണ്ടായിരുന്നുള്ളൂ. മത്തായിയുടെ വിവരണം കൂട്ടിച്ചേർക്കുന്നു: “അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും [‘സാന്നിധ്യത്തിനും,’ NW] ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.”—മത്തായി 24:3.
3, 4. മത്തായി 24:3-ലെ ഒരു മുഖ്യ പദം ബൈബിളുകൾ പരിഭാഷപ്പെടുത്തുന്ന വിധത്തിൽ എന്തു കാര്യമായ വ്യത്യാസമുണ്ട്?
3 ‘ശിഷ്യൻമാർ എന്തുകൊണ്ടാണ് ആ ചോദ്യം ചോദിച്ചത്, യേശുവിന്റെ മറുപടി എന്നെ എങ്ങനെ ബാധിക്കണം?’ എന്നിങ്ങനെ കോടിക്കണക്കിനു ബൈബിൾ വായനക്കാർ അതിശയിച്ചിട്ടുണ്ട്. വേനൽ “അടുത്തു”വെന്നു പ്രകടമാക്കിക്കൊണ്ട് തളിരിലകൾ ഉണ്ടാകുന്നതിനെക്കുറിച്ചു തന്റെ മറുപടിയിൽ യേശു പറഞ്ഞു. (മത്തായി 24:32, 33) അതുകൊണ്ട്, യേശുവിന്റെ ‘വരവിന്റെ’ അടയാളം, അതായത് അവന്റെ തിരിച്ചുവരവ് ആസന്നമാണെന്നു തെളിയിക്കുന്ന അടയാളം അപ്പോസ്തലൻമാർ ചോദിക്കുകയായിരുന്നുവെന്ന് അനേക സഭകൾ പഠിപ്പിക്കുന്നു. അവൻ ക്രിസ്ത്യാനികളെ സ്വർഗത്തിലേക്ക് എടുത്തിട്ട് ലോകത്തിന് അവസാനം വരുത്തുന്ന സമയമായിരിക്കും ആ ‘വരവ്’ എന്ന് അവർ വിശ്വസിക്കുന്നു. ഇതു ശരിയാണെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?
4 ‘വരവ്’ എന്ന പരിഭാഷയ്ക്കു പകരം, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) ഉൾപ്പെടെയുള്ള ചില ഭാഷാന്തരങ്ങൾ “സാന്നിധ്യം” എന്ന പദമാണ് ഉപയോഗിക്കുന്നത്. ശിഷ്യൻമാർ ചോദിച്ചതും യേശു മറുപടിയായി പറഞ്ഞതും സഭകളിൽ പഠിപ്പിക്കുന്നതിൽനിന്നു വ്യത്യസ്തമായിരിക്കാവുന്നതാണോ? യഥാർഥത്തിൽ എന്താണു ചോദിച്ചത്? യേശു എന്ത് ഉത്തരമാണു നൽകിയത്?
അവർ എന്തായിരുന്നു ചോദിച്ചത്?
5, 6. മത്തായി 24:3-ൽ നാം വായിക്കുന്ന ചോദ്യം ചോദിച്ചപ്പോഴത്തെ അപ്പോസ്തലൻമാരുടെ ചിന്ത സംബന്ധിച്ച് നമുക്ക് എന്ത് അനുമാനിക്കാൻ കഴിയും?
5 ആലയത്തെ സംബന്ധിച്ച് യേശു പറഞ്ഞതിന്റെ വീക്ഷണത്തിൽ, ‘അവന്റെ സാന്നിധ്യത്തിനും [അഥവാ, “വരവിന്നും”] വ്യവസ്ഥിതിയുടെ [അക്ഷരീയമായി, “യുഗത്തിന്റെ”] സമാപനത്തിനും ഒരു അടയാളം” ചോദിച്ചപ്പോൾ ശിഷ്യൻമാർ സാധ്യതയനുസരിച്ചു യഹൂദ വ്യവസ്ഥിതിയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.—1 കൊരിന്ത്യർ 10:11-ലെയും ഗലാത്യർ 1:4-ലെയും “ലോകം” താരതമ്യം ചെയ്യുക, KJ.
6 ഈ ഘട്ടത്തിൽ അപ്പോസ്തലൻമാർക്കു യേശുവിന്റെ പഠിപ്പിക്കലുകൾ സംബന്ധിച്ച് പരിമിതമായ ഗ്രാഹ്യമേ ഉണ്ടായിരുന്നുള്ളൂ. “ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും” എന്ന് അവർ നേരത്തെ സങ്കൽപ്പിച്ചിരുന്നു. (ലൂക്കൊസ് 19:11; മത്തായി 16:21-23; മർക്കൊസ് 10:35-40) ഒലിവുമലയിലെ ചർച്ചക്കുശേഷം, എന്നാൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നതിനു മുമ്പുപോലും, യേശു ഇസ്രായേലിനു രാജ്യം അപ്പോൾ പുനഃസ്ഥാപിച്ചുകൊടുക്കുമോ എന്ന് അവർ ചോദിച്ചു.—പ്രവൃത്തികൾ 1:6.
7. യേശുവിന്റെ ഭാവി സ്ഥാനത്തെക്കുറിച്ച് അവനോട് അപ്പോസ്തലൻമാർ ചോദിക്കുമായിരുന്നത് എന്തുകൊണ്ട്?
