അമ്പതിലധികം വർഷത്തെ ‘കടന്നുവരവ്’
അമ്പതിലധികം വർഷത്തെ ‘കടന്നുവരവ്’
ഇമ്മാനുവൽ പറ്റെരക്കിസ് പറഞ്ഞപ്രകാരം
പത്തൊമ്പതു നൂറ്റാണ്ടുകൾക്കുമുമ്പു പൗലോസ് അപ്പോസ്തലന് അസാധാരണമായ ഒരു ക്ഷണം ലഭിച്ചു: “മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക.” “സുവിശേഷം അറിയിപ്പാ”നുള്ള ആ പുതിയ അവസരം പൗലോസ് സസന്തോഷം സ്വീകരിച്ചു. (പ്രവൃത്തികൾ 16:9, 10) എനിക്കു ലഭിച്ച ക്ഷണത്തിന് അത്രയും പഴക്കമില്ല. എന്നുവരികിലും, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന യെശയ്യാവു 6:8-നു ചേർച്ചയിൽ പുതിയ പ്രദേശത്തേക്കു ‘കടന്നുചെല്ലാൻ’ ഞാൻ സമ്മതിച്ചത് 50 വർഷം മുമ്പായിരുന്നു. എന്റെ അസംഖ്യം യാത്രകൾ എനിക്കു നിത്യ വിനോദസഞ്ചാരി എന്ന ഇരട്ടപ്പേരു നേടിത്തന്നു. എന്നാൽ എന്റെ പ്രവർത്തനങ്ങൾക്കു വിനോദസഞ്ചാരവുമായി ഒരു സാമ്യവുമില്ലായിരുന്നു. ഹോട്ടൽ മുറിയിലെത്തിയശേഷം, യഹോവയുടെ സംരക്ഷണത്തിന് ഒന്നിലധികം തവണ മുട്ടിൽനിന്നു ഞാൻ അവനു നന്ദി പറഞ്ഞിട്ടുണ്ട്.
ക്രീറ്റിലെ യിരാപെട്രയിൽ ആഴമായ മതഭക്തിയുള്ള ഒരു ഓർത്തഡോക്സ് കുടുംബത്തിൽ 1916 ജനുവരി 16-നാണു ഞാൻ പിറന്നത്. ഞാൻ ശിശുവായിരുന്നപ്പോൾ മുതൽ എന്നെയും മൂന്നു സഹോദരിമാരെയും ഞായറാഴ്ചതോറും മമ്മി പള്ളിയിൽ കൊണ്ടുപോകുമായിരുന്നു. പിതാവിനാണെങ്കിൽ, വീട്ടിലിരുന്നു ബൈബിൾ വായിക്കാനായിരുന്നു താത്പര്യം. സത്യസന്ധനും സദ്ഗുണസമ്പന്നനും ക്ഷമാശീലനുമായിരുന്ന പിതാവിനെ ഞാൻ അങ്ങേയറ്റം ആദരിച്ചിരുന്നു. എനിക്ക് ഒമ്പതു വയസ്സുണ്ടായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ മരണം. അതെന്നെ ആകെ ഉലച്ചുകളഞ്ഞു.
“നമുക്കു ചുറ്റുമുള്ള സകലതും ദൈവത്തിന്റെ അസ്തിത്വത്തെ പ്രഘോഷിക്കുന്നു” എന്ന ഒരു പാഠം അഞ്ചു വയസ്സുള്ളപ്പോൾ സ്കൂളിൽവെച്ചു വായിച്ചതായി ഞാനോർക്കുന്നു. വളരുംതോറും എനിക്ക് അക്കാര്യം പൂർണമായി ബോധ്യപ്പെട്ടുവന്നു. അങ്ങനെ 11-ാം വയസ്സിൽ, “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു! ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു” എന്ന സങ്കീർത്തനം 104:24 പ്രതിപാദ്യവിഷയമായുള്ള ഒരു ഉപന്യാസം എഴുതാൻ ഞാൻ തീരുമാനിച്ചു. തായ്മരത്തിന്റെ തണലിൽനിന്ന് കാറ്റത്തു പറന്നകലാൻ പോന്നവണ്ണം ചെറിയ ചിറകുകൾ മുളച്ച വിത്തുകൾ പോലെയുള്ള പ്രകൃതിയിലെ നിസ്സാര അത്ഭുതങ്ങൾപോലും എന്റെ മനം കവർന്നു. ഉപന്യാസം സമർപ്പിച്ചതിന്റെ പിറ്റേ ആഴ്ച അധ്യാപിക മുഴു ക്ലാസ്സിലും, പിന്നീട് മുഴു സ്കൂളിലും അതു വായിച്ചു കേൾപ്പിച്ചു. അന്ന് അധ്യാപകർ കമ്മ്യുണിസ്റ്റ് ആദർശങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. തന്മൂലം, ദൈവാസ്തിത്വത്തെ അനുകൂലിച്ചുള്ള എന്റെ വാദം കേൾക്കുന്നതിൽ അവർ ആനന്ദഭരിതരായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, സ്രഷ്ടാവിലുള്ള എന്റെ വിശ്വാസം പ്രകടിപ്പിക്കുന്നതിൽ സന്തുഷ്ടനായിരുന്നു ഞാൻ.
എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം
1930-കളിൽ യഹോവയുടെ സാക്ഷികളുമായുള്ള എന്റെ ആദ്യ കണ്ടുമുട്ടൽ ഇപ്പോഴും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. ഇമ്മാനുവൽ ലിയെനൂഡാക്കിസ് ക്രീറ്റിലുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രസംഗിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ പക്കൽനിന്നു നിരവധി ചെറുപുസ്തകങ്ങൾ കരസ്ഥമാക്കി. എന്നാൽ, മരിച്ചവർ എവിടെ? (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒന്നാണ് എന്റെ ശ്രദ്ധയാകർഷിച്ചത്. മരണത്തെ ഞാൻ അങ്ങേയറ്റം ഭയപ്പെട്ടിരുന്നതിനാൽ പിതാവ് മരിച്ച മുറിയിൽ ഞാൻ പ്രവേശിക്കുകപോലുമില്ലായിരുന്നു. ആ ചെറുപുസ്തകം പലതവണ വായിച്ച്, മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നതു മനസ്സിലാക്കിയപ്പോൾ അന്ധവിശ്വാസാധിഷ്ഠിതമായ ഭയം എന്നെ വിട്ടകന്നു.
