വാഗ്ദത്തദേശത്തു നിന്നുള്ള പ്രായോഗിക പാഠങ്ങൾ
വാഗ്ദത്തദേശത്തു നിന്നുള്ള പ്രായോഗിക പാഠങ്ങൾ
ബൈബിൾ വൃത്താന്തത്തിലെ വാഗ്ദത്തദേശം തീർച്ചയായും അനുപമമായിരുന്നു. താരതമ്യേന ചെറിയ ഈ മേഖലയിൽ വളരെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നാം കാണുന്നു. വടക്ക് മഞ്ഞുമൂടിയ മലകൾ; തെക്ക് ഉഷ്ണപ്രദേശങ്ങൾ. ഫലഭൂയിഷ്ഠമായ നിമ്നപ്രദേശങ്ങളും വിജനമായ മരുപ്രദേശങ്ങളും ഫലവൃക്ഷത്തോപ്പുകൾക്കും കന്നുകാലിമേയ്ക്കലിനും അനുയോജ്യമായ മലമ്പ്രദേശവും അവിടെയുണ്ട്.
ഉയരം, കാലാവസ്ഥ, മണ്ണ് എന്നിവയുടെ വൈജാത്യം വൈവിധ്യമാർന്ന ഒട്ടനവധി മരങ്ങൾക്കും കുറ്റിച്ചെടികൾക്കും മറ്റു ചെടികൾക്കും അനുയോജ്യമാണ്. ശൈത്യമുള്ള പർവതപ്രദേശങ്ങളിൽ തഴച്ചുവളരുന്നതും വരണ്ട മരുഭൂമിയിൽ വളരുന്നതും എക്കൽ പ്രദേശത്തോ പാറക്കെട്ടുകൾ നിറഞ്ഞ പീഠഭൂമിയിലോ തഴച്ചുവളരുന്നതുമായ സസ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ആ പ്രദേശത്ത് ഏതാണ്ട് 2,600 തരം ചെടികൾ കണ്ടെത്താനാവുമെന്ന് ഒരു സസ്യശാസ്ത്രവിദഗ്ധൻ കണക്കാക്കുന്നു! ആ ദേശത്ത് ആദ്യം പര്യവേക്ഷണം നടത്തിയ ഇസ്രായേല്യർ അതിന്റെ ഉത്പാദനശേഷിക്കു തെളിവ് ഉടനടി കണ്ടിരുന്നു. നീരോട്ടമുള്ള ഒരു താഴ്വരയിൽനിന്ന് അവർ കൊണ്ടുവന്ന ഒരു കുല മുന്തിരി, രണ്ടുപേർകൂടി ഒരു തണ്ടിന്മേൽ ചുമക്കേണ്ടിവരത്തക്കവിധം അത്ര ഭാരമുള്ളതായിരുന്നു! “[മുന്തിരി]ക്കുല” എന്നർഥമുള്ള എസ്കോൽ എന്ന് ആ താഴ്വരയ്ക്കു പേരിട്ടതു തികച്ചും ഉചിതമായിരുന്നു. a—സംഖ്യാപുസ്തകം 13:21-24.
എന്നാൽ അനുപമമായ ആ ദേശത്തിന്റെ, പ്രത്യേകിച്ചും ദക്ഷിണ ഭാഗത്തിന്റെ, ഭൂമിശാസ്ത്രപരമായ ചില സവിശേഷതകൾ നമുക്കിപ്പോൾ അടുത്തു വീക്ഷിക്കാം.
ഷെഫീല
വാഗ്ദത്തദേശത്തിന്റെ പശ്ചിമ തീരം മെഡിറ്ററേനിയൻ സമുദ്രതീരമാണ്. ഏതാണ്ടു 40 കിലോമീറ്റർ ഉള്ളിലാണു ഷെഫീല. ഷെഫീല എന്ന പേരിന്റെ അർഥം “താഴ്വീതി” എന്നാണെങ്കിലും അതു വാസ്തവത്തിൽ ഒരു മലമ്പ്രദേശമാണ്. കിഴക്കു ഭാഗത്തുള്ള യഹൂദാ കുന്നുകളോടുള്ള താരതമ്യത്തിൽ മാത്രമേ അതിനെ ഒരു താഴ്വീതിയെന്നു വിളിക്കാനാവൂ.