7 എന്നാൽ അവൻ തങ്ങളെ വിട്ടുപോകുമെന്ന് അവർക്ക് അറിയാമായിരുന്നു, എന്തെന്നാൽ, “ഇനി കുറയകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും . . . നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ” എന്ന് അവൻ അടുത്തകാലത്തു പറഞ്ഞിരുന്നു. (യോഹന്നാൻ 12:35; ലൂക്കൊസ് 19:12-27) അതുകൊണ്ട് ‘യേശു വിട്ടുപോകുകയാണെങ്കിൽ നാം അവന്റെ തിരിച്ചുവരവ് എങ്ങനെ തിരിച്ചറിയും?,’ എന്ന് അവർ തീർച്ചയായും അതിശയിച്ചിട്ടുണ്ടായിരിക്കാം. അവൻ മിശിഹായായി പ്രത്യക്ഷപ്പെട്ടപ്പോൾ ഭൂരിഭാഗവും അവനെ തിരിച്ചറിഞ്ഞില്ല. ഒരു വർഷത്തിലധികം കഴിഞ്ഞ്, മിശിഹാ നിവർത്തിക്കേണ്ടിയിരുന്നതെല്ലാം അവൻ നിവർത്തിക്കുമോ എന്നതു സംബന്ധിച്ച ചോദ്യങ്ങൾ അവശേഷിച്ചു. (മത്തായി 11:) അതുകൊണ്ടു ഭാവിയെക്കുറിച്ച് അന്വേഷിക്കുന്നതിന് അപ്പോസ്തലൻമാർക്കു കാരണമുണ്ടായിരുന്നു. എന്നാൽ വീണ്ടും, അവൻ പെട്ടെന്നുതന്നെ വരുമെന്നതിന്റെ ഒരു അടയാളമായിരുന്നോ അതോ മറ്റെന്തെങ്കിലുമായിരുന്നോ അവർ ചോദിച്ചത്? 2, 3
8. അപ്പോസ്തലൻമാർ യേശുവുമായി സാധ്യതയനുസരിച്ച് ഏതു ഭാഷയിലാണ് സംസാരിച്ചിരുന്നത്?
8 നിങ്ങൾ ഒലിവുമലയിലെ സംഭാഷണം കേൾക്കുന്ന ഒരു പക്ഷിയായിരുന്നുവെന്നു സങ്കൽപ്പിക്കുക. (സഭാപ്രസംഗി 10:20 താരതമ്യം ചെയ്യുക.) സാധ്യതയനുസരിച്ച് ഒരു ഗലീലിയൻ ഉച്ചാരണത്തോടുകൂടിയ എബ്രായയിൽ യേശുവും അപ്പോസ്തലൻമാരും സംസാരിക്കുന്നതു നിങ്ങൾ കേൾക്കുമായിരുന്നു. (മർക്കൊസ് 14:70; യോഹന്നാൻ 5:2; 19:17, 20; പ്രവൃത്തികൾ 21:40) എന്നാൽ മിക്കവാറും അവർക്കു ഗ്രീക്കുഭാഷയും അറിയാമായിരുന്നു.
മത്തായി ഗ്രീക്കിൽ എഴുതിയത്
9. മത്തായിയുടെ മിക്ക ആധുനിക പരിഭാഷകളും എന്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു?
9 മത്തായി തന്റെ സുവിശേഷം എബ്രായയിലാണ് ആദ്യം എഴുതിയതെന്നു പൊ.യു. (പൊതുയുഗം) രണ്ടാം നൂറ്റാണ്ടുവരെ പിന്നോട്ടുപോകുന്ന രേഖകൾ സൂചിപ്പിക്കുന്നു. തെളിവനുസരിച്ച് അവൻ പിന്നീട് അതു ഗ്രീക്കിൽ എഴുതി. ഗ്രീക്കിലുള്ള നിരവധി കൈയെഴുത്തുപ്രതികൾ നമ്മുടെ നാൾവരെ നിലനിൽക്കുകയും അവന്റെ സുവിശേഷം ഇന്നത്തെ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള അടിസ്ഥാനമായി വർത്തിക്കുകയും ചെയ്തിരിക്കുന്നു. ഒലിവുമലയിലെ സംഭാഷണം സംബന്ധിച്ചു മത്തായി ഗ്രീക്കിൽ എഴുതിയത് എന്താണ്? ശിഷ്യൻമാർ ചോദിക്കുകയും യേശു അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത “വരവി”നെ അഥവാ “സാന്നിധ്യ”ത്തെ സംബന്ധിച്ച് അവൻ എന്താണ് എഴുതിയത്?
10. (എ) ‘വരുക’ എന്നതിനു മത്തായി മിക്കപ്പോഴും ഏതു ഗ്രീക്കു പദം ഉപയോഗിച്ചു, അതിന് എന്തെല്ലാം അർഥം ഉണ്ടായിരിക്കാവുന്നതാണ്? (ബി) വേറെ ഏതു ഗ്രീക്കു പദം താത്പര്യജനകമാണ്?
