തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്ന യുവജനങ്ങൾ
തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്ന യുവജനങ്ങൾ
“നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാപ്രസംഗി 12:1.
1. ഒരു 11 വയസ്സുകാരന്റെ ഏതു വാക്കുകൾ നമ്മുടെ സ്രഷ്ടാവ് അവനു യഥാർഥമാണെന്നു വെളിപ്പെടുത്തുന്നു?
യഹോവയാം ദൈവത്തെ, തങ്ങൾ സ്തുതിക്കുകയും പ്രസാദിപ്പിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു യഥാർഥ വ്യക്തിയായി വീക്ഷിക്കുന്നുവെന്നു പ്രകടമാക്കുംവിധം കുട്ടികൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എത്ര നല്ലതാണ്! ഒരു 11 വയസ്സുകാരൻ പറഞ്ഞു: “ഞാൻ ഒറ്റയ്ക്കിരുന്നു ജനലിലൂടെ പുറത്തേക്കു നോക്കുമ്പോഴൊക്കെയും യഹോവയുടെ സൃഷ്ടികൾ എത്ര അത്ഭുതകരമാണെന്നു ഞാൻ മനസ്സിലാക്കുന്നു. പിന്നെ ഭാവിയിലെ പറുദീസയുടെ മനോഹാരിതയും അന്നു ഞാൻ മൃഗങ്ങളെ സ്പർശിക്കുന്നതും വിഭാവന ചെയ്യാറുണ്ട്.” (യെശയ്യാവു 11:6-9) അവൻ കൂട്ടിച്ചേർത്തു: “തനിച്ചായിരിക്കുമ്പോൾ ഞാൻ യഹോവയോടു പ്രാർഥിക്കുന്നു. എനിക്കറിയാം, എപ്പോഴും അവനോട് സംസാരിക്കുന്നതുകൊണ്ട് അവനൊരു ശല്യവും തോന്നുകയില്ലെന്ന്. അവനെപ്പോഴും എന്നെ വീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.” നമ്മുടെ സ്രഷ്ടാവ് ഈ ബാലന് യഥാർഥമായിരിക്കുന്നതുപോലെ അവൻ നിങ്ങൾക്കു യഥാർഥമാണോ?
ദൈവം നിങ്ങൾക്ക് എത്ര യഥാർഥമാണ്?
2. (എ) നിങ്ങളുടെ സ്രഷ്ടാവ് നിങ്ങൾക്കെങ്ങനെ യഥാർഥമായിത്തീരും? (ബി) ദൈവം ഒരു യഥാർഥ വ്യക്തിയാണെന്നു മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കൾക്ക് എന്തു പങ്കുണ്ട്?
2 യഹോവയും അവന്റെ വാഗ്ദത്തങ്ങളും നിങ്ങൾക്കു യഥാർഥമായിരിക്കണമെങ്കിൽ, നിങ്ങൾ ആദ്യം അവനെയും ബൈബിൾ വർണിക്കുന്ന നീതിനിഷ്ഠമായ പുതിയ ലോകത്തിൽ അവൻ വെച്ചുനീട്ടുന്ന മഹത്തായ ഭാവിയെയും കുറിച്ചു പഠിക്കണം. (വെളിപ്പാടു 21:3-5എ) ഈ സംഗതികളെക്കുറിച്ചു മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, കൃതജ്ഞതയുള്ളവരായിരിക്കാൻ നിങ്ങൾക്കു കാരണമുണ്ട്. എന്തെന്നാൽ ഇതു നിങ്ങളെ “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന നിശ്വസ്ത കൽപ്പന അനുസരിക്കാൻ പ്രാപ്തരാക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സഭാപ്രസംഗി 12:1) തനിക്കു മാതാപിതാക്കളിൽനിന്നു ലഭിച്ച ആദ്യകാല പരിശീലനത്തെക്കുറിച്ച് ഒരു യുവതി പറഞ്ഞു: “എന്തിലും അവർ എപ്പോഴും യഹോവയെ ഉൾപ്പെടുത്തുമായിരുന്നു. എന്റെ സ്രഷ്ടാവിനെ ഓർക്കുന്നതിനുള്ള മുഖ്യസംഗതിയായിരുന്നു ഇത്.” മറ്റൊരു യുവതി അഭിപ്രായപ്പെട്ടു: “യഹോവ ഒരു യഥാർഥ വ്യക്തിയാണെന്ന് എന്നെ പഠിപ്പിച്ചതിനു ഞാനെന്റെ മാതാപിതാക്കളോട് എന്നെന്നും കൃതജ്ഞതയുള്ളവളായിരിക്കും. അവനെ എങ്ങനെ സ്നേഹിക്കണമെന്ന് അവർ എന്നെ കാണിച്ചുതരുകയും മുഴുസമയം അവനെ സേവിക്കുന്നതിലെ സന്തോഷത്തെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു.”
3, 4. യഹോവയെ ഒരു യഥാർഥ വ്യക്തിയായി കരുതാൻ നിങ്ങളെ എന്തു സഹായിക്കും?
