വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ

ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ

ആശ്വാ​സ​ത്തി​നാ​യി യഹോ​വ​യി​ങ്ക​ലേക്കു നോക്കു​വിൻ

“സ്ഥിരത​യും ആശ്വാ​സ​വും നല്‌കുന്ന ദൈവം നിങ്ങൾക്കു ക്രിസ്‌തു​യേ​ശു​വി​ന്നു അനുരൂ​പ​മാ​യി തമ്മിൽ ഏകചി​ന്ത​യോ​ടി​രി​പ്പാൻ കൃപ നല്‌കു​മാ​റാ​കട്ടെ.”—റോമർ 15:6.

1. ദിവസങ്ങൾ കടന്നു​പോ​കും​തോ​റും ആശ്വാ​സ​ത്തി​നാ​യുള്ള ആവശ്യം വർധി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

 ദിവസങ്ങൾ കടന്നു​പോ​കും​തോ​റും ആശ്വാ​സ​ത്തി​നാ​യുള്ള ആവശ്യം വർധി​ക്കു​ക​യാണ്‌. 1,900 വർഷങ്ങൾക്കു​മുമ്പ്‌, ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ നിരീ​ക്ഷി​ച്ച​തു​പോ​ലെ, “സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈറ്റു​നോ​വോ​ടി​രി​ക്കു​ന്നു.” (റോമർ 8:22) നമ്മുടെ നാളിൽ ‘ഞരങ്ങലും ഈറ്റു​നോ​വും’ പൂർവാ​ധി​കം വർധി​ച്ചി​രി​ക്കു​ക​യാണ്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധം​മു​തൽ, യുദ്ധങ്ങ​ളു​ടെ​യും കുറ്റകൃ​ത്യ​ങ്ങ​ളു​ടെ​യും, കൂടാതെ പലപ്പോ​ഴും ഭൂമി​യു​മാ​യുള്ള ഇടപെ​ട​ലിൽ മനുഷ്യ​നു പറ്റുന്ന പാളി​ച്ച​ക​ളു​മാ​യി ബന്ധപ്പെ​ട്ടുള്ള പ്രകൃ​തി​വി​പ​ത്തു​ക​ളു​ടെ​യും രൂപത്തിൽ മനുഷ്യ​വർഗം ഓരോ​രോ പ്രതി​സ​ന്ധി​ഘ​ട്ടങ്ങൾ നേരി​ട്ടി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 11:18.

2. (എ) മനുഷ്യ​വർഗ​ത്തി​ന്റെ ഇപ്പോ​ഴത്തെ മഹാദു​രി​ത​ങ്ങൾക്ക്‌ ഏറ്റവും വലിയ കുറ്റക്കാ​രൻ ആർ? (ബി) ഏതു വസ്‌തുത നമുക്ക്‌ ആശ്വാ​സ​ത്തി​നുള്ള അടിസ്ഥാ​നം പ്രദാനം ചെയ്യുന്നു?

2 നമ്മുടെ നാളിൽ ഇത്രമാ​ത്രം കഷ്ടപ്പാ​ടു​കൾ ഉള്ളതെ​ന്തു​കൊ​ണ്ടാണ്‌? 1914-ൽ രാജ്യ​ത്തി​ന്റെ പിറവി​യെ​ത്തു​ടർന്നു സാത്താനെ സ്വർഗ​ത്തിൽനി​ന്നു പുറത്താ​ക്കി​യ​തി​നെ വർണി​ച്ചു​കൊ​ണ്ടു ബൈബിൾ ഉത്തരം നൽകുന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 12:12) ആ പ്രവച​ന​നി​വൃ​ത്തി​യു​ടെ വ്യക്തമായ തെളിവ്‌ നാം സാത്താന്റെ ദുഷ്ടഭ​ര​ണ​ത്തി​ന്റെ ഏതാണ്ട്‌ അന്ത്യത്തി​ലെ​ത്തി​യി​രി​ക്കു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നു. സാത്താൻ നമ്മുടെ ആദ്യ മാതാ​പി​താ​ക്കളെ മത്സരത്തി​ലേക്കു നയിച്ച​തി​നു​മു​മ്പു നിലനി​ന്നി​രുന്ന സമാധാ​ന​പൂർണ​മായ അവസ്ഥ ഭൂമി​യിൽ ഉടനെ പുനഃ​സ്ഥാ​പി​ത​മാ​കു​മെന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌!

3. മനുഷ്യർക്ക്‌ ആശ്വാ​സ​ത്തി​ന്റെ ആവശ്യ​മി​ല്ലാ​തി​രു​ന്ന​തെ​പ്പോൾ?

3 ആദിയിൽ, മനുഷ്യ​ന്റെ സ്രഷ്ടാവ്‌ ആദ്യ മനുഷ്യ​ജോ​ഡി​ക്കുള്ള ഭവനമാ​യി മനോ​ഹ​ര​മായ ഒരു ഉദ്യാനം പ്രദാനം ചെയ്‌തു. “ആനന്ദം” അഥവാ “ഉല്ലാസം” എന്നർഥ​മുള്ള ഏദെൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പ്രദേ​ശ​ത്താണ്‌ അതു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. (ഉല്‌പത്തി 2:8, NW അടിക്കു​റിപ്പ്‌) അതിലു​പരി, ആദാമും ഹവ്വായും പൂർണ​ത​യുള്ള ആരോ​ഗ്യം ആസ്വദി​ച്ചി​രു​ന്നു, ഒരിക്ക​ലും മരിക്കു​ക​യി​ല്ലെന്ന പ്രതീ​ക്ഷ​യും അവർക്കു​ണ്ടാ​യി​രു​ന്നു. തോട്ട​മു​ണ്ടാ​ക്കൽ, കല, നിർമാ​ണം, സംഗീതം എന്നിവ​യി​ലെ​ല്ലാം അവർക്കുള്ള പ്രാപ്‌തി​കൾ വികസി​പ്പി​ച്ചെ​ടു​ക്കാ​നാ​വു​മാ​യി​രുന്ന അനേകം മേഖല​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ഭൂമിയെ കീഴടക്കി അതിനെ ഒരു പറുദീ​സ​യാ​ക്കി​മാ​റ്റാ​നുള്ള അവരുടെ നിയമനം നിറ​വേ​റ്റവേ അവർക്കു പഠിക്കാ​നാ​വു​മാ​യി​രുന്ന സകലവിധ സൃഷ്ടി​ക​ളെ​യും കുറിച്ചു ചിന്തി​ക്കുക. (ഉല്‌പത്തി 1:28) തീർച്ച​യാ​യും, ആദാമി​ന്റെ​യും ഹവ്വായു​ടെ​യും ജീവിതം, ഞരക്കത്താ​ലും ഈറ്റു​നോ​വി​നാ​ലു​മല്ല, ഉല്ലാസ​ത്താ​ലും ആനന്ദത്താ​ലും നിറയു​മാ​യി​രു​ന്നു. വ്യക്തമാ​യും, അവർക്ക്‌ ആശ്വാ​സ​ത്തിൻറ ആവശ്യം ഉണ്ടാകു​മാ​യി​രു​ന്നില്ല.