10 മത്തായിയുടെ ആദ്യത്തെ 23 അധ്യായങ്ങളിൽ 80-ലധികം പ്രാവശ്യം “വരുക” എന്നതിന്റെ പൊതു ഗ്രീക്കു ക്രിയയായ എർഖൊമൈ നാം കാണുന്നു. “നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) എന്ന യോഹന്നാൻ 1:47-ലേതുപോലെ, മിക്കപ്പോഴും സമീപിക്കുന്നു അല്ലെങ്കിൽ അടുത്തുവരുന്നു എന്ന ആശയം ഇതു നൽകുന്നു. പ്രയോഗത്തെ ആശ്രയിച്ച്, എർഖൊമൈ എന്ന ക്രിയ, “വന്നെത്തുക,” “പോകുക,” “എത്തുക,” “എത്തിച്ചേരുക,” “ഒരുവന്റെ മാർഗത്തിലായിരിക്കുക” എന്നിങ്ങനെ അർഥമാക്കാവുന്നതാണ്. (മത്തായി 2:8, 11; 8:28; യോഹന്നാൻ 4:25, 27, 45; 20:4, 8; പ്രവൃത്തികൾ 8:40; 13:51; NW) എന്നാൽ മത്തായി 24:3, 27, 37, 39-ൽ, സുവിശേഷങ്ങളിൽ മറ്റെവിടെയും കാണപ്പെടാത്ത ഒരു വ്യത്യസ്ത പദം, ഒരു നാമം മത്തായി ഉപയോഗിച്ചു: പറൂസിയ. ബൈബിളിന്റെ എഴുത്ത് ദൈവം നിശ്വസ്തമാക്കിയതാകയാൽ, മത്തായി തന്റെ സുവിശേഷം ഗ്രീക്കിൽ എഴുതിയപ്പോൾ ഈ ഗ്രീക്കു പദം തിരഞ്ഞെടുക്കാൻ ദൈവം അവനെ പ്രേരിപ്പിച്ചതെന്തുകൊണ്ടാണ്? അത് എന്തർഥമാക്കുന്നു, നാം എന്തുകൊണ്ട് അത് അറിയണം?
11. (എ) പറൂസിയയുടെ അർഥം എന്താണ്? (ബി) ജോസീഫസിന്റെ എഴുത്തുകളിൽനിന്നുള്ള ഉദാഹരണങ്ങൾ പറൂസിയ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ സ്ഥിരീകരിക്കുന്നതെങ്ങനെ? (അടിക്കുറിപ്പു കാണുക.)
11 പറൂസിയ എന്നത് യഥോചിതമായി “സാന്നിധ്യ”ത്തെ അർഥമാക്കുന്നു. വൈൻസ് എക്സ്പോസിറ്ററി ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്റ്റ്മെൻറ് വേഡ്സ് പറയുന്നു: “പറൂസിയ, . . . അക്ഷരീയമായി ഒരു സാന്നിധ്യം ആണ്, പാറാ ഒപ്പം എന്നും ഊസിയാ ആയിരിക്കൽ (ആയിരിക്കുക എന്ന എയ്മിയിൽ നിന്ന്) എന്നുമാണ്, ഇത് ഒരു ആഗമനത്തെയും അനന്തരഫലമായി സാന്നിധ്യത്തെയും സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു പപ്പൈറസ് എഴുത്തിൽ തന്റെ ഭൂസ്വത്തിനോടു ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നതിന് ഒരു സ്ഥലത്തുള്ള തന്റെ പറൂസിയയുടെ ആവശ്യകതയെക്കുറിച്ച് ഒരു സ്ത്രീ പറയുന്നു.” പറൂസിയ ‘ഒരു ഭരണാധിപന്റെ സന്ദർശനത്തെ’ സൂചിപ്പിക്കുന്നുവെന്നു മറ്റു നിഘണ്ടുക്കൾ വിശദീകരിക്കുന്നു. അതുകൊണ്ട് ഇതു കേവലം എത്തിച്ചേരുന്ന ആ നിമിഷമല്ല പ്രത്യുത എത്തിച്ചേരൽ മുതൽ ദീർഘിക്കുന്ന ഒരു സാന്നിധ്യമാണ്. രസാവഹമായി, അപ്പോസ്തലൻമാരുടെ ഒരു സമകാലീനനായിരുന്ന യഹൂദ ചരിത്രകാരൻ ജോസീഫസ് പറൂസിയ ഉപയോഗിച്ചത് അങ്ങനെയാണ . a
12. പറൂസിയയുടെ അർഥം സ്ഥിരീകരിക്കാൻ ബൈബിൾതന്നെ നമ്മെ സഹായിക്കുന്നതെങ്ങനെ?
12 “സാന്നിധ്യം” എന്ന അർഥം പുരാതന സാഹിത്യത്താൽ വ്യക്തമായി സ്ഥിരീകരിക്കപ്പെടുന്നു. എന്നാൽ ദൈവവചനം എങ്ങനെ പറൂസിയ ഉപയോ ഗിക്കുന്നുവെന്നതിലാണു ക്രിസ്ത്യാനികൾക്കു വിശേഷാൽ താത്പര്യമുള്ളത്. ഉത്തരം ഒന്നുതന്നെയാണ്—സാന്നിധ്യം. പൗലോസിന്റെ ലേഖനങ്ങളിലെ ഉദാഹരണങ്ങളിൽനിന്നു നാം അതു മനസ്സിലാക്കുന്നു. ദൃഷ്ടാന്തത്തിന്, അവൻ ഫിലിപ്പിയർക്ക് എഴുതി: “നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ [“എന്റെ സാന്നിധ്യത്തിൽ,” NW] മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ [“അസാന്നിധ്യത്തിൽ,” NW] ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” “അവരോടൊപ്പം വീണ്ടുമുള്ള [തന്റെ] സാന്നിധ്യത്തിലൂടെ [പറൂസിയ]” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അവർ ഘോഷിച്ചുല്ലസിക്കേണ്ടതിന് അവരോടുകൂടെ വസിക്കുന്നതിനെക്കുറിച്ചും അവൻ പറഞ്ഞു. (ഫിലിപ്പിയർ 1:25, 26, NW; 2:12) “ഞാൻ വീണ്ടും നിങ്ങളോടൊപ്പം ആയിരിക്കുന്നത്” (വെയ്മൗത്ത്; ന്യൂ ഇൻറർനാഷണൽ വേർഷൻ); “ഞാൻ വീണ്ടും നിങ്ങളോടൊപ്പം ആയിരിക്കുമ്പോൾ” (ജറുസലേം ബൈബിൾ; ന്യൂ ഇംഗ്ലീഷ് ബൈബിൾ); “ഞാൻ ഒരിക്കൽകൂടെ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കുമ്പോൾ” (റ്റ്വൊൻറിയത്ത് സെഞ്ചുറി ന്യൂ ടെസ്റ്റ്മെൻറ്) എന്നിങ്ങനെ മറ്റു ഭാഷാന്തരങ്ങളിൽ വായിക്കുന്നു. 2 കൊരിന്ത്യർ 10:10, 11-ൽ [NW] പൗലോസ് “തന്റെ നേരിട്ടുള്ള സാന്നിധ്യ”ത്തെ “അസാന്നിധ്യ”വുമായി വിപരീതതാരതമ്യം ചെയ്തു. ഈ ഉദാഹരണങ്ങളിൽ വ്യക്തമായും അവൻ തന്റെ ആഗമനത്തെ അല്ലെങ്കിൽ എത്തിച്ചേരലിനെ സംബന്ധിച്ചു സംസാരിക്കുകയായിരുന്നില്ല; സന്നിഹിതനായിരിക്കുക എന്ന അർഥത്തിൽ അവൻ പറൂസിയ ഉപയോഗിച്ചു. b (1 കൊരിന്ത്യർ 16:17, NW താരതമ്യം ചെയ്യുക.) എന്നാൽ, യേശുവിന്റെ പറൂസിയ സംബന്ധിച്ച പരാമർശനങ്ങളെക്കുറിച്ചെന്ത്? അവ അവന്റെ “വരവ്” എന്ന അർഥത്തിലാണോ അതോ അവ ഒരു ദീർഘമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നുവോ?