ഇതോടൊപ്പമുള്ള പരിച്ഛേദഭൂപടം നോക്കി ഷെഫീലയ്ക്ക് അതിനു ചുറ്റുപാടുള്ള പ്രദേശങ്ങളുമായുള്ള ബന്ധം ശ്രദ്ധിക്കുക. കിഴക്ക് യഹൂദാ കുന്നുകൾ; പടിഞ്ഞാറ് ഫെലിസ്ത്യ തീരസമതലം. അങ്ങനെ ഷെഫീല, ബൈബിൾ കാലങ്ങളിൽ ദൈവജനത്തെ അവരുടെ പുരാതന ശത്രുക്കളിൽനിന്നു വേർതിരിക്കുന്ന ഒരു സുരക്ഷിതമേഖലയായി, ഒരു പ്രതിബന്ധമായി ഉതകി. പടിഞ്ഞാറുനിന്ന് ആക്രമിച്ചുകടക്കുന്ന ഏതൊരു സൈന്യത്തിനും ഇസ്രായേലിന്റെ തലസ്ഥാന നഗരിയായിരുന്ന യെരുശലേമിനെതിരെ നീങ്ങുന്നതിനുമുമ്പു ഷെഫീലയിലൂടെ കടന്നുപോകണമായിരുന്നു.
പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിൽ അത്തരമൊരു സംഭവം നടന്നു. ആരാം രാജാവായ ഹസായേൽ “പുറപ്പെട്ടു ഗത്തിനെ [സാധ്യതയനുസരിച്ചു ഷെഫീലയുടെ അതിർത്തിയിൽ] യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിനു ദൃഷ്ടിവെച്ച”തായി ബൈബിൾ പറയുന്നു. ആലയത്തിലും കൊട്ടാരത്തിലുമുള്ള പലതരം മൂല്യവസ്തുക്കൾ കോഴ കൊടുത്തുകൊണ്ടു യെഹോവാശ് രാജാവ് ഹസായേലിനെ ഒരു പ്രകാരത്തിൽ തടഞ്ഞുനിർത്തി. എന്നിരുന്നാലും, യെരുശലേമിന്റെ സുരക്ഷിതത്വത്തിനു ഷെഫീലയ്ക്കു നിർണായകമായ പ്രാധാന്യമുണ്ടായിരുന്നുവെന്ന് ആ വിവരണം കാണിക്കുന്നു.—2 രാജാക്കന്മാർ 12:17, 18.
ഇതിൽനിന്നു നമുക്ക് ഒരു പ്രായോഗിക പാഠം പഠിക്കാനാവും. ഹസായേൽ യെരുശലേം കീഴടക്കാൻ ആഗ്രഹിച്ചു. എന്നാൽ ആദ്യം അവൻ ഷെഫീലയിലൂടെ കടന്നുപോകേണ്ടിയിരുന്നു. സമാനമായി, പിശാചായ സാത്താൻ ദൈവജനത്തെ ‘വിഴുങ്ങേണ്ടതിനു തിരിഞ്ഞു ചുറ്റിനടക്കു’കയാണ്. എന്നാൽ ഒട്ടുമിക്കപ്പോഴും അവൻ ആദ്യം ശക്തമായ ഒരു സുരക്ഷിതമേഖലയിലൂടെ—മോശമായ സഹവാസവും ഭൗതികത്വവും പോലുള്ള കാര്യങ്ങൾ സംബന്ധിച്ച ബൈബിൾ തത്ത്വങ്ങളോടുള്ള അവരുടെ പറ്റിനിൽക്കൽ—കടക്കേണ്ടതുണ്ട്. (1 പത്രൊസ് 5:8; 1 കൊരിന്ത്യർ 15:33; 1 തിമൊഥെയൊസ് 6:10) ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നതാണു ഗുരുതരമായ തെറ്റിലേക്കുള്ള ആദ്യപടി. അതുകൊണ്ട് ആ സുരക്ഷിതമേഖല സുരക്ഷിതമായി നിലനിർത്തുക. ബൈബിൾ തത്ത്വങ്ങൾ ഇന്നു പിൻപറ്റുക, അങ്ങനെയെങ്കിൽ നാളെ നിങ്ങൾ ദൈവനിയമങ്ങൾ ലംഘിക്കുകയില്ല.
