നിങ്ങൾ മിശിഹായെ അംഗീകരിക്കുമായിരുന്നോ?
നിങ്ങൾ മിശിഹായെ അംഗീകരിക്കുമായിരുന്നോ?
യേശുക്രിസ്തു മൂന്നര വർഷം ദൈവവചനം പ്രസംഗിച്ചുകൊണ്ട് ഇസ്രായേല്യരുടെ ഇടയിൽ ചെലവഴിച്ചു. എന്നാൽ അവന്റെ ഭൗമിക ശുശ്രൂഷ സമാപിക്കാറായപ്പോഴേക്കും അവന്റെ സമകാലികരിൽ ഭൂരിപക്ഷവും അവനെ മിശിഹാ, അഥവാ ദൈവത്തിന്റെ വാഗ്ദത്ത “അഭിഷിക്തൻ” എന്നനിലയിൽ അംഗീകരിച്ചിരുന്നില്ല. എന്തുകൊണ്ട്?
ഒന്നാം നൂറ്റാണ്ടിലെ യഹൂദർ യേശുവിനെ മിശിഹായായി അംഗീകരിക്കാഞ്ഞതിനുള്ള പല കാരണങ്ങളും മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നുണ്ട്. വാഴ്ചനടത്തുന്ന മിശിഹൈക രാജാവ് എന്നനിലയിലുള്ള യേശുവിന്റെ ഇപ്പോഴത്തെ സ്ഥാനത്തെ അംഗീകരിക്കുന്നതിൽനിന്ന് അനേകരെ തടയുന്നത് ഈ മൂന്നു കാരണങ്ങളാണ്.
‘ഒരു അടയാളം ചെയ്തുകാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു’
ഒന്നാം നൂറ്റാണ്ടിൽ യഹൂദർ മിശിഹായെ അംഗീകരിക്കാഞ്ഞതിന്റെ ഒരു കാരണം മിശിഹായെക്കുറിച്ചുള്ള തിരുവെഴുത്ത് അടയാളങ്ങൾ സ്വീകരിക്കുന്നതിനുള്ള അവരുടെ വിസമ്മതമായിരുന്നു. ഒരു സന്ദർഭത്തിൽ, യേശുവിനെ ശ്രദ്ധിക്കുകയായിരുന്ന ജനം അവനോടു താൻ ദൈവത്തിൽനിന്നുള്ളവനാണെന്നു തെളിയിക്കാൻ ഒരു അടയാളം ആവശ്യപ്പെട്ടു. ഉദാഹരണത്തിന്, ശാസ്ത്രിമാരിലും പരീശൻമാരിലും ചിലർ “ഗുരോ, നീ ഒരു അടയാളം ചെയ്തുകാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു” എന്നു പറഞ്ഞതായി മത്തായി 12:38 റിപ്പോർട്ടു ചെയ്യുന്നു. യേശു അതിനോടകംതന്നെ അടയാളങ്ങൾ ചെയ്തുകാണിച്ചിരുന്നില്ലേ? തീർച്ചയായും അവൻ കാണിച്ചിരുന്നു.
അതിനോടകം യേശു പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നു. അവൻ വെള്ളം വീഞ്ഞാക്കി, മരണാസന്നനായിരുന്ന ഒരു ബാലനെ സുഖമാക്കി, പത്രൊസിന്റെ രോഗിണിയായ അമ്മായിയമ്മയെ സുഖപ്പെടുത്തി, കുഷ്ഠരോഗിയെ സൗഖ്യമാക്കി, തളർവാതം പിടിപെട്ട ഒരു മനുഷ്യനെ നടത്തി, 38 വർഷമായി രോഗിയായിരുന്ന ഒരാളുടെ ആരോഗ്യം വീണ്ടെടുത്തു, ഒരാളുടെ ശുഷ്കിച്ച കരങ്ങൾ നേരെയാക്കി, അനേകമാളുകളുടെ പീഡാജനകമായ അസുഖങ്ങൾ ഭേദമാക്കി, ഒരു സൈനികോദ്യോഗസ്ഥന്റെ അടിമയെ സൗഖ്യമാക്കി, വിധവയുടെ മകനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു, അന്ധനും ഊമനുമായ ഒരു മനുഷ്യനെ സുഖപ്പെടുത്തി. കാനാ, കഫർന്നഹൂം, യെരുശലേം, നയിൻ എന്നിവിടങ്ങളിലായിരുന്നു ഈ അത്ഭുതങ്ങൾ നടന്നത്. കൂടാതെ, അത്തരം അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്ത യഹൂദ്യയിലും ചുറ്റുമുള്ള രാജ്യങ്ങളിലും പ്രചരിച്ചു.—യോഹന്നാൻ 2:1-12; 4:46-54; മത്തായി 8:14-17; 8:1-4; 9:1-8; യോഹന്നാൻ 5:1-9; മത്തായി 12:9-14; മർക്കൊസ് 3:7-12; ലൂക്കൊസ് 7:1-10; 7:11-17; മത്തായി 12:22.
