ഉപവാസം കാലഹരണപ്പെട്ടതോ?
ഉപവാസം കാലഹരണപ്പെട്ടതോ?
“കൗമാരപ്രായംമുതൽ എല്ലാ തിങ്കളാഴ്ചയും ഞാൻ ഉപവസിക്കാറുണ്ട്,” 78 വയസ്സുള്ള സമ്പന്നയായ മ്രൂദൂലബെൻ എന്ന ഇന്ത്യക്കാരി പറയുന്നു. ഇത് അവരുടെ ആരാധനയുടെ ഒരു ഭാഗമായിരിക്കുന്നു. നല്ല ഒരു വിവാഹബന്ധത്തെയും ആരോഗ്യമുള്ള കുട്ടികളെയും അതുപോലെതന്നെ തന്റെ ഭർത്താവിന്റെ സുരക്ഷിതത്വത്തെയും ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗം. ഇപ്പോൾ ഒരു വിധവയായ അവർ, മക്കളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനുമായി തിങ്കളാഴ്ചകളിൽ ഉപവസിച്ചുപോരുന്നു. ഇവരെപ്പോലെ, ഭൂരിഭാഗം ഹിന്ദു സ്ത്രീകളും ക്രമമായ ഉപവാസം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.
വർഷംതോറും ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചയും താൻ ഉപവസിക്കാറുണ്ടെന്ന് ഇന്ത്യയിലെ മുംബൈയിൽ (ബോംബെ) ഒരു പ്രാന്തപ്രദേശത്തു താമസിക്കുന്ന മധ്യവയസ്കനായ പ്രകാശ് എന്ന ബിസിനസുകാരൻ പറയുന്നു. ഹിന്ദു കലണ്ടറിൽ മതപരമായ പ്രാമുഖ്യതയുള്ള ഒരു മാസമാണിത്. പ്രകാശ് വിവരിക്കുന്നു: “മതപരമായ കാരണങ്ങൾക്കായിട്ടാണു ഞാൻ ഉപവാസം ആരംഭിച്ചത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾക്കായി അതു തുടരാനുള്ള വർധിച്ച പ്രേരണ ഇപ്പോൾ ലഭിച്ചിരിക്കുന്നു. ശ്രാവണം വരുന്നതു വർഷകാലത്തിന്റെ അവസാനത്തിലായതുകൊണ്ട്, മഴക്കാലത്തിന്റെ പ്രത്യേകതകളായ രോഗങ്ങളിൽനിന്നു ശരീരത്തെ വിമുക്തമാക്കാനുള്ള അവസരം അതു പ്രദാനം ചെയ്യുന്നു.”
ഉപവാസം ഒരു വ്യക്തിയെ ശാരീരികവും മാനസികവും ആത്മീയവുമായി സഹായിക്കുന്നുവെന്നു ചിലർ കരുതുന്നു. ഉദാഹരണത്തിന്, ഗ്രോലിയാ ഇൻറർനാഷണൽ എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഉപവാസം ആരോഗ്യദായകമായേക്കാമെന്നും ശ്രദ്ധാപൂർവം അനുഷ്ഠിക്കുന്നപക്ഷം, അത് ഉൾബോധവും ഗ്രഹണശക്തിയും വർധിപ്പിച്ചേക്കാമെന്നും സമീപകാല ശാസ്ത്രീയ ഗവേഷണം സൂചിപ്പിക്കുന്നു.” ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ പത്തോ അതിൽകൂടുതലോ ദിവസം ഉപവസിച്ചിരുന്നതായും ഗണിതശാസ്ത്രജ്ഞനായ പൈതഗോറസ് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനുമുമ്പ് അവർ ഉപവസിക്കണമെന്നു നിഷ്കർഷിച്ചിരുന്നതായും പറയപ്പെടുന്നു.
