വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിതാവും മൂപ്പനും—ഇരു ധർമങ്ങളും നിവർത്തിക്കൽ

പിതാവും മൂപ്പനും—ഇരു ധർമങ്ങളും നിവർത്തിക്കൽ

പിതാ​വും മൂപ്പനും—ഇരു ധർമങ്ങ​ളും നിവർത്തി​ക്കൽ

“സ്വന്ത കുടും​ബത്തെ ഭരിപ്പാൻ അറിയാ​ത്തവൻ ദൈവ​സ​ഭയെ എങ്ങനെ പരിപാ​ലി​ക്കും?”—1 തിമൊ​ഥെ​യൊസ്‌ 3:5.

1, 2. (എ) ഒന്നാം നൂററാ​ണ്ടിൽ ഏകാകി​ക​ളായ മേൽവി​ചാ​ര​കൻമാർക്കും മക്കളി​ല്ലാത്ത വിവാ​ഹി​ത​രായ മേൽവി​ചാ​ര​കൻമാർക്കും തങ്ങളുടെ സഹോ​ദ​രൻമാ​രെ എങ്ങനെ സേവി​ക്കാൻ കഴിഞ്ഞു? (ബി) ഇന്നത്തെ അനേകം ദമ്പതി​കൾക്ക്‌ അക്വി​ലാ​യും പ്രിസ്‌കി​ല്ല​യും ഒരു മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

 ആദിമ ക്രിസ്‌തീയ സഭയിലെ മേൽവി​ചാ​ര​കൻമാർക്ക്‌ ഏകാകി​ക​ളോ, മക്കളി​ല്ലാത്ത വിവാ​ഹി​ത​രോ, മക്കളുള്ള വിവാ​ഹി​ത​രോ ആയിരി​ക്കാൻ കഴിയു​മാ​യി​രു​ന്നു. കൊരി​ന്ത്യർക്കുള്ള ഒന്നാമത്തെ ലേഖന​ത്തി​ന്റെ 7-ാം അധ്യാ​യ​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നൽകിയ ബുദ്ധ്യു​പ​ദേശം ഏകാകി​ക​ളാ​യി​രു​ന്നു​കൊണ്ട്‌ അനുസ​രി​ക്കാൻ ആ ക്രിസ്‌ത്യാ​നി​കൾക്കു കഴിഞ്ഞു​വെ​ന്ന​തി​നു സംശയ​മില്ല. യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചി​രു​ന്നു: “സ്വർഗ്ഗ​രാ​ജ്യം നിമിത്തം തങ്ങളെ​ത്തന്നേ ഷണ്ഡൻമാ​രാ​ക്കിയ ഷണ്ഡൻമാ​രും ഉണ്ടു.” (മത്തായി 19:12) പൗലോ​സി​നെ​യും ഒരുപക്ഷേ അവന്റെ ചില സഞ്ചാര​കൂ​ട്ടാ​ളി​ക​ളെ​യും പോ​ലെ​യുള്ള ഏകാകി​കൾ തങ്ങളുടെ സഹോ​ദ​രൻമാ​രെ സഹായി​ക്കാൻ സഞ്ചരി​ക്കു​ന്ന​തി​നു സ്വത​ന്ത്ര​രാ​യി​രി​ക്കു​മാ​യി​രു​ന്നു.

2 ബർന്നബാസ്‌, മർക്കൊസ്‌, ശീലാസ്‌, ലൂക്കൊസ്‌, തിമൊ​ഥെ​യൊസ്‌, തീത്തൊസ്‌ എന്നിവർ ഏകാകി​ക​ളാ​യി​രു​ന്നോ എന്നു ബൈബിൾ പറയു​ന്നില്ല. അവർ വിവാ​ഹി​ത​രാ​യി​രു​ന്നെ​ങ്കിൽ, വിവിധ നിയമ​ന​സ്ഥ​ല​ങ്ങ​ളി​ലേക്കു വിപു​ല​മാ​യി സഞ്ചരി​ക്കാൻ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനി​ന്നു വേണ്ടത്ര ഒഴിവ്‌ അവർക്കു​ണ്ടാ​യി​രു​ന്നു​വെന്നു സ്‌പഷ്ട​മാണ്‌. (പ്രവൃ​ത്തി​കൾ 13:2; 15:39-41; 2 കൊരി​ന്ത്യർ 8:16, 17; 2 തിമൊ​ഥെ​യൊസ്‌ 4:9-11; തീത്തൊസ്‌ 1:5) ഒരു സ്ഥലത്തു​നി​ന്നു മറെറാ​രി​ട​ത്തേക്കു പോകു​മ്പോൾ തെളി​വ​നു​സ​രി​ച്ചു ഭാര്യ​മാ​രെ കൂടെ കൊണ്ടു​പോ​യി​രുന്ന പത്രൊ​സി​നെ​യും “ശേഷം അപ്പോ​സ്‌ത​ലൻമാ​രെ​യും” പോലെ അവരെ അവരുടെ ഭാര്യ​മാർ അനുഗ​മി​ച്ചി​രി​ക്കാം. (1 കൊരി​ന്ത്യർ 9:5) കൊരി​ന്തിൽനിന്ന്‌ എഫേസൂ​സി​ലേ​ക്കും പിന്നീടു റോമി​ലേ​ക്കും വീണ്ടും തിരികെ എഫേസൂ​സി​ലേ​ക്കും പൗലോ​സി​നെ അനുഗ​മി​ച്ചു​കൊ​ണ്ടു മാറി​ത്താ​മ​സി​ക്കാൻ സന്നദ്ധരാ​യി​രുന്ന ദമ്പതി​ക​ളു​ടെ ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു അക്വി​ല​യും പ്രിസ്‌കി​ല്ല​യും. അവർക്കു മക്കളു​ണ്ടാ​യി​രു​ന്നോ എന്നു ബൈബിൾ പറയു​ന്നില്ല. സഹോ​ദ​രൻമാർക്കു​വേ​ണ്ടി​യുള്ള അവരുടെ അർപ്പിത സേവനം ‘ജാതി​ക​ളു​ടെ സകല സഭകളിൽനി​ന്നും’ അവർക്കു നന്ദി നേടി​ക്കൊ​ടു​ത്തു. (റോമർ 16:3-5; പ്രവൃ​ത്തി​കൾ 18:2, 18; 2 തിമൊ​ഥെ​യൊസ്‌ 4:19) ഇന്ന്‌, അക്വി​ലാ​യെ​യും പ്രിസ്‌കി​ല്ല​യെ​യും പോലെ, ഒരുപക്ഷേ ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കാൻ മാറി​പ്പാർത്തു​കൊ​ണ്ടു മററു സഭകളെ സേവി​ക്കാൻ കഴിയുന്ന അനേകം ദമ്പതികൾ ഉണ്ടെന്നു​ള്ള​തി​നു സംശയ​മില്ല.

