സഞ്ചാരമേൽവിചാരകന്മാർ വിശ്വസ്ത ഗൃഹവിചാരകന്മാരായി സേവിക്കുന്ന വിധം
സഞ്ചാരമേൽവിചാരകന്മാർ വിശ്വസ്ത ഗൃഹവിചാരകന്മാരായി സേവിക്കുന്ന വിധം
“ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.”—1 പത്രൊസ് 4:10.
1, 2. (എ) “ഗൃഹവിചാരകൻ” എന്ന പദം നിങ്ങൾ എങ്ങനെ നിർവചിക്കും? (ബി) ദൈവം ഉപയോഗിക്കുന്ന ഗൃഹവിചാരകന്മാർക്കിടയിൽ ആരെല്ലാം ഉൾപ്പെടുന്നു?
യഹോവ എല്ലാ വിശ്വസ്ത ക്രിസ്ത്യാനികളെയും ഗൃഹവിചാരകന്മാരായി ഉപയോഗിക്കുന്നു. സാധാരണമായി, ഭവനത്തിന്റെ ചുമതലയുള്ള ഒരു ദാസനാണു ഗൃഹവിചാരകൻ. അവൻ തന്റെ യജമാനന്റെ ബിസിനസ് കാര്യാദികളും നോക്കിനടത്തിയേക്കാം. (ലൂക്കൊസ് 16:1-3; ഗലാത്യർ 4:1, 2) ഭൂമിയിലെ തന്റെ വിശ്വസ്തരായ അഭിഷിക്തരുടെ സംഘത്തെ യേശു ‘വിശ്വസ്ത ഗൃഹവിചാരകൻ’ എന്നു വിളിച്ചു. അവൻ രാജ്യപ്രസംഗ പ്രവർത്തനങ്ങൾ ഉൾപ്പെടെ “തനിക്കുള്ള സകലവും” ഭരമേൽപ്പിച്ചിരിക്കുന്നത് ഈ ഗൃഹവിചാരകനെയാണ്.—ലൂക്കൊസ് 12:42-44; മത്തായി 24:14, 45.
2 എല്ലാ ക്രിസ്ത്യാനികളും ദൈവത്തിന്റെ വ്യത്യസ്ത വിധങ്ങളിൽ പ്രകടമായിരിക്കുന്ന അനർഹദയയുടെ ഗൃഹവിചാരകന്മാരാണെന്നു പത്രൊസ് അപ്പോസ്തലൻ പറഞ്ഞു. വിശ്വസ്ത ഗൃഹവിചാരണ നിർവഹിക്കാവുന്ന ഒരു സ്ഥാനം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. (1 പത്രൊസ് 4:10) നിയമിത ക്രിസ്തീയ മൂപ്പന്മാർ ഗൃഹവിചാരകന്മാരാണ്. അവരിൽപ്പെട്ടവരാണ് സഞ്ചാരമേൽവിചാരകന്മാർ. (തീത്തൊസ് 1:7) ഈ സഞ്ചാരമൂപ്പന്മാരെ എങ്ങനെയാണു വീക്ഷിക്കേണ്ടത്? അവർക്കെന്തെല്ലാം ഗുണങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം? അവർക്ക് ഏറ്റവും മികച്ച പ്രയോജനം കൈവരുത്താവുന്നതെങ്ങനെ?
സേവനത്തോടു കൃതജ്ഞതയുള്ളവർ
3. സഞ്ചാരമേൽവിചാരകന്മാരെ “നല്ല ഗൃഹവിചാരകന്മാർ” എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്?
3 ഒരു സഞ്ചാരമേൽവിചാരകനും ഭാര്യയ്ക്കും എഴുതവേ ഒരു ക്രിസ്തീയ വിവാഹിത ദമ്പതികൾ പറഞ്ഞു: “നിങ്ങൾ ഞങ്ങൾക്കു നൽകിയ സമയത്തിനും സ്നേഹത്തിനും ഞങ്ങൾ നന്ദിപറയാൻ ആഗ്രഹിക്കുന്നു. ഒരു കുടുംബം എന്നനിലയിൽ, നിങ്ങളുടെ എല്ലാ പ്രോത്സാഹനത്തിലും ഉപദേശത്തിലുംനിന്നു ഞങ്ങൾക്കു കാര്യമായ പ്രയോജനം ലഭിച്ചു. ഞങ്ങൾ ആത്മീയമായി വളരുന്നതിൽ തുടരണമെന്നു ഞങ്ങൾക്കറിയാം. എന്നാൽ യഹോവയുടെ സഹായവും നിങ്ങളെപ്പോലെയുള്ള സഹോദരീസഹോദരന്മാരും ഉള്ളതിനാൽ അതിലുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കപ്പെടുന്നുണ്ട്.” ഇതുപോലുള്ള ആശയപ്രകടനങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്, കാരണം ഒരു നല്ല ഗൃഹവിചാരകൻ ഭവനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി നന്നായി കരുതുന്നതുപോലെ സഞ്ചാരമേൽവിചാരകന്മാർ സഹവിശ്വാസികളിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നു. ചിലർ മികച്ച പ്രസംഗകരായിരിക്കും. അനേകർക്കും പ്രസംഗവേലയിലാവും നൈപുണ്യം. മറ്റുചിലരാകട്ടെ, ഊഷ്മളതയ്ക്കും അനുകമ്പയ്ക്കും പേരുകേട്ടവരാവും. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ അത്തരം കഴിവുകൾ നട്ടുവളർത്തി ഉപയോഗിക്കുന്നതിനാൽ, സഞ്ചാരമേൽവിചാരകന്മാരെ ഉചിതമായും “നല്ല ഗൃഹവിചാരകന്മാർ” എന്നു വിളിക്കാം.
