ഒരു ഏകീകൃത കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നു
ഒരു ഏകീകൃത കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നു
ആന്റോണ്യൂ സാന്റോലെറി പറഞ്ഞപ്രകാരം
എന്റെ പിതാവ് 1919-ൽ ഇറ്റലി വിട്ടപ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു. മെച്ചപ്പെട്ട ജീവിതം തേടി അദ്ദേഹം ബ്രസീലിലേക്കു താമസംമാറ്റി. ക്രമേണ, സാവൊ പൗലോ സംസ്ഥാനത്തിന്റെ ഉൾപ്രദേശത്ത് ഒരു കൊച്ചു പട്ടണത്തിൽ അദ്ദേഹം ഒരു ക്ഷൗരക്കട തുടങ്ങി.
എനിക്ക് ഏഴു വയസ്സുള്ളപ്പോൾ, 1938-ൽ ഒരു ദിവസം, പിതാവ് തന്റെ കട സന്ദർശിച്ച ഒരു മനുഷ്യനിൽനിന്നു ബ്രാസിലെയ്റ ബൈബിൾ ഭാഷാന്തരം കൈപ്പറ്റി. രണ്ടു വർഷത്തിനുശേഷം അമ്മ ഗുരുതരമായി രോഗഗ്രസ്തയായി, മരിക്കുന്നതുവരെ അവർ അശക്തയായിരുന്നു. പിതാവും രോഗിയായിത്തീർന്നു. അതുകൊണ്ടു ഞങ്ങൾ—മാതാവും പിതാവും സഹോദരി ആനെയും ഞാനും—സാവൊ പൗലോ നഗരത്തിലുള്ള ബന്ധുക്കളോടൊപ്പം താമസിക്കാൻ പോയി.
സാവൊ പൗലോയിലെ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഉത്സുകനായ വായനക്കാരനായി, പ്രത്യേകിച്ചും ചരിത്ര ലേഖനങ്ങളുടെ. അതിൽ ഇടയ്ക്കെല്ലാം ബൈബിളിനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നതിൽ എനിക്കു മതിപ്പുതോന്നി. ഞാൻ സാവൊ പൗലോ പൊതു ഗ്രന്ഥശാലയിൽനിന്നെടുത്ത ഒരു സാങ്കൽപ്പിക കഥയിൽ പലതവണ ഗിരിപ്രഭാഷണത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അന്നാണു ഞാൻ ബൈബിൾ കരസ്ഥമാക്കി ആ ഗിരിപ്രഭാഷണം സ്വയം വായിക്കാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പു പിതാവു വാങ്ങിയ ബൈബിൾ ഞാൻ തേടാൻ തുടങ്ങി. ഒടുവിൽ ട്രങ്കിന്റെ അടിയിൽനിന്ന് അതെനിക്കു കിട്ടി. ഏഴു വർഷം അത് അവിടെ വെറുതെ കിടക്കുകയായിരുന്നു.
ഞങ്ങളുടേതു കത്തോലിക്കാ കുടുംബമായിരുന്നു. അതുകൊണ്ട്, ബൈബിൾ വായിക്കാൻ ഒരിക്കലും എനിക്കു പ്രോത്സാഹനം ലഭിച്ചിരുന്നില്ല. ഇപ്പോൾ സ്വന്തമായി അധ്യായങ്ങളും വാക്യങ്ങളും എടുത്തു പരിശോധിക്കാൻ ഞാൻ പഠിച്ചു. ഗിരിപ്രഭാഷണം മാത്രമല്ല മത്തായിയുടെ മുഴു പുസ്തകവും മറ്റു ബൈബിൾ പുസ്തകങ്ങളും വളരെയധികം സന്തോഷത്തോടെ ഞാൻ വായിച്ചു. യേശുവിന്റെ പഠിപ്പിക്കലുകളും അത്ഭുതങ്ങളും അവതരിപ്പിച്ച സത്യത്തിന്റെ ധ്വനിയാണ് എന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയത്.