3 എന്നിട്ടും തങ്ങളിൽ താത്പര്യമുള്ള ഒരു യഥാർഥ വ്യക്തിയായി ദൈവത്തെക്കുറിച്ചു ചിന്തിക്കാൻ അനേകർക്കും ബുദ്ധിമുട്ടു തോന്നുന്നു. നിങ്ങൾക്കോ? ഒരു യുവാവിനെ ദൈവത്തെക്കുറിച്ചു വ്യക്തിപരമായ വിധത്തിൽ ചിന്തിക്കാൻ സഹായിച്ചത് വീക്ഷാഗോപുരത്തിലെ ഈ പ്രസ്താവനയായിരുന്നു: “യഹോവയുടെ ആകൃതി എത്ര വലുപ്പമുള്ളതാണെന്നു നമുക്കറിയില്ല.” തീർച്ചയായും, ആ വീക്ഷാഗോപുരത്തിന്റെ അടുത്ത വാക്യം പറയുന്നതുപോലെ, യഹോവയുടെ ശ്രേഷ്ഠത ആശ്രയിച്ചിരിക്കുന്നത് അവന്റെ ആകൃതിയെയോ രൂപത്തെയോ അല്ല: “അവന്റെ യഥാർഥ മാഹാത്മ്യം അവൻ ഏതുതരം ദൈവമാണ് എന്നതിലാണ്,” തീർച്ചയായും അവൻ വിശ്വസ്തനും അനുകമ്പയുള്ളവനും സ്നേഹസമ്പന്നനും ക്ഷമിക്കുന്നവനുമായ ദൈവമാണ്. a (പുറപ്പാടു 34:6; ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 86:5; യാക്കോബ് 5:11) യഹോവയെ അത്തരത്തിലുള്ള ഒരു വ്യക്തിയായിട്ട്, നിങ്ങൾക്ക് ഒരമൂല്യ ബന്ധമുണ്ടായിരിക്കാനാവുന്ന ഒരു സുഹൃത്തായിട്ട് ആണോ നിങ്ങൾ വീക്ഷിക്കുന്നത്?—യെശയ്യാവു 41:8; യാക്കോബ് 2:23.
4 ദൈവവുമായി വ്യക്തിപരമായൊരു ബന്ധം ആസ്വദിക്കുന്നതിനു യേശു തന്റെ ആദിമ അനുഗാമികളെ സഹായിച്ചു. അങ്ങനെ, യോഹന്നാൻ അപ്പോസ്തലൻ സ്വർഗീയ ജീവനിലേക്കു താൻ പ്രതീക്ഷിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ച് എഴുതിയപ്പോൾ, ഇങ്ങനെ പ്രസ്താവിച്ചു: “നാം [ദൈവത്തെ] താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹന്നാൻ 3:2; 1 കൊരിന്ത്യർ 15:44) ദൈവത്തെ ഒരു യഥാർഥ വ്യക്തിയായി, വ്യക്തിപരമായി അവനെ കാണാനാവില്ലെങ്കിലും തങ്ങൾക്ക് അടുത്ത് അറിയാവുന്നവനായി വീക്ഷിക്കാൻ യുവജനങ്ങളെ ഇന്നും സഹായിക്കാവുന്നതാണ്. ഒരു യുവാവ് പറഞ്ഞു: “‘യഹോവ എന്തു പറയും? സ്വന്തം വാക്കുകളിൽ നീ അത് എങ്ങനെ വിശദീകരിക്കും? അതിന്റെ അർഥമെന്താണ്?’ എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് യഹോവയെ ഓർക്കാൻ എന്റെ മാതാപിതാക്കൾ എന്നെ സഹായിച്ചു.” ഇതുപോലുള്ള ചോദ്യങ്ങൾ ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു നമ്മെ ചിന്തിപ്പിക്കുന്നില്ലേ?
ഓർമിക്കുകയെന്നതിന്റെ അർഥം
5. ആരെയെങ്കിലും ഓർക്കുന്നതിൽ അയാളുടെ പേർ അനുസ്മരിക്കുന്നതിനെക്കാളധികം ഉൾപ്പെടുന്നുവെന്ന് ഏതെല്ലാം ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
5 “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന കൽപ്പന അനുസരിക്കുകയെന്നാൽ യഹോവയെക്കുറിച്ചു കേവലം ചിന്തിക്കുന്നതിലുമധികം അർഥമാക്കുന്നുണ്ട്. അതിൽ പ്രവൃത്തി, അവനെ പ്രീതിപ്പെടുത്തുന്നതു ചെയ്യൽ ഉൾപ്പെടുന്നു. “നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു കുറ്റവാളി യേശുവിനോടു കേണപേക്ഷിച്ചപ്പോൾ യേശു തന്റെ നാമം ഓർക്കുന്നതിനെക്കാളധികം ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യേശു പ്രവർത്തിക്കണമെന്ന്, തന്നെ ഉയിർപ്പിക്കണമെന്ന് അവൻ ആഗ്രഹിച്ചു. (ലൂക്കൊസ് 23:42) അതുപോലെ, തടവിലാക്കപ്പെട്ട യോസേഫ് ഫറവോന്റെ പാനപാത്രവാഹകനോടു ഫറവോന്റെ അടുക്കലായിരിക്കുമ്പോൾ തന്നെ ഓർക്കണമെന്ന് അഭ്യർഥിച്ചപ്പോൾ അവൻ തനിക്കുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കാൻ പ്രതീക്ഷിച്ചു. ‘എന്നെ ഓർക്കണമേ’ എന്ന് ഇയ്യോബ് ദൈവത്തോടു യാചിച്ചപ്പോൾ, ഭാവിയിൽ ഏതോ ഒരു സമയത്തു ദൈവം തന്നെ ഉയിർപ്പിക്കണമെന്ന് അവൻ അപേക്ഷിക്കുകയായിരുന്നു.—ഇയ്യോബ് 14:13; ഉല്പത്തി 40:14, 23.