13, 14. (എ) പറൂസിയ ഒരു കാലഘട്ടത്തേക്കു ദീർഘിക്കുമെന്നു നാം നിഗമനം ചെയ്യേണ്ടത് എന്തുകൊണ്ട്? (ബി) യേശുവിന്റെ പറൂസിയയുടെ ദൈർഘ്യം സംബന്ധിച്ച് എന്തു പറയണം?
13 പൗലോസിന്റെ നാളിലെ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ യേശുവിന്റെ പറൂസിയയിൽ തത്പരരായിരുന്നു. എന്നാൽ ‘തങ്ങളുടെ ന്യായബോധത്തിൽനിന്ന് ഇളകി’പ്പോകരുതെന്നു പൗലോസ് അവർക്കു മുന്നറിയിപ്പു നൽകി. ആദ്യമായി “അധർമ്മമൂർത്തി” [“അധർമമനുഷ്യൻ,” NW] പ്രത്യക്ഷപ്പെടണം, അതു ക്രൈസ്തവമണ്ഡലത്തിലെ പുരോഹിതവർഗമാണെന്നു തെളിഞ്ഞിരിക്കുന്നു. “അധർമ്മമൂർത്തിയുടെ പ്രത്യക്ഷത [“സാന്നിധ്യം,” NW] നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാര ശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) കൂടെയായിരിക്കുമെന്നു പൗലോസ് എഴുതി. (2 തെസ്സലൊനീക്യർ 2:2, 3, 9) “അധർമ്മമൂർത്തി”യുടെ പറൂസിയ അഥവാ സാന്നിധ്യം സ്പഷ്ടമായും ഒരു നൈമിഷിക ആഗമനമായിരുന്നില്ല, വ്യാജ അടയാളങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തേക്ക് അതു ദീർഘിക്കുമായിരുന്നു. ഇതു പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
14 അതിനു തൊട്ടുമുൻപുള്ള വാക്യം പരിഗണിക്കുക: “അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ [“സാന്നിധ്യത്തിന്റെ,” NW] പ്രഭാവത്താൽ നശിപ്പിക്കും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) “അധർമ്മമൂർത്തി”യുടെ സാന്നിധ്യം ഒരു കാലഘട്ടത്തേക്ക് ആയിരിക്കുമായിരുന്നതുപോലെതന്നെ യേശുവിന്റെ സാന്നിധ്യവും കുറേ കാലത്തേക്കു ദീർഘിക്കുകയും ആ അധർമ ‘നാശ പുത്രന്റെ’ നാശത്തിൽ പാരമ്യത്തിലെത്തുകയും ചെയ്യുമായിരുന്നു.—2 തെസ്സലൊനീക്യർ 2:8.
എബ്രായഭാഷാ ഘടകങ്ങൾ
15, 16. (എ) എബ്രായയിലേക്കുള്ള മത്തായിയുടെ അനേകം പരിഭാഷകളിൽ ഏതു പ്രത്യേക പദം ഉപയോഗിച്ചിരിക്കുന്നു? (ബി) തിരുവെഴുത്തുകളിൽ ബോഹ് ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
15 നാം കണ്ടതുപോലെ, മത്തായി തന്റെ സുവിശേഷം ആദ്യം എബ്രായഭാഷയിൽ എഴുതിയെന്നതു സ്പഷ്ടമാണ്. അതുകൊണ്ട് ഏത് എബ്രായ പദമാണു മത്തായി 24:3, 27, 37, 39-ൽ അവൻ ഉപയോഗിച്ചത്? ആധുനിക എബ്രായയിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്ന മത്തായിയുടെ ഭാഷാന്തരങ്ങളിൽ, അപ്പോസ്തലൻമാരുടെ ചോദ്യത്തിലും യേശുവിന്റെ മറുപടിയിലും ബോഹ് എന്ന ക്രിയയുടെ ഒരു രൂപമാണ് ഉള്ളത്. ഇത് ഇങ്ങനെയുള്ള വായനയിലേക്കു നയിക്കാവുന്നതാണ്: ‘നിന്റെ [ബോഹ്]-ന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?’ കൂടാതെ ‘നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ [ബോഹ്]-ഉം ആകും.’ (മത്തായി 24:3, 37; NW) ബോഹ് എന്തർഥമാക്കുന്നു?
