സകലരും ദൈവത്തോടു കണക്കു ബോധിപ്പിക്കണം
സകലരും ദൈവത്തോടു കണക്കു ബോധിപ്പിക്കണം
“നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:12.
1. ആദാമിന്റെയും ഹവ്വായുടെയും സ്വാതന്ത്ര്യത്തിന്മേൽ എന്തു പരിമിതികളാണു വെക്കപ്പെട്ടിരുന്നത്?
സ്വതന്ത്ര ധാർമിക കാര്യസ്ഥരായാണു നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും യഹോവയാം ദൈവം സൃഷ്ടിച്ചത്. ദൂതന്മാരെക്കാൾ താഴ്ന്നവരായിരുന്നെങ്കിലും, ജ്ഞാനമുള്ള തീരുമാനങ്ങൾ ചെയ്യാൻ പ്രാപ്തരായ ബുദ്ധിശക്തിയുള്ള സൃഷ്ടികളായിരുന്നു അവർ. (സങ്കീർത്തനം 8:4, 5) എന്നാൽ, ആ ദൈവദത്ത സ്വാതന്ത്ര്യം സ്വയം നിർണയാവകാശം പ്രയോഗിക്കുന്നതിനുള്ള അനുമതിയായിരുന്നില്ല. തങ്ങളുടെ സ്രഷ്ടാവിനോട് അവർ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു, ആ ഉത്തരവാദിത്വം അവരുടെ എല്ലാ പിൻഗാമികളിലേക്കും വ്യാപിച്ചിരിക്കുന്നു.
2. യഹോവ പെട്ടെന്നുതന്നെ എന്തു കണക്കുതീർപ്പു നടത്തും, എന്തുകൊണ്ട്?
2 നാമിപ്പോൾ ഈ ദുഷ്ട വ്യവസ്ഥിതിയുടെ പരമകാഷ്ഠയോട് അടുത്തുവരുന്നതിനാൽ, യഹോവ ഭൂമിയിൽ ഒരു കണക്കെടുപ്പു നടത്തും. (റോമർ 9:28 താരതമ്യം ചെയ്യുക.) ഭൂമിയിലെ വിഭവങ്ങൾ പാഴാക്കുകയും മനുഷ്യജീവൻ നശിപ്പിക്കുകയും പ്രത്യേകിച്ച് യഹോവയാം ദൈവത്തിന്റെ ദാസന്മാരെ പീഡിപ്പിക്കുകയും ചെയ്യുന്നതിനു ഭക്തികെട്ട മനുഷ്യർ പെട്ടെന്നുതന്നെ അവനോടു കണക്കു ബോധിപ്പിക്കേണ്ടിവരും.—വെളിപ്പാടു 6:10; 11:18.
3. നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
3 ഗൗരവമായ ഈ പ്രതീക്ഷയെ അഭിമുഖീകരിക്കുന്നതിനാൽ, കഴിഞ്ഞ കാലത്തു തന്റെ സൃഷ്ടികളോടുള്ള യഹോവയുടെ നീതിനിഷ്ഠമായ ഇടപെടലുകളെക്കുറിച്ചു പരിചിന്തിക്കുന്നതു നമുക്കു പ്രയോജനകരമാണ്. നമ്മുടെ സ്രഷ്ടാവിനോടു സ്വീകാര്യമായ ഒരു കണക്കു ബോധിപ്പിക്കാൻ തിരുവെഴുത്തുകൾക്കു നമ്മെ വ്യക്തിഗതമായി എങ്ങനെ സഹായിക്കാൻ സാധിക്കും? എന്തു ദൃഷ്ടാന്തങ്ങൾ സഹായകരമായിരുന്നേക്കാം, ഏതെല്ലാം ദൃഷ്ടാന്തങ്ങളാണു നാം അനുകരിക്കാൻ പാടില്ലാത്തത്?
ദൂതന്മാർ, കണക്കു ബോധിപ്പിക്കേണ്ടവർ
4. ദൂതന്മാരുടെ പ്രവൃത്തികൾ നിമിത്തം ദൈവം അവരെ കണക്കു ബോധിപ്പിക്കുന്നവരാക്കുന്നുവെന്നു നാം അറിയുന്നത് എങ്ങനെ?
4 നാം യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടതുപോലെതന്നെ സ്വർഗങ്ങളിലെ ദൂതസൃഷ്ടികളും അവനോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പ്, സ്ത്രീകളുമായി ലൈംഗിക വേഴ്ചകളിൽ ഏർപ്പെടുന്നതിനു ചില ദൂതന്മാർ അനുസരണക്കേടു കാണിച്ചുകൊണ്ടു മൂർത്തരൂപം കൈക്കൊണ്ടു. സ്വതന്ത്ര ധാർമിക കാര്യസ്ഥരെന്നനിലയിൽ, ഈ ആത്മജീവികൾക്ക് ആ തീരുമാനമെടുക്കാൻ കഴിഞ്ഞു. എന്നാൽ ദൈവം അവരെ കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാക്കി. അനുസരണംകെട്ട ദൂതന്മാർ ആത്മമണ്ഡലത്തിലേക്കു മടങ്ങിപ്പോയപ്പോൾ, തങ്ങളുടെ ആദ്യ സ്ഥാനം വീണ്ടെടുക്കാൻ ദൈവം അവരെ അനുവദിച്ചില്ല. അവരെ “മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു” എന്നു ശിഷ്യനായ യൂദാ നമ്മോടു പറയുന്നു.—യൂദാ 6.