ചിലരെ സംബന്ധിച്ചിടത്തോളം ഉപവാസം എന്നത് ഒരു നിശ്ചിത സമയത്തേക്കു ഭക്ഷണപാനീയങ്ങൾ പൂർണമായും വർജിക്കലാണ്. മറ്റു ചിലർ ഉപവസിക്കുമ്പോൾ പാനീയങ്ങൾ കുടിക്കാറുണ്ട്. ചില നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേകതരം ഭക്ഷണം വർജിക്കുന്നത്, ഉപവാസമായി പലരും കരുതുന്നു. എന്നാൽ, ദീർഘനാളത്തെ ശ്രദ്ധാപൂർവമല്ലാത്ത ഉപവാസം അപകടകരമായേക്കാം. ശരീരം അതിന്റെ കാർബോഹൈഡ്രേറ്റ് ശേഖരം വലിച്ചെടുത്തു കഴിഞ്ഞാൽ അടുത്തതായി അതു പേശികളിലെ മാംസ്യത്തെ ഗ്ലൂക്കോസ് ആക്കി മാറ്റുമെന്നും, പിന്നീട് കൊഴുപ്പു വലിച്ചെടുക്കുമെന്നും പത്രപ്രവർത്തകനായ പാറൂൽ ഷെത്ത് പറയുന്നു. കൊഴുപ്പിനെ ഗ്ലൂക്കോസാക്കി മാറ്റുമ്പോൾ കീറ്റോൺ വസ്തുക്കൾ എന്നു വിളിക്കപ്പെടുന്ന വിഷപ്രഭാവമുള്ള വസ്തുക്കൾ ഉത്സർജിക്കപ്പെടുന്നു. ഇവ അടിഞ്ഞുകൂടുമ്പോൾ മസ്തിഷ്കത്തിലേക്കു നീങ്ങി കേന്ദ്രനാഡീവ്യൂഹത്തിനു കേടുവരുത്തുന്നു. “ഉപവാസം അപകടകരമായേക്കാവുന്നത് ഇപ്പോഴാണ്,” ഷെത്ത് പറയുന്നു. “കുഴങ്ങിയ അവസ്ഥയിലായി ദിശാബോധം നഷ്ടമാകുകയും നില വഷളാകുകയും ചെയ്തേക്കാം. . . . ബോധക്ഷയവും ഒടുവിൽ മരണവും [അതു വരുത്തിത്തീർത്തേക്കാം].”
ഒരു ഉപാധി, ഒരു ആചാരം
രാഷ്ട്രീയമോ സാമൂഹികമോ ആയ കാര്യസാധ്യത്തിനുള്ള ശക്തമായ ഒരു ഉപാധിയായി ഉപവാസത്തെ ഉപയോഗിച്ചിട്ടുണ്ട്. ഈ ആയുധത്തിന്റെ ഒരു പ്രമുഖ പ്രയോക്താവായിരുന്നു ഇന്ത്യയിലെ മോഹൻദാസ് കെ. ഗാന്ധി. കോടിക്കണക്കിനാളുകൾ ആദരിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഹിന്ദു ജനസമൂഹങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതിന് ഉപവാസത്തെ
ഉപയോഗിച്ചിരുന്നു. മില്ലുതൊഴിലാളികളും മില്ലുടമകളും തമ്മിലുള്ള ഒരു വ്യാവസായിക തർക്കം ഒത്തുതീർപ്പാക്കുന്നതിനുവേണ്ടി അനുഷ്ഠിച്ച തന്റെ ഉപവാസത്തിന്റെ പരിണതഫലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അതിന്റെ ഫലമായി ചുറ്റും ഒരു സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. മില്ലുടമകളുടെ ഹൃദയത്തെ അതു സ്പർശിച്ചു . . . വെറും മൂന്നു ദിവസത്തെ എന്റെ ഉപവാസത്തിനുശേഷം സമരം പിൻവലിക്കപ്പെട്ടു.” രാഷ്ട്രീയ തടവുകാരനായി ചെലവിട്ട വർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറായ നെൽസൺ മണ്ടേല അഞ്ചു ദിവസത്തെ ഒരു നിരാഹാരസമരത്തിൽ പങ്കെടുക്കുകയുണ്ടായി.