നാം സ്വപ്നം കാണണം
നാം സ്വപ്നം കാണണം
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ഉണ്ടെന്നു കരുതുന്നതാവും ശരി. കാരണം, സ്വപ്നം കാണാറില്ലെന്ന് അവകാശപ്പെട്ടാൽത്തന്നെയും ഉറങ്ങുമ്പോൾ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. എല്ലാ സ്വപ്നങ്ങളിലും 95-ലധികം ശതമാനം സ്വപ്നങ്ങൾ ഓർമിക്കപ്പെടുന്നില്ലെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഓർമിക്കുന്നത് ഏതെല്ലാമാണ്? വാസ്തവത്തിൽ, നാം സാധാരണ ഓർമിക്കുന്നത് ഉണരുന്നതിനു തൊട്ടുമുമ്പു കാണുന്ന സ്വപ്നങ്ങളാണ്.
ആദ്യത്തെ ഏതാനും മണിക്കൂറുകൾ ഗാഢമായും പിന്നീടു ലഘുവായും നടക്കുന്ന പടിപടിയായ ഒരു പ്രക്രിയയാണ് ഉറക്കം എന്നു സ്വപ്ന പരിശോധകർ കണ്ടെത്തിയിരിക്കുന്നു. സ്വപ്നം കാണുന്നതു പ്രത്യേകിച്ചും കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്ന [rapid eye movement] ഘട്ടങ്ങളിലാണ്. അതിനെ ആർഇഎം ഉറക്കം എന്നു വിളിക്കുന്നു. അതും ആർഇഎം-രഹിത ഉറക്കവും മാറിമാറി ഉണ്ടാകുന്നു. ആർഇഎം/ആർഇഎം-രഹിത ഉറക്കത്തിന്റെ ഓരോ പരിവൃത്തിയും ഏതാണ്ടു 90 മിനിറ്റു നീണ്ടുനിൽക്കുന്നു. ഈ പരിവൃത്തികൾ രാത്രിയിൽ അഞ്ചോ ആറോ തവണ ആവർത്തിക്കപ്പെടുന്നു. അതിൽ ഒടുവിലത്തേതു നാം ഉണരുന്നതിനു തൊട്ടുമുമ്പാണു സംഭവിക്കുന്നത്.
ഉറങ്ങുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നു ചിന്തിക്കുന്നതു തെറ്റാണ്. ശ്രദ്ധ, ഓർമ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന മസ്തിഷ്കസ്തംഭത്തിലെ ചില നാഡീകോശങ്ങളുടെ കാര്യമൊഴിച്ചാൽ, ഉണർന്നിരിക്കുമ്പോഴത്തെ ചില അവസ്ഥയെക്കാൾ തലച്ചോർ കൂടുതൽ പ്രവർത്തനക്ഷമ മായിരിക്കുന്നതു സ്വപ്നത്തിലാണെന്നു കണ്ടെത്തിയിരിക്കുന്നു. ഈ നാഡീകോശങ്ങൾ ആർഇഎം ഉറക്കത്തിൽ വിശ്രമിക്കുന്നതായി കാണപ്പെടുന്നു. എന്നാൽ പൊതുവേ, തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിൽ അനുസ്യൂതമായ ആശയവിനിമയമുണ്ട്.
ഒരു സെക്കൻറിൽ ഏകദേശം നൂറു മുതൽ ഇരുന്നൂറോ മുന്നൂറോ വരെ സംജ്ഞകൾ ഉത്പാദിപ്പിക്കുന്ന ശതകോടിക്കണക്കിനു ഘടകങ്ങളുള്ള, ശരീരത്തിന്റെ വിസ്മയാവഹമായ സങ്കീർണ ഭാഗമാണു നമ്മുടെ മസ്തിഷ്കം. ഭൂമിയിലെ ജനസംഖ്യയെക്കാൾ അധികം ഘടകങ്ങൾ ഒരു മനുഷ്യ മസ്തിഷ്കത്തിലുണ്ട്. 2,000 കോടിമുതൽ 5,000 കോടിവരെ ഘടകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നതായി ചില ഗവേഷകർ കണക്കാക്കുന്നു. അതിന്റെ സങ്കീർണത, മനുഷ്യ ശരീരത്തെക്കുറിച്ചു ബൈബിൾ എഴുത്തുകാരനായ ദാവീദ് പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.”—സങ്കീർത്തനം 139:14.