16 വ്യത്യസ്തമായ അർഥങ്ങൾ ഉണ്ടെങ്കിലും ബോഹ് എന്ന എബ്രായ ക്രിയ അടിസ്ഥാനപരമായി “വരുക” എന്ന് അർഥമാക്കുന്നു. പഴയനിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു: ‘2,532 പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന ബോഹ്, എബ്രായ തിരുവെഴുത്തുകളിൽ ഏറ്റവും കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്ന ക്രിയകളിൽ ഒന്നും ചലനത്തെ പ്രകടിപ്പിക്കുന്ന പ്രാഥമിക ക്രിയയുമാണ്.’ (ഉല്പത്തി 7:1, 13; പുറപ്പാടു 12:25; 28:35; 2 ശമൂവേൽ 19:30; 2 രാജാക്കൻമാർ 10:21; സങ്കീർത്തനം 65:2; യെശയ്യാവു 1:23; യെഹെസ്ക്കേൽ 11:16; ദാനീയേൽ 9:13; ആമോസ് 8:11) അത്ര വിപുലമായ അർഥങ്ങളോടുകൂടിയ ഒരു പദമാണ് യേശുവും അപ്പോസ്തലൻമാരും ഉപയോഗിച്ചതെങ്കിൽ, അർഥം തർക്കവിഷയമായിരിക്കാം. എന്നാൽ അവർ അത് ഉപയോഗിച്ചോ?
17. (എ) യേശുവും അപ്പോസ്തലൻമാരും പറഞ്ഞത് ആധുനിക എബ്രായ പരിഭാഷകൾ അവശ്യം സൂചിപ്പിച്ചേക്കാവുന്നതില്ലാത്തത് എന്തുകൊണ്ട്? (ബി) യേശുവും അപ്പോസ്തലൻമാരും ഏതു പദം ഉപയോഗിച്ചിരിക്കാമെന്നതിന് ഒരു സൂചന നാം വേറെയെവിടെ കണ്ടേക്കാം, മറ്റേതു കാരണത്താൽ ഈ ഉറവിടം നമുക്കു താത്പര്യമുള്ളതാണ്? (അടിക്കുറിപ്പ് കാണുക.)
17 ആധുനിക എബ്രായ ഭാഷാന്തരങ്ങൾ മത്തായി എബ്രായയിൽ എഴുതിയത് ഒരുപക്ഷേ കൃത്യമായി അവതരിപ്പിക്കാത്ത പരിഭാഷകൾ ആണെന്ന് ഓർമിക്കുക. ബോഹ് അല്ലാത്ത മറ്റൊരു പദം, പറൂസിയയുടെ അർഥത്തിന് ഇണങ്ങിയ ഒന്ന്, യേശുവിനു തീർച്ചയായും ഉപയോഗിക്കാൻ കഴിയുമായിരുന്നു എന്നതാണു യാഥാർഥ്യം. പ്രൊഫസർ ജോർജ് ഹോവാർഡിനാലുള്ള മത്തായിയുടെ എബ്രായ സുവിശേഷം (ഇംഗ്ലീഷ്) എന്ന 1995-ലെ പുസ്തകത്തിൽനിന്നു നാമിതു മനസ്സിലാക്കുന്നു. ക്രിസ്ത്യാനിത്വത്തിന് എതിരായുള്ള, യഹൂദ വൈദ്യനായിരുന്ന ഷേം-റ്റോബ് ബെൻ ഐസിക്ക് ഇബ്ൻ ഷൊപ്രൂറ്റിന്റെ 14-ാം നൂറ്റാണ്ടിലെ ഖണ്ഡന ഗ്രന്ഥത്തെ കേന്ദ്രീകരിച്ച ആ ഗ്രന്ഥത്തിൽ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു എബ്രായ പാഠം കൊടുത്തിരുന്നു. ഷേം-റ്റോബിന്റെ കാലത്ത് ലാറ്റിനിൽനിന്നോ ഗ്രീക്കിൽനിന്നോ പരിഭാഷപ്പെടുത്തുന്നതിനു പകരം, മത്തായിയുടെ ഈ പാഠം വളരെ പഴയതും ആദ്യം എബ്രായയിൽതന്നെ രചിച്ചതും ആണെന്നുള്ളതിനു തെളിവുണ്ട്. c അങ്ങനെ അത് ഒലിവുമലയിൽവെച്ചു പറഞ്ഞതിനോടു നമ്മെ കൂടുതൽ അടുപ്പിച്ചേക്കാം.
18. ഷേം-റ്റോബ് ഏതു താത്പര്യജനകമായ എബ്രായ പദം ഉപയോഗിക്കുന്നു, അത് എന്തർഥമാക്കുന്നു?