എങ്കിലും, ഉപവസിക്കുന്ന സമ്പ്രദായമുള്ള ഭൂരിഭാഗം പേരും മതപരമായ കാരണങ്ങൾക്കായാണ് അത് അനുഷ്ഠിച്ചിട്ടുള്ളത്. ഉപവാസം ഹിന്ദുമതത്തിലെ പ്രമുഖമായ ഒരു ആചാരമാണ്. ചില ദിവസങ്ങളിൽ, “ജലപാനം പോലുമില്ലാതെ . . . പൂർണമായ ഉപവാസം അനുഷ്ഠിക്കപ്പെടുന്നു. സ്ത്രീപുരുഷന്മാർ കഠിനമായ ഉപവാസം അനുഷ്ഠിക്കുന്നു . . . സന്തുഷ്ടിയും ഐശ്വര്യവും തെറ്റുകുറ്റങ്ങൾക്കുള്ള ക്ഷമയും ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്” എന്ന് ഇന്ത്യയിലെ ഉപവാസവും ഉത്സവങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ഉപവാസം ജൈനമതത്തിൽ വ്യാപകമായി അനുഷ്ഠിക്കപ്പെടുന്നു. ദ സൺഡേ ടൈംസ് ഓഫ് ഇന്ത്യ റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു: “[മുംബൈയിലുള്ള] ഒരു ജൈന മുനി [സന്ന്യാസി]—201 ദിവസത്തേക്ക്—ദിവസവും ഈരണ്ടു ഗ്ലാസ് തിളപ്പിച്ച വെള്ളം മാത്രമാണു കുടിച്ചത്. അദ്ദേഹത്തിന് 33 കിലോഗ്രാം തൂക്കം നഷ്ടപ്പെട്ടു.” രക്ഷ കൈവരുത്തുമെന്ന ബോധ്യത്തോടെ ചിലർ മരിക്കുന്ന ഘട്ടത്തോളംപോലും ഉപവസിക്കുന്നു.
റംസാൻ മാസത്തിൽ ഉപവസിക്കുക എന്നത്, പൊതുവേ പറഞ്ഞാൽ ഇസ്ലാം മതം ആചരിക്കുന്ന മുതിർന്ന പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു കടമയാണ്. മാസം മുഴുവൻ, സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ, ഭക്ഷണം കഴിക്കാതിരിക്കുകയോ വെള്ളം കുടിക്കാതിരിക്കുകയോ ചെയ്തേക്കാം. ഈ കാലത്ത് അസുഖമുള്ളവരോ യാത്രയിലായിരിക്കുന്നവരോ മറ്റേതെങ്കിലും ദിവസങ്ങളിൽ ഉപവസിക്കേണ്ടതാണ്. ഈസ്റ്ററിനുമുമ്പുള്ള 40 ദിവസത്തെ നൊയമ്പ് ക്രൈസ്തവലോകത്തിലെ ചിലരെ സംബന്ധിച്ചിടത്തോളം ഉപവസിക്കേണ്ട കാലമാണ്. കൂടാതെ, പല മതവിഭാഗങ്ങളും മറ്റു നിർദിഷ്ട ദിവസങ്ങളിൽ ഉപവസിക്കുന്നു.
ഉപവാസം തീർച്ചയായും നിലച്ചുപോയിട്ടില്ല. അതു പല മതങ്ങളുടെയും ഭാഗമായിരിക്കുന്നതുകൊണ്ട് നാം ചോദിച്ചേക്കാം, ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ? ക്രിസ്ത്യാനികൾ ഉപവസിക്കാൻ തീരുമാനിച്ചേക്കാവുന്ന സന്ദർഭങ്ങളുണ്ടോ? ഇതു പ്രയോജനപ്രദമാണോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യും.
[3-ാം പേജിലെ ചിത്രം]
ജൈനമതം ഉപവാസത്തെ ദേഹിയുടെ രക്ഷാമാർഗമായി വീക്ഷിക്കുന്നു
[4-ാം പേജിലെ ചിത്രം]
രാഷ്ട്രീയമോ സാമൂഹികമോ ആയ കാര്യസാധ്യത്തിനുള്ള ശക്തമായ ഒരു ഉപാധിയായി മോഹൻദാസ് കെ. ഗാന്ധി ഉപവാസത്തെ ഉപയോഗിച്ചു
[4-ാം പേജിലെ ചിത്രം]
ഇസ്ലാം മതത്തിൽ റംസാൻ മാസം ഉപവസിക്കുക എന്നത് ഒരു കടമയാണ്
[കടപ്പാട്]
Garo Nalbandian