4. ഇപ്പോൾ ഏതു ചോദ്യം പരിചിന്തിക്കുന്നതായിരിക്കും?
4 “ഗൃഹവിചാരകൻമാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ” എന്നു പൗലൊസ് അപ്പോസ്തലൻ എഴുതി. (1 കൊരിന്ത്യർ 4:2) വാരംതോറും വ്യത്യസ്ത സഭയിൽ സഹക്രിസ്ത്യാനികൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നത് അനുപമവും സന്തോഷഭരിതവുമായ ഒരു പദവിയാണ്. എന്നിരുന്നാലും, അതൊരു ഭാരിച്ച ഉത്തരവാദിത്വവുമാണ്. അപ്പോൾ, സഞ്ചാരമേൽവിചാരകന്മാർക്കു തങ്ങളുടെ ഗൃഹവിചാരണ വിശ്വസ്തമായും വിജയകരമായും എങ്ങനെ നിർവഹിക്കാനാവും?
ഗൃഹവിചാരണ വിജയപ്രദമായി നിവർത്തിക്കൽ
5, 6. സഞ്ചാരമേൽവിചാരകന്റെ ജീവിതത്തിൽ യഹോവയിലുള്ള പ്രാർഥനാനിർഭരമായ ആശ്രയം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 സഞ്ചാരമേൽവിചാരകന്മാർ വിജയപ്രദരായ ഗൃഹവിചാരകന്മാരായിരിക്കാൻ യഹോവയിലുള്ള പ്രാർഥനാനിർഭരമായ ആശ്രയം അത്യന്താപേക്ഷിതമാണ്. അവരുടെ പട്ടികയും അനവധി ഉത്തരവാദിത്വങ്ങളും നിമിത്തം, തങ്ങൾ അമിതമായി ഭാരപ്പെടുന്നതായി അവർക്കു ചിലപ്പോൾ തോന്നാം. (2 കൊരിന്ത്യർ 5:4 താരതമ്യം ചെയ്യുക.) അതുകൊണ്ട്, അവർ സങ്കീർത്തനക്കാരനായ ദാവീദിന്റെ ഗീതത്തോടു യോജിപ്പിൽ പ്രവർത്തിക്കേണ്ടതുണ്ട്: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും: നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ” എന്ന ദാവീദിന്റെ വാക്കുകളും ആശ്വാസപ്രദമാണ്.—സങ്കീർത്തനം 68:19.
6 പൗലൊസിന് ആത്മീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനുള്ള ശക്തി ലഭിച്ചത് എവിടെനിന്നായിരുന്നു? “എനിക്കു ബലം നൽകുന്നവൻ ഹേതുവായി എനിക്കു സകലത്തിനും ശക്തിയുണ്ട്,” അവൻ എഴുതി. (ഫിലിപ്പിയർ 4:13, NW) അതേ, പൗലൊസിന്റെ ശക്തിയുടെ ഉറവിടം യഹോവയാം ദൈവമായിരുന്നു. സമാനമായി, പത്രൊസ് ഉപദേശിച്ചു: “ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാററിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ.” (1 പത്രൊസ് 4:11) “പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് എല്ലായ്പോഴും യഹോവയിലേക്കു നോക്കുകയും അവന്റെ സ്ഥാപനത്തിന്റെ സഹായം തേടുകയും ചെയ്യുക” എന്നു പറഞ്ഞുകൊണ്ട്, അനേക വർഷം സഞ്ചാരമേൽവിചാരകൻ ആയിരുന്ന ഒരു സഹോദരൻ, ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.
7. സഞ്ചാരമേൽവിചാരകന്മാരുടെ വേലയിൽ സമനില നല്ലൊരു പങ്കു വഹിക്കുന്നതെങ്ങനെ?
7 വിജയപ്രദരായ സഞ്ചാരമേൽവിചാരകന്മാർക്കു സമനിലയും ആവശ്യമാണ്. മറ്റു ക്രിസ്ത്യാനികളെപ്പോലെ, അയാൾ “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടു”ത്താൻ യത്നിക്കുന്നു. (ഫിലിപ്പിയർ 1:10, NW) a പ്രാദേശിക മൂപ്പന്മാർക്ക് ഒരു പ്രത്യേക കാര്യം സംബന്ധിച്ചു ചോദ്യങ്ങൾ ഉണ്ടായിരിക്കുമ്പോൾ, സന്ദർശനത്തിനെത്തുന്ന സർക്കിട്ട് മേൽവിചാരകനുമായി സംഗതി കൂടിയാലോചിക്കുന്നതു ജ്ഞാനപൂർവകമാണ്. (സദൃശവാക്യങ്ങൾ 11:14; 15:22) സാധ്യതയനുസരിച്ച്, അദ്ദേഹം സഭ വിട്ടുപോയതിനുശേഷം മൂപ്പന്മാർ സംഗതി കൈകാര്യം ചെയ്യുന്നതിൽ തുടരുമ്പോൾ അദ്ദേഹത്തിന്റെ സമനിലയുള്ള നിരീക്ഷണങ്ങളും തിരുവെഴുത്തു ബുദ്ധ്യുപദേശവും വളരെ സഹായകമാണെന്നു തെളിയും. ഏതാണ്ട് സമാനമായൊരു ആശയം പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു: “നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മററുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്ക.”—2 തിമൊഥെയൊസ് 2:2.