പിതാ​വും മൂപ്പനും

3. ഒന്നാം നൂററാ​ണ്ടി​ലെ അനേകം മൂപ്പൻമാർ കുടും​ബ​ങ്ങ​ളുള്ള വിവാ​ഹി​ത​രാ​യി​രു​ന്നു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

3 പൊ.യു. ഒന്നാം നൂററാ​ണ്ടിൽ ക്രിസ്‌തീയ മൂപ്പൻമാ​രു​ടെ ഭൂരി​പ​ക്ഷ​വും മക്കളുള്ള വിവാ​ഹിത പുരു​ഷൻമാ​രാ​യി​രു​ന്നു​വെ​ന്നാ​ണു കാണ​പ്പെ​ടു​ന്നത്‌. “ഒരു മേൽവി​ചാ​ര​കന്റെ സ്ഥാനം എത്തിപ്പി​ടി​ക്കുന്ന” ഒരു പുരു​ഷ​നിൽനിന്ന്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന യോഗ്യ​തകൾ വിവരി​ച്ച​പ്പോൾ, അത്തര​മൊ​രു ക്രിസ്‌ത്യാ​നി “സ്വന്ത കുടും​ബത്തെ നന്നായി ഭരിക്കു​ന്ന​വ​നും മക്കളെ പൂർണ്ണ​ഗൌ​ര​വ​ത്തോ​ടെ അനുസ​ര​ണ​ത്തിൽ പാലി​ക്കു​ന്ന​വ​നും” ആയിരി​ക്ക​ണ​മെന്നു പൗലോസ്‌ പ്രസ്‌താ​വി​ച്ചു.—1 തിമൊ​ഥെ​യൊസ്‌ 3:1, 4.

4. മക്കളുള്ള വിവാ​ഹി​ത​മൂ​പ്പൻമാ​രിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു?

4 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ഒരു മേൽവി​ചാ​ര​കനു മക്കളു​ണ്ടാ​യി​രി​ക്കാൻ അല്ലെങ്കിൽ വിവാ​ഹി​ത​നാ​യി​രി​ക്കാൻ പോലും കടപ്പാ​ടി​ല്ലാ​യി​രു​ന്നു. എന്നാൽ വിവാ​ഹി​ത​നാ​ണെ​ങ്കിൽ, ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ എന്ന നിലയിൽ യോഗ്യ​നാ​യി​രി​ക്കു​ന്ന​തിന്‌ ഒരു ക്രിസ്‌ത്യാ​നി തന്റെ ഭാര്യ​യു​ടെ​മേൽ ഉചിത​വും സ്‌നേ​ഹ​പു​ര​സ്സ​ര​വു​മായ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കു​ക​യും തന്റെ മക്കളെ ഉചിത​മായ കീഴ്‌പെ​ട​ലിൽ നിർത്താൻ പ്രാപ്‌ത​നാ​ണെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 11:3; 1 തിമൊ​ഥെ​യൊസ്‌ 3:12, 13) തന്റെ കുടും​ബത്തെ ഭരിക്കു​ന്ന​തി​ലുള്ള ഗൗരവ​മായ ഏതു ബലഹീ​ന​ത​യും സഭയിലെ പ്രത്യേക പദവി​കൾക്ക്‌ ഒരു സഹോ​ദ​രനെ അയോ​ഗ്യ​നാ​ക്കും. എന്തു​കൊണ്ട്‌? പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു: “സ്വന്ത കുടും​ബത്തെ ഭരിപ്പാൻ അറിയാ​ത്തവൻ ദൈവ​സ​ഭയെ എങ്ങനെ പരിപാ​ലി​ക്കും?” (1 തിമൊ​ഥെ​യൊസ്‌ 3:5) സ്വന്ത കുടും​ബ​ത്തിൽപ്പെ​ട്ടവർ അദ്ദേഹ​ത്തി​ന്റെ മേൽവി​ചാ​ര​ണ​യ്‌ക്കു കീഴ്‌പെ​ടാൻ സന്നദ്ധര​ല്ലെ​ങ്കിൽ മററു​ള്ളവർ എങ്ങനെ പ്രതി​ക​രി​ക്കും?

‘വിശ്വാ​സി​ക​ളായ മക്കളു​ള്ളവൻ’

5, 6. (എ) മക്കളെ​സം​ബ​ന്ധി​ച്ചുള്ള ഏതു വ്യവസ്ഥ പൗലോസ്‌ തീത്തൊ​സി​നോ​ടു പറഞ്ഞു? (ബി) മക്കളുള്ള മൂപ്പൻമാ​രിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു?

5 ക്രേത്ത​യി​ലെ സഭകളിൽ മേൽവി​ചാ​ര​കൻമാ​രെ നിയമി​ക്കാൻ തീത്തൊ​സി​നോ​ടു നിർദേ​ശി​ച്ച​പ്പോൾ പൗലോസ്‌ ഇങ്ങനെ നിബന്ധ​ന​ചെ​യ്‌തു: “മൂപ്പൻ കുററ​മി​ല്ലാ​ത്ത​വ​നും ഏകഭാ​ര്യ​യു​ള്ള​വ​നും ദുർന്ന​ട​പ്പി​ന്റെ ശ്രുതി​യോ അനുസ​ര​ണ​ക്കേ​ടോ ഇല്ലാത്ത വിശ്വാ​സി​ക​ളായ മക്കളു​ള്ള​വ​നും ആയിരി​ക്കേണം. അദ്ധ്യക്ഷൻ ദൈവ​ത്തി​ന്റെ ഗൃഹവി​ചാ​ര​ക​നാ​ക​യാൽ അനിന്ദ്യ​നാ​യി​രി​ക്കേണം.” ‘വിശ്വാ​സി​ക​ളായ മക്കളു​ള്ളവൻ’ എന്ന വ്യവസ്ഥ​യാൽ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?—തീത്തൊസ്‌ 1:6, 7.