5. സാത്താനും അവന്റെ ഭൂതങ്ങളും എന്തു വീഴ്ചയാണ് അനുഭവിച്ചിരിക്കുന്നത്, അവരുടെ മത്സരത്തിന്റെ കണക്ക് എങ്ങനെ തീർക്കപ്പെടും?
5 അനുസരണംകെട്ട ഈ ദൂതന്മാരുടെ അഥവാ ഭൂതങ്ങളുടെ ഭരണാധികാരി പിശാചായ സാത്താനാണ്. (മത്തായി 12:24-26) ആ ദുഷ്ട ദൂതൻ തന്റെ സ്രഷ്ടാവിനെതിരെ മത്സരിക്കുകയും യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു. നമ്മുടെ ആദ്യ മാതാപിതാക്കളെ സാത്താൻ പാപത്തിലേക്കു നയിച്ചു, ഒടുവിൽ അത് അവരുടെ മരണത്തിൽ കലാശിച്ചു. (ഉല്പത്തി 3:1-7, 17-19) അതിനുശേഷം കുറേ കാലത്തേക്കു സ്വർഗീയ സദസ്സിൽ പ്രവേശിക്കാൻ യഹോവ സാത്താനെ അനുവദിച്ചെങ്കിലും, ദൈവത്തിന്റെ തക്കസമയത്ത് ആ ദുഷ്ടനെ ഭൂമിയുടെ പരിസരത്തേക്കു തള്ളിക്കളയുമെന്നു ബൈബിൾ പുസ്തകമായ വെളിപ്പാടു മുൻകൂട്ടിപ്പറഞ്ഞു. 1914-ൽ യേശുക്രിസ്തുവിനു രാജ്യാധികാരം ലഭിച്ചതിനുശേഷം താമസിയാതെ ഇതു സംഭവിച്ചുവെന്നു തെളിവു സൂചിപ്പിക്കുന്നു. ഒടുവിൽ, പിശാചും അവന്റെ ഭൂതങ്ങളും നിത്യനാശത്തിലേക്കു പോകും. പരമാധികാരത്തെ സംബന്ധിച്ചുള്ള വിവാദവിഷയം ഒടുവിൽ പരിഹരിക്കപ്പെടുന്നതോടെ, മത്സരത്തെ സംബന്ധിച്ച കണക്കു ന്യായമായ വിധത്തിൽ തീർക്കപ്പെട്ടിരിക്കും.—ഇയ്യോബ് 1:6-12; 2:1-7; വെളിപ്പാടു 12:7-9; 20:10.
ദൈവപുത്രൻ, കണക്കു ബോധിപ്പിക്കേണ്ടവൻ
6. പിതാവിനോടു താൻ കണക്കു ബോധിപ്പിക്കേണ്ടതിനെ യേശു എങ്ങനെയാണു വീക്ഷിക്കുന്നത്?
6 ദൈവപുത്രനായ യേശുക്രിസ്തു എത്ര നല്ല ദൃഷ്ടാന്തമാണു വെച്ചത്! ആദാമിനു തുല്യനായ ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ, ദിവ്യഹിതം ചെയ്യുന്നതിൽ യേശു പ്രമോദം കണ്ടെത്തി. യഹോവയുടെ നിയമത്തിനു ചേർച്ചയിൽ കണക്കു ബോധിപ്പിക്കേണ്ട സ്ഥാനത്തായിരിക്കുന്നതിലും അവൻ സന്തോഷമുള്ളവനായിരുന്നു. അവനെക്കുറിച്ചു സങ്കീർത്തനക്കാരൻ ഉചിതമായി ഇങ്ങനെ പ്രവചിച്ചു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”—സങ്കീർത്തനം 40:8; എബ്രായർ 10:6-9.
7. തന്റെ മരണത്തിന്റെ തലേന്നു പ്രാർഥിക്കവേ, യോഹന്നാൻ 17:4, 5-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ യേശുവിനു പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്?