വ്യക്തമായും, യേശു മിശിഹായാണെന്നു തെളിയിക്കുന്ന അടയാളങ്ങൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ആളുകൾക്കു മുമ്പാകെ അവൻ അനേകം അടയാളങ്ങൾ കാണിച്ചുവെങ്കിലും, അവർ അവനിൽ വിശ്വസിച്ചില്ല. യേശുവിനെ ദൈവം അയച്ചതാണെന്നതിനുള്ള തെളിവു കണ്ടിട്ടും അവനെ മിശിഹായായി അംഗീകരിക്കാഞ്ഞവർ ആത്മീയമായി അന്ധരായിരുന്നു. അവരുടെ ഹൃദയങ്ങൾ കഠിനവും സത്യത്തിനു കടന്നുചെല്ലാൻ കഴിയാത്തവയുമായിരുന്നു.—യോഹന്നാൻ 12:37-41.
നമ്മുടെ നാളിലെ കാര്യമോ? “ഞാനെന്റെ കണ്ണുകൊണ്ടു കാണുന്നതേ വിശ്വസിക്കൂ” എന്നാണു ചിലയാളുകൾ പറയാറ്. എന്നാൽ അതു വാസ്തവത്തിൽ ജ്ഞാനപൂർവകമായ ഗതിയാണോ? മിശിഹൈക രാജ്യത്തിൽ സ്വർഗീയ രാജാവായി യേശു ഇതിനോടകംതന്നെ സിംഹാസനസ്ഥനായിരിക്കുന്നുവെന്നു ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. അവൻ അദൃശ്യനായതിനാൽ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാന നാളുകളുടെ ആരംഭത്തെ അടയാളപ്പെടുത്തിയ അവന്റെ ഭരണാധിപത്യം വിവേചിച്ചറിയാൻ നമ്മെ സഹായിക്കുന്നതിനു നമുക്ക് ഒരു അടയാളം ആവശ്യമാണ്. നിങ്ങൾ ആ അടയാളം തിരിച്ചറിയുന്നുണ്ടോ?—മത്തായി 24:3.
ബൈബിൾ പറയുന്നതനുസരിച്ച്, മിശിഹൈക രാജാവ് എന്നനിലയിലുള്ള ക്രിസ്തുവിന്റെ ഭരണാധിപത്യത്തിന്റെ ആരംഭം കുറിക്കുന്നത് അഭൂതപൂർവമായ അളവിലുള്ള യുദ്ധം, ഭൂകമ്പങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, മഹാമാരികൾ എന്നീ അടയാളങ്ങളോടെയായിരിക്കും. “അവസാന നാളുകളി”ൽ, സ്വാർഥതയും അത്യാഗ്രഹവും സംയമനമില്ലായ്മയും മനുഷ്യബന്ധങ്ങളുടെ സവിശേഷതയായിരിക്കും. (2 തിമൊഥെയയൊസ് 3:1-5; മത്തായി 24:6, 7; ലൂക്കൊസ് 21:10, 11) കാലഗണനാപരമായ തെളിവുകൂടാതെ, അവസാന നാളുകളെക്കുറിച്ചുള്ള 20-ലധികംവരുന്ന വ്യത്യസ്ത സവിശേഷതകൾ മിശിഹായുടെ വാഴ്ച 1914-ൽ ആരംഭിച്ചുവെന്നതിലേക്കു വിരൽചൂണ്ടുന്നു.—1993 മാർച്ച് 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 5 കാണുക.