യഹൂദാ മലമ്പ്രദേശം
ഷെഫീലയിൽനിന്നു വീണ്ടും ഉള്ളിലായി യഹൂദാ മലമ്പ്രദേശം സ്ഥിതിചെയ്യുന്നു. മേത്തരം ധാന്യവും ഒലിവെണ്ണയും വീഞ്ഞും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന ഒരു മലമ്പ്രദേശമായിരുന്നു അത്. അതിന്റെ ഉയരം നിമിത്തം യഹൂദ ശ്രേഷ്ഠമായ ഒരു അഭയസ്ഥാനവുമായിരുന്നു. തന്മൂലം, യോഥാം രാജാവ് അവിടെ “കോട്ടകളും ഗോപുരങ്ങളും പണിതു.” പ്രക്ഷുബ്ധകാലങ്ങളിൽ ആളുകൾക്ക് ഇവിടേക്കു സുരക്ഷിതത്വത്തിനായി ഓടിപ്പോകാൻ കഴിയുമായിരുന്നു.—2 ദിനവൃത്താന്തം 27:4.
സീയോൻ എന്നും വിളിക്കപ്പെട്ടിരുന്ന യെരുശലേം, യഹൂദാ മലമ്പ്രദേശത്തെ ഒരു പ്രധാന ഭാഗമായിരുന്നു. മൂന്നു വശത്തും കിഴുക്കാന്തൂക്കായ താഴ്വരകളാലും വടക്ക്, ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് പറയുന്നപ്രകാരം, തുടർച്ചയായ മൂന്നു മതിലുകളാലും ചുറ്റപ്പെട്ടിരുന്ന യെരുശലേം സുരക്ഷിതമായി തോന്നിച്ചു. എന്നാൽ ഒരു അഭയസ്ഥാനത്തിനു സുരക്ഷിതത്വം നിലനിർത്താൻ ഭിത്തികളെക്കാളും ആയുധങ്ങളെക്കാളും അധികം ആവശ്യമുണ്ട്. അതിൽ വെള്ളവുമുണ്ടായിരിക്കണം. ഉപരോധ സമയത്ത് ഇത് അത്യന്താപേക്ഷിതമാണ്, കാരണം വെള്ളമില്ലെങ്കിൽ ഉപരോധിക്കപ്പെട്ട പൗരന്മാർ പെട്ടെന്നു കീഴടങ്ങാൻ നിർബന്ധിതരാകും.
ശീലോഹാം കുളത്തിൽനിന്നു യെരുശലേമിനു വെള്ളം ലഭിച്ചിരുന്നു. എന്നുവരികിലും, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ, അസീറിയക്കാരുടെ ഉപരോധം പ്രതീക്ഷിച്ചു ഹിസ്കീയാ രാജാവ് ശീലോഹാം കുളത്തെ നഗരത്തിനുള്ളിലാക്കി ഒരു പുറമതിൽ നിർമിച്ചുകൊണ്ട് അതിനെ സംരക്ഷിച്ചു. അവൻ നഗരത്തിനു പുറത്തുള്ള നീരുറവുകളും അടച്ചു. തന്നിമിത്തം, ആക്രമികളായ അസീറിയക്കാർ വെള്ളം കണ്ടെത്താൻ പെടാപ്പാടു കഴിക്കേണ്ടിവരുമായിരുന്നു. 2 ദിനവൃത്താന്തം 32:2-5; യെശയ്യാവു 22:11) അതോടെ തീർന്നില്ല. കൂടുതലായുള്ള വെള്ളം യെരുശലേമിനുള്ളിലേക്കു തിരിച്ചുവിടുന്നതിനു ഹിസ്കിയാവ് ഒരു മാർഗം കണ്ടുപിടിച്ചു!
