വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണാനന്തര ജീവിതം ഉണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ?

മരണാ​നന്തര ജീവിതം ഉണ്ടോ?

രണ്ടു ചോദ്യ​ങ്ങൾ മനുഷ്യ​വർഗത്തെ സഹസ്രാ​ബ്ദ​ങ്ങ​ളാ​യി അന്ധാളി​പ്പി​ച്ചി​ട്ടുണ്ട്‌: നാം വാർധ​ക്യം പ്രാപി​ക്കു​ക​യും ഒടുവിൽ മരിക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌? മരണാ​ന​ന്തരം ബോധ​പൂർവ​ക​മായ ഏതെങ്കി​ലും ജീവിതം ഉണ്ടോ?

ആദ്യ​ത്തേത്‌ അനേക​മാ​ളു​കളെ സംഭ്ര​മി​പ്പി​ച്ചി​ട്ടുണ്ട്‌. കാരണം ആധുനിക വൈദ്യ​ശാ​സ്‌ത്ര​ത്തി​നു​പോ​ലും, അതിന്റെ ഗംഭീര കണ്ടുപി​ടി​ത്ത​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​ട്ടും നിർണാ​യ​ക​മായ അഥവാ തൃപ്‌തി​ക​ര​മായ ഒരു ഉത്തരം മുന്നോ​ട്ടു​വെ​ക്കാൻ കഴിഞ്ഞി​ട്ടില്ല.

രണ്ടാമത്തെ ചോദ്യ​ത്തി​നു വ്യത്യ​സ്‌ത​ങ്ങ​ളായ ധാരാളം ഉത്തരങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, പൊതു​വേ മരണാ​ന​ന്തരം ബോധ​പൂർവ​ക​മായ ജീവി​ത​മു​ണ്ടോ​യെ​ന്നതു സംബന്ധിച്ച ഉത്തരങ്ങൾ, ഈ ജീവിതം മാത്രമല്ല പ്രതീ​ക്ഷി​ക്കാ​നു​ള്ള​തെന്നു ഖണ്ഡിത​മാ​യി പറയു​ന്ന​വ​രും ബോധ​പൂർവ​ക​മായ ജീവിതം മരണ​ത്തോ​ടെ അവസാ​നി​ക്കു​ന്നു​വെന്ന്‌ അത്രതന്നെ ഉറപ്പിച്ചു പറയു​ന്ന​വ​രു​മാ​യി ഇരു ധ്രുവ​ങ്ങ​ളിൽ നില​കൊ​ള്ളു​ന്ന​വ​രു​ടേ​താണ്‌. ഈ ഒടുവിൽ പറഞ്ഞവ​രു​ടെ കൂട്ടത്തിൽപ്പെട്ട മിക്കവ​രും ഹ്രസ്വ മനുഷ്യ​ജീ​വി​തം മാത്രമേ ഒരുവനു പ്രതീ​ക്ഷി​ക്കാ​നാ​വൂ എന്നതിൽ തങ്ങളുടെ മനസ്സിൽ സംശയ​മേ​യില്ല എന്നു നമ്മോടു പറയുന്നു. മിക്ക​പ്പോ​ഴും ഇതിനു വിരു​ദ്ധ​മാ​യി ഉന്നയി​ച്ചേ​ക്കാ​വുന്ന ഏതു വാദങ്ങൾക്കും അലംഭാ​വ​ത്തോ​ടു​കൂ​ടിയ ഉത്തരമാ​ണു ലഭിക്കുക, “ശരി, നമ്മോടു പറയാൻ ആരും തിരി​ച്ചു​വ​ന്നി​ട്ടില്ല, ശരിയല്ലേ?” എന്ന്‌.

വിവാ​ദ​പ​ര​മാ​യ മററു ചോദ്യ​ങ്ങ​ളു​ടെ കാര്യ​ത്തി​ലെന്ന പോലെ, തീരു​മാ​ന​ത്തി​ലെ​ത്താത്ത അനേക​രുണ്ട്‌—ഒരു പക്ഷക്കാ​രു​ടെ​യോ മറുപ​ക്ഷ​ക്കാ​രു​ടെ​യോ വിശ്വാ​സ​ത്തി​ലേക്കു ചായാൻ അവർ എല്ലായ്‌പോ​ഴും തയ്യാറാ​ണെന്നു തറപ്പി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടു​തന്നെ. എന്നാൽ “സമയമാ​കു​മ്പോൾ നാം കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു” എന്നു മററു ചിലർ ഒരുപക്ഷേ അലക്ഷ്യ​മാ​യി ഉത്തരം പറയും.

പണ്ടേയുള്ള ഒരു ചോദ്യം

ഏതാണ്ട്‌ 3,500 വർഷം മുമ്പു സുപ്ര​സിദ്ധ പൗരസ്‌ത്യ​നായ ഇയ്യോബ്‌ മരണാ​നന്തര ജീവി​ത​ത്തെ​ക്കു​റി​ച്ചു പണ്ടേയുള്ള ഒരു ചോദ്യ​മു​ന്ന​യി​ച്ചു. അവൻ കഷ്ടപ്പാ​ടിൻമ​ധ്യേ​യുള്ള ക്ഷമയ്‌ക്കു കീർത്തി​പ്പെ​ട്ട​വ​നാണ്‌. ഇയ്യോബ്‌ തന്റെ ചോദ്യം ചോദി​ച്ചത്‌ ഈ വിധത്തി​ലാണ്‌: “പുരു​ഷ​നോ മരിച്ചാൽ ദ്രവി​ച്ചു​പോ​കു​ന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? സമു​ദ്ര​ത്തി​ലെ വെള്ളം പൊയ്‌പോ​കു​മ്പോ​ലെ​യും ആറു വററി ഉണങ്ങി​പ്പോ​കു​മ്പോ​ലെ​യും മനുഷ്യൻ കിടന്നി​ട്ടു എഴു​ന്നേൽക്കു​ന്നില്ല . . . മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവി​ക്കു​മോ?”—ഇയ്യോബ്‌ 14:10-14.

