വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ?

ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ?

ദൈവം ഉപവാസം ആവശ്യ​പ്പെ​ടു​ന്നു​വോ?

മോശ​യി​ലൂ​ടെ നൽകപ്പെട്ട ദൈവ​നി​യമം, ഒരിക്കൽ മാത്രം ഉപവസി​ക്കാ​നേ ആവശ്യ​പ്പെ​ട്ടു​ള്ളൂ—വാർഷിക പാപപ​രി​ഹാര ദിവസ​ത്തിൽ. ആ ദിവസ​ത്തിൽ ഇസ്രാ​യേൽ ‘ആത്മതപനം’ ചെയ്യേ​ണ്ട​താ​ണെന്നു ന്യായ​പ്ര​മാ​ണം കൽപ്പി​ച്ചി​രു​ന്നു. ഇതിൽനി​ന്നും, അവർ ഉപവസി​ച്ചി​രു​ന്നു​വെന്നു മനസ്സി​ലാ​കു​ന്നു. (ലേവ്യ​പു​സ്‌തകം 16:29-31; 23:27; സങ്കീർത്തനം 35:13) എന്നാൽ ഈ ഉപവാസം വെറും ബാഹ്യ​പ്ര​ക​ട​ന​മാ​യി​രു​ന്നില്ല. പാപപ​രി​ഹാര ദിവസ​ത്തി​ന്റെ ആചരണം, തങ്ങളുടെ പാപാ​വ​സ്ഥ​യെ​ക്കു​റി​ച്ചും വീണ്ടെ​ടു​പ്പി​ന്റെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​ലെ ജനങ്ങളെ കൂടുതൽ ബോധ​വാ​ന്മാ​രാ​ക്കി. ദൈവ​മു​മ്പാ​കെ തങ്ങളുടെ പാപങ്ങൾക്കാ​യി ദുഃഖ​വും അനുതാ​പ​വും പ്രകടി​പ്പി​ക്കാ​നും അവർ ആ ദിവസം ഉപവസി​ച്ചി​രു​ന്നു.

മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ അനുഷ്‌ഠി​ക്കാൻ കടപ്പെ​ട്ടി​രു​ന്ന​തായ ഉപവാസം ഇതുമാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ലും ഇസ്രാ​യേ​ല്യർ മറ്റു സന്ദർഭ​ങ്ങ​ളി​ലും ഉപവസി​ച്ചി​രു​ന്നു. (പുറപ്പാ​ടു 34:28; 1 ശമൂവേൽ 7:6; 2 ദിനവൃ​ത്താ​ന്തം 20:3; എസ്രാ 8:21; എസ്ഥേർ 4:3, 16) അനുതാ​പം പ്രകടി​പ്പി​ക്കാ​നുള്ള മാർഗ​മായ സ്വമേ​ധയാ ഉപവാ​സ​ങ്ങ​ളും ഇവയിൽ ഉൾപ്പെ​ട്ടി​രു​ന്നു. യഹൂദ​യി​ലെ പാപം ചെയ്‌തി​രുന്ന ജനങ്ങളെ യഹോവ ഇപ്രകാ​രം പ്രോ​ത്സാ​ഹി​പ്പി​ച്ചു: ‘നിങ്ങൾ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും ഉപവാ​സ​ത്തോ​ടും കരച്ചി​ലോ​ടും വിലാ​പ​ത്തോ​ടും​കൂ​ടെ എങ്കലേക്കു തിരി​വിൻ.’ ഇത്‌ ഒരു ബാഹ്യ​പ്ര​ക​ട​ന​മാ​യി​രി​ക്ക​രു​താ​യി​രു​ന്നു. കാരണം, ദൈവം തുടർന്ന്‌ ഇങ്ങനെ പറയുന്നു: ‘വസ്‌ത്ര​ങ്ങ​ളെയല്ല, ഹൃദയ​ങ്ങളെ തന്നേ കീറു​വിൻ.’—യോവേൽ 2:12-15.