(ഗീഹോൻ നീരുറവ മുതൽ ദൂരെ ശീലോഹാം കുളംവരെ എത്തുന്ന ഒരു തുരങ്കം ഹിസ്കിയാവ് വെട്ടിയുണ്ടാക്കി, അത് പുരാതനകാലത്തെ ഏറ്റവും വലിയ എൻജിനിയറിങ് വൈദഗ്ധ്യങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. b ശരാശരി 1.8 മീററർ ഉയരമുള്ള ഈ തുരങ്കത്തിന് 533 മീററർ നീളം ഉണ്ടായിരുന്നു. ഒന്നു വിഭാവനചെയ്യൂ—പാറയിലൂടെ വെട്ടിയുണ്ടാക്കിയ ഏതാണ്ട് അര കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം! ഇന്ന്, ഏതാണ്ടു 2,700 വർഷങ്ങൾക്കുശേഷം യെരുശലേമിലെ സന്ദർശകർക്കു ഹിസ്കിയാവിന്റെ തുരങ്കമെന്നു പൊതുവേ അറിയപ്പെടുന്ന എൻജിനിയറിങ് വൈദഗ്ധ്യത്തിലൂടെ കടന്നുപോകാൻ കഴിയും.—2 രാജാക്കന്മാർ 20:20; 2 ദിനവൃത്താന്തം 32:30.
യെരുശലേമിലെ ജലവിതരണം സംരക്ഷിക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള ഹിസ്കിയാവിന്റെ ശ്രമങ്ങൾക്കു നമ്മെ ഒരു പ്രായോഗിക പാഠം പഠിപ്പിക്കാനാവും. യഹോവ “ജീവജലത്തിന്റെ ഉറവാ”ണ്. (യിരെമ്യാവു 2:13) ബൈബിളിലടങ്ങിയിരിക്കുന്ന അവന്റെ ചിന്തകൾ ജീവൻ നിലനിർത്തുന്നവയാണ്. വ്യക്തിപരമായ പഠനം അത്യന്താപേക്ഷിതമായിരിക്കുന്നതിനു കാരണം അതാണ്. എന്നാൽ അധ്യയനത്തിനുള്ള അവസരവും തത്ഫലമായുണ്ടാകുന്ന അറിവും നിങ്ങളിലേക്കു വെറുതേ പ്രവഹിക്കുകയില്ല. അതിന് അവസരമൊരുക്കുന്നതിന് ഒരുപക്ഷേ നിങ്ങൾക്ക് അത്യന്തം തിരക്കേറിയ നിങ്ങളുടെ ദിനചര്യയിലൂടെ ‘തുരങ്കം വെട്ടി’യുണ്ടാക്കേണ്ടതായി വന്നേക്കാം. (സദൃശവാക്യങ്ങൾ 2:1-5; എഫെസ്യർ 5:15, 16) ഒരിക്കൽ തുടക്കമിട്ടുകഴിഞ്ഞാൽ, വ്യക്തിപരമായ പഠനത്തിനു പ്രാധാന്യം നൽകിക്കൊണ്ടു നിങ്ങളുടെ പട്ടികയോടു പറ്റിനിൽക്കുക. ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും വിലയേറിയ ഈ ജലവിതരണം നിങ്ങളിൽനിന്നു കവർന്നെടുക്കാതിരിക്കാൻ ജാഗരൂകരായിരിക്കുക.—ഫിലിപ്പിയർ 1:9, 10.