6 ‘വിശ്വാ​സി​ക​ളായ മക്കൾ’ എന്ന പദപ്ര​യോ​ഗം യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ സമർപ്പി​ച്ചു സ്‌നാ​പ​ന​മേററ ചെറു​പ്പ​ക്കാ​രെ അല്ലെങ്കിൽ സമർപ്പ​ണ​ത്തി​ലേ​ക്കും സ്‌നാ​പ​ന​ത്തി​ലേ​ക്കും പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കുട്ടി​കളെ പരാമർശി​ക്കു​ന്നു. മൂപ്പൻമാ​രു​ടെ മക്കൾ പൊതു​വേ നല്ല പെരു​മാ​റ​റ​വും അനുസ​ര​ണ​വു​മു​ള്ള​വ​രാ​യി​രി​ക്കാൻ ഒരു സഭയിലെ അംഗങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. ഒരു മൂപ്പൻ തന്റെ മക്കളിൽ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യാൻ തനിക്കാ​വു​ന്ന​തെ​ല്ലാം ചെയ്യു​ന്നു​ണ്ടെന്നു പ്രത്യ​ക്ഷ​മാ​യി​രി​ക്കണം. ശലോ​മോൻരാ​ജാവ്‌ എഴുതി: “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 22:6) എന്നാൽ അങ്ങനെ​യുള്ള പരിശീ​ലനം ലഭിച്ചി​ട്ടുള്ള ഒരു യുവാവു യഹോ​വയെ സേവി​ക്കാൻ വിസമ്മ​തി​ക്കു​ക​യോ ഒരു ഗൗരവ​മായ തെററു ചെയ്യു​ക​യോ ചെയ്യു​ന്നു​വെ​ങ്കി​ലെന്ത്‌?

7. (എ) സദൃശ​വാ​ക്യ​ങ്ങൾ 22:6 കർശന​മായ ഒരു ചട്ടം പ്രസ്‌താ​വി​ക്കു​ക​യ​ല്ലാ​യി​രു​ന്നു​വെന്നു വ്യക്തമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഒരു മൂപ്പന്റെ കുട്ടി യഹോ​വയെ സേവി​ക്കാൻ തിര​ഞ്ഞെ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ, മൂപ്പനു സ്വതവേ തന്റെ പദവികൾ നഷ്ടപ്പെ​ടു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

7 മേലു​ദ്ധ​രിച്ച സദൃശ​വാ​ക്യം കർശന​മായ ഒരു ചട്ടം പ്രസ്‌താ​വി​ക്കു​ക​യ​ല്ലെന്നു വ്യക്തമാണ്‌. അത്‌ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തി​ന്റെ തത്ത്വത്തെ ദുർബ​ലീ​ക​രി​ക്കു​ന്നില്ല. (ആവർത്ത​ന​പു​സ്‌തകം 30:15, 16, 19) ഒരു പുത്ര​നോ പുത്രി​യോ ഉത്തരവാ​ദി​ത്വ പ്രായ​ത്തി​ലെ​ത്തു​മ്പോൾ അവൻ അല്ലെങ്കിൽ അവൾ സമർപ്പ​ണ​വും സ്‌നാ​പ​ന​വും സംബന്ധി​ച്ചു വ്യക്തി​പ​ര​മായ ഒരു തീരു​മാ​നം ചെയ്യണം. ഒരു മൂപ്പൻ ആവശ്യ​മായ ആത്മീയ​സ​ഹാ​യ​വും മാർഗ​നിർദേ​ശ​വും ശിക്ഷണ​വും നേരത്തെ കൊടു​ത്തി​ട്ടും യഹോ​വയെ സേവി​ക്കാൻ കുട്ടി തിര​ഞ്ഞെ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ പിതാവ്‌ ഒരു മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്ന​തിൽനി​ന്നു സ്വതേ അയോ​ഗ്യ​നാ​യി​ത്തീ​രു​ന്നില്ല. മറിച്ച്‌, ഒരു മൂപ്പനു വീട്ടിൽ താമസി​ക്കുന്ന പല മൈനർമക്കൾ ഉണ്ടായി​രി​ക്കു​ക​യും അവർ ഓരോ​രു​ത്ത​രാ​യി ആത്മീയ​രോ​ഗി​ക​ളാ​യി​ത്തീ​രു​ക​യും കുഴപ്പ​ത്തിൽ ചാടു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അദ്ദേഹത്തെ “സ്വന്തകു​ടും​ബത്തെ നന്നായി ഭരിക്കുന്ന”വനായി മേലാൽ പരിഗ​ണി​ക്കാ​നാ​വു​ക​യി​ല്ലെന്നു വരാം. (1 തിമൊ​ഥെ​യൊസ്‌ 3:4) ആശയം ഇതാണ്‌: ‘ദുർന്ന​ട​പ്പി​ന്റെ ശ്രുതി​യോ അനുസ​ര​ണ​ക്കേ​ടോ ഇല്ലാത്ത മക്കൾ’ ഉണ്ടായി​രി​ക്കാൻ ഒരു മൂപ്പൻ തന്റെ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടെന്നു പ്രകട​മാ​യി​രി​ക്കണം. a

“അവിശ്വാ​സി​യായ ഭാര്യ”യെ വിവാ​ഹം​ചെ​യ്‌തി​രി​ക്കു​ന്നു

8. ഒരു മൂപ്പൻ തന്റെ അവിശ്വാ​സി​യായ ഭാര്യ​യോട്‌ എങ്ങനെ പെരു​മാ​റണം?

