ലുദിയ—അതിഥിപ്രിയമുള്ള ദൈവഭക്ത
ലുദിയ—അതിഥിപ്രിയമുള്ള ദൈവഭക്ത
പുരാതന കാലം മുതൽ സത്യദൈവത്തിന്റെ ദാസരുടെ ഒരു സവിശേഷതയായിരുന്നു അതിഥിസത്കാരം. (ഉല്പത്തി 18:1-8; 19:1-3) “അപരിചിതരോടുള്ള സ്നേഹം, താത്പര്യം അല്ലെങ്കിൽ ദയ” എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്ന, ആത്മാർഥ ഹൃദയത്തിൽനിന്ന് ഉരുത്തിരിയുന്ന അതിഥിസത്കാരം ഇന്നുപോലും സത്യക്രിസ്ത്യാനിത്വത്തിന്റെ അടയാളമാണ്. ദൈവത്തെ സ്വീകാര്യയോഗ്യമായി ആരാധിക്കുന്ന ഏവർക്കുമുള്ള ഒരു നിബന്ധനയാണത്.—എബ്രായർ 13:2; 1 പത്രൊസ് 4:9.
മാതൃകായോഗ്യമായ വിധത്തിൽ അതിഥിസത്കാരം കാണിച്ച ഒരുവളായിരുന്നു ലുദിയ. ഫിലിപ്പി സന്ദർശിച്ച ക്രിസ്തീയ മിഷനറിമാരെ അവൾ തന്റെ വീട്ടിൽ താമസിക്കാൻ “നിർബന്ധിച്ചു.” (പ്രവൃത്തികൾ 16:15) ലുദിയയെക്കുറിച്ചു തിരുവെഴുത്തുകളിൽ ചുരുക്കമായേ പറയുന്നുള്ളുവെങ്കിലും, പറഞ്ഞിരിക്കുന്ന ആ ചുരുക്കം കാര്യങ്ങൾ നമുക്കു പ്രോത്സാഹജനകമായിരിക്കാൻ കഴിയും. ഏതുവിധത്തിൽ? ലുദിയ ആരായിരുന്നു? അവളെക്കുറിച്ചു നമുക്ക് എന്തറിയാം?
‘രക്താംബരം വില്ക്കുന്നവൾ’
മക്കെദോന്യയിലെ പ്രമുഖ നഗരമായ ഫിലിപ്പിയിലാണു ലുദിയ താമസിച്ചിരുന്നത്. എന്നാൽ, അവൾ പശ്ചിമ ഏഷ്യാമൈനറിലെ ലിഡിയപ്രദേശത്തെ ഒരു നഗരമായ തുയത്തൈരയിൽനിന്നുള്ളവളായിരുന്നു. അക്കാരണത്താൽ അവൾക്കു ഫിലിപ്പിയിൽവെച്ചു നൽകപ്പെട്ട ഇരട്ടപ്പേരായിരുന്നു “ലുദിയ” യോഹന്നാൻ 4:9, ഓശാന ബൈബിൾ) ലുദിയ “രക്താംബരം” അല്ലെങ്കിൽ രക്തവർണത്തിലുള്ള ചായത്തിൽ മുക്കിയ വസ്തുക്കൾ വിറ്റിരുന്നു. (പ്രവൃത്തികൾ 16:12, 14) തുയത്തൈരയിലും ഫിലിപ്പിയിലും ചായനിർമാതാക്കൾ ജീവിച്ചിരുന്നുവെന്നതിനു തെളിവു നൽകുന്ന ആലേഖനങ്ങൾ പുരാവസ്തുശാസ്ത്രജ്ഞന്മാർ കുഴിച്ചെടുത്തിട്ടുണ്ട്. ലുദിയ തന്റെ തൊഴിൽ നിമിത്തം, സ്വന്തമായി ബിസിനസ് നടത്താനോ ചായം പിടിപ്പിക്കുന്ന ഒരു തുയത്തൈര കമ്പനിയുടെ പ്രതിനിധിയായോ അങ്ങോട്ടു വന്നിരിക്കാനാണു സാധ്യത.
