ഈ അതുല്യ അവസരം തക്കത്തിൽ വിനിയോഗിക്കുക!
ഈ അതുല്യ അവസരം തക്കത്തിൽ വിനിയോഗിക്കുക!
രക്ഷയെക്കുറിച്ചുള്ള ബൈബിൾ സന്ദേശം പീറ്ററിന്റെ താത്പര്യം പിടിച്ചുപറ്റിയപ്പോൾ അവൻ വൈദ്യശാസ്ത്ര പഠനത്തിൽ ബഹുദൂരം മുന്നോട്ടു പോയിരുന്നു. ബിരുദമെടുത്ത് ഒരാശുപത്രിയിൽ ഡോക്ടറായി പരിശീലനമാരംഭിച്ചപ്പോൾ ഒരു നാഡീശസ്ത്രക്രിയാവിദഗ്ധനാകാൻ മേലുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പല പുതിയ ഡോക്ടർമാരും അമാന്തിക്കാതെ തക്കത്തിൽ വിനിയോഗിക്കുമായിരുന്ന ഒരവസരമിതാ മുമ്പിൽ.
എങ്കിലും ഈ അവസരം പരിത്യജിക്കാൻതന്നെ പീറ്റർ a തീരുമാനിച്ചു. കാരണം? ആവശ്യമായ വിജയാഭിലാഷത്തിന്റെയും പ്രചോദനത്തിന്റെയും അഭാവമായിരുന്നോ? അല്ലായിരുന്നു. കാരണം, പ്രസ്തുത വാഗ്ദാനം അദ്ദേഹം ശ്രദ്ധാപൂർവം വിചിന്തനം നടത്തുകതന്നെ ചെയ്തു. യഹോവയുടെ ഒരു സമർപ്പിത, സ്നാപനമേറ്റ സാക്ഷിയായിത്തീർന്നശേഷം, ക്രിസ്തീയ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ സാധ്യമാകുന്നത്രയും സമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരിക്കൽ താൻ നാഡീശസ്ത്രക്രിയാവിദഗ്ധനായാൽ, തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും തൊഴിലിനായി വേണ്ടിവരുമെന്ന് അദ്ദേഹം ന്യായവാദം ചെയ്തു. അദ്ദേഹം, സവിശേഷമായ ഈ പ്രത്യാശ കൈവിട്ടുകളയാൻമാത്രം വിഢ്ഡിയായിരുന്നോ അതോ ബുദ്ധിമാനായിരുന്നോ?
പീറ്ററിന്റെ ഈ തീരുമാനം ബുദ്ധിമോശമായിപ്പോയി എന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ, അദ്ദേഹം എഫെസ്യർ 5:15, 16 പോലുള്ള ബൈബിൾ വാക്യങ്ങൾ കണക്കിലെടുത്തു. അവിടെ, അപ്പോസ്തലനായ പൗലൊസ് സഹക്രിസ്ത്യാനികളെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “സൂക്ഷ്മത്തോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.”
“സമയം തക്കത്തിൽ” എന്ന പദപ്രയോഗം ദയവായി ശ്രദ്ധിക്കുക. ചില സവിശേഷതകളെ കുറിക്കുന്ന അല്ലെങ്കിൽ ഒരു നിർദിഷ്ട പ്രവർത്തനത്തിന് അനുയോജ്യമായ സമയത്തെയോ കാലത്തെയോ പരാമർശിക്കാൻ ബൈബിളിൽ സാധാരണമായി ഉപയോഗിക്കുന്ന ഒരു ഗ്രീക്കു പദത്തിൽ നിന്നു വിവർത്തനം ചെയ്തതാണ് അത്. പ്രാധാന്യമേറിയ കാര്യങ്ങൾക്കായി ക്രിസ്ത്യാനികൾ സമയം കണ്ടെത്തണമെന്ന് ഇവിടെ പൗലൊസ് ഊന്നിപ്പറഞ്ഞു. തീർച്ചയായും, അവർ “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടു”ത്തേണ്ട ആവശ്യമുണ്ട്. (ഫിലിപ്പിയർ 1:10, NW) മുൻഗണനകൾ വെക്കുന്നതു സംബന്ധിച്ചാണത്.