8 അവിശ്വാ​സി​ക​ളായ ഭാര്യ​മാ​രുള്ള ക്രിസ്‌തീയ പുരു​ഷൻമാ​രെ സംബന്ധി​ച്ചു പൗലോസ്‌ ഇങ്ങനെ എഴുതി: “ഒരു സഹോ​ദ​രന്നു അവിശ്വാ​സി​യായ ഭാര്യ ഉണ്ടായി​രി​ക്ക​യും അവൾ അവനോ​ടു​കൂ​ടെ പാർപ്പാൻ സമ്മതി​ക്ക​യും ചെയ്‌താൽ അവളെ ഉപേക്ഷി​ക്ക​രു​തു. . . . അവിശ്വാ​സി​യായ ഭാര്യ സഹോ​ദ​രൻമു​ഖാ​ന്തരം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു​മി​രി​ക്കു​ന്നു; അല്ലെങ്കിൽ നിങ്ങളു​ടെ മക്കൾ അശുദ്ധർ എന്നുവ​രും; ഇപ്പോ​ഴോ അവർ വിശുദ്ധർ ആകുന്നു. . . . പുരുഷാ, നീ ഭാര്യെ​ക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” (1 കൊരി​ന്ത്യർ 7:12-14, 16) “അവിശ്വാ​സി​യായ” എന്ന പദം മതവി​ശ്വാ​സ​ങ്ങ​ളി​ല്ലാത്ത ഒരു ഭാര്യയെ അല്ല, പിന്നെ​യോ യഹോ​വ​യ്‌ക്കു സമർപ്പി​ത​യ​ല്ലാത്ത ഒരു സ്‌ത്രീ​യെ പരാമർശി​ക്കു​ന്നു. അവൾ ഒരു യഹൂദ​സ്‌ത്രീ​യോ പുറജാ​തി​ദൈ​വ​ങ്ങ​ളു​ടെ ഒരു വിശ്വാ​സി​യോ ആയിരു​ന്നി​രി​ക്കാം. ഇന്ന്‌ ഒരു മൂപ്പന്റെ ഭാര്യ വ്യത്യ​സ്‌ത​മതം ആചരി​ക്കുന്ന ഒരു സ്‌ത്രീ​യോ ഒരു അജ്ഞേയ​വാ​ദി​യോ ഒരു നിരീ​ശ്വ​ര​വാ​ദി​പോ​ലു​മോ ആയിരി​ക്കാം. അവൾ അദ്ദേഹ​ത്തോ​ടു​കൂ​ടെ പാർക്കു​വാൻ സന്നദ്ധയാ​ണെ​ങ്കിൽ, കേവലം വിശ്വാ​സ​ങ്ങ​ളി​ലുള്ള വ്യത്യാ​സം നിമിത്തം അവളെ ഉപേക്ഷി​ക്ക​രുത്‌. അപ്പോ​ഴും അദ്ദേഹം അവളെ രക്ഷിക്കാ​നുള്ള പ്രത്യാ​ശ​യിൽ ‘വിവേ​ക​ത്തോ​ടെ ഭാര്യ​യോ​ടു​കൂ​ടെ വസിച്ചു സ്‌ത്രീ​ജനം ബലഹീ​ന​പാ​ത്രം എന്നു​വെച്ചു അവൾക്കു ബഹുമാ​നം കൊടു​ക്കണം’—1 പത്രൊസ്‌ 3:7; കൊ​ലൊ​സ്സ്യർ 3:19.

9. നിയമം തങ്ങളുടെ മക്കളെ തങ്ങളുടെ യഥാക്രമ മതവി​ശ്വാ​സ​ങ്ങൾക്കു വിധേ​യ​മാ​ക്കാ​നുള്ള അവകാശം ഭർത്താ​വി​നും ഭാര്യ​യ്‌ക്കും കൊടു​ക്കുന്ന രാജ്യ​ങ്ങ​ളിൽ ഒരു മൂപ്പൻ എങ്ങനെ പ്രവർത്തി​ക്കണം, ഇത്‌ അദ്ദേഹ​ത്തി​ന്റെ പദവി​കളെ എങ്ങനെ ബാധി​ക്കും?

9 ഒരു മേൽവി​ചാ​ര​കനു മക്കളു​ണ്ടെ​ങ്കിൽ, അദ്ദേഹം അവരെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസി​ക​ക്ര​മ​വ​ത്‌ക​ര​ണ​ത്തി​ലും” വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഉചിത​മായ ഭർത്തൃ-പിതൃ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കണം. (എഫെസ്യർ 6:4, NW) പല രാജ്യ​ങ്ങ​ളി​ലും നിയമം തങ്ങളുടെ കുട്ടി​കൾക്കു മതപ്ര​ബോ​ധനം കൊടു​ക്കാ​നുള്ള അവകാശം വിവാ​ഹിത ഇണകൾക്കു രണ്ടു​പേർക്കും കൊടു​ക്കു​ന്നു. ഈ അവസര​ത്തിൽ ഭാര്യ മക്കളെ തന്റെ മതവി​ശ്വാ​സ​ങ്ങൾക്കും ആചാര​ങ്ങൾക്കും വിധേ​യ​രാ​ക്കാ​നുള്ള തന്റെ അവകാശം പ്രയോ​ഗി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടേ​ക്കാം, അതിൽ അവരെ പള്ളിയിൽ കൊണ്ടു​പോ​കു​ന്നത്‌ ഉൾപ്പെ​ട്ടേ​ക്കാം. b തീർച്ച​യാ​യും, കുട്ടികൾ വ്യാജ​മ​ത​ച​ട​ങ്ങു​ക​ളിൽ പങ്കെടു​ക്കാ​തി​രി​ക്കു​ന്നതു സംബന്ധി​ച്ചു തങ്ങളുടെ ബൈബിൾ പരിശീ​ലിത മനഃസാ​ക്ഷി​യെ പിന്തു​ട​രണം. കുടും​ബ​ത്ത​ലവൻ എന്ന നിലയിൽ പിതാവു തന്റെ മക്കളു​മാ​യി അധ്യയനം നടത്തു​ന്ന​തി​നും അവരെ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം രാജ്യ​ഹാ​ളി​ലേക്കു കൊണ്ടു​പോ​കു​ന്ന​തി​നു​മുള്ള സ്വന്തം അവകാശം പ്രയോ​ഗി​ക്കും. അവർ ചിന്താ​പ്രാ​പ്‌തി​യുള്ള പ്രായ​ത്തി​ലെ​ത്തു​മ്പോൾ ഏതു വഴി പോക​ണ​മെന്ന്‌ അവർ സ്വയം തീരു​മാ​നി​ക്കും. (യോശുവ 24:15) അദ്ദേഹ​ത്തി​ന്റെ മക്കളെ സത്യത്തി​ന്റെ മാർഗ​ത്തിൽ ഉചിത​മാ​യി പ്രബോ​ധി​പ്പി​ക്കാൻ നിയമ​മ​നു​വ​ദി​ക്കു​ന്ന​തെ​ല്ലാം അദ്ദേഹം ചെയ്യു​ന്നു​ണ്ടെന്നു കാണാൻ അദ്ദേഹ​ത്തി​ന്റെ സഹമൂ​പ്പൻമാർക്കും സഭാം​ഗ​ങ്ങൾക്കും കഴിയു​ന്നു​വെ​ങ്കിൽ, അദ്ദേഹം ഒരു മൂപ്പൻ എന്ന നിലയിൽ അയോ​ഗ്യ​നാ​കു​ക​യില്ല.