മരുപ്രദേശങ്ങൾ
യഹൂദാ കുന്നുകൾക്കു കിഴക്കാണു “മരുഭൂമി” എന്നർഥമുള്ള, യെശിമോൻ എന്നുകൂടി വിളിക്കപ്പെടുന്ന യഹൂദാ മരുഭൂമി. (1 ശമൂവേൽ 23:19, NW, അടിക്കുറിപ്പ്) ഉപ്പുകടലിൽനിന്ന് ഈ ഊഷര പ്രദേശം പരുക്കൻ വക്കുകളോടുകൂടിയ ചെങ്കുത്തായ പാറകളുടെ ദൃശ്യം പകരുന്നു. വെറും 24 കിലോമീറ്ററിനുള്ളിൽ ഏതാണ്ട് 1,200 മീറ്റർ ഉയരം കുറയുന്ന യഹൂദാ മരുഭൂമി വടക്കുനിന്നുള്ള മഴക്കാറ്റുകൾ അടിക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തന്മൂലം തുച്ഛമായ അളവിലേ അവിടെ മഴ ലഭിക്കുന്നുള്ളൂ. വാർഷിക പാപപരിഹാര ദിവസം അസസ്സേലിനുള്ള കോലാട്ടുകൊറ്റനെ അയച്ചിരുന്നത് ഈ മരുഭൂമിയിലേക്കാണെന്നതിനു യാതൊരു സംശയവുമില്ല. ദാവീദ് ശൗൽരാജാവിൽനിന്ന് ഓടിപ്പോയതും ഇവിടേക്കാണ്. യേശു 40 ദിവസം ഉപവസിക്കുകയും അതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തത് ഇവിടെയാണ്.—ലേവ്യപുസ്തകം 16:21, 22; സങ്കീർത്തനം 63, മേലെഴുത്ത്; മത്തായി 4:1-11.
സംഖ്യാപുസ്തകം 33:1-49) “അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമി”യെക്കുറിച്ചു മോശ എഴുതി. (ആവർത്തനപുസ്തകം 8:15) ലക്ഷക്കണക്കിന് ഇസ്രായേല്യർക്ക് അതിജീവിക്കാൻ കഴിഞ്ഞത് അത്ഭുതംതന്നെ! എങ്കിലും യഹോവ അവരെ പരിപാലിച്ചു.
യഹൂദാ മരുഭൂമിക്ക് ഏകദേശം 160 കിലോമീറ്റർ തെക്കുപടിഞ്ഞാറു പാരാൻ മരുഭൂമിയാണ്. ഈജിപ്തിൽനിന്നു വാഗ്ദത്തദേശത്തേക്കുള്ള 40 വർഷത്തെ പ്രയാണത്തിൽ ഇസ്രായേല്യരുടെ നിരവധി പാളയസ്ഥലങ്ങൾ സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്. (യഹോവയ്ക്കു നമ്മെയും ആത്മീയമായി ഊഷരമായിരിക്കുന്ന ഈ ലോകത്തിൽപ്പോലും പരിപാലിക്കാൻ കഴിയുമെന്നുള്ളതിന്റെ ഓർമിപ്പിക്കലായി ഇത് ഉതകട്ടെ. അതേ, അക്ഷരീയമായല്ലെങ്കിലും നാമും സർപ്പങ്ങൾക്കും തേളുകൾക്കുമിടയിലൂടെയാണു നടക്കുന്നത്. നമ്മുടെ ചിന്തകളെ അനായാസം ബാധിച്ചേക്കാവുന്ന വിഷവത്തായ വാക്കുകൾ വമിപ്പിക്കാൻ യാതൊരു സങ്കോചവുമില്ലാത്ത ആളുകളുമായി നമുക്കു നിരന്തര സമ്പർക്കത്തിലേർപ്പെടേണ്ടതായി വന്നേക്കാം. (എഫെസ്യർ 5:3, 4; 1 തിമൊഥെയൊസ് 6:20) ഇത്തരം പ്രതിബന്ധങ്ങൾക്കു മധ്യേയും യഹോവയെ സേവിക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നവരെ അഭിനന്ദിക്കേണ്ടതുണ്ട്. യഹോവ തങ്ങളെ വാസ്തവമായും പരിപാലിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവാണ് അവരുടെ വിശ്വസ്തത.