കാല​ക്ര​മേണ, പലരും ഒരു ബാഹ്യ​പ്ര​ക​ട​ന​മെന്ന നിലയിൽ ഉപവസി​ച്ചു. ആത്മാർഥ​മ​ല്ലാത്ത അത്തരം ഉപവാ​സങ്ങൾ യഹോ​വ​യ്‌ക്ക്‌ അറപ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ കപടഭ​ക്ത​രായ ഇസ്രാ​യേ​ല്യ​രോട്‌ അവൻ ഇങ്ങനെ ചോദി​ച്ചു: “എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസ​വും ഇങ്ങനെ​യു​ള്ള​തോ? തലയെ വേഴ​ത്തെ​പ്പോ​ലെ കുനി​യി​ക്കുക, രട്ടും വെണ്ണീ​രും വിരിച്ചു കിടക്കുക, ഇതാകു​ന്നു​വോ ഉപവാസം? ഇതിന്നോ നീ നോ​മ്പെ​ന്നും യഹോ​വെക്കു പ്രസാ​ദ​മുള്ള ദിവസ​മെ​ന്നും പേർ പറയു​ന്നതു?” (യെശയ്യാ​വു 58:5) ഉപവാ​സ​ത്തി​ന്റേ​തായ പ്രകട​ന​പ​ര​ത​കൾക്കു​പ​കരം അനുതാ​പ​ത്തിന്‌ അനു​യോ​ജ്യ​മായ ഫലങ്ങൾ ഉത്‌പാ​ദി​പ്പി​ക്കാൻ വഴിപി​ഴച്ച ഈ ജനങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു.

യഹൂദ​ന്മാർ സ്ഥാപിച്ച ചില ഉപവാ​സ​ങ്ങൾക്കു തുടക്കം മുതലേ ദൈവ​ത്തി​ന്റെ അപ്രീതി നേരി​ടേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു മുമ്പ്‌) ഏഴാം നൂറ്റാ​ണ്ടി​ലെ യെരു​ശ​ലേ​മി​ന്റെ ഉപരോ​ധ​ത്തോ​ടും ശൂന്യ​മാ​ക്ക​ലി​നോ​ടും ബന്ധപ്പെട്ട വിനാശക സംഭവ​വി​കാ​സങ്ങൾ അനുസ്‌മ​രി​ക്കാൻ ഒരു കാലത്ത്‌ യഹൂദ​യി​ലെ ജനങ്ങൾക്ക്‌ നാല്‌ വാർഷിക ഉപവാ​സങ്ങൾ ഉണ്ടായി​രു​ന്നു. (2 രാജാ​ക്ക​ന്മാർ 25:1-4, 8, 9, 22-26; സെഖര്യാ​വു 8:19) യഹൂദർ ബാബി​ലോ​ന്യ അടിമ​ത്ത​ത്തിൽനി​ന്നു വിമു​ക്ത​രാ​ക്ക​പ്പെ​ട്ട​ശേഷം പ്രവാ​ച​ക​നായ സെഖര്യാ​വി​ലൂ​ടെ യഹോവ പറഞ്ഞു: “നിങ്ങൾ ഈ എഴുപതു സംവത്സ​ര​മാ​യി . . . ഉപവസി​ച്ചു വിലപി​ക്ക​യിൽ നിങ്ങൾ എനിക്കു​വേണ്ടി തന്നേയോ ഉപവസി​ച്ചതു?” ദൈവം ഈ ഉപവാ​സങ്ങൾ അംഗീ​ക​രി​ച്ചില്ല. കാരണം, യഹോ​വ​യി​ങ്കൽനി​ന്നു​തന്നെ വന്ന ന്യായ​വി​ധി​ക​ളെ​ച്ചൊ​ല്ലി​യാണ്‌ യഹൂദർ ഉപവസി​ക്കു​ക​യും വിലപി​ക്കു​ക​യും ചെയ്‌തത്‌. തങ്ങൾക്കു നേരിട്ട വിപത്തു​ക​ളെ​പ്ര​തി​യാ​യി​രു​ന്നു അവർ ഉപവസി​ച്ചി​രു​ന്നത്‌, അല്ലാതെ അതിനി​ട​യാ​ക്കിയ തങ്ങളുടെ ദുഷ്‌പ്ര​വൃ​ത്തി​ക​ളെ​പ്ര​തി​യാ​യി​രു​ന്നില്ല. സ്വരാ​ജ്യ​ത്തേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​ശേഷം, തങ്ങളുടെ ഗതകാ​ല​ത്തെ​ക്കു​റി​ച്ചു വിലപി​ക്കു​ന്ന​തി​നു​പ​കരം അവർക്കത്‌ ആനന്ദി​ക്കാ​നുള്ള സമയമാ​യി​രു​ന്നു.—സെഖര്യാ​വു 7:5.