‘കുടും​ബത്തെ നന്നായി ഭരിക്കൽ’

10. ഒരു കുടും​ബ​നാ​ഥൻ ഒരു മൂപ്പനാ​ണെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ പ്രഥമ കടമ എവിടെ സ്ഥിതി​ചെ​യ്യു​ന്നു?

10 ഒരു സഹക്രി​സ്‌ത്യാ​നി​യാ​യി​രി​ക്കുന്ന ഭാര്യ​യുള്ള ഒരു പിതാ​വായ മൂപ്പനു​പോ​ലും തന്റെ സമയവും ശ്രദ്ധയും തന്റെ ഭാര്യ​യ്‌ക്കും മക്കൾക്കും സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾക്കു​മാ​യി പങ്കു​വെ​ക്കു​ന്നത്‌ എളുപ്പ​മുള്ള ഒരു ജോലി​യല്ല. ഒരു ക്രിസ്‌തീയ ഭർത്താ​വി​നു തന്റെ ഭാര്യ​യെ​യും മക്കളെ​യും ഉചിത​മാ​യി നോക്കു​ന്ന​തി​നുള്ള കടമയു​ണ്ടെ​ന്ന​തിൽ തിരു​വെ​ഴു​ത്തു​കൾ വളരെ വ്യക്തമാണ്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “തനിക്കു​ള്ള​വർക്കും പ്രത്യേ​കം സ്വന്ത കുടും​ബ​ക്കാർക്കും വേണ്ടി കരുതാ​ത്തവൻ വിശ്വാ​സം തള്ളിക്ക​ളഞ്ഞു അവിശ്വാ​സി​യെ​ക്കാൾ അധമനാ​യി​രി​ക്കു​ന്നു.” (1 തിമൊ​ഥെ​യൊസ്‌ 5:8) അതേ ലേഖന​ത്തിൽ, നല്ല ഭർത്താ​ക്കൻമാ​രും പിതാ​ക്കൻമാ​രു​മെന്നു മുന്നമേ തെളി​യി​ച്ചി​ട്ടുള്ള വിവാ​ഹി​ത​പു​രു​ഷൻമാർ മാത്രമേ മേൽവി​ചാ​ര​കൻമാ​രാ​യി സേവി​ക്കാൻ ശുപാർശ ചെയ്യ​പ്പെ​ടാ​വൂ എന്നു പൗലോസ്‌ പ്രസ്‌താ​വി​ച്ചു.—1 തിമൊ​ഥെ​യൊസ്‌ 3:1-5.

11. (എ) ഒരു മൂപ്പൻ ഏതു വിധങ്ങ​ളിൽ ‘സ്വന്ത കുടും​ബ​ക്കാർക്കു​വേണ്ടി കരുതണം’? (ബി) ഇതു തന്റെ സഭാപ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ​റാൻ ഒരു മൂപ്പനെ എങ്ങനെ സഹായി​ച്ചേ​ക്കാം?

11 ഒരു മൂപ്പൻ ഭൗതി​ക​മാ​യി മാത്രമല്ല, പിന്നെ​യോ ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും സ്വന്തക്കാർക്കു​വേണ്ടി ‘കരുതണം.’ ജ്ഞാനി​യായ ശലോ​മോൻരാ​ജാവ്‌ ഇങ്ങനെ എഴുതി: “വെളി​യിൽ നിന്റെ വേല ചെയ്‌ക; വയലിൽ എല്ലാം തീർക്കുക; പിന്നെ​ത്തേ​തിൽ നിന്റെ വീടു പണിയുക.” (സദൃശ​വാ​ക്യ​ങ്ങൾ 24:27) അതു​കൊണ്ട്‌, തന്റെ ഭാര്യ​യു​ടെ​യും മക്കളു​ടെ​യും ഭൗതി​ക​വും വൈകാ​രി​ക​വും വിനോ​ദ​പ​ര​വു​മായ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതവേ ഒരു മേൽവി​ചാ​രകൻ അവരെ ആത്മീയ​മാ​യും കെട്ടു​പണി ചെയ്യണം. ഇതിനു സമയം എടുക്കും—അദ്ദേഹ​ത്തി​നു സഭാകാ​ര്യ​ങ്ങ​ളിൽ വിനി​യോ​ഗി​ക്കാൻ കഴിയാത്ത സമയം​തന്നെ. എന്നാൽ അതു കുടുംബ സന്തുഷ്ടി​യു​ടെ​യും ആത്മീയ​ത​യു​ടെ​യും രൂപത്തിൽ സമൃദ്ധ​മായ പ്രതി​ഫലം നൽകുന്ന സമയമാണ്‌. ഒടുവിൽ, അദ്ദേഹത്തിന്റെ കുടും​ബം ആത്മീയ​മാ​യി ശക്തമാ​ണെ​ങ്കിൽ, ഒരുപക്ഷേ ആ മൂപ്പനു കുടും​ബ​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്‌തു​കൊ​ണ്ടു കുറഞ്ഞ സമയമേ ചെലവ​ഴി​ക്കേ​ണ്ടി​വ​രു​ക​യു​ള്ളൂ. ഇതു സഭാകാ​ര്യ​ങ്ങൾ നോക്കു​ന്ന​തിന്‌ അദ്ദേഹ​ത്തി​ന്റെ മനസ്സിനെ ഏറെ സ്വത​ന്ത്ര​മാ​ക്കും. ഒരു നല്ല ഭർത്താ​വും ഒരു നല്ല പിതാ​വും എന്ന നിലയി​ലുള്ള അദ്ദേഹ​ത്തി​ന്റെ മാതൃക സഭയ്‌ക്ക്‌ ആത്മീയ പ്രയോ​ജനം ചെയ്യും.—1 പത്രൊസ്‌ 5:1-3.

