നിങ്ങളുടെ ജീവിതം വിധിയാൽ നിയന്ത്രിക്കപ്പെടുന്നുവോ?
നിങ്ങളുടെ ജീവിതം വിധിയാൽ നിയന്ത്രിക്കപ്പെടുന്നുവോ?
“അല നോ ഡോൺ.” പശ്ചിമാഫ്രിക്കയിലുള്ള മാലിയിലെ ബംബാറാ ഭാഷയിൽ ഈ മൊഴിയുടെ അർഥം “അതു ദൈവത്തിന്റെ പ്രവൃത്തിയാണ്” എന്നാണ്. ലോകത്തിന്റെ ആ ഭാഗത്ത് ഇത്തരം പഴഞ്ചൊല്ലുകൾ വളരെ സാധാരണമാണ്. “യല്ലാഹ് മൊ കൊ ഡെഫ്” (ദൈവമാണ് അതു ചെയ്തത്) എന്നതു വോളൊഫ് ഭാഷയിലെ പഴമൊഴിയാണ്. ഒരു ഡോഗൻ നാട്ടുഭാഷയിലെ മൊഴിയാണ് “അമാ ബിറെയ്” (ദൈവമാണ് അതു വരുത്തിവെച്ചത്).
തത്തുല്യമായ പദപ്രയോഗങ്ങൾ മറ്റു ദേശങ്ങളിലുമുണ്ട്. “അവന്റെ സമയം വന്നെത്തിയിരുന്നു,” “അതു ദൈവഹിതമായിരുന്നു” എന്നിങ്ങനെയുള്ള പഴമൊഴികൾ മരണമോ ദുരന്തമോ സംഭവിക്കുമ്പോൾ മിക്കവാറും പറഞ്ഞുകേൾക്കാറുണ്ട്. “കൊതിപോലെ വരില്ല, വിധിപോലേ വരികയുള്ളു” എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകൾ പശ്ചിമാഫ്രിക്കയിൽ പൊതു വാഹനങ്ങളിൽ പെയിന്റുകൊണ്ട് എഴുതുകയും കടകളിൽ അടയാളങ്ങളായി സ്ഥാപിക്കുകയും ചെയ്യുക സാധാരണമാണ്. അനേകരെയും സംബന്ധിച്ചിടത്തോളം അവ കേവലം വാക്യാലങ്കാരങ്ങളാണ്. എങ്കിലും അവ മിക്കപ്പോഴും അഗാധസ്ഥിതമായ ഒരു വിധിവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
എന്താണു വിധിവിശ്വാസം? “മനുഷ്യവർഗത്തിനു നിയന്ത്രിക്കാനാവാത്ത ശക്തികളാൽ സംഭവങ്ങൾ നിർണയിക്കപ്പെടുന്നുവെന്ന വിശ്വാസം” എന്നാണു വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അതിനെ നിർവചിക്കുന്നത്. ആ “ശക്തികൾ” ഏവയാണ്? ഒരു വ്യക്തിയുടെ വിധി അയാളുടെ ജനന സമയത്തെ നക്ഷത്രങ്ങളുടെ സ്ഥാനത്താൽ ശക്തമായി സ്വാധീനിക്കപ്പെടുന്നതായി ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു ബാബിലോന്യർ വിശ്വസിച്ചിരുന്നു. (യെശയ്യാവു 47:13, താരതമ്യം ചെയ്യുക.) ജീവിതതന്തു പിരിക്കുകയും അളക്കുകയും മുറിക്കുകയും ചെയ്ത ശക്തരായ മൂന്നു ദേവിമാരുടെ കൈകളിലാണു വിധി എന്നു ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. എന്നുവരികിലും, ദൈവംതന്നെ ഒരു വ്യക്തിയുടെ വിധി നിർണയിക്കുന്നുവെന്ന ആശയം കൊണ്ടുവന്നതു ക്രൈസ്തവലോകത്തിലെ ദൈവശാസ്ത്രജ്ഞന്മാരായിരുന്നു!