ഞാൻ ബൈബിളിൽനിന്നു വായിച്ചതിൽനിന്ന് എത്ര വ്യത്യസ്തമാണു കത്തോലിക്കാ മതം എന്നു തിരിച്ചറിഞ്ഞു ഞാൻ പ്രസ്ബിറ്റേറിയൻ പള്ളിയിൽ ഹാജരാകാൻ തുടങ്ങി. ആനെയും എന്നോടൊപ്പം പോന്നു. എന്നിട്ടും എന്റെ ഹൃദയത്തിൽ ഒരു ശൂന്യത അനുഭവപ്പെട്ടു. വർഷങ്ങളായി ഉത്സുകതയോടെ ഞാൻ ദൈവത്തെ തേടുകയായിരുന്നു. (പ്രവൃത്തികൾ 17:27) നക്ഷത്ര നിബിഡമായ ഒരു രാത്രിയിൽ വിഷാദചിത്തനായിരിക്കെ ഞാൻ ആലോചിച്ചു, ‘ഞാൻ എന്തിനാണ് ഇവിടെ ജീവിക്കുന്നത്? ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്?’ വീടിന്റെ പിറകുവശത്ത് ഒഴിഞ്ഞ ഒരിടത്തു ഞാൻ മുട്ടിൽനിന്നു പ്രാർഥിച്ചു: ‘കർത്താവായ ദൈവമേ! നീ ആരാണ്? എനിക്കെങ്ങനെ നിന്നെ അറിയാൻ കഴിയും?’ അതേത്തുടർന്ന് ഏറെത്താമസിയാതെ ഉത്തരം ലഭിച്ചു.
ബൈബിൾ സത്യം പഠിക്കുന്നു
1949-ൽ ഒരു ദിവസം പിതാവ് തെരുവുകാറിൽനിന്ന് ഇറങ്ങിയപ്പോൾ ഒരു യുവതി അദ്ദേഹത്തെ സമീപിച്ചു. അവർ അദ്ദേഹത്തിനു വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിച്ചു. അദ്ദേഹം വീക്ഷാഗോപുരത്തിനു വരിസംഖ്യ എടുക്കുകയും പ്രസ്ബിറ്റേറിയൻ പള്ളിയിൽപോകുന്ന രണ്ടു കുട്ടികൾ തനിക്കുണ്ടെന്നു വിശദീകരിച്ചിട്ടു ഞങ്ങളുടെ വീടു സന്ദർശിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ആ സ്ത്രീ സന്ദർശിച്ച് കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ആനെക്കു നൽകുകയും ബൈബിളധ്യയനം തുടങ്ങുകയും ചെയ്തു. പിന്നീടു ഞാൻ അധ്യയനത്തിനു ചേർന്നു.
1950 നവംബറിൽ ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ കൺവെൻഷനു ഹാജരായി. അവിടെവെച്ച്, “ദൈവം സത്യവാൻ” എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ഞങ്ങൾ ആ പുസ്തകം വഴികാട്ടിയായി ഉപയോഗിച്ചു ബൈബിളധ്യയനം തുടർന്നു. അതിനുശേഷം പെട്ടെന്നുതന്നെ സത്യം കണ്ടെത്തിയെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. 1951 ഏപ്രിലിൽ യഹോവയോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞങ്ങൾ സ്നാപനമേറ്റു. ഏതാനും വർഷങ്ങൾക്കു ശേഷം പിതാവും സമർപ്പണം നടത്തി, 1982-ൽ മരിക്കുന്നതുവരെ അദ്ദേഹം ദൈവത്തോടു വിശ്വസ്തനായിരുന്നു.