4, 5. (എ) ആദാമും ഹവ്വായും അനുസ​ര​ണ​ത്തി​ന്റെ പരി​ശോ​ധ​ന​യിൽ പരാജ​യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌? (ബി) മനുഷ്യ​വർഗ​ത്തിന്‌ ആശ്വാസം ലഭി​ക്കേ​ണ്ട​താ​യി​വ​ന്ന​തെ​ങ്ങനെ?

4 എന്നിരു​ന്നാ​ലും, ആദാമും ഹവ്വായും തങ്ങളുടെ ദയാലു​വായ സ്വർഗീയ പിതാ​വി​നോട്‌ ആഴമായ സ്‌നേ​ഹ​വും വിലമ​തി​പ്പും നട്ടുവ​ളർത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അത്തരം സ്‌നേഹം എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും ദൈവത്തെ അനുസ​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നു. (യോഹ​ന്നാൻ 14:31 താരത​മ്യം ചെയ്യുക.) സങ്കടക​ര​മെ​ന്നു​പ​റ​യട്ടെ, തങ്ങളുടെ യഥോ​ചിത പരമാ​ധി​കാ​രി​യായ യഹോ​വയെ അനുസ​രി​ക്കു​ന്ന​തിൽ നമ്മുടെ ആദിമാ​താ​പി​താ​ക്കൾ രണ്ടു​പേ​രും പരാജ​യ​പ്പെട്ടു. പകരം, വീഴ്‌ച​ഭ​വിച്ച ദൂതനായ, പിശാ​ചായ സാത്താന്റെ ദുഷ്ടഭ​ര​ണ​ത്തിൻകീ​ഴിൽ അകപ്പെ​ടാൻ അവർ സ്വയം അനുവ​ദി​ച്ചു. പാപം ചെയ്യാ​നും വിലക്ക​പ്പെട്ട കനി ഭക്ഷിക്കാ​നും ഹവ്വായെ പ്രലോ​ഭി​പ്പി​ച്ചതു സാത്താ​നാ​യി​രു​ന്നു. “അതിൽനി​ന്നു തിന്നുന്ന നാളിൽ നീ നിശ്ചയ​മാ​യും മരിക്കും” എന്നു ദൈവം വ്യക്തമാ​യി മുന്നറി​യി​പ്പു നൽകി​യി​രുന്ന മരത്തിൽനി​ന്നു പിന്നീട്‌ ആദാം ഭക്ഷിച്ച​പ്പോൾ അവനും പാപം ചെയ്‌തു.—ഉല്‌പത്തി 2:17, NW.

5 ഈ വിധത്തിൽ, പാപി​ക​ളായ ആ ദമ്പതികൾ മരിക്കാൻ തുടങ്ങി. മരണവി​ധി പ്രഖ്യാ​പി​ക്കവേ, ദൈവം ആദാമി​നോ​ടു പ്രസ്‌താ​വി​ച്ചു: “നിന്റെ നിമിത്തം ഭൂമി ശപിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; നിന്റെ ആയുഷ്‌കാ​ല​മൊ​ക്കെ​യും നീ കഷ്ടത​യോ​ടെ അതിൽനി​ന്നു അഹോ​വൃ​ത്തി കഴിക്കും. മുള്ളും പറക്കാ​ര​യും നിനക്കു അതിൽനി​ന്നു മുളെ​ക്കും; വയലിലെ സസ്യം നിനക്കു ആഹാര​മാ​കും.” (ഉല്‌പത്തി 3:17, 18) കൃഷി​ചെ​യ്‌തി​ട്ടി​ല്ലാത്ത ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ന്ന​തി​നുള്ള പ്രതീക്ഷ അങ്ങനെ ആദാമി​നും ഹവ്വായ്‌ക്കും നഷ്ടമായി. ഏദെനിൽനി​ന്നു പുറത്താ​ക്ക​പ്പെട്ട അവർക്കു തങ്ങളുടെ ഊർജം, ശപിക്ക​പ്പെട്ട നിലത്തു​നി​ന്നു കഷ്ടപ്പെട്ടു ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ കേന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അവരുടെ പിൻഗാ​മി​കൾ, പാപപൂർണ​വും മരിക്കു​ന്ന​തു​മായ ആ അവസ്ഥ അവകാ​ശ​പ്പെ​ടു​ത്തി​യ​തി​നാൽ ആശ്വാസം ലഭി​ക്കേ​ണ്ട​തി​ന്റെ വലിയ ആവശ്യ​മു​ള്ള​വ​രാ​യി.—റോമർ 5:12.

ആശ്വാ​സ​ദാ​യ​ക​മായ ഒരു പ്രവചനം നിവർത്തി​ച്ചു

6. (എ) പാപത്തി​ലേ​ക്കുള്ള മനുഷ്യ​വർഗ​ത്തി​ന്റെ വീഴ്‌ച​യ്‌ക്കു​ശേഷം ദൈവം ആശ്വാ​സ​പ്ര​ദ​മായ എന്തു വാഗ്‌ദാ​നം നടത്തി? (ബി) ആശ്വാ​സ​ത്തെ​ക്കു​റി​ച്ചു ലാമേക്ക്‌ എന്തു പ്രവചനം നടത്തി?

6 മനുഷ്യ മത്സരം ഇളക്കി​വി​ട്ട​വ​നെ​തി​രെ ന്യായ​വി​ധി ഉച്ചരി​ച്ച​പ്പോൾ, യഹോവ ‘ആശ്വാസം നല്‌കുന്ന ദൈവ’മാണെന്നു തെളിഞ്ഞു. (റോമർ 15:6) ആദാമി​ന്റെ മത്സരത്തി​ന്റെ വിപത്‌ക​ര​മായ ഫലങ്ങളിൽനിന്ന്‌ അവസാനം ആദാമി​ന്റെ സന്തതി​കളെ മോചി​പ്പി​ക്കുന്ന ഒരു “സന്തതി”യെ അയയ്‌ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌തു​കൊ​ണ്ടാ​യി​രു​ന്നു അവൻ അങ്ങനെ ചെയ്‌തത്‌. (ഉല്‌പത്തി 3:15) കാല​ക്ര​മ​ത്തിൽ, ദൈവം ഈ മോച​ന​ത്തി​ന്റെ പൂർവ ദർശനങ്ങൾ നൽകു​ക​യു​മു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, ആദാമി​ന്റെ പുത്ര​നായ ശേത്തി​ലൂ​ടെ അവന്റെ ഒരു അകന്ന പിൻഗാ​മി​യായ ലാമേ​ക്കി​ന്റെ പുത്രൻ എന്തു ചെയ്യു​മെ​ന്നതു സംബന്ധി​ച്ചു പ്രവചി​ക്കാൻ അവൻ ലാമേ​ക്കി​നെ നിശ്വ​സ്‌ത​നാ​ക്കി: “യഹോവ ശപിച്ച ഭൂമി​യിൽ നമ്മുടെ പ്രവൃ​ത്തി​യി​ലും നമ്മുടെ കൈക​ളു​ടെ പ്രയത്‌ന​ത്തി​ലും ഇവൻ നമ്മെ ആശ്വസി​പ്പി”ക്കും. (ഉല്‌പത്തി 5:29) ഈ വാഗ്‌ദ​ത്ത​ത്തി​നു ചേർച്ച​യിൽ, കുട്ടിക്കു നോഹ എന്നു പേരിട്ടു, “വിശ്രമം” അഥവാ “ആശ്വാസം” എന്നാണ്‌ അതിനർഥ​മെന്നു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌.