വർഷത്തിലൊരിക്കൽ സാക്ഷികൾ ഞങ്ങളുടെ പട്ടണം സന്ദർശിച്ച് എനിക്കു വായിക്കാൻ കൂടുതൽ സാഹിത്യങ്ങൾ തന്നു. ക്രമേണ എന്റെ തിരുവെഴുത്തു ഗ്രാഹ്യം വർധിച്ചു. എങ്കിലും, ഞാൻ തുടർന്നും ഓർത്തഡോക്സ് പള്ളിയിൽ ഹാജരായി. എന്നാൽ, ഉദ്ധാരണം (ഇംഗ്ലീഷ്) എന്ന പുസ്തകം ഒരു വഴിത്തിരിവായിരുന്നു. യഹോവയുടെയും സാത്താന്റെയും സ്ഥാപനങ്ങൾ തമ്മിലുള്ള വ്യത്യാസം അതു വ്യക്തമാക്കി. അന്നുമുതൽ ഞാൻ ബൈബിളും വാച്ച് ടവർ സൊസൈറ്റിയുടെ ലഭ്യമായ സാഹിത്യങ്ങളും ഗൗരവമായി പഠിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ ഗ്രീസിൽ നിരോധനത്തിലായിരുന്നതിനാൽ ഞാൻ രഹസ്യമായി രാത്രിയിലാണു പഠിച്ചത്. പഠിച്ചുകൊണ്ടിരുന്ന കാര്യത്തിൽ അങ്ങേയറ്റം ഉത്സാഹമുള്ളവനായിരുന്നതിനാൽ അതേക്കുറിച്ചു മറ്റുള്ളവരോടെല്ലാം പറയാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. താമസിയാതെ പൊലീസ് എന്നിൽ താത്പര്യമെടുക്കാൻ തുടങ്ങിയെന്നു മാത്രമല്ല, രാപകലെന്നില്ലാതെ ഏതു നേരവും സാഹിത്യങ്ങൾ തേടി എന്നെ സന്ദർശിക്കാനും തുടങ്ങി.
1936-ൽ, 120 കിലോമീററർ അകലെ ഇറക്ലിയൻ എന്ന സ്ഥലത്തുവെച്ചു ഞാൻ ആദ്യമായി, യോഗത്തിനു ഹാജരായി. സാക്ഷികളെ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു. അവരിൽ മിക്കവരും എളിയവരായിരുന്നു, അധികവും കർഷകർ. എന്നാൽ സത്യം അതാണെന്നു ബോധ്യമാകാൻ അവർ എന്നെ സഹായിച്ചു. ഉടനടി ഞാൻ യഹോവയ്ക്ക് എന്നെ സമർപ്പിച്ചു.
എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ് എന്റെ സ്നാപനം. 1938-ലെ ഒരു രാത്രിയിൽ കൂരിരുട്ടത്ത് ലിയെനൂഡാക്കിസ് സഹോദരൻ എന്നെയും എന്റെ ബൈബിൾ വിദ്യാർഥികളിൽ രണ്ടുപേരെയും കടൽത്തീരത്തേക്കു കൊണ്ടുപോയി. പ്രാർഥനയ്ക്കു ശേഷം അദ്ദേഹം ഞങ്ങളെ വെള്ളത്തിൽ മുക്കി.
അറസ്റ്റിൽ
പ്രസംഗവേലയ്ക്ക് ആദ്യം പുറപ്പെട്ട സമയം സംഭവബഹുലമായിരുന്നു എന്നു പറഞ്ഞാൽ ഒട്ടും അധികമാകുകയില്ല. പുരോഹിതനായിത്തീർന്ന, സ്കൂളിലെ ഒരു പഴയ സുഹൃത്തിനെ ഞാൻ കണ്ടുമുട്ടി. ഞങ്ങൾ ഒരുമിച്ചു രസകരമായ ചർച്ച നടത്തി. എന്നാൽ പിന്നീട്, ബിഷപ്പിന്റെ കൽപ്പനയനുസരിച്ച് എന്നെ അറസ്റ്റു ചെയ്യിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അയൽ ഗ്രാമത്തുനിന്നു പൊലീസ് വരുന്നതും കാത്തു ഞങ്ങൾ മേയറുടെ ഓഫീസിലിരുന്നപ്പോൾ ജനങ്ങൾ അവിടെ തടിച്ചുകൂടി. അതുകൊണ്ട്, ആ ഓഫീസിലുണ്ടായിരുന്ന ഗ്രീക്കിലുള്ള ഒരു പുതിയ നിയമം എടുത്തു മത്തായി 24-ാം അധ്യായത്തെ ആസ്പദമാക്കി ഞാൻ ഒരു പ്രസംഗം നടത്താൻ തുടങ്ങി. ആദ്യം അതു കേൾക്കാൻ ജനങ്ങൾ താത്പര്യം കാട്ടിയില്ല, എന്നാൽ പുരോഹിതൻ ഇടപെട്ടു. “അദ്ദേഹം സംസാരിക്കട്ടെ, അതു നമ്മുടെ ബൈബിളാണ്,” അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂറോളം എനിക്കു സംസാരിക്കാൻ കഴിഞ്ഞു. അങ്ങനെ, ശുശ്രൂഷയിലെ ആദ്യ ദിവസം എന്റെ ആദ്യത്തെ പരസ്യപ്രസംഗത്തിന്റെയും സമയമായിരുന്നു. ഞാൻ പ്രസംഗിച്ചു കഴിഞ്ഞിട്ടും പൊലീസ് വരാഞ്ഞതിനാൽ എന്നെ പട്ടണത്തിൽനിന്ന് ഓടിക്കാൻ മേയറും പുരോഹിതനും ഒരു കൂട്ടം ആളുകളെ ഏർപ്പാടു ചെയ്തു. അവരുടെ കല്ലേറു കൊള്ളാതിരിക്കാൻ ഞാൻ വഴിയിൽ ആദ്യത്തെ വളവിൽനിന്നു പരമാവധി വേഗത്തിൽ ഓടാൻ തുടങ്ങി.