മുഴുസമയ സേവനത്തിൽ സന്തുഷ്ടൻ
1954 ജനുവരിയിൽ എനിക്കു വെറും 22 വയസ്സുള്ളപ്പോൾ യഹോവയുടെ സാക്ഷികളുടെ ബെഥേൽ എന്നു വിളിക്കുന്ന ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കാൻ എന്നെ വിളിച്ചു. അവിടെ എത്തിയപ്പോൾ, എന്നെക്കാൾ വെറും രണ്ടു വയസ്സിനു മൂത്ത റിച്ചാർഡ് മൂക്കയാണു ബ്രാഞ്ച് മേൽവിചാരകനെന്നു കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. 1955-ൽ സർക്കിട്ട് ദാസന്മാരുടെ—സഞ്ചാരമേൽവിചാരകന്മാരെ അന്ന് അങ്ങനെയാണു വിളിച്ചിരുന്നത്—ആവശ്യം വന്നപ്പോൾ ആ സേവനത്തിൽ പങ്കുപറ്റാൻ ക്ഷണിക്കപ്പെട്ട അഞ്ചുപേരിൽ ഒരാളായിരുന്നു ഞാൻ.
റയോ ഗ്രാൻഡെ ഡൊ സൂളിലേക്കായിരുന്നു എന്റെ നിയമനം. ഞാൻ തുടക്കമിട്ടപ്പോൾ യഹോവയുടെ സാക്ഷികളുടെ വെറും 8 സഭകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 18 മാസത്തിനകം 2 പുതിയ സഭകളും 20 ഒറ്റപ്പെട്ട സമൂഹങ്ങളും സ്ഥാപിതമായി. ഇന്ന് ആ പ്രദേശത്ത് ഏകദേശം 20 സഭകൾ വീതമുള്ള, യഹോവയുടെ സാക്ഷികളുടെ 15 സർക്കിട്ടുകളുണ്ട്! 1956-ന്റെ അവസാനത്തോടെ എന്റെ സർക്കിട്ട് നാലു ചെറിയ സർക്കിട്ടുകളായി വിഭജിക്കപ്പെട്ടുവെന്നും നാലു സർക്കിട്ട് ദാസന്മാർ അവയിൽ സേവിക്കുമെന്നും എന്നോടു പറഞ്ഞു. അപ്പോൾ ഒരു പുതിയ നിയമനത്തിനു ബെഥേലിലേക്കു മടങ്ങാൻ എന്നോടു നിർദേശിച്ചു.
ഉത്തര ബ്രസീലിൽ ഒരു ഡിസ്ട്രിക്റ്റ് ദാസനായുള്ള—നിരവധി സർക്കിട്ടുകൾ സേവിക്കുന്ന ഒരു സഞ്ചാര ശുശ്രൂഷകൻ—എന്റെ നിയമനം എന്നെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ബ്രസീലിൽ അന്നു 12,000 യഹോവയുടെ സാക്ഷികളും രണ്ടു ഡിസ്ട്രിക്റ്റുകളും ഉണ്ടായിരുന്നു. റിക്കാർട്ട് വുട്ട്കെ തെക്കു സേവനമനുഷ്ഠിച്ചു, ഞാൻ വടക്കുള്ള ഡിസ്ട്രിക്റ്റിലും. പുതിയ ലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്), പുതിയ ലോക സമുദായത്തിന്റെ സന്തോഷം (ഇംഗ്ലീഷ്) എന്നിങ്ങനെ യഹോവയുടെ സാക്ഷികൾ നിർമിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു പ്രൊജക്ടർ പ്രവർത്തിപ്പിക്കുവാൻ ഞങ്ങൾക്കു ബെഥേലിൽവെച്ചു പരിശീലനം ലഭിച്ചു.