12. ഏതു കുടും​ബ​കാ​ര്യ​ത്തിൽ മൂപ്പൻമാ​രായ പിതാ​ക്കൻമാർ നല്ല മാതൃക വെക്കണം?

12 നല്ല രീതി​യിൽ ഒരു കുടും​ബത്തെ ഭരിക്കു​ന്ന​തിൽ ഒരു കുടും​ബാ​ധ്യ​യ​ന​ത്തിൽ അധ്യക്ഷത വഹിക്കു​ന്ന​തി​നു സമയം പട്ടിക​പ്പെ​ടു​ത്തു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഈ കാര്യ​ത്തിൽ മൂപ്പൻമാർ നല്ല മാതൃക വെക്കു​ന്നതു വിശേ​ഷാൽ പ്രധാ​ന​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ശക്തമായ കുടും​ബങ്ങൾ ശക്തമായ സഭകളെ ഉളവാ​ക്കു​ന്നു. ഒരു മേൽവി​ചാ​ര​കനു തന്റെ ഭാര്യ​യോ​ടും മക്കളോ​ടു​മൊ​ത്തു പഠിക്കു​ന്ന​തി​നു സമയമി​ല്ലാ​ത്ത​വി​ധം അദ്ദേഹ​ത്തി​ന്റെ സമയം പതിവാ​യി മററു സേവന​പ​ദ​വി​ക​ളിൽ വ്യാപ​രി​ക്ക​രുത്‌. വാസ്‌ത​വ​മി​താ​യി​രി​ക്കു​ന്നെ​ങ്കിൽ, അദ്ദേഹം തന്റെ സമയപ്പ​ട്ടിക പുനഃ​പ​രി​ശോ​ധി​ക്കണം. ചില​പ്പോ​ഴൊ​ക്കെ ചില പദവികൾ നിരസി​ക്കു​ക​പോ​ലും ചെയ്‌തു​കൊണ്ട്‌, അദ്ദേഹം മററു കാര്യ​ങ്ങൾക്കു വിനി​യോ​ഗി​ക്കുന്ന സമയം പുനഃ​ക്ര​മീ​ക​രി​ക്കു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം.

സമനി​ല​യോ​ടു​കൂ​ടിയ മേൽവി​ചാ​രണ

13, 14. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” കുടും​ബ​നാ​ഥൻമാ​രായ മൂപ്പൻമാർക്ക്‌ ഏതു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ക​യു​ണ്ടാ​യി?

13 കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും സഭാപ​ര​മായ ഉത്തവാ​ദി​ത്വ​ങ്ങ​ളും സമനി​ല​യിൽ നിർത്താ​നുള്ള ബുദ്ധ്യു​പ​ദേശം പുതുതല്ല. വർഷങ്ങ​ളാ​യി “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ഈ സംഗതി​സം​ബ​ന്ധി​ച്ചു മൂപ്പൻമാർക്കു ബുദ്ധ്യു​പ​ദേശം കൊടു​ത്തു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള്ളത്‌. (മത്തായി 24:45) 37-ൽപ്പരം വർഷം​മുമ്പ്‌ 1959 സെപ്‌റ​റം​ബർ 15 വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) 553, 554 എന്നീ പേജു​ക​ളിൽ ഇങ്ങനെ ഉപദേ​ശി​ച്ചു: “യഥാർഥ​ത്തിൽ നമ്മുടെ സമയം ആവശ്യ​പ്പെ​ടുന്ന ഈ സംഗതി​ക​ളെ​യെ​ല്ലാം സമനി​ല​യിൽ നിർത്തേ​ണ്ട​തല്ലേ? ഈ സമനി​ല​യിൽ നിങ്ങളു​ടെ സ്വന്തം കുടും​ബ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾക്ക്‌ ഉചിത​മായ ഊന്നൽ കൊടു​ക്കണം. തീർച്ച​യാ​യും ഒരു മനുഷ്യൻ തന്റെ സമയ​മെ​ല്ലാം സഭാപ​ര​മായ പ്രവർത്ത​ന​ങ്ങൾക്ക്‌, തന്റെ സഹോ​ദ​രൻമാ​രും അയൽക്കാ​രും രക്ഷനേ​ടു​ന്ന​തി​നു സഹായി​ക്കാൻ, ഉപയോ​ഗി​ക്കു​ന്ന​തി​നും അതേസ​മയം തന്റെ സ്വന്തം കുടും​ബ​ക്കാ​രു​ടെ രക്ഷയിൽ ശ്രദ്ധി​ക്കാ​തി​രി​ക്കാ​നും യഹോ​വ​യാം ദൈവം പ്രതീ​ക്ഷി​ക്കു​ക​യില്ല. ഒരു മമനു​ഷ്യ​ന്റെ ഭാര്യ​യും മക്കളും പ്രഥമ ഉത്തരവാ​ദി​ത്വ​മാണ്‌.”

14 1986 നവംബർ 1 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 22-ാം പേജ്‌ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “ഒരു കുടും​ബ​മെന്ന നിലയിൽ വയൽസേ​വ​ന​ത്തി​ലേർപ്പെ​ടു​ന്നതു നിങ്ങളെ കൂടുതൽ അടുപ്പി​ക്കും, എന്നാൽ കുട്ടി​ക​ളു​ടെ അസാധാ​രണ ആവശ്യങ്ങൾ നിങ്ങളു​ടെ സ്വകാര്യ സമയത്തി​ന്റെ​യും വൈകാ​രിക ഊർജ​ത്തി​ന്റെ​യും ഒരു പ്രതി​ബദ്ധത ആവശ്യ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ ‘നിങ്ങളു​ടെ സ്വന്തക്കാർക്കു​വേണ്ടി’യും ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും ഭൗതി​ക​മാ​യും കരുതവേ സഭാപ​ര​മായ കർത്തവ്യ​ങ്ങൾക്ക്‌ എത്രമാ​ത്രം സമയം ചെലവ​ഴി​ക്കാ​നാ​വു​മെന്നു നിശ്ചയി​ക്കാൻ സമനില ആവശ്യ​മാണ്‌. [ഒരു ക്രിസ്‌ത്യാ​നി] ‘[തന്റെ] സ്വന്ത കുടും​ബ​ത്തിൽ ദൈവ​ഭക്തി ആചരി​ക്കാൻ ആദ്യം പഠിക്കണം.’ (1 തിമൊ​ഥെ​യൊസ്‌ 5:4, 8)”