(Lydia) എന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശുക്രിസ്തു സാക്ഷ്യം നൽകിയ സ്ത്രീയെ “ശമര്യാക്കാരി” എന്നു വിളിക്കാൻ കഴിഞ്ഞ സ്ഥിതിക്ക് ലുദിയ “ലിഡിയാക്കാരി” ആണ്. (രക്തവർണത്തിലുള്ള ചായം വ്യത്യസ്ത ഉറവിടങ്ങളിൽനിന്നു വ്യുത്പാദിപ്പിക്കാനാകുമായിരുന്നു. ഏറ്റവും വിലകൂടിയത് സമുദ്രത്തിലുള്ള ഒരുതരം ശ്ലേഷ്മോദരപ്രാണിയിൽനിന്നാണു വേർതിരിച്ചെടുത്തിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ റോമാ കവിയായിരുന്ന മാർഷ്യൽ പറയുന്നതനുസരിച്ച്, സോറിലെ (ഈ വസ്തു ഉത്പാദിപ്പിച്ചിരുന്ന മറ്റൊരിടം) ഏറ്റവും നല്ല രക്താംബരംകൊണ്ടുള്ള ഒരു മേലങ്കിക്കു 10,000 സെസ്റ്റർസുകൾ അല്ലെങ്കിൽ 2,500 ദിനാറ വിലവരുമായിരുന്നു. അത് ഒരു തൊഴിലാളിയുടെ 2,500 ദിവസത്തെ വേതനമാണ്. അത്തരം വസ്ത്രങ്ങൾ ചുരുക്കം ചിലർക്കുമാത്രം വാങ്ങാൻ സാധിക്കുമായിരുന്ന ആഡംബര വസ്തുക്കളായിരുന്നുവെന്നു സ്പഷ്ടം. തന്മൂലം, ലുദിയ സാമ്പത്തികമായി സമ്പന്നയായിരുന്നിരിക്കണം. എന്തുതന്നെയാണെങ്കിലും, അവൾക്ക് പൗലോസ് അപ്പോസ്തലനും അവന്റെ സുഹൃത്തുക്കളായിരുന്ന ലൂക്കൊസ്, ശീലാസ്, തിമൊഥെയൊസ് എന്നിവർക്കും ഒരുപക്ഷേ മറ്റുചിലർക്കും ആതിഥ്യം വാഗ്ദാനം ചെയ്യാൻ കഴിഞ്ഞു.
ഫിലിപ്പിയിൽ പൗലോസിന്റെ പ്രസംഗവേല
പൊ.യു. ഏതാണ്ട് 50-ൽ പൗലോസ് ആദ്യമായി യൂറോപ്പിൽ കാലുകുത്തുകയും ഫിലിപ്പിയിൽ പ്രസംഗവേല തുടങ്ങുകയും ചെയ്തു. a ഒരു പുതിയ നഗരത്തിൽ എത്തുമ്പോൾ, സിനഗോഗുകൾ സന്ദർശിച്ച് ആദ്യം അവിടെ കൂടിയിരുന്ന യഹൂദരോടും മതപരിവർത്തിതരോടും പ്രസംഗിക്കുന്നതു പൗലോസ് പതിവാക്കിയിരുന്നു. (പ്രവൃത്തികൾ 13:4, 5, 13, 14; 14:1 എന്നിവ താരതമ്യം ചെയ്യുക.) എന്നുവരികിലും ചിലർ പറയുന്നപ്രകാരം, ഫിലിപ്പിയുടെ “വിശുദ്ധ പരിസര”ത്തുവെച്ചു തങ്ങളുടെ മതം ആചരിക്കുന്നതിൽനിന്നു യഹൂദരെ റോമാ നിയമം വിലക്കി. അതുകൊണ്ട്, അവിടെ “ചിലദിവസം” ചെലവഴിച്ചശേഷം ഒരു ശബത്തു ദിവസം ആ മിഷനറിമാർ നഗരത്തിനുവെളിയിൽ നദീതീരത്ത് ഒരു സ്ഥലം കണ്ടെത്തി. അവിടെ ഒരു ‘പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചു.’ (പ്രവൃത്തികൾ 16:12, 13) പ്രത്യക്ഷത്തിൽ, ആ നദി ഗാങ്കിറ്റിസ് ആയിരുന്നു. അവിടെ ആ മിഷനറിമാർ സ്ത്രീകളെ മാത്രമേ കണ്ടുള്ളൂ. അവരിലൊരാളായിരുന്നു ലുദിയ.