പിറ്റേന്ന് രണ്ടു പൊലീസുകാരും ബിഷപ്പും എന്റെ ജോലിസ്ഥലത്തുവന്ന് എന്നെ അറസ്റ്റു ചെയ്തു. പൊലീസ് സ്റ്റേഷനിൽവെച്ച് അവർക്കു ബൈബിളിൽനിന്നു സാക്ഷ്യം നൽകാൻ എനിക്കു കഴിഞ്ഞു. എങ്കിലും, എന്റെ ബൈബിൾ സാഹിത്യത്തിൽ നിയമം അനുശാസിക്കുന്ന പ്രകാരം ബിഷപ്പിന്റെ മുദ്രയില്ലാഞ്ഞതിനാൽ മതപരിവർത്തനത്തിന്റെയും അനധികൃത സാഹിത്യ വിതരണത്തിന്റെയും പേരിൽ ഞാൻ കുറ്റം ചുമത്തപ്പെട്ടു. വിചാരണ നീട്ടിവെച്ചിട്ട് എന്നെ വിട്ടയച്ചു.
ഒരു മാസത്തിനു ശേഷമായിരുന്നു വിചാരണ. പ്രസംഗിക്കുവാനുള്ള ക്രിസ്തുവിന്റെ കൽപ്പന അനുസരിക്കുക മാത്രമാണു ഞാൻ ചെയ്തതെന്നു പ്രതിവാദ സമയത്തു ഞാൻ ചൂണ്ടിക്കാട്ടി. (മത്തായി 28:19, 20) ജഡ്ജി പരിഹാസത്തോടെ ഇങ്ങനെ പറഞ്ഞു: “എന്റെ കുഞ്ഞേ, ആ കൽപ്പന നൽകിയ ആൾ ക്രൂശിക്കപ്പെട്ടു. നിർഭാഗ്യകരമെന്നു പറയട്ടെ, സമാനമായ ഒരു ശിക്ഷ തനിക്കു നൽകാൻ എനിക്ക് അധികാരമില്ല.” എന്നാൽ, ഞാനറിയുകയില്ലാത്ത ഒരു അഭിഭാഷകൻ എനിക്കുവേണ്ടി വാദിക്കാൻ എഴുന്നേറ്റു. കമ്മ്യുണിസവും നിരീശ്വരവാദവും ഇത്രയേറെ പ്രബലമായിരിക്കെ, ദൈവവചനത്തിന് അനുകൂലമായി വാദിക്കാൻ ഒരുക്കമുള്ള ചെറുപ്പക്കാർ ഉണ്ട് എന്ന വസ്തുതയിൽ കോടതിക്ക് അഭിമാനം തോന്നേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം എഴുന്നേറ്റുവന്നു ഫയലിലെ എന്റെ ലിഖിത പ്രതിവാദത്തിന് എന്നെ ഊഷ്മളമായി അഭിനന്ദിച്ചു. ഞാൻ തീരെ ചെറുപ്പമായിരുന്നതിനാൽ മതിപ്പുതോന്നി എനിക്കുവേണ്ടി സൗജന്യമായി വാദിക്കാൻ അദ്ദേഹം സമ്മതിച്ചു. ഏറ്റവും ചുരുങ്ങിയ മൂന്നു മാസത്തെ തടവിനു പകരം എന്റെ ശിക്ഷ വെറും പത്തു ദിവസമാക്കി കുറയ്ക്കുകയും 300 ദ്രഹ്മ പിഴ കൽപ്പിക്കുകയും ചെയ്തു. അത്തരം എതിർപ്പുകൾ യഹോവയെ സേവിക്കുന്നതിനും സത്യത്തിനുവേണ്ടി വാദിക്കുന്നതിനുമുള്ള എന്റെ തീരുമാനത്തെ ശക്തിപ്പെടുത്തുക മാത്രമായിരുന്നു.
മറ്റൊരിക്കൽ എന്നെ അറസ്റ്റു ചെയ്തപ്പോൾ, ഞാൻ അനായാസം ബൈബിൾ പരാമർശിക്കുന്നതു ജഡ്ജി ശ്രദ്ധിച്ചു. അദ്ദേഹം ബിഷപ്പിനോട്, “താങ്കൾ താങ്കളുടെ ജോലി ചെയ്തു. ഇനിയുള്ള കാര്യം ഞാൻ നോക്കിക്കൊള്ളാം” എന്നു പറഞ്ഞിട്ട് ഓഫീസ് വിട്ടുപോകാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. പിന്നീട് അദ്ദേഹം തന്റെ ബൈബിൾ തുറന്നു, ഉച്ചകഴിഞ്ഞ സമയം മുഴുവൻ ഞങ്ങൾ ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. അത്തരം അനുഗ്രഹങ്ങൾ, ബുദ്ധിമുട്ടുകൾക്കിടയിലും വേലയിൽ തുടരാൻ എനിക്കു പ്രോത്സാഹനമേകി.