‘ദ്രവ്യാഗ്രഹികൾ’
യഹൂദർ യേശുവിനെ മിശിഹാ എന്നനിലയിൽ അംഗീകരിക്കാഞ്ഞതിന്റെ മറ്റൊരു കാരണം ഭൗതികത്വചിന്താഗതിയായിരുന്നു. സമ്പത്തിന് അമിത പ്രാധാന്യം നൽകിയത് യേശുവിനെ അനുഗമിക്കുന്നതിന് അനേകർക്കും തടസ്സമായി. ഉദാഹരണത്തിന്, പരീശന്മാർ. അവർ “ദ്രവ്യാഗ്രഹികളാ”യി അറിയപ്പെട്ടിരുന്നു. (ലൂക്കൊസ് 16:14) യേശുവിനെ സമീപിച്ച് തനിക്കെങ്ങനെ നിത്യജീവൻ നേടാമെന്നു ചോദിച്ച സമ്പന്നനായ ഒരു യുവഭരണാധിപന്റെ കാര്യം പരിചിന്തിക്കുക. “കല്പനകളെ പ്രമാണിക്ക” എന്നായിരുന്നു യേശുവിന്റെ മറുപടി. “ഇവ ഒക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളതു എന്തു” എന്ന് ആ യുവാവ് ചോദിച്ചു. കുറെ നിയമങ്ങൾ പാലിക്കുന്നതിനെക്കാളധികം ആവശ്യമായിരുന്നുവെന്ന് അയാൾ മനസ്സിലാക്കിയിരുന്നുവെന്നു വ്യക്തം. “നീ ചെന്നു നിനക്കുള്ളതു വിററു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക,” യേശു അവനോടു പറഞ്ഞു. എന്തൊരവസരമായിരുന്നു അത്—മിശിഹായുടെ ഒരു ശിഷ്യനാവുക! എന്നിട്ടും ആ ഭരണാധിപൻ ദുഃഖിച്ചു പിൻവാങ്ങി. എന്തുകൊണ്ട്? എന്തെന്നാൽ സ്വർഗത്തിലെ നിക്ഷേപത്തെക്കാൾ അയാൾക്കു പ്രാധാന്യം ഭൂമിയിലെ നിക്ഷേപമായിരുന്നു.—മത്തായി 19:16-22.
പ്രസ്തുത സ്ഥിതിവിശേഷത്തിനു മാറ്റമൊന്നും വന്നിട്ടില്ല. മിശിഹൈക രാജാവിന്റെ യഥാർഥ
അനുഗാമി ആയിത്തീരുന്നതിന്റെ അർഥം ഭൗമിക നിക്ഷേപങ്ങൾ ഉൾപ്പെടെ സകലത്തെക്കാളും മുൻതൂക്കം ആത്മീയ താത്പര്യങ്ങൾക്കു കൊടുക്കുകയെന്നാണ്. ഭൗതികത്വ വീക്ഷണമുള്ള ആർക്കും ഇതൊരു വെല്ലുവിളിയാണ്. ഉദാഹരണത്തിന്, പൂർവദേശത്തെ ഒരു മിഷനറി ദമ്പതികൾ ഒരു സ്ത്രീയോടു ബൈബിളിനെക്കുറിച്ചു സംസാരിച്ചു. അവർ യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചു കൂടുതലായി പഠിക്കാൻ താത്പര്യപ്പെടുമെന്നു വിശ്വസിച്ച്, പ്രസ്തുത ദമ്പതികൾ അവർക്കു വീക്ഷാഗോപുരവും ഉണരുക!യും വാഗ്ദാനം ചെയ്തു. അവരെങ്ങനെയാണു പ്രതികരിച്ചത്? “ഈ മാസികകൾ കൂടുതൽ പണമുണ്ടാക്കാൻ എന്നെ സഹായിക്കുമോ?,” അവർ ചോദിച്ചു. ആ സ്ത്രീക്ക് ആത്മീയ കാര്യങ്ങളെക്കാൾ ഭൗതിക കാര്യങ്ങളിലായിരുന്നു താത്പര്യം.ഈ ദമ്പതികൾ ഒരു യുവാവിനെ ബൈബിൾ പഠിപ്പിച്ചു. യുവാവ് രാജ്യഹാളിലെ യോഗങ്ങൾക്കു സംബന്ധിക്കാനും തുടങ്ങി. “നീ വെറുതെ സമയം പാഴാക്കുകയാണ്. വൈകിട്ട് മറ്റൊരു ജോലികൂടി ചെയ്ത് കൂടുതൽ പണമുണ്ടാക്കാൻ നോക്ക്,” അവന്റെ മാതാപിതാക്കൾ അവനോടു പറഞ്ഞു. മിശിഹൈക രാജാവിനെക്കുറിച്ചു പഠിക്കുന്നതിനെക്കാൾ പ്രാധാന്യം ഭൗതിക സംഗതികൾക്കു കൊടുക്കാൻ മാതാപിതാക്കൾ മക്കളെ പ്രോത്സാഹിപ്പിക്കുന്നത് എത്ര സങ്കടകരം! “തന്റെ സമ്പത്തു മുഴുവൻ ഉപയോഗിച്ചാലും, ഒരു ഭരണാധിപനു പതിനായിരംവർഷത്തെ ജീവൻ വിലയ്ക്കുവാങ്ങാനാവില്ല,” ഒരു ചൈനീസ് പഴമൊഴി പറയുന്നു.