കർമേൽ കുന്നുകൾ
കർമേൽ എന്ന പേരിന്റെ അർഥം “ഫലവൃക്ഷത്തോപ്പ്” എന്നാണ്. ഫലപുഷ്ടിയുള്ള ഈ പ്രദേശത്തിന്റെ വടക്കോട്ട് ഏതാണ്ട് 50 കിലോമീറ്റർ മുന്തിരിത്തോപ്പുകൾ, ഒലിവുമരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയാൽ അലങ്കൃതമാണ്. ഈ മലമ്പ്രദേശത്തിന്റെ മുനമ്പ് അതിന്റെ ചാരുതയിലും മനോഹാരിതയിലും അവിസ്മരണീയമാണ്. ഫലസമൃദ്ധിയാർന്ന, പുനഃസ്ഥാപിത ഇസ്രായേൽദേശത്തിന്റെ മഹത്ത്വത്തിന്റെ ഒരു പ്രതീകമായി ‘കർമ്മേലിന്റെ മഹത്വ’ത്തെക്കുറിച്ചു യെശയ്യാവു 35:2 വർണിക്കുന്നു.
ശ്രദ്ധേയമായ നിരവധി സംഭവങ്ങൾ കർമേലിൽ അരങ്ങേറി. ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ വെല്ലുവിളിച്ചതും യഹോവയുടെ പരമോന്നതത്വത്തിന്റെ തെളിവായി “യഹോവയുടെ തീ ഇറങ്ങി”യതും ഇവിടെയായിരുന്നു. ഒരു വന്മഴയായിത്തീർന്ന ചെറുമേഘത്തിലേക്ക് ഏലിയാവ് ശ്രദ്ധ ക്ഷണിച്ചതും അങ്ങനെ ഇസ്രായേലിലെ വരൾച്ച അത്ഭുതകരമായി അവസാനിപ്പിച്ചതും കർമേലിന്റെ മുകളിൽനിന്നായിരുന്നു. (1 രാജാക്കന്മാർ 18:17-46) ഏലിയാവിന്റെ പിൻഗാമിയായ എലീശാ കർമേൽ പർവതത്തിലായിരിക്കുമ്പോഴാണു ശൂനേംകാരി തന്റെ മരിച്ചുപോയ കുട്ടിക്കായി സഹായം അഭ്യർഥിച്ചുകൊണ്ട് എലീശായെ സന്ദർശിച്ചത്. എലീശാ പിന്നീട് ആ കുട്ടിയെ ഉയിർപ്പിച്ചു.—2 രാജാക്കന്മാർ 4:8, 20, 25-37.
കർമേലിന്റെ കുന്നിൻചെരിവുകളിൽ ഇപ്പോഴും ഫലവൃക്ഷത്തോപ്പുകളും ഒലിവ് വൃക്ഷത്തോപ്പുകളും മുന്തിരിത്തോപ്പുകളും ഉണ്ട്. വസന്തകാലത്ത് ഈ മലഞ്ചെരുവുകൾ പുഷ്പങ്ങൾകൊണ്ടുള്ള പരവതാനിയാൽ ആവരണം ചെയ്യപ്പെടുന്നതു മനോമോഹനമായ ദൃശ്യമാണ്. ‘നിന്റെ ശിരസ്സു കർമ്മേൽപോലെ ഇരിക്കുന്നു’ എന്നു ശലോമോൻ ശൂലേമ്യ കന്യകയോടു പറഞ്ഞു. അവളുടെ തഴച്ചുവളർന്ന തലമുടിയെ അർഥമാക്കിക്കൊണ്ട് അല്ലെങ്കിൽ ഐശ്വര്യഗംഭീരമായി കഴുത്തിൽനിന്ന് ഉയർന്നുനിൽക്കുന്ന ആകാരഭംഗിയുള്ള ശിരസ്സിനെ അർഥമാക്കിക്കൊണ്ടായിരിക്കാം അവൻ അങ്ങനെ പറഞ്ഞത്.—ഉത്തമഗീതം 7:5.