മരണശിക്ഷ
1940-ൽ സൈനിക സേവനത്തിനായി എന്നെ വിളിച്ചു. എനിക്കതിൽ പങ്കെടുക്കാനാവാത്തതിനു കാരണം വിശദീകരിച്ചുകൊണ്ടു ഞാനൊരു കത്തെഴുതി. രണ്ടു ദിവസങ്ങൾക്കുശേഷം എന്നെ അറസ്റ്റു ചെയ്തു പൊലീസ് പൊതിരെ തല്ലി. പിന്നീട് എന്നെ അൽബേനിയയിൽ സേനാമുഖത്തേക്ക് അയച്ചു. പോരാടാൻ വിസമ്മതിച്ചതുകൊണ്ട് എന്നെ അവിടെ സൈനികക്കോടതിയിൽവെച്ചു വിചാരണ ചെയ്തു. എന്റെ വിസമ്മതം ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ചല്ല മറിച്ച്, എന്റെ മാതൃക മറ്റു സൈനികരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയേക്കാം എന്നതിനെക്കുറിച്ചാണു തങ്ങൾ ചിന്തിക്കുന്നതെന്നു സൈനിക മേധാവികൾ എന്നോടു പറഞ്ഞു. എന്നെ മരണത്തിനു വിധിച്ചു. എങ്കിലും നിയമത്തിലുണ്ടായ പഴുതുനിമിത്തം ആ ശിക്ഷ പത്തുവർഷത്തെ കഠിന തടവാക്കി കുറച്ചത് എനിക്കു വളരെയധികം ആശ്വാസമേകി. തുടർന്നുവന്ന ഏതാനും മാസങ്ങൾ വളരെ ദുഷ്കരമായ ചുറ്റുപാടിൽ ഗ്രീസിലുള്ള ഒരു സൈനിക തടവറയിൽ ഞാൻ ജീവിതം കഴിച്ചുകൂട്ടി. അതിന്റെ ഫലമായുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.
എന്നാൽ, തടവറ ഒരിക്കലും പ്രസംഗിക്കുന്നതിനു തടസ്സമായിരുന്നില്ല! ഒരു സാധാരണ പൗരൻ സൈനിക തടവറയിൽ എങ്ങനെ എത്തിച്ചേർന്നുവെന്ന് അനേകരും അത്ഭുതപ്പെട്ടതിനാൽ സംഭാഷണം തുടങ്ങാൻ എളുപ്പമായിരുന്നു. ആ ചർച്ചകളിലൊന്ന്, ആത്മാർഥതയുള്ള ഒരു ചെറുപ്പക്കാരനോടൊപ്പം തടവറമുറ്റത്തുവെച്ചു ബൈബിളധ്യയനം നടത്തുന്നതിലേക്കു വഴിതെളിച്ചു. മുപ്പത്തെട്ടു വർഷത്തിനുശേഷം ഞാൻ ആ വ്യക്തിയെ ഒരു സമ്മേളനത്തിൽവെച്ചു വീണ്ടും കണ്ടുമുട്ടി. സത്യം സ്വീകരിച്ച അദ്ദേഹം ലെഫ്കാസ് ദ്വീപിലെ ഒരു സഭയിൽ മേൽവിചാരകനായി സേവിക്കുകയായിരുന്നു.
ഹിറ്റ്ലറുടെ സേന 1941-ൽ യൂഗോസ്ലാവിയയെ ആക്രമിച്ചപ്പോൾ ഞങ്ങളെ വീണ്ടും തെക്കോട്ട്, പ്രെവസായിലുള്ള ഒരു തടവറയിലേക്കു മാറ്റി. യാത്രാവേളയിൽ ഞങ്ങളുടെ കാവൽപ്പടയെ ജർമൻ ബോംബർ വിമാനങ്ങൾ ആക്രമിച്ചു, തടവുപുള്ളികളായ ഞങ്ങൾക്ക് ഒട്ടും ഭക്ഷണം ലഭിച്ചില്ല. എന്റെ പക്കലുണ്ടായിരുന്ന അൽപ്പം റൊട്ടി കഴിച്ചശേഷം ഞാൻ ദൈവത്തോടു പ്രാർഥിച്ചു: “മരണശിക്ഷയിൽനിന്നു നീ എന്നെ വിടുവിച്ചശേഷം ഞാൻ വിശപ്പുകൊണ്ടു മരിക്കണമെന്നാണു നിന്റെ ഹിതമെങ്കിൽ അതു നിറവേറട്ടെ.”
പിറ്റേന്ന്, ഹാജരെടുക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ എന്നെ അരികിൽ വിളിച്ചു. ഞാൻ എവിടെനിന്നാണ്, എന്റെ മാതാപിതാക്കൾ ആരാണ്, ഞാൻ തടവിലായതിനു കാരണമെന്താണ് എന്നെല്ലാം അറിഞ്ഞശേഷം തന്റെ പിന്നാലെ വരാൻ അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം എന്നെ പട്ടണത്തിലുള്ള, ഉദ്യോഗസ്ഥന്മാരുടെ ഭക്ഷണശാലയിലേക്കു കൊണ്ടുപോയി. റൊട്ടി, പാൽകട്ടി, പൊരിച്ച ആട് എന്നിവ വെച്ചിരുന്ന ഒരു മേശയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയിട്ട് വേണ്ടതെല്ലാം എടുത്തു കഴിച്ചുകൊള്ളാൻ പറഞ്ഞു. എന്നാൽ, മറ്റേ 60 തടവുകാർക്ക് ഒന്നും കഴിക്കാനില്ലാതിരുന്നതിനാൽ അതു കഴിക്കാൻ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ലെന്നു ഞാൻ പറഞ്ഞു. ആ ഉദ്യോഗസ്ഥൻ ഇങ്ങനെ മറുപടി പറഞ്ഞു: “എനിക്കെല്ലാവരെയും ഊട്ടാനാവില്ല! തന്റെ പിതാവ് എന്റെ പിതാവിനോടു വളരെയധികം ഉദാരത കാട്ടിയ ആളായിരുന്നു. തന്നോട് എനിക്ക് ഒരു ധാർമിക ഉത്തരവാദിത്വമുണ്ട്. എന്നാൽ മറ്റുള്ളവരോടില്ല.” “അങ്ങനെയെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം,” ഞാൻ പറഞ്ഞു. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു, എന്നിട്ട് എനിക്കു സാധിക്കുന്നിടത്തോളം ഭക്ഷണം കൊണ്ടുപോകത്തക്കവണ്ണം ഒരു വലിയ സഞ്ചി നൽകി.
