പ്രകൃതി വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ
പ്രകൃതി വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ
ഘാനയിലെ അക്ര, 1995 ജൂലൈ 4: ഏതാണ്ട് 60 വർഷത്തിനിടയിലുണ്ടായ കനത്ത പേമാരി ഭയങ്കര വെള്ളപ്പൊക്കത്തിനു കാരണമായി. ഏതാണ്ട് 2,00,000 പേർക്കു സകലതും നഷ്ടപ്പെട്ടു, 5,00,000 പേർക്കു തങ്ങളുടെ വീടുകളിലേക്കു പ്രവേശിക്കാനായില്ല, 22 പേർ മരണമടഞ്ഞു.
യു.എസ്.എ.-യിലെ ടെക്സാസിലുള്ള സാൻ ആഞ്ചലോ, 1995 മേയ് 28: ചുഴലിക്കാറ്റും ആലിപ്പഴവർഷവും 90,000 നിവാസികളുള്ള ഈ നഗരത്തെ തകർത്തുതരിപ്പണമാക്കി. സ്ഥിതിവിവരക്കണക്കനുസരിച്ച് 12 കോടി ഡോളറിന്റെ (യു.എസ്.) നാശനഷ്ടമുണ്ടായി.
ജപ്പാനിലെ കോബെ, 1995 ജനുവരി 17: വെറും 20 സെക്കൻറ് നേരത്തേക്കുണ്ടായ ഭൂകമ്പം ആയിരങ്ങളുടെ ജീവനപഹരിച്ചു, പതിനായിരക്കണക്കിനാളുകൾക്കു പരിക്കേൽപ്പിച്ചു, ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി.
വിപത്തുകളുടെ യുഗം എന്നു വിളിക്കാവുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. 1963 മുതൽ 1992 വരെയുള്ള 30 വർഷക്കാലം, വിപത്തുകൾ നിമിത്തം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ സ്ഥലമൊഴിയുകയോ ചെയ്ത ആളുകളുടെ എണ്ണം ഓരോ വർഷവും ശരാശരി 6 ശതമാനമെന്ന നിരക്കിൽ വർധിച്ചുവെന്ന് ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ടു വെളിപ്പെടുത്തുന്നു. ഇരുളടഞ്ഞ ഈ സാഹചര്യം നിമിത്തം യുഎൻ, 1990-കൾക്കു “പ്രകൃതി വിപത്തു കുറയ്ക്കുന്നതിനുള്ള സാർവദേശീയ ദശകം” എന്നു പേരിട്ടു.
തീർച്ചയായും, കൊടുങ്കാറ്റോ അഗ്നിപർവത സ്ഫോടനമോ ഭൂകമ്പമോ പോലുള്ള ഒരു പ്രകൃതി ശക്തി എല്ലായ്പോഴും ദുരന്തം വിതയ്ക്കുന്നില്ല. മനുഷ്യർക്കു യാതൊരു ഹാനിയും വരുത്താതെ വർഷംതോറും നൂറുകണക്കിനു സംഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ ജീവന്റെയും വസ്തുവകകളുടെയും കനത്ത നാശനഷ്ടം ഉൾപ്പെട്ടിരിക്കുമ്പോൾ അതിനെ ഉചിതമായും വിപത്തെന്നു വിളിക്കുന്നു.
