ഭിന്നിച്ച ഒരു ലോകത്തിൽ ക്രിസ്തീയ അതിഥിസത്കാരം
ഭിന്നിച്ച ഒരു ലോകത്തിൽ ക്രിസ്തീയ അതിഥിസത്കാരം
“ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.”—3 യോഹന്നാൻ 8.
1. ഏറ്റവും അഭിലഷണീയമായ എന്തെല്ലാം ദാനങ്ങളാണു സ്രഷ്ടാവു മനുഷ്യവർഗത്തിനു നൽകിയിരിക്കുന്നത്?
“തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്കുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു.” (സഭാപ്രസംഗി 8:15) തന്റെ മനുഷ്യസൃഷ്ടി ആഹ്ലാദമുള്ളവരും സന്തുഷ്ടരും ആയിരിക്കാൻ യഹോവയാം ദൈവം ആഗ്രഹിക്കുക മാത്രമല്ല, അതിനുള്ള മാർഗം അവൻ നൽകുകയും ചെയ്യുന്നുവെന്ന് ആ വാക്കുകളിൽ പുരാതന കാലത്തെ എബ്രായ സഭാപ്രസംഗി നമ്മോടു പറയുന്നു. മാനവചരിത്രത്തിലുടനീളം എല്ലായിടത്തുമുള്ള ആളുകളുടെ ഇടയിലെ പൊതുവായ ആഗ്രഹം ആഹ്ലാദിക്കുക, ഉല്ലസിക്കുക എന്നായിരിക്കുന്നതായി തോന്നുന്നു.
2. (എ) മനുഷ്യവർഗത്തിനായി യഹോവ ഉദ്ദേശിച്ചിരിക്കുന്നത് അവർ എങ്ങനെ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു? (ബി) ഫലമെന്ത്?
2 സുഖത്തിന്റെയും ഉല്ലാസത്തിന്റെയും പിന്നാലെ പരക്കം പായുന്ന ആളുകളുള്ള ഒരു സുഖലോലുപ സമൂഹത്തിലാണു നാം ഇന്നു ജീവിക്കുന്നത്. മിക്ക ആളുകളും, ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ, ‘സ്വസ്നേഹികളും . . . ദൈവപ്രിയമില്ലാതെ ഭോഗപ്രിയരും’ ആയിത്തീർന്നിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-4) തീർച്ചയായും, ഇത് യഹോവ ഉദ്ദേശിച്ചതിൽനിന്നുള്ള വളരെ വലിയ ഒരു വ്യതിചലനമാണ്. ഉല്ലാസം തേടൽ മുഖ്യ ലക്ഷ്യമായിമാറുമ്പോൾ, അല്ലെങ്കിൽ ഭോഗാസക്തി പരമമായ ലക്ഷ്യമായി മാറുമ്പോൾ, യഥാർഥ സംതൃപ്തി ലഭിക്കുകയില്ല, ‘എല്ലാം മായയും വൃഥാപ്രയത്നവും’ ആയിത്തീരുന്നു. (സഭാപ്രസംഗി 1:14; 2:11) തന്നിമിത്തം, ഏകാന്തരും നിരാശരുമായ ആളുകളെക്കൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു, അതു ഫലത്തിൽ സമൂഹത്തിലെ അനേകം പ്രശ്നങ്ങളിലേക്കു നയിക്കുന്നു. (സദൃശവാക്യങ്ങൾ 18:1) ആളുകൾ പരസ്പരം സംശയിക്കുന്നവർ മാത്രമല്ല, വർഗീയവും വംശീയവും സാമൂഹികവും സാമ്പത്തികവുമായി ഭിന്നിച്ചവർ കൂടി ആയിത്തീർന്നിരിക്കുന്നു.
3. യഥാർഥ സന്തോഷവും സംതൃപ്തിയും നമുക്ക് എങ്ങനെ കണ്ടെത്താം?
3 ദയയും ഔദാര്യവും അതിഥിസത്കാരവുമുള്ളവനായി മറ്റുള്ളവരോടു യഹോവ ഇടപെടുന്ന വിധം ആളുകൾ അനുകരിച്ചിരുന്നെങ്കിൽ കാര്യാദികൾ എത്ര വ്യത്യസ്തമാകുമായിരുന്നു! യഥാർഥ സന്തുഷ്ടിയുടെ രഹസ്യം നമ്മുടെ സ്വന്തം അഭീഷ്ടങ്ങൾ തൃപ്തിപ്പെടുത്തുന്നതിലല്ല കുടികൊള്ളുന്നതെന്ന് അവൻ വ്യക്തമാക്കുകയുണ്ടായി. മറിച്ച്, “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്നതാണ് അതിന്റെ രഹസ്യം. (പ്രവൃത്തികൾ 20:35, NW) യഥാർഥ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നതിന്, നമ്മെ പരിമിതപ്പെടുത്തിയേക്കാവുന്ന തടസ്സങ്ങളെയും ഭിന്നതകളെയും നാം തരണം ചെയ്യേണ്ടതുണ്ട്. നമ്മോടൊപ്പം യഹോവയെ സേവിക്കുന്നവരോടു നാം അടുത്തുചെല്ലേണ്ടതുണ്ട്. “ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു” എന്ന ബുദ്ധ്യുപദേശത്തിനു ചെവി കൊടുക്കേണ്ടതു പ്രധാനമാണ്. (3 യോഹന്നാൻ 8) അർഹരായവരോടു നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്ന ഘട്ടത്തോളം അതിഥിസത്കാരം കാണിക്കുന്നതു രണ്ടു വിധങ്ങളിൽ പ്രയോജനകരമാണ്—ദാതാക്കൾക്കും സ്വീകർത്താക്കൾക്കും അതു പ്രയോജനങ്ങൾ കൈവരുത്തുന്നു. എങ്കിൽ, നാം ‘സല്ക്കരിക്കേണ്ട’ അർഹരായവരിൽ പെടുന്നവർ ആരാണ്?