7 വിദ്വേഷകരമായ എതിർപ്പ് യേശുവിന് അനുഭവിക്കേണ്ടിവന്നിട്ടും, അവൻ ദൈവഹിതം പ്രവർത്തിക്കുകയും ദണ്ഡനസ്തംഭത്തിലെ മരണത്തോളം നിർമലത പാലിക്കുകയും ചെയ്തു. അങ്ങനെ അവൻ, ആദാമിന്റെ പാപത്തിന്റെ മരണകരമായ പരിണതഫലങ്ങളിൽനിന്നു മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ മറുവില നൽകി. (മത്തായി 20:28) അതുകൊണ്ട്, തന്റെ മരണത്തിന്റെ തലേന്ന് യേശുവിന് ഉറപ്പോടെ ഇങ്ങനെ പ്രാർഥിക്കാൻ കഴിഞ്ഞു: “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹന്നാൻ 17:4, 5) തന്റെ സ്വർഗീയ പിതാവിനോട് ആ വാക്കുകൾ പറയാൻ യേശുവിനു കഴിഞ്ഞു, കാരണം കണക്കു ബോധിപ്പിക്കുകയെന്ന പരിശോധനയെ അവൻ വിജയകരമായി നേരിടുകയായിരുന്നു. അങ്ങനെ അവൻ ദൈവത്തിനു സ്വീകാര്യനായിരുന്നു.
8. (എ) നാം നമ്മെക്കുറിച്ചുതന്നെ യഹോവയാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നു പൗലോസ് എങ്ങനെ പ്രകടമാക്കി? (ബി) ദൈവത്തിന്റെ അംഗീകാരം നേടാൻ നമ്മെ എന്തു സഹായിക്കും?
8 പൂർണ മനുഷ്യനായിരുന്ന യേശുക്രിസ്തുവിൽനിന്നു വ്യത്യസ്തമായി, നാം അപൂർണരാണ്. എങ്കിലും, നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. അപ്പോസ്തലനായ പൗലോസ് പറഞ്ഞു: ‘നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.’ (റോമർ 14:10-12) നാം അങ്ങനെ ചെയ്ത് യഹോവയുടെ അംഗീകാരം നേടാൻതക്കവണ്ണം നാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമ്മെ വഴിനയിക്കാൻ അവൻ സ്നേഹപൂർവം നമുക്ക് ഒരു മനസ്സാക്ഷിയും അവന്റെ നിശ്വസ്ത വചനമായ ബൈബിളും പ്രദാനം ചെയ്തിരിക്കുന്നു. (റോമർ 2:14, 15; 2 തിമൊഥെയൊസ് 3:16, 17) യഹോവയുടെ ആത്മീയ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതും നമ്മുടെ ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കുന്നതും ദൈവത്തിന്റെ അംഗീകാരം നേടാൻ നമ്മെ സഹായിക്കും. (മത്തായി 24:45-47) യഹോവയുടെ പരിശുദ്ധാത്മാവ് അഥവാ കർമനിരതമായ ശക്തി ബലത്തിന്റെയും മാർഗദർശനത്തിന്റെയും കൂടുതലായ ഒരു ഉറവിടമാണ്. ആത്മാവിന്റെ മാർഗനിർദേശത്തിനും നമ്മുടെ ബൈബിൾ-പരിശീലിത മനസ്സാക്ഷിയുടെ വഴിനടത്തിപ്പുകൾക്കും ചേർച്ചയിൽ പ്രവർത്തിക്കുകയാണെങ്കിൽ, നാം നമ്മുടെ സകല പ്രവൃത്തികൾക്കും കണക്കു ബോധിപ്പിക്കേണ്ടവനായ ‘ദൈവത്തോട് അനാദരവ്’ കാണിക്കുന്നില്ല എന്നു പ്ര കടമാക്കും.—1 തെസ്സലൊനീക്യർ 4:3-8, NW; 1 പത്രൊസ് 3:16, 21.
ജനതകൾ എന്ന നിലയിൽ കണക്കു ബോധിപ്പിക്കേണ്ടവർ
9. ഏദോമ്യർ ആരായിരുന്നു, ഇസ്രായേലിനോടുള്ള അവരുടെ പെരുമാറ്റം നിമിത്തം അവർക്ക് എന്തു സംഭവിച്ചു?