6. “ഓർക്കുക” എന്ന എബ്രായ പദം ഓർക്കുന്ന സംഗതിയോടോ വ്യക്തിയോടോ ഉള്ള ആർദ്രതയെ അർഥമാക്കുന്നതെങ്ങനെ?
6 “ഓർക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം പലപ്പോഴും “മനസ്സിന്റെ ആർദ്രതയെയും ഓർമയെത്തുടർന്നുള്ള പ്രവൃത്തിയെയും” അർഥമാക്കുന്നുവെന്ന് ഒരു പ്രാമാണിക ഉറവിടം പറയുന്നു. “ഓർക്കുക” എന്ന പദത്തിലെ “ആർദ്രത”യുടെ ധ്വനി മരുഭൂമിയിൽവെച്ച് “സമ്മിശ്ര ജാതി” ഇങ്ങനെ കരഞ്ഞുപറഞ്ഞതിൽ കാണാം: ‘ഞങ്ങൾ മിസ്രയീമിൽവെച്ചു തിന്നിട്ടുള്ള മത്സ്യം ഞങ്ങൾ ഓർക്കുന്നു!’ തന്നെ പ്രീതിയോടെ ഓർക്കണമെന്ന് ഇയ്യോബ് ദൈവത്തോടു യാചിച്ചതുപോലെ, ഹിസ്കീയാവും നെഹെമ്യാവും ദാവീദും കൂടാതെ ഒരു അജ്ഞാത സങ്കീർത്തനക്കാരനും തങ്ങളുടെ വിശ്വസ്തത നിമിത്തം യഹോവ തങ്ങളെ പ്രീതിയോടെ ഓർക്കണമെന്നു യാചിക്കുകയുണ്ടായി.—സംഖ്യാപുസ്തകം 11:4, 5; 2 രാജാക്കന്മാർ 20:3; നെഹെമ്യാവു 5:19; 13:31; സങ്കീർത്തനം 25:7; 106:4.
7. ദൈവത്തെ നാം ആർദ്രതയോടെ ഓർക്കുന്നെങ്കിൽ, ഇതു നമ്മുടെ നടത്തയെ എങ്ങനെ ബാധിക്കും?
7 അതുകൊണ്ട്, ‘നാം നമ്മുടെ സ്രഷ്ടാവിനെ ആർദ്രതയോടെ ഓർക്കുകയും വ്രണപ്പെടുത്തുന്നതോ അവനു വേദനയുണ്ടാക്കുന്നതോ ആയ എന്തും ഒഴിവാക്കുകയും ചെയ്യുന്നുണ്ടോ?’ എന്നു നമുക്കു ചോദിക്കാവുന്നതാണ്. ഒരു യുവതി അഭിപ്രായപ്പെട്ടു: “യഹോവയ്ക്കു വികാരങ്ങളുണ്ടെന്നു തിരിച്ചറിയാൻ അമ്മ എന്നെ സഹായിച്ചു. എന്റെ പ്രവൃത്തികൾ അവനെ ബാധിക്കുന്നുണ്ടെന്നു ചെറുപ്പത്തിൽത്തന്നെ എനിക്കറിയാമായിരുന്നു.” (സങ്കീർത്തനം 78:40-42) മറ്റൊരുവൾ പറഞ്ഞു: “സാത്താൻ യഹോവയുടെ മുമ്പാകെ നടത്തിയ വെല്ലുവിളിക്ക് ഉത്തരം കൊടുക്കുന്നതിന് എന്റെ പ്രവൃത്തികൾ സഹായകമോ തടസ്സമോ ആകുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു. അങ്ങനെ അതെന്നെ സഹായിച്ചു, ഇന്ന് എന്നെ സഹായിക്കുന്നതിൽ തുടരുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 27:11.
8. (എ) നാം യഹോവയെ ആർദ്രതയോടെ ഓർക്കുന്നുവെന്ന് ഏത് അനുധാവനം സൂചിപ്പിക്കും? (ബി) യുവജനങ്ങൾ ഏതു ചോദ്യം ബുദ്ധിപൂർവം പരിചിന്തിക്കും?
8 ഈ ദുഷ്ടലോകത്തിൽ, യഹോവയെ പ്രീതിപ്പെടുത്തുന്ന പ്രവർത്തനത്തിൽ പൂർണമായി പങ്കെടുത്തുകൊണ്ട് അവനെ ഓർക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലെന്നു സമ്മതിക്കുന്നു. എന്നാലും പയനിയർ ശുശ്രൂഷകൻ എന്നനിലയിൽ ക്രിസ്തീയ മുഴുസമയ സേവനം പിൻപറ്റിക്കൊണ്ട്, ഇന്നത്തെ ദൈവഭക്തരായ ആയിരക്കണക്കിനു യുവാക്കളെപ്പോലെ, ഒന്നാം നൂറ്റാണ്ടിലെ യുവ തിമൊഥെയൊസിനെ നിങ്ങൾക്ക് അനുകരിക്കാനാകുമെങ്കിൽ അത് എത്ര നല്ലതാണ്! (പ്രവൃത്തികൾ 16:1-3; 1 തെസ്സലൊനീക്യർ 3:2) എന്നിരുന്നാലും, ഈ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്: പയനിയർ ശുശ്രൂഷയിൽ നിങ്ങളെത്തന്നെ പിന്തുണയ്ക്കാനുള്ള പ്രാപ്തിയുണ്ടോ നിങ്ങൾക്ക്? നിങ്ങൾ വിവാഹം കഴിക്കുന്നെങ്കിൽത്തന്നെ, നിങ്ങളുടെ കുടുംബത്തിനായി കരുതുന്നതിനുള്ള വൈദഗ്ധ്യങ്ങൾ നിങ്ങൾക്കുണ്ടായിരിക്കുമോ? (1 തിമൊഥെയൊസ് 5:8) ഇവയെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഇവയ്ക്കു ഗൗരവമായ ചിന്ത കൊടുക്കുന്നത് മർമപ്രധാനമാണ്.