7, 8. (എ) മനുഷ്യ​നെ സൃഷ്ടി​ച്ച​തിൽ യഹോ​വ​യ്‌ക്കു ദുഃഖം തോന്നാ​നി​ട​യാ​ക്കിയ സ്ഥിതി​വി​ശേ​ഷ​മെന്ത്‌, പ്രതി​ക​ര​ണ​മാ​യി അവൻ എന്തു ചെയ്യാൻ ഉദ്ദേശി​ച്ചു? (ബി) നോഹ തന്റെ പേരിന്റെ അർഥത്തി​നൊ​ത്തു ജീവി​ച്ച​തെ​ങ്ങനെ?

7 അതിനി​ടെ, സാത്താനു സ്വർഗീയ ദൂതന്മാ​രിൽ ചിലരെ അനുഗാ​മി​ക​ളാ​യി ലഭിച്ചു. ഇവർ മനുഷ്യ​രാ​യി ജഡംധ​രിച്ച്‌ ആദാമി​ന്റെ സൗന്ദര്യ​വ​തി​ക​ളായ പിൻഗാ​മി​കളെ ഭാര്യ​മാ​രാ​ക്കി. അത്തരം അസ്വാ​ഭാ​വിക ബന്ധങ്ങൾ മനുഷ്യ​സ​മൂ​ഹത്തെ കൂടു​ത​ലാ​യി ദുഷി​പ്പി​ക്കു​ക​യും “വീഴി​ക്കു​ന്ന​വരാ”യ നെഫി​ലി​മു​ക​ളു​ടെ ഒരു ദൈവ​ര​ഹിത വർഗത്തെ ഉളവാ​ക്കു​ക​യും ചെയ്‌തു. അവർ ഭൂമിയെ അതി​ക്ര​മം​കൊ​ണ്ടു നിറച്ചു. (ഉല്‌പത്തി 6:1, 2, 4, 11; യൂദാ 6) “ഭൂമി​യിൽ മമനു​ഷ്യ​ന്റെ ദുഷ്ടത വലിയ​തെന്നു . . . യഹോവ കണ്ടു. താൻ ഭൂമി​യിൽ മനുഷ്യ​നെ ഉണ്ടാക്കു​ക​കൊ​ണ്ടു യഹോവ അനുത​പി​ച്ചു; അതു അവന്റെ ഹൃദയ​ത്തി​ന്നു ദുഃഖ​മാ​യി.”—ഉല്‌പത്തി 6:5, 6.

8 ആ ദുഷ്ട​ലോ​കത്തെ ഒരു ആഗോള പ്രളയ​ത്തി​ലൂ​ടെ നശിപ്പി​ക്കാൻ യഹോവ ഉദ്ദേശി​ച്ചു, എന്നാൽ ജീവൻ സംരക്ഷി​ക്കു​ന്ന​തിന്‌ അവൻ നോഹ​യെ​ക്കൊണ്ട്‌ ആദ്യം​തന്നെ ഒരു പെട്ടകം പണിയി​ച്ചു. അങ്ങനെ, മനുഷ്യ​വർഗ​വും മൃഗവർഗ​ങ്ങ​ളും രക്ഷിക്ക​പ്പെട്ടു. നോഹ​യും കുടും​ബ​വും പ്രളയ​ത്തി​നു​ശേഷം പെട്ടക​ത്തിൽനി​ന്നു പുറ​ത്തേക്ക്‌, ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഭൂമി​യി​ലേക്ക്‌, വന്നപ്പോൾ അവർക്ക്‌ എത്ര ആശ്വാസം തോന്നി​യി​രി​ക്കണം! നിലത്തി​ന്മേ​ലുള്ള ശാപം നീങ്ങി കൃഷി​കാ​ര്യ​ങ്ങൾ മുമ്പ​ത്തെ​ക്കാ​ളേറെ എളുപ്പ​മാ​യി​ത്തീർന്നത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാ​യി​രു​ന്നു! നിശ്ചയ​മാ​യും, ലാമേ​ക്കി​ന്റെ പ്രവചനം സത്യ​മെന്നു തെളിഞ്ഞു, നോഹ തന്റെ പേരിന്റെ അർഥത്തി​നൊ​ത്തു ജീവി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 8:21) ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത ദാസൻ എന്നനി​ല​യിൽ, മനുഷ്യ​വർഗ​ത്തിന്‌ ഒരള​വോ​ളം “ആശ്വാസം” കൈവ​രു​ത്തു​ന്ന​തിൽ നോഹ ഒരു മാധ്യ​മ​മാ​യി വർത്തിച്ചു. എന്നിരു​ന്നാ​ലും, സാത്താ​ന്റെ​യും അവന്റെ ഭൂതദൂ​ത​ന്മാ​രു​ടെ​യും ദുഷ്ടസ്വാ​ധീ​നം പ്രളയ​ത്തോ​ടെ അവസാ​നി​ച്ചില്ല. മനുഷ്യ​വർഗം പാപത്തി​ന്റെ​യും രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും ഭാരത്താൽ ഞരക്കം തുടരു​ക​യാണ്‌.

നോഹ​യെ​ക്കാൾ വലിയവൻ

9. അനുതാ​പ​മുള്ള മനുഷ്യർക്കു യേശു​ക്രി​സ്‌തു ഒരു സഹായ​ക​നും ആശ്വാ​സ​ക​നും ആണെന്നു തെളി​ഞ്ഞ​തെ​ങ്ങനെ?

9 അവസാനം, ഏതാണ്ടു 4,000 വർഷത്തെ മനുഷ്യ ചരി​ത്ര​ത്തി​ന്റെ ഒടുവിൽ, വാഗ്‌ദത്ത സന്തതി എത്തി​ച്ചേർന്നു. മനുഷ്യ​വർഗ​ത്തോ​ടുള്ള വലിയ സ്‌നേ​ഹ​ത്താൽ പ്രേരി​ത​നാ​യി, പാപി​ക​ളായ മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യുള്ള മറുവി​ല​യാ​യി മരിക്കു​ന്ന​തി​നു യഹോ​വ​യാം ദൈവം തന്റെ ഏകജാത പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു. (യോഹ​ന്നാൻ 3:16) തന്റെ ബലിമ​ര​ണ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന അനുതാ​പ​മുള്ള പാപി​കൾക്കു യേശു​ക്രി​സ്‌തു വലിയ ആശ്വാസം കൈവ​രു​ത്തു​ന്നു. തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും അവന്റെ പുത്രന്റെ സ്‌നാ​പ​ന​മേറ്റ ശിഷ്യ​ന്മാ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്ന എല്ലാവ​രും നിലനിൽക്കുന്ന നവോ​ന്മേ​ഷ​വും ആശ്വാ​സ​വും അനുഭ​വി​ക്കു​ന്നു. (മത്തായി 11:28-30; 16:24) അപൂർണ​ത​യു​ണ്ടെ​ങ്കി​ലും, അവർ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യോ​ടെ ദൈവത്തെ സേവി​ക്കു​ന്ന​തിൽ ആഴമായ സന്തുഷ്ടി കണ്ടെത്തു​ന്നു. യേശു​വിൽ വിശ്വാ​സം പ്രകടമാക്കുന്നതു തുടരു​ന്നെ​ങ്കിൽ, അവർക്ക്‌ നിത്യ​ജീ​വന്റെ പ്രതി​ഫലം ലഭിക്കു​മെന്ന്‌ അറിയു​ന്നത്‌ എന്തൊ​രാ​ശ്വാ​സം! (യോഹ​ന്നാൻ 3:36; എബ്രായർ 5:9) ബലഹീനത നിമിത്തം, ഒരു ഗുരു​ത​ര​മായ പാപം ചെയ്യു​ന്നെ​ങ്കിൽ, പുനരു​ത്ഥാ​നം പ്രാപിച്ച കർത്താ​വായ യേശു​ക്രി​സ്‌തു എന്ന സഹായകൻ, അഥവാ ആശ്വാ​സ​ദാ​യകൻ അവർക്കുണ്ട്‌. (1 യോഹ​ന്നാൻ 2:1, 2) ‘ദൈവം തങ്ങളോ​ടു പാപങ്ങളെ ക്ഷമിക്കാൻ തക്കവണ്ണം വിശ്വ​സ്‌ത​നും നീതി​മാ​നും ആകുന്നു’ എന്നറി​ഞ്ഞു​കൊണ്ട്‌, അത്തരം പാപം ഏറ്റുപ​റ​യു​ന്ന​തി​നാ​ലും പാപം ശീലമാ​ക്കു​ന്നവർ ആയിരി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ തിരു​വെ​ഴു​ത്തു പടികൾ സ്വീക​രി​ക്കു​ന്ന​തി​നാ​ലും അവർക്ക്‌ ആശ്വാസം ലഭിക്കു​ന്നു.—1 യോഹ​ന്നാൻ 1:9; 3:6; സദൃശ​വാ​ക്യ​ങ്ങൾ 28:13.

10. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പ്രവർത്തിച്ച അത്ഭുത​ങ്ങ​ളിൽനി​ന്നു നാം എന്തു മനസ്സി​ലാ​ക്കു​ന്നു?

10 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, ഭൂതബാ​ധി​തരെ സ്വത​ന്ത്ര​രാ​ക്കൽ, സകലവിധ രോഗ​ങ്ങ​ളും സൗഖ്യ​മാ​ക്കൽ, മരിച്ച പ്രിയ​പ്പെ​ട്ട​വരെ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്കൽ എന്നിവ ചെയ്‌തു​കൊണ്ട്‌ യേശു നവോ​ന്മേഷം കൈവ​രു​ത്തി. ആ വിധത്തിൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവർ പിന്നീടു വൃദ്ധരാ​യി മരിച്ച​തു​കൊണ്ട്‌ അത്തരം അത്ഭുത​ങ്ങൾക്കു താത്‌കാ​ലിക പ്രയോ​ജ​നമേ ഉണ്ടായി​രു​ന്നു​ള്ളൂ​വെ​ന്നതു സത്യം​തന്നെ. എന്നാൽ അതിലൂ​ടെ യേശു സകല മനുഷ്യ​വർഗ​ത്തി​ന്മേ​ലും താൻ ചൊരി​യാ​നി​രി​ക്കുന്ന സ്ഥായി​യായ ഭാവി അനു​ഗ്ര​ഹ​ങ്ങളെ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇപ്പോൾ ശക്തനായ സ്വർഗീയ രാജാ​വാ​യി​രി​ക്കുന്ന അവൻ കേവലം ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തി​നെ​ക്കാൾ വളരെ വലിയ കാര്യങ്ങൾ ഉടൻ ചെയ്യും. അവൻ അവരെ അവരുടെ നേതാ​വായ സാത്താ​നോ​ടൊ​പ്പം അഗാധ​ത്തിൽ, നിഷ്‌ക്രിയ അവസ്ഥയിൽ, തളയ്‌ക്കും. അതോടെ ക്രിസ്‌തു​വി​ന്റെ മഹത്തായ സഹസ്രാ​ബ്ദ​വാഴ്‌ച ആരംഭി​ക്കു​ക​യാ​യി.—ലൂക്കൊസ്‌ 8:30, 31; വെളി​പ്പാ​ടു 20:1, 2, 6.

11. യേശു സ്വയം “ശബ്ബത്തിന്നു കർത്താവു” എന്നു വിളി​ച്ച​തെ​ന്തു​കൊണ്ട്‌?

11 താൻ “ശബ്ബത്തിന്നു കർത്താ”വാണെന്നു യേശു പറഞ്ഞു. മാത്ര​വു​മല്ല, അവന്റെ സൗഖ്യ​മാ​ക്ക​ലു​കൾ അനേക​വും നടത്തി​യത്‌ ശബത്തു നാളി​ലാ​യി​രു​ന്നു​താ​നും. (മത്തായി 12:8-13; ലൂക്കൊസ്‌ 13:14-17; യോഹ​ന്നാൻ 5:15, 16; 9:14) അത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? ഇസ്രാ​യേ​ലി​നുള്ള ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു ശബത്ത്‌, അതു​കൊ​ണ്ടു​തന്നെ അതു “വരാനുള്ള നന്മകളു​ടെ നിഴലാ”യി ഉതകി. (എബ്രായർ 10:1) ആറു പ്രവൃത്തി ദിനങ്ങൾ നമ്മെ സാത്താന്റെ മർദക​ഭ​ര​ണ​ത്തിൻ കീഴിലെ മനുഷ്യ​ന്റെ കഴിഞ്ഞ​കാല 6,000 വർഷത്തെ അടിമ​ത്ത​ത്തെ​ക്കു​റിച്ച്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു. വാരാ​ന്ത്യ​ത്തി​ലെ ശബത്തു​ദി​ന​മാ​കട്ടെ, വലിയ നോഹ​യായ യേശു​ക്രി​സ്‌തു​വി​ന്റെ സഹസ്രാ​ബ്ദ​വാ​ഴ്‌ച​യിൽ മനുഷ്യ​വർഗ​ത്തി​നു ലഭിക്കാ​നി​രി​ക്കുന്ന ആശ്വാ​സ​പ്ര​ദ​മായ വിശ്ര​മ​ത്തെ​യും അനുസ്‌മ​രി​പ്പി​ക്കു​ന്നു.—2 പത്രൊസ്‌ 3:8 താരത​മ്യം ചെയ്യുക.

12. ആശ്വാ​സ​ദാ​യ​ക​മായ ഏത്‌ അനുഭ​വ​ങ്ങൾക്കാ​യി നമുക്കു നോക്കി​പ്പാർത്തി​രി​ക്കാ​നാ​വും?

12 അവസാനം, സാത്താന്റെ ദുഷ്ടസ്വാ​ധീ​ന​ത്തിൽനി​ന്നു തങ്ങൾ പൂർണ​മാ​യും മുക്തരാ​ണെന്നു ക്രിസ്‌തു​വി​ന്റെ ഭരണത്തി​ന്റെ ഭൗമിക പ്രജകൾ മനസ്സി​ലാ​ക്കു​മ്പോൾ അവർക്ക്‌ എന്തൊരു ആശ്വാ​സ​മാ​യി​രി​ക്കും തോന്നുക! തങ്ങളുടെ ശാരീ​രി​ക​വും വൈകാ​രി​ക​വും മാനസി​ക​വു​മായ രോഗ​ങ്ങൾക്കു സൗഖ്യം ലഭിക്കു​മ്പോൾ, കൂടു​ത​ലായ ആശ്വാസം വരും. (യെശയ്യാ​വു 65:17) പിന്നെ, മരിച്ച​വ​രിൽനി​ന്നു തിരി​ച്ചെ​ത്തു​ന്ന​വരെ സ്വാഗതം ചെയ്‌തു​തു​ട​ങ്ങു​മ്പോ​ഴത്തെ അവരുടെ ആനന്ദോ​ന്മാ​ദ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക! ഈ വിധങ്ങ​ളിൽ ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും.” (വെളി​പ്പാ​ടു 21:4) യേശു​വി​ന്റെ മറുവില യാഗത്തി​ന്റെ പ്രയോ​ജ​നങ്ങൾ ക്രമാ​നു​ഗ​ത​മാ​യി ബാധക​മാ​ക്കു​മ്പോൾ, ദൈവ​രാ​ജ്യ​ത്തി​ന്റെ അനുസ​ര​ണ​മുള്ള പ്രജകൾ, ആദാമി​ന്റെ പാപത്തി​ന്റെ സകല ദുഷ്‌ഫ​ല​ങ്ങ​ളിൽനി​ന്നു പൂർണ​മാ​യും മുക്തമാ​യി​ക്കൊണ്ട്‌, പൂർണ​ത​യി​ലേക്കു വളരും. (വെളി​പ്പാ​ടു 22:1-5) പിന്നീട്‌ സാത്താനെ “അല്‌പ​കാ​ല​ത്തേക്കു” അഴിച്ചു​വി​ടും. (വെളി​പ്പാ​ടു 20:3, 7) യഹോ​വ​യു​ടെ അർഹമായ പരമാ​ധി​കാ​രം വിശ്വ​സ്‌ത​ത​യോ​ടെ ഉയർത്തി​പ്പി​ടി​ക്കുന്ന എല്ലാ മനുഷ്യർക്കും നിത്യ​ജീ​വന്റെ പ്രതി​ഫലം ലഭിക്കും. “ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു” പൂർണ​മാ​യും “സ്വത​ന്ത്ര​മാ​ക്ക​പ്പെടു”ന്നതിലെ അനിർവ​ച​നീ​യ​മായ സന്തുഷ്ടി​യും ആശ്വാ​സ​വും വിഭാവന ചെയ്യുക! അങ്ങനെ അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം” ആസ്വദി​ക്കും.—റോമർ 8:21.

13. ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസം എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

13 അതിനി​ടെ, സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യിൻ മധ്യേ ജീവി​ക്കു​ന്ന​വർക്കു സാധാ​ര​ണ​മായ ഞരങ്ങലി​നും വേദന​യ്‌ക്കും വിധേ​യ​രാ​കു​ന്ന​തിൽ നാം തുടരു​ക​യാണ്‌. ശാരീ​രിക രോഗ​ങ്ങ​ളു​ടെ​യും വൈകാ​രിക ക്രമ​ക്കേ​ടു​ക​ളു​ടെ​യും വർധനവ്‌ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെടെ എല്ലാത്തരം ആളുക​ളെ​യും ബാധി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:25-27; 1 തെസ്സ​ലൊ​നീ​ക്യർ 5:14) അതിനു​പു​റമേ, ‘മനുഷ്യ​രെ​ക്കാൾ അധിക​മാ​യി ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കുന്ന’തിനാൽ സാത്താൻ നമ്മു​ടെ​മേൽ കുന്നു​കൂ​ട്ടുന്ന അന്യാ​യ​മായ പരിഹാ​സ​വും പീഡന​വും നാം ക്രിസ്‌ത്യാ​നി​ക​ളാ​യ​തി​നാൽ പലപ്പോ​ഴും അനുഭ​വി​ക്കു​ന്നുണ്ട്‌. (പ്രവൃ​ത്തി​കൾ 5:29, NW) അങ്ങനെ, സാത്താന്റെ ലോക​ത്തി​ന്റെ അന്ത്യം​വരെ നാം ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ സഹിച്ചു​നിൽക്ക​ണ​മെ​ങ്കിൽ, അവൻ പ്രദാനം ചെയ്യുന്ന ആശ്വാ​സ​വും സഹായ​വും ശക്തിയും നമുക്ക്‌ ആവശ്യ​മാണ്‌.

ആശ്വാസം കണ്ടെത്താ​വു​ന്നി​ടം

14. (എ) തന്റെ മരണത്തി​ന്റെ തലേരാ​ത്രി യേശു എന്തു വാഗ്‌ദാ​നം നടത്തി? (ബി) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ആശ്വാ​സ​ത്തിൽനി​ന്നു നാം പൂർണ പ്രയോ​ജനം നേടണ​മെ​ങ്കിൽ എന്ത്‌ അത്യാ​വ​ശ്യ​മാണ്‌?

14 തന്റെ മരണത്തി​ന്റെ തലേ രാത്രി, താമസി​യാ​തെ താൻ തന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ല​ന്മാ​രെ വിട്ട്‌ പിതാ​വി​ന്റെ അടുക്ക​ലേക്കു തിരി​ച്ചു​പോ​കു​മെന്നു യേശു അവരോ​ടു വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി. ഇത്‌ അവരെ വിഷമി​പ്പി​ക്കു​ക​യും ദുഃഖി​പ്പി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 13:33, 36; 14:27-31) അവർക്കു തുടർന്നും ആശ്വാസം ലഭിക്ക​ണ​മെന്ന ആവശ്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌, യേശു വാഗ്‌ദാ​നം ചെയ്‌തു: “ഞാൻ പിതാ​വി​നോ​ടു ചോദി​ക്കും; എന്നേക്കും നിങ്ങ​ളോ​ടു​കൂ​ടെ ഇരി​ക്കേ​ണ്ട​തി​നു അവൻ മറ്റൊരു ആശ്വാ​സ​ദാ​യ​കനെ നിങ്ങൾക്കു നൽകും.” (യോഹ​ന്നാൻ 14:16, NW അടിക്കു​റിപ്പ്‌) യേശു ഇവിടെ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പരാമർശി​ച്ചു. അവന്റെ പുനരു​ത്ഥാ​ന​ത്തിന്‌ 50 ദിവസ​ങ്ങൾക്കു​ശേഷം അത്‌ അവന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ പകര​പ്പെട്ടു. a പരി​ശോ​ധ​ന​ക​ളിൽ ദൈവാ​ത്മാവ്‌ അവർക്ക്‌, മറ്റു സംഗതി​ക​ളു​ടെ കൂട്ടത്തിൽ, ആശ്വാ​സ​വും ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ തുടരാൻ ശക്തിയും പ്രദാനം ചെയ്‌തു. (പ്രവൃ​ത്തി​കൾ 4:31) എന്നിരു​ന്നാ​ലും, അത്തരം സഹായത്തെ യാന്ത്രി​ക​മായ ഒന്നായി വീക്ഷി​ക്ക​രുത്‌. അതിൽനി​ന്നു പൂർണ പ്രയോ​ജനം നേടു​ന്ന​തിന്‌, ഓരോ ക്രിസ്‌ത്യാ​നി​യും ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ പ്രദാനം ചെയ്യുന്ന ആശ്വാ​സ​ദാ​യ​ക​മായ സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തിൽ തുടരണം.—ലൂക്കൊസ്‌ 11:13.

15. യഹോവ ആശ്വാസം പ്രദാനം ചെയ്യുന്ന ഏതാനും വിധങ്ങ​ളേവ?

15 ദൈവം ആശ്വാസം പ്രദാനം ചെയ്യുന്ന മറ്റൊരു വിധം തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌. പൗലോസ്‌ എഴുതി: “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.” (റോമർ 15:4) ഇത്‌ ബൈബി​ളി​ലും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും എഴുതി​യി​രി​ക്കുന്ന സംഗതി​കൾ നാം ക്രമമാ​യി പഠിച്ച്‌ ധ്യാനി​ക്കു​ന്ന​തി​ന്റെ ആവശ്യം പ്രകട​മാ​ക്കു​ന്നു. ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ആശ്വാ​സ​ദാ​യ​ക​മായ ആശയങ്ങൾ പങ്കു​വെ​ക്ക​പ്പെ​ടുന്ന ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തി​ലും നാം ക്രമമു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. അത്തരം കൂടി​വ​ര​വു​ക​ളു​ടെ ഒരു മുഖ്യ ഉദ്ദേശ്യം പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാണ്‌.—എബ്രായർ 10:25.

16. ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യ​ക​മായ കരുത​ലു​കൾ നമ്മെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കണം?

16 ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യ​ക​മായ കരുത​ലു​കൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തിൽനി​ന്നു നമുക്കു ലഭിക്കുന്ന നല്ല ഫലങ്ങൾ റോമർക്കുള്ള പൗലോ​സി​ന്റെ ലേഖനം തുടർന്നു പ്രകട​മാ​ക്കു​ന്നുണ്ട്‌. “നിങ്ങൾ ഐകമ​ത്യ​പ്പെട്ടു, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവത്തെ ഏകമന​സ്സോ​ടെ ഒരു വായി​നാൽ മഹത്വീ​ക​രി​ക്കേ​ണ്ട​തി​ന്നു സ്ഥിരത​യും ആശ്വാ​സ​വും നല്‌കുന്ന ദൈവം നിങ്ങൾക്കു ക്രിസ്‌തു​യേ​ശു​വി​ന്നു അനുരൂ​പ​മാ​യി തമ്മിൽ ഏകചി​ന്ത​യോ​ടി​രി​പ്പാൻ കൃപ നല്‌കു​മാ​റാ​കട്ടെ” എന്നു പൗലോസ്‌ എഴുതി. (റോമർ 15:5, 6) അതേ, ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യ​ക​മായ കരുത​ലു​ക​ളിൽനി​ന്നു മുഴു​പ്ര​യോ​ജ​ന​വും നേടു​ക​വഴി, നാം കൂടു​ത​ലും നമ്മുടെ ധൈര്യ​ശാ​ലി​യായ നേതാ​വായ യേശു​ക്രി​സ്‌തു​വി​നെ​പ്പോ​ലെ ആയിത്തീ​രും. നമ്മുടെ സാക്ഷീ​ക​ര​ണ​വേ​ല​യി​ലും യോഗ​ങ്ങ​ളി​ലും സഹവി​ശ്വാ​സി​ക​ളു​മൊ​ത്തുള്ള സ്വകാര്യ സംഭാ​ഷ​ണ​ങ്ങ​ളി​ലും പ്രാർഥ​ന​ക​ളി​ലും ദൈവത്തെ മഹത്ത്വീ​ക​രി​ക്കാൻ നമ്മുടെ വായ്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ ഇതു നമ്മെ പ്രചോ​ദി​പ്പി​ക്കും.

കഠിന പരി​ശോ​ധനാ സമയങ്ങ​ളിൽ

17. യഹോവ തന്റെ പുത്രനെ ആശ്വസി​പ്പി​ച്ച​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

17 യാതനാ​പൂർണ​മായ തന്റെ മരണത്തി​ന്റെ തലേ രാത്രി യേശു “ദുഃഖി​ച്ചും വ്യാകു​ല​പ്പെ​ട്ടും” തുടങ്ങി. (മത്തായി 26:37, 38) അതു​കൊണ്ട്‌ അവൻ തന്റെ ശിഷ്യ​ന്മാ​രിൽനിന്ന്‌ അൽപ്പം ദൂരെ മാറി സഹായ​ത്തി​നാ​യി പിതാ​വി​നോ​ടു പ്രാർഥി​ച്ചു. അവന്‌ “ഉത്തരം ലഭിക്ക​യും ചെയ്‌തു.” (എബ്രായർ 5:7) “അവനെ [യേശു​വി​നെ] ശക്തി​പ്പെ​ടു​ത്തു​വാൻ സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ദൂതൻ അവന്നു പ്രത്യ​ക്ഷ​നാ​യി” എന്നു ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്കൊസ്‌ 22:43) തന്റെ എതിരാ​ളി​കളെ യേശു നേരിട്ട ധീരവും പുരു​ഷോ​ചി​ത​വു​മായ വിധം തന്റെ പുത്രനെ ആശ്വസി​പ്പി​ക്കു​ന്ന​തി​നുള്ള ദൈവ​ത്തി​ന്റെ രീതി ഏറ്റവും ഫലപ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന​തി​ന്റെ തെളി​വാണ്‌.—യോഹ​ന്നാൻ 18:3-8, 33-38.

18. (എ) പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ജീവി​ത​ത്തിൽ ഏതു കാലഘട്ടം വിശേ​ഷാൽ പീഡനാ​ത്മ​ക​മാ​യി​രു​ന്നു? (ബി) നമു​ക്കെ​ങ്ങ​നെ​യാ​ണു കഠിനാ​ധ്വാ​നി​ക​ളും സഹാനു​ഭൂ​തി​യു​ള്ള​വ​രു​മായ മൂപ്പന്മാർക്ക്‌ ആശ്വാ​സ​ത്തിന്‌ ഉറവാ​യി​ത്തീ​രാ​നാ​വുക?

18 പൗലോസ്‌ അപ്പോ​സ്‌ത​ല​നും കഠിന പരി​ശോ​ധ​ന​യു​ടെ ഘട്ടങ്ങളി​ലൂ​ടെ കടന്നു​പോ​യി. ഉദാഹ​ര​ണ​ത്തിന്‌, എഫെസൂ​സി​ലെ അവന്റെ ശുശ്രൂഷ ‘കണ്ണുനീ​രും യഹൂദ​ന്മാ​രു​ടെ കൂട്ടു​കെ​ട്ടു​ക​ളാൽ [അവന്‌] ഉണ്ടായ കഷ്ടങ്ങളും’ നിറഞ്ഞ​താ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:17-20) അവസാനം, അർത്തെ​മിസ്‌ ദേവി​യു​ടെ ആരാധകർ പൗലോ​സി​ന്റെ പ്രസം​ഗ​വേ​ല​യെ​ച്ചൊ​ല്ലി നഗരത്തെ മുഴുവൻ കലഹം​കൊ​ണ്ടു നിറച്ച​പ്പോൾ പൗലോസ്‌ എഫെസൂസ്‌ വിട്ടു​പോ​യി. (പ്രവൃ​ത്തി​കൾ 19:23-29; 20:1) പൗലോസ്‌ വടക്ക്‌ ത്രോ​വാസ്‌ നഗരത്തി​ലേക്കു നീങ്ങി​യ​പ്പോൾ എന്തോ ഒന്ന്‌ അവന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. എഫെസൂ​സി​ലെ കലഹത്തി​നു കുറച്ചു​നാൾമുമ്പ്‌, അലോ​സ​ര​പ്പെ​ടു​ത്തുന്ന ഒരു റിപ്പോർട്ട്‌ അവനു കിട്ടി​യി​രു​ന്നു. ഇളം​പ്രാ​യ​ത്തി​ലുള്ള കൊരി​ന്ത്യ സഭ ഭിന്നത​യാൽ വിഷമി​ക്കു​ക​യാ​യി​രു​ന്നു, അതു പരസംഗം വെച്ചു​പൊ​റു​പ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊ​ണ്ടു സ്ഥിതി​ഗതി നേരെ​യാ​ക്കാ​മെന്ന പ്രത്യാ​ശ​യിൽ പൗലോസ്‌ ശക്തമാ​യൊ​രു ശാസനാ ലേഖനം എഫെസൂ​സിൽനിന്ന്‌ എഴുതി. അത്‌ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്ര എളുപ്പ​മാ​യി​രു​ന്നില്ല. “വളരെ കഷ്ടവും മനോ​വ്യ​സ​ന​വും ഉണ്ടായി​ട്ടു വളരെ കണ്ണുനീ​രോ​ടു​കൂ​ടെ ഞാൻ നിങ്ങൾക്കു എഴുതി” എന്നു പിന്നീട്‌ അവൻ രണ്ടാമത്തെ ലേഖന​ത്തിൽ വെളി​പ്പെ​ടു​ത്തി. (2 കൊരി​ന്ത്യർ 2:4) പൗലോ​സി​നെ​പ്പോ​ലെ, തിരു​ത്താ​നു​ദ്ദേ​ശി​ച്ചുള്ള ബുദ്ധ്യു​പ​ദേ​ശ​വും ശാസന​യും കൊടു​ക്കു​ന്നതു സഹാനു​ഭൂ​തി​യുള്ള മൂപ്പന്മാർക്ക്‌ എളുപ്പ​മുള്ള സംഗതി​യാ​യി തോന്നു​ന്നില്ല. എന്തെന്നാൽ, അവർ ഭാഗി​ക​മാ​യി തങ്ങളു​ടെ​തന്നെ ബലഹീ​ന​ത​ക​ളെ​ക്കു​റിച്ച്‌ അങ്ങേയറ്റം ബോധ​വാ​ന്മാ​രാണ്‌. (ഗലാത്യർ 6:1) അപ്പോൾ, നമ്മുടെ ഇടയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ സ്‌നേ​ഹ​പൂർവ​ക​മായ, ബൈബി​ള​ധി​ഷ്‌ഠിത ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടു നമുക്കു പെട്ടെന്നു പ്രതി​ക​രി​ക്കാം. അങ്ങനെ നാം അവർക്ക്‌ ആശ്വാ​സ​ത്തിന്‌ ഉറവാ​യി​ത്തീ​രു​മാ​റാ​കട്ടെ.—എബ്രായർ 13:17.

19. പൗലോസ്‌ ത്രോ​വാ​സിൽനി​ന്നു മക്കദോ​ന്യ​യി​ലേക്കു പോയ​തെ​ന്തു​കൊണ്ട്‌, അവൻ അവസാനം ആശ്വാസം നേടി​യ​തെ​ങ്ങനെ?