18 മത്തായി 24:3, 27, 39-ൽ ഷേം-റ്റോബിന്റെ മത്തായി ബോഹ് എന്ന ക്രിയ ഉപയോഗിക്കുന്നില്ല. മറിച്ച്, അത് ബന്ധപ്പെട്ട നാമമായ ബയാഹ് ആണ് ഉപയോഗിക്കുന്നത്. എബ്രായ തിരുവെഴുത്തുകളിൽ യെഹെസ്കേൽ 8:15-ൽ മാത്രമാണ് ആ നാമം പ്രത്യക്ഷപ്പെടുന്നത്, അവിടെ അത് “പ്രവേശന മാർഗം,” [NW] എന്നർഥമാക്കുന്നു. വരുക എന്ന പ്രവർത്തനത്തെ പ്രകടിപ്പിക്കുന്നതിനു പകരം, ബയാഹ് ഒരു കെട്ടിടത്തിന്റെ പ്രവേശനദ്വാരത്തെ പരാമർശിക്കുന്നു; നിങ്ങൾ പ്രവേശനമാർഗത്തിൽ അല്ലെങ്കിൽ പ്രവേശനകവാടത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾ ആ കെട്ടിടത്തിലാണ്. കൂടാതെ, ചാവുകടൽ ചുരുളുകളിൽപ്പെട്ട മതപരമായ ബൈബിളേതര രേഖകൾ മിക്കപ്പോഴും ബയാഹ് പൗരോഹിത്യ സേവനത്തിന്റെ ആഗമനത്തോടോ ആരംഭത്തോടോ ഉള്ള ബന്ധത്തിൽ ഉപയോഗിക്കുന്നു. (1 ദിനവൃത്താന്തം 24:3-19; ലൂക്കൊസ് 1:5, 8, 23 എന്നിവ കാണുക.) പുരാതന സിറിയൻ (അല്ലെങ്കിൽ, അരമായ) പെശീത്തായുടെ എബ്രായയിലേക്കുള്ള 1986-ലെ ഒരു പരിഭാഷ മത്തായി 24:3, 27, 37, 39-ൽ ബയാഹ് ഉപയോഗിക്കുന്നു. അതുകൊണ്ട് പുരാതന കാലങ്ങളിൽ, ബയാഹ് എന്ന നാമത്തിനു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ബോഹ് എന്ന ക്രിയയിൽനിന്ന് ഏതാണ്ട് വ്യത്യസ്തമായ ഒരു അർഥം ഉണ്ടായിരുന്നിരിക്കാമെന്നതിനു തെളിവുണ്ട്. ഇത് താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
19. യേശുവും അപ്പോസ്തലൻമാരും ബയാഹ് ഉപയോഗിച്ചെങ്കിൽ, നമുക്ക് എന്തു നിഗമനത്തിലെത്താവുന്നതാണ്?
19 അപ്പോസ്തലൻമാർ തങ്ങളുടെ ചോദ്യത്തിലും യേശു തന്റെ മറുപടിയിലും ബയാഹ് എന്ന ഈ നാമം ഉപയോഗിച്ചിരിക്കാം. അപ്പോസ്തലൻമാരുടെ മനസ്സിൽ യേശുവിന്റെ ഭാവി ആഗമനം എന്ന ആശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽപോലും, അവർ ചിന്തിച്ചുകൊണ്ടിരുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താനായി യേശു ബയാഹ് ഉപയോഗിച്ചിട്ടുണ്ടായിരിക്കണം. ഒരു പുതിയ ഔദ്യോഗിക ചുമതല ആരംഭിക്കാൻ വേണ്ടിയുള്ള തന്റെ ആഗമനത്തിലേക്ക് യേശു വിരൽചൂണ്ടുകയായിരുന്നിരിക്കാം. ആ ആഗമനം അവന്റെ പുതിയ സ്ഥാനത്തിന്റെ തുടക്കമായിരിക്കുമായിരുന്നു. മത്തായി അനുക്രമമായി ഉപയോഗിച്ച പറൂസിയയുടെ അർഥവുമായി ഇതു ചേർച്ചയിലായിരിക്കുമായിരുന്നു. ബയാഹിന്റെ അത്തരമൊരു ഉപയോഗം, മനസ്സിലാക്കാൻ കഴിയുന്നതുപോലെ, യഹോവയുടെ സാക്ഷികൾ ദീർഘകാലമായി പഠിപ്പിച്ചിട്ടുള്ളതിനെ, അതായത് യേശു നൽകിയ സംയുക്ത “അടയാളം” അവൻ സന്നിഹിതനാണെന്നു പ്രതിഫലിപ്പിക്കേണ്ടിയിരുന്നു എന്നതിനെ പിന്താങ്ങേണ്ടതാണ്.
അവന്റെ സാന്നിധ്യത്തിന്റെ പാരമ്യത്തിനായി കാത്തിരിക്കൽ
20, 21. നോഹയുടെ നാളുകളെക്കുറിച്ചുള്ള യേശുവിന്റെ അഭിപ്രായത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
20 യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച നമ്മുടെ പഠനത്തിനു നമ്മുടെ ജീവിതത്തിന്റെയും പ്രതീക്ഷകളുടെയുംമേൽ ഒരു നേരിട്ടുള്ള ഫലമുണ്ടായിരിക്കണം. ജാഗ്രതയുള്ളവരായി നിലകൊള്ളാൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. ഭൂരിഭാഗവും ശ്രദ്ധനൽകുമായിരുന്നില്ലെങ്കിലും തന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയേണ്ടതിന് അവൻ ഒരു അടയാളം പ്രദാനംചെയ്തു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] ആകും. ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] അങ്ങനെ തന്നേ ആകും.”—മത്തായി 24:37-39.