അപ്പോൾപിന്നെ നമ്മുടെ കാലം സംബന്ധിച്ച ദൈവിക ഉദ്ദേശ്യം എന്താണ്? തന്നെ സ്നേഹിക്കുന്നവരെ സംബന്ധിച്ച ദൈവത്തിന്റെ അഭീഷ്ടം എന്താണ്? ബൈബിൾ പ്രവചനങ്ങൾ വ്യക്തമായി നമ്മുടെ നാളുകളെ “അന്ത്യകാലം” അല്ലെങ്കിൽ “അന്ത്യനാളുകൾ” ആയി തിരിച്ചറിയിക്കുന്നു. (ദാനീയേൽ 12:4; 2 തിമൊഥെയൊസ് 3:1, NW) നമ്മുടെ നാളിൽ സുപ്രധാനമായ സംഗതി എന്തായിരിക്കുമെന്നു യേശുക്രിസ്തു വ്യക്തമാക്കി. ഈ ദുഷ്ടവ്യവസ്ഥിതിയുടെ സമാപനത്തിനുമുമ്പ്, ‘രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും’ എന്ന് അവൻ പ്രത്യേകം പറഞ്ഞു. അപ്പോൾ മാത്രമേ അവസാനം വരുകയുള്ളൂ.—മത്തായി 24:3, 14.
മത്തായി 28:19, 20) ഈ പ്രവർത്തനങ്ങൾ വീണ്ടുമൊരിക്കൽ ആവർത്തിക്കപ്പെടുകയില്ലാത്തതുകൊണ്ട് ജീവരക്ഷാകരമായ ഈ വേലയ്ക്കായി നമുക്കുള്ളതെല്ലാം നൽകാനുള്ള അവസാനത്തെ അവസരമാണിത്. “ഇപ്പോഴാണ് വിശേഷിച്ചും സ്വീകാര്യമായ കാലം.” തീർച്ചയായും, “ഇപ്പോൾ ആകുന്നു രക്ഷാദിവസം.”—2 കൊരിന്ത്യർ 6:2, NW.
അതുകൊണ്ട്, രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള അവസരങ്ങളെല്ലാം നാം തക്കത്തിൽ വിനിയോഗിക്കണം. (ബുദ്ധിപൂർവമായ തീരുമാനമെടുക്കൽ
തുടക്കത്തിൽ പ്രതിപാദിച്ച പീറ്റർ എന്ന ചെറുപ്പക്കാരൻ തന്റെ തീരുമാനത്തെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുകയും തന്റെ താത്പര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ഒരു നാഡീശസ്ത്രക്രിയാവിദഗ്ധനാവുക എന്ന ലക്ഷ്യത്തോടെ പഠിക്കുന്നതു തെറ്റായിരിക്കുകയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് എന്താണ്? ഈ പ്രവർത്തനത്തിന്റെ അടിയന്തിരത കണക്കിലെടുക്കുമ്പോൾ അത് അദ്ദേഹത്തിന്റെ ക്രിസ്തീയ ശുശ്രൂഷയാണ്. അതേസമയം അദ്ദേഹത്തിനു നിറവേറ്റേണ്ട കടപ്പാടുകളുമുണ്ടായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നു. മുഴുസമയ പ്രസംഗവേലയിൽ പങ്കെടുക്കുന്ന തന്റെ ഭാര്യയെ അദ്ദേഹത്തിനു പിന്തുണയ്ക്കേണ്ടതുണ്ടായിരുന്നു. (1 തിമൊഥെയൊസ് 5:8) കൂടാതെ, അദ്ദേഹത്തിനു തന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കടങ്ങൾ അടച്ചുതീർക്കേണ്ടതും ഉണ്ടായിരുന്നു. അപ്പോൾ, അദ്ദേഹം ചെയ്യാൻ തീരുമാനിച്ചത് എന്തായിരുന്നു?