ഉപവാസം ക്രിസ്‌ത്യാ​നി​കൾക്കു​ള്ള​തോ?

യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഉപവസി​ക്കാ​നുള്ള കൽപ്പന ഒരിക്ക​ലും നൽകി​യി​രു​ന്നി​ല്ലെ​ങ്കി​ലും അവനും ശിഷ്യ​ന്മാ​രും പാപപ​രി​ഹാര ദിവസ​ത്തിൽ ഉപവസി​ച്ചി​രു​ന്നു. കാരണം, അവർ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലാ​യി​രു​ന്നു. മാത്ര​വു​മല്ല, ഈ അനുഷ്‌ഠാ​നം തീർത്തും ഒഴിവാ​ക്കാൻ യേശു ആവശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ അവന്റെ ചില ശിഷ്യ​ന്മാർ മറ്റു സന്ദർഭ​ങ്ങ​ളിൽ സ്വമേ​ധയാ ഉപവസി​ച്ചി​രു​ന്നു. (പ്രവൃ​ത്തി​കൾ 13:2, 3; 14:23) എങ്കിലും, അവർ ഒരിക്ക​ലും ‘മനുഷ്യർക്കു വിള​ങ്ങേ​ണ്ട​തി​ന്നു വാടിയ മുഖം’ കാണി​ക്ക​രു​താ​യി​രു​ന്നു. (മത്തായി 6:16) ദൈവ​ഭ​ക്തി​യു​ടെ അത്തരത്തി​ലുള്ള നാട്യങ്ങൾ മറ്റു മനുഷ്യ​രിൽനിന്ന്‌ അംഗീ​കാ​ര​ത്തി​ന്റേ​തായ പ്രകട​നങ്ങൾ ലഭിക്കാ​നി​ട​യാ​ക്കി​യേ​ക്കാം. എങ്കിലും അത്തരം നാട്യ​ങ്ങ​ളിൽ ദൈവം സംപ്രീ​ത​നാ​കു​ന്നില്ല.—മത്തായി 6:17, 18.

തന്റെ മരണസ​മ​യത്തെ ശിഷ്യ​ന്മാ​രു​ടെ ഉപവാ​സ​ത്തെ​ക്കു​റി​ച്ചും യേശു പറഞ്ഞു. അതുവഴി അവൻ ആചാര​പ​ര​മായ ഉപവാസം ഏർപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നില്ല. മറിച്ച്‌, അവർ അനുഭ​വി​ക്കാൻ പോകുന്ന ആഴമായ ദുഃഖ​ത്തി​ന്റെ പ്രതി​ക​ര​ണത്തെ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒരിക്കൽ അവൻ പുനരു​ത്ഥാ​നം ചെയ്യ​പ്പെട്ടു കഴിഞ്ഞാൽ അവൻ വീണ്ടും അവരോ​ടൊ​പ്പം ഉണ്ടാകും. ഉപവസി​ക്കാ​നുള്ള അത്തരം കാരണം അവർക്കു വീണ്ടു​മൊ​രി​ക്കൽ ഉണ്ടായി​രി​ക്കു​ക​യില്ല.—ലൂക്കൊസ്‌ 5:34, 35.

