സ്വപ്നങ്ങൾക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമോ?
സ്വപ്നങ്ങൾക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമോ?
പുരാതന കാലം മുതൽ മനുഷ്യവർഗം സ്വപ്നങ്ങളിൽ അങ്ങേയറ്റം തത്പരരായിരുന്നിട്ടുണ്ട്. സ്വപ്ന വ്യാഖ്യാനത്തിനായി ഈജിപ്തുകാർ വിശദമായ ഗ്രന്ഥങ്ങൾ രചിച്ചു. ബാബിലോന്യർക്കും തങ്ങളുടെ സ്വപ്ന വ്യാഖ്യാതാക്കൾ ഉണ്ടായിരുന്നു. സ്വപ്നങ്ങളിൽ ആരോഗ്യ നിർദേശങ്ങൾ ലഭിക്കുന്നതിനു രോഗഗ്രസ്തർ അസ്ക്ലിപയസിന്റെ ശ്രീകോവിലുകളിൽ ഉറങ്ങുന്നതു ഗ്രീക്കുകാരുടെയിടയിൽ പതിവായിരുന്നു. പൊതുയുഗം രണ്ടാം നൂറ്റാണ്ടിൽ സ്വപ്ന പ്രതീകങ്ങൾക്കു വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് ആർട്ടെമിഡോറസ് ഒരു പുസ്തകം രചിച്ചു. അന്നുമുതൽ ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി സമാനമായ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇന്നുവരെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതിനു ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അവ ഭാവി സംഭവങ്ങളിലേക്കു വാസ്തവമായും ഉൾക്കാഴ്ച പകരുന്നുണ്ടോ?
ഭാവി പ്രാധാന്യം അവയ്ക്കുണ്ടാകണമെങ്കിൽ അവ ഒരു ഉന്നത ശക്തിയാൽ സ്വാധീനിക്കപ്പെടേണ്ടതുണ്ട്. ദൈവം, അതേ ശക്തിതന്നെ പ്രദാനം ചെയ്തിരിക്കുന്ന അനേകം സന്ദർഭങ്ങൾ ബൈബിളിൽ നാം കാണുന്നു. അവൻ തന്റെ ദാസർക്കും അവനെ ആരാധിക്കാതിരുന്ന ചിലർക്കും പ്രാവചനിക സ്വപ്നങ്ങൾ നൽകി. വാസ്തവത്തിൽ, ഇയ്യോബ് 33:14-16 ഇങ്ങനെ പറയുന്നു: “ദൈവം അരുളിച്ചെയ്യുന്നു; . . . ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശത്തിൽ തന്നേ, അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു.”
പൊതുയുഗത്തിന് 1,700-ലധികം വർഷം മുമ്പു ജീവിച്ചിരുന്ന യോസേഫിന്റെ കാലത്ത് ഈജിപ്തുകാരനായ ഫറവോന്റെ കാര്യത്തിൽ ദൈവം അതാണു ചെയ്തത്. ഫറവോന്റെ സ്വപ്നം ഉല്പത്തി 41:1-7-ലും 25-32 വാക്യങ്ങളിലും കാണാവുന്നതാണ്. “മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ” ഏഴു സംവത്സരവും അതേത്തുടർന്ന് ഏഴു വർഷത്തെ ക്ഷാമവും മുൻകൂട്ടിപ്പറഞ്ഞുകൊണ്ടു യോസേഫ് ആ സ്വപ്നം വ്യാഖ്യാനിക്കുന്നു. “ദൈവം ചെയ്വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചുതന്നിരിക്കുന്നു” എന്നു യോസേഫ് ഫറവോനോടു വിശദീകരിച്ചു. (ഉല്പത്തി 41:28) വാസ്തവത്തിൽ സംഭവിച്ചതിനെക്കുറിച്ചു പ്രവചിക്കുന്നതായിരുന്നു ആ സ്വപ്നം.
സമാനമായ ഒരനുഭവം ബാബിലോന്യരുടെ പ്രമുഖ രാജാവിനുണ്ടായി. തന്നെ അങ്ങേയറ്റം അലോസരപ്പെടുത്തിയ ഒരു സ്വപ്നം നെബുഖദ്നേസർ കണ്ടു. എന്നാൽ അതെന്താണെന്ന് അവന് ഓർമിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, സ്വപ്നവും വ്യാഖ്യാനവും അറിയിക്കുന്നതിന് അവൻ തന്റെ മന്ത്രവാദികളെ വിളിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം നിവർത്തിക്കാൻ അസാധ്യമായ അഭ്യർഥനയായിരുന്നു അത്.—ദാനീയേൽ 2:1-11.