റേഡിയോളജിയിൽ വൈദഗ്ധ്യം നേടാനും അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാനും പീറ്റർ തീരുമാനിച്ചു. ഒരു സാധാരണ പ്രവൃത്തിദിവസം മാത്രമേ ഈ തൊഴിലിനു വേണ്ടിവരുകയുള്ളൂ. സാധാരണ ജോലിസമയങ്ങളിൽ അദ്ദേഹത്തിനു പരിശീലനം ലഭിക്കുകയുമാകാം. അതേ, ഇത് ഒരു കുറഞ്ഞ പദവിയായി ചിലർ വീക്ഷിച്ചേക്കാം. എന്നാൽ, ആത്മീയ അനുധാവനങ്ങൾക്കായി കൂടുതൽ സമയം അർപ്പിക്കാൻ ഇത് അദ്ദേഹത്തെ അനുവദിക്കും.
മറ്റൊരു സംഗതിയും പീറ്ററിന്റെ തീരുമാനത്തിനു പ്രചോദകമായി. വ്യത്യസ്ത തീരുമാനമെടുത്തേക്കാവുന്ന മറ്റുള്ളവരെ വിധിക്കാത്തപ്പോൾത്തന്നെ, ലൗകിക കാര്യങ്ങളിൽ കൂടുതൽ വ്യാപൃതനാകുന്നത് ഒരു ക്രിസ്ത്യാനിക്ക് തീർച്ചയായും അപകടം വരുത്തിവെക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആത്മീയ ഉത്തരവാദിത്വങ്ങളെ അവഗണിക്കാൻ തക്കവണ്ണം അത് ഇടയാക്കിയേക്കാം. തൊഴിലിനെ കേന്ദ്രീകരിച്ചുള്ള മറ്റൊരു ഉദാഹരണത്താൽ ഇതു ദൃഷ്ടാന്തീകരിക്കാവുന്നതാണ്.
ഒരു മുഴുസമയ രാജ്യപ്രഘോഷകൻ, പരിശീലനം ലഭിച്ച കലാകാരനായിരുന്നു. താൻ വരച്ച ചിത്രങ്ങൾ വിറ്റഴിക്കുകവഴി അദ്ദേഹത്തിന് തന്റെ ചെലവുകൾ വഹിക്കാൻ കഴിഞ്ഞിരുന്നു. സമയത്തിന്റെ ഏറിയപങ്കും പരമപ്രധാനമായ ക്രിസ്തീയ ശുശ്രൂഷയ്ക്കായി നീക്കിവെക്കുമ്പോൾതന്നെ അദ്ദേഹത്തിനു മതിയായ വിധത്തിൽ തന്റെ ചെലവുകൾ വഹിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ കലാപരമായ തൊഴിൽ അഭിവൃദ്ധിപ്പെടുത്താനുള്ള ഒരാഗ്രഹം വളർന്നുവരാൻ തുടങ്ങി. അദ്ദേഹം ചിത്രരചനയിലും കലാലോകത്തും കൂടുതൽ വ്യാപൃതനായി, മുഴുസമയ ശുശ്രൂഷ ഉപേക്ഷിച്ചു, ഒടുവിൽ രാജ്യപ്രസംഗവേലയിൽ തീർത്തും നിഷ്ക്രിയനായിത്തീരുകയും ചെയ്തു. കാലക്രമേണ, തിരുവെഴുത്തുവിരുദ്ധമായ പ്രവൃത്തികളിലേർപ്പെട്ടതിന്റെ ഫലമായി അദ്ദേഹം മേലാൽ ക്രിസ്തീയ സഭയുടെ ഭാഗമല്ലാതായിത്തീർന്നു.—1 കൊരിന്ത്യർ 5:11-13.