എന്നാൽ മരണാ​നന്തര ജീവി​ത​ത്തെ​ക്കു​റിച്ച്‌ അന്വേ​ഷി​ച്ചത്‌ ഇയ്യോബ്‌ മാത്ര​മാ​യി​രു​ന്നില്ല. “മരിച്ച​വ​രു​ടെ അവസ്ഥ” എന്ന ശീർഷ​ക​ത്തിൻകീ​ഴിൽ മത നീതി​ശാ​സ്‌ത്ര വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പ്രകാ​ശനം നൽകുന്ന ഈ വിവരം നൽകുന്നു: “മമനു​ഷ്യ​ന്റെ മരണാ​ന​ന്ത​ര​ജീ​വി​തം​പോ​ലെ അവന്റെ ആത്മീയ​ജീ​വി​ത​ത്തോ​ടു ബന്ധപ്പെട്ട മറെറാ​രു വിഷയ​വും മനുഷ്യ​മ​ന​സ്സി​നെ ഇത്ര ആകർഷി​ച്ചി​ട്ടില്ല. ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലു​മുള്ള [നാട്ടു​കാർക്ക്‌] പൊതു​വേ ആത്മലോ​ക​ത്തെ​ക്കു​റിച്ച്‌—അതിലെ ജീവി​ത​ത്തെ​യും അതിന്റെ സ്വഭാ​വ​ങ്ങ​ളെ​യും അതിന്റെ മണ്ഡലങ്ങ​ളെ​യും കുറിച്ച്‌—വളരെ വ്യക്തവും സ്‌പഷ്ട​വു​മായ ധാരണ​ക​ളുണ്ട്‌. ഇത്‌ ഈ വിഷയ​ത്തി​ലുള്ള ശക്തമായ വ്യാപ​രി​ക്ക​ലി​നെ സൂചി​പ്പി​ക്കു​ന്നു. മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള വ്യാപ​ക​മായ ഭയം, അവരുടെ അവസ്ഥ ജീവൻ അവസാ​നി​ച്ചു​പോയ ഒന്നല്ലാ​യി​രു​ന്നു​വെന്ന വളരെ പുരാ​ത​ന​മായ ഒരു ആശയത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. മരണം ഊർജ​ങ്ങളെ ഛേദി​ച്ചു​ക​ള​ഞ്ഞി​രു​ന്നു; അതു വളരെ വ്യക്തമാ​യി​രു​ന്നു; എന്നാൽ മററ്‌ ഊർജങ്ങൾ പ്രവർത്ത​ന​ത്തി​ലി​ല്ലാ​യി​രു​ന്നോ, അല്ലെങ്കിൽ ആ ഊർജങ്ങൾ മാർമി​ക​വും ദുർഗ്ര​ഹ​വു​മായ വിധങ്ങ​ളി​ലുള്ള പ്രത്യ​ക്ഷ​ത​കൾക്കു പ്രാപ്‌ത​മാ​യി​രു​ന്നോ? മനുഷ്യർ ശരീര​ത്തിൽനി​ന്നു വേറിട്ട ഒരു ആത്മാവി​ലോ ദേഹി​യി​ലോ ഒരു ഭൂതത്തി​ലോ ആദ്യം വിശ്വ​സി​ച്ചി​രു​ന്നാ​ലും ഇല്ലെങ്കി​ലും, മരിച്ചവർ പിന്നെ​യും ഏതോ തരം അസ്‌തി​ത്വം തുടർന്നി​രു​ന്നാ​യി അവർ കരുതി​യെന്നു വിശ്വ​സി​ക്കു​ന്ന​തി​നു സകല കാരണ​വു​മു​ണ്ടെന്നു തോന്നു​ന്നു.”

നിങ്ങൾ മേൽപ്പറഞ്ഞ മൂന്നു വിഭാ​ഗ​ങ്ങ​ളിൽ ഏതി​ലെ​ങ്കി​ലും ഉൾപ്പെ​ട്ടേ​ക്കാം: മരണാ​ന​ന്തരം എന്തു സംഭവി​ക്കു​ന്നു​വെന്നു തിട്ടമി​ല്ലാ​ത്തവർ; മരണാ​ന​ന്തരം ഏതോ തരം ജീവി​ത​മു​ണ്ടെന്നു ബോധ്യ​മു​ള്ളവർ; അല്ലെങ്കിൽ ഈ ജീവിതം മാത്രമേ ഉള്ളു​വെന്നു ബോധ്യ​മു​ള്ളവർ. വാസ്‌ത​വ​മെ​ന്താ​യാ​ലും, അടുത്ത ലേഖനം ശ്രദ്ധാ​പൂർവം പരിചി​ന്തി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. മരണാ​ന​ന്തരം ഒരു സന്തുഷ്ട​ജീ​വി​ത​ത്തി​ന്റെ അത്ഭുത​സാ​ധ്യത ഉണ്ടെന്നു​ള്ള​തിന്‌, അത്‌ എങ്ങനെ സംഭവി​ക്കു​മെ​ന്നു​ള്ള​തിന്‌, എവി​ടെ​യെ​ന്നും എപ്പോ​ഴെ​ന്നു​മു​ള്ള​തിന്‌, ബോധ്യ​പ്പെ​ടു​ത്തുന്ന ബൈബിൾതെ​ളി​വു നിങ്ങൾ അതിൽ കാണു​ന്നു​വോ​യെന്നു നോക്കുക.