‘ക്രിസ്‌തു അനേക​രു​ടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്ക’പ്പെട്ട​പ്പോൾ മോ​ശൈക ന്യായ​പ്ര​മാ​ണം അവസാ​നി​ച്ചു. (എബ്രായർ 9:24-28) ന്യായ​പ്ര​മാ​ണം അവസാ​നി​ച്ച​തോ​ടെ പാപപ​രി​ഹാര ദിവസ​ത്തിൽ ഉപവസി​ക്കാ​നുള്ള കൽപ്പന​യും അവസാ​നി​ച്ചു. അനുഷ്‌ഠി​ക്കാൻ കടപ്പെ​ട്ട​താ​യി ബൈബി​ളിൽ പ്രതി​പാ​ദി​ക്ക​പ്പെട്ട ഏക ഉപവാസം അങ്ങനെ നീക്കം ചെയ്യ​പ്പെട്ടു.

നാൽപ്പ​തു​നൊ​യ​മ്പി​ന്റെ കാര്യ​മോ?

എങ്കിൽപ്പി​ന്നെ, നാൽപ്പ​തു​നൊ​യ​മ്പു​കാ​ലത്ത്‌ ഉപവസി​ക്കുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആചാര​ത്തി​നുള്ള അടിസ്ഥാ​ന​മെ​ന്താണ്‌? നാൽപ്പ​തു​നൊ​യമ്പ്‌ ആചരി​ക്കുന്ന രീതി സഭകൾതോ​റും വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും കത്തോ​ലി​ക്കാ​സ​ഭ​യും പ്രൊ​ട്ട​സ്റ്റൻറ്‌സ​ഭ​യും അത്‌ അംഗീ​ക​രി​ക്കു​ന്നു. ഈസ്റ്ററി​നു മുമ്പു വരുന്ന 40 ദിവസ​ക്കാ​ലം മുഴുവൻ ചിലർ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കു​ന്നു. മറ്റുള്ളവർ കരിക്കു​റി പെരു​ന്നാൾ ദിനത്തി​ലും ദുഃഖ​വെ​ള്ളി​യാ​ഴ്‌ച​യും പൂർണ​മാ​യി ഉപവസി​ക്കു​ന്നു. ചിലർക്കു നാൽപ്പ​തു​നൊ​യ​മ്പു​കാ​ലം എന്നു പറയു​ന്നതു മത്സ്യമാം​സാ​ദി​കൾ, മുട്ട, ക്ഷീരോ​ത്‌പ​ന്നങ്ങൾ എന്നിവ വർജി​ക്ക​ലാണ്‌.

സ്‌നാ​പ​ന​ത്തി​നു​ശേ​ഷ​മുള്ള യേശു​വി​ന്റെ 40 ദിവസത്തെ ഉപവാ​സത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താണ്‌ നാൽപ്പ​തു​നൊ​യ​മ്പു​കാ​ലം എന്നു പറയ​പ്പെ​ടു​ന്നു. വർഷം​തോ​റു​മു​ണ്ടാ​യി​രി​ക്കേണ്ട ഒരു ആചരണം അവൻ അപ്പോൾ സ്ഥാപി​ക്കു​ക​യാ​യി​രു​ന്നോ? തീർച്ച​യാ​യും അല്ല. ആദിമ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ അത്തരം ആചാരം ഉണ്ടായി​രു​ന്ന​താ​യി ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നില്ല എന്ന വസ്‌തു​ത​യിൽനിന്ന്‌ ഇതു സ്‌പഷ്ട​മാണ്‌. ക്രിസ്‌തു​വി​നു​ശേഷം നാലാം നൂറ്റാ​ണ്ടി​ലാണ്‌ നാൽപ്പ​തു​നൊ​യമ്പ്‌ ആദ്യമാ​യി ആചരി​ക്ക​പ്പെ​ടു​ന്നത്‌. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മറ്റനേകം പഠിപ്പി​ക്ക​ലു​കൾപോ​ലെ​തന്നെ അതു വിജാ​തീയ ഉറവി​ട​ങ്ങ​ളിൽനി​ന്നു സ്വീക​രി​ച്ച​താണ്‌.