‘അനാഥരെയും വിധവമാരെയും പരിപാലിക്കുക’
4. യഹോവയുടെ ജനത്തിലെ ചിലരുടെയിടയിൽപോലും കുടുംബബന്ധങ്ങളിൽ എന്തു മാറ്റമാണു കാണുന്നത്?
4 സുസ്ഥിര കുടുംബങ്ങളും സന്തുഷ്ടമായ വിവാഹബന്ധങ്ങളും ഇന്ന് അപൂർവമാണ്. ലോകമെമ്പാടും വർധിച്ചുവരുന്ന വിവാഹമോചന നിരക്കുകൾ, അവി വാഹിത മാതാക്കളുടെ വർധനവ് എന്നിവ പരമ്പരാഗത കുടുംബത്തിനു വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുന്നു. തത്ഫലമായി, സമീപ വർഷങ്ങളിൽ യഹോവയുടെ സാക്ഷികളായിത്തീർന്നിട്ടുള്ളവരിൽ പലരും തകർന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്. അവർ തങ്ങളുടെ വിവാഹ ഇണകളിൽനിന്നു വിവാഹമോചനം ചെയ്യപ്പെട്ടവരോ വേർപിരിഞ്ഞവരോ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ താമസിക്കുന്നവരോ ആണ്. മാത്രമല്ല, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവൻ പഠിപ്പിച്ച സത്യം പല കുടുംബങ്ങളിലും ഭിന്നതകൾ വരുത്തിയിരിക്കുന്നു.—മത്തായി 10:34-37; ലൂക്കൊസ് 12:51-53.
5. ഭിന്നിച്ച കുടുംബങ്ങളിലുള്ളവർക്കു പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ കഴിയുന്നതായി യേശു എന്താണു പറഞ്ഞത്?
5 പുതിയവർ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചു കാണുന്നതു നമ്മുടെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. യേശുവിന്റെ പ്രോത്സാഹജനകമായ ഈ വാക്കുകൾകൊണ്ടു നാം പലപ്പോഴും അവർക്കു സാന്ത്വനമേകുന്നു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരൻമാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മർക്കൊസ് 10:29, 30.
6. നമുക്കു നമ്മുടെ ഇടയിലുള്ള ‘അനാഥർക്കും വിധവമാർക്കും’ ‘സഹോദരന്മാരും സഹോദരിമാരും അമ്മമാരും മക്കളും’ ആയിരിക്കാൻ കഴിയുന്നതെങ്ങനെ?
6 എന്നാൽ ഈ ‘സഹോദരന്മാരും സഹോദരിമാരും അമ്മമാരും മക്കളും’ ആരാണ്? ഒരു രാജ്യഹാളിൽ സഹോദരീസഹോദരന്മാർ എന്നു വിളിക്കുന്ന വലിയ ഒരു കൂട്ടമാളുകളെ, മിക്കപ്പോഴും നൂറോ അതിൽ കൂടുതലോ പേരെ, കാണുന്നത് അവർ തന്റെ സഹോദരന്മാരും സഹോദരിമാരും അമ്മമാരും മക്കളുമാണെന്നു വിചാരിക്കാൻ ഒരു വ്യക്തിയെ സ്വതവേ പ്രേരിപ്പിക്കുന്നില്ല. ഇക്കാര്യം പരിചിന്തിക്കുക: നമ്മുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമായിരിക്കണമെങ്കിൽ നാം, ‘അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതരമായ അവസ്ഥയിൽ പരിപാലിക്കുകയും ലോകത്തിൽനിന്നുള്ള കളങ്കമില്ലാതെ നമ്മെത്തന്നെ കാത്തുകൊള്ളുകയും’ വേണമെന്നു ശിഷ്യനായ യാക്കോബ് നമ്മെ ഓർമിപ്പിക്കുന്നു. (യാക്കോബ് 1:27, NW) അതിന്റെ അർഥം, സാമ്പത്തിക അഹന്തയും വർഗശ്രേഷ്ഠതയും സംബന്ധിച്ച ലൗകിക മനോഭാവങ്ങൾ അത്തരം ‘അനാഥരോടും വിധവമാരോടുമുള്ള’ അനുകമ്പയുടെ വാതായനങ്ങൾ കൊട്ടിയടയ്ക്കാൻ നാം അനുവദിക്കരുത് എന്നാണ്. പകരം, നമ്മുടെ സഖിത്വവും അതിഥിസത്കാരവും അവർക്കു വെച്ചുനീട്ടാൻ നാം മുൻകൈ എടുക്കണം.