സ്വപ്നങ്ങളുടെ ലോകം
നാം ഉണർന്നിരിക്കുമ്പോൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വിവരങ്ങളും പ്രതിരൂപങ്ങളും തലച്ചോറിലേക്കു സതതം വഹിച്ചുകൊണ്ടുപോകുന്നു. എന്നാൽ ഉറങ്ങുമ്പോൾ സംഗതി അങ്ങനെയല്ല. പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന്റെയും സഹായംകൂടാതെ തലച്ചോർ സ്വയം പ്രതിരൂപങ്ങൾ ഉത്പാദിപ്പിക്കുന്നു. തന്മൂലം, നാം സ്വപ്നങ്ങളിൽ കാണുന്നതും അവയിലെ പ്രവർത്തനങ്ങളിലൂടെ നാം അനുഭവിക്കുന്നതും ചിലപ്പോഴൊക്കെ മതിഭ്രമം പോലെയാണ്. അതു നാം, പീറ്റർ പാനിനെപ്പോലെ പറക്കുന്നതോ അപകടമൊന്നും കൂടാതെ കിഴുക്കാംതൂക്കായ പാറയിൽനിന്നു വീഴുന്നതോ പോലുള്ള പ്രകൃതിനിയമങ്ങളെ ലംഘിക്കുന്ന കാര്യങ്ങളിലേർപ്പെടുന്നതു സാധ്യമാക്കിത്തീർക്കുന്നു. ഭൂതകാലം വർത്തമാനകാലമാണെന്നു തോന്നിക്കത്തക്കവിധം കാലം സംബന്ധിച്ചു തെറ്റിദ്ധാരണ ഉളവായേക്കാം. അല്ലെങ്കിൽ, നാം ഓടിയകലാൻ ശ്രമിക്കുകയാണെങ്കിൽ നമുക്കു നമ്മുടെ ചലനങ്ങളിൽ നിയന്ത്രണമില്ലാത്തവണ്ണം തോന്നിക്കുന്നു—നമ്മുടെ കാലുകൾ ചലിക്കാൻ ആഗ്രഹിക്കുകയില്ല. ഉണർന്നിരിക്കുമ്പോൾ നമുക്കുണ്ടായേക്കാവുന്ന ആഴമായി മനസ്സിൽപ്പതിഞ്ഞിരിക്കുന്ന സംഗതികളും അനുഭവങ്ങളും തീർച്ചയായും നമ്മുടെ സ്വപ്നങ്ങളെ ബാധിക്കുന്നു. യുദ്ധങ്ങളുടെ ഭീതിദമായ നിഷ്ഠുരതകൾ അനുഭവിച്ചിട്ടുള്ളവർക്ക് അവ എളുപ്പം മറന്നുകളയാനാവില്ല. മാത്രമല്ല, ഒരു അക്രമിയാൽ ആക്രമിക്കപ്പെടുന്ന അനുഭവവും ചിലർക്കു മറക്കാനാവില്ല. ഉണർന്നിരിക്കുമ്പോഴത്തെ അത്തരം അലോസരപ്പെടുത്തുന്ന അനുഭവങ്ങൾ പേടിസ്വപ്നങ്ങൾക്ക് ഇടയാക്കിക്കൊണ്ടു നമ്മുടെ സ്വപ്നങ്ങളിൽ തലപൊക്കിയേക്കാം. നാം ഉറങ്ങാൻ പോകുമ്പോൾ മനസ്സിൽ വ്യാപരിക്കുന്ന സാധാരണ കാര്യങ്ങൾ സ്വപ്നങ്ങളിൽ പൊന്തിവന്നേക്കാം.
ചിലപ്പോഴൊക്കെ നാം ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അതിനു പരിഹാരം നമുക്ക് ഉറക്കത്തിൽ ലഭിക്കുന്നു. അത്, എല്ലാ ഉറക്കത്തിലും നാം സ്വപ്നം കാണുന്നില്ല, അതിന്റെ ഒരു ഭാഗം നാം ചിന്തിക്കുകയാണ് എന്ന ധാരണ ഉളവാക്കിയേക്കാം.