സ്‌നാ​പ​ന​ത്തി​നു​ശേ​ഷ​മുള്ള യേശു​വി​ന്റെ മരുഭൂ​മി​യി​ലെ ഉപവാ​സത്തെ അനുക​രി​ച്ചു​ള്ള​താ​ണു നാൽപ്പ​തു​നൊ​യ​മ്പെ​ങ്കിൽ അത്‌ ഈസ്റ്ററി​നു തൊട്ടു​മു​മ്പുള്ള ആഴ്‌ച​ക​ളിൽ—അവൻ പുനരു​ത്ഥാ​നം ചെയ്‌തു​വെന്നു പറയ​പ്പെ​ടുന്ന സമയത്ത്‌—ആചരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? തന്റെ മരണത്തി​നു​മു​മ്പുള്ള ദിവസ​ങ്ങ​ളിൽ യേശു ഉപവസി​ച്ചി​രു​ന്നില്ല. അവന്റെ മരണത്തിന്‌ ഏതാനും ദിവസ​ങ്ങൾക്കു​മുമ്പ്‌ അവനും ശിഷ്യ​ന്മാ​രും ബെഥനി​യിൽ ഭവനങ്ങൾ സന്ദർശി​ക്കു​ക​യും ഭക്ഷണം കഴിക്കു​ക​യും ചെയ്‌ത​താ​യി സുവി​ശേഷ വൃത്താ​ന്തങ്ങൾ സൂചി​പ്പി​ക്കു​ന്നു. കൂടാതെ, തന്റെ മരണത്തി​ന്റെ തലേരാ​ത്രി​യിൽ അവൻ പെസഹാ​ഭ​ക്ഷണം കഴിക്കു​ക​യും ചെയ്‌തു.—മത്തായി 26:6, 7; ലൂക്കൊസ്‌ 22:15; യോഹ​ന്നാൻ 12:2.

സ്‌നാ​പ​ന​ത്തി​നു​ശേ​ഷ​മുള്ള യേശു​വി​ന്റെ ഉപവാ​സ​ത്തിൽനിന്ന്‌ ചിലതു പഠിക്കാ​നുണ്ട്‌. അവൻ ജീവത്‌പ്ര​ധാ​ന​മായ ഒരു ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ പോവു​ക​യാ​യി​രു​ന്നു. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​വും മുഴു മാനവ​ജാ​തി​യു​ടെ ഭാവി​യും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഗഹനമായ ധ്യാന​ത്തി​നും സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നു​മാ​യി പ്രാർഥ​നാ​പൂർവം യഹോ​വ​യി​ങ്ക​ലേക്കു തിരി​യാ​നും ഉള്ള സമയമാ​യി​രു​ന്നു അത്‌. ഉചിത​മാ​യി, ഈ സമയത്തു യേശു ഉപവസി​ച്ചു. ശരിയായ ആന്തര​ത്തോ​ടെ, ഉചിത​മായ സന്ദർഭ​ത്തിൽ അനുഷ്‌ഠി​ക്കു​ക​യാ​ണെ​ങ്കിൽ ഉപവാസം പ്രയോ​ജ​ന​പ്ര​ദ​മാ​യേ​ക്കാ​മെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.—കൊ​ലൊ​സ്സ്യർ 2:20-23 താരത​മ്യം ചെയ്യുക.