‘ഒരു ദൈവഭക്ത’
ലുദിയ “ദൈവഭക്ത”യായിരുന്നു. എന്നാൽ അവൾ മതപരമായ സത്യാന്വേഷണത്തെത്തുടർന്ന് ഒരു യഹൂദ മതപരിവർത്തിത ആയിത്തീർന്നിരിക്കാനാണു സാധ്യത. ലുദിയക്ക് ഒരു നല്ല തൊഴിലുണ്ടായിരുന്നെങ്കിലും അവൾ ഭൗതികത്വചിന്തയുള്ളവൾ ആയിരുന്നില്ല. മറിച്ച്, അവൾ ആത്മീയ കാര്യങ്ങൾക്കുവേണ്ടി സമയം മാറ്റിവെച്ചു. “പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു,” അങ്ങനെ ലുദിയ സത്യം സ്വീകരിച്ചു. വാസ്തവത്തിൽ, ‘അവളും കടുംബവും സ്നാനം ഏററു.’—പ്രവൃത്തികൾ 16:14, 15.
ലുദിയയുടെ കുടുംബത്തിലെ മറ്റംഗങ്ങൾ ആരെല്ലാമായിരുന്നുവെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല. ഭർത്താവിനെക്കുറിച്ചു സൂചിപ്പാക്കാത്തതിനാൽ അവൾ ഏകാകിയോ വിധവയോ ആയിരുന്നിരിക്കാനാണു സാധ്യത. ഒരുപക്ഷേ, അവളുടെ ‘കുടുംബം’ ബന്ധുക്കൾ ഉൾപ്പെട്ടതായിരുന്നിരിക്കാം. കൂടാതെ, അടിമകളെയോ ദാസരെയോ ആ പദപ്രയോഗംകൊണ്ട് അർഥമാക്കാൻ കഴിയും. എന്തുതന്നെയാണെങ്കിലും, ലുദിയ തന്നോടൊപ്പം കഴിഞ്ഞവരോടു താൻ പഠിച്ച കാര്യങ്ങൾ സോത്സാഹം പങ്കിട്ടു. അവർ വിശ്വസിച്ചു സത്യമതം സ്വീകരിച്ചപ്പോൾ അവൾക്ക് എത്ര സന്തോഷം തോന്നിയിരിക്കണം!