ഉദ്ദേശ്യത്തോടെയുള്ള വിദ്യാഭ്യാസം
9. ലൗകിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ യുവജനങ്ങൾ ഏതു തീരുമാനം അഭിമുഖീകരിക്കുന്നു?
9 മനുഷ്യ സമൂഹം അധികമധികം സങ്കീർണമാകുന്നതോടെ, പയനിയർവേലയിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിനു പറ്റിയ തൊഴിൽ നേടാൻ കൂടുതൽ വിദ്യാഭ്യാസം ആവശ്യമായിരിക്കാം. ഇന്നു തൊഴിലുടമകൾ വിലകൽപ്പിക്കുന്ന പുതിയ വൈദഗ്ധ്യങ്ങൾ നേടുന്നതിന് ഒരു സർവകലാശാലാ വിദ്യാഭ്യാസമുള്ള ചിലർക്കുപോലും കൂടുതലായ വിദ്യാഭ്യാസം ആവശ്യമാണെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ നിങ്ങൾ എത്രകണ്ട് സ്കൂൾ വിദ്യാഭ്യാസം തേടണം? “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”എന്ന നിശ്വസ്ത കൽപ്പന മനസ്സിൽപ്പിടിച്ചുകൊണ്ടുള്ള ഒരു തീരുമാനം ഉചിതമായി കൈക്കൊള്ളേണ്ടതാണ്.
10. നമുക്കു സ്വീകരിക്കാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം ഏത്?
10 തീർച്ചയായും, ഏറ്റവും നല്ല വിദ്യാഭ്യാസമെന്ന് അനേകം ലൗകിക പ്രാമാണികർപോലും കരുതുന്നത്—ദൈവവചനത്തിന്റെ ശ്രദ്ധാപൂർവകമായ പഠനത്തിൽനിന്നു സാക്ഷാത്കരിക്കപ്പെടുന്ന ഒന്ന്—നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കും. ജർമൻ എഴുത്തുകാരനായ യോഹാൻ വൂൾഫ്ഗാങ് വോൺ ഗോഥെ പ്രസ്താവിച്ചു: “[ഒരു ജനത്തി]ന്റെ ബൗദ്ധിക പുരോഗതി വർധിക്കുന്നതനുസരിച്ച്, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും ഉപാധിയും എന്നനിലയിൽ ബൈബിൾ കൂടുതൽ തികവിൽ ഉപയോഗത്തിലാകുന്നതിനു സാധ്യതയേറും.” അതേ, വേറെ ഏതൊരു വിദ്യാഭ്യാസത്തെക്കാളുമധികം ബൈബിൾ പഠനം നിങ്ങളെ ജീവിതത്തിനായി സജ്ജരാക്കും!—സദൃശവാക്യങ്ങൾ 2:6-17; 2 തിമൊഥെയൊസ് 3:14-17.
11. (എ) നമുക്കു ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയേത്? (ബി) അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം കുറച്ചുകൂടി വിദ്യാഭ്യാസം വേണമെന്ന് ഒരു യുവതി തീരുമാനിച്ചത് എന്തുകൊണ്ട്?
11 ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ജീവദായകമായതുകൊണ്ട്, നിങ്ങൾക്കിന്നു ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട വേല ആ പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കുകയാണ്. (സദൃശവാക്യങ്ങൾ 3:13-18; യോഹന്നാൻ 4:34; 17:3) എന്നിരുന്നാലും ഇതു ഫലപ്രദമായി ചെയ്യുന്നതിന്, അടിസ്ഥാന വിധങ്ങളിൽ നിങ്ങൾക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. നിങ്ങൾ വ്യക്തമായി ചിന്തിക്കുകയും യുക്തിപൂർവം സംസാരിക്കുകയും നന്നായി എഴുതാനും വായിക്കാനുമുള്ള പ്രാപ്തി—സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന വൈദഗ്ധ്യങ്ങൾ—നേടുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു യു.എസ്.എ.-യിലെ ഫ്ളോറിഡയിലെ ഒരു യുവതിയായ ട്രേസി ചെയ്തതുപോലെ, നിങ്ങളുടെ സ്കൂൾ കോഴ്സുകൾ ഗൗരവമായിട്ടെടുക്കുക. കലാലയ ബഹുമതികളോടെ ഹൈസ്കൂൾ ബിരുദം നേടിയ അവൾ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു: “എന്റെ ദൈവമായ യഹോവയുടെ ഒരു മുഴുസമയ ശുശ്രൂഷക ആയിത്തീരുകയെന്നതായിരുന്നു എന്നും എന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താൻ എന്റെ വിദ്യാഭ്യാസം എന്നെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ.”