രാജാവിനു സ്വപ്നം നൽകിയതു ദൈവമായിരുന്നതിനാൽ സ്വപ്നം വെളിപ്പെടുത്തുന്നതിനും അതു വ്യാഖ്യാനിക്കുന്നതിനും അവൻ ദാനീയേലിനെ പ്രാപ്തനാക്കി. “അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു” എന്നു ദാനീയേൽ 2:19 പറയുന്നു. “രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ആ സ്വപ്നത്തിനുള്ള മഹത്ത്വം ദാനീയേൽ ദൈവത്തിനു കരേറ്റി—ദാനീയേൽ 2:27, 28.
ചിലപ്പോഴൊക്കെ ദൈവം തന്റെ ജനത്തിനു സ്വപ്നങ്ങളിലൂടെ നിർദേശങ്ങൾ നൽകി. മറ്റു ചിലപ്പോൾ അവൻ ദിവ്യപ്രീതിയെക്കുറിച്ച് അവർക്ക് ഉറപ്പേകുകയോ താൻ എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നതെന്ന് അവരെ മനസ്സിലാക്കാൻ സഹായിക്കുകയോ ചെയ്തു. യാക്കോബിന്റെ കാര്യത്തിൽ, ദൈവം തന്റെ അംഗീകാരം ഒരു സ്വപ്നത്തിലൂടെ വെളിപ്പെടുത്തി.—ഉല്പത്തി 48:3, 4.
യേശുവിന്റെ വളർത്തുപിതാവായ യോസേഫ്, മറിയ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിന്നീട്, അപ്രകാരം ചെയ്യരുതെന്ന് ഒരു സ്വപ്നത്തിൽ അവനു നിർദേശം ലഭിച്ചു. “ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നു മത്തായി 1:20 പറയുന്നു. പിന്നീട് അവനു സ്വപ്നത്തിൽ ഒരു മുന്നറിയിപ്പു ലഭിച്ചു: ‘കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേററു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോവുക.’—മത്തായി 2:13.
ദൈവത്തിൽനിന്നല്ലാത്ത സ്വപ്നങ്ങൾ
സ്വപ്ന വ്യാഖ്യാനം ദൈവത്തിന്റെ ജനങ്ങളല്ലാത്തവരുടെയിടയിൽ സാധാരണമായിരുന്നുവെന്ന വസ്തുത, സ്വപ്നങ്ങൾ പൊതുവേ ഭാവി വെളിപ്പെടുത്തുന്ന വിശ്വസനീയ ഉറവിടമാണെന്നു കരുതാനാവില്ലെന്നു സൂചിപ്പിക്കുന്നു. പ്രവാചകനായ യിരെമ്യാവിന്റെ കാലത്തു വ്യാജ പ്രവാചകന്മാർ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു.” (യിരെമ്യാവു 23:25) ദൈവം തങ്ങളിലൂടെ സംസാരിക്കുകയാണെന്നു ചിന്തിക്കത്തക്കവണ്ണം ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ആ സ്വപ്നക്കാരെക്കുറിച്ചു യിരെമ്യാവ് ഇങ്ങനെ പറഞ്ഞു: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും [“ആത്മജ്ഞാനസിദ്ധി ആചരിക്കുന്നവരും,” NW] നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു. അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; . . . എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 29:8, 9.
ആ വ്യാജ പ്രവാചകന്മാർ ‘ആത്മജ്ഞാനസിദ്ധി ആചരിക്കുന്നവർ’ ആയിരുന്നതിനാൽ അവരുടെ സ്വപ്നങ്ങൾ ജനങ്ങളെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തിൽ ദുഷ്ടാത്മ സേനകളാൽ സ്വാധീനിക്കപ്പെട്ടിരുന്നിരിക്കണം. ഇതേ സൂചനയാണു സെഖര്യാവു 10:2 നൽകുന്നതും. അവിടെ ഇങ്ങനെ പറയുന്നു: ‘ഗൃഹബിംബങ്ങൾ മിത്ഥ്യത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ [“ആത്മജ്ഞാനസിദ്ധി ആചരിക്കുന്നവർ,” NW] വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിക്കുകയും ചെയ്യുന്നു.’