മിശിഹൈക രാജാവിനെക്കുറിച്ചു പഠിക്കുന്നതും അവനെ പിൻചെല്ലുന്നതും പണസ്നേഹത്തിനു വഴിയൊരുക്കുന്നില്ലെന്ന് അനേകരും തിരിച്ചറിയാനിടയായിട്ടുണ്ട്. ഉയർന്ന വരുമാനമുള്ള സ്വന്തം ബിസിനസുണ്ടായിരുന്ന ഒരു യഹോവയുടെ സാക്ഷി പറഞ്ഞു: “ഇഷ്ടംപോലെ പണമുള്ളതു നല്ലതാണ്, എന്നാലത് അത്യാവശ്യമൊന്നുമല്ല. ഒരു വ്യക്തിയെ സന്തുഷ്ടനാക്കുന്നത് പണമല്ല.” ഈ സ്ത്രീ ഇപ്പോൾ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു യൂറോപ്യൻ ബ്രാഞ്ചിലുള്ള ബെഥേൽകുടുംബാംഗമാണ്.
‘യഹൂദന്മാരെ ഭയം’
യഹൂദന്മാർ യേശുവിനെ മിശിഹായായി അംഗീകരിക്കാഞ്ഞതിന്റെ മറ്റൊരു കാരണം മനുഷ്യഭയമായിരുന്നു. അവന്റെ മിശിഹാ സ്ഥാനത്തെ പരസ്യമായി അംഗീകരിക്കുകയെന്നത് അവരുടെ കീർത്തി അപകടപ്പെടുത്തുന്നതിനെ അർഥമാക്കി. ചിലർക്ക് അത് ഒടുക്കാനാവാത്ത വിലയായിരുന്നു. സൻഹെദ്രിം എന്നു വിളിക്കപ്പെടുന്ന യഹൂദ ന്യായാധിപസംഘത്തിലെ ഒരംഗമായിരുന്ന നിക്കോദേമൊസിന്റെ കാര്യം പരിചിന്തിക്കുക. യേശുവിന്റെ അടയാളങ്ങളിലും പഠിപ്പിക്കലുകളിലും മതിപ്പുതോന്നി അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാൻ ആർക്കും കഴികയില്ല.” എന്നിട്ടും യഹൂദർ തന്നെ തിരിച്ചറിയുന്നത് ഒഴിവാക്കാനാവാം, ആരും കാണാതെ രാത്രിയിൽ ഇരുട്ടത്താണ് നിക്കോദേമൊസ് യേശുവിനെ സമീപിച്ചത്.—യോഹന്നാൻ 3:1, 2.
യേശു പ്രസംഗിക്കുന്നതു കേട്ട അനേകർക്കും ദൈവത്തിന്റെ അംഗീകാരത്തെക്കാൾ പ്രാധാന്യം മനുഷ്യന്റെ അംഗീകാരമായിരുന്നു. (യോഹന്നാൻ 5:44) പൊ.യു. 32-ൽ കൂടാരപ്പെരുന്നാളിനായി യേശു യെരുശലേമിലായിരുന്നപ്പോൾ, “പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി.” “യെഹൂദൻമാരെ പേടിച്ചിട്ടു” ആരും അവനെക്കുറിച്ചു പരസ്യമായി സംസാരിച്ചില്ല. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യോഹന്നാൻ 7:10-13) യേശു സുഖപ്പെടുത്തിയ അന്ധനായ ഒരു മനുഷ്യന്റെ മാതാപിതാക്കൾക്കുപോലും ആ അത്ഭുതത്തെ ദൈവത്തിന്റെ പ്രതിനിധിയിൽനിന്നു വരുന്ന ഒന്നായി അംഗീകരിക്കാനുള്ള ചങ്കൂറ്റമുണ്ടായില്ല. അവർക്കും “യഹൂദന്മാരെ ഭയ”മായിരുന്നു.—യോഹന്നാൻ 9:13-23.