കർമേൽ കുന്നുകളുടെ സവിശേഷതയായിരുന്ന മഹത്ത്വം യഹോവ തന്റെ ആരാധകരുടെ ആധുനികകാല സ്ഥാപനത്തിന്മേൽ വർഷിച്ചിരിക്കുന്ന ആത്മീയ സൗന്ദര്യത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. (യെശയ്യാവു 35:1, 2) യഹോവയുടെ സാക്ഷികൾ ഇന്നു വാസ്തവമായും ആത്മീയ പറുദീസയിലാണു പാർക്കുന്നത്. മാത്രമല്ല, “അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു” എന്നെഴുതിയ ദാവീദ് രാജാവിന്റെ ചേതോവികാരത്തോട് അവർ യോജിക്കുന്നു.—സങ്കീർത്തനം 16:6.
പുരാതന ഇസ്രായേല്യർ ദൈവത്തിന്റെ ശത്രുക്കളിൽനിന്നു തുടർച്ചയായ എതിർപ്പു നേരിട്ടിരുന്നതുപോലെ ഇന്നു ദൈവത്തിന്റെ ആത്മീയ ജനത കണിശമായും അഭിമുഖീകരിക്കേണ്ട സദൃശവാക്യങ്ങൾ 4:18; യോഹന്നാൻ 3:16; 13:35.
ദുഷ്കരമായ വെല്ലുവിളികളുണ്ടെന്നതു വാസ്തവംതന്നെ. എങ്കിലും, യഹോവ പ്രദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ സത്യക്രിസ്ത്യാനികൾ ഒരിക്കലും മറന്നുകളയുന്നില്ല. ബൈബിൾ സത്യത്തിന്റെ എന്നെന്നും വർധിച്ചുവരുന്ന പ്രകാശം, ലോകവ്യാപക സാഹോദര്യം, പറുദീസാഭൂമിയിലെ നിത്യജീവൻ നേടുന്നതിനുള്ള അവസരം എന്നിവ അതിൽ ഉൾപ്പെടുന്നു.—“യഹോവയുടെ തോട്ടംപോലെ”
പുരാതന വാഗ്ദത്തദേശം മനംകവരുന്നതായിരുന്നു. “പാലും തേനും ഒഴുകുന്ന ദേശ”മെന്ന് അതിനെ വർണിച്ചതു തികച്ചും ഉചിതമാണ്. (ഉല്പത്തി 13:10; പുറപ്പാടു 3:8) അതിനെ “നല്ലോരു ദേശ”മെന്നും “താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം; കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം” എന്നും മോശ വിളിച്ചു.—ആവർത്തനപുസ്തകം 8:7-9.