യിരെമ്യാവിന്റെയും സെഖര്യാവിന്റെയും നാളിലെ വ്യാജ പ്രവാചകന്മാർ ചെയ്തതുപോലെ, ദൈവം തങ്ങളോടു ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും സംസാരിച്ചുവെന്നു വ്യാജരൂപേണ അവകാശപ്പെടുന്നതിന് ആയിരക്കണക്കിനു വർഷങ്ങളായി മതനേതാക്കളെ ഉപയോഗിച്ചിരിക്കുന്ന മുഖ്യ വഞ്ചകനാണു പിശാച്. അത്തരക്കാരെക്കുറിച്ചു നിശ്വസ്ത ബൈബിളെഴുത്തുകാരനായ യൂദാ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു.” അത്തരം മനുഷ്യർ “സ്വപ്നാവസ്ഥയി”ലെന്നപോലെ ആയിരുന്നുവെന്ന് അവൻ പറഞ്ഞു.—യൂദാ 4, 8.
അവകാശവാദങ്ങൾ പരിശോധിക്കുക
ദൈവം തന്നോടു സ്വപ്നത്തിൽ സംസാരിച്ചുവെന്നോ ഭാവി സംബന്ധമായ തന്റെ സ്വപ്നങ്ങൾ സത്യമെന്നു തെളിഞ്ഞുവെന്നോ ഒരു വ്യക്തി അവകാശപ്പെട്ടേക്കാം. എങ്കിലും, അയാളെ വിശ്വസിക്കാനും അന്ധമായി പിൻപറ്റാനും അതു മതിയായ കാരണമല്ല. ആവർത്തനപുസ്തകം 13:2-4, 6-ൽ ഇസ്രായേല്യർക്കുവേണ്ടി എഴുതപ്പെട്ട നിർദേശങ്ങൾ ശ്രദ്ധിക്കൂ: ‘നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു: നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; ആ പ്രവാചകനെയോ സ്വപ്നക്കാരനെയോ കൊല്ലേണം.’ തന്റെ ജനത്തിന്റെ വിശ്വസ്തതയുടെ പരിശോധനയെന്നവണ്ണം അത്തരക്കാർ വ്യാജം സംസാരിക്കുന്നതു ദൈവം അനുവദിച്ചു.
വ്യക്തിപ്രഭാവമുള്ള സ്വപ്നക്കാരുടെ അവകാശവാദങ്ങളെ അന്ധമായി വിശ്വസിക്കുന്നതിനു പകരം, “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന” അദൃശ്യനായ മുഖ്യ വഞ്ചകനാൽ വഴിതെറ്റിക്കപ്പെടാതിരിക്കുന്നതിന് അവരുടെ അവകാശവാദങ്ങൾ ശരിയാണോയെന്നു നാം പരിശോധിക്കുന്നതാണു ബുദ്ധി. (വെളിപ്പാടു 12:9) എന്നാൽ അവരെ എങ്ങനെ വിശ്വാസയോഗ്യമായി പരിശോധിക്കാനാവും?
ദൈവത്തിന്റെ ലിഖിത വചനമാണു സത്യത്തിലേക്കുള്ള നമ്മുടെ ദിവ്യദത്ത വഴികാട്ടി. “നിന്റെ വചനം സത്യം ആകുന്നു” എന്ന് അതേക്കുറിച്ച് യേശു പറഞ്ഞു. (യോഹന്നാൻ 17:17) തന്മൂലം, 1 യോഹന്നാൻ 4:1-ൽ നമ്മെ ഇങ്ങനെ അനുശാസിച്ചിരിക്കുന്നു: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ.” ബൈബിളുമായി ശ്രദ്ധാപൂർവം താരതമ്യം ചെയ്യുമ്പോൾ അവരുടെ അവകാശവാദങ്ങൾ, തത്ത്വചിന്തകൾ, നടപടികൾ എന്നിവ അതിനു കടകവിരുദ്ധമാണ്. സത്യം എന്താണെന്നതു സംബന്ധിച്ച പ്രമാണഗ്രന്ഥം ദൈവവചനമാണ്.
പ്രത്യേക അറിവുണ്ടെന്ന് അവകാശപ്പെടുന്ന സ്വപ്നക്കാരൻ വാസ്തവത്തിൽ ആത്മജ്ഞാനസിദ്ധിയോ മറ്റ് ആത്മവിദ്യാചാരങ്ങളോ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ദൈവവചനം അവനെ കുറ്റംവിധിക്കുന്നു. “പ്രശ്നക്കാരൻ, [“ആത്മജ്ഞാനസിദ്ധി ഉപയോഗിക്കുന്നവൻ,” NW] മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പാകുന്നു.”—ആവർത്തനപുസ്തകം 18:10-12.