യേശു ഇപ്പോൾ സ്വർഗത്തിൽ മിശിഹൈക രാജാവായി വാഴുകയാണെന്നു ചിലർ ഇന്നു തിരിച്ചറിയുന്നുണ്ട്, എന്നാൽ അതു പരസ്യമായി പറയാൻ അവർക്കു ഭയമാണ്. മറ്റുള്ളവരുമായുള്ള തങ്ങളുടെ നല്ല ബന്ധം നഷ്ടപ്പെടുന്നത് അവർക്ക് ഒടുക്കാനാവാത്ത വിലയാണ്. ഉദാഹരണത്തിന്, ജർമനിയിൽ യഹോവയുടെ സാക്ഷികൾ ഒരാളുമൊത്തു നടത്തിയ ബൈബിൾചർച്ചയിൽ അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സാക്ഷികളായ നിങ്ങൾ ബൈബിളിനെക്കുറിച്ചു പ്രസംഗിക്കുന്നത് സത്യമാണ്. എന്നാൽ ഞാനിന്നൊരു സാക്ഷിയായാൽ നാളെ അത് എല്ലാവരും അറിയും. എന്റെ ജോലിസ്ഥലത്തും അയൽപക്കങ്ങളിലും ഞാനും കുടുംബവും പോകുന്ന ക്ലബ്ബിലുമൊക്കെ ആളുകൾ
എന്നെക്കുറിച്ച് എന്തു വിചാരിക്കും? അത് എനിക്കു സഹിക്കാനാവില്ല.”മനുഷ്യഭയത്തിന്റെ കാരണമെന്താണ്? അഹങ്കാരം, കുടുംബത്തിനും സഹൃത്തുക്കൾക്കുമിടയിൽ അംഗീകാരഭ്രമം, പരിഹാസഭയം, അപമാനഭയം, ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തനാകുന്നതിലെ ഉത്കണ്ഠ. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങുന്നവർക്ക് അത്തരം വികാരങ്ങൾ ഒരു പരിശോധനയാണെന്നു തെളിയുന്നു. ഉദാഹരണത്തിന്, യേശുക്രിസ്തുവിന്റെ ഭരണാധിപത്യത്തിൻകീഴിൽ മിശിഹൈക രാജ്യം ഭൂമിയിൽ സ്ഥാപിക്കാനിരിക്കുന്ന പറുദീസയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ ഒരു യുവതിക്ക് അതു പുളകപ്രദമായി തോന്നി. എന്നാൽ ഒരു കടുത്ത ഡിസ്കോ പ്രേമിയായിരുന്ന അവൾക്ക് ഈ പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതിൽ മനുഷ്യഭയം തടസ്സമായി. അവസാനം, അവൾ ബൈബിളിനെക്കുറിച്ചു തുറന്നു സംസാരിക്കുന്നതിനുള്ള ധൈര്യം സംഭരിച്ചു. അവളുടെ ഡിസ്കോ സുഹൃത്തുക്കൾ അവളിൽനിന്ന് അകന്നു. എന്നാൽ അവളുടെ ഭർത്താവും മാതാപിതാക്കളും താത്പര്യം പ്രകടമാക്കി. അവസാനം ഈ സ്ത്രീയും അവളുടെ അമ്മയും സ്നാപനമേൽക്കുകയും ഭർത്താവും അവളുടെ പിതാവും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. മനുഷ്യഭയം തരണം ചെയ്തതിന് എന്തൊരു പ്രതിഫലം!
നിങ്ങൾ വാസ്തവത്തിൽ മിശിഹായെ അംഗീകരിക്കുന്നുവോ?