ഉപവാസം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കാ​വുന്ന സമയം

ദൈവ​ത്തി​ന്റെ ഒരു ആരാധ​കന്‌ ഇന്ന്‌ ഉപവസി​ക്കാ​വുന്ന ചില സന്ദർഭ​ങ്ങ​ളെ​ക്കു​റി​ച്ചു നമുക്കു പരിചി​ന്തി​ക്കാം. പാപം ചെയ്‌ത ഒരു വ്യക്തിക്ക്‌ ഒരു കാലയ​ള​വിൽ ഭക്ഷണം കഴിക്കാൻ തോന്നു​ക​യി​ല്ലാ​യി​രി​ക്കാം. ഇത്‌, മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കാ​നോ ലഭിച്ച ശിക്ഷണ​ത്തിൽ നീരസ​പ്പെ​ട്ടോ ആയിരി​ക്കു​ക​യില്ല. കൂടാതെ, തീർച്ച​യാ​യും ഉപവസി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ദൈവ​വു​മാ​യി കാര്യങ്ങൾ നേരെ​യാ​ക്കാൻ സാധി​ക്കു​ക​യില്ല. എങ്കിലും, യഥാർഥ അനുതാ​പ​മുള്ള ഒരു വ്യക്തിക്ക്‌ യഹോ​വ​യെ​യും ഒരുപക്ഷേ സുഹൃ​ത്തു​ക്ക​ളെ​യും കുടും​ബ​ത്തെ​യും മുറി​പ്പെ​ടു​ത്തി​യ​തിൽ ആഴമായ ദുഃഖം തോന്നും. പാപ​മോ​ച​ന​ത്തി​നാ​യി കഠിന​ദുഃ​ഖ​ത്തോ​ടെ ഉള്ളുരു​കി​യുള്ള പ്രാർഥന ആഹാരം കഴിക്കാ​നുള്ള താത്‌പ​ര്യ​ത്തെ തടഞ്ഞേ​ക്കാം.

ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​നു സമാന​മായ ഒരു അനുഭ​വ​മു​ണ്ടാ​യി. ബെത്ത്‌ശേ​ബ​യിൽനി​ന്നു​ണ്ടായ മകൻ നഷ്ടപ്പെ​ടു​മെന്ന സാഹച​ര്യം വന്നപ്പോൾ, കുട്ടി​യു​ടെ കാര്യ​ത്തിൽ കരുണ ലഭിക്കാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തി​ലാ​യി അവന്റെ മുഴു ശ്രദ്ധയും ശ്രമവും. പ്രാർഥ​ന​യിൽ പൂർണ​മാ​യി മുഴു​കി​യ​പ്പോൾ അവൻ ഉപവസി​ച്ചു. അതു​പോ​ലെ​തന്നെ ഇന്ന്‌, സമ്മർദ​മേ​റിയ ചില സാഹച​ര്യ​ങ്ങ​ളിൽ ഭക്ഷണം കഴിക്കു​ന്നത്‌ ഉചിത​മ​ല്ലെന്നു തോന്നി​യേ​ക്കാം.—2 ശമൂവേൽ 12:15-17.

ദൈവ​ഭ​ക്തി​യു​ള്ള ഒരാൾ ആഴമായ ആത്മീയ കാര്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന സമയവു​മു​ണ്ടാ​യി​രി​ക്കാം. ബൈബി​ളി​ലും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഗവേഷണം നടത്തേണ്ട ആവശ്യ​മു​ണ്ടാ​യി​രി​ക്കാം. ധ്യാനി​ക്കാൻ കുറേ സമയം ആവശ്യ​മാ​യി​രി​ക്കാം. ഏകാ​ഗ്ര​ത​യോ​ടെ​യുള്ള അത്തരം പഠന​വേ​ള​യിൽ, ഭക്ഷണം കഴിക്കു​ക​വഴി ഉണ്ടാ​യേ​ക്കാ​വുന്ന ശ്രദ്ധാ​ശൈ​ഥി​ല്യം ഒഴിവാ​ക്കാൻ ഒരു വ്യക്തി തീരു​മാ​നി​ച്ചേ​ക്കാം.—യിരെ​മ്യാ​വു 36:8-10 താരത​മ്യം ചെയ്യുക.