മരിക്കാത്ത ഒരു ദേഹി തന്നിലുണ്ടെന്നു സ്വപ്നക്കാരൻ അവകാശപ്പെടുന്നെങ്കിൽ, “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്നു വ്യക്തമായി പ്രസ്താവിക്കുന്ന ദൈവവചനത്തെ അയാൾ മറുക്കുകയാണ്. (യെഹെസ്കേൽ 18:4) അയാൾ സ്വയം ഉയർത്തുകയും ആളുകളെ തന്നിലേക്ക് ആകർഷിക്കുകയുമാണോ? “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും” എന്നു മത്തായി 23:12 മുന്നറിയിപ്പു നൽകുന്നു. മാത്രമല്ല, “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും” എന്നു പ്രവൃത്തികൾ 20:30 ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകുന്നു.
അയാൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവോ? “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും” എന്നു പറഞ്ഞുകൊണ്ടു യാക്കോബ് 3:17, 18 അയാളെ കുറ്റംവിധിക്കുന്നു. അയാൾ ലോകത്തിൽ രാഷ്ട്രീയ അധികാരമോ സ്വാധീനമോ തേടുന്നുണ്ടോ? “ലോക ത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു” എന്നു പറഞ്ഞുകൊണ്ടു ദൈവവചനം അയാളെ തുറന്നടിച്ചു കുറ്റപ്പെടുത്തുന്നു. അങ്ങനെ, ബൈബിൾ വ്യാജത്തെ തുറന്നുകാട്ടുന്നു.—യാക്കോബ് 4:4.
ഒരു വ്യക്തി കുടുംബത്തിലെ ഒരംഗമോ സുഹൃത്തോ മരിച്ചുപോയതായി സ്വപ്നം കാണുന്നെങ്കിൽ ഒരുപക്ഷേ അത് അയാൾക്ക് ആ വ്യക്തിയെക്കുറിച്ചു ചിന്തയുള്ളതിനാലാണ്. അയാൾ സ്വപ്നം കണ്ട അതേ രാത്രിയിൽത്തന്നെ ആ വ്യക്തി മരിച്ചുപോയെന്നു വരികിലും സ്വപ്നം പ്രാവചനികമായിരുന്നുവെന്ന് അതു തെളിയിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു സ്വപ്നം യാഥാർഥ്യമായി തീരുന്നതായി തോന്നിക്കവേ അങ്ങനെ സംഭവിക്കാത്ത നൂറുകണക്കിനു സ്വപ്നങ്ങളുണ്ട്.
പോയകാലങ്ങളിൽ, തന്റെ ലിഖിതവചനം നിർമിച്ചുകൊണ്ടിരിക്കേ ദൈവം പ്രാവചനിക സംഭവങ്ങൾ വെളിപ്പെടുത്തുന്നതിനു സ്വപ്നങ്ങൾ ഉപയോഗിച്ചുവെങ്കിലും ഇപ്പോൾ അവന് അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ഇന്നു മനുഷ്യവർഗത്തിന് ആവശ്യമായിരിക്കുന്ന സകല നിർദേശങ്ങളും ദൈവത്തിൽനിന്നുള്ള ആ ലിഖിത വചനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മാത്രമല്ല, അതിലെ പ്രവചനങ്ങൾ ആയിരം വർഷത്തെ ഭാവി സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) തന്മൂലം, നമ്മുടെ സ്വപ്നങ്ങൾ ഭാവി സംഭവങ്ങളെക്കുറിച്ചു ദൈവത്തിൽനിന്നുള്ള സൂചനകളല്ല മറിച്ച്, നമ്മുടെ മാനസിക ക്ഷേമം നിലനിർത്തുന്നതിന് ഒഴിച്ചുകൂടാനാവാത്ത തലച്ചോറിന്റെ പ്രവർത്തനങ്ങളാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
[7-ാം പേജിലെ ചിത്രം]
സംഭവിക്കാൻ പോകുന്നത് എന്താണെന്നു ഫറവോന്റെ സ്വപ്നം വ്യക്തമാക്കിയതുപോലെ ദൈവവചനം നമ്മുടെ ഭാവിക്കു വെളിച്ചമേകുന്നു