9 യഹോവ ജനതകളോടു കണക്കു ചോദിക്കുന്നു. (യിരെമ്യാവു 25:12-14; സെഫന്യാവു 3:6, 7) ചാവുകടലിനു തെക്കും അക്കാബാ കടലിടുക്കിനു വടക്കുമായി സ്ഥിതിചെയ്തിരുന്ന പുരാതന ഏദോം രാജ്യത്തിന്റെ കാര്യം പരിചിന്തിക്കുക. ഏദോമ്യർ ഇസ്രായേല്യരോട് അടുത്തു ബന്ധമുണ്ടായിരുന്ന ഒരു ശേമ്യജനതയായിരുന്നു. ഏദോമ്യരുടെ പൂർവ പിതാവ് അബ്രഹാമിന്റെ പൗത്രനായ ഏശാവ് ആയിരുന്നെങ്കിലും, വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ ഏദോമിലെ “രാജപാത”യിൽ കൂടി പോകുന്നതിന് ഇസ്രായേല്യർക്ക് അനുവാദം നിഷേധിക്കപ്പെട്ടു. (സംഖ്യാപുസ്തകം 20:14-21) നൂറ്റാണ്ടുകൾകൊണ്ട് ഏദോമിന്റെ ശത്രുത ഇസ്രായേല്യരോടുള്ള കരുണയറ്റ വിദ്വേഷത്തിന്റെ രൂപം കൈക്കൊണ്ടു. ഒടുവിൽ, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 607-ൽ യെരുശലേമിനെ നശിപ്പിക്കാൻ ബാബിലോന്യരെ പ്രേരിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏദോമ്യർക്ക് ഏൽക്കേണ്ടിവന്നു. (സങ്കീർത്തനം 137:7) പൊ.യു.മു. ആറാം നൂറ്റാണ്ടിൽ നബോണിഡസ് രാജാവിന്റെ കീഴിലുള്ള ബാബിലോന്യ സൈന്യങ്ങൾ ഏദോമിനെ ജയിച്ചടക്കി, യഹോവ കൽപ്പിച്ചതുപോലെ അതു ശൂന്യമായിത്തീരുകയും ചെയ്തു.—യിരെമ്യാവു 49:20; ഓബദ്യാവു 9-11.
10. ഇസ്രായേല്യരോടു മോവാബ്യർ എങ്ങനെ പെരുമാറി, ദൈവം മോവാബിനോടു കണക്കു ചോദിച്ചത് എങ്ങനെ?
10 മോവാബിന്റെ അനുഭവവും മറിച്ചായിരുന്നില്ല. മോവാബ്യ രാജ്യം ഏദോമിനു വടക്കും ചാവുകടലിനു കിഴക്കുമായിരുന്നു. ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്, മോവാബ്യർ വ്യക്തമായും സാമ്പത്തികനേട്ടത്തെ പ്രതിയെങ്കിലും അപ്പവും വെള്ളവും കൊടുത്തുകൊണ്ട് അവരോട് ആതിഥ്യമര്യാദയോടെ പെരുമാറിയില്ല. (ആവർത്തനപുസ്തകം 23:3, 4) ഇസ്രായേലിനെ ശപിക്കുന്നതിനു മോവാബ്യ രാജാവായ ബാലാക്ക് പ്രവാചകനായ ബിലെയാമിനെ കൂലിക്കെടുത്തു. മോവാബ്യ സ്ത്രീകളെ ഉപയോഗിച്ച് ഇസ്രായേൽ പുരുഷന്മാരെ അധാർമികതയിലേക്കും വിഗ്രഹാരാധനയിലേക്കും വശീകരിച്ചു. (സംഖ്യാപുസ്തകം 22:2-8; 25:1-9) എന്നിരുന്നാലും, ഇസ്രായേലിന്റെ നേർക്കുള്ള മോവാബ്യരുടെ വിദ്വേഷം യഹോവ ശ്രദ്ധിക്കാതിരുന്നില്ല. പ്രവചിക്കപ്പെട്ടതുപോലെ, ബാബിലോന്യരുടെ കൈകളിൽ മോവാബ് നാശമനുഭവിച്ചു. (യിരെമ്യാവു 9:25, 26; സെഫന്യാവു 2:8-11) അതേ, ദൈവം മോവാബിനോടു കണക്കു ചോദിച്ചു.
11. മോവാബും അമ്മോനും ഏതു നഗരങ്ങൾ പോലെയായി, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി സംബന്ധിച്ചു ബൈബിൾ പ്രവചനങ്ങൾ എന്തു സൂചിപ്പിക്കുന്നു?
11 മോവാബിനു മാത്രമല്ല അമ്മോനും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവന്നു. യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞിരുന്നു: “മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും.” (സെഫന്യാവു 2:9) സോദോം, ഗൊമോറ നഗരങ്ങളെ ദൈവം നശിപ്പിച്ചതുപോലെ മോവാബ്, അമ്മോന്യ ദേശങ്ങൾ ശൂന്യമാക്കപ്പെട്ടു. ലണ്ടനിലെ ജിയോളജിക്കൽ സൊസൈറ്റി പറയുന്നതനുസരിച്ച്, നശിച്ചുപോയ സോദോമിന്റെയും ഗൊമോറയുടെയും സ്ഥാനങ്ങൾ ചാവുകടലിന്റെ പൂർവതീരത്തു കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ ഇനിയും ആശ്രയയോഗ്യമായ വിവരങ്ങൾ കണ്ടുപിടിക്കാനുണ്ടെങ്കിൽ, അവ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയോടും യഹോവയാം ദൈവം കണക്കു ചോദിക്കും എന്നു സൂചിപ്പിക്കുന്ന ബൈബിൾ പ്രവചനങ്ങളെ പിന്താങ്ങുക മാത്രമേ ചെയ്യുകയുള്ളൂ.—2 പത്രൊസ് 3:6-12.