തടവറയിൽ തിരിച്ചെത്തിയശേഷം, ഞാൻ സഞ്ചി താഴെവെച്ചിട്ടു പറഞ്ഞു: “മാന്യരേ, ഇതു നിങ്ങൾക്കുള്ളതാണ്.” തടവുകാർക്ക് ഈ ഗതി വന്നതു കന്യാമറിയത്തോടുള്ള പ്രാർഥനയിൽ ഞാൻ പങ്കെടുക്കാത്തതു നിമിത്തമാണെന്നു തലേന്നു വൈകുന്നേരം എന്റെമേൽ പഴിചാരിയതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഒരു കമ്മ്യുണിസ്റ്റുകാരൻ എനിക്കു വേണ്ടി വാദിക്കാൻ വന്നു. ഇപ്പോൾ ഭക്ഷണം കണ്ടശേഷം അയാൾ മറ്റുള്ളവരോടു പറഞ്ഞു: “നിങ്ങളുടെ ‘കന്യാമറിയം’ എന്തിയേ? ഈ മനുഷ്യൻ നിമിത്തം നാം മരിക്കുമെന്നു നിങ്ങൾ
പറഞ്ഞു. എന്നാൽ നമുക്കു ഭക്ഷണം എത്തിച്ചത് ഇദ്ദേഹമാണ്.” എന്നിട്ട് അയാൾ എന്റെ നേർക്കു തിരിഞ്ഞ്, “ഇമ്മാനുവൽ! പ്രാർഥിച്ചു ദൈവത്തിനു നന്ദിയേകൂ” എന്നു പറഞ്ഞു.അതിനുശേഷം പെട്ടെന്ന്, ജർമൻ സൈന്യത്തിന്റെ മുന്നേറ്റം നിമിത്തം തടവറയിലെ പാറാവുകാർ ഓടിപ്പോയി. അവർ തടവുകാരുടെ വാതിലുകൾ തുറന്നുകൊടുത്തിട്ടാണു പോയത്. 1941-ന്റെ അവസാനം ഏഥൻസിലേക്കു പോകുന്നതിനു മുമ്പു മറ്റു സാക്ഷികളെ സന്ധിക്കുവാൻ ഞാൻ പട്രസിലേക്കു യാത്രയായി. അവിടെവെച്ച് എനിക്കു കുറച്ചു തുണികളും ഒരു ഷൂസും വാങ്ങാൻ കഴിഞ്ഞു. കൂടാതെ ഒരു വർഷത്തിനുശേഷം ഒന്നു കുളിക്കാനും സാധിച്ചു. അധിനിവേശത്തിന്റെ അവസാനംവരെ, പ്രസംഗവേല നടത്തവേ ജർമൻകാർ ക്രമമായി എന്നെ തടസ്സപ്പെടുത്തിയെങ്കിലും ഒരിക്കലും എന്നെ അറസ്റ്റു ചെയ്തില്ല. അവരിലൊരാൾ പറഞ്ഞു: “ജർമനിയിലാണെങ്കിൽ ഞങ്ങൾ യഹോവയുടെ സാക്ഷികളെ വെടിവെച്ചു കൊല്ലും, എന്നാൽ, ഇവിടെ ഞങ്ങളുടെ ശത്രുക്കളെല്ലാം സാക്ഷികളായിരുന്നെങ്കിൽ!”
യുദ്ധാനന്തര പ്രവർത്തനങ്ങൾ
ഗ്രീസിലെ പോരാട്ടങ്ങൾ പോരാഞ്ഞാലെന്നവണ്ണം, 1946 മുതൽ 1949 വരെ നടന്ന ആഭ്യന്തരയുദ്ധം ആയിരക്കണക്കിനു മരണത്തിന് ഇടവരുത്തിക്കൊണ്ടു ഗ്രീസിനെ വീണ്ടും ഛിന്നഭിന്നമാക്കി. യോഗത്തിനു ഹാജരാകുന്നതും അറസ്റ്റിലേക്കു നയിക്കുമായിരുന്നതിനാൽ ഉറച്ചു നിലകൊള്ളുന്നതിനു സഹോദരങ്ങൾക്കു വളരെയധികം പ്രോത്സാഹനം ആവശ്യമായിരുന്നു. തങ്ങളുടെ നിഷ്പക്ഷ നിലപാടു നിമിത്തം നിരവധി സഹോദരങ്ങളെ മരണത്തിനു വിധിച്ചു. എന്നാൽ ഇതെല്ലാമുണ്ടായിരുന്നിട്ടും, അനേകർ രാജ്യസന്ദേശത്തോടു പ്രതികരിച്ചു, വാരംതോറും ഞങ്ങൾക്ക് ഒന്നോ രണ്ടോ സ്നാപനമുണ്ടായിരുന്നു. 1947 മുതൽ ഞാൻ പകൽ സമയം ഏഥൻസിലുള്ള സൊസൈറ്റിയുടെ ഓഫീസിൽ വേലചെയ്യാനും രാത്രി സഞ്ചാര മേൽവിചാരകനായി സഭകൾ സന്ദർശിക്കാനും തുടങ്ങി.
1948-ൽ, ഐക്യനാടുകളിൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിൽ എനിക്കു സന്തോഷംതോന്നി. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. മുമ്പ് എന്റെമേൽ കുറ്റം ചുമത്തിയിരുന്നതിനാൽ എനിക്കു പാസ്പോർട്ട് കൈവശമാക്കാൻ കഴിഞ്ഞില്ല. എങ്കിലും, എന്റെ ബൈബിൾ വിദ്യാർഥികളിലൊരാൾ ജനറലുമായി അടുപ്പത്തിലായിരുന്നു. ആ വിദ്യാർഥിയുടെ സഹായത്തോടെ ഏതാനും ആഴ്ചയ്ക്കുള്ളിൽ എനിക്കു പാസ്പോർട്ട് ലഭിച്ചു. എന്നാൽ ഗ്രീസിൽനിന്നു പുറപ്പെടുന്നതിനു കുറച്ചു മുമ്പ് വീക്ഷാഗോപുരം വിതരണം ചെയ്തതു നിമിത്തം എന്നെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. ഒരു പൊലീസുകാരൻ എന്നെ ഏഥൻസിലെ രാഷ്ട്ര സുരക്ഷാ പൊലീസ് മേധാവിയുടെ അടുത്തേക്കു കൊണ്ടുപോയി. മേധാവി എന്റെ അയൽക്കാരിൽ ഒരാളായിരുന്നുവെന്നത് എന്നെ അത്യന്തം വിസ്മയഭരിതനാക്കി! എന്നെ അറസ്റ്റു ചെയ്തത് എന്തിനാണെന്നു വിശദീകരിച്ചുകൊണ്ടു പൊലീസുകാരൻ അദ്ദേഹത്തിന് ഒരു കെട്ടു മാസിക കൊടുത്തു. എന്റെ അയൽക്കാരൻ തന്റെ മേശപ്പുറത്തുനിന്നു വീക്ഷാഗോപുരത്തിന്റെ ഒരു കെട്ട് എടുത്തിട്ട് പറഞ്ഞു: “ഇതിന്റെ പുതിയ ലക്കം എന്റെ പക്കലില്ല. ഞാനൊരു പ്രതി എടുത്തോട്ടേ?” അത്തരം കാര്യങ്ങളിൽ യഹോവയുടെ കരങ്ങൾ പ്രവർത്തിക്കുന്നതു കാണുന്നത് എനിക്ക് എത്ര ആശ്വാസദായകമായിരുന്നു!