‘അവൾ ഞങ്ങളെ നിർബന്ധിച്ചു’
ലുദിയയെ കണ്ടുമുട്ടുന്നതിനുമുമ്പ് ആ മിഷനറിമാർക്കു തങ്ങളുടെ സ്വന്തം ചെലവിലുള്ള താമസസൗകര്യങ്ങൾകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കാം. എന്നാൽ വേറെ താമസസൗകര്യങ്ങൾ വാഗ്ദാനം ചെയ്യാൻ അവൾക്കു സന്തോഷമായിരുന്നു. എങ്കിലും, അവൾക്കു നിർബന്ധിക്കേണ്ടിവന്നു എന്ന വസ്തുത, പൗലോസും അവന്റെ സുഹൃത്തുക്കളും ചില തടസ്സം പറഞ്ഞതായി അർഥമാക്കുന്നു. എന്തുകൊണ്ട്? ‘അധികാരം മുഴുവനും ഉപയോഗിക്കാതെ [“ദുർവിനിയോഗം ചെയ്യാതെ,” NW] സുവിശേഷഘോഷണം ചെലവുകൂടാതെ നടത്താനും’ ആർക്കെങ്കിലും ഭാരമായിത്തീരാതിരിക്കാനും പൗലോസ് ആഗ്രഹിച്ചു. (1 കൊരിന്ത്യർ 9:18; 2 കൊരിന്ത്യർ 12:14) എന്നാൽ ലൂക്കൊസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവളും കുടുംബവും സ്നാനം ഏററശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃത്തികൾ 16:15) യഹോവയോടു വിശ്വസ്തയായിരിക്കുന്ന കാര്യത്തിൽ ലുദിയ അങ്ങേയറ്റം തത്പരയായിരുന്നു, ആതിഥ്യം വാഗ്ദാനം ചെയ്തതു വ്യക്തമായും അവളുടെ വിശ്വാസത്തിന്റെ തെളിവുമായിരുന്നു. (1 പത്രൊസ് 4:9 താരതമ്യം ചെയ്യുക.) എന്തൊരു വിശിഷ്ട മാതൃക! സുവാർത്താ താത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിനു നാമും നമ്മുടെ സ്വത്തുക്കൾ ഉപയോഗിക്കാറുണ്ടോ?
ഫിലിപ്പിയിലെ സഹോദരങ്ങൾ
ഭൂതബാധിതയായ അടിമപ്പെൺകുട്ടി ഉൾപ്പെട്ട സംഭവത്തിനുശേഷം തടവിൽനിന്നിറങ്ങിയ പൗലോസും ശീലാസും ലുദിയയുടെ വീട്ടിലേക്കു മടങ്ങി. അവിടെ അവർ ചില സഹോദരങ്ങളെ കണ്ടുമുട്ടി. (പ്രവൃത്തികൾ 16:40) പുതിയതായി രൂപീകരിച്ച ഫിലിപ്പി സഭയിലെ വിശ്വാസികൾ ലുദിയയുടെ വീട് യോഗത്തിനു ക്രമമായി കൂടിവരാൻ ഉപയോഗിച്ചിരുന്നിരിക്കാം. ആ നഗരത്തിൽ അവളുടെ വീട് ദിവ്യാധിപത്യ പ്രവർത്തനത്തിനുള്ള കേന്ദ്രമായി തുടർന്നുവെന്നു ചിന്തിക്കുന്നതു യുക്തിസഹമാണ്.
പ്രാരംഭത്തിൽ ലുദിയ കാട്ടിയ ഊഷ്മളമായ അതിഥിസത്കാരം ആ മുഴു സഭയുടെയും സവിശേഷതയാണെന്നു തെളിഞ്ഞു. ദാരിദ്ര്യമുണ്ടായിരുന്നിട്ടും ഫിലിപ്പിയർ പല സന്ദർഭങ്ങളിലും പൗലോസിന് ആവശ്യമുള്ള സാധനങ്ങൾ അയച്ചുകൊടുത്തു. അതിൽ ആ അപ്പോസ്തലൻ കൃതജ്ഞനായിരുന്നു.—2 കൊരിന്ത്യർ 8:1, 2; 11:9; ഫിലിപ്പിയർ 4:10, 15, 16.