7. (എ) ‘അനാഥരോടും വിധവമാരോടും’ അതിഥിസത്കാരം കാണിക്കുന്നതിലെ യഥാർഥ ഉദ്ദേശ്യമെന്ത്? (ബി) ക്രിസ്തീയ അതിഥിസത്കാരം കാണിക്കുന്നതിൽ ആർക്കുകൂടെ പങ്കു വഹിക്കാൻ കഴിഞ്ഞേക്കാം?
7 ‘അനാഥരോടും വിധവമാരോടും’ അതിഥിസത്കാരം കാണിക്കുന്നതിൽ അവർക്കു ഭൗതികമായി കുറവുള്ള സംഗതികൾ കൊടുക്കണമെന്ന് എല്ലായ്പോഴും അർഥമാക്കുന്നില്ല. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളോ മതപരമായി ഭിന്നിച്ച കുടുംബങ്ങളോ അവശ്യം സാമ്പത്തികമായി ഞെരുക്കത്തിലായിരിക്കണമെന്നില്ല. എന്നിരുന്നാലും, ആരോഗ്യകരമായ സഹവാസം, കുടുംബാന്തരീക്ഷം, പല പ്രായത്തിൽപ്പെട്ട വ്യക്തികളുമായുള്ള സഖിത്വം, ആത്മീയമായ നല്ല കാര്യങ്ങൾ പങ്കുവെക്കൽ എന്നിവയൊക്കെ ജീവിതത്തിൽ വിലയേറിയ സംഗതികളാണ്. അതിനാൽ പരിപാടിയുടെ പെരുമയല്ല, പിന്നെയോ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആത്മാവാണു പ്രധാനമെന്ന് ഓർക്കുക. വല്ലപ്പോഴുമൊക്കെ സഹക്രിസ്ത്യാനികളോട് അതിഥിസത്കാരം കാണിക്കുന്നതിൽ ‘അനാഥർക്കും വിധവമാർക്കും’ പോലും പങ്കുവഹിക്കാൻ കഴിയുമെന്നത് എത്രയോ നല്ല കാര്യമാണ്!—1 രാജാക്കന്മാർ 17:8-16 താരതമ്യം ചെയ്യുക.
നമ്മുടെ ഇടയിൽ വിദേശികളുണ്ടോ?
8. യഹോവയുടെ സാക്ഷികളുടെ അനേകം സഭകളിലും എന്തു മാറ്റം കാണാം?
8 വളരെയധികം ആളുകൾ മറ്റു ദേശങ്ങളിലേക്കു മാറിപ്പാർക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. “ലോകമെമ്പാടും പത്തു കോടിയിലധികം ആളുകൾ വസിക്കുന്നതു തങ്ങൾക്കു പൗരത്വമില്ലാത്ത രാജ്യങ്ങളിലാണ്, രണ്ടു കോടി മുപ്പതു ലക്ഷം ആളുകൾക്കു തങ്ങളുടെ സ്വന്തം രാജ്യത്തുതന്നെ മറ്റു സ്ഥലങ്ങളിലേക്കു മാറിപ്പാർക്കേണ്ടതായി വന്നിരിക്കുന്നു” എന്ന് വേൾഡ് പ്രസ്സ് റിവ്യു പറയുന്നു. അനേകം സ്ഥലങ്ങളിലും, പ്രത്യേകിച്ചു വൻനഗരങ്ങളിൽ, ഇതിന്റെ നേരിട്ടുള്ള ഒരു ഫലം, മിക്കവാറും ഒരു വർഗത്തിലോ ഒരു രാജ്യത്തിലോ ഉൾപ്പെട്ട ആളുകൾ മാത്രമുണ്ടായിരുന്ന യഹോവയുടെ ജനത്തിന്റെ സഭകളിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളുണ്ട് എന്നുള്ളതാണ്. ഒരുപക്ഷേ നിങ്ങളുടെ സ്ഥലത്ത് അതു സത്യമായിരിക്കാം. ഒരുപക്ഷേ, ഭാഷയും ആചാരങ്ങളും ജീവിതരീതിയും നമ്മുടേതിൽനിന്നു വ്യത്യസ്തമായ, ലോകം “പരദേശികൾ” എന്നും “വിദേശികൾ” എന്നും വിളിക്കുന്ന അവരെ നാം എങ്ങനെ വീക്ഷിക്കണം?
9. ക്രിസ്തീയ സഭയിലേക്കു വരുന്ന “പരദേശിക”ളെയും “വിദേശിക”ളെയും സംബന്ധിച്ച നമ്മുടെ വീക്ഷണത്തിന്റെ കാര്യത്തിൽ ഗുരുതരമായ എന്തു കെണി നമ്മെ അപകടപ്പെടുത്തിയേക്കാം?