ഗൗരവ​മേ​റി​യ തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​യി​രു​ന്ന​പ്പോൾ ദൈവ​ദാ​സ​ന്മാർ ഉപവസി​ച്ച​തി​ന്റെ തിരു​വെ​ഴു​ത്തു​പ​ര​മായ ഉദാഹ​ര​ണ​ങ്ങ​ളുണ്ട്‌. നെഹെ​മ്യാ​വി​ന്റെ നാളിൽ യഹോ​വ​യോട്‌ ഒരു ശപഥം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു ലംഘി​ച്ചാൽ യഹൂദർ ശാപത്തി​നു വിധേ​യ​രാ​കു​മാ​യി​രു​ന്നു. തങ്ങളുടെ വിജാ​തീയ ഭാര്യ​മാ​രെ ഉപേക്ഷി​ക്കാ​മെ​ന്നും ചുറ്റു​മുള്ള ജനതക​ളിൽനി​ന്നു വേർപെ​ട്ടു​നിൽക്കാ​മെ​ന്നും അവർ ശപഥം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഈ ശപഥം ചെയ്യു​ന്ന​തി​നു​മുമ്പ്‌, തങ്ങളുടെ കുറ്റ​മേ​റ്റു​പ​റ​യുന്ന സമയത്ത്‌, മുഴു​സ​ഭ​യും ഉപവസി​ച്ചി​രു​ന്നു. (നെഹെ​മ്യാ​വു 9:1, 38; 10:29, 30) അതു​കൊണ്ട്‌, ഗൗരവ​മേ​റിയ തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ ഒരു ക്രിസ്‌ത്യാ​നി ഹ്രസ്വ​മായ ഒരു കാലയ​ള​വിൽ ഭക്ഷണമി​ല്ലാ​തെ കഴിച്ചു​കൂ​ട്ടി​യേ​ക്കാം.

ആദിമ ക്രിസ്‌തീയ സഭയിൽ മൂപ്പന്മാ​രു​ടെ സംഘങ്ങൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ചില​പ്പോൾ ഉപവസി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇന്ന്‌, ക്ലേശക​ര​മായ—ഒരുപക്ഷേ നീതി​ന്യാ​യ കേസു​മാ​യി ബന്ധപ്പെട്ട—തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേണ്ട സഭാമൂ​പ്പ​ന്മാർ കാര്യം പരിഗ​ണ​ന​യ്‌ക്കെ​ടു​ക്കു​മ്പോൾ ഭക്ഷണം വർജി​ച്ചേ​ക്കാം.

ചില സാഹച​ര്യ​ങ്ങ​ളിൽ ഉപവസി​ക്കാൻ ഉദ്ദേശി​ക്കു​ന്നതു വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. ഈ കാര്യ​ത്തിൽ ഒരാൾ മറ്റൊ​രാ​ളെ വിധി​ക്കാൻ പാടില്ല. ‘നീതി​മാൻ എന്നു മനുഷ്യർക്കു തോന്നാൻ’ നാം ആഗ്രഹി​ക്കു​ന്നില്ല; മാത്രമല്ല, ഗൗരവ​പൂർണ​മായ കടപ്പാ​ടു​കൾ ശ്രദ്ധി​ക്കു​ന്നതു തടസ്സ​പ്പെ​ടു​ത്തു​ന്ന​വി​ധം നാം ഭക്ഷണത്തിന്‌ അത്രയ്‌ക്കു പ്രാധാ​ന്യം കൽപ്പി​ക്കാ​നും പാടില്ല. (മത്തായി 23:28; ലൂക്കൊസ്‌ 12:22, 23) ഉപവസി​ക്കാൻ ദൈവം നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നില്ല, ഉപവസി​ക്കു​ന്ന​തിൽ നിന്ന്‌ അവൻ നമ്മെ തടയു​ന്ന​തു​മില്ല എന്ന്‌ ബൈബിൾ വെളി​വാ​ക്കു​ന്നു.

[7-ാം പേജിലെ ചിത്രം]

സ്‌നാപനത്തിനുശേഷം 40 ദിവസം യേശു ഉപവസി​ച്ചത്‌ എന്തിനാ​യി​രു​ന്നു​വെന്നു നിങ്ങൾക്ക​റി​യാ​മോ?