12. കൂടുതലായ ലൗകിക വിദ്യാഭ്യാസം വേണമെന്നു തീരുമാനിക്കുന്നപക്ഷം, അത് ഏത് ഉദ്ദേശ്യം നിവർത്തിക്കുന്നതിന് സഹായിക്കും?
12 എന്തിന് സ്കൂളിൽ പോകണമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മുഖ്യമായും അതു യഹോവയുടെ ഒരു ഫലപ്രദനായ ശുശ്രൂഷകനായിത്തീരാൻ നിങ്ങളെ സജ്ജനാക്കുന്നതിനുവേണ്ടിയാണോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ വിദ്യാഭ്യാസംകൊണ്ട് ഈ ഉദ്ദേശ്യം എത്ര നന്നായി നിറവേറുന്നുവെന്നു ഗൗരവമായി പരിഗണിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ മാതാപിതാക്കളുമായി കൂടിയാലോചിച്ചിട്ട്, നിയമം ആവശ്യപ്പെടുന്ന അടിസ്ഥാന സ്കൂൾവിദ്യാഭ്യാസത്തിനുശേഷവും പഠനം തുടരാമെന്നു നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്. കൂടുതലായ അത്തരം വിദ്യാഭ്യാസം, നിങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യപ്രവർത്തനത്തിൽ പൂർണമായി പങ്കുകൊള്ളുന്നതിനുള്ള സമയവും ഊർജവും ലഭിക്കുന്നതിനും പര്യാപ്തമായ തൊഴിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.—മത്തായി 6:33.
13. കൂടുതലായ വിദ്യാഭ്യാസം തേടിയ രണ്ടു റഷ്യൻ ക്രിസ്ത്യാനികൾ ജീവിതത്തിലെ ഉദ്ദേശ്യം പ്രകടമാക്കിയതെങ്ങനെ?
13 അനുബന്ധ വിദ്യാഭ്യാസത്തിനായി പോകുന്ന ചിലർ കൂടുതലായ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെത്തന്നെ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുന്നു. റഷ്യയിലെ മോസ്കോയിലുള്ള നാദിയ, മറീന എന്നീ രണ്ടു കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ കാര്യം പരിചിന്തിക്കുക. 1994 ഏപ്രിലിൽ സ്നാപനമേറ്റ രണ്ടുപേരും സഹായപയനിയർ ശുശ്രൂഷകരായി സേവിക്കാൻ തുടങ്ങി. അതിനുശേഷം താമസിയാതെ സ്കൂളിൽനിന്നു ബിരുദംനേടിയ അവർ ദ്വിവർഷ അക്കൗണ്ടിങ് കോഴ്സിനു ചേർന്നു. 1995 മേയിൽ അവർ നിരന്തര പയനിയറിങ് തുടങ്ങി. എന്നിട്ടും അവർ അക്കൗണ്ടിങ് ക്ലാസ്സിൽ ഒന്നാം ഗ്രേഡ് നിലനിർത്തി. മാത്രവുമല്ല, സ്കൂളിൽ പോകുമ്പോൾത്തന്നെ അവർക്കു രണ്ടുപേർക്കുംകൂടി വാരംതോറും ശരാശരി 14 അധ്യയനങ്ങൾ നടത്താൻ കഴിഞ്ഞു. മുഴുസമയ ശുശ്രൂഷയിൽ തങ്ങളെ പിന്തുണയ്ക്കാനാവുന്ന നല്ലൊരു തൊഴിൽ കണ്ടെത്താൻ അക്കൗണ്ടിങ് കോഴ്സ് തങ്ങളെ സഹായിക്കുമെന്നാണ് ഈ പെൺകുട്ടികളുടെ പ്രതീക്ഷ.
14. നാം എത്രത്തോളം ലൗകിക വിദ്യാഭ്യാസം തിരഞ്ഞെടുത്താലും, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്തായിരിക്കണം?
14 നിയമം ആവശ്യപ്പെടുന്നപ്രകാരമുള്ള അടിസ്ഥാന വിദ്യാഭ്യാസത്തെക്കാൾ കൂടുതലായ വിദ്യാഭ്യാസം നിങ്ങൾ തേടുന്നെങ്കിൽ, അങ്ങനെ ചെയ്യുന്നതിനുള്ള കാരണം ജ്ഞാനപൂർവം പരിശോധിക്കുക. അതു നിങ്ങൾക്കായിത്തന്നെ ഒരു പേരു സമ്പാദിക്കാനാണോ ഭൗതിക സമ്പത്ത് ഉണ്ടാക്കാനാണോ? (യിരെമ്യാവു 45:5; 1 തിമൊഥെയൊസ് 6:17) അല്ലെങ്കിൽ യഹോവയുടെ സേവനത്തിൽ കൂടുതൽ തികവോടെ പങ്കെടുക്കുന്നതിന് അനുബന്ധ വിദ്യാഭ്യാസം ഉപയോഗിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? കൂടുതലായ വിദ്യാഭ്യാസം തേടാൻ തീരുമാനിച്ച യുവതിയായ ലിഡിയ ഇങ്ങനെ പറഞ്ഞുകൊണ്ട് ആത്മീയ കാര്യങ്ങളിൽ താൻ ഉത്തമ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു പ്രകടിപ്പിച്ചു: “മറ്റുള്ളവർ ഉന്നത വിദ്യാഭ്യാസം തേടുന്നു. എന്നാൽ ഭൗതികത്വ ചിന്താഗതി അവർക്കു തടസ്സമായിത്തീർന്ന് അവർ ദൈവത്തെ വിട്ടുകളഞ്ഞിരിക്കുന്നു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട സംഗതി വ്യക്തിപരമായി ദൈവവുമായുള്ള എന്റെ ബന്ധമാണ്.” നമുക്കെല്ലാവർക്കും വേണ്ട എത്ര പ്രശംസനീയ മനോഭാവം!
15. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ ഏതെല്ലാം വ്യത്യസ്ത വിദ്യാഭ്യാസ പശ്ചാത്തലങ്ങളുണ്ടായിരുന്നു?
15 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു വിപുലമായ വ്യത്യസ്ത വിദ്യാഭ്യാസ പശ്ചാത്തലങ്ങളുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, അപ്പോസ്തലന്മാരായ പത്രൊസും യോഹന്നാനും. റബിനിക് സ്കൂളുകളിൽ പരിശീലനം ലഭിച്ചിട്ടില്ലാതിരുന്നതിനാൽ അവരെ “പഠിപ്പില്ലാത്തവരും സാമാന്യരു”മായാണ് വീക്ഷിച്ചിരുന്നത്. (പ്രവൃത്തികൾ 4:13) അതേസമയം, ഇന്നത്തെ ഒരു സർവകലാശാല ബിരുദത്തോടു താരതമ്യം ചെയ്യാവുന്ന വിദ്യാഭ്യാസം പൗലൊസ് അപ്പോസ്തലനു ലഭിച്ചിരുന്നു. എന്നിട്ടും, തന്നിലേക്കുതന്നെ ശ്രദ്ധയാകർഷിക്കാനായിരുന്നില്ല പൗലൊസ് ആ വിദ്യാഭ്യാസത്തെ ഉപയോഗിച്ചത്; മറിച്ച് അവൻ വ്യത്യസ്ത ജീവിതതുറകളിലുള്ള ആളുകളോടു പ്രസംഗിച്ചപ്പോൾ അതൊരു മുതൽക്കൂട്ടായിരുന്നു. (പ്രവൃത്തികൾ 22:3; 1 കൊരിന്ത്യർ 9:19-23; ഫിലിപ്പിയർ 1:7) അതുപോലെ, “ഹെരോദാവിനോടുകൂടെ വിദ്യാഭ്യാസം നേടിയ ഡിസ്ട്രിക്റ്റ് ഭരണാധിപനായ” മനായേൻ അന്ത്യോക്യ സഭയിൽ നേതൃത്വമെടുത്തവരിൽ ഒരുവനായിരുന്നു.—പ്രവൃത്തികൾ 13:1, NW.
പണം ബുദ്ധിപൂർവം ചെലവഴിക്കേണ്ടതെന്തുകൊണ്ട്?
16. (എ) നാം കടത്തിലാകുന്നെങ്കിൽ, നമ്മുടെ സ്രഷ്ടാവിനെ ഓർക്കുന്നത് ബുദ്ധിമുട്ടായിത്തീരാവുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ ഒരു ദൃഷ്ടാന്തം, ചെലവഴിക്കുംമുമ്പെ ആലോചിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതെങ്ങനെ?
16 നിങ്ങളുടെ പണം ബുദ്ധിപൂർവം ചെലവഴിക്കാൻ പരാജയപ്പെടുന്നെങ്കിൽ, സ്രഷ്ടാവിനെ പ്രീതിപ്പെടുത്തുന്നതു ചെയ്തുകൊണ്ട് അവനെ ഓർമിക്കാൻ ബുദ്ധിമുട്ടാവും. കാരണം നിങ്ങൾ കടത്തിലാകുന്നെങ്കിൽ, നിങ്ങൾക്കു മറ്റൊരു യജമാനൻ ഉണ്ടായിരിക്കുന്നുവെന്നു പറയാനാവും. “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്നു ബൈബിൾ വിശദമാക്കുന്നു. (സദൃശവാക്യങ്ങൾ 22:7) ചെലവാക്കുംമുമ്പേ ചിന്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണു യേശുവിന്റെ ഒരു ദൃഷ്ടാന്തംതന്നെ. യേശു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം. കാണുന്നവൻ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.”—ലൂക്കൊസ് 14:28-30.
17. ചെലവഴിക്കൽ നിയന്ത്രിക്കുന്നത് ഒരുവനു പലപ്പോഴും പ്രയാസകരമായിരിക്കുന്നത് എന്തുകൊണ്ട്?