9 ലളിതമായി പറഞ്ഞാൽ, അപരിചിതമോ പുറജാതീയമെന്നു വിളിക്കപ്പെടുന്നതോ ആയ ഒരു ദേശത്തുനിന്നു വന്നവരെക്കാൾ ഏതോ വിധത്തിൽ സത്യം അറിയുന്നതിനുള്ള പദവി കൂടുതൽ അർഹിക്കുന്നതു നാമാണെന്നു കരുതാൻ ഏതൊരു വിദേശീവിദ്വേഷ പ്രവണതകളെയും നാം അനുവദിക്കരുത്; രാജ്യഹാളിന്റെയോ മറ്റു സൗകര്യങ്ങളുടെയോ ഉപയോഗത്തിന്റെമേൽ ഈ നവാഗതർ കടന്നുകയറ്റം നടത്തുകയാണെന്നും നാം വിചാരിക്കരുത്. ഒന്നാം നൂറ്റാണ്ടിൽ അത്തരം വീക്ഷണങ്ങൾ പുലർത്തിയ ചില യഹൂദ ക്രിസ്ത്യാനികളെ, യഥാർഥത്തിൽ അർഹതയുള്ള ആരുംതന്നെയില്ലെന്ന് അപ്പോസ്തലനായ പൗലോസിന് ഓർമിപ്പിക്കേണ്ടിവന്നു; ആർക്കും രക്ഷ പ്രാപിക്കുക സാധ്യമാക്കിത്തീർത്തതു ദൈവത്തിന്റെ അനർഹദയ ആയിരുന്നു. (റോമർ 3:9-12, 23, 24) സുവാർത്ത കേൾക്കാൻ അവസരം ലഭിക്കാതിരുന്ന അനേകം ആളുകളുടെ പക്കൽ, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഇപ്പോൾ ദൈവത്തിന്റെ അനർഹദയ എത്തിക്കൊണ്ടിരിക്കുകയാണെന്നുള്ളതിൽ നാം സന്തോഷിക്കണം. (1 തിമൊഥെയൊസ് 2:4) നമുക്ക് അവരോടുള്ള പ്രിയം യഥാർഥമാണെന്ന് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
10. നമ്മുടെ ഇടയിലുള്ള “വിദേശിക”ളോടു നാം യഥാർഥത്തിൽ അതിഥിപ്രിയരാണെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
10 പൗലോസിന്റെ ഉദ്ബോധനം നമുക്കു പിൻപറ്റാൻ സാധിക്കും: “ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.” (റോമർ 15:7) മറ്റു ദേശങ്ങളിൽനിന്നോ പശ്ചാത്തലങ്ങളിൽനിന്നോ ഉള്ള ആളുകൾ പലപ്പോഴും പ്രാതികൂല്യങ്ങൾ അനുഭവിക്കുന്നവരാണെന്നു മനസ്സിലാക്കിക്കൊണ്ട്, നമുക്കു പ്രാപ്തി ഉണ്ടായിരിക്കുമ്പോൾ നാം അവരോടു ദയയും താത്പര്യവും കാണിക്കേണ്ടതുണ്ട്. അവരെ നാം നമ്മുടെ ഇടയിലേക്കു സ്വാഗതം ചെയ്യണം, അവരോട് “സ്വദേശിയെപ്പോലെ” പെരുമാറുകയും ‘തന്നെപ്പോലെ തന്നേ സ്നേഹി’ക്കുകയും വേണം. (ലേവ്യപുസ്തകം 19:34) അങ്ങനെ ചെയ്യുക എളുപ്പമല്ലായിരിക്കാം. എന്നാൽ, “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന ബുദ്ധ്യുപദേശം ഓർത്തിരിക്കുന്നപക്ഷം നമുക്കു വിജയിക്കാൻ സാധിക്കും.—റോമർ 12:2.
വിശുദ്ധന്മാരുമായി പങ്കുവെക്കുവിൻ
11, 12. (എ) പുരാതന ഇസ്രായേലിൽ, (ബി) ഒന്നാം നൂറ്റാണ്ടിൽ, യഹോവയുടെ ചില ദാസന്മാർക്ക് എന്തു പ്രത്യേക പരിഗണന നൽകുകയുണ്ടായി?
11 നമ്മുടെ പരിഗണനയും അതിഥിസത്കാരവും ശരിക്കും അർഹിക്കുന്നവരിൽ പെടുന്നവരാണു നമ്മുടെ ആത്മീയ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്ന പക്വതയുള്ള ക്രിസ്ത്യാനികൾ. പുരാതന ഇസ്രായേലിലെ പുരോഹിതന്മാർക്കും ലേവ്യർക്കും വേണ്ടി യഹോവ പ്രത്യേക കരുതലുകൾ ചെയ്തിരുന്നു. (സംഖ്യാപുസ്തകം 18:25-29) ഒന്നാം നൂറ്റാണ്ടിൽ, പ്രത്യേക പദവികളിൽ തങ്ങളെ സേവിച്ചിരുന്നവർക്കായി കരുതാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ നിലവിലിരുന്ന അടുത്ത സ്നേഹബന്ധത്തിന്റെ ഒരു പാർശ്വവീക്ഷണം 3 യോഹന്നാൻ 5-8-ലെ വിവരണം നമുക്കു പ്രദാനം ചെയ്യുന്നു.