12. ഇസ്രായേലിന് അതിന്റെ പാപങ്ങൾ നിമിത്തം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നെങ്കിലും, യഹൂദ ശേഷിപ്പിനെ സംബന്ധിച്ച് എന്തു മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു?
12 ഇസ്രായേലിനു ദൈവകൃപ വളരെയധികമായി ഉണ്ടായിരുന്നെങ്കിലും, അതിന്റെ പാപങ്ങൾക്കായി അതു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. യേശുക്രിസ്തു ഇസ്രായേൽ ജനതയിലേക്കു വന്നപ്പോൾ ബഹുഭൂരിപക്ഷം പേരും അവനെ തള്ളിക്കളയുകയാണുണ്ടായത്. ഒരു ശേഷിപ്പു മാത്രമേ വിശ്വാസം പ്രകടമാക്കി അവന്റെ അനുഗാമികളായിത്തീർന്നുള്ളൂ. ‘യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും [“കണക്കുതീർക്കും,” NW]” എന്നു വിളിച്ചുപറയുന്നു. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ’ എന്നെഴുതിയപ്പോൾ പൗലോസ് ചില പ്രവചനങ്ങൾ ഈ യഹൂദ ശേഷിപ്പിനു ബാധകമാക്കി. (റോമർ 9:27-29; യെശയ്യാവു 1:9; 10:22, 23) ഏലിയാവിന്റെ കാലത്തു ബാലിനു മുട്ടു മടക്കാഞ്ഞ 7,000 പേരുടെ ദൃഷ്ടാന്തം പരാമർശിച്ചശേഷം അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻപ്രകാരം ഒരു ശേഷിപ്പുണ്ടു.” (റോമർ 11:5) വ്യക്തിപരമായി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവർ ഉൾപ്പെട്ടതായിരുന്നു ആ ശേഷിപ്പ്.
വ്യക്തിപരമായി കണക്കു ബോധിപ്പിച്ചതിന്റെ ഉദാഹരണങ്ങൾ
13. തന്റെ സഹോദരനായ ഹാബേലിനെ കൊന്നതു നിമിത്തം ദൈവം കണക്കു ചോദിച്ചപ്പോൾ കയീന് എന്തു സംഭവിച്ചു?
13 യഹോവയാം ദൈവത്തോടു വ്യക്തിപരമായി കണക്കു ബോധിപ്പിച്ചതിന്റെ അനേകം ഉദാഹരണങ്ങൾ ബൈബിളിൽ നൽകിയിട്ടുണ്ട്. ആദാമിന്റെ ആദ്യജാതനായ കയീന്റെ കാര്യംതന്നെ ഉദാഹരണമായി എടുക്കാം. അവനും സഹോദരനായ ഹാബേലും യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. ഹാബേലിന്റെ യാഗം ദൈവത്തിനു സ്വീകാര്യമായിരുന്നു, എന്നാൽ കയീന്റേതു സ്വീകാര്യമായിരുന്നില്ല. സഹോദരനെ മൃഗീയമായി കൊന്നതിനു കണക്കു ചോദിച്ചപ്പോൾ, “ഞാൻ എന്റെ അനുജന്റെ കാവല്ക്കാരനോ”? എന്നു കയീൻ തഴമ്പിച്ച മനസ്സോടെ ദൈവത്തോടു പറഞ്ഞു. ഈ പാപം നിമിത്തം കയീൻ “ഏദെന്നു കിഴക്കു നോദ്ദേശ”ത്തേക്കു നാടുകടത്തപ്പെട്ടു. തന്റെ പാതകത്തെ പ്രതി അവൻ ആത്മാർഥമായ യാതൊരു അനുതാപവും കാട്ടിയില്ല, തനിക്കു ലഭിച്ച ശിക്ഷയെക്കുറിച്ചു ദുഃഖിക്കുക മാത്രമാണു ചെയ്തത്.—ഉല്പത്തി 4:3-16.
14. ദൈവത്തോടു വ്യക്തിപരമായി കണക്കു ബോധിപ്പിക്കുന്ന കാര്യം മഹാപുരോഹിതനായ ഏലിയുടെയും അവന്റെ പുത്രന്മാരുടെയും കാര്യത്താൽ എങ്ങനെ ദൃഷ്ടാന്തീകരിക്കപ്പെട്ടു?
14 ഒരുവൻ വ്യക്തിപരമായി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരിക്കുന്നു എന്ന സംഗതി ഇസ്രായേലിലെ മഹാപുരോഹിതനായ ഏലിയുടെ കാര്യത്തിലും ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നു. അവന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഔദ്യോഗിക പുരോഹിതന്മാരായി സേവിച്ചിരുന്നെങ്കിലും, അവർ “മനുഷ്യരോടു കാട്ടിയ അനീതിയും ദൈവത്തോടു കാട്ടിയ അനാദരവും നിമിത്തം കുറ്റക്കാരായിരുന്നു, അവർ യാതൊരുവിധ ദുഷ്ടതയിൽനിന്നും വിട്ടുനിന്നില്ല” എന്നു ചരിത്രകാരനായ ജോസീഫസ് പറയുന്നു. ‘നീചന്മാരായ’ അവർ യഹോവയെ അംഗീകരിച്ചില്ല. അവിശുദ്ധ നടപടിയിൽ ഏർപ്പെട്ടു, കടുത്ത അധാർമികത സംബന്ധിച്ചു കുറ്റക്കാരുമായിരുന്നു. (1 ശമൂവേൽ 1:3; 2:12-17, 22-25) അവരുടെ പിതാവും ഇസ്രായേലിലെ മഹാപുരോഹിതനുമെന്ന നിലയ്ക്ക് അവർക്കു ശിക്ഷണം നൽകേണ്ട ചുമതല ഏലിക്കായിരുന്നു. എന്നാൽ അവൻ അവരെ നിസ്സാരമട്ടിൽ ശാസിക്കുക മാത്രമാണു ചെയ്തത്. ഏലി ‘യഹോവയെക്കാളധികം തന്റെ പുത്രന്മാരെ ബഹുമാനിച്ചുകൊണ്ടിരുന്നു.’ (1 ശമൂവേൽ 2:29) ഏലിയുടെ ഭവനത്തിന്മേൽ പ്രതികാര നടപടി ഉണ്ടായി. പിതാവു മരിച്ച അതേ ദിവസംതന്നെ ആ രണ്ടു പുത്രന്മാരും മരിച്ചു, അവസാനം അവരുടെ പൗരോഹിത്യവംശം പൂർണമായി ഇല്ലാതായിത്തീർന്നു. അങ്ങനെ കണക്കു തീർക്കപ്പെട്ടു.—1 ശമൂവേൽ 3:13, 14; 4:11, 17, 18.
15. ശൗൽ രാജാവിന്റെ പുത്രനായ യോനാഥാനു പ്രതിഫലം ലഭിച്ചത് എന്തുകൊണ്ട്?
15 ശൗൽ രാജാവിന്റെ പുത്രനായ യോനാഥാൻ തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണു വെച്ചത്. ദാവീദ്, ഗൊല്യാത്തിനെ കൊന്ന് താമസിയാതെ, “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു,” അവർ ഒരു സൗഹൃദ ഉടമ്പടിയും ചെയ്തു. (1 ശമൂവേൽ 18:1, 3) ദൈവാത്മാവ് ശൗലിനെ വിട്ടുപോയി എന്നു യോനാഥാൻ മനസ്സിലാക്കിയിരിക്കാനിടയുണ്ട്. എന്നാൽ സത്യാരാധനയോടുള്ള അവന്റെ ഉത്സാഹം യാതൊരു കുറവുമില്ലാതെ തുടർന്നു. (1 ശമൂവേൽ 16:14) ദാവീദിന്റെ ദൈവദത്ത അധികാരത്തോടുള്ള യോനാഥാന്റെ വിലമതിപ്പിന് ഒരിക്കലും കോട്ടം തട്ടിയില്ല. ദൈവത്തോടു താൻ കണക്കു ബോധിപ്പിക്കേണ്ടവനാണെന്നു യോനാഥാൻ മനസ്സിലാക്കി. തലമുറകളോളം യോനാഥാന്റെ വംശപരമ്പര തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവന്റെ ആദരണീയ ഗതിക്കു യഹോവ പ്രതിഫലം നൽകി.—1 ദിനവൃത്താന്തം 8:33-40.
ക്രിസ്തീയ സഭയിലുള്ള കണക്കു ബോധിപ്പിക്കൽ
16. തീത്തൊസ് ആരായിരുന്നു, അവൻ തന്നെക്കുറിച്ചുതന്നെ ദൈവത്തിനു നല്ല കണക്കു നൽകി എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
16 തങ്ങളെക്കുറിച്ചുതന്നെ നല്ലൊരു കണക്കു ബോധിപ്പിച്ച അനേകം സ്ത്രീപുരുഷന്മാരെക്കുറിച്ചു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ നല്ല രീതിയിൽ പറയുന്നു. ഉദാഹരണത്തിന്, തീത്തൊസ് എന്നു പേരുള്ള ഗ്രീക്കു ക്രിസ്ത്യാനിയുടെ കാര്യമെടുക്കുക. സൈപ്രസിലേക്കുള്ള പൗലോസിന്റെ ആദ്യത്തെ മിഷനറി യാത്രയിൽ അവൻ ക്രിസ്ത്യാനിയായിത്തീർന്നുവെന്നു പറയപ്പെടുന്നു. സൈപ്രസിൽനിന്നുള്ള യഹൂദരും മതപരിവർത്തിതരും പൊ.യു. 33-ലെ പെന്തക്കോസ്തിൽ യെരുശലേമിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളതുകൊണ്ട് അതിനുശേഷം താമസിയാതെതന്നെ ക്രിസ്ത്യാനിത്വം ആ ദ്വീപിൽ എത്തിയിരിക്കാം. (പ്രവൃത്തികൾ 11:19) എന്നിരുന്നാലും, തീത്തൊസ് പൗലോസിന്റെ വിശ്വസ്തരായ സഹപ്രവർത്തകരിൽ ഒരുവനെന്നു തെളിഞ്ഞു. പരിച്ഛേദന സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെട്ട പൊ.യു. 49-നോടടുത്ത് അവൻ പൗലോസിനോടും ബർന്നബാസിനോടും കൂടെ യെരുശലേമിലേക്കു യാത്ര ചെയ്തു. ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്യുന്നവർ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ആയിരിക്കാൻ പാടില്ല എന്ന പൗലോസിന്റെ വാദഗതിക്കു ബലം നൽകുന്നതായിരുന്നു തീത്തൊസ് പരിച്ഛേദന ഏറ്റിരുന്നില്ല എന്ന വസ്തുത. (ഗലാത്യർ 2:1-3) തീത്തൊസിന്റെ നല്ല ശുശ്രൂഷയ്ക്കു തിരുവെഴുത്തുകളിൽ സാക്ഷ്യമുണ്ട്. ദിവ്യനിശ്വസ്തമായ ഒരു ലേഖനം പൗലോസ് അവന് എഴുതുകപോലും ചെയ്തു. (2 കൊരിന്ത്യർ 7:6; തീത്തൊസ് 1:1-4) തെളിവനുസരിച്ച് തന്റെ ഭൗമിക ജീവിതഗതിയുടെ അവസാനംവരെ ദൈവത്തോടു തന്നെക്കുറിച്ചുതന്നെ നല്ലൊരു കണക്കു ബോധിപ്പിക്കുന്നതിൽ തീത്തൊസ് തുടർന്നു.
17. തിമൊഥെയൊസ് എങ്ങനെയുള്ള കണക്കാണു നൽകിയത്, ആ മാതൃകയ്ക്കു നമ്മെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?
17 തന്നെക്കുറിച്ചുതന്നെ യഹോവയാം ദൈവത്തിനു നല്ലൊരു കണക്കു നൽകിയ തീക്ഷ്ണതയുള്ള മറ്റൊരു വ്യക്തിയായിരുന്നു തിമൊഥെയൊസ്. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവൻ “നിർവ്യാജവിശ്വാസം” പ്രകടമാക്കുകയും ‘പൗലോസിനോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്യുകയും’ ചെയ്തു. അതുകൊണ്ട് ഫിലിപ്പിയിലുണ്ടായിരുന്ന സഹക്രിസ്ത്യാനികളോട് അപ്പോസ്തലനായ പൗലോസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.” (2 തിമൊഥെയൊസ് 1:5; ഫിലിപ്പിയർ 2:20, 22; 1 തിമൊഥെയൊസ് 5:23) മാനുഷിക ബലഹീനതകളും മറ്റു പരിശോധനകളുമൊക്കെയുണ്ടെങ്കിലും, നമുക്കും നിഷ്കപടമായ വിശ്വാസമുണ്ടായിരിക്കാനും ദൈവത്തിനു നമ്മെ സംബന്ധിച്ച സ്വീകാര്യമായ ഒരു കണക്കു ബോധിപ്പിക്കാനും കഴിയും.
18. ലുദിയ ആരായിരുന്നു, അവൾ എന്തു മനോഭാവമാണു പ്രകടമാക്കിയത്?
18 തെളിവനുസരിച്ച് തന്നെക്കുറിച്ചു ദൈവത്തോടു നല്ല ഒരു കണക്കു ബോധിപ്പിച്ച ദൈവഭക്തയായ ഒരു സ്ത്രീയായിരുന്നു ലുദിയ. ഏതാണ്ട് പൊ.യു. 50-നോടടുത്ത് ഫിലിപ്പിയിലെ പൗലോസിന്റെ പ്രവർത്തനത്തിന്റെ ഫലമായി യൂറോപ്പിൽ ആദ്യമായി ക്രിസ്ത്യാനിത്വം സ്വീകരിച്ചവരിൽ അവളും കുടുംബവും ഉൾപ്പെട്ടിരുന്നു. തുയഥൈരക്കാരിയായ ലുദിയ സാധ്യതയനുസരിച്ച് ഒരു യഹൂദ മതപരിവർത്തിതയായിരുന്നു. ഫിലിപ്പിയിൽ ഏതാനും യഹൂദന്മാർ ഉണ്ടായിരുന്നിരിക്കാമെങ്കിലും സിനഗോഗൊന്നുമുണ്ടായിരുന്നില്ല. അവളും ഭക്തരായ മറ്റു സ്ത്രീകളും ഒരു നദിക്കരികെ കൂടിവന്നപ്പോഴാണു പൗലോസ് അവരോടു സംസാരിച്ചത്. തത്ഫലമായി ക്രിസ്ത്യാനി ആയിത്തീർന്ന ലുദിയ തന്നോടൊപ്പം താമസിക്കാൻ പൗലോസിനെയും അവന്റെ സഹകാരികളെയും നിർബന്ധിച്ചു. (പ്രവൃത്തികൾ 16:12-15) ലുദിയ കാണിച്ച അതിഥിപ്രിയം യഥാർഥ ക്രിസ്ത്യാനികളുടെ ഒരു മുഖമുദ്രയായി നിലകൊള്ളുന്നു.