1950-ലെ 16-ാമതു ഗിലെയാദ് ക്ലാസ്സ് സമ്പുഷ്ടമായ ഒരു അനുഭവമായിരുന്നു. ക്ലാസ്സിനുശേഷം എനിക്കു സൈപ്രസിലേക്കു നിയമനം ലഭിച്ചു. ഗ്രീസിലെപ്പോലെതന്നെ അവിടെയും പുരോഹിതന്മാർ ക്രുദ്ധരായിരുന്നുവെന്നു ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ഓർത്തഡോക്സ് പുരോഹിതന്മാരുടെ താളത്തിനൊത്തു തുള്ളിയ മതഭ്രാന്തരായ ജനക്കൂട്ടത്തെ ഞങ്ങൾക്കു മിക്കപ്പോഴും അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. 1953-ൽ സൈപ്രസിലേക്കുള്ള എന്റെ വിസ പുതുക്കി കിട്ടിയില്ല. അതുകൊണ്ട് ടർക്കിയിലുള്ള ഇസ്റ്റാൻബുളിലേക്ക് എനിക്കു നിയമനം മാറ്റിത്തന്നു. അവിടെയും എനിക്ക് അധിക കാലം തങ്ങാനായില്ല. പ്രസംഗവേലയിൽ നല്ല ഫലമുണ്ടായിരുന്നിട്ടും ടർക്കിക്കും ഗ്രീസിനുമിടയിലുള്ള രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ നിമിത്തം വേറൊരു നിയമനസ്ഥലത്തേക്ക്—ഈജിപ്തിലേക്ക്—പോകേണ്ടിവന്നു.
മരുഭൂമിയിലേക്കു പലായനം ചെയ്യാൻ അഭിലഷിച്ചുകൊണ്ടുള്ള സങ്കീർത്തനം 55:6, 7-ലെ ദാവീദിന്റെ വാക്കുകൾ തടവിലായിരുന്നപ്പോൾ ഞാൻ അനുസ്മരിക്കുമായിരുന്നു. എന്നെങ്കിലും ഞാൻ അവിടെയായിരിക്കുമെന്നു വാസ്തവത്തിൽ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. 1954-ൽ ദിവസങ്ങളോളം നീണ്ടുനിന്ന ട്രെയിൻ യാത്രയും നൈൽ നദിയിലൂടെയുള്ള ബോട്ടു യാത്രയും കഴിഞ്ഞ് ക്ഷീണിച്ചുതളർന്നു ഞാൻ ലക്ഷ്യസ്ഥാനത്ത്—സുഡാനിലെ കാർട്ടൂമിൽ—എത്തിച്ചേർന്നു. ഒന്നു കുളിച്ചിട്ടു കിടന്നാൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ അതു നട്ടുച്ചനേരമായിരുന്നുവെന്നു ഞാൻ മറന്നു. മേൽക്കൂരയിൽ ഒരു ടാങ്കിൽ ശേഖരിച്ചിരുന്ന വെള്ളം എന്റെ തലപൊള്ളിച്ചു. മാസങ്ങളോളം, തലയോട്ടി സുഖപ്പെടുന്നതുവരെ കോളനിവാഴ്ചക്കാലത്തെ തൊപ്പി ധരിക്കാൻ അതു കാരണമായി.
സഹാറയുടെ മധ്യത്തിൽ, ഏറ്റവും സമീപത്തുള്ള സഭയിൽനിന്ന് ആയിരത്തറുന്നൂറു കിലോമീറ്റർ അകലെ, ഒറ്റപ്പെട്ടിരിക്കുന്നതായി എനിക്കു മിക്കപ്പോഴും അനുഭവപ്പെട്ടു. എന്നാൽ യഹോവ എന്നെ പരിപാലിക്കുകയും തുടരുന്നതിനുള്ള ശക്തി നൽകുകയും ചെയ്തു. ചിലപ്പോഴൊക്കെ പ്രോത്സാഹനം വന്നതു തികച്ചും അപ്രതീക്ഷിതമായ ഇടങ്ങളിൽനിന്നാണ്. ഒരിക്കൽ ഞാൻ കാർട്ടൂമിലെ കാഴ്ചബംഗ്ലാവിലെ ഡയറക്ടറെ കണ്ടുമുട്ടി. അദ്ദേഹം ഒരു തുറന്ന മനഃസ്ഥിതിക്കാരനായിരുന്നു. ഞങ്ങൾ രസകരമായ ഒരു ചർച്ചനടത്തി. ഞാൻ ഗ്രീക്കുകാരനാണെന്ന് അറിഞ്ഞപ്പോൾ, ആറാം നൂറ്റാണ്ടിലെ ഒരു പള്ളിയിൽനിന്നു ലഭിച്ച ശിൽപ്പങ്ങളുടെ ആലേഖനങ്ങൾ തർജമചെയ്യാൻ കാഴ്ചബംഗ്ലാവിൽ ചെന്നു തന്നെ സഹായിക്കാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ശ്വാസം മുട്ടിക്കുന്ന അഞ്ചു മണിക്കൂർ കെട്ടിടത്തിന്റെ അടിത്തട്ടിൽ ചെലവഴിച്ചശേഷം യഹോവയുടെ നാമം, ചതുരക്ഷര ദൈവനാമം, വഹിക്കുന്ന ഒരു പിഞ്ഞാണത്തളിക കണ്ടെത്തി. എനിക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യൂ! യൂറോപ്പിൽ പള്ളികളിൽ ദിവ്യനാമം കാണാൻ കഴിയുന്നത് അസാധാരണമല്ല. എന്നാൽ സഹാറയുടെ മധ്യത്തിൽ കാണുന്നത് അസാധാരണം തന്നെ!