ഉദാഹരണത്തിന്, അഗസ്റ്റിൻ “പുണ്യവാളൻ” ജ്യോതിഷക്കാരുടെ “വ്യാജവും ഉപദ്രവകരവുമായ അഭിപ്രായങ്ങളെ” നിരാകരിച്ചു. നേരേമറിച്ച്, “ദൈവമുണ്ടെന്ന് അവകാശപ്പെടുകയും അതേസമയംതന്നെ ഭാവികാര്യങ്ങളെക്കുറിച്ച് അവനു മുന്നറിവുണ്ടെന്നുള്ളതിനെ നിഷേധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും സ്പഷ്ടമായ വിഡ്ഢിത്തം” എന്ന് അദ്ദേഹം വാദിച്ചു. ദൈവം
യഥാർഥത്തിൽ സർവശക്തനായിരിക്കുന്നതിന് അവൻ “എല്ലാം മുൻനിർണയിച്ചുകൊണ്ട്, സകല കാര്യങ്ങളും സംഭവിക്കുന്നതിനുമുമ്പേ അറിഞ്ഞിരിക്കണം. ഒന്നും മുൻകൂട്ടി തീരുമാനിക്കാതെ” വിടരുത്. എങ്കിലും, സംഭവിക്കുന്നതെല്ലാം ദൈവം മുൻകൂട്ടി അറിയുമ്പോൾതന്നെ മനുഷ്യർക്ക് ഇച്ഛാസ്വാതന്ത്ര്യമുള്ളതായി അഗസ്റ്റിൻ വികാരവായ്പോടെ വാദിച്ചു.—ദൈവത്തിന്റെ നഗരം (ഇംഗ്ലീഷ്), ബുക്ക് V, അധ്യായങ്ങൾ 7-9.നൂറ്റാണ്ടുകൾക്കു ശേഷം, പ്രൊട്ടസ്റ്റൻറ് ദൈവശാസ്ത്രജ്ഞനായിരുന്ന ജോൺ കാൽവിൻ ഒരുപടികൂടി മുന്നോട്ടുപോയി. ചിലർ “സ്വർഗരാജ്യത്തിന്റെ മക്കളും അവകാശികളുമായിരിക്കാൻ [ദൈവത്താൽ] മുൻനിശ്ചയിക്കപ്പെട്ടിരിക്ക”വേ മറ്റുള്ളവർ “അവന്റെ ക്രോധം ഏറ്റുവാങ്ങുന്നവർ” ആയിരിക്കാൻ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു!
ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും വിധിയിലുള്ള വിശ്വാസം ഗൗരവമായി കണക്കാക്കപ്പെടുന്നു. പശ്ചിമാഫ്രിക്കയിലുള്ള ഊസ്മാൻ എന്ന ഒരു യുവാവിന്റെ അനുഭവം പരിചിന്തിക്കുക. അവൻ സ്കൂളിലെ ഏറ്റവും മികച്ച കുട്ടികളിൽ ഒരാളായിരുന്നുവെങ്കിലും ഒടുവിലത്തെ പരീക്ഷയിൽ തോറ്റുപോയി! സ്കൂളിൽ അതേ ക്ലാസ്സിൽ ഒന്നുകൂടി പഠിക്കുന്നതു മാത്രമല്ല, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ ജാള്യം അനുഭവിക്കുന്നതും അത് അർഥമാക്കി. അതു ദൈവഹിതമാണെന്നു പറഞ്ഞുകൊണ്ട് ഒരു സുഹൃത്ത് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതുപോലെതന്നെ ഊസ്മാന്റെ അമ്മയും അവന്റെ തോൽവിക്കു വിധിയെ പഴിച്ചു.
ആദ്യമൊക്കെ, അവർ സഹാനുഭൂതി പ്രകടിപ്പിച്ചപ്പോൾ ഊസ്മാൻ സന്തോഷപൂർവം സ്വീകരിച്ചു. ഏതായാലും, അവന്റെ പരാജയം യഥാർഥത്തിൽ ദൈവഹിതമായിരുന്നെങ്കിൽ അതു തടഞ്ഞുനിർത്താൻ അവന് ഒന്നും ചെയ്യാനാവില്ലായിരുന്നു. എന്നാൽ അവന്റെ പിതാവ് കാര്യങ്ങളെ വ്യത്യസ്തമായി വീക്ഷിച്ചു. പരീക്ഷകളിൽ തോറ്റത് അവന്റെ കുറ്റംകൊണ്ടാണ്, അല്ലാതെ ദൈവത്തിന്റെ കുറ്റംകൊണ്ടല്ല എന്ന് അദ്ദേഹം ഊസ്മാനോടു പറഞ്ഞു. പഠിത്തം അവഗണിച്ചതുകൊണ്ടു മാത്രമാണ് ഊസ്മാൻ തോറ്റുപോയത്.
വിധിയിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടിയ ഊസ്മാൻ കാര്യങ്ങളെക്കുറിച്ചു സ്വയം പരിശോധിക്കാൻ തീരുമാനിച്ചു. അടുത്ത ലേഖനം പരിചിന്തിച്ചുകൊണ്ട് അതുതന്നെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.