നാം ജീവിക്കുന്ന സമയം അനന്യസാധാരണമാണ്
ഇപ്പോൾ യഹോവയെ സേവിക്കുന്നവരെന്ന നിലയ്ക്കു തീർച്ചയായും അവനോടു വിശ്വസ്തരായി നിലകൊള്ളാൻ നാം ആഗ്രഹിക്കുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും അസാധാരണമായ കാലത്താണു നാം ജീവിക്കുന്നതെന്ന് നമുക്കറിയാം. ദൈവത്തെ സേവിക്കുന്നതിൽ തുടരാനും ഇന്നത്തെ സാഹചര്യങ്ങളെ ഫലപ്രദമായി തരണം ചെയ്യാനും വിവിധ തരത്തിലുള്ള ക്രമീകരണങ്ങൾ നാം നടത്തേണ്ടതുണ്ടായിരിക്കാം. ഒരു കർഷകനു കൊയ്ത്തുകാലം എങ്ങനെയിരിക്കുമെന്നതിനോടു നമുക്കിതു താരതമ്യം ചെയ്യാവുന്നതാണ്. കർഷകർ സാധാരണയിൽ കൂടുതൽ പ്രയത്നിക്കാനും കൂടുതൽ ദിവസം ജോലി ചെയ്യാനും പ്രതീക്ഷിക്കപ്പെടുന്ന, പ്രത്യേക പ്രവർത്തനത്തിനുള്ള കാലമാണത്. കാരണം? ഒരു നിശ്ചിത കാലയളവിനുള്ളിൽ വിളവു ശേഖരിക്കേണ്ടതാണ്.
ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിക്കു വളരെ പരിമിതമായ സമയമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോൾ, എന്നത്തേക്കാളുമുപരിയായി ഒരു യഥാർഥ ക്രിസ്ത്യാനി യേശുവിന്റെ മാതൃക പിന്തുടരാനും അവന്റെ കാലടികളിൽ ചരിക്കാനും കഠിനമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യമുണ്ട്. തനിക്ക് ഏറ്റവും പ്രാധാന്യമുള്ള സംഗതിയേതെന്ന് ഭൂമിയിലെ അവന്റെ ജീവിതരീതി വ്യക്തമായും പ്രകടമാക്കി. അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു.” (യോഹന്നാൻ 9:4) രാത്രി വരുന്നു എന്നു പറയുകവഴി, തന്റെ ഭൗമികശുശ്രൂഷ അവസാനിക്കുകയും അങ്ങനെ തന്റെ സ്വർഗീയ പിതാവിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കാതെ വരുകയും ചെയ്യുന്ന, തന്റെ പീഡാനുഭവത്തിന്റെയും സ്തംഭത്തിലേറ്റലിന്റെയും മരണത്തിന്റെയും സമയത്തെക്കുറിച്ചു പ്രതിപാദിക്കുകയായിരുന്നു.
മൂന്നര വർഷത്തെ തന്റെ ശുശ്രൂഷയുടെ സമയത്ത്, അത്ഭുതങ്ങൾ പ്രവർത്തിക്കാനും രോഗികളെ സൗഖ്യമാക്കാനും യേശു തന്റെ സമയത്തിൽ കുറച്ചു ഭാഗം ചെലവഴിച്ചു എന്നതു ശരിതന്നെ. എന്നാൽ, തന്റെ സമയത്തിന്റെ ഏറിയ പങ്കും, രാജ്യസന്ദേശം പ്രഖ്യാപിക്കാനും വ്യാജമതത്തിന്റെ ‘ബദ്ധന്മാർക്കു വിടുതൽ’ നൽകുവാനും അവൻ ഉപയോഗിച്ചു. (ലൂക്കൊസ് 4:18; മത്തായി 4:17) ശുശ്രൂഷയിൽ യേശു കാര്യമായ ശ്രമം ചെയ്തു. കൂടാതെ, താൻ ഇട്ട അടിസ്ഥാനത്തിന്മേൽ കെട്ടിപ്പടുക്കാനും പ്രസംഗവേല ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയേണ്ടതിന് അവരെ പരിശീലിപ്പിക്കാൻ അവൻ സമയമെടുക്കുകയും ചെയ്തു. രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ എല്ലാ അവസരവും അവൻ തക്കത്തിൽ വിനിയോഗിച്ചു. തന്റെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു.—മത്തായി 5:14-16; യോഹന്നാൻ 8:12.