15. ഭാര്യ​യും മക്കളു​മുള്ള ഒരു മൂപ്പനു ജ്ഞാനവും വിവേ​ക​വും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ഒരു തിരു​വെ​ഴു​ത്തു സദൃശ​വാ​ക്യം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ജ്ഞാനം​കൊ​ണ്ടു ഭവനം പണിയു​ന്നു. വിവേ​കം​കൊ​ണ്ടു അതു സ്ഥിരമാ​യി​വ​രു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 24:3) അതേ, തന്റെ ദിവ്യാ​ധി​പത്യ ചുമത​ലകൾ നിറ​വേ​റ​റു​ന്ന​തി​നും അതേസ​മയം തന്റെ ഭവനം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും അദ്ദേഹ​ത്തിന്‌ ഏററവും തീർച്ച​യാ​യി ജ്ഞാനവും വിവേ​ക​വും ആവശ്യ​മാണ്‌. തിരു​വെ​ഴു​ത്തിൻപ്ര​കാ​രം അദ്ദേഹ​ത്തി​നു മേൽവി​ചാ​ര​ണ​യു​ടെ ഒന്നില​ധി​കം മണ്ഡലങ്ങൾ ഉണ്ട്‌—അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും സഭാപ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇവയ്‌ക്കി​ട​യിൽ സമനില പാലി​ക്കാൻ അദ്ദേഹ​ത്തി​നു വിവേകം ആവശ്യ​മാണ്‌. (ഫിലി​പ്പി​യർ 1:9, 10) തന്റെ മുൻഗ​ണ​നകൾ സ്ഥാപി​ക്കാൻ അദ്ദേഹ​ത്തി​നു ജ്ഞാനം ആവശ്യമാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:10, 11) തന്റെ സഭാപ​ര​മായ പദവി​ക​ളിൽ താൻ എത്രയ​ധി​കം ഉത്തരവാ​ദി​ത്വ​മുള്ള ആളാ​ണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​യാ​ലും, ഒരു ഭർത്താ​വും പിതാ​വു​മെന്ന നിലയിൽ അദ്ദേഹ​ത്തി​ന്റെ ദൈവ​ദ​ത്ത​മായ പ്രഥമ ഉത്തരവാ​ദി​ത്വം അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തി​ന്റെ പരിപാ​ല​ന​വും രക്ഷയു​മാണ്‌.

നല്ല പിതാ​ക്കൻമാ​രും നല്ല മൂപ്പൻമാ​രും

16. ഒരു മൂപ്പന്‌, അദ്ദേഹം ഒരു പിതാ​വും​കൂ​ടെ ആണെങ്കിൽ, എന്തു പ്രയോ​ജനം ഉണ്ട്‌?

16 സത്‌പെ​രു​മാ​റ്റ​മുള്ള മക്കളുള്ള മൂപ്പൻ യഥാർഥ​ത്തിൽ ഒരു മുതൽക്കൂ​ട്ടാ​യി​രി​ക്കും. അദ്ദേഹം തന്റെ കുടും​ബത്തെ നന്നായി പരിപാ​ലി​ക്കാൻ പഠിക്കു​ന്നു​വെ​ങ്കിൽ, അദ്ദേഹം സഭയിലെ മററു കുടും​ബ​ങ്ങളെ സഹായി​ക്കാൻ പ്രാപ്‌ത​നാ​യി​രി​ക്കും. അദ്ദേഹ​ത്തിന്‌ അവരുടെ പ്രശ്‌നങ്ങൾ മെച്ചമാ​യി മനസ്സി​ലാ​കും, തന്റെ സ്വന്തം അനുഭ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ബുദ്ധ്യു​പ​ദേശം കൊടു​ക്കാ​നും കഴിയും. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ലോക​ത്തി​ലെ​ങ്ങും ആയിര​ക്ക​ണ​ക്കി​നു മൂപ്പൻമാർ ഭർത്താ​ക്കൻമാ​രും പിതാ​ക്കൻമാ​രും മേൽവി​ചാ​ര​കൻമാ​രു​മെന്ന നിലയിൽ നല്ല വേല ചെയ്യുന്നു.

17. (എ) ഒരു പിതാ​വും മൂപ്പനും​കൂ​ടെ ആയിരി​ക്കുന്ന ഒരു മനുഷ്യൻ ഒരിക്ക​ലും എന്തു മറക്കരുത്‌? (ബി) സഭയിലെ മററ്‌ അംഗങ്ങൾ എങ്ങനെ സമാനു​ഭാ​വം പ്രകട​മാ​ക്കണം?

17 ഒരു കുടും​ബ​നാ​ഥൻ ഒരു മൂപ്പനാ​യി​രി​ക്ക​ണ​മെ​ങ്കിൽ, അദ്ദേഹം ഭാര്യ​യ്‌ക്കും മക്കൾക്കും വേണ്ടി കരുതു​മ്പോൾത്തന്നെ സഭയിലെ മററു​ള്ള​വർക്കു​വേണ്ടി സമയവും ശ്രദ്ധയും കൊടു​ക്കാൻ പ്രാപ്‌ത​നാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം തന്റെ കാര്യങ്ങൾ ക്രമീ​ക​രി​ക്കാൻ കഴിയുന്ന പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കണം. തന്റെ ഇടയവേല ഭവനത്തിൽ തുടങ്ങു​ന്നു​വെന്ന്‌ അദ്ദേഹം ഒരിക്ക​ലും മറക്കരുത്‌. ഭാര്യ​യും മക്കളു​മുള്ള മൂപ്പൻമാർക്കു തങ്ങളുടെ കുടും​ബ​ത്തി​ന്റെ​യും സഭാകർത്ത​വ്യ​ങ്ങ​ളു​ടെ​യും ഉത്തരവാ​ദി​ത്വം ഉണ്ടെന്ന്‌ അറിയു​മ്പോൾ സഭയിലെ അംഗങ്ങൾ അവരുടെ സമയത്തെ അനുചി​ത​മാ​യി ആവശ്യ​പ്പെ​ടാൻ ശ്രമി​ക്കു​ക​യില്ല. ഉദാഹ​ര​ണ​ത്തിന്‌, അടുത്ത ദിവസം രാവിലെ സ്‌കൂ​ളിൽ പോകേണ്ട കുട്ടി​ക​ളുള്ള ഒരു മൂപ്പനു വൈകു​ന്നേ​രത്തെ യോഗ​ങ്ങൾക്കു​ശേഷം കുറേ സമയം തങ്ങാൻ എല്ലായ്‌പോ​ഴും കഴി​ഞ്ഞെ​ന്നു​വ​രില്ല. സഭയിലെ മററം​ഗങ്ങൾ ഇതു മനസ്സി​ലാ​ക്കു​ക​യും സഹാനു​ഭൂ​തി പ്രകട​മാ​ക്കു​ക​യും വേണം.—ഫിലി​പ്പി​യർ 4:5.