അന്നത്തെക്കാലത്തു യാത്ര വ്യത്യസ്തമായിരുന്നു. സാക്ഷികൾക്കാർക്കും മോട്ടോർ വാഹനമില്ലായിരുന്നു. അതുകൊണ്ടു ഞാൻ വള്ളത്തിലും തുഴത്തോണിയിലും കാളവണ്ടിയിലും കുതിരപ്പുറത്തും ചരക്കുവണ്ടിയിലും ട്രക്കിലും ഒരിക്കൽ വിമാനത്തിലും യാത്രചെയ്തു. ആമസോണിന്റെ പ്രവേശന ഭാഗത്തുള്ള ബലെമിനും ആമസോണാസ്
സംസ്ഥാനത്തിന്റെ തലസ്ഥാനമായ മനൗസിനും മധ്യേയുള്ള നഗരമായ സന്ററിമിൽ വിമാനമിറങ്ങുന്നതിന് ആമസോൺ വനത്തിനു മുകളിലൂടെയുള്ള പറക്കൽ പുളകപ്രദമായിരുന്നു. അന്നൊക്കെ ഡിസ്ട്രിക്റ്റ് ദാസന്മാർക്കു ചുരുക്കം സർക്കിട്ട് സമ്മേളനങ്ങളിൽ സേവിച്ചാൽ മതിയായിരുന്നു. അതുകൊണ്ടു ഞാൻ സൊസൈറ്റിയുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ട് എന്റെ സമയത്തിലധികവും ചെലവഴിച്ചു. വലിയ നഗരങ്ങളിൽ നൂറുകണക്കിനുപേർ ഹാജരായി.ഉത്തര ബ്രസീലിൽ എന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയത് ആമസോൺ മേഖലയാണ്. 1957 ഏപ്രിലിൽ ഞാൻ അവിടെ സേവനമനുഷ്ഠിക്കുമ്പോൾ ആമസോൺ നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകി. ചിത്രങ്ങളിലൊന്ന്, വനത്തിനുള്ളിൽ രണ്ടു മരങ്ങൾക്കിടയിലായി കെട്ടിയ തത്ക്ഷണ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. പ്രൊജക്ടറിന് ആവശ്യമായിരുന്ന വൈദ്യുതി സമീപത്തൊരു നദിയിൽ നങ്കൂരമടിച്ചിരുന്ന യന്ത്രബോട്ടിൽനിന്നു ലഭിച്ചു. സദസ്യരിൽ ഭൂരിപക്ഷവും ആദ്യമായി കണ്ട ചിത്രം അതായിരുന്നു.
അതിനുശേഷം ഉടൻതന്നെ ഞാൻ ബെഥേൽ സേവനത്തിലേക്കു മടങ്ങി. പിറ്റേ വർഷം, 1958-ൽ ന്യൂയോർക്ക് നഗരത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “ദിവ്യ ഹിതം” എന്ന സാർവദേശീയ സമ്മേളനത്തിൽ പങ്കുപറ്റുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. എട്ടു ദിവസം നീണ്ടുനിന്ന കൺവെൻഷന്റെ സമാപന ദിവസം യാങ്കീ സ്റ്റേഡിയത്തിലും സമീപത്തുള്ള പോളോ ഗ്രൗണ്ട്സിലും നിറഞ്ഞിരുന്ന 2,53,922 പേരിൽ 123 ദേശത്തുനിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു.
എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ആസ്വദിക്കുന്നു
ബെഥേലിലേക്കു മടങ്ങി അധികം താമസിയാതെ ഞാൻ ക്ലാര ബെർൻറിനെ പരിചയപ്പെട്ടു. 1959 മാർച്ചിൽ ഞങ്ങൾ വിവാഹിതരായി. ബഹീയ സംസ്ഥാനത്തിൽ സർക്കിട്ട് വേലയ്ക്കു ഞങ്ങൾക്കു നിയമനം
ലഭിച്ചു. അവിടെ ഞങ്ങൾ ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. അവിടെയുള്ള സഹോദരങ്ങളുടെ താഴ്മയും അതിഥിപ്രിയവും തീക്ഷ്ണതയും സ്നേഹവും ഞാനും ക്ലാരയും ഇപ്പോഴും ഓർക്കുന്നു; അവർ ഭൗതികമായി ദരിദ്രരായിരുന്നു എന്നാൽ രാജ്യ ഫലത്തിൽ സമ്പന്നരും. പിന്നീടു ഞങ്ങൾക്കു സാവൊ പൗലോ സംസ്ഥാനത്തിലേക്കു സ്ഥലംമാറ്റം കിട്ടി. 1960-ൽ അവിടെവച്ചാണു ഭാര്യ ഗർഭവതിയായത്. ഞങ്ങൾക്കു മുഴുസമയ ശുശ്രൂഷ വിടേണ്ടിവന്നു.ഭാര്യയുടെ ജന്മനാടായ സാന്റകട്ടറിന സംസ്ഥാനത്തിലെ ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ അഞ്ചു മക്കളിൽ മൂത്തതു ഗെർസോൻ ആയിരുന്നു. അവനുശേഷം 1962-ൽ ഗിൽസനും 1965-ൽ ടലിറ്റയും 1969-ൽ റ്റാർസിയോയും 1974-ൽ ജാനിസിയും പിറന്നു. യഹോവയുടെ സഹായവും അവൻ നൽകുന്ന നല്ല ബുദ്ധ്യുപദേശവും നിമിത്തം അവരെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾക്കു കഴിഞ്ഞു.—എഫെസ്യർ 6:4.
ഞങ്ങളുടെ കുട്ടികളിലോരോരുത്തരെയും ഞങ്ങൾ വിലയേറിയതായി പരിഗണിക്കുന്നു. “മക്കൾ, യഹോവ നല്കുന്ന അവകാശ”മാണെന്നു പറഞ്ഞപ്പോൾ സങ്കീർത്തനക്കാരൻ ഞങ്ങളുടെ വികാരങ്ങളെ സുസ്പഷ്ടമാക്കി. (സങ്കീർത്തനം 127:3) പ്രശ്നങ്ങളുണ്ടായിരുന്നിട്ടും, “യഹോവ നല്കുന്ന” ഏതൊരു “അവകാശ”വും പോലെ അവന്റെ വചനത്തിലുള്ള നിർദേശങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ടു ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ പരിപാലിച്ചു. പ്രതിഫലങ്ങൾ അനേകമാണ്. അവർ അഞ്ചുപേരും യഥാക്രമം, സ്വന്തം ആഗ്രഹപ്രകാരം യഹോവയോടുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേൽക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ ഞങ്ങൾക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.—സഭാപ്രസംഗി 12:1.
ഞങ്ങളുടെ കുട്ടികളുടെ തിരഞ്ഞെടുപ്പുകൾ
ഡേറ്റാ പ്രൊസസിങ്ങിൽ ഒരു വർഷത്തെ കോഴ്സിനുശേഷം ഔദ്യോഗിക ജീവിതവൃത്തി തേടുന്നതിനുപകരം ബെഥേൽ സേവനത്തിനു പോകാൻ, അങ്ങനെ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ, ഗെർസോൻ ആഗ്രഹിക്കുന്നുവെന്നുപറഞ്ഞപ്പോൾ ഞങ്ങൾ അതിയായി ആഹ്ളാദിച്ചു. എന്നാൽ ഗെർസോനെ സംബന്ധിച്ചിടത്തോളം ബെഥേൽ ജീവിതം ആദ്യമൊക്കെ എളുപ്പമായിരുന്നില്ല. അവൻ ബെഥേലിൽ എത്തി നാലു മാസം കഴിഞ്ഞ് അവനെ സന്ദർശിച്ചു മടങ്ങാൻ നേരം അവന്റെ മുഖത്തു പ്രകടമായ ദുഃഖഭാവം എന്നെ സ്തബ്ധനാക്കി. ഞങ്ങൾ റോഡിൽ ആദ്യത്തെ വളവു തിരിയുന്നതുവരെ അവൻ ഞങ്ങളെ നോക്കിനിൽക്കുന്നതു ഞാൻ കാറിന്റെ റിയർവ്യൂ കണ്ണാടിയിലൂടെ കണ്ടു. വീട്ടിലേക്കുള്ള 700 കിലോമീറ്റർവരുന്ന യാത്ര തുടരുന്നതിനുമുമ്പു വണ്ടി റോഡരുകിൽ നിർത്തത്തക്കവണ്ണം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഗെർസോൻ ബെഥേൽ വാസ്തവത്തിൽ ആസ്വദിക്കാനിടയായി. അവിടെ ഏതാണ്ട് ആറു വർഷമായപ്പോൾ അവൻ ഹൈഡി ബെസറിനെ വിവാഹം കഴിച്ചു. അവർ ഒരുമിച്ചു വീണ്ടും രണ്ടു വർഷം ബെഥേലിൽ സേവനമനുഷ്ഠിച്ചു. ഹൈഡി പിന്നീടു ഗർഭിണിയായി, അവർക്കു ബെഥേലിൽനിന്നു പോരേണ്ടിവന്നു. അവരുടെ മകൾ സിൻഡ്യക്ക് ഇപ്പോൾ ആറു വയസ്സുണ്ട്. രാജ്യ പ്രവർത്തനങ്ങളിൽ അവൾ അവരെ അനുഗമിക്കുന്നു.
ഗെർസോനെ സന്ദർശിച്ച് അധികമാകുന്നതിനുമുമ്പ്, ആയിടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ആദ്യവർഷം ചെലവഴിച്ച ഗിൽസൻ തനിക്കും ബെഥേലിൽ സേവനമനുഷ്ഠിക്കണമെന്നു പറഞ്ഞു. ബെഥേലിൽ ഒരു വർഷം ചെലവഴിച്ചശേഷം ബിസിനസ് കോഴ്സ് പൂർത്തിയാക്കാനായിരുന്നു അവന്റെ പരിപാടി. എന്നാൽ അവന്റെ പരിപാടിയിൽ മാറ്റം വരുകയും അവൻ ബെഥേലിൽതന്നെ തുടരുകയും ചെയ്തു. 1988-ൽ അവൻ, ഒരു പയനിയറായിരുന്ന—മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്—വിവിയൻ ഗോൺസാൽവിസിനെ വിവാഹം കഴിച്ചു. അന്നുമുതൽ അവർ ഒരുമിച്ചു ബെഥേലിൽ സേവിച്ചുവരുന്നു.
ഞങ്ങളുടെ മൂന്നാമത്തെ കുട്ടി, ടലിറ്റ ഡ്രാഫ്റ്റിങ്ങിൽ കോഴ്സു പൂർത്തിയാക്കിയ ശേഷം 1986-ൽ പയനിയർ സേവനത്തിൽ ഏർപ്പെടാൻ തീരുമാനിച്ചപ്പോൾ ഞങ്ങളുടെ സന്തോഷം തുടർന്നു. മൂന്നു വർഷത്തിനുശേഷം അവളെയും ബെഥേലിലേക്കു ക്ഷണിച്ചു. 1991-ൽ അവൾ, ബെഥേലിൽ പത്തു വർഷമായി സേവനമനുഷ്ഠിച്ചിരുന്ന ഴൂസെ കോസിയെ വിവാഹം കഴിച്ചു. അവർ അവിടെ വിവാഹിത ദമ്പതികളായി തുടരുന്നു.