8. ബൈബിൾ പഠനവും ഗവേഷണവും ധ്യാനവും അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
8 തിരുവെഴുത്തു പഠനം, ഗവേഷണം, ധ്യാനം എന്നിവ ഈടുറ്റ ബുദ്ധ്യുപദേശം നൽകുന്നതിന് അത്യന്താപേക്ഷിതമാണ്. (സദൃശവാക്യങ്ങൾ 15:28) ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ പറഞ്ഞു: “മൂപ്പന്മാരുമായി കണ്ടുമുട്ടുമ്പോൾ, നമുക്ക് ഒരു പ്രത്യേക ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ അതു സമ്മതിക്കാൻ വൈമനസ്യം കാട്ടരുത്.” സംഗതി സംബന്ധിച്ചു “ക്രിസ്തുവിന്റെ മനസ്സു” ലഭിക്കാൻ ശ്രമിക്കുന്നത് ദൈവഹിതത്തിനു യോജിപ്പിൽ പ്രവർത്തിക്കാൻ മറ്റുള്ളവരെ സഹായിക്കുന്ന ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശം കൊടുക്കുന്നതു സാധ്യമാക്കും. (1 കൊരിന്ത്യർ 2:16) ചിലപ്പോൾ ഒരു സഞ്ചാരമേൽവിചാരകൻ മാർഗനിർദേശത്തിനായി വാച്ച് ടവർ സൊസൈറ്റിയിലേക്ക് എഴുതേണ്ടിവന്നേക്കാം. സംഗതി എങ്ങനെയായാലും, യഹോവയിലുള്ള വിശ്വാസത്തിനും സത്യത്തോടുള്ള സ്നേഹത്തിനും പ്രതിച്ഛായയെക്കാൾ അഥവാ വാഗ്വൈഭവത്തെക്കാൾ വളരെയേറെ പ്രാധാന്യമുണ്ട്. “വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവ”ത്തോടെ വരുന്നതിനുപകരം, “ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ”യായിരുന്നു പൗലൊസ് കൊരിന്തിൽ ശുശ്രൂഷ ആരംഭിച്ചത്. ഇത് അവനെ ഫലപ്രദനല്ലാതാക്കിയോ? നേരെമറിച്ച്, അതു കൊരിന്ത്യരെ “മനുഷ്യരുടെ ജ്ഞാന”ത്തിലല്ല, “ദൈവത്തിന്റെ ശക്തി”യിൽ വിശ്വസിക്കാൻ സഹായിച്ചു.—1 കൊരിന്ത്യർ 2:1-5.
മറ്റു മർമപ്രധാന ഗുണങ്ങൾ
9. സഞ്ചാര മൂപ്പന്മാർക്കു സമാനുഭാവം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
9 സമാനുഭാവം സഞ്ചാരമേൽവിചാരകന്മാരെ നല്ല ഫലങ്ങൾ നേടുന്നതിനു സഹായിക്കുന്നു. ‘സഹാനുഭൂതി പ്രകടമാക്കാൻ’ അല്ലെങ്കിൽ “അനുകമ്പയുള്ള”വരായിരിക്കാൻ പത്രൊസ് എല്ലാ ക്രിസ്ത്യാനികളെയും ഉദ്ബോധിപ്പിച്ചു. (1 പത്രൊസ് 3:8, NW അടിക്കുറിപ്പ്) സർക്കിട്ട് മേൽവിചാരകനു ‘സഭയിലെ എല്ലാവരിലും താത്പര്യവും ആത്മാർഥമായ ശ്രദ്ധയും കാണിക്കേണ്ടതിന്റെ’ ആവശ്യം തോന്നുന്നു. സമാനമായ ഒരു മനോഭാവത്തോടെ പൗലൊസ് എഴുതി: “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിൻ.” (റോമർ 12:15) അത്തരമൊരു മനോഭാവം സഞ്ചാരമേൽവിചാരകന്മാരെ സഹവിശ്വാസികളുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുന്നതിന് ആത്മാർഥമായി ശ്രമിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നെ ബാധകമാക്കുന്നപക്ഷം യഥാർഥ പ്രയോജനമുണ്ടാക്കുന്ന, കെട്ടുപണിചെയ്യുന്ന തിരുവെഴുത്തു ബുദ്ധ്യുപദേശം അവർക്കു നൽകാനാവും. സമാനുഭാവം പ്രകടമാക്കുന്നതിൽ ശ്രേഷ്ഠനായ ഒരു സർക്കിട്ട് മേൽവിചാരകന് ഇറ്റലിയിലെ ടൂറിനു സമീപമുള്ള ഒരു സഭയിൽനിന്ന് ഈ എഴുത്ത് കിട്ടി: “മറ്റുള്ളവർ നിങ്ങളിൽ താത്പര്യം കാണിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവരിൽ താത്പര്യം കാട്ടുക; പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, പ്രസന്നത കാട്ടുക; സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, സ്നേഹയോഗ്യനാവുക; സഹായിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, സഹായിക്കാൻ മനസ്സൊരുക്കം കാട്ടുക. ഇതാണു ഞങ്ങൾ നിങ്ങളിൽനിന്നു പഠിച്ചിരിക്കുന്നത്!”