12 സഭ സന്ദർശിക്കാൻ അയയ്ക്കപ്പെട്ട ചില സഞ്ചാരസഹോദരന്മാരോടു ഗായൊസ് കാട്ടിയ ദയയും അതിഥിസത്കാരവും വയോധികനായ യോഹന്നാൻ അപ്പോസ്തലൻ വളരെയധികം വിലമതിച്ചു. സാധ്യതയനുസരിച്ച്, യോഹന്നാന്റെ ലേഖനം കൊണ്ടുപോയിക്കൊടുത്ത ദെമേത്രിയൊസ് ഉൾപ്പെടെയുള്ള ഈ സഹോദരന്മാർ ഗായൊസിനു പരിചയമുള്ളവരോ മുമ്പ് അറിയാവുന്നവരോ ആയിരുന്നില്ല. ‘[ദൈവ]നാമം നിമിത്തം പുറപ്പെട്ടതി’നാൽ അവരെ അതിഥിസത്കാരത്തോടെ സ്വീകരിക്കുകയുണ്ടായി. യോഹന്നാൻ ഇതു മറ്റൊരു വിധത്തിൽ പറയുകയുണ്ടായി: “നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.”—3 യോഹന്നാൻ 1, 7, 8.
13. ‘അതിഥിസത്കാരത്തോടെ സ്വീകരിക്കപ്പെടാൻ’ നമ്മുടെ ഇടയിൽ ഇന്നു വിശേഷാൽ അർഹരായവർ ആരാണ്?
13 ഇന്നു യഹോവയുടെ സ്ഥാപനത്തിനുള്ളിൽ, മുഴു സഹോദരവർഗത്തിനും വേണ്ടി കഠിനമായി അധ്വാനിക്കുന്നവരുണ്ട്. ഇവരിൽ ഉൾപ്പെടുന്നവരാണ്, വാരംതോറും സഭകളെ കെട്ടുപണി ചെയ്യുന്നതിൽ തങ്ങളുടെ സമയവും ഊർജവും ചെലവിടുന്ന സഞ്ചാരമേൽവിചാരകന്മാർ; വിദേശനാടുകളിൽ പ്രസംഗിക്കുന്നതിനായി സ്നേഹിതരെയും കുടുംബങ്ങളെയും പിരിഞ്ഞുപോകുന്ന മിഷനറിമാർ; ലോകവ്യാപക പ്രസംഗവേലയെ പിന്തുണയ്ക്കുന്നതിനു തങ്ങളുടെ സേവനങ്ങൾ സ്വമേധയാ നൽകിക്കൊണ്ടു ബെഥേൽഭവനങ്ങളിലോ ബ്രാഞ്ച് ഓഫീസുകളിലോ സേവനമനുഷ്ഠിക്കുന്നവർ; തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും വയൽശുശ്രൂഷയ്ക്കായി ചെലവഴിച്ചുകൊണ്ടു പയനിയർസേവനത്തിൽ നിലനിൽക്കുന്നവർ തുടങ്ങിയവരൊക്കെ. അടിസ്ഥാനപരമായി പറഞ്ഞാൽ, ഇവരെല്ലാവരും കഠിനവേല ചെയ്യുന്നതു സ്വന്ത മഹത്ത്വത്തിനോ നേട്ടത്തിനോ വേണ്ടിയല്ല, പിന്നെയോ ക്രിസ്തീയ സഹോദരവർഗത്തോടും യഹോവയോടുമുള്ള സ്നേഹം മൂലമാണ്. മുഴുദേഹിയോടു കൂടിയ അവരുടെ ഭക്തി നിമിത്തം, നാം അനുകരിക്കാൻതക്ക യോഗ്യത അവർക്കുണ്ടെന്നു മാത്രമല്ല, ‘അതിഥിസത്കാരത്തോടെ’ സ്വീകരിക്കപ്പെടാനും അവർ അർഹരാണ്.
14. (എ) വിശ്വസ്തരായവരോട് അതിഥിസത്കാരം കാണിക്കുമ്പോൾ, നാം മെച്ചപ്പെട്ട ക്രിസ്ത്യാനികളായിത്തീരുന്നത് എങ്ങനെ? (ബി) മറിയ “നല്ല അംശം” തിരഞ്ഞെടുത്തു എന്നു യേശു പറഞ്ഞത് എന്തുകൊണ്ട്?
14 ‘അങ്ങനെയുള്ളവരെ സല്ക്കരിക്കുമ്പോൾ’ നാം ‘സത്യത്തിന്നു കൂട്ടുവേലക്കാർ ആയിത്തീരുന്നു’ എന്ന് അപ്പോസ്തലനായ യോഹന്നാൻ ചൂണ്ടിക്കാട്ടി. ഒരർഥത്തിൽ പറഞ്ഞാൽ, തത്ഫലമായി നാം മെച്ചപ്പെട്ട ക്രിസ്ത്യാനികളായിത്തീരുന്നു. അതിന്റെ കാരണം, ക്രിസ്തീയ പ്രവർത്തനങ്ങളിൽ സഹവിശ്വാസികൾക്കു നന്മ ചെയ്യുന്നതും ഉൾപ്പെടുന്നുവെന്നതാണ്. (സദൃശവാക്യങ്ങൾ 3:27, 28; 1 യോഹന്നാൻ 3:18) മറ്റൊരു വിധത്തിലും പ്രതിഫലമുണ്ട്. മറിയയും മാർത്തയും യേശുവിനെ തങ്ങളുടെ വീട്ടിൽ സ്വീകരിച്ചപ്പോൾ, യേശുവിനു വേണ്ടി ‘പലതും’ ഉണ്ടാക്കിക്കൊണ്ടു നല്ലൊരു ആതിഥേയ ആയിരിക്കാൻ മാർത്ത ആഗ്രഹിച്ചു. മറിയ അതിഥിസത്കാരം കാട്ടിയതു വ്യത്യസ്തമായ ഒരു വിധത്തിലാണ്. അവൾ “കർത്താവിന്റെ കാല്ക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.” “നല്ല അംശം” തിരഞ്ഞെടുത്തതിനു യേശു അവളെ അനുമോദിക്കുകയുണ്ടായി. (ലൂക്കൊസ് 10:38-42) അനേക വർഷത്തെ അനുഭവപരിചയമുള്ളവരുമൊത്തുള്ള സംഭാഷണങ്ങളും ചർച്ചകളും മിക്കപ്പോഴും അവരുമായി സഹവസിച്ചുകൊണ്ടു ചെലവിടുന്ന സായാഹ്നത്തിന്റെ സവിശേഷതകളാണ്.—റോമർ 1:11, 12.
പ്രത്യേക സന്ദർഭങ്ങളിൽ
15. യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം ഏതു പ്രത്യേക അവസരങ്ങൾ സന്തോഷകരമായ സമയങ്ങളാണെന്നു തെളിഞ്ഞേക്കാം?
15 സത്യക്രിസ്ത്യാനികൾ ജനകീയമായ ആചാരങ്ങൾ പിൻപറ്റുകയോ ലോകവിശേഷദിവസങ്ങളും ഉത്സവങ്ങളും ആചരിക്കുകയോ ചെയ്യുന്നില്ലെങ്കിലും, പരസ്പര സഹവാസം ആസ്വദിക്കാൻ അവർ കൂടിവരുന്ന സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, കാനാവിലെ ഒരു കല്യാണത്തിൽ സംബന്ധിച്ച യേശു അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ആ സന്ദർഭത്തിന്റെ സന്തോഷം വർധിപ്പിച്ചു. (യോഹന്നാൻ 2:1-11) അതുപോലെ ഇന്ന്, സമാനമായ പ്രത്യേക അവസരങ്ങളിൽ യഹോവയുടെ ജനത്തിനു സന്തോഷകരമായ സമയങ്ങളുണ്ട്, ഉചിതമായ ആഘോഷവും ഉത്സവപ്രതീതിയും അത്തരം പരിപാടികളുടെ മാറ്റു കൂട്ടുന്നു. എങ്കിലും, എന്താണ് ഉചിതമായിരിക്കുന്നത്?
16. പ്രത്യേക അവസരങ്ങളിൽപോലുമുള്ള ഉചിതമായ നടത്ത സംബന്ധിച്ച് എന്തു മാർഗനിർദേശങ്ങൾ നമുക്കുണ്ട്?
16 ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഉചിതമായ നടത്ത എന്താണെന്നു നമ്മുടെ ബൈബിൾ പഠനത്തിൽനിന്നു നാം മനസ്സിലാക്കുന്നു. നാമത് എല്ലായ്പോഴും പിൻപറ്റുകയും ചെയ്യുന്നു. (റോമർ 13:12-14; ഗലാത്യർ 5:19-21; എഫെസ്യർ 5:3-5) വിവാഹങ്ങളോടു ബന്ധപ്പെട്ടതായാലും മറ്റേതെങ്കിലും കാര്യത്തോടു ബന്ധപ്പെട്ടതായാലും സാമൂഹിക കൂടിവരവുകൾ നമ്മുടെ ക്രിസ്തീയ നിലവാരങ്ങൾ ഉപേക്ഷിക്കാനോ നാം സാധാരണഗതിയിൽ ചെയ്യാത്ത എന്തെങ്കിലും ചെയ്യാനോ നമുക്ക് അനുമതി തരുന്നില്ല; നാം ജീവിക്കുന്ന ദേശത്തെ ആചാരരീതികളെല്ലാം പിൻപറ്റാനും നമുക്കു കടപ്പാടൊന്നുമില്ല. അത്തരം പല ആചാരരീതികളും അടിസ്ഥാനപ്പെട്ടിരിക്കുന്നതു വ്യാജമത ആചാരങ്ങളിലോ അന്ധവിശ്വാസങ്ങളിലോ ആണ്. മറ്റുള്ളവയിൽ ക്രിസ്ത്യാനികൾക്കു തികച്ചും സ്വീകാര്യമല്ലാത്ത നടത്ത ഉൾപ്പെടുന്നു.—1 പത്രൊസ് 4:3, 4.
17. (എ) കാനാവിലെ കല്യാണം നന്നായി സംഘടിപ്പിക്കപ്പെട്ടതും ഉചിതമായ മേൽനോട്ടമുണ്ടായിരുന്നതുമാണെന്ന് ഏതെല്ലാം ഘടകങ്ങൾ പ്രകടമാക്കുന്നു? (ബി) ആ പരിപാടിക്കു യേശുവിന്റെ അംഗീകാരമുണ്ടായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
17 യോഹന്നാൻ 2:1-11 വായിക്കുമ്പോൾ, അതു വിപുലമായ ഒരു പരിപാടിയായിരുന്നുവെന്നും അനേകം അതിഥികൾ അവിടെ സന്നിഹിതരായിരുന്നുവെന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. എന്നിരുന്നാലും, യേശുവും അവന്റെ ശിഷ്യന്മാരും ‘ക്ഷണിക്കപ്പെട്ട’ അതിഥികളായിരുന്നു; അവരിൽ ചിലർക്ക് ആതിഥേയനുമായി ബന്ധമുണ്ടായിരുന്നിരിക്കാമെങ്കിലും, അവർ ആകസ്മികമായി വന്നതായിരുന്നില്ല. ‘ശു ശ്രൂഷക്കാരും’ അതുപോലെതന്നെ അവിടെ നടന്നിരുന്ന കാര്യങ്ങൾക്കു നിർദേശങ്ങൾ നൽകിയിരുന്ന ഒരു “വിരുന്നുവാഴി”യുമുണ്ടായിരുന്നു. ആ പരിപാടി നന്നായി സംഘടിപ്പിക്കപ്പെട്ടതും ഉചിതമായ മേൽനോട്ടമുണ്ടായിരുന്നതുമാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. സദ്യയിൽ യേശു ചെയ്ത കാര്യത്താൽ അവൻ “തന്റെ മഹത്വം വെളിപ്പെടുത്തി” എന്നു പ്രസ്താവിച്ചുകൊണ്ട് ആ വിവരണം അവസാനിക്കുന്നു. റൗഡിത്തരമുള്ള, അനിയന്ത്രിതമായ ഒരു പരിപാടിയായിരുന്നു അതെങ്കിൽ, യേശു അതിൽ പങ്കെടുക്കുമായിരുന്നോ? നിസ്സംശയമായും ഇല്ല.
18. ഏതു സാമൂഹിക പരിപാടിക്കും ഗൗരവാവഹമായ എന്തു ചിന്ത കൊടുക്കേണ്ടതുണ്ട്?
18 എന്നാൽ, നാം ആതിഥേയത്വം വഹിച്ചേക്കാവുന്ന പ്രത്യേക അവസരങ്ങൾ സംബന്ധിച്ചോ? അതിഥിപ്രിയത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതിന്റെ ഉദ്ദേശ്യം “സത്യത്തിന്നു കൂട്ടുവേലക്കാർ” ആകുകയെന്നതാണെന്നു നാം ഓർത്തിരിക്കണം. അതുകൊണ്ട്, ഒരു പരിപാടിയെ “സാക്ഷി”കളുടെ കൂടിവരവ് എന്നു മുദ്ര കുത്തിയതുകൊണ്ടു മാത്രം മതിയാകുന്നില്ല. ഈ ചോദ്യം ചോദിക്കാവുന്നതാണ്, നാം ആരാണെന്നതോ നാം എന്തു വിശ്വസിക്കുന്നുവെന്നതോ സംബന്ധിച്ചുള്ള ഒരു സാക്ഷ്യമാണോ വാസ്തവത്തിൽ ഇത്? “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവയിലൊക്കെ ഏർപ്പെട്ടുകൊണ്ടു ലോകത്തിന്റെ വഴികളെ അനുകരിക്കുന്നതിൽ നമുക്ക് എത്രത്തോളം പോകാൻ കഴിയും എന്നു കാണുന്നതിനുള്ള അവസരങ്ങളായി നാം ഇത്തരം സന്ദർഭങ്ങളെ ഒരിക്കലും വീക്ഷിക്കരുത്. (1 യോഹന്നാൻ 2:15, 16) മറിച്ച്, ഈ അവസരങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന നിലയിലുള്ള നമ്മുടെ ധർമത്തെ ഉചിതമായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം. നാം ചെയ്യുന്ന കാര്യങ്ങൾ യഹോവയ്ക്കു മഹത്ത്വവും ബഹുമതിയും കൈവരുത്തുന്നുവെന്നും നാം ഉറപ്പുവരുത്തേണ്ടതുണ്ട്.—മത്തായി 5:16; 1 കൊരിന്ത്യർ 10:31-33.