നമ്മുടെ മൂപ്പൻമാർ നമുക്കു പ്രിയ​രാ​യി​രി​ക്കണം

18, 19. (എ) 1 കൊരി​ന്ത്യർ 7-ാം അധ്യാ​യ​ത്തി​ന്റെ പരി​ശോ​ധന എന്തു തിരി​ച്ച​റി​യാൻ നമ്മെ പ്രാപ്‌ത​രാ​ക്കി​യി​രി​ക്കു​ന്നു? (ബി) അങ്ങനെ​യുള്ള ക്രിസ്‌തീയ പുരു​ഷൻമാ​രെ നാം എങ്ങനെ പരിഗ​ണി​ക്കണം?

18 കൊരി​ന്ത്യർക്കുള്ള പൗലോ​സി​ന്റെ ഒന്നാമത്തെ ലേഖന​ത്തി​ന്റെ 7-ാം അധ്യാ​യ​ത്തെ​ക്കു​റി​ച്ചു നാം നടത്തിയ പരി​ശോ​ധന, പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേ​ശ​മ​നു​സ​രി​ച്ചു രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കു സേവ​ചെ​യ്യാ​നുള്ള തങ്ങളുടെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കുന്ന ഏകാകി​ക​ളായ അനേകം പുരു​ഷൻമാ​രു​ണ്ടെന്നു കാണാൻ നമ്മെ പ്രാപ്‌ത​രാ​ക്കി. കൂടാതെ, തങ്ങളുടെ ഭാര്യ​മാർക്ക്‌ ഉചിത​മായ ശ്രദ്ധ കൊടു​ക്കവേ ഡിസ്‌ട്രി​ക്‌റ​റു​ക​ളി​ലും സർക്കി​ട്ടു​ക​ളി​ലും സഭകളി​ലും വാച്ച്‌ ടവർ ബ്രാഞ്ചു​ക​ളി​ലും തങ്ങളുടെ ഭാര്യ​മാ​രു​ടെ പ്രശം​സ​നീ​യ​മായ സഹകര​ണ​ത്തോ​ടെ നല്ല മേൽവി​ചാ​ര​കൻമാ​രാ​യി സേവി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു വിവാ​ഹിത സഹോ​ദ​രൻമാ​രു​മുണ്ട്‌. ഒടുവിൽ, യഹോ​വ​യു​ടെ ജനത്തിന്റെ 80,000-ത്തോള​മുള്ള സഭകളിൽ തങ്ങളുടെ ഭാര്യ​മാ​രെ​യും മക്കളെ​യും സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കുക മാത്രമല്ല, ചിന്തയുള്ള ഇടയൻമാ​രെന്ന നിലയിൽ തങ്ങളുടെ സഹോ​ദ​രൻമാ​രെ സേവി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കു​ക​യും ചെയ്യുന്ന അനേകം പിതാ​ക്കൻമാ​രുണ്ട്‌.—പ്രവൃ​ത്തി​കൾ 20:28.

19 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “നന്നായി ഭരിക്കുന്ന മൂപ്പൻമാ​രെ, പ്രത്യേ​കം വചനത്തി​ലും ഉപദേ​ശ​ത്തി​ലും അദ്ധ്വാ​നി​ക്കു​ന്ന​വരെ തന്നേ, ഇരട്ടി മാനത്തി​ന്നു യോഗ്യ​രാ​യി എണ്ണുക.” (1 തിമൊ​ഥെ​യൊസ്‌ 5:17) അതേ, തങ്ങളുടെ ഭവനങ്ങ​ളി​ലും സഭയി​ലും നല്ല വിധത്തിൽ ഭരിക്കുന്ന മൂപ്പൻമാർ നമ്മുടെ സ്‌നേ​ഹ​വും ആദരവും അർഹി​ക്കു​ന്നു. നാം തീർച്ച​യാ​യും ‘ഇങ്ങനെ​യുള്ള മനുഷ്യ​രെ പ്രിയ​രാ​യി കരുതി​ക്കൊ​ള്ളണം.’—ഫിലി​പ്പി​യർ 2:29, NW.

[അടിക്കു​റി​പ്പു​കൾ]

a 1978 ഫെബ്രു​വരി 1 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 31-2 പേജുകൾ കാണുക.

b 1960 ഡിസംബർ 1 വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) പേജ്‌ 735-6 കാണുക.

പുനരവലോകനം

പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ അനേകം മൂപ്പൻമാർ കുടും​ബ​നാ​ഥൻമാർ ആയിരു​ന്നു​വെന്നു നാം എങ്ങനെ അറിയു​ന്നു?

മക്കളുള്ള വിവാ​ഹിത മൂപ്പൻമാ​രിൽനിന്ന്‌ എന്താവ​ശ്യ​പ്പെ​ടു​ന്നു, എന്തു​കൊണ്ട്‌?

‘വിശ്വാ​സി​ക​ളായ മക്കളു​ള്ളവൻ’ എന്നതി​നാൽ എന്ത്‌ അർഥമാ​ക്ക​പ്പെ​ടു​ന്നു, എന്നാൽ ഒരു മൂപ്പന്റെ കുട്ടി യഹോ​വയെ സേവി​ക്കാൻ തിര​ഞ്ഞെ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ എന്ത്‌?

ഒരു മൂപ്പൻ ഏതു വിധങ്ങ​ളിൽ ‘സ്വന്തക്കാർക്കു​വേണ്ടി കരുതണം’?

[അധ്യയന ചോദ്യ​ങ്ങൾ]

23-ാം പേജിലെ ചിത്രം]

ശക്തമായ കുടും​ബങ്ങൾ ശക്തമായ സഭകളെ ഉളവാ​ക്കു​ന്നു