10. താഴ്മയുള്ളവരായിരിക്കുന്നതു സംബന്ധിച്ച് സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ എന്തു പറഞ്ഞിരിക്കുന്നു, ഇക്കാര്യത്തിൽ യേശു എന്തു ദൃഷ്ടാന്തം വെച്ചു?
10 താഴ്മയുള്ളവരും സമീപിക്കാവുന്നവരും ആയിരിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുന്നതിനു സഞ്ചാരമേൽവിചാരകന്മാരെ സഹായിക്കുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ അഭിപ്രായപ്പെട്ടു: “താഴ്മയുള്ള ഒരു മനോഭാവം നിലനിർത്തുന്നത് ഏറ്റവും പ്രധാനമാണ്.” അദ്ദേഹം പുതിയ സഞ്ചാരമേൽവിചാരകന്മാരെ ഇങ്ങനെ ബുദ്ധ്യുപദേശിക്കാറുണ്ട്: “കൂടുതൽ സമ്പന്നരായ സഹോദരങ്ങൾ നിങ്ങൾക്കു ചെയ്തുതന്നേക്കാവുന്ന കാര്യങ്ങൾനിമിത്തം അനാവശ്യമായി അവരുടെ സ്വാധീനത്തിലാകാൻ നിങ്ങളെ അനുവദിക്കരുത്, സൗഹൃദം അത്തരത്തിലുള്ളവരോടു മാത്രമായി ചുരുക്കുകയുമരുത്. എന്നാൽ മറ്റുള്ളവരുമായി എല്ലായ്പോഴും മുഖപക്ഷമില്ലാതെ ഇടപെടാൻ യത്നിക്കുക.” (2 ദിനവൃത്താന്തം 19:6, 7) യഥാർഥത്തിൽ താഴ്മയുള്ള ഒരു സഞ്ചാരമേൽവിചാരകനു സൊസൈറ്റിയുടെ ഒരു പ്രതിനിധി എന്നനിലയിൽ തനിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഊതിവീർപ്പിച്ചൊരു കാഴ്ചപ്പാട് ഉണ്ടായിരിക്കുകയില്ല. ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “താഴ്മയുള്ളവരും സഹോദരങ്ങൾ പറയുന്നതു കേൾക്കാൻ മനസ്സൊരുക്കമുള്ളവരും ആയിരിക്കുവിൻ. എല്ലായ്പോഴും സമീപിക്കാവുന്നവരായിരിക്കുവിൻ.” ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നനിലയിൽ യേശുക്രിസ്തുവിന് ആളുകളെ ഉദ്വേഗഭരിതരാക്കാമായിരുന്നു. എന്നാൽ അവൻ അങ്ങേയറ്റം താഴ്മയുള്ളവനും സമീപിക്കാവുന്നവനും ആയിരുന്നു, കാരണം കുട്ടികൾപോലും അവന്റെ സമീപം ആയാസരഹിതരായിരുന്നു. (മത്തായി 18:5; മർക്കൊസ് 10:13-16) കുട്ടികളും കൗമാരക്കാരും പ്രായംചെന്നവരും—വാസ്തവത്തിൽ സഭയിലെ ആരും ഏവരും—മടികൂടാതെ തങ്ങളെ സമീപിക്കാൻ സഞ്ചാരമേൽവിചാരകന്മാർ ആഗ്രഹിക്കുന്നു.
11. ആവശ്യമായിരിക്കുമ്പോൾ, ക്ഷമാപണത്തിന് എന്തു ഫലമുണ്ടായിരിക്കാവുന്നതാണ്?
11 തീർച്ചയായും, “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു,” തെറ്റു ചെയ്യുന്ന കാര്യത്തിൽ ഒരു സഞ്ചാരമേൽവിചാരകനും ഒഴിവായിരിക്കുന്നില്ല. (യാക്കോബ് 3:2) അവർക്കു പിഴവുകൾ പറ്റുമ്പോൾ, ആത്മാർഥമായ ഒരു ക്ഷമാപണം മറ്റു മൂപ്പന്മാർക്കു താഴ്മയുടേതായ ഒരു മാതൃക വെക്കും. സദൃശവാക്യങ്ങൾ 22:4 പറയുന്നപ്രകാരം, “താഴ്മക്കും യഹോവഭക്ഷിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” ദൈവത്തിന്റെ ദാസരെല്ലാവരും ‘തങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കേണ്ട’തല്ലേ? (മീഖാ 6:8) പുതിയ സഞ്ചാരമൂപ്പന് എന്ത് ഉപദേശം കൊടുക്കാനുണ്ട് എന്നു ചോദിച്ചപ്പോൾ, ഒരു സർക്കിട്ട് മേൽവിചാരകൻ അഭിപ്രായപ്പെട്ടു: “എല്ലാ സഹോദരങ്ങളോടും വലിയ ആദരവും പരിഗണനയും കാട്ടുക. അവരെ നിങ്ങളെക്കാൾ മെച്ചപ്പെട്ടവരായി കരുതുക. സഹോദരങ്ങളിൽനിന്നു നിങ്ങൾ വളരെയധികം പഠിക്കും. താഴ്മയുള്ളവനായി നിലകൊള്ളുക. നാട്യമില്ലാത്തവനായിരിക്കുക. ജാടകാട്ടാതിരിക്കുക.”—ഫിലിപ്പിയർ 2:3.
12. ക്രിസ്തീയ ശുശ്രൂഷയിലുള്ള തീക്ഷ്ണതയ്ക്കു വളരെ പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
12 ക്രിസ്തീയ ശുശ്രൂഷയിലുള്ള തീക്ഷ്ണത സഞ്ചാരമേൽവിചാരകന്റെ വാക്കുകൾക്കു ഗാംഭീര്യമേകുന്നു. വാസ്തവത്തിൽ, അദ്ദേഹവും ഭാര്യയും സുവിശേഷ വേലയിൽ തീക്ഷ്ണതയുള്ള മാതൃക വെക്കുമ്പോൾ, മൂപ്പന്മാരും അവരുടെ ഭാര്യമാരും സഭയിലെ മറ്റുള്ളവരും ശുശ്രൂഷയിൽ തീക്ഷ്ണത പ്രകടമാക്കാൻ പ്രോത്സാഹിതരാകുന്നു. “സേവനത്തോടു തീക്ഷ്ണതയുള്ളവരായിരിക്കുക,” ഒരു സർക്കിട്ട് മേൽവിചാരകൻ ഉദ്ബോധിപ്പിച്ചു. അദ്ദേഹം ഇങ്ങനെ കുട്ടിച്ചേർത്തു: “ഒരു സഭയ്ക്കു ശുശ്രൂഷയിൽ എത്രമാത്രം തീക്ഷ്ണതയുണ്ടോ അത്രയും കുറച്ചു പ്രശ്നങ്ങളേ ഉണ്ടാവൂ” എന്നാണു പൊതുവേ ഞാൻ കണ്ടിരിക്കുന്നത്. മറ്റൊരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സഹോദരീസഹോദരന്മാരോടൊപ്പം മൂപ്പന്മാർ വയലിൽ പ്രവർത്തിക്കുകയും ശുശ്രൂഷ ആസ്വദിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നെങ്കിൽ, അതിന്റെ ഫലം മനസ്സമാധാനവും യഹോവയെ സേവിക്കുന്നതിൽ ഏറ്റവും വലിയ സംതൃപ്തിയുമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” പൗലൊസ് അപ്പോസ്തലൻ ‘വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം തെസ്സലൊനീക്യരോടു പ്രസംഗിപ്പാൻ ധൈര്യം സംഭരിച്ചു.’ അവന്റെ സന്ദർശനത്തെക്കുറിച്ചും പ്രസംഗ പ്രവർത്തനത്തെക്കുറിച്ചും അവർക്കു മധുരസ്മരണകൾ ഉണ്ടായിരുന്നതിലും അവർ അവനെ വീണ്ടും കാണാൻ വാഞ്ഛിച്ചതിലും യാതൊരത്ഭുതവുമില്ല!—1 തെസ്സലൊനീക്യർ 2:1, 2; 3:6, NW.
13. വയൽ ശുശ്രൂഷയിൽ സഹക്രിസ്ത്യാനികളോടൊപ്പം പ്രവർത്തിക്കുമ്പോൾ ഒരു സഞ്ചാരമേൽവിചാരകൻ എന്തിനു പരിഗണന കൊടുക്കുന്നു?
13 വയൽശുശ്രൂഷയിൽ സഹക്രിസ്ത്യാനികളുമൊത്തു പ്രവർത്തിക്കുമ്പോൾ, സഞ്ചാരമേൽവിചാരകൻ അവരുടെ സാഹചര്യങ്ങളും പരിമിതികളും കണക്കിലെടുക്കുന്നു. തന്റെ നിർദേശങ്ങൾ സഹായകമായിരുന്നേക്കാമെങ്കിലും, പരിചയസമ്പന്നനായ ഒരു മൂപ്പനുമൊത്തു പ്രസംഗവേലയിലേർപ്പെടാൻ ചിലർക്കു പരിഭ്രമമുണ്ടാവുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ചിലരുടെ കാര്യത്തിൽ, ബുദ്ധ്യുപദേശത്തെക്കാൾ പ്രയോജനപ്രദം പ്രോത്സാഹനമായിരിക്കാം. അദ്ദേഹം പ്രസാധകരുടെയോ പയനിയർമാരുടെയോ കൂടെ ബൈബിളധ്യയനത്തിനു പോകുമ്പോൾ, താൻ അതു നിർവഹിക്കണമെന്ന് അവർ താത്പര്യപ്പെട്ടേക്കാം. സാധ്യതയനുസരിച്ച് ഇതു തങ്ങളുടെ പഠിപ്പിക്കൽവിധങ്ങൾക്കു പുരോഗതി വരുത്താനുള്ള ചില മാർഗങ്ങളുമായി അവർ പരിചിതരാകാൻ ഇടയാക്കും.
14. തീക്ഷ്ണതയുള്ള സഞ്ചാരമേൽവിചാരകന്മാർ മറ്റുള്ളവരിൽ തീക്ഷ്ണത വർധിപ്പിക്കുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്?
14 തീക്ഷ്ണതയുള്ള സഞ്ചാരമേൽവിചാരകന്മാർ മറ്റുള്ളവരിൽ തീക്ഷ്ണത വർധിപ്പിക്കുന്നു. ഉഗാണ്ടയിലെ ഒരു സർക്കിട്ട് മേൽവിചാരകൻ കാര്യമായ പുരോഗതിയില്ലായിരുന്ന ഒരു ബൈബിളധ്യയനത്തിനായി ഒരു സഹോദരനോടൊപ്പം പോയി. ഘോരവനത്തിലൂടെയുള്ള ഒരു മണിക്കൂർനീണ്ട നടത്തമായിരുന്നു അത്. നടത്തത്തിനിടയിൽ കനത്ത മഴപെയ്ത് അവർ നനഞ്ഞു കുതിർന്നു. സന്ദർശകൻ ഒരു സഞ്ചാരമേൽവിചാരകനാണെന്ന് ആറംഗകുടുംബം മനസ്സിലാക്കിയപ്പോൾ, അവർക്ക് അങ്ങേയറ്റം മതിപ്പുതോന്നി. തങ്ങളുടെ സഭയിലെ ശുശ്രൂഷകർ ആടുകളുടെ കാര്യത്തിൽ ഒരിക്കലും ഇത്ര താത്പര്യം കാണിക്കാറില്ലെന്ന് അവർക്ക് അറിയാമായിരുന്നു. പിറ്റേ ഞായറാഴ്ച, അവർ ആദ്യമായി യോഗത്തിൽ സംബന്ധിക്കുകയും യഹോവയുടെ സാക്ഷികളായിത്തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
15. മെക്സിക്കോയിൽ തീക്ഷ്ണതയുള്ള ഒരു സർക്കിട്ട് മേൽവിചാരകന് ഏതു നല്ല അനുഭവമുണ്ടായി?
15 മെക്സിക്കൻ സംസ്ഥാനമായ വഹാക്കയിൽ, ഒരു സർക്കിട്ട് മേൽവിചാരകൻ വാസ്തവത്തിൽ തന്നിൽനിന്നു പ്രതീക്ഷിക്കാത്ത ഒരു ശ്രമം ചെയ്യുകയുണ്ടായി. ഒരു തടവറയിൽ രാജ്യപ്രസാധകരായിത്തീർന്ന ഏഴ് അന്തേവാസികളുടെ കൂട്ടത്തെ സന്ദർശിക്കാൻ നാലു രാത്രികൾ അവിടെ കഴിയാൻ അദ്ദേഹം വേണ്ട ഏർപ്പാടുകൾ ചെയ്തു. ഈ തടവുകാർ തടവറകൾതോറും സാക്ഷീകരിക്കുകയും ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തപ്പോൾ പല ദിവസങ്ങളോളം അദ്ദേഹവും അവരെ അനുഗമിച്ചു. താത്പര്യം പ്രകടമായതിനാൽ, ഇവയിൽ ചില അധ്യയനങ്ങൾ രാത്രി ഏറെ വൈകുവോളം നീണ്ടു. “സന്ദർശനത്തിന്റെ അവസാനം, പരസ്പര പ്രോത്സാഹനത്തിന്റെ ഫലമായി അന്തേവാസികളും ഞാനും സന്തോഷഭരിതരായിരുന്നു,” തീക്ഷ്ണതയുള്ള ആ സർക്കിട്ട് മേൽവിചാരകൻ എഴുതുന്നു.
16. സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരും പ്രോത്സാഹനം തരുമ്പോൾ, അതു വളരെ പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
16 സഞ്ചാരമേൽവിചാരകന്മാർ പ്രോത്സാഹനമേകുന്നവരായിരിക്കാൻ ശ്രമിക്കുന്നു. പൗലൊസ് മെക്കദോന്യയിലെ സഭകൾ സന്ദർശിച്ചപ്പോൾ, ‘അവരെ അനേകം വാക്കുകളാൽ പ്രോത്സാഹിപ്പിച്ചു.’ (പ്രവൃത്തികൾ 20:1, 2, NW) പ്രോത്സാഹന വാക്കുകൾ ചെറുപ്പക്കാരെയും പ്രായംചെന്നവരെയും ആത്മീയ ലാക്കുകളിലേക്കു നയിക്കുന്നതിൽ വളരെ സഹായകമാവും. വാച്ച് ടവർ സൊസൈറ്റിയുടെ ഒരു വലിയ ബ്രാഞ്ച് ഓഫീസിൽ, ഏതാണ്ട് 20 ശതമാനം സ്വമേധയാ സേവകരെയും മുഴുസമയസേവനം ഏറ്റെടുക്കുന്നതിനു പ്രേരിപ്പിച്ചത് സർക്കിട്ട് മേൽവിചാരകന്മാരായിരുന്നുവെന്ന് ഒരു അനൗപചാരിക സർവേ വെളിപ്പെടുത്തി. മുഴുസമയ രാജ്യപ്രഘോഷക എന്നനിലയിലുള്ള തന്റെ മാതൃകയാൽ, സഞ്ചാരമേൽവിചാരകന്റെ ഭാര്യയും പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവാണെന്നു തെളിയുന്നു.
17. മറ്റുള്ളവർക്കു സഹായം കൊടുക്കുന്നതിനുള്ള തന്റെ പദവിയെക്കുറിച്ച് പ്രായംചെന്ന ഒരു സർക്കിട്ട് മേൽവിചാരകന് എന്തു തോന്നുന്നു?
17 പ്രായമേറിയവർക്കും വിഷാദചിത്തർക്കും പ്രോത്സാഹനം വിശേഷിച്ചും ആവശ്യമാണ്. പ്രായംചെന്ന ഒരു സർക്കിട്ട് മേൽവിചാരകൻ എഴുതുന്നു: “എന്റെ വേലയിൽ അവർണനീയമായ ആന്തരിക സന്തോഷം ഉളവാക്കുന്ന ഒരു വശം ദൈവത്തിന്റെ ആടുകൾക്കിടയിലെ നിഷ്ക്രിയർക്കും പ്രായമേറിയ ദുർബലർക്കും സഹായമേകുന്നതിനുള്ള പദവിയാണ്. ‘അത്തരക്കാരുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും അവർക്കു നൽക’വേ എനിക്ക് അത്യന്തം പ്രോത്സാഹനവും ശക്തിയും ലഭിക്കുന്നതുകൊണ്ട് റോമർ 1:11, 12-ലെ വാക്കുകൾക്ക് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക അർഥമുണ്ട്.”
അവരുടെ സന്തോഷപൂരിത വേലയുടെ പ്രതിഫലങ്ങൾ
18. സഞ്ചാരമേൽവിചാരകന്മാർക്ക് തിരുവെഴുത്തുപരമായ ഏതെല്ലാം ലക്ഷ്യങ്ങളുണ്ട്?
18 സഞ്ചാരമേൽവിചാരകന്മാർക്കു സഹവിശ്വാസികളെ സഹായിക്കുന്നതിൽ ആത്മാർഥമായ താത്പര്യമുണ്ട്. സഭകളെ ബലപ്പെടുത്താനും അവയെ ആത്മീയമായി കെട്ടുപണിചെയ്യാനും അവർ ആഗ്രഹിക്കുന്നു. (പ്രവൃത്തികൾ 15:41) “പ്രോത്സാഹനം കൊടുക്കാനും നവോന്മേഷം പകരാനും ശുശ്രൂഷ നിർവഹിച്ചു സത്യത്തിൽ ജീവിക്കുന്നതു തുടരാനുള്ള ആഗ്രഹം ഉന്നമിപ്പിക്കാനും” ഒരു സഞ്ചാരമേൽവിചാരകൻ കഠിനമായി പ്രവർത്തിക്കുന്നു. (3 യോഹന്നാൻ 3) മറ്റൊരാൾ സഹവിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു. (കൊലൊസ്സ്യർ 2:6, 7) സഞ്ചാരമേൽവിചാരകൻ ഒരു “ഇണയാളിയാ”ണ്, മറിച്ച് മറ്റുള്ളവരുടെ വിശ്വാസത്തിനുമേൽ ഒരു യജമാനനല്ലെന്ന് ഓർക്കുക. (ഫിലിപ്പിയർ 4:3; 2 കൊരിന്ത്യർ 1:24) അദ്ദേഹത്തിന്റെ സന്ദർശനം പ്രോത്സാഹനത്തിനും കൂടുതലായ പ്രവർത്തനത്തിനുമുള്ള ഒരവസരമാണ്. മാത്രവുമല്ല, നേടിയ പുരോഗതി പുനരവലോകനം ചെയ്യുന്നതിനും ഭാവി ലക്ഷ്യങ്ങൾ പരിചിന്തിക്കുന്നതിനുമുള്ള അവസരം അതു മൂപ്പന്മാരുടെ സംഘത്തിനു പ്രദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളാലും മാതൃകയാലും സഭാപ്രസാധകർക്കും പയനിയർമാർക്കും ശുശ്രൂഷാദാസന്മാർക്കും മൂപ്പന്മാർക്കും പ്രോത്സാഹനം ലഭിക്കുമെന്നും ഭാവി പ്രവർത്തനങ്ങൾക്കായി ഉത്തേജിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കാനാവും. (1 തെസ്സലൊനീക്യർ 5:11 താരതമ്യം ചെയ്യുക.) അതിനാൽ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനങ്ങൾക്കു മുഴുഹൃദയത്തോടെയുള്ള പിന്തുണ നൽകുകയും ഡിസ്ട്രിക്റ്റ് മേൽവിചാരകന്റെ സേവനത്തിൽനിന്നു മുഴുപ്രയോജനം നേടുകയും ചെയ്യുക.
19, 20. തങ്ങളുടെ വിശ്വസ്ത സേവനത്തിനു സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും പ്രതിഫലം ലഭിച്ചിരിക്കുന്നതെങ്ങനെ?
19 വിശ്വസ്തമായ സേവനത്തിനു സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും സമൃദ്ധമായ പ്രതിഫലം ലഭിക്കുന്നു. തങ്ങൾ ചെയ്യുന്ന നല്ല കാര്യത്തിനു യഹോവ തങ്ങളെ അനുഗ്രഹിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാനാവും. (സദൃശവാക്യങ്ങൾ 19:17; എഫെസ്യർ 6:8) ഗേയൊർഗും മാഗ്ദാലേനായും അനേകം വർഷം സഞ്ചാരവേലയിൽ സേവിച്ച വൃദ്ധ ദമ്പതികളാണ്. ലക്സംബർഗിലെ ഒരു കൺവെൻഷനിൽ, 20 വർഷംമുമ്പ് അവർ സാക്ഷ്യം കൊടുത്ത ഒരു സ്ത്രീ അവരെ സമീപിച്ചു. ആ യഹൂദ സ്ത്രീയിൽ സത്യത്തോടുള്ള താത്പര്യം ഉണർത്തിയത് മാഗ്ദാലേനാ അവർക്കു നൽകിയ ഒരു ബൈബിൾ സാഹിത്യമായിരുന്നു. കാലക്രമത്തിൽ അവർ സ്നാപനമേൽക്കുകയും ചെയ്തു. ഒരു ആത്മീയ സഹോദരി ഗേയൊർഗിനെ സമീപിച്ചു. ഏതാണ്ടു 40 വർഷംമുമ്പ് അദ്ദേഹം തന്റെ ഭവനം സന്ദർശിച്ചത് അവർ ഓർക്കുന്നുണ്ടായിരുന്നു. ആവേശത്തോടുകൂടിയുള്ള അദ്ദേഹത്തിന്റെ സുവാർത്ത അവതരണമായിരുന്നു അവരും ഭർത്താവും അവസാനം സുവാർത്ത സ്വീകരിക്കാനിടയാക്കിയത്. ഗേയൊർഗും മാഗ്ദാലേനായും അത്യധികം സന്തോഷിച്ചുവെന്നു പറയേണ്ടതില്ലല്ലോ.
20 എഫെസൂസിൽ പൗലൊസിന്റെ ഫലകരമായ ശുശ്രൂഷ അവനു സന്തോഷം കൈവരുത്തി, അതായിരിക്കാം യേശുവിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുവാൻ അവനെ പ്രേരിപ്പിച്ചത്: “സ്വീകരിക്കുന്നതിനെക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) സഞ്ചാരവേലയിൽ നിരന്തരമുള്ള കൊടുക്കൽ ഉൾപ്പെടുന്നതുകൊണ്ട്, അതിലേർപ്പെടുന്നവർ സന്തോഷം അനുഭവിക്കുന്നു, വിശേഷിച്ചും തങ്ങളുടെ വേലയുടെ നല്ല ഫലങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാകുമ്പോൾ. നിരുത്സാഹിതനായിരുന്ന ഒരു മൂപ്പനെ സഹായിച്ച ഒരു സർക്കിട്ട് മേൽവിചാരകനു ലഭിച്ച ഒരു എഴുത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “എന്റെ ആത്മീയ ജീവിതത്തിൽ താങ്കൾ വലിയൊരു ‘കരുത്തേകും സഹായ’മായിരുന്നു—താങ്കൾ വിചാരിക്കുന്നതിലുമധികം. . . . ‘കാലടികൾ ഏറെക്കുറെ വഴുതിപ്പോയ’ ആധുനികനാളിലെ ആസാഫിനു താങ്കൾ എത്രമാത്രം സഹായമായിരുന്നുവെന്നു താങ്കൾ ഒരിക്കലും പൂർണമായി അറിയുകയില്ല.”—കൊലൊസ്സ്യർ 4:11; സങ്കീർത്തനം 73:2.
21. 1 കൊരിന്ത്യർ 15:58 സഞ്ചാരമേൽവിചാരകന്മാരുടെ പ്രവർത്തനങ്ങൾക്കു ബാധകമാണെന്നു നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
21 വർഷങ്ങളോളം സർക്കിട്ട് വേലയിലായിരുന്ന പ്രായംചെന്ന ഒരു ക്രിസ്ത്യാനി “നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ” എന്നു പൗലൊസ് ഉദ്ബോധിപ്പിച്ച 1 കൊരിന്ത്യർ 15:58-നെക്കുറിച്ചു ചിന്തിക്കാൻ ഇഷ്ടപ്പെടുന്നു. സഞ്ചാരമേൽവിചാരകന്മാർക്കു കർത്താവിന്റെ വേലയിൽ തീർച്ചയായും ധാരാളം ചെയ്യാനുണ്ട്. യഹോവയുടെ അനർഹദയയുടെ വിശ്വസ്ത ഗൃഹവിചാരകന്മാരായി അതീവ സന്തോഷത്തോടെ അവർ സേവിക്കുന്നതിൽ നാമെത്ര നന്ദിയുള്ളവരാണ്!
[അടിക്കുറിപ്പ്]
a 1991 മേയ് 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 28-31-ലെ “ചെയ്യാൻ ധാരാളം സംഗതികളുമായി നിങ്ങൾക്കു സന്തുഷ്ടരായിരിക്കാനാവുമോ?” എന്ന ലേഖനം കാണുക.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ സഞ്ചാരമേൽവിചാരകന്മാരെ “നല്ല ഗൃഹവിചാരകന്മാ”രായി വീക്ഷിക്കാവുന്നതെന്തുകൊണ്ട്?
◻ കാര്യമായി പ്രയോജനം നേടാൻ സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരെ സഹായിക്കുന്ന ഏതാനും ഘടകങ്ങളേവ?
◻ സഞ്ചാര വേലയിൽ ഏർപ്പെടുന്നവർക്കു താഴ്മയും തീക്ഷ്ണതയും വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ സഞ്ചാരമേൽവിചാരകന്മാർക്ക് ഏതു നല്ല ലക്ഷ്യങ്ങളുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
സഞ്ചാരമേൽവിചാരകന്മാർ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു
[17-ാം പേജിലെ ചിത്രം]
സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരുമൊത്തുള്ള സഹവാസത്തിൽനിന്നു ചെറുപ്പക്കാർക്കും പ്രായംചെന്നവർക്കും ഒരുപോലെ പ്രയോജനം ലഭിക്കാവുന്നതാണ്
[18-ാം പേജിലെ ചിത്രം]
സഞ്ചാരമേൽവിചാരകന്മാരുടെ തീക്ഷ്ണതയുള്ള ശുശ്രൂഷ മറ്റുള്ളവരിൽ തീക്ഷ്ണത വളർത്തുന്നു