സ്വപ്നങ്ങളും നമ്മുടെ മസ്തിഷ്കവും സംബന്ധിച്ച ഒരു ഗ്രന്ഥം ഇങ്ങനെ പ്രസ്താവിച്ചു: “ഉറക്കത്തിലെ തികച്ചും സാധാരണമായ ഒരു മാനസിക പ്രവർത്തനം സ്വപ്നമല്ല മറിച്ച്, ചിന്തിക്കലാണ്. ഉറക്കത്തിലെ ചിന്തയ്ക്കൊപ്പം ഇന്ദ്രിയ സംവേദകമായ മിഥ്യാബോധങ്ങൾ ഉണ്ടാകുന്നില്ല, അതു വിചിത്രവുമല്ല. മിക്കപ്പോഴും അതു തലേദിവസത്തെയോ പിറ്റേദിവസത്തെയോ യഥാർഥ ജീവിത സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ സംഭവമായിരിക്കാനാണു സാധ്യത. മാത്രമല്ല, അതു സാധാരണ പുതുമയും സൃഷ്ടിപരതയും ഇല്ലാത്തതും ആവർത്തനസ്വഭാവമുള്ളതുമാണ്.
തങ്ങളുടെ സ്വപ്നത്തിലെ വിഷയങ്ങൾ തങ്ങൾക്കു പ്രത്യേക സന്ദേശങ്ങൾ കൈമാറുന്നതായി ചിലർക്കു തോന്നുന്നു. സ്വപ്നങ്ങൾക്കു വ്യാഖ്യാനം തേടുന്നതിന് അവർ തങ്ങളുടെ കിടക്കയ്ക്കു സമീപം ഒരു കുറിപ്പുകടലാസ് വയ്ക്കുകയും ഉണരുമ്പോൾ അതിൽ അവ എഴുതിവയ്ക്കുകയും ചെയ്യുന്നു. സ്വപ്ന പ്രതീകങ്ങൾക്ക് അർഥം നൽകാൻ ശ്രമിക്കുന്ന പുസ്തകങ്ങളുടെ ഉപയോഗത്തെക്കുറിച്ച്, ആൻ ഫരഡെ എഴുതിയ സ്വപ്ന വിനോദം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “സ്വപ്ന വിഷയങ്ങൾക്കും പ്രതീകങ്ങൾക്കും നിങ്ങൾ അർഥം തേടുന്ന സ്വപ്ന പുസ്തകങ്ങൾ പരമ്പരാഗതമോ എന്തെങ്കിലും ആധുനിക മനശ്ശാസ്ത്ര സിദ്ധാന്തത്തിൽ അധിഷ്ഠിതമോ ആയിരുന്നാലും അവ ഒരുപോലെ ഉപയോഗശൂന്യമാണ്.”
സ്വപ്നങ്ങൾ മുഖ്യമായും തലച്ചോറിൽനിന്ന് ഉത്ഭവിക്കുന്നതായി തോന്നിക്കുന്നതിനാൽ അവയ്ക്കു പ്രത്യേക സന്ദേശങ്ങൾ നമുക്കു പകരാനുണ്ടെന്നു ചിന്തിക്കുന്നതു ന്യായയുക്തമല്ല. തലച്ചോറിനെ ആരോഗ്യാവഹമായ അവസ്ഥയിൽ നിലനിർത്താനുള്ള അതിന്റെ ഒരു സാധാരണ പ്രവർത്തനമായി നാം അവയെ വീക്ഷിക്കണം.
എന്നാൽ തങ്ങൾ ഒരു ബന്ധുവോ സുഹൃത്തോ മരിക്കുന്നതായി സ്വപ്നം കണ്ടിട്ട് അടുത്ത ദിവസം ആ വ്യക്തി മരിച്ചതായി അറിഞ്ഞുവെന്നു പറയുന്നവരുടെ കാര്യത്തിലോ? സ്വപ്നങ്ങൾക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമെന്ന് അത് അർഥമാക്കുന്നില്ലേ? പ്രാവചനിക സ്വപ്നങ്ങൾക്കു പിന്നിൽ എന്താണെന്നു നാം അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്.