19. ഏതു സത്പ്രവൃത്തികളാലാണു ദൈവത്തിനു തന്നെക്കുറിച്ചുതന്നെയുള്ള ഒരു കണക്ക് തബീഥാ നൽകിയത്?
19 തന്നെക്കുറിച്ചുതന്നെ യഹോവയാം ദൈവത്തിനു നല്ലൊരു കണക്കു നൽകിയ മറ്റൊരു സ്ത്രീയായിരുന്നു തബീഥാ. അവൾ മരിച്ചപ്പോൾ, യോപ്പയിൽ താ മസിച്ചിരുന്ന ശിഷ്യന്മാരുടെ അഭ്യർഥനയെ മാനിച്ചു പത്രൊസ് അവിടേക്കു പോയി. പത്രൊസിനെ കണ്ടുമുട്ടിയ രണ്ടു പുരുഷന്മാർ “അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.” തബീഥാ ജീവനിലേക്കു തിരികെ കൊണ്ടുവരപ്പെട്ടു. എന്നാൽ അവൾ കാണിച്ച കുലീനമായ ഔദാര്യമനസ്ഥിതി നിമിത്തം മാത്രമാണോ അവളെ ഓർക്കേണ്ടത്? അല്ല. അവൾ ഒരു “ശിഷ്യ” ആയിരുന്നു, തീർച്ചയായും ശിഷ്യരാക്കൽ വേലയിൽ അവൾ ഏർപ്പെട്ടിട്ടുമുണ്ടാവണം. സമാനമായി ഇന്നു ക്രിസ്തീയ വനിതകൾ ‘സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോരുന്നു.’ രാജ്യത്തിന്റെ സുവാർത്ത പ്രഘോഷിക്കുന്നതിലും ശിഷ്യരെ ഉളവാക്കുന്നതിലും സജീവമായ ഒരു പങ്കുണ്ടായിരിക്കുന്നതിലും അവർ സന്തോഷിക്കുന്നു.—പ്രവൃത്തികൾ 9:36-42; മത്തായി 24:14; 28:19, 20.
20. ഏതെല്ലാം ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കാവുന്നതാണ്?
20 പരമാധീശ കർത്താവായ യഹോവയാം ദൈവത്തോടു ജനതകളും വ്യക്തികളും കണക്കു ബോധിപ്പിക്കേണ്ടതാണെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (സെഫന്യാവു 1:7) നാം ദൈവത്തിനു സമർപ്പിതരാണെങ്കിൽ, ‘ദൈവദത്തമായ എന്റെ പദവികളെയും ചുമതലകളെയും ഞാൻ എങ്ങനെ വീക്ഷിക്കുന്നു? എന്നെക്കുറിച്ചുതന്നെ എങ്ങനെയുള്ള കണക്കാണു ഞാൻ യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും നൽകുന്നത്?’ എന്നു നമുക്കു സ്വയം ചോദിക്കാവുന്നതാണ്.
നിങ്ങളുടെ ഉത്തരങ്ങൾ എന്ത്?
◻ ദൂതന്മാരും ദൈവപുത്രനും യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാണെന്നു നിങ്ങൾ എങ്ങനെ തെളിയിക്കും?
◻ ദൈവം ജനതകളോടു കണക്കു ചോദിക്കുന്നുവെന്നു കാണിക്കുന്ന എന്തു ബൈബിൾ ഉദാഹരണങ്ങളുണ്ട്?
◻ ദൈവത്തോടു വ്യക്തിപരമായി കണക്കു ബോധിപ്പിക്കുന്നതു സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു?
◻ ബൈബിൾ രേഖയിൽ യഹോവയാം ദൈവത്തിനു നല്ലൊരു കണക്കു നൽകിയവരിൽ ചിലർ ആരായിരുന്നു?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
യേശുക്രിസ്തു തന്റെ സ്വർഗീയ പിതാവിനു തന്നെക്കുറിച്ചുതന്നെ നല്ലൊരു കണക്കു നൽകി
[15-ാം പേജിലെ ചിത്രം]
തബീഥായെപ്പോലെ, ഇന്നു ക്രിസ്തീയ സ്ത്രീകൾ തങ്ങളെക്കുറിച്ചുതന്നെ നല്ലൊരു കണക്കു യഹോവയാം ദൈവത്തിനു നൽകുന്നു
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Death of Abel/The Doré Bible Illustrations/Dover Publications, Inc.