യേശുവിനെപ്പോലെ, അവന്റെ ആധുനികകാല അനുഗാമികളായ നാം മനുഷ്യവർഗത്തിന്റെ സാഹചര്യത്തെ യഹോവയാം ദൈവം കാണുന്ന വിധത്തിൽ കാണേണ്ടതാണ്. ഈ വ്യവസ്ഥിതിക്കുള്ള സമയം അവസാനിക്കാറായിരിക്കുന്നു. രക്ഷ പ്രാപിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കാൻ ദൈവം കരുണാപൂർവം ആഗ്രഹിക്കുന്നു. (2 പത്രൊസ് 3:9) അതുകൊണ്ട്, മറ്റെല്ലാ അനുധാവനങ്ങൾക്കും യഹോവയുടെ ഇഷ്ടം ചെയ്യുന്നതു കഴിഞ്ഞുള്ള സ്ഥാനം നൽകുന്നതായിരിക്കുകയില്ലേ ബുദ്ധി? (മത്തായി 6:25-33) വിശിഷ്യ ഇതുപോലുള്ള ഒരു പ്രത്യേക സമയത്ത്, പ്രാധാന്യമേറിയതെന്നു സാധാരണ കരുതപ്പെടുന്നത്, ക്രിസ്ത്യാനികളെന്ന നിലയിലുള്ള നമ്മുടെ ജീവിതത്തിൽ പ്രാധാന്യം കുറഞ്ഞതാകാനുള്ള നല്ല സാധ്യതയുണ്ട്.
ജീവിതത്തിൽ ദൈവേഷ്ടം ഒന്നാമതു വെക്കുന്നതുകൊണ്ടു നമ്മിലാർക്കെങ്കിലും എപ്പോഴെങ്കിലും ഖേദിക്കേണ്ടിവരുമോ? തീർച്ചയായുമില്ല. കാരണം, ആത്മത്യാഗത്തിന്റേതായ ക്രിസ്തീയ ഗതി അത്ഭുതകരമായ വിധത്തിൽ പ്രതിഫലദായകമാണ്. ഉദാഹരണത്തിന്, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മർക്കൊസ് 10:29, 30.
യഹോവയെ സ്തുതിക്കാനും രാജ്യസന്ദേശം പ്രഖ്യാപിക്കാനും തങ്ങളുടെ സമയം ഉപയോഗിക്കുന്നവർ ആസ്വദിക്കുന്ന പ്രതിഫലങ്ങൾക്കു പണപരമായ മൂല്യം കൽപ്പിക്കാൻ ആർക്കും സാധ്യമല്ല. അവർ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു! യഥാർഥ സ്നേഹിതന്മാർ, ദൈവേഷ്ടം ചെയ്യുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി, ദൈവാംഗീകാരത്തിന്റേതായ പുഞ്ചിരി, നിത്യജീവന്റെ പ്രത്യാശ എന്നിവ ഇതിൽ ഉൾപ്പെടുന്നു. (വെളിപ്പാടു 21:3, 4) ആളുകളെ ആത്മീയമായി സഹായിക്കുന്നതും യഹോവയുടെ സാക്ഷികളെന്നനിലയിൽ അവന്റെ വിശുദ്ധ നാമത്തിനു ബഹുമതി കരേറ്റുന്നതും എന്തൊരനുഗ്രഹമാണ്! “സമയം തക്കത്തിൽ ഉപയോഗി”ക്കുന്നത് ശരിക്കും ബുദ്ധിപൂർവവും പ്രതിഫലദായകവുമായ ഒരു ഗതിയാണെന്നതിൽ തർക്കമില്ല. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രഖ്യാപിക്കുന്നതിൽ പൂർവാധികം പങ്കുപറ്റാനുള്ള സമയം ഇപ്പോഴാണ്. അസാധാരണമായ ഈ അവസരത്തെ നിങ്ങൾ തക്കത്തിൽ വിനിയോഗിക്കുകയും അതു മുറുകെപ്പിടിക്കുകയും ചെയ്യുമോ?
[അടിക്കുറിപ്പ്]
a പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.