“ഡാഡീ, എനിക്കു ബെഥേലിൽ പോകണം.” നേരത്തെ മൂന്നുപ്രാവശ്യം കേട്ട അതേ വാചകം അടുത്ത മകൻ റ്റാർസിയോ ആവർത്തിച്ചപ്പോൾ ഭാര്യയും ഞാനും വീണ്ടും ആനന്ദഭരിതരായി. അവന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു, 1991-ൽ അവനും ബെഥേൽ സേവനം തുടങ്ങി. 1995 വരെ അവൻ അവിടെ സേവിച്ചു. ഈ വിധത്തിൽ മൂന്നു വർഷത്തിലധികം അവൻ തന്റെ യുവചൈതന്യം യഹോവയുടെ രാജ്യ താത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ ഉപയോഗിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
ഞങ്ങളുടെ ഇളയ മകൾ ജാനിസി യഹോവയെ സേവിക്കാൻ തീരുമാനിച്ചുകൊണ്ടു 13-ാം വയസ്സിൽ സ്നാപനമേറ്റു. അവൾ സ്കൂളിൽ പഠിക്കവേ ഒരു വർഷം സഹായ പയനിയറായി സേവിച്ചു. പിന്നീട്,
1993 സെപ്റ്റംബർ 1-ന് അവൾ ഗാസ്പാർ നഗരത്തിലുള്ള ഞങ്ങളുടെ സഭയിൽ ഒരു നിരന്തര പയനിയറായി സേവനം തുടങ്ങി.വിജയവീഥി
ഒരു കുടുംബത്തെ യഹോവയുടെ ആരാധനയിൽ ഏകീകൃതമായി നിർത്തുന്നതിനുള്ള രഹസ്യമെന്താണ്? എന്തെങ്കിലും മാന്ത്രികസൂത്രം ഉള്ളതായി ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്തീയ മാതാപിതാക്കൾക്കു പിൻപറ്റാനുള്ള ബുദ്ധ്യുപദേശം യഹോവ തന്റെ വചനത്തിൽ പ്രദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, ഞങ്ങൾ ആസ്വദിച്ചിരിക്കുന്ന എല്ലാ നല്ല ഫലങ്ങൾക്കുമുള്ള ബഹുമതി യഹോവയ്ക്കു പോകണം. ഞങ്ങൾ കേവലം അവന്റെ മാർഗനിർദേശങ്ങൾ പിൻപറ്റാൻ ശ്രമിച്ചുവെന്നുമാത്രം. (സദൃശവാക്യങ്ങൾ 22:6) ഞങ്ങളുടെ മക്കൾക്കെല്ലാം എന്നിൽനിന്നു ലാറ്റിൻ മനോഭാവവും അവരുടെ അമ്മയിൽനിന്ന് ഒരു പ്രായോഗിക ജർമൻ മനോഭാവവും കിട്ടിയിട്ടുണ്ട്. എന്നാൽ, ഞങ്ങളിൽനിന്ന് അവർക്കു ലഭിച്ച സുപ്രധാന സംഗതി ഒരു ആത്മീയ അവകാശമാണ്.
ഞങ്ങളുടെ കുടുംബജീവിതം രാജ്യ താത്പര്യങ്ങളെ ചുറ്റിപ്പറ്റിനിന്നു. ഈ താത്പര്യങ്ങൾ പ്രഥമസ്ഥാനത്തു വയ്ക്കുന്നത് എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്, എല്ലായ്പോഴും ക്രമമായ ഒരു ബൈബിളധ്യയനം നടത്തുന്നതു ഞങ്ങൾക്കു ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരിക്കലും ഞങ്ങൾ അതു വേണ്ടന്നുവെച്ചില്ല. ഞങ്ങളുടെ കുട്ടികളുടെ ജീവിതത്തിന്റെ ആദ്യനാളുകൾ മുതൽ ഓരോരുത്തരെയും ക്രിസ്തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൊണ്ടുപോയിരുന്നു. രോഗമോ മറ്റെന്തെങ്കിലും അത്യാവശ്യമോ മാത്രമേ അവയിൽ പങ്കെടുക്കുന്നതിൽനിന്നു ഞങ്ങളെ തടഞ്ഞുള്ളൂ. അതിനുപുറമേ, ഇളംപ്രായത്തിൽതന്നെ ക്രിസ്തീയ ശുശ്രൂഷയിൽ കുട്ടികൾ ഞങ്ങളെ അനുഗമിച്ചു.