യേശു ദണ്ഡനസ്തംഭത്തിൽ മരിക്കുന്നേരം, അവന്റെ ചില ശിഷ്യന്മാർ സന്നിഹിതരായിരുന്നു. മുൻകൂട്ടിപ്പറയപ്പെട്ട മിശിഹായായി അവർ അവനെ അംഗീകരിച്ചിരുന്നു. പിന്നെയും അടയാളം ആവശ്യപ്പെടുകയാണെന്നമട്ടിൽ യഹൂദ ഭരണാധിപന്മാരും അവിടെ സന്നിഹിതരായിരുന്നു. “ദൈവം തിരഞ്ഞെടുത്ത ക്രിസ്തു [അഥവാ മിശിഹാ] എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ.” (ലൂക്കൊസ് 23:35) അവരുടെ അടയാളം ചോദിക്കലിന് ഒരറുതിയുമില്ലേ? യേശു ഡസൻകണക്കിന് അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു. കൂടാതെ, അവന്റെ ജനനം, ശുശ്രൂഷ, വിസ്താരം, വധം, പുനരുത്ഥാനം എന്നിവ അനേകം എബ്രായ തിരുവെഴുത്തു പ്രവചനങ്ങൾ നിവർത്തിച്ചു.—വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും ആകുന്നു” (ഇംഗ്ലീഷ്), 343-4 പേജുകൾ കാണുക.
മിശിഹാ സ്ഥാനത്തിന്റെ തെളിവുകൾ തള്ളിക്കളഞ്ഞ് വഴിയാത്രികർ യേശുവിനെ നിന്ദിച്ചു. (മത്തായി 27:39, 40) പടയാളികൾ ഭൗതികത്വചിന്തയോടെ യേശുവിന്റെ വസ്ത്രം പങ്കിട്ടെടുത്തു, അവന്റെ അങ്കിക്കായി അവർ നറുക്കിട്ടു. (യോഹന്നാൻ 19:23, 24) ചിലരുടെ കാര്യത്തിൽ അതിനു കാരണമായത് മനുഷ്യഭയമായിരുന്നു. ഉദാഹരണത്തിന്, സൻഹെദ്രീം അംഗമായ അരിമത്യയിലെ യോസേഫിന്റെ കാര്യമെടുക്കുക. അവൻ “യെഹൂദൻമാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനാ”യിരുന്നു. മിശിഹായുടെ മരണശേഷം, യോസേഫും നിക്കോദേമൊസും യേശുവിന്റെ ശവശരീരം സംസ്കരിച്ചു. അങ്ങനെ യോസേഫ് മനുഷ്യഭയത്തെ തരണംചെയ്തു.—യോഹന്നാൻ 19:38-40.
നിങ്ങൾ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ, നിങ്ങൾ യേശുവിനെ മിശിഹായായി അംഗീകരിക്കുമായിരുന്നോ? അങ്ങനെ ചെയ്യുന്നതിന് നിങ്ങൾക്കു തിരുവെഴുത്തു തെളിവുകൾ സ്വീകരിക്കലും ഭൗതികത്വ ചിന്താഗതി കൈവെടിയലും മനുഷ്യഭയത്തിനു വഴങ്ങാതിരിക്കലുമെല്ലാം ആവശ്യമാകുമായിരുന്നു. ഈ അവസാന നാളുകളിൽ, നാമോരോരുത്തരും നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം ‘സ്വർഗീയ മിശിഹൈക രാജാവ് എന്നനിലയിൽ ഞാനിപ്പോൾ യേശുവിനെ അംഗീകരിക്കുന്നുണ്ടോ?’ അവൻ ഉടൻതന്നെ ഭൂമിയുടെ കാര്യാദികൾ ഏറ്റെടുക്കും. അതു സംഭവിക്കുമ്പോൾ, യേശുക്രിസ്തുവിനെ വാഗ്ദത്ത മിശിഹായായി വാസ്തവത്തിൽ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരിക്കുമോ?
[28-ാം പേജിലെ ചിത്രം]
യേശു മിശിഹൈക രാജാവാണ് എന്നതിനുള്ള തെളിവുകൾക്കു നേരെ ഒരിക്കലും കണ്ണടയ്ക്കരുത്
[31-ാം പേജിലെ ചിത്രം]
മിശിഹായെക്കുറിച്ചു പഠിക്കുന്നതു മിക്കപ്പോഴും മറ്റുള്ളവർ എന്തു പറയുമെന്ന ഭയം മറികടക്കുന്നത് അർഥമാക്കുന്നു