21 നോഹയുടെ നാളിൽ, ആ തലമുറയിലെ ഭൂരിഭാഗം ആളുകളും തങ്ങളുടെ സാധാരണഗതിയിലുള്ള കാര്യാദികളിൽ മുഴുകി. “മനുഷ്യപുത്രന്റെ സാന്നിധ്യ”ത്തോടുള്ള [NW] ബന്ധത്തിലും അത് അങ്ങനെതന്നെ ആയിരിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. യാതൊന്നും സംഭവിക്കുകയില്ലെന്നു നോഹയ്ക്കു ചുറ്റുമുണ്ടായിരുന്ന ആളുകൾ ചിന്തിച്ചിരുന്നിരിക്കാം. എന്നാൽ സംഭവിച്ചത് എന്താണെന്നു നിങ്ങൾക്കറിയാം. ഒരു കാലഘട്ടം നീണ്ടുനിന്ന ആ ദിനങ്ങൾ ഒരു പാരമ്യത്തിലേക്കു നയിച്ചു, “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കള”ഞ്ഞു. ‘നോഹയുടെ കാലത്തെ’ ‘മനുഷ്യപുത്രന്റെ നാളു’മായി യേശു താരതമ്യം ചെയ്ത ഒരു സമാന വിവരണം ലൂക്കോസ് അവതരിപ്പിക്കുന്നു. “മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും” എന്നു യേശു മുന്നറിയിപ്പു നൽകി.—ലൂക്കൊസ് 17:26-30.
22. മത്തായി 24-ാം അധ്യായത്തിലെ യേശുവിന്റെ പ്രവചനത്തിൽ നാം എന്തുകൊണ്ടു വിശേഷാൽ താത്പര്യമുള്ളവർ ആയിരിക്കണം?
22 നമ്മെ സംബന്ധിച്ചിടത്തോളം ഇവയ്ക്കെല്ലാം ഒരു പ്രത്യേക അർഥം കൈവരുന്നു, കാരണം യേശു മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങൾ, അതായത് യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമങ്ങൾ, തന്റെ ശിഷ്യൻമാരുടെ നേർക്കുള്ള പീഡനം എന്നിവ നാം തിരിച്ചറിയുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. (മത്തായി 24:7-9; ലൂക്കൊസ് 21:10-12) മിക്കയാളുകളും ഇവയെ ചരിത്രത്തിലെ സാധാരണ ഘടകങ്ങളായി പരിഗണിക്കുന്നുവെങ്കിലും, ഒന്നാം ലോകമഹായുദ്ധം എന്ന് അർഥവത്തായി വിളിക്കപ്പെട്ട, ചരിത്രത്തിനു മാറ്റംകുറിച്ച ആ പോരാട്ടം മുതൽ അവ പ്രകടമാണ്. എന്നാൽ, അത്തിമരം തളിർക്കുന്നതിൽനിന്നു വേനൽ അടുത്തിരിക്കുന്നുവെന്നു ജാഗ്രതയുള്ള ആളുകൾ ഗ്രഹിക്കുന്നതുപോലെ തന്നെ, സത്യക്രിസ്ത്യാനികൾ ഈ അതിപ്രധാന സംഭവങ്ങളുടെ അർഥം ഗ്രഹിക്കുന്നു. യേശു ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.”—ലൂക്കൊസ് 21:31.
23. മത്തായി 24-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകൾ വിശേഷാൽ അർഥവത്തായിരിക്കുന്നത് ആർക്കാണ്, എന്തുകൊണ്ട്?
23 ഒലിവുമലയിലെ തന്റെ മറുപടിയുടെ ഭൂരിഭാഗവും യേശു തന്റെ അനുഗാമികളിലേക്കു തിരിച്ചുവിട്ടു. അന്ത്യം വരുന്നതിനു മുൻപു മുഴു ഭൂമിയിലും സുവാർത്താ പ്രസംഗമാകുന്ന ജീവരക്ഷാകര വേലയിൽ പങ്കെടുക്കേണ്ടിയിരുന്നവർ അവരായിരുന്നു. “ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതു” തിരിച്ചറിയാൻ കഴിയുന്നവർ അവരായിരിക്കുമായിരുന്നു. മഹോപദ്രവത്തിനു മുൻപ് ‘ഓടിപ്പോയി’ക്കൊണ്ട് പ്രതികരിക്കാനുള്ളവർ അവരായിരിക്കുമായിരുന്നു. “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] നിമിത്തമോ ആ നാളുകൾ ചുരുങ്ങും” എന്നുള്ള കൂടുതലായ വാക്കുകളാൽ വിശേഷാൽ ബാധിക്കപ്പെടുന്നവരും അവരായിരിക്കുമായിരുന്നു. (മത്തായി 24:9, 14-22) എന്നാൽ ആ ഗൗരവാവഹമായ വാക്കുകൾ എന്തർഥമാക്കുന്നു, ഇപ്പോൾ വർധിച്ച സന്തുഷ്ടിയും ആത്മവിശ്വാസവും തീക്ഷ്ണതയും ഉണ്ടായിരിക്കുന്നതിന് അവ നമുക്ക് ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്നുവെന്ന് എന്തുകൊണ്ട് പറയാൻ കഴിയും? മത്തായി 24:22-ന്റെ പിൻവരുന്ന പഠനം ഉത്തരം പ്രദാനം ചെയ്യും.