17 അതുകൊണ്ട്, “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു” എന്ന തിരുവെഴുത്തു തത്ത്വത്തിനു ചേർച്ചയിൽ ജീവിക്കാൻ ബുദ്ധിപൂർവം നിങ്ങൾ ശ്രമിക്കും. (റോമർ 13:8) എന്നാൽ നിങ്ങൾക്കു ശരിക്കും ആവശ്യമുണ്ടെന്നു പരസ്യക്കാർ അവകാശപ്പെടുന്ന പുതിയ ഉത്പന്നങ്ങളുടെ കുത്തൊഴുക്കുള്ളപ്പോൾ വിശേഷിച്ചും ഇതു ചെയ്യുക ബുദ്ധിമുട്ടാണ്. വിവേചന ഉപയോഗിക്കാൻ തന്റെ കുട്ടികളെ സഹായിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു പിതാവ് അഭിപ്രായപ്പെട്ടു: “ഒരു ആവശ്യവും ഒരു ആഗ്രഹവും എന്താണെന്നതിനെക്കുറിച്ചു കാര്യമായി സമയമെടുത്തുതന്നെ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.” ഉത്തരവാദിത്വത്തോടെ പണം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് കാര്യമായ പ്രബോധനം കൊടുക്കാതെ സ്കൂളുകൾ അത്തരം സംഗതികൾ പഠിപ്പിക്കാൻ പൊതുവേ പരാജയപ്പെട്ടിരിക്കുകയാണ്. “എങ്ങനെ പണം ലാഭിക്കാനാവുമെന്നതിനെക്കാൾ സമദ്വിഭുജത്രികോണത്തെക്കുറിച്ചുള്ള കൂടുതലായ അറിവോടെയാണ് ഞങ്ങൾ സ്കൂളിൽനിന്നു ബിരുദംനേടി പുറത്തുവരുന്നത്,” ഒരു സാമൂഹിക പ്രവർത്തക അഭിപ്രായപ്പെട്ടു. അപ്പോൾ ബുദ്ധിപൂർവം ചെലവഴിക്കാൻ നിങ്ങളെ എന്തിനു സഹായിക്കാനാവും?
18. പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മുഖ്യഘടകം എന്ത്, എന്തുകൊണ്ട്?
18 “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ഉദ്ബോധനത്തിനു ചെവി കൊടുക്കുന്നത് നിങ്ങളുടെ പണം ബുദ്ധിപൂർവം ഉപയോഗിക്കുന്നതിനുള്ള ഒരു മുഖ്യഘടകമാണ്. അതിനു കാരണം, നിങ്ങൾ ആ കൽപ്പന അനുസരിക്കുമ്പോൾ, നിങ്ങൾ യഹോവയെ പ്രീതിപ്പെടുത്തുന്നതിനു മുൻതൂക്കം കൊടുക്കുകയും അവനോടുള്ള നിങ്ങളുടെ പ്രീതിവാത്സല്യം നിങ്ങൾ നിങ്ങളുടെ പണം ചെലവഴിക്കുന്ന വിധത്തെ സ്വാധീനിക്കുകയും ചെയ്യും എന്നതാണ്. തദനുസരണം, ദൈവത്തിനു മുഴുദേഹിയോടെയുള്ള ഭക്തി കൊടുക്കുന്നതിനു വ്യക്തിപരമായ ആഗ്രഹങ്ങൾ തടസ്സമാകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കും. (മത്തായി 16:24-26) നിങ്ങൾ നിങ്ങളുടെ കണ്ണു “ചൊവ്വുള്ള”താക്കി നിർത്താൻ യത്നിക്കും, അതായത് ദൈവരാജ്യത്തെയും അവന്റെ ഹിതം ചെയ്യുന്നതിനെയും വ്യക്തമായി കേന്ദ്രീകരിച്ചു നിർത്തും. (മത്തായി 6:22-24) അങ്ങനെ ‘യഹോവയെ നിന്റെ ധനംകൊണ്ട് ബഹുമാനിക്ക’ എന്ന ദിവ്യ അനുശാസനത്തെ സന്തോഷപൂർണമായ ഒരു പദവിയായി നിങ്ങൾ വീക്ഷിക്കാനിടവരും.—സദൃശവാക്യങ്ങൾ 3:9.
അനുകരണയോഗ്യരായ യുവജനങ്ങൾ
19. കഴിഞ്ഞ കാലങ്ങളിൽ യുവജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ ഓർത്തിട്ടുള്ളതെങ്ങനെ?
19 സന്തോഷകരമെന്നു പറയട്ടെ, കഴിഞ്ഞകാലത്തെയും ഇപ്പോഴത്തെയും അനേകം യുവജനങ്ങളും തങ്ങളുടെ സൃഷ്ടാവിനെ ഓർത്തിട്ടുണ്ട്. തന്നോടൊപ്പം സേവിച്ചിരുന്നവരുടെ അധാർമിക സ്വാധീനമുണ്ടായിരുന്നിട്ടും ബാലനായ ശമൂവേൽ സമാഗമനകൂടാരത്തിലെ സേവനത്തിൽ അചഞ്ചലനായി നിലകൊണ്ടു. (1 ശമൂവേൽ 2:12-26) പോത്തീഫറുടെ ഭാര്യ മോഹിനിയായി യോസേഫിനെ പരസംഗത്തിലേക്കു വശീകരിക്കാൻ ശ്രമിച്ചെങ്കിലും, വിജയിച്ചില്ല. (ഉല്പത്തി 39:1-12) ‘ബാലനാ’യിരുന്നിട്ടുപോലും, യിരെമ്യാവു കഠിനമായ എതിർപ്പിനുമുന്നിലും സധൈര്യം പ്രസംഗിച്ചു. (യിരെമ്യാവു 1:6-8) ഒരു കൊച്ചു ഇസ്രായേല്യ ബാലിക നിർഭയം ശക്തനായ സിറിയൻ സൈന്യാധിപനെ, യഹോവയെക്കുറിച്ചു പഠിച്ച് സഹായം തേടാവുന്നിടമായ ഇസ്രായേലിലേക്കു പറഞ്ഞുവിട്ടു. (2 രാജാക്കന്മാർ 5:1-4) യുവാവായ ദാനീയേലും കൂട്ടുകാരും ഭക്ഷണക്രമ സംബന്ധമായ ദൈവനിയമങ്ങളുടെ കാര്യത്തിൽ പരിശോധിക്കപ്പെട്ടപ്പോൾ അവർ തങ്ങളുടെ വിശ്വാസം കാത്തു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ യുവാക്കൾ ഒരു പ്രതിമയെ ആരാധിച്ചുകൊണ്ട് ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനുപകരം തീച്ചൂളയിലേക്ക് എറിയപ്പെടുന്നതു തിരഞ്ഞെടുത്തു.—ദാനീയേൽ 1:8, 17; 3:16-18; പുറപ്പാടു 20:5.