പൊ.യു. ഏതാണ്ട് 60-61-ൽ പൗലോസ് ഫിലിപ്പിയർക്ക് അയച്ച ലേഖനത്തിൽ ലുദിയയെക്കുറിച്ചു പരമാർശിക്കുന്നില്ല. പ്രവൃത്തികൾ 16-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്കു ശേഷം അവൾക്ക് എന്തു സംഭവിച്ചുവെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ല. എന്നുവരികിലും, ഊർജസ്വലയായ ആ സ്ത്രീയെക്കുറിച്ചുള്ള ഹ്രസ്വ വിവരണം, ‘അതിഥിസല്ക്കാരം ആചരിക്കാൻ’ നമ്മെ പ്രേരിപ്പിക്കുന്നു. (റോമർ 12:13) ലുദിയയെപ്പോലുള്ള ക്രിസ്ത്യാനികൾ നമ്മുടെയിടയിലുള്ളതിൽ നാം എത്ര നന്ദിയുള്ളവരാണ്! യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനായി സഭകളെ ഊഷ്മളവും സ്നേഹനിർഭരവും ആക്കിത്തീർക്കാൻ അവരുടെ മനോഭാവം വളരെയധികം സംഭാവനചെയ്യുന്നു.
[അടിക്കുറിപ്പ്]
a മക്കെദോന്യയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ ഫിലിപ്പി, യൂസ് ഇറ്റാലിക്കും (പുരാതന ഇറ്റലിയിലെ നിയമം) നടപ്പിലാക്കപ്പെട്ടിരുന്ന താരതമ്യേന സമൃദ്ധമായ ഒരു സൈനിക കോളനിയായിരുന്നു. റോമാക്കാർ ആസ്വദിച്ചിരുന്നതിനു സമാനമായ അവകാശങ്ങൾ ആ നിയമനിർമാണം ഫിലിപ്പിയർക്ക് ഉറപ്പേകി.—പ്രവൃത്തികൾ 16:9, 12, 21.
[28-ാം പേജിലെ ചതുരം]
ഫിലിപ്പിയിലെ യഹൂദ ജീവിതം
യഹൂദരെയും യഹൂദമതപരിവർത്തിതരെയും സംബന്ധിച്ചിടത്തോളം ഫിലിപ്പിയിലെ ജീവിതം അത്ര സുകരമായിരുന്നിരിക്കില്ല. അവിടെ യഹൂദവിരുദ്ധ മനോഭാവം പുലർത്തിയവർ ഉണ്ടായിരുന്നിരിക്കാം. കാരണം, പൗലോസിന്റെ സന്ദർശനത്തിനു തൊട്ടുമുമ്പ് ക്ലൌദ്യൊസ് ചക്രവർത്തി യഹൂദരെ റോമിൽനിന്നു നിഷ്കാസനംചെയ്തു.—പ്രവൃത്തികൾ 18:2 താരതമ്യം ചെയ്യുക.
ഭാവികഥനഭൂതം ബാധിച്ച അടിമപ്പെൺകുട്ടിയെ സൗഖ്യമാക്കിയശേഷം പൗലോസിനെയും ശീലാസിനെയും പ്രമാണിമാരുടെ അടുക്കലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി എന്നതു ശ്രദ്ധേയമാണ്. ആദായകരമായ വരുമാനമാർഗം കൈവിട്ടുപോയെന്നുകണ്ട് അവളുടെ യജമാനന്മാർ, “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്നു വാദിച്ചുകൊണ്ടു തങ്ങളുടെ സഹപൗരന്മാരുടെ മുൻവിധിയെ മുതലെടുത്തു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തത്ഫലമായി, പൗലോസിനെയും ശീലാസിനെയും വടികൊണ്ട് അടിപ്പിച്ചശേഷം കാരാഗൃഹത്തിലടച്ചു. (പ്രവൃത്തികൾ 16:16-24) അത്തരമൊരു ചുറ്റുപാടിൽ യഹൂദന്മാരുടെ ദൈവമായ യഹോവയെ പരസ്യമായി ആരാധിക്കുന്നതിനു ധൈര്യം ആവശ്യമായിരുന്നു. എന്നാൽ സ്പഷ്ടമായും, വ്യത്യസ്തയായിരിക്കാൻ ലുദിയ മടികാട്ടിയില്ല.
[27-ാം പേജിലെ ചിത്രങ്ങൾ]
ഫിലിപ്പിയിലെ അവശിഷ്ടങ്ങൾ