കുട്ടികൾക്ക് ഏതാണ്ടു പത്തു വയസ്സുള്ളപ്പോൾ അവർ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗം നടത്താൻ തുടങ്ങി. അവരുടെ ആദ്യത്തെ പ്രസംഗങ്ങൾ തയ്യാറാകുന്നതിനു ഞങ്ങൾ അവരെ സഹായിച്ചു. ലിഖിതപ്രസംഗത്തിനു പകരം ബാഹ്യരേഖാപ്രസംഗം നടത്താൻ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു. പിന്നീട്, ഓരോരുത്തരും താന്താന്റെ പ്രസംഗം തയ്യാറാക്കി. മാത്രമല്ല, 10-നും 12-നുമിടയ്ക്കു പ്രായമുള്ളപ്പോൾ അവർ ഓരോരുത്തരും ക്രമമായി ശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങി. അവർക്കറിയാവുന്ന ജീവിതരീതി അതുമാത്രമായിരുന്നു.
ഭാര്യ ക്ലാര കുട്ടികളെ വളർത്തുന്നതിൽ മർമപ്രധാനമായ ഒരു പങ്കു വഹിച്ചു. അവർ കൊച്ചു കുട്ടികളായിരുന്നപ്പോൾ—ഒരു കുട്ടി പഠിപ്പിക്കപ്പെടുന്ന എല്ലാ വിവരവും സ്പോഞ്ചുപോലെ വലിച്ചെടുക്കുന്ന സമയം—എന്നും രാത്രി ക്ലാര അവരെ ഒരു ബൈബിൾ കഥ വായിച്ചുകേൾപ്പിക്കുകയും ഓരോരുത്തരോടുമൊപ്പം പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്), മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, എന്റെ ബൈബിൾ കഥാപുസ്തകം എന്നീ പുസ്തകങ്ങൾ അവൾ നന്നായി പ്രയോജനപ്പെടുത്തി. a യഹോവയുടെ സാക്ഷികൾ പ്രദാനം ചെയ്യുന്ന ദൃശ്യ-ശ്രവ്യ സഹായികൾ ലഭ്യമായപ്പോൾ അവയും ഞങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.
ക്രിസ്തീയ മാതാപിതാക്കളെന്ന നിലയിലുള്ള ഞങ്ങളുടെ അനുഭവം കുട്ടികൾക്ക് അനുദിനം ശ്രദ്ധ ആവശ്യമാണെന്നു സ്ഥിരീകരിക്കുന്നു. കലവറയില്ലാത്ത സ്നേഹം, വ്യക്തിഗത താത്പര്യം, ധാരാളം സമയം എന്നിവ കൊച്ചുകുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങൾ കഴിവിന്റെ പരമാവധി നിർവഹിക്കുന്നതു മാതാപിതാക്കളെന്ന നിലയിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നു വീക്ഷിക്കുക മാത്രമല്ല, അപ്രകാരം ചെയ്യുന്നതിലൂടെ വളരെയധികം സന്തോഷവും ഞങ്ങൾ കൊയ്തെടുത്തു.
“മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ” എന്ന സങ്കീർത്തനം 127:3-5-ലെ വാക്കുകളുടെ പൂർത്തി കൈവരിക്കുന്നതു വാസ്തവമായും മാതാപിതാക്കൾക്കു തൃപ്തിയേകുന്നു. ഒരു ഏകീകൃത കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നതു വാസ്തവമായും ഞങ്ങൾക്ക് ആനന്ദമേകിയിരിക്കുന്നു!
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
[26-ാം പേജിലെ ചിത്രം]
ആന്റോണ്യൂ സാന്റോലെറി തന്റെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം