‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതൽ’—വികസ്വര രാജ്യങ്ങളിൽ വെല്ലുവിളിയെ നേരിടൽ
‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതൽ’—വികസ്വര രാജ്യങ്ങളിൽ വെല്ലുവിളിയെ നേരിടൽ
“തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (1 തിമൊഥെയൊസ് 5:8) സമ്പന്ന രാജ്യങ്ങളിൽ ഒരു കുടുംബത്തെ പുലർത്തുന്നത് അധികമധികം ദുഷ്കരമായി തീർന്നിരിക്കെ, ഒരു വികസ്വര രാജ്യത്ത് അതു മിക്കപ്പോഴും കൂടുതൽ ഭയങ്കരമായ വെല്ലുവിളി ഉയർത്തുന്നു.
ഉദാഹരണത്തിന്, ആഫ്രിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടു മിക്കപ്പോഴും സാധാരണ സ്ഥിതിവിശേഷമാണ്, അസാധാരണമല്ല. തൊഴിലുകൾ വിരളം. തൊഴിൽ ലഭ്യമായിരിക്കുമ്പോൾതന്നെ, കേവലം അഹോവൃത്തിക്കായി ഭർത്താവും ഭാര്യയും തൊഴിൽ ചെയ്യേണ്ടിവരുന്നു. കുടുംബനാഥന്മാർ തൊഴിൽ കണ്ടെത്തുന്നതിനു തങ്ങളുടെ ഇണകളെയും കുട്ടികളെയും മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം തനിച്ചാക്കി ദീർഘദൂരം യാത്ര ചെയ്യേണ്ടതായി വന്നേക്കാം. വേണ്ടത്ര താമസസൗകര്യം കണ്ടെത്തുന്നതും പ്രയാസകരമായിരിക്കാം. മിക്ക ആഫ്രിക്കൻ കുടുംബങ്ങളും വലുതാണ്; വീടുകളിൽ മരുങ്ങുതിരിയാൻ ഇടമില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. അനാരോഗ്യ അവസ്ഥകൾ മുന്നിട്ടുനിൽക്കുന്നു.
കൂടാതെ, പ്രാദേശിക ആചാരങ്ങൾ, ദീർഘകാല പാരമ്പര്യങ്ങൾ, പൊതുവീക്ഷണങ്ങൾ എന്നിവ ദൈവവചനമായ ബൈബിളിന്റെ ആദർശത്തിനെതിരായിരിക്കും. വിവാഹത്തെയും കുട്ടികളെയും കുറിച്ചു നിലവിലുള്ള ചില മനോഭാവങ്ങളെക്കുറിച്ചു പരിചിന്തിക്കുക. വാടക കൊടുക്കുന്നതിനും നിർബന്ധിത സ്കൂൾ ഫീസ് കൊടുക്കുന്നതിനുമുള്ള ഉത്തരവാദിത്വം മാത്രമേ തങ്ങൾക്കുള്ളൂ എന്നു ചില കുടുംബനാഥന്മാർ വിശ്വസിക്കുന്നു. ഭക്ഷണവും വസ്ത്രവും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റേണ്ടതാകട്ടെ ഭാര്യമാരും—ചിലപ്പോൾ മുതിർന്ന കുട്ടികളും.
മാത്രമല്ല, ചില ഭർത്താക്കന്മാരുടെ വീക്ഷണം ഇങ്ങനെയാണ്: “എന്റെ പണം എന്റെ സ്വന്തമാണ്, നിന്റെ പണവും എന്റേതാണ്.” ഇതു മിക്കപ്പോഴും, വരുമാനം ഉണ്ടാക്കുന്ന ഭാര്യമാരെ ചൊടിപ്പിക്കുന്ന സംഗതിയാണ്. “പണം മദ്യപാനത്തിനുവേണ്ടിയാണു ചെലവഴിക്കുന്നത്, ഞങ്ങൾക്കോ കുട്ടികൾക്കോ വേണ്ടിയല്ല. ഞങ്ങൾ ജോലി പങ്കിടുന്നു അല്ലെങ്കിൽ അതിലധികപങ്കും ചെയ്യുന്നു. എന്നാൽ പണമെല്ലാം തന്റേതാണ്, താനാണ് അത് ഉണ്ടാക്കിയത് എന്നു പറഞ്ഞുകൊണ്ടു മൊത്തം പണവും അദ്ദേഹം കൈക്കലാക്കുന്നു” എന്ന് ഒരു ടാൻസാനിയക്കാരി പരാതിപ്പെട്ടു.
എന്നുവരികിലും, ക്രിസ്ത്യാനികൾ ദൈവവചനത്തിനു പ്രാദേശിക സംസ്കാരത്തെക്കാൾ അല്ലെങ്കിൽ പൊതു അഭിപ്രായത്തെക്കാൾ മുൻതൂക്കം കൊടുക്കുന്നു. ഒരുവന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതു സംബന്ധിച്ചു ബൈബിൾ സഹായകമായ മാർഗദർശനം പകരുന്നു. ഉദാഹരണത്തിന്, “മക്കൾ മാതാപിതാക്കൻമാർക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച് മാതാപിതാക്കൻമാർ മക്കൾക്കുവേണ്ടിയാണ്” എന്ന് അതു പറയുന്നു. (2 കൊരിന്ത്യർ 12:14, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്, വേല ചെയ്യാൻ പ്രാപ്തരായ ദൈവഭയമുള്ള പുരുഷന്മാർ, കുടുംബാംഗങ്ങൾക്കുവേണ്ട ഭക്ഷണവും വസ്ത്രവും പ്രദാനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം മടി നിമിത്തം ഭാര്യമാരുടെയോ മുതിർന്ന കുട്ടികളുടെയോ തോളിൽ വയ്ക്കുന്നില്ല; അതു സ്പഷ്ടമായും കുടുംബനാഥന്റെ ഉത്തരവാദിത്വമാണ്.—1 കൊരിന്ത്യർ 11:3.
ഒരു ഭർത്താവിന്റെ വരുമാനം കുടുംബ ആവശ്യങ്ങൾക്കെല്ലാം പര്യാപ്തമല്ലെന്നു വന്നേക്കാമെന്നതു സത്യംതന്നെ. എന്നാൽ, അയാളുടെ ഭാര്യ ലൗകിക തൊഴിൽചെയ്തു പണം സമ്പാദിക്കുന്നപക്ഷം ഒരു ക്രിസ്തീയ പുരുഷൻ നീരസപ്പെടുന്നില്ല. മറിച്ച് അയാൾ ആദരണീയയായ ഒരു “കൂട്ടാളി”യെന്ന നിലയിൽ അവളോട് ഇടപെടുന്നു. (മലാഖി 2:14) അങ്ങനെ, അവൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം അയാൾ നിർദാക്ഷിണ്യം എടുക്കുകയും അവളുടെ വികാരങ്ങൾ കാര്യമാക്കാതെ അതു ദുർവ്യയം ചെയ്യുകയുമില്ല. നേരേമറിച്ച്, അയാളും ഭാര്യയും ‘കൂടിയാലോചി’ക്കുകയും തങ്ങളുടെ പണം മുഴു കുടുംബത്തിന്റെയും പ്രയോജനത്തിനുവേണ്ടി എങ്ങനെ ഏറ്റവും മെച്ചമായി ഉപയോഗിക്കാനാവുമെന്നു നിർണയിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 13:10) സാധ്യമായിരിക്കുന്നിടത്ത്, ബൈബിൾ കാലങ്ങളിലെ “സാമർത്ഥ്യമുള്ള ഭാര്യ” ആസ്വദിച്ചിരുന്നവണ്ണം ഒരു പരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യംപോലും ഒരു ഭർത്താവു ഭാര്യയ്ക്ക് അനുവദിക്കുന്നു. (സദൃശവാക്യങ്ങൾ 31:10, 11, 16) അത്തരം കാര്യങ്ങളിൽ ബൈബിൾ ബുദ്ധ്യുപദേശങ്ങൾ പിൻപറ്റുന്നതു കുടുംബ സന്തുഷ്ടിയും സംതൃപ്തിയും വളർത്തുന്നു.
തൊഴിലില്ലായ്മയുടെ വെല്ലുവിളികൾ അഭിമുഖീകരിക്കൽ
തൊഴിലില്ലായ്മ എന്ന പ്രശ്നത്തെക്കുറിച്ചു പരിചിന്തിക്കുക. തൊഴിലുകൾ വിരളവും വേതനം കുറവുമായിരിക്കെ, നിരവധി ആഫ്രിക്കൻ കുടുംബനാഥന്മാർ വീട്ടിൽനിന്നു വളരെയകലെ—ഖനികളിലും ഫാക്ടറികളിലും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും—ജോലി തേടിയിരിക്കുന്നു. ഒരു ക്രിസ്ത്യാനിയാണ് ആ സ്ഥാനത്തെങ്കിൽ താൻ സഹ ആരാധകരിൽനിന്ന് ഒറ്റപ്പെട്ടിരിക്കുന്നതായും വളരെയധികം മോശമായ സഹവാസത്തിനു വിധേയനായിരിക്കുന്നതായും കണ്ടെത്തും. (സദൃശവാക്യങ്ങൾ 18:1; 1 കൊരിന്ത്യർ 15:33) അദ്ദേഹത്തിന്റെ കുടുംബം കാര്യാദികൾ അനായാസം നിറവേറ്റാൻ ശ്രമിക്കുന്നെങ്കിലും ആത്മീയ നേതൃത്വം വഹിക്കാനോ വൈകാരിക പിന്തുണ നൽകാനോ കുടുംബത്തിൽ പിതാവില്ലാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കാനാണു സാധ്യത. വിരോധാഭാസമെന്നു പറയട്ടെ, ദീർഘകാല അസാന്നിധ്യം അത് എന്തു തടയാൻ ഉദ്ദേശിച്ചോ അതിൽ കലാശിച്ചെന്നുംവരാം—സാമ്പത്തിക ബുദ്ധിമുട്ട്.
“എന്റെ ഭർത്താവ് സ്വർണം ഖനനം ചെയ്യാൻ പോയി. ഒന്നോ അങ്ങേയറ്റം പോയാൽ രണ്ടോ മാസത്തിനകം തിരിച്ചെത്താനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. അത് ഒരു വർഷമായി മാറി! ആറു മക്കളെ പോറ്റേണ്ട ചുമതല എന്റെ തോളിലായി. വാടക കൊടുക്കണമായിരുന്നു. ആരോഗ്യനില മോശമായിരുന്നതിനാൽ ചികിത്സയ്ക്കുള്ള പണം അടയ്ക്കേണ്ടിവന്നു. ഞങ്ങൾക്കു വസ്ത്രങ്ങളും ദിവസേന ഭക്ഷണവും വേണ്ടിയിരുന്നു. എനിക്കു തൊഴിലില്ലായിരുന്നു. അതു വളരെ പ്രയാസകരമായിരുന്നു. കുട്ടികളെ ആത്മീയമായി—കുടുംബ അധ്യയനം, യോഗങ്ങൾ, പ്രസംഗവേല എന്നീ കാര്യങ്ങളിൽ—പരിപാലിക്കുന്നതായിരുന്നു ഏറ്റവും ദുഷ്കരമായ സംഗതി. യഹോവയുടെ പിന്തുണയാൽ ഞങ്ങൾ ഒരുവിധത്തിൽ കഴിഞ്ഞുകൂടി,” ഒരു മാതാവു പറഞ്ഞു.
തൊഴിൽ ചെയ്യുന്നതിനായി മാസങ്ങളോളം കുടുംബത്തെ വിട്ടുനിൽക്കാൻ കടപ്പാടുള്ളതായി ചില മാതാക്കൾക്കും തോന്നിയിരിക്കുന്നു. ചിലർ സഞ്ചാര കച്ചവടക്കാരായി അഹോവൃത്തിക്കു വകതേടുന്നതിനാൽ വീട്ടിൽ വിരളമായേ ഉണ്ടായിരിക്കുകയുള്ളൂ. അങ്ങനെ, മുതിർന്ന കുട്ടികൾ മാതാപിതാക്കളിൽ ഒരാളുടെ സ്ഥാനം ഏറ്റെടുക്കാനും ഭക്ഷണം ഉണ്ടാക്കാനും വീട്ടുജോലികൾ ചെയ്യുന്നതിനും ഇളയ കൂടപ്പിറപ്പുകൾക്കു ശിക്ഷണം നൽകുന്നതിനുപോലും നിർബന്ധിതരാകുന്നു. ആത്മീയ പ്രവർത്തനങ്ങളിലുള്ള പങ്കുപറ്റലിനെ അതു ബാധിക്കുന്നു. അതേ, കുടുംബത്തിന്മേലുണ്ടാകുന്ന സമ്മർദം അത്യധികമായിരിക്കാം!
തീർച്ചയായും, സാമ്പത്തിക അവസ്ഥകൾ കഠിനമായിരിക്കുമ്പോൾ തന്റെ കുടുംബത്തെ പോറ്റാൻ തൊഴിൽതേടുകയല്ലാതെ മാതാപിതാക്കളിലൊരാൾക്കു വേറെ നിവൃത്തിയില്ലായിരിക്കും. ബൈബിൾ കാലങ്ങളിൽ യാക്കോബിന്റെ പുത്രന്മാർക്കു തങ്ങളുടെ കുടുംബങ്ങളെ പിന്നിൽവിട്ടു ഭക്ഷണസാധനങ്ങൾക്കുവേണ്ടി ഈജിപ്തിലേക്കു പോകേണ്ടിവന്നു. (ഉല്പത്തി 42:1-5) തന്മൂലം, ഇന്നു സമാനമായ ചുറ്റുപാടുകൾ ഉയർന്നുവരുമ്പോൾ, ദീർഘദൂര തൊഴിൽ കൈവരുത്തിയേക്കാവുന്ന ഏതുവിധ ഭൗതിക പ്രയോജനങ്ങളെയും ദീർഘനാളത്തെ വേർപിരിയൽ നിമിത്തമുണ്ടായേക്കാവുന്ന ആത്മീയവും വൈകാരികവുമായ ഹാനിയുമായി കുടുംബനാഥന്മാർ തട്ടിച്ചുനോക്കണം. നിരവധി കുടുംബങ്ങൾ ദീർഘനാൾ വേർപിരിഞ്ഞു നിൽക്കുന്നതിനു പകരം സാമ്പത്തിക ബുദ്ധിമുട്ടു സഹിക്കാൻ ഇഷ്ടപ്പെടുന്നു. “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്ന 1 തിമൊഥെയൊസ് 6:8-ൽ കൊടുത്തിരിക്കുന്ന പൗലോസിന്റെ വാക്കുകൾ അവർ മനസ്സിൽപ്പിടിക്കുന്നു.—സദൃശവാക്യങ്ങൾ 15:17 താരതമ്യം ചെയ്യുക.
മിക്കപ്പോഴും യാത്ര ചെയ്യാതെ കഴിക്കാം. മുൻകയ്യെടുക്കലും കൽപ്പനാശക്തിയും പ്രകടമാക്കി, ഉപയോഗപ്രദമായ സേവനങ്ങൾ പ്രദാനം ചെയ്തുകൊണ്ടു തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ചിലർക്കു കഴിഞ്ഞിട്ടുണ്ട്. a (സദൃശവാക്യങ്ങൾ 31:24 താരതമ്യം ചെയ്യുക.) അല്ലെങ്കിൽ, തരംതാണതെന്നു മറ്റുള്ളവർ വീക്ഷിക്കുന്ന ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാവാം സംഗതി. (എഫെസ്യർ 4:28) മറ്റുള്ളവർക്കു സാമ്പത്തിക പ്രാരാബ്ധമാകാതിരിക്കാൻ പൗലോസ് അപ്പോസ്തലൻ തന്നെയും ‘രാപ്പകൽ വേലചെയ്തുപോന്നു.’ (2 തെസ്സലൊനീക്യർ 3:8) ഇന്നു ക്രിസ്തീയ പുരുഷന്മാർക്ക് ആ മാതൃക പിൻപറ്റാൻ കഴിയും.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ
ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണു സ്കൂൾ വിദ്യാഭ്യാസം. ചില വിദൂര പ്രദേശങ്ങളിൽ, കുട്ടികൾക്കു വേണ്ടത്ര സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനു മാതാപിതാക്കൾ അവരെ ദീർഘനാൾ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിന് അയയ്ക്കുക സാധാരണമാണ്. മാതാപിതാക്കളിൽനിന്നു വേർപിരിഞ്ഞ അത്തരം കുട്ടികളെ സംബന്ധിച്ചിടത്തോളം യോഗങ്ങൾക്കു
ഹാജരാകുന്നതോ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതോ പലപ്പോഴും പ്രയാസകരമാണ്. ആവശ്യമായ ശിക്ഷണം ലഭിക്കാതെ അവർ നിഷ്പ്രയാസം മോശമായ സഹവാസങ്ങൾക്ക് ഇരയാകുന്നു. തത്ഫലമായി, അനേകർ ക്രിസ്തീയ ജീവിതരീതി ഉപേക്ഷിച്ചിരിക്കുന്നു.ലൗകിക വിദ്യാഭ്യാസത്തിന് അതിന്റെതായ പ്രയോജനങ്ങൾ ഉണ്ടെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ബൈബിൾ ആത്മീയ വിദ്യാഭ്യാസത്തിന് ഉയർന്ന സ്ഥാനം കൽപ്പിക്കുന്നു. അത്തരം പ്രബോധനം പ്രദാനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ദൈവം മാതാപിതാക്കൾക്കു നൽകിയിരിക്കുന്നു. (ആവർത്തനപുസ്തകം 11:18, 19; സദൃശവാക്യങ്ങൾ 3:13, 14) എന്നാൽ, ഒരു കുട്ടിയെ ദീർഘകാലത്തേക്കു ദൂരെ അയയ്ക്കുന്നതു സാധ്യതയനുസരിച്ച് അവനെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തു”വാനുള്ള മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ ശ്രമങ്ങൾക്കു തുരങ്കം വയ്ക്കാനിടയുണ്ട്.—എഫെസ്യർ 6:4. b
വിദ്യാഭ്യാസത്തിനുള്ള പ്രാദേശിക സാധ്യത മതിയായതല്ല എന്നു തോന്നിക്കുമ്പോൾ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ അടിസ്ഥാന കഴിവുകൾ പഠിപ്പിക്കാൻ തങ്ങളാലാവുന്നതു ചെയ്യുകയല്ലാതെ വേറെ നിർവാഹമില്ലായിരിക്കാം. നമ്മുടെ “മഹാ പ്രബോധക”നായ യഹോവയും സഹായം പ്രദാനം ചെയ്യുന്നു. (യെശയ്യാവു 30:20, NW) യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകൾ നിരവധി വിദ്യാഭ്യാസ ഏർപ്പാടുകൾ വാഗ്ദാനം ചെയ്യുന്നു. നിരവധി സഭകൾ സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നുണ്ട്. അതുപോലെതന്നെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, വ്യക്തമായി വായിക്കാനും സംസാരിക്കാനുമുള്ള ഒരു കുട്ടിയുടെ പ്രാപ്തിയെ വളർത്തിയെടുക്കുന്നതിനു സഹായകമായ ഒരു കരുതലാണ്.
ഗർഭധാരണം സംബന്ധിച്ച ഒരു സന്തുലിത വീക്ഷണം
അനേകം കുട്ടികളുള്ളപ്പോൾ അവർക്കുവേണ്ടി കരുതുകയെന്നതു പ്രത്യേകിച്ചും ദുഷ്കരമാണ്. തങ്ങൾക്കു കുട്ടികളെ ഇഷ്ടമാണെന്ന് ആഫ്രിക്കൻ മാതാപിതാക്കൾ പറയുന്നു; തന്മൂലം അവർ തങ്ങളാലാവുന്നിടത്തോളം കുട്ടികളെ ജനിപ്പിക്കുന്നു! സാമ്പത്തിക സ്രോതസ്സായി കുട്ടികളെ വീക്ഷിച്ചേക്കാമെന്നു വരികിലും അവരുടെ വലിയ സംഖ്യയ്ക്കു പര്യാപ്തമായ വിധം കരുതാൻ നിരവധി മാതാപിതാക്കൾക്കു കഴിയുന്നില്ല.
തീർച്ചയായും, “മക്കൾ, യഹോവ നല്കുന്ന അവകാശ”മാണെന്നു ബൈബിൾ പറയുന്നുണ്ട്. (സങ്കീർത്തനം 127:3) ഇസ്രായേലിൽ സാഹചര്യം അനുകൂലമായിരുന്നപ്പോഴാണ് ആ വാക്കുകൾ എഴുതിയതെന്നതു ശ്രദ്ധിക്കുക. പിന്നീട്, കടുത്ത ക്ഷാമവും യുദ്ധവും കുട്ടികളെ ജനിപ്പിക്കുന്നതു ദുഷ്കരമാക്കിത്തീർത്തു. (വിലാപങ്ങൾ 2:11, 20; 4:10) ഒട്ടേറെ വികസ്വര ദേശങ്ങളിൽ നിലവിലിരിക്കുന്ന ദുഷ്കരമായ സാഹചര്യത്തിന്റെ വീക്ഷണത്തിൽ, തങ്ങൾക്ക് എത്ര കുട്ടികൾക്കു യഥാർഥത്തിൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും പരിശീലനവും നൽകാൻ കഴിയും എന്നതിനെക്കുറിച്ച് ഉത്തരവാദിത്വമുള്ള ക്രിസ്ത്യാനികൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ചെലവു കണക്കാക്കിയശേഷം, പാരമ്പര്യത്തിനെതിരെ നിലകൊണ്ട്, തങ്ങൾക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണത്തിനു പരിധിവയ്ക്കുന്നതാണ് ഏറ്റവും നല്ലത് എന്നു നിരവധി ദമ്പതികൾ തീരുമാനിക്കുന്നു. c—ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.
വ്യക്തമായും, ഇതു “ദുർഘടസമയങ്ങൾ” ആണ്. (2 തിമൊഥെയൊസ് 3:1-5) ഈ വ്യവസ്ഥിതി അതിന്റെ അനിവാര്യ നാശത്തിലേക്കു കുതിക്കവേ, വികസ്വര രാജ്യങ്ങളിലെ കുടുംബങ്ങളിൽ സമ്മർദം വർധിക്കുമെന്നതിനു യാതൊരു സംശയവുമില്ല. എങ്കിലും ദൈവവചനത്തിലെ തത്ത്വങ്ങൾ അടുത്തു പിൻപറ്റുന്നതിലൂടെ കുടുംബനാഥന്മാർക്കു തങ്ങളുടെ കുടുബത്തിന്റെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കാൻ കഴിയും. കാരണം, തന്നെ വിശ്വസ്തതയോടെ സേവിക്കുന്നവർക്കു യഹോവ പിൻവരുന്ന വാഗ്ദാനം നൽകുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) ഉവ്വ്, ദരിദ്ര ദേശങ്ങളിൽ പോലും തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നതിനുള്ള വെല്ലുവിളിയെ ക്രിസ്ത്യാനികൾക്കു വിജയപ്രദമായി നേരിടാനാകും!
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ കൂട്ടുമാസികയായ ഉണരുക!യുടെ 1994 ഒക്ടോബർ 22 ലക്കത്തിലുള്ള “വികസ്വരരാജ്യങ്ങളിൽ തൊഴിൽ സൃഷ്ടിക്കൽ” എന്ന ലേഖനം കാണുക.
b കൂടുതൽ വിശദാംശങ്ങൾക്ക് 1982 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
c 1993 ജൂൺ 8 ഉണരുക!യിൽ പ്രത്യക്ഷപ്പെട്ട “കുടുംബാസൂത്രണം—ഒരു ആഗോളപ്രശ്നം” എന്ന ലേഖന പരമ്പരകളിൽ സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു.