വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജപ്പാനിൽ മതസ്വാതന്ത്ര്യം ഉറപ്പിക്കപ്പെടുന്നു

ജപ്പാനിൽ മതസ്വാതന്ത്ര്യം ഉറപ്പിക്കപ്പെടുന്നു

ജപ്പാനിൽ മതസ്വാ​ത​ന്ത്ര്യം ഉറപ്പി​ക്ക​പ്പെ​ടു​ന്നു

ജപ്പാനിൽ അനേക വർഷങ്ങ​ളാ​യിട്ട്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളായ യുവവി​ദ്യാർഥി​കൾ ഒരു ധർമസ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു: തങ്ങളുടെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി പിൻപ​റ്റ​ണ​മോ, അതോ തങ്ങളുടെ മനസ്സാ​ക്ഷി​യെ അതിലം​ഘി​ക്കുന്ന സ്‌കൂൾ അധ്യയ​ന​ക്രമം പിൻപ​റ്റ​ണ​മോ. എന്തു​കൊ​ണ്ടാണ്‌ ഈ ധർമസ​ങ്കടം? ആയോ​ധ​നകല അഭ്യസനം അവരുടെ സ്‌കൂ​ളി​ലെ കായി​ക​വി​ദ്യാ​ഭ്യാ​സ പരിപാ​ടി​യു​ടെ ഭാഗമാണ്‌. അത്തരം അഭ്യസനം യെശയ്യാ​വു 2-ാം അധ്യായം 4-ാം വാക്യ​ത്തി​ലേ​തു​പോ​ലുള്ള ബൈബിൾ തത്ത്വങ്ങ​ളു​മാ​യി യോജി​ക്കു​ന്നി​ല്ലെന്ന്‌ ഈ യുവസാ​ക്ഷി​കൾക്കു തോന്നി. അതിങ്ങനെ വായി​ക്കു​ന്നു: “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.”

മറ്റൊരു വ്യക്തിയെ ദ്രോ​ഹി​ക്കു​ന്നത്‌ ഉൾപ്പെ​ടുന്ന യുദ്ധാ​ഭ്യാ​സം​പോ​ലുള്ള വൈദ​ഗ്‌ധ്യ​ങ്ങൾ പഠിക്കാൻ ആഗ്രഹ​മി​ല്ലാത്ത ഈ യുവ ക്രിസ്‌തീയ സാക്ഷികൾ തങ്ങൾക്ക്‌ ആയോ​ധ​ന​ക​ല​യിൽ മനഃസാ​ക്ഷി​പൂർവം പങ്കെടു​ക്കാ​നാ​വി​ല്ലെന്ന്‌ അധ്യാ​പ​ക​രോ​ടു വിശദീ​ക​രി​ച്ചു. സ്‌കൂൾ അധ്യയ​ന​ക്രമം സ്വീക​രി​ക്കു​ന്ന​തിന്‌ ഈ വിദ്യാർഥി​കളെ പ്രേരി​പ്പി​ക്കാൻ ശ്രമി​ച്ച​തി​നു​ശേഷം, പരിഗ​ണ​ന​സ്വ​ഭാ​വ​മുള്ള അനേകം അധ്യാ​പ​ക​രും അവസാനം വിദ്യാർഥി​ക​ളു​ടെ മനസ്സാ​ക്ഷി​യോട്‌ ആദരവു കാട്ടാ​നും പകരോ​പാ​ധി​കൾ പ്രദാനം ചെയ്യാ​നും സമ്മതി​ക്കു​ക​യു​ണ്ടാ​യി.

എന്നിരു​ന്നാ​ലും, ചില അധ്യാ​പകർ വികാ​രാ​ധീ​ന​രാ​യി. ചില സ്‌കൂ​ളു​കൾ ഈ യുവസാ​ക്ഷി​കൾക്ക്‌ കായി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​നുള്ള അംഗീ​കാ​രം നിഷേ​ധി​ച്ചു. ആയോ​ധ​ന​ക​ല​യിൽ പങ്കെടു​ക്കാ​ഞ്ഞ​തിന്‌ 1993-ൽ ഒമ്പതു സാക്ഷി​ക​ളെ​ങ്കി​ലും അടുത്ത ഗ്രേഡി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തിന്‌ അയോ​ഗ്യ​രാ​ക്ക​പ്പെട്ട്‌ സ്‌കൂൾ വിട്ടു​പോ​കാൻ നിർബ​ന്ധി​ത​രാ​കു​ക​യോ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെ​ടു​ക​യോ ചെയ്‌തു.

വ്യക്തമാ​യും, തങ്ങളുടെ മനസ്സാക്ഷി അനുസ​രിച്ച്‌, വിട്ടു​വീഴ്‌ച ചെയ്യേ​ണ്ട​തി​ല്ലാ​തെ വിദ്യാ​ഭ്യാ​സം സ്വീക​രി​ക്കാ​നുള്ള യുവ ക്രിസ്‌ത്യാ​നി​ക​ളു​ടെ അവകാശം സംരക്ഷി​ക്കേണ്ട സമയമാ​യി​രു​ന്നു അത്‌. കോബെ മുനി​സി​പ്പൽ ഇൻഡസ്‌ട്രി​യൽ കോ​ളെ​ജിൽ (കോബെ ടെക്‌ എന്ന ചുരു​ക്ക​പ്പേ​രിൽ അറിയ​പ്പെ​ടു​ന്നു) രണ്ടാം ഗ്രേഡി​ലേക്കു കയറ്റം നിഷേ​ധി​ക്ക​പ്പെട്ട അഞ്ചു വിദ്യാർഥി​കൾ നിയമ​ന​ട​പടി കൈ​ക്കൊ​ള്ളാൻതന്നെ തീരു​മാ​നി​ച്ചു.

വിവാദം എന്തായി​രു​ന്നു?

1990-ലെ വസന്തകാ​ലത്ത്‌ അഞ്ചു വിദ്യാർഥി​കൾ കോബെ ടെക്കിൽ ചേർന്ന​പ്പോൾ, തങ്ങളുടെ ബൈബി​ള​ധി​ഷ്‌ഠിത വീക്ഷണ​ങ്ങൾനി​മി​ത്തം തങ്ങൾക്കു കെന്റൊ അഭ്യാ​സ​ത്തിൽ (ജപ്പാൻകാ​രു​ടെ വാളഭ്യാ​സം) പങ്കെടു​ക്കാ​നാ​വി​ല്ലെന്ന്‌ അവർ അധ്യാ​പ​ക​രോ​ടു വിശദീ​ക​രി​ച്ചി​രു​ന്നു. കായി​ക​വി​ദ്യാ​ഭ്യാ​സ വിഭാഗം അതിനെ ശക്തമായി എതിർക്കു​ക​യും കായി​ക​വി​ദ്യാ​ഭ്യാ​സ​ത്തിന്‌ അംഗീ​കാ​രം നേടു​ന്ന​തി​നുള്ള ഏതെങ്കി​ലും പകരോ​പാ​ധി നിഷേ​ധി​ക്കു​ക​യും ചെയ്‌തു. അവസാനം, കായി​ക​വി​ദ്യാ​ഭ്യാ​സ ക്ലാസ്സിൽ ഈ വിദ്യാർഥി​കൾ തോറ്റു, തത്‌ഫ​ല​മാ​യി ഒന്നാം ഗ്രേഡിൽത്തന്നെ (കോ​ളെ​ജി​ലെ ഒന്നാം വർഷ കോഴ്‌സ്‌) പിന്നെ​യും ഇരി​ക്കേ​ണ്ടി​വന്നു. മതസ്വാ​ത​ന്ത്ര്യം സംബന്ധി​ച്ചുള്ള ഭരണഘ​ട​നാ​പ​ര​മായ ഉറപ്പിന്‌ എതിരാണ്‌ സ്‌കൂ​ളി​ന്റെ നടപടി എന്ന്‌ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ 1991 ഏപ്രി​ലിൽ കോബെ ഡിസ്‌ട്രി​ക്‌റ്റ്‌ കോട​തി​യിൽ അവർ കേസ്‌ കൊടു​ത്തു. a

പകരോ​പാ​ധി​കൾ പ്രദാനം ചെയ്യു​ന്നത്‌ ഒരു പ്രത്യേക മതത്തോട്‌ ഔദാ​ര്യം പ്രകട​മാ​ക്കു​ന്ന​തി​നു തുല്യ​മാ​കു​മെ​ന്നും പൊതു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ നിഷ്‌പ​ക്ഷ​തയെ അതു ഹനിക്കു​മെ​ന്നും സ്‌കൂൾ അവകാ​ശ​പ്പെട്ടു. മാത്ര​വു​മല്ല, ഒരു പകര കായി​ക​വി​ദ്യാ​ഭ്യാ​സ പരിപാ​ടി പ്രദാ​നം​ചെ​യ്യാ​നുള്ള സൗകര്യ​മോ ജോലി​ക്കാ​രോ ഇല്ലെന്നും അവർ അവകാ​ശ​പ്പെട്ടു.

ഡിസ്‌ട്രി​ക്‌റ്റ്‌ കോട​തി​വി​ധി അഭിജ്ഞരെ ഇളക്കുന്നു

കേസിന്റെ വിചാരണ നടന്നു​കൊ​ണ്ടി​രി​ക്കെ, കായി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​നുള്ള ഗ്രേഡ്‌ കടക്കു​ന്ന​തിൽ അഞ്ചു വിദ്യാർഥി​ക​ളിൽ രണ്ടുപേർ വീണ്ടും തോറ്റു. മറ്റു മൂന്നു​പേർ കഷ്ടിച്ചു കടന്നു​വെന്നു മാത്രം. കാര്യ​മായ വിദ്യാ​ഭ്യാ​സ പുരോ​ഗതി കൈവ​രി​ക്കാ​ത്ത​വ​രും രണ്ടു വർഷം തുടർച്ച​യാ​യി ഒരേ ഗ്രേഡ്‌ ആവർത്തി​ക്കു​ന്ന​വ​രു​മായ വിദ്യാർഥി​കളെ പുറത്താ​ക്ക​ണ​മെ​ന്നാ​ണു സ്‌കൂൾ നിയമം അനുശാ​സി​ക്കു​ന്നത്‌. ഇതിന്റെ വീക്ഷണ​ത്തിൽ, രണ്ടു വിദ്യാർഥി​ക​ളിൽ ഒരാൾ പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ സ്‌കൂൾ വിട്ടു​പോ​കാൻ തീരു​മാ​നി​ച്ചു. എന്നാൽ മറ്റേ വിദ്യാർഥി, കുനി​ഹി​തോ കോബാ​യാ​ഷി, വിട്ടു​പോ​കാൻ വിസമ്മ​തി​ച്ച​തി​നാൽ പുറത്താ​ക്ക​പ്പെട്ടു. രസകര​മെന്നു പറയട്ടെ, 48 പോയ​ന്റു​മാ​യി തോറ്റ കായി​ക​വി​ദ്യാ​ഭ്യാ​സം ഉൾപ്പെടെ എല്ലാ വിഷയ​ത്തി​നു​മുള്ള കുനി​ഹി​തോ​യു​ടെ ശരാശരി 100-ൽ 90.2 ആയിരു​ന്നു. 42 വിദ്യാർഥി​ക​ളുള്ള ക്ലാസ്സിൽ അവനാ​യി​രു​ന്നു ഒന്നാം സ്ഥാനം.

1993 ഫെബ്രു​വരി 22-ന്‌, കോബെ ഡിസ്‌ട്രി​ക്‌റ്റ്‌ കോടതി കോബെ ടെക്കിന്‌ അനുകൂ​ല​മാ​യി വിധി​ച്ചു​കൊ​ണ്ടു പറഞ്ഞു: “സ്‌കൂൾ കൈ​ക്കൊണ്ട നടപടി​ക​ളിൽ ഭരണഘ​ടനാ ലംഘന​മില്ല.” എങ്കിലും “കെന്റൊ അഭ്യാ​സ​ത്തിൽ പങ്കെടു​ക്ക​ണ​മെന്ന സ്‌കൂ​ളി​ന്റെ നിബന്ധ​ന​യാൽ ഹർജി​ക്കാ​രു​ടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യം ഏതാണ്ട്‌ ഭഞ്‌ജി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നത്‌ നിഷേ​ധി​ക്കാ​നാ​വി​ല്ലെ”ന്നുതന്നെ അത്‌ അംഗീ​ക​രി​ച്ചു.

ഒന്നാം നൂറ്റാ​ണ്ടി​ലെ പൗലോസ്‌ അപ്പോ​സ്‌ത​ല​നെ​പ്പോ​ലെ, ഹർജി​ക്കാർ മേൽക്കോ​ട​തി​യിൽ അപ്പീൽ ബോധി​പ്പി​ക്കാൻ തീരു​മാ​നി​ച്ചു. (പ്രവൃ​ത്തി​കൾ 25:11, 12) അങ്ങനെ ഒസാക ഹൈ​ക്കോ​ട​തി​യി​ലേക്കു കേസ്‌ മാറ്റി.

ഹർജി​ക്കാ​രു​ടെ നിസ്വാർഥ മനോ​ഭാ​വം

ട്‌സൂ​കൂ​ബാ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ അറിയ​പ്പെ​ടുന്ന ഒരു പണ്ഡിത​നായ പ്രൊ​ഫസർ റ്റെറ്റ്‌സു​വോ ഷീമോ​മു​റാ, ഒസാക ഹൈ​ക്കോ​ട​തി​യിൽ ഒരു വിദഗ്‌ധ സാക്ഷി​യാ​യി മൊഴി​കൊ​ടു​ക്കാ​മെന്നു സമ്മതിച്ചു. വിദ്യാർഥി​ക​ളു​മാ​യുള്ള ഇടപെ​ട​ലിൽ സ്‌കൂ​ളി​ന്റെ നടപടി എത്രകണ്ട്‌ വിവേ​ക​ശൂ​ന്യ​മാ​യി​രു​ന്നു​വെന്നു വിദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും നിയമ​ത്തി​ന്റെ​യും ഒരു വിദഗ്‌ധൻ എന്നനി​ല​യിൽ അദ്ദേഹം ഊന്നി​പ്പ​റഞ്ഞു. കുനി​ഹി​തോ കോബാ​യാ​ഷി കോട​തി​യിൽ തന്റെ വികാ​രങ്ങൾ പ്രകടി​പ്പി​ച്ചു. അവന്റെ ആത്മാർഥ മനോ​ഭാ​വം കോട​തി​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഹൃദയ​ങ്ങളെ സ്‌പർശി​ച്ചു. കൂടാതെ, 1994 ഫെബ്രു​വരി 22-ന്‌, കോബെ ബാർ അസോ​സി​യേഷൻ, കുനി​ഹി​തോ​യു​ടെ ആരാധനാ സ്വാത​ന്ത്ര്യ​ത്തെ​യും വിദ്യാ​ഭ്യാ​സം സ്വീക​രി​ക്കാ​നുള്ള അവകാ​ശ​ത്തെ​യും സ്‌കൂൾന​ട​പ​ടി​കൾ അതിലം​ഘി​ച്ചു​വെന്നു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌, സ്‌കൂൾ അവനെ തിരി​ച്ചെ​ടു​ക്ക​ണ​മെന്നു ശുപാർശ ചെയ്‌തു.

ഒസാക ഹൈ​ക്കോ​ടതി തീർപ്പു കൽപ്പി​ക്കേണ്ട സമയം സമീപി​ച്ച​പ്പോൾ, ഉൾപ്പെ​ട്ടി​രുന്ന എല്ലാ യുവ​ക്രി​സ്‌ത്യാ​നി​ക​ളും പോരാ​ട്ട​ത്തി​ന്റെ അന്ത്യം​വരെ അതിൽ ഭാഗഭാ​ക്കാ​കാൻ ആകാം​ക്ഷാ​ഭ​രി​ത​രാ​യി​രു​ന്നു. ജപ്പാനി​ലു​ട​നീ​ളം സ്‌കൂ​ളു​ക​ളിൽ ഇതേ പ്രശ്‌നം അഭിമു​ഖീ​ക​രി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു യുവസാ​ക്ഷി​കൾക്കു​വേ​ണ്ടി​യാണ്‌ തങ്ങൾ ഈ നിയമ​യു​ദ്ധം നടത്തു​ന്നത്‌ എന്ന തോന്ന​ലാ​യി​രു​ന്നു അവർക്ക്‌. എന്നാൽ അവരെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാൽ, കോടതി അവരുടെ കേസ്‌ തള്ളിക്ക​ള​യാ​നാ​യി​രു​ന്നു ഏറെ സാധ്യത. മാത്ര​വു​മല്ല, അവർ പരാതി​യിൽനി​ന്നു മാറി​നിൽക്കു​ന്ന​പക്ഷം, കുനി​ഹി​തോ​യെ പുറത്താ​ക്കി​യ​തി​ലെ സ്‌കൂ​ളി​ന്റെ ന്യായ​ക്കേട്‌ തെളി​ഞ്ഞു​നിൽക്കു​മെന്ന്‌ അവർക്കു മനസ്സി​ലാ​യി. അങ്ങനെ, കുനി​ഹി​തോ ഒഴികെ എല്ലാ വിദ്യാർഥി​ക​ളും കേസിൽനി​ന്നൊ​ഴി​വാ​കാൻ തീരു​മാ​നി​ച്ചു.

1994 ഡിസംബർ 22-ന്‌, ഒസാക ഹൈ​ക്കോ​ട​തി​യി​ലെ പ്രധാന ന്യായാ​ധി​പ​നായ റേസുകീ ഷീമാദാ, കോബെ ഡിസ്‌ട്രി​ക്‌റ്റ്‌ കോടതി വിധി​യു​ടെ തീർപ്പി​നെ മറിച്ചു​വി​ധി​ച്ചു​കൊ​ണ്ടുള്ള തീരു​മാ​നം പുറ​പ്പെ​ടു​വി​ച്ചു. കെന്റൊ അഭ്യാ​സ​ത്തിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ക്കു​ന്ന​തി​നുള്ള കുനി​ഹി​തോ​യു​ടെ കാരണം ആത്മാർഥ​ത​യു​ള്ള​താ​ണെ​ന്നും മതവി​ശ്വാ​സ​ത്തി​ന്മേൽ അധിഷ്‌ഠി​ത​മായ അവന്റെ നടപടി​മൂ​ലം അവനു​ണ്ടായ നഷ്ടം അങ്ങേയറ്റം മഹനീ​യ​മാ​ണെ​ന്നും കോടതി കണ്ടെത്തി. സ്‌കൂൾ പകരോ​പാ​ധി​കൾ കണ്ടെ​ത്തേ​ണ്ട​താ​യി​രു​ന്നു​വെന്നു മുഖ്യ​ന്യാ​യാ​ധി​പ​നായ ഷീമാദാ പറഞ്ഞു. ഈ ഉത്തമ തീർപ്പ്‌ മനുഷ്യാ​വ​കാ​ശ​ങ്ങ​ളിൽ താത്‌പ​ര്യം കാണി​ച്ചി​രു​ന്ന​വ​രിൽനിന്ന്‌ അനുകൂല പ്രതി​ക​രണം ഉളവാക്കി. എന്നിരു​ന്നാ​ലും, ജപ്പാനി​ലെ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ ബോധി​പ്പി​ക്കു​ക​യാ​ണു സ്‌കൂൾ ചെയ്‌തത്‌. ഇതാകട്ടെ, ഒരു വർഷം​കൂ​ടി കുനി​ഹി​തോ​യ്‌ക്കു വിദ്യാ​ഭ്യാ​സം നഷ്ടമാ​കു​ന്ന​തിൽ കലാശി​ച്ചു.

സുപ്രീം​കോ​ട​തി​യി​ലേക്ക്‌

കോബെ ഷീംബൂൻ വാർത്താ​പ​ത്ര​ത്തി​ലെ ഒരു മുഖ​പ്ര​സം​ഗം പിന്നീടു പ്രസ്‌താ​വി​ച്ചു: “പ്രസ്‌തുത ഘട്ടത്തിൽ [ഒസാക ഹൈ​ക്കോ​ട​തി​യു​ടെ തീർപ്പി​നു​ശേഷം] കോബെ സിറ്റി സ്‌കൂൾ ബോർഡി​നും സ്‌കൂ​ളി​നും ശ്രീ. കോബാ​യാ​ഷി​യെ സ്‌കൂ​ളിൽ തിരി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു. . . . അനാവ​ശ്യ​മായ അവരുടെ ഏറ്റുമു​ട്ടൽ മനോ​ഭാ​വം ഹേതു​വാ​യി ഒരാൾക്കു തന്റെ യുവത്വ​ത്തി​ലെ ഒരു പ്രധാ​ന​പ്പെട്ട കാലഘ​ട്ട​മാ​ണു നഷ്ടമാ​യി​രി​ക്കു​ന്നത്‌.” എന്നിട്ടും കോബെ ടെക്‌ ഈ കേസിൽ അചഞ്ചല​മാ​യി​ത്തന്നെ നില​കൊ​ണ്ടു. തത്‌ഫ​ല​മാ​യി, അതു ദേശവ്യാ​പ​ക​മാ​യി വാർത്ത​ക​ളിൽ സ്ഥാനം​പി​ടി​ച്ചു. ഇതി​ലേക്കു രാജ്യ​ത്തു​ട​നീ​ള​മുള്ള അധ്യാ​പ​ക​രു​ടെ​യും സ്‌കൂൾ അധികൃ​ത​രു​ടെ​യും ശ്രദ്ധതി​രി​ഞ്ഞു. ഭാവി​യിൽ സമാന​മായ കേസു​കൾക്ക്‌ ഏറെ ശക്തമായ ഒരു കീഴ്‌വ​ഴക്കം വെക്കു​ന്ന​താ​വും രാജ്യത്തെ അത്യുന്നത കോട​തി​യു​ടെ വിധി.

സുപ്രീം​കോ​ട​തി​യിൽ സ്‌കൂൾ അപ്പീൽ ബോധി​പ്പിച്ച്‌ ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞ​പ്പോൾ, 1995 ജനുവരി 17-നു കോബെ ഭൂകമ്പം കുനി​ഹി​തോ​യും കുടും​ബ​വും പാർത്തി​രുന്ന ആഷിയ നഗരത്തിൽ ആഞ്ഞടിച്ചു. ആ മേഖല​യിൽ ഭൂമി​കു​ലു​ക്കം ഉണ്ടായ​തിന്‌ ഏതാനും മിനി​റ്റു​കൾക്കു മുമ്പ്‌, അതായത്‌ അന്നു രാവിലെ അഞ്ചരയാ​യ​പ്പോ​ഴേ​ക്കും കുനി​ഹി​തോ തന്റെ അംശകാല ജോലി​ക്കാ​യി വീടു​വി​ട്ടി​റങ്ങി. അവൻ ഹാൻഷീൻ എക്‌സ്‌പ്ര​സ്‌വേ​യു​ടെ കീഴി​ലുള്ള റോഡി​ലൂ​ടെ സൈക്കി​ളിൽ പോകു​ക​യാ​യി​രു​ന്നു. ഭൂകമ്പം ആഞ്ഞടി​ച്ച​പ്പോൾ തകർന്നു​നി​ലം​പ​തിച്ച ഭാഗത്തി​ന​ടു​ത്തേക്കു സമീപി​ക്കു​ക​യാ​യി​രു​ന്നു അവൻ. ഉടൻതന്നെ അവൻ വീട്ടി​ലേക്കു തിരിച്ചു. വീടിന്റെ ഒന്നാം നില പൂർണ​മാ​യും തകർന്നു​കി​ട​ക്കുന്ന കാഴ്‌ച​യാണ്‌ അവൻ അവിടെ കണ്ടത്‌. ഭൂകമ്പ​ത്തിൽ താൻ എളുപ്പം കൊല്ല​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു എന്നു മനസ്സി​ലാ​ക്കിയ കുനി​ഹി​തോ, തന്നെ രക്ഷപ്പെ​ടാൻ അനുവ​ദി​ച്ച​തി​നു യഹോ​വ​യ്‌ക്കു നന്ദിപ​റഞ്ഞു. അവൻ മരിച്ചി​രു​ന്നെ​ങ്കിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌, സുപ്രീം​കോ​ട​തി​യു​ടെ തീർപ്പു​കൂ​ടാ​തെ​തന്നെ കെന്റൊ കേസ്‌ അവസാ​നി​ക്കു​മാ​യി​രു​ന്നു.