1958-ലെ സാർവദേശീയ സമ്മേളനത്തിനു ശേഷം, 26 രാജ്യങ്ങളിലും മധ്യ-സമീപ പൗരസ്ത്യദേശങ്ങളിലും മധ്യധരണ്യാഴിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലും മേഖലാമേൽവിചാരകനായി സന്ദർശിക്കുന്നതിന് എനിക്കു നിയമനം ലഭിച്ചു. ദുഷ്കരമായ സാഹചര്യത്തിൽനിന്ന് എങ്ങനെ വെളിയിൽവരുമെന്നു മിക്കപ്പോഴും എനിക്കറിഞ്ഞുകൂടായിരുന്നു. എന്നാൽ, യഹോവ എല്ലായ്പോഴും വഴിതുറന്നു.
ചില രാജ്യങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന സാക്ഷികൾക്കു യഹോവയുടെ സ്ഥാപനം നൽകുന്ന പരിപാലനത്തിൽ എനിക്ക് എല്ലായ്പോഴും മതിപ്പു തോന്നിയിട്ടുണ്ട്. ഒരിക്കൽ, ഇന്ത്യാക്കാരനായ ഒരു സഹോദരൻ എണ്ണവയലിൽ വേല ചെയ്യുന്നതു ഞാൻ കണ്ടു. രാജ്യത്തെ ഏക സാക്ഷിയായിരുന്നു അദ്ദേഹം എന്നതു വ്യക്തം. അദ്ദേഹത്തിന്റെ അലമാരയിൽ 18 വ്യത്യസ്ത ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം അതു തന്റെ സഹജോലിക്കാർക്കു കൊടുത്തിരുന്നു. വിദേശ മതങ്ങളെല്ലാം കർശനമായി നിരോധിക്കപ്പെട്ടിരുന്ന അവിടെപോലും സുവാർത്ത പ്രസംഗിക്കാനുള്ള തന്റെ ഉത്തരവാദിത്വം നമ്മുടെ സഹോദരൻ മറന്നുകളഞ്ഞില്ല. അദ്ദേഹത്തിന്റെ മതത്തിന്റെ പ്രതിനിധി അദ്ദേഹത്തെ സന്ദർശിക്കാൻ വന്നതിൽ സഹപ്രവർത്തകർക്കു മതിപ്പുതോന്നി.
1959-ൽ ഞാൻ സ്പെയിനും പോർച്ചുഗലും സന്ദർശിച്ചു. ആ സമയം രണ്ടു ദേശങ്ങളും സൈനിക ഏകാധിപത്യത്തിൻകീഴിലായിരുന്നു, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം കർശന നിരോധനത്തിലും. ബുദ്ധിമുട്ടുകൾക്കു മധ്യേയും തളർന്നു പിന്മാറാതിരിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു മാസത്തിൽ നൂറിലധികം യോഗങ്ങൾ നടത്താൻ എനിക്കു കഴിഞ്ഞു.
മേലാൽ തനിച്ചല്ല
20-ലധികം വർഷങ്ങളായി ഒരു അവിവാഹിതനെന്ന നിലയിൽ ഞാൻ യഹോവയെ സേവിച്ചുവരുകയായിരുന്നു. എന്നാൽ കൃത്യമായ ഒരു താമസസ്ഥലമില്ലാതെയുള്ള തുടർച്ചയായ യാത്രയിൽ എനിക്കു പെട്ടെന്നു മടുപ്പു തോന്നി. ഏതാണ്ട് അതേ സമയത്താണു ഞാൻ ട്യൂണീഷ്യയിലെ ഒരു പ്രത്യേക പയനിയറായ അനീ ബ്യാനൂച്ചിയെ കണ്ടുമുട്ടുന്നത്. 1963-ൽ ഞങ്ങൾ വിവാഹിതരായി. യഹോവയോടും സത്യത്തോടുമുള്ള അവളുടെ സ്നേഹവും ശുശ്രൂഷയിലുള്ള അവളുടെ അർപ്പണബോധവും പഠിപ്പിക്കൽ കലയും ഭാഷകളിലുള്ള പ്രാവീണ്യവും ഉത്തര, പശ്ചിമ ആഫ്രിക്കയിലും ഇറ്റലിയിലുമുള്ള ഞങ്ങളുടെ മിഷനറി, സർക്കിട്ട് വേലകളിൽ യഥാർഥ അനുഗ്രഹമെന്നു തെളിഞ്ഞു.