19 എഫെസൂ​സി​ലാ​യി​രി​ക്കു​മ്പോൾ, പൗലോസ്‌ കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ എഴുതുക മാത്രമല്ല, അവരെ സഹായി​ക്കാൻ തീത്തൊ​സി​നെ അയയ്‌ക്കു​ക​യും ലേഖന​ത്തെ​ക്കു​റി​ച്ചുള്ള അവരുടെ പ്രതി​ക​രണം അറിയി​ക്കു​ന്ന​തിന്‌ അവനെ ചുമത​ല​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. തീത്തൊ​സി​നെ ത്രോ​വാ​സിൽ വഴിക്കു​വെച്ചു കണ്ടുമു​ട്ടാ​മെന്നു പൗലോസ്‌ പ്രത്യാ​ശി​ച്ചു. പൗലോസ്‌ അവിടെ ശിഷ്യരെ ഉളവാ​ക്കാ​നുള്ള നല്ല അവസര​ങ്ങ​ളാൽ അനുഗൃ​ഹീ​ത​നാ​യി. എന്നാൽ ഇത്‌ അവന്റെ ഉത്‌ക​ണ്‌ഠ​യ്‌ക്കു ശമനം വരുത്തി​യില്ല, കാരണം തീത്തൊസ്‌ അപ്പോ​ഴും എത്തിയി​രു​ന്നില്ല. (2 കൊരി​ന്ത്യർ 2:12, 13) അതു​കൊണ്ട്‌ മക്കദോ​ന്യ​യിൽവെച്ച്‌ തീത്തൊ​സി​നെ കണ്ടുമു​ട്ടാ​മെന്ന പ്രതീ​ക്ഷ​യിൽ അവൻ അങ്ങോട്ടു യാത്ര ചെയ്‌തു. ശുശ്രൂ​ഷ​യു​ടെ നേർക്കു​ണ്ടായ കടുത്ത എതിർപ്പ്‌ പൗലോ​സി​ന്റെ ഉത്‌ക​ണ്‌ഠാ​വ​സ്ഥ​യ്‌ക്ക്‌ ആക്കംകൂ​ട്ടി. അവൻ വിശദ​മാ​ക്കു​ന്നു: “ഞങ്ങൾ മക്കെ​ദോ​ന്യ​യിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവി​ധ​ത്തി​ലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയ​വരെ ആശ്വസി​പ്പി​ക്കുന്ന ദൈവം തീതൊ​സി​ന്റെ വരവി​നാൽ ഞങ്ങളെ ആശ്വസി​പ്പി​ച്ചു.” (2 കൊരി​ന്ത്യർ 7:5, 6) പൗലോ​സി​ന്റെ ലേഖന​ത്തോ​ടുള്ള കൊരി​ന്ത്യ​രു​ടെ ക്രിയാ​ത്മക പ്രതി​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ അവനോ​ടു പറയാൻ അവസാനം തീത്തൊസ്‌ എത്തി​ച്ചേർന്ന​പ്പോൾ എന്തൊരു ആശ്വാസം!

20. (എ) പൗലോ​സി​ന്റെ കാര്യ​ത്തി​ലേ​തു​പോ​ലെ, യഹോവ ആശ്വാസം പ്രദാനം ചെയ്യുന്ന മറ്റൊരു പ്രധാന വിധ​മേത്‌? (ബി) അടുത്ത ലേഖന​ത്തിൽ എന്തു പരിചി​ന്തി​ക്ക​പ്പെ​ടും?

20 പൗലോ​സി​ന്റെ അനുഭവം ഇന്നത്തെ ദൈവ​ദാ​സർക്ക്‌ ആശ്വാ​സ​ദാ​യ​ക​മാണ്‌. “എളിയവ”രാകാൻ, അല്ലെങ്കിൽ “വിഷാ​ദ​ചിത്ത”രാകാൻ ഇടയാ​ക്കുന്ന പരി​ശോ​ധ​നകൾ നേരി​ടു​ന്ന​വ​രാണ്‌ അവരിൽ അനേക​രും. അതേ, ‘ആശ്വാസം നൽകുന്ന ദൈവ’ത്തിനു നമ്മുടെ വ്യക്തി​പ​ര​മായ ആവശ്യങ്ങൾ അറിയാം. കൊരി​ന്ത്യ​രു​ടെ അനുതാപ മനോ​ഭാ​വ​ത്തെ​ക്കു​റി​ച്ചുള്ള തീത്തൊ​സി​ന്റെ റിപ്പോർട്ടി​ലൂ​ടെ പൗലോ​സിന്‌ ആശ്വാസം ലഭിച്ച​തു​പോ​ലെ, പരസ്‌പരം ആശ്വാ​സ​ത്തിന്‌ ഉറവാ​കും​വി​ധം അവനു നമ്മെ ഉപയോ​ഗ​പ്പെ​ടു​ത്താ​നാ​വും. (2 കൊരി​ന്ത്യർ 7:11-13) ഞങ്ങളുടെ അടുത്ത ലേഖന​ത്തിൽ, കൊരി​ന്ത്യ​രോ​ടുള്ള പൗലോ​സി​ന്റെ ഊഷ്‌മ​ള​മായ പ്രതി​ക​ര​ണ​ത്തെ​യും ദൈവ​ത്തി​ന്റെ ഇന്നത്തെ ആശ്വാ​സ​ത്തി​ന്റെ ഫലപ്ര​ദ​രായ പങ്കുകാ​രാ​യി​രി​ക്കാൻ അതി​നെ​ങ്ങനെ നമ്മെ സഹായി​ക്കാ​നാ​വും എന്നതി​നെ​യും കുറിച്ചു നാം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[അടിക്കു​റിപ്പ്‌]

a ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേ​ലു​ണ്ടായ ദൈവാ​ത്മാ​വി​ന്റെ പ്രമുഖ പ്രവർത്ത​ന​ങ്ങ​ളി​ലൊന്ന്‌ അവരെ ദൈവ​ത്തി​ന്റെ ആത്മീയ ദത്തുപു​ത്ര​ന്മാ​രും യേശു​വി​ന്റെ സഹോ​ദ​ര​ന്മാ​രും എന്നനി​ല​യിൽ അഭി​ഷേകം ചെയ്യു​ക​യാ​യി​രു​ന്നു. (2 കൊരി​ന്ത്യർ 1:21, 22) ഇതു ക്രിസ്‌തു​വി​ന്റെ 1,44,000 ശിഷ്യ​ന്മാർക്കു​മാ​ത്ര​മാ​യി മാറ്റി​വെ​ച്ചി​രി​ക്കു​ന്ന​താണ്‌. (വെളി​പ്പാ​ടു 14:1, 3) ഇന്നു ക്രിസ്‌ത്യാ​നി​ക​ളിൽ ബഹുഭൂ​രി​പ​ക്ഷ​ത്തി​നും ഒരു പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാശ ദയാപു​ര​സ്സരം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. അഭിഷി​ക്ത​ര​ല്ലെ​ങ്കി​ലും, അവർക്കും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും ആശ്വാ​സ​വും ലഭിക്കു​ന്നുണ്ട്‌.

നിങ്ങൾക്ക്‌ ഉത്തരം പറയാ​നാ​വു​മോ?

◻ മനുഷ്യ​വർഗ​ത്തിന്‌ ആശ്വാസം ലഭി​ക്കേ​ണ്ട​താ​യി​വ​ന്ന​തെ​ങ്ങനെ?

◻ യേശു നോഹ​യെ​ക്കാൾ വലിയ​വ​നെന്നു തെളി​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ യേശു സ്വയം “ശബ്ബത്തിന്നു കർത്താവു” എന്നു വിളി​ച്ച​തെ​ന്തു​കൊണ്ട്‌?

◻ ദൈവം ഇന്ന്‌ ആശ്വാസം പ്രദാനം ചെയ്യു​ന്ന​തെ​ങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[10-ാം പേജിലെ ഭൂപടം/ചിത്രം]

കൊരിന്ത്യരെക്കുറിച്ചുള്ള തീത്തൊ​സി​ന്റെ റിപ്പോർട്ടിൽനി​ന്നു പൗലോ​സി​നു വലിയ ആശ്വാസം ലഭിച്ചു

മക്കദോന്യ

ഫിലിപ്പി

ഗ്രീസ്‌

കൊരിന്ത്‌

ആസ്യ

ത്രോ​വാസ്‌

എഫെസൂസ്‌