യഹോവയ്ക്കു തന്റെ പുരാതന ജനത്തിന് അത്തരം സമൃദ്ധവും മനോഹരവുമായ മാതൃദേശം പ്രദാനം ചെയ്യാൻ കഴിഞ്ഞെന്നുവരികിൽ, മലകളും താഴ്വരകളും നദികളും തടാകങ്ങളുമുള്ള ഭൂവ്യാപകമായ ഒരു മഹനീയ പറുദീസ തന്റെ ആധുനിക വിശ്വസ്ത ദാസർക്കു നൽകാൻ തീർച്ചയായും അവനു കഴിയും. അതേ, വൈവിധ്യമാർന്ന പുരാതന വാഗ്ദത്തദേശം, ഇന്ന് അവന്റെ സാക്ഷികൾ ആസ്വദിക്കുന്ന ആത്മീയ പറുദീസയുടെയും പുതിയലോകത്തിലെ ഭാവി പറുദീസയുടെയും മുൻമാതൃക മാത്രമായിരുന്നു. സങ്കീർത്തനം 37:29-ൽ രേഖപ്പെടുത്തിയിരിക്കുന്ന പിൻവരുന്ന വാഗ്ദത്തം അവിടെ നിറവേറും: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” യഹോവ ആ പറുദീസാ ഭവനം അനുസരണമുള്ള മനുഷ്യവർഗത്തിനു നൽകുമ്പോൾ എന്നെന്നും അതിന്റെ “മുറികൾ” എല്ലാം പരിശോധിക്കാൻ കഴിയുന്നതിൽ അവർ എത്ര സന്തുഷ്ടരായിരിക്കും!
[അടിക്കുറിപ്പുകൾ]
a ഈ പ്രദേശത്തുനിന്നുള്ള ഒരു കുല മുന്തിരിക്ക് 12 കിലോഗ്രാം തൂക്കമുള്ളതായും മറ്റൊന്നിന് 20-ലധികം കിലോഗ്രാം തൂക്കമുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു.
b ഗീഹോൻ നീരുറവ യെരുശലേമിന്റെ കിഴക്കേ അതിർത്തിക്കു തൊട്ടുവെളിയിലായാണു സ്ഥിതിചെയ്തിരുന്നത്. അതൊരു ഗുഹയ്ക്കുള്ളിൽ മറഞ്ഞിരുന്നു; തന്മൂലം, അതുള്ള കാര്യം അസീറിയക്കാർ അറിഞ്ഞിരിക്കാൻ സാധ്യതയില്ല.
[4-ാം പേജിലെ ഭൂപടം]
ഗലീല
കർമേൽ പർവതം
ഗലീലാ ക്കടൽ
ശമര്യ
ഷെഫീല
യഹൂദാ പർവതങ്ങൾ
ഉപ്പു കടൽ
[കടപ്പാട്]
NASA photo
[4-ാം പേജിലെ ഭൂപടം]
ഷെഫീല ദൈവജനത്തിനും അവരുടെ ശത്രുക്കൾക്കുമിടയിലുള്ള പ്രതിബന്ധമായിരുന്നു
മൈ. 0 5 10
കി.മീ. 0 8 16
ഫെലിസ്ത്യ സമതലം
ഷെഫീല
യഹൂദാ മലമ്പ്രദേശം
യഹൂദാ മരുഭൂമി
ഭ്രംശ താഴ്വര
ഉപ്പുകടൽ
അമ്മോന്റെയും മോവാബിന്റെയും ദേശം
[5-ാം പേജിലെ ഭൂപടം/ചിത്രം]
ഹിസ്കിയാവിന്റെ തുരങ്കം: 1,749 അടി നീളത്തിൽ കട്ടിയായ പാറ വെട്ടിയുണ്ടാക്കിയത്
ടൈറോപ്പോസൻ താഴ്വര
ശീലോഹാം
ദാവീദിന്റെ നഗരം
കിദ്രോൻ താഴ്വര
ഗീഹോൻ
[6-ാം പേജിലെ ചിത്രങ്ങൾ]
യഹൂദാ മരുഭൂമിയിൽ ശൗലിൽനിന്നു ദാവീദ് അഭയം തേടി. പിന്നീട് ഇവിടെവെച്ച് യേശു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[7-ാം പേജിലെ ചിത്രങ്ങൾ]
ഏലിയാവ്, ബാലിന്റെ പ്രവാചകന്മാരെ അപമാനിച്ച കർമേൽ പർവതം
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[8-ാം പേജിലെ ചിത്രങ്ങൾ]
“യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം.”—ആവർത്തനപുസ്തകം 8:7