സാധാ​ര​ണ​മാ​യി, ജപ്പാനിൽ സുപ്രീം​കോ​ടതി ലിഖിത പരാതി​കൾമാ​ത്രം പരി​ശോ​ധി​ച്ചാണ്‌ കീഴ്‌ക്കോ​ടതി വിധി ശരിയാ​യി​രു​ന്നോ അല്ലയോ എന്നു വിധി​ക്കാറ്‌. കീഴ്‌ക്കോ​ടതി വിധി റദ്ദാക്കാൻ ഗുരു​ത​ര​മായ കാരണ​മി​ല്ലെ​ങ്കിൽ വാദം കേൾക്കാ​റില്ല. തീർപ്പു​കൽപ്പി​ക്കുന്ന സമയം കോടതി കക്ഷികളെ അറിയി​ക്കാ​റു​മില്ല. അതു​കൊണ്ട്‌, 1996 മാർച്ച്‌ 8-നു തീരു​മാ​നം അറിയി​ക്കു​മെന്ന്‌ അന്നു രാവിലെ കുനി​ഹി​തോ​യ്‌ക്ക്‌ അറിയി​പ്പു ലഭിച്ച​പ്പോൾ അവൻ അതിശ​യി​ച്ചു​പോ​യി. ഒസാക ഹൈ​ക്കോ​ട​തി​വി​ധി​യെ സുപ്രീം​കോ​ടതി സാധൂ​ക​രി​ച്ചു​വെന്നു കേട്ട​പ്പോൾ അവൻ സന്തോ​ഷി​ക്കു​ക​യും ആഹ്ലാദി​ക്കു​ക​യും ചെയ്‌തു.

“സാമൂ​ഹിക അംഗീ​കാ​ര​മുള്ള ചട്ടങ്ങളു​ടെ കാഴ്‌ച​പ്പാ​ടിൽ പ്രസ്‌തുത നടപടി അങ്ങേയറ്റം അനുചി​ത​മാ​യി വീക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അതു വിവേ​ച​നാ​പ​ര​മായ അവകാ​ശ​ങ്ങ​ളു​ടെ മേഖല​യിൽനി​ന്നുള്ള വ്യതി​ച​ല​ന​മാ​ണെ​ന്നും, അതു​കൊ​ണ്ടു​തന്നെ നിയമ​വി​രു​ദ്ധ​മാ​ണെ​ന്നും” ന്യായാ​ധി​പ​നായ ഷീനീച്ചീ കാവി​യു​ടെ അധ്യക്ഷ​ത​യി​ലുള്ള നാലു ന്യായാ​ധി​പ​ന്മാർ ഐകക​ണ്‌ഠ്യേന വിധിച്ചു. കെന്റൊ അഭ്യാ​സ​ത്തിൽ പങ്കെടു​ക്കാ​നുള്ള കുനി​ഹി​തോ​യു​ടെ വിസമ്മ​ത​ത്തി​ന്റെ ആത്മാർഥത അംഗീ​ക​രി​ച്ചു കോടതി പറഞ്ഞു: “കെന്റൊ അഭ്യാ​സ​ത്തിൽ പങ്കെടു​ക്കാൻ അപ്പീൽപ്രതി വിസമ്മ​തി​ക്കു​ന്ന​തി​നുള്ള കാരണം ആത്മാർഥ​ത​യു​ള്ള​തും അയാളു​ടെ വിശ്വാ​സ​ത്തി​ന്റെ അകക്കാ​മ്പു​മാ​യി​ത്തന്നെ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തും ആണ്‌.” അപ്പീൽപ്ര​തി​യു​ടെ മതവി​ശ്വാ​സ​ങ്ങളെ ആദരി​ക്കു​ന്ന​തി​നു​വേണ്ടി സ്‌കൂ​ളി​നു പകരോ​പാ​ധി​കൾ കൈ​ക്കൊ​ള്ളാ​മാ​യി​രു​ന്നു, കൈ​ക്കൊ​ള്ളേ​ണ്ട​തു​മാ​യി​രു​ന്നു എന്നു സുപ്രീം​കോ​ടതി വിധിച്ചു.

ദൂരവ്യാ​പക ഫലം

നിശ്ചയ​മാ​യും ഈ തീർപ്പു സ്‌കൂ​ളിൽ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തിന്‌ അനുകൂ​ല​മായ നല്ലൊരു കീഴ്‌വ​ഴക്കം വെക്കും. ദ ജപ്പാൻ ടൈംസ്‌ പറഞ്ഞു: “വിദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ആരാധനാ സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും പ്രശ്‌ന​ത്തിൽ സുപ്രീം​കോ​ടതി തീർപ്പു​കൽപ്പി​ക്കു​ന്നത്‌ ഇത്‌ ആദ്യമാ​യാണ്‌.” എന്നിരു​ന്നാ​ലും, പ്രസ്‌തുത തീർപ്പ്‌ ഓരോ യുവവി​ദ്യാർഥി​യെ​യും വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ മനസ്സാ​ക്ഷി​പൂർവ​ക​മായ സ്വന്തനി​ല​പാട്‌ എടുക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വ​ത്തിൽനി​ന്നു വിടു​വി​ക്കു​ന്നില്ല.