‘പിറുപിറുപ്പു കൂടാതെ അതിഥിസല്ക്കാരം ആചരിപ്പിൻ’
19. ‘പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസല്ക്കാരം ആചരിപ്പാൻ’ നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
19 ലോകത്തിലെ അവസ്ഥകൾ വഷളായിക്കൊണ്ടിരിക്കുകയും ആളുകൾ ഒന്നിനൊന്നിനു ഭിന്നിച്ചുവരുകയും ചെയ്യവേ, സത്യക്രിസ്ത്യാനികളുടെ ഇടയിൽ നിലനിൽക്കുന്ന അടുത്ത ബന്ധം ബലപ്പെടുത്താൻ നാം സർവതും ചെയ്യേണ്ടതുണ്ട്. (കൊലൊസ്സ്യർ 3:14) പത്രൊസ് നമ്മെ പ്രോത്സാഹിപ്പിച്ചതുപോലെ, അതിനായി നമുക്കു “തമ്മിൽ ഉററ സ്നേഹം” ഉണ്ടായിരിക്കണം. എന്നിട്ടു പ്രായോഗികമായ വിധത്തിൽ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസല്ക്കാരം ആചരിപ്പിൻ.” (1 പത്രൊസ് 4:7-9) നമ്മുടെ സഹോദരങ്ങളോട് അതിഥിസത്കാരം കാണിക്കാൻ മുൻകൈ എടുത്തുകൊണ്ടു ദയയും സഹായമനസ്ഥിതിയും ഉള്ളവരായിരിക്കാൻ ശ്രമിക്കുന്നതിനു നാം മനസ്സൊരുക്കമുള്ളവരാണോ? അതോ അത്തരം അവസരങ്ങൾ ഉയർന്നുവരുമ്പോൾ നാം പിറുപിറുക്കുന്നുവോ? നാം അങ്ങനെ ചെയ്യുന്നപക്ഷം, നമുക്കു ലഭിക്കാൻ കഴിയുന്ന ആഹ്ലാദം നാം നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. മാത്രമല്ല, നന്മ ചെയ്യുന്നതു നിമിത്തമുള്ള സന്തോഷം എന്ന പ്രതിഫലവും നമുക്കു നഷ്ടമാകും.—സദൃശവാക്യങ്ങൾ 3:27; പ്രവൃത്തികൾ 20:35.
20. ഇന്നത്തെ വിഭജിത ലോകത്തു നാം അതിഥിസത്കാരം ആചരിക്കുന്നപക്ഷം എന്തെല്ലാം അനുഗ്രഹങ്ങൾ നമ്മെ കാത്തിരിക്കുന്നു?
20 നമ്മുടെ സഹക്രിസ്ത്യാനികളുമായി അടുത്തു പ്രവർത്തിക്കുന്നതും പരസ്പരം ദയയും അതിഥിസത്കാരപ്രിയവും ഉള്ളവരായിരിക്കുന്നതും അളവറ്റ അനുഗ്രഹങ്ങൾ കൈവരുത്തും. (മത്തായി 10:40-42) താൻ “അവർക്കു കൂടാരം ആയിരിക്കും. ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല” എന്നു യഹോവ അങ്ങനെയുള്ളവരോടു വാഗ്ദത്തം ചെയ്തിരിക്കുന്നു. യഹോവയുടെ കൂടാരത്തിലായിരിക്കുക എന്നതിന്റെ അർഥം അവന്റെ സംരക്ഷണവും ആതിഥ്യവും ആസ്വദിക്കുക എന്നാണ്. (വെളിപ്പാടു 7:15, 16; യെശയ്യാവു 25:6) അതേ, യഹോവയുടെ ആതിഥ്യം എന്നേക്കും ആസ്വദിക്കുന്നതിനുള്ള പ്രതീക്ഷയാണു തൊട്ടുമുന്നിലുള്ളത്.—സങ്കീർത്തനം 27:4; 61:3, 4.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ യഥാർഥ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ആഗ്രഹിക്കുന്നെങ്കിൽ, നാം എന്ത് അവഗണിക്കരുത്?
◻ ‘അനാഥരും വിധവമാരും’ ആരാണ്, നാം അവരെ എങ്ങനെ ‘പരിപാലിക്കണം’?
◻ നമ്മുടെ ഇടയിലുള്ള “പരദേശിക”ളെയും “വിദേശിക”ളെയും നാം എങ്ങനെ വീക്ഷിക്കണം?
◻ ഇന്നു പ്രത്യേക പരിഗണന അർഹിക്കുന്നവർ ആരാണ്?
◻ വിശേഷാവസരങ്ങൾ അതിഥിസത്കാരത്തിന്റെ യഥാർഥ മനോഭാവത്തെ പ്രതിഫലിപ്പിക്കേണ്ടതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[16, 17 പേജുകളിലെ ചിത്രങ്ങൾ]
പ്രത്യേക അവസരങ്ങളിൽ, വിദേശികളോടും പിതാവില്ലാത്ത കുട്ടികളോടും മുഴുസമയ സേവനത്തിലുള്ളവരോടും മറ്റ് അതിഥികളോടും നമുക്ക് അതിഥിപ്രിയമുള്ളവരായിരിക്കാൻ കഴിയും