പ്രകൃതി വിപത്തുകളിലുള്ള വർധനവ് ഒഴിവാക്കാനാവാത്തതുപോലെ തോന്നിക്കുന്നു. പ്രകൃതി വിപത്തുകൾ—ദൈവത്തിന്റെ പ്രവൃത്തികളോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്തെങ്കിലുമൊക്കെ ദുരന്തങ്ങൾ താണ്ഡവമാടാൻ ചായ്വ് കാട്ടത്തക്കവണ്ണം പരിസ്ഥിതിയിൽ ആളുകൾ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. അവർ അത്തരം ആപത്തുകൾക്കു തങ്ങളെത്തന്നെ കൂടുതൽ വിധേയരാക്കത്തക്കവണ്ണം പ്രവർത്തിക്കുകയാണ്.” ആ പുസ്തകം ഒരു കൽപ്പിത ദൃഷ്ടാന്തം നൽകുന്നു: “ചെങ്കുത്തായ മലയിടുക്കിന്റെ ഓരത്ത്, കട്ടിയായ മൺ-ഇഷ്ടികകൊണ്ടു തീർത്തിരിക്കുന്ന കുടിലുകൾ നിറഞ്ഞ ചേരിപ്പട്ടണത്തിലുണ്ടാകുന്ന ശക്തികുറഞ്ഞ ഭൂകമ്പം ആളുകളുടെ മരണം, യാതന എന്നിവ കണക്കിലെടുക്കുമ്പോൾ ശരിക്കും ഒരു വിപത്താണെന്നു തെളിഞ്ഞേക്കാം. എന്നാൽ വിപത്തു കൂടുതലും ഭൂമികുലുക്കത്തിന്റെ ഫലമാണോ അതോ അത്തരം അപകടകരമായ സ്ഥലത്ത് അപകടകരമായ വീടുകളിൽ ആളുകൾ താമസിക്കുന്നതിന്റെ ഫലമാണോ?”
പ്രകൃതി വിപത്തുകളിലുണ്ടാകുന്ന വർധനവു ബൈബിൾ വിദ്യാർഥികളെ അതിശയിപ്പിക്കാത്തതിനു മറ്റൊരു കാരണവുമുണ്ട്. “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ അടയാളമായി മറ്റു സംഗതികളോടൊപ്പം, ‘ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടായിരിക്കും’ എന്ന് ഏതാണ്ട് 2,000 വർഷം മുമ്പ് യേശുക്രിസ്തു മുൻകൂട്ടി പറഞ്ഞിരുന്നു. (മത്തായി 24:3, 6-8, NW) ‘അന്ത്യകാലത്തു’ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വാത്സല്യമില്ലാത്തവരും സദ്ഗുണദ്വേഷികളും ആയിരിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. a (2 തിമൊഥെയൊസ് 3:1-5) ഇത്തരം സ്വഭാവവിശേഷതകൾ മിക്കപ്പോഴും പരിസ്ഥിതിക്കെതിരെ പ്രവർത്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അത് മനുഷ്യരെ പ്രകൃതി ശക്തികൾക്കു കൂടുതൽ വിധേയരാക്കുന്നു. മനുഷ്യനിർമിത വിപത്തുകൾ, മിക്കവർക്കും കഴിഞ്ഞുകൂടേണ്ടി വരുന്ന സ്നേഹരഹിതമായ സമുദായത്തിൽനിന്നു മുളച്ചുപൊന്തിയതും കൂടെയാണ്.
നമ്മുടെ ഗ്രഹം കൂടുതൽ ജനനിബിഡമാകുകയും മനുഷ്യപെരുമാറ്റം ജനങ്ങളെ ഉയർന്ന അപകടാവസ്ഥയിലാക്കുകയും ഭൂമിയുടെ വിഭവങ്ങൾ വർധിച്ച നിരക്കിൽ പാഴ്ചെലവു നടത്തുകയും ചെയ്യുമ്പോൾ വിപത്തുകൾ തുടർന്നും മനുഷ്യരെ വേട്ടയാടും. ദുരിതാശ്വാസം പ്രദാനം ചെയ്യുന്നതു വെല്ലുവിളികൾ ഉയർത്തുന്നു. പിൻവരുന്ന ലേഖനം അതു പ്രകടമാക്കും.
[അടിക്കുറിപ്പ്]
a അന്ത്യനാളുകളുടെ അടയാളത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 98-107 പേജുകൾ കാണുക.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top: Information Services Department, Ghana; right: San Angelo Standard-Times
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Maxie Roberts/Courtesy of THE STATE