20. ഇന്ന് അനേകം യുവജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ ഓർത്തിട്ടുള്ളതെങ്ങനെ?
20 ഇന്നു യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് 19-നും 25-നുമിടയിൽ പ്രായമുള്ള 2,000-ത്തിലധികം യുവജനങ്ങൾ സേവിക്കുന്നുണ്ട്. തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്ന ലോകവ്യാപകമായുള്ള പതിനായിരക്കണക്കിനു യുവജനങ്ങളിൽ ഒരു ചെറിയ ഭാഗംമാത്രമാണ് അവർ. പുരാതന കാലത്തെ യോസേഫിനെപ്പോലെ, അവർ തങ്ങളുടെ ധാർമിക ശുദ്ധിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചിരിക്കുന്നു. തങ്ങൾ ആരെ സേവിക്കണമെന്നു തീരുമാനിക്കാൻ നിർബന്ധിതരായപ്പോൾ അനേകരും മനുഷ്യരെക്കാൾ അധികമായി ദൈവത്തെ അനുസരിച്ചിരിക്കുന്നു. (പ്രവൃത്തികൾ 5:29) 1946-ൽ പോളണ്ടിൽ, മതപരമായ ഒരു വിഗ്രഹാരാധനപ്രവൃത്തി ചെയ്യാൻ വിസമ്മതിച്ചതിന് 15 വയസ്സുകാരി ഹെൻട്രിക ഷൂർ കഠിനമായി പീഡിപ്പിക്കപ്പെട്ടു. “ഉള്ളിന്റെയുള്ളിൽ നിനക്കിഷ്ടമുള്ളതു വിശ്വസിച്ചോളൂ, എന്നാൽ കത്തോലിക്കരുടെ കുരിശടയാളമിടാതെ തരമില്ല” പീഡകരിൽ ഒരാൾ നിർദേശിച്ചു. അവൾ വിസമ്മതിച്ചതുകൊണ്ട്, അവളെ കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നു. പക്ഷേ തകർക്കാനാവാഞ്ഞ ഒന്നുണ്ട്, അവൾക്ക് ഉറപ്പുണ്ടായിരുന്ന നിത്യജീവന്റെ പ്രതീക്ഷ! b
21. ഏത് ആഹ്വാനം സ്വീകരിക്കുന്നതു ബുദ്ധിപൂർവകമാണ്, അനന്തരഫലം എന്തായിരിക്കും?
21 നൂറ്റാണ്ടുകളിലെല്ലാം തന്നെ ഓർത്തിട്ടുള്ള യുവജനങ്ങൾനിമിത്തം യഹോവയുടെ ഹൃദയം എത്ര ആഹ്ലാദിച്ചിട്ടുണ്ടാവും! “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ആഹ്വാനത്തോടു നിങ്ങൾ പ്രതികരിക്കുമോ? സത്യമായും അവൻ നിങ്ങളുടെ ഓർമയ്ക്കു യോഗ്യനാണ്! അവൻ നിങ്ങൾക്കു ചെയ്തിട്ടുള്ളതും ഇനി ചെയ്യാനിരിക്കുന്നതുമായ സകല സംഗതികളെയും കുറിച്ച് ദിവസേന ചിന്തിക്കുക, എന്നിട്ട് ഈ ആഹ്വാനം സ്വീകരിക്കുക: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃശവാക്യങ്ങൾ 27:11.
[അടിക്കുറിപ്പുകൾ]
a 1953 ഡിസംബർ 15 വീക്ഷാഗോപുരം, (ഇംഗ്ലീഷ്) പേജ് 750.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം—1994, പേജുകൾ 217-18 കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ ദൈവത്തെ ഒരു യഥാർഥ വ്യക്തിയായി വീക്ഷിക്കുന്നതിനു യുവജനങ്ങളെ എങ്ങനെ സഹായിക്കാം?
◻ നിങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുകയെന്നതിന്റെ അർഥമെന്ത്?
◻ നമ്മുടെ വിദ്യാഭ്യാസം ഏത് ഉദ്ദേശ്യം നിവർത്തിക്കണം?
◻ നമ്മുടെ പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുന്നത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഏതു യുവജനങ്ങൾ മാതൃകായോഗ്യരാണ്?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
എന്തിനു സ്കൂളിൽ പോകണമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
[18-ാം പേജിലെ ചിത്രം]
നിങ്ങൾ പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യാൻ പഠിക്കുന്നുണ്ടോ?