[അടിക്കുറിപ്പുകൾ]
a ജോസീഫസിൽനിന്നുള്ള ഉദാഹരണങ്ങൾ: സീനായ് മലയിലെ മിന്നലും ഇടിമുഴക്കവും “ദൈവം അവിടെ സന്നിഹിതൻ [പറൂസിയ] ആണെന്നു പ്രഘോഷിച്ചു.” തിരുനിവാസത്തിലെ അത്ഭുതകരമായ പ്രത്യക്ഷത “ദൈവത്തിന്റെ സാന്നിധ്യം [പറൂസിയ] പ്രകടമാക്കി.” വലയംചെയ്യുന്ന രഥങ്ങളെ എലീശായുടെ ദാസനു കാണിച്ചുകൊടുത്തുകൊണ്ട് ദൈവം “തന്റെ ദാസനു തന്റെ ശക്തിയും സാന്നിധ്യവും [പറൂസിയ] വെളിപ്പെടുത്തി.” റോമൻ ഉദ്യോഗസ്ഥനായ പെട്രോണിയസ് യഹൂദൻമാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ മഴ പെയ്യിച്ചുകൊണ്ട് ‘ദൈവം തന്റെ സാന്നിധ്യം [പറൂസിയ] പെട്രോണിയസിനെ കാണിച്ചു’ എന്നു ജോസീഫസ് അവകാശപ്പെട്ടു. കേവലമൊരു സമീപനത്തിനോ നൈമിഷിക ആഗമനത്തിനോ ജോസീഫസ് പറൂസിയ ബാധകമാക്കിയില്ല. അത് തുടരുന്ന, അദൃശ്യംപോലുമായ സാന്നിധ്യത്തെ അർഥമാക്കി. (പുറപ്പാടു 20:18-21; 25:22; ലേവ്യപുസ്തകം 16:2; 2 രാജാക്കൻമാർ 6:15-17)—യഹൂദ ഇതിഹാസങ്ങൾ (ഇംഗ്ലീഷ്), പുസ്തകം 3, അധ്യായം 5, ഖണ്ഡിക 2 [80]; അധ്യായം 8, ഖണ്ഡിക 5 [202]; പുസ്തകം 9, അധ്യായം 4, ഖണ്ഡിക 3 [55]; പുസ്തകം 18, അധ്യായം 8, ഖണ്ഡിക 6 [284] എന്നിവ താരതമ്യം ചെയ്യുക.
b ‘സന്നിഹിതൻ ആയിരിക്കുന്നതിനെയോ ആയിത്തീരുന്നതിനെയോ, ആയതിനാൽ സാന്നിധ്യത്തെ, എത്തിച്ചേരലിനെ; വരവ് മുതലുള്ള ഒരു സ്ഥിരതാമസം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു വരവിനെ’ പറൂസിയ അർഥമാക്കുന്നുവെന്ന് എ ക്രിട്ടിക്കൽ ലെക്സിക്കൻ ആൻഡ് കോൺകോർഡൻസ് ടു ദി ഇംഗ്ലീഷ് ആൻഡ് ഗ്രീക്ക് ന്യൂ ടെസ്റ്റ്മെൻറിൽ ഇ. ഡബ്ലിയു. ബുള്ളിങ്ങർ ചൂണ്ടിക്കാട്ടുന്നു.
c “ദൈവനാമ”ത്തിന്റെ എബ്രായ രൂപം 19 തവണ, പൂർണമായോ ചുരുക്കെഴുത്തായോ ഇതിൽ ഉണ്ടെന്നുള്ളതാണ് ഒരു തെളിവ്. പ്രൊഫസർ ഹോവാർഡ് എഴുതുന്നു: “ഒരു യഹൂദ ഖണ്ഡനഗ്രന്ഥ രചയിതാവ് ഉദ്ധരിച്ച ഒരു ക്രിസ്തീയ രേഖയിൽ ദിവ്യനാമം ഉള്ളതു ശ്രദ്ധേയമാണ്. ഇത് ഗ്രീക്ക് അല്ലെങ്കിൽ ലാറ്റിൻ ക്രിസ്തീയ രേഖയുടെ ഒരു എബ്രായ പരിഭാഷയായിരുന്നെങ്കിൽ, ഈ പാഠത്തിൽ വിലക്കപ്പെട്ട ദിവ്യനാമമായ YHWH-ന്റെ ഒരു പ്രതീകമല്ല, മറിച്ച് അഡോനെയ് [കർത്താവ്] എന്ന് കാണാൻ ഒരുവൻ പ്രതീക്ഷിക്കുമായിരുന്നു. . . . വിലക്കപ്പെട്ട നാമം അദ്ദേഹം കൂട്ടിച്ചേർത്തുവെന്നത് വിശദീകരിക്കാനാവാത്ത ഒരു സംഗതിയാണ്. പാഠത്തിൽ അപ്പോൾതന്നെ ദിവ്യനാമം ഉണ്ടായിരുന്ന മത്തായിയുടെ പ്രതി ഷേം-റ്റോബിനു ലഭിച്ചുവെന്നും അതു നീക്കംചെയ്തു കുറ്റക്കാരനാകുന്നതിന്റെ അപകടം വരുത്തിവയ്ക്കാതെ സാധ്യതയനുസരിച്ച് അദ്ദേഹം അതു കാത്തുസൂക്ഷിച്ചുവെന്നും തെളിവു ശക്തമായി സൂചിപ്പിക്കുന്നു.” വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശനങ്ങളോടുകൂടിയത് (ഇംഗ്ലീഷ്), ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ദിവ്യനാമം ഉപയോഗിക്കുന്നതിനു പിന്തുണയായി ഷേം-റ്റോബിന്റെ മത്തായി (J2) ഉപയോഗിക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ മത്തായി 24:3 ബൈബിളുകൾ പരിഭാഷപ്പെടുത്തുന്ന വിധത്തിലെ അന്തരം മനസ്സിലാക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ പറൂസിയയുടെ അർഥമെന്താണ്, ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ മത്തായി 24:3-ൽ ഗ്രീക്കിലും എബ്രായയിലും ഏതു സാധ്യമായ സമാന്തരം സ്ഥിതിചെയ്തേക്കാം?
◻ മത്തായി 24-ാം അധ്യായം മനസ്സിലാക്കുന്നതിനു സമയം സംബന്ധിച്ച ഏതു മുഖ്യ ഘടകം നാം അറിയേണ്ടതുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
യെരുശലേമിന് അഭിമുഖമായി ഉയർന്നു നിൽക്കുന്ന ഒലിവുമല