1965 ഓഗസ്റ്റിൽ എനിക്കും ഭാര്യക്കും സെനെഗളിലെ ഡക്കാറിലേക്കു നിയമനം ലഭിച്ചു. അവിടെ പ്രാദേശിക ബ്രാഞ്ച് ഓഫീസ് ക്രമീകരിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. മത സഹിഷ്ണുതയ്ക്കു ശ്രദ്ധേയമായ രാജ്യമായിരുന്നു സെനെഗൾ. അതിനു കാരണം അവിടത്തെ പ്രസിഡണ്ടായിരുന്ന ലെയോപൊൾ സെൻഗോർ ആയിരുന്നുവെന്നതിനു സംശയമില്ല. 1970-കളിൽ മലാവിയിൽ യഹോവയുടെ സാക്ഷികളെ ക്രൂരമായി പീഡിപ്പിച്ചപ്പോൾ മലാവിയുടെ പ്രസിഡണ്ടായിരുന്ന ബൻഡായ്ക്ക് യഹോവയുടെ സാക്ഷികളെ പിന്തുണച്ചുകൊണ്ടു കത്തെഴുതിയ ചുരുക്കം ചില ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
യഹോവയുടെ സമൃദ്ധമായ അനുഗ്രഹം
1950-ൽ ഗിലെയാദിനു ശേഷം സൈപ്രസിലേക്കു തിരിച്ചപ്പോൾ ഞാൻ ഏഴു പെട്ടിയുമായാണു യാത്രചെയ്തിരുന്നത്. ടർക്കിയിലേക്കു തിരിച്ചപ്പോൾ അത് അഞ്ചായി കുറഞ്ഞു. എന്നാൽ വളരെയധികം യാത്രചെയ്യേണ്ടിയിരുന്നതിനാൽ 20 കിലോഗ്രാം (44 റാത്തൽ) സാധനപരിധിയുമായി ഞാൻ പൊരുത്തപ്പെടേണ്ടിയിരുന്നു. അതിൽ എന്റെ ഫയലുകളും “കുട്ടി” ടൈപ്പ്
റൈറ്ററും ഉൾപ്പെട്ടിരുന്നു. ഒരിക്കൽ ഞാൻ, വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന നോർ സഹോദരനോടു പറഞ്ഞു: “താങ്കൾ എന്നെ ഭൗതികത്വത്തിൽനിന്നു സംരക്ഷിക്കുന്നു. 20 കിലോഗ്രാം സാധനങ്ങൾകൊണ്ടു ജീവിക്കാൻ താങ്കൾ എന്നെ ശീലിപ്പിച്ചിരിക്കുന്നു. ഞാനതിൽ തൃപ്തനാണ്.” അധികം സാധനങ്ങളില്ലാത്തതുകൊണ്ട് എനിക്ക് ഒരിക്കലും ഇല്ലായ്മ തോന്നിയിട്ടില്ല.യാത്രയിലെ എന്റെ മുഖ്യ പ്രശ്നം രാജ്യത്തു പ്രവേശിക്കുന്നതും പുറത്തുപോരുന്നതുമായിരുന്നു. ഒരിക്കൽ, നമ്മുടെ വേല നിരോധനത്തിലായിരുന്ന ഒരു ദേശത്ത് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്റെ ഫയലുകൾ അരിച്ചുനോക്കാൻ തുടങ്ങി. അത് ആ രാജ്യത്തെ സാക്ഷികളെ അപകടത്തിലാക്കുമായിരുന്നു. തന്മൂലം, ഞാൻ ജാക്കറ്റിൽനിന്നു ഭാര്യയുടെ കത്തെടുത്തു കാണിച്ചിട്ട് ആ കസ്റ്റംസ് ഉദ്യോഗസ്ഥനോടു പറഞ്ഞു: “താങ്കൾക്കു തപാൽ വായിക്കുന്നത് ഇഷ്ടമാണെന്നു തോന്നുന്നല്ലോ. ഫയലുകളിലില്ലാത്ത, എന്റെ ഭാര്യയുടെ ഈ കത്തുകൂടി വായിക്കുന്നോ?” ജാള്യം തോന്നി, ക്ഷമപറഞ്ഞിട്ട് അദ്ദേഹം എന്നെ പോകാൻ അനുവദിച്ചു.
1982 മുതൽ ഫ്രാൻസിന്റെ തെക്കുള്ള നിസിൽ ഞാനും ഭാര്യയും മിഷനറിമാരായി സേവിച്ചുവരുന്നു. ക്ഷയിച്ചുവരുന്ന ആരോഗ്യം നിമിത്തം പണ്ടത്തെപ്പോലെ പ്രവർത്തിക്കാൻ എനിക്കു സാധിക്കുന്നില്ല. ഞങ്ങളുടെ സന്തോഷത്തിനു മങ്ങലേറ്റുവെന്നല്ല അതിന്റെ അർഥം. ‘ഞങ്ങളുടെ പ്രയത്നം വ്യർത്ഥമല്ല’ എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 15:58) വർഷങ്ങളിലുടനീളം ഞാൻ അധ്യയനം നടത്തിയ അനേകരും എന്റെ കുടുംബത്തിലെ 40-ലധികം അംഗങ്ങളും യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുന്നതു കാണുന്നതിൽ എനിക്കു സന്തോഷമുണ്ട്.
എന്റെ ജീവിതത്തിലെ ‘കടന്നുവരവു’ വരുത്തിവെച്ച ത്യാഗങ്ങളിൽ ഒരുവിധത്തിലും ഞാൻ ദുഃഖിക്കുന്നില്ല. എന്തുതന്നെയാണെങ്കിലും, നാം ചെയ്യുന്ന ത്യാഗങ്ങളൊന്നും യഹോവയും അവന്റെ പുത്രനായ യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിരിക്കുന്ന ത്യാഗങ്ങളോളം വരുന്നില്ലല്ലോ. സത്യം അറിഞ്ഞതിനുശേഷമുള്ള 60 വർഷത്തെക്കുറിച്ച് അനുസ്മരിക്കുമ്പോൾ, യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവെന്ന് എനിക്കു പറയാൻ കഴിയും. സദൃശവാക്യങ്ങൾ 10:22 ഇങ്ങനെ പറയുന്നു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു.”
യഹോവയുടെ “ദയ ജീവനെക്കാൾ നല്ലതാകുന്നു” എന്നതിൽ ലവലേശം സംശയമില്ല. (സങ്കീർത്തനം 63:3) വാർധക്യത്തിന്റെ അസ്വാസ്ഥ്യങ്ങൾ വർധിച്ചുവരവേ, നിശ്വസ്ത സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ മിക്കപ്പോഴും എന്റെ പ്രാർഥനയിൽ സ്ഥാനം പിടിക്കുന്നു: “യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീർത്തനം 71:1, 5, 17, 18.
[25-ാം പേജിലെ ചിത്രം]
ഭാര്യ അനീയോടൊപ്പം ഇന്ന്