കുനി​ഹി​തോ​യ്‌ക്കു വിജയം നൽകാൻ ന്യായാ​ധി​പനെ പ്രേരി​പ്പിച്ച ഒരു ഘടകം അവൻ “മികച്ച കലാലയ നേട്ടമു​ണ്ടാ​യി​രുന്ന ആത്മാർഥ​ത​യുള്ള ഒരു വിദ്യാർഥി”യായി​രു​ന്നു എന്നതാ​ണെന്നു ട്‌സൂ​കൂ​ബാ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫസർ മാസാ​യു​കീ ഉചിനോ അഭി​പ്രാ​യ​പ്പെട്ടു. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ നേരി​ടുന്ന ക്രിസ്‌ത്യാ​നി​കൾക്കു ബൈബിൾ ഈ ബുദ്ധ്യു​പ​ദേശം നൽകുന്നു: “നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കളെ കണ്ടറി​ഞ്ഞി​ട്ടു സന്ദർശ​ന​ദി​വ​സ​ത്തിൽ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തേ​ണ്ട​തി​ന്നു അവരുടെ ഇടയിൽ നിങ്ങളു​ടെ നടപ്പു നന്നായി​രി​ക്കേണം.” (1 പത്രൊസ്‌ 2:12) മുഴു ജീവി​ത​വും ബൈബിൾ പ്രമാ​ണ​ങ്ങൾക്ക​നു​സ​രണം നയിക്കു​ക​വഴി ആളുക​ളു​ടെ ആദരവ്‌ അർഹി​ക്കു​ന്ന​താ​ണു തങ്ങളുടെ ബൈബി​ള​ധി​ഷ്‌ഠിത നിലപാട്‌ എന്നു വിശ്വ​സ്‌ത​രായ യുവ ക്രിസ്‌ത്യാ​നി​കൾക്കു പ്രകട​മാ​ക്കാ​നാ​വും.

സുപ്രീം​കോ​ടതി തീർപ്പി​നു​ശേഷം കുനി​ഹി​തോ കോബാ​യാ​ഷി​യെ കോബെ ടെക്കിൽ തിരി​ച്ചെ​ടു​ത്തു. കുനി​ഹി​തോ​യോ​ടൊ​പ്പം സ്‌കൂ​ളിൽ പ്രവേ​ശി​ച്ച​വ​രിൽ മിക്കവ​രും ഇതി​നോ​ട​കം​തന്നെ ബിരു​ദം​നേടി. തന്നെക്കാൾ അഞ്ചു വയസ്സിന്‌ ഇളപ്പമുള്ള വിദ്യാർഥി​ക​ളോ​ടൊ​പ്പ​മാ​ണു കുനി​ഹി​തോ ഇപ്പോൾ പഠിക്കു​ന്നത്‌. ലോക​ത്തി​ലെ അനേകം ആളുക​ളു​ടെ​യും ദൃഷ്ടി​യിൽ, യുവത്വ​ത്തി​ലെ വില​യേ​റിയ അഞ്ചു വർഷങ്ങൾ പാഴാ​യി​പ്പോ​യ​താ​യി തോന്നും. എന്നിരു​ന്നാ​ലും, യഹോ​വ​യാം ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ കുനി​ഹി​തോ​യു​ടെ നിർമലത അമൂല്യം​തന്നെ. അവന്റെ ത്യാഗം തീർച്ച​യാ​യും വൃഥാ​വി​ലല്ല.

[അടിക്കു​റിപ്പ്‌]

a വിശദാംശങ്ങൾക്ക്‌, ദയവായി വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച 1995 ഒക്‌ടോ​ബർ 8 ഉണരുക! ലക്കത്തിന്റെ 10 മുതൽ 14 വരെയുള്ള പേജുകൾ കാണുക.

[20-ാം പേജിലെ ചിത്രങ്ങൾ]

ഇടത്ത്‌: ഭൂകമ്പ​ത്തി​നു​ശേഷം കുനി​ഹി​തോ​യു​ടെ ഭവനം

താഴെ: കുനി​ഹി​തോ ഇന്ന്‌