മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളിൽ ആനന്ദിക്ക
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളിൽ ആനന്ദിക്ക
“നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:25.
1. എന്തു കാരണത്താൽ മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ആനന്ദിക്കും?
ഒരു തൈ വളർന്ന് സുന്ദരമായ ഒരു പടുകൂറ്റൻ തണൽവൃക്ഷമായിത്തീരുന്നത് കാണുന്നത്—വിശേഷിച്ചും അതു നിങ്ങൾ നട്ടുവളർത്തിയതാണെങ്കിൽ—എന്തൊരു രസമാണ്! അതുപോലെ, കുട്ടികൾക്കുവേണ്ടി കരുതുന്ന മാതാപിതാക്കൾ അവർ വളർന്നു പക്വതയുള്ള ദൈവദാസരായിത്തീരുന്നതു കാണുന്നതിൽ ആനന്ദിക്കുന്നു. അത് ഒരു ബൈബിൾ സദൃശവാക്യം പറയുന്നതുപോലെയാണ്: “നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:24, 25.
2, 3. (എ) മാതാപിതാക്കൾക്കു ഖേദവും കൈപ്പും ഒഴിവാക്കാനാവുന്നതെങ്ങനെ? (ബി) ആനന്ദത്തിന് ഉറവായിത്തീരുന്നതിനു തൈകൾക്കും കുട്ടികൾക്കും എന്താവശ്യമാണ്?
2 എന്നിരുന്നാലും, ഒരു കുട്ടി സ്വതവേ ‘നീതിമാനും ജ്ഞാനിയും’ ആയിത്തീരുന്നില്ല. തൈ വളർത്തി പടുകൂറ്റൻ വൃക്ഷമാക്കിമാറ്റുന്നതിനു ശ്രമം ആവശ്യമാണ്. അതുപോലെ കുട്ടികൾ “ഖേദ”കാരണവും “കൈപ്പും” ആയിത്തീരാതിരിക്കുന്നതിനു വലിയ ശ്രമം ആവശ്യമാണ്. (സദൃശവാക്യങ്ങൾ 17:21, 25) ഉദാഹരണത്തിന്, താങ്ങുകുറ്റികൾക്ക് ഒരു തൈയെ കരുത്തോടെ, നേരെ വളർത്തിക്കൊണ്ടുവരാനാവും. ക്രമമായി വെള്ളം ലഭിക്കുന്നതു ജീവത്പ്രധാനമാണ്. തൈയ്ക്ക് കീടങ്ങളിൽനിന്നു സംരക്ഷണവും വേണം. അവസാനം, വെട്ടിവെടിപ്പാക്കലോടെ അതൊരു മനോഹര വൃക്ഷമായിത്തീരുന്നു.
3 ദൈവിക പരിശീലനം, ബൈബിൾസത്യം എന്ന ജലംകൊണ്ടു നിറയൽ, ധാർമിക ദുഷ്പെരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം, അനഭിലഷണീയ സ്വഭാവവിശേഷങ്ങൾ വെട്ടിവെടിപ്പാക്കുന്നതിനുള്ള സ്നേഹപുരസ്സരമായ ശിക്ഷണം എന്നിവപോലുള്ള സംഗതികൾ കുട്ടികൾക്ക് ആവശ്യമാണെന്നു ദൈവവചനം വെളിപ്പെടുത്തുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരുവാൻ പിതാക്കന്മാർ വിശേഷാൽ ഉദ്ബോധിപ്പിക്കപ്പെടുന്നു. (എഫെസ്യർ 6:4, NW) അതിലെന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
യഹോവയുടെ വചനത്തിനുള്ള പ്രാധാന്യം
4. കുട്ടികളോടുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വമെന്ത്, അതു നിവർത്തിക്കുന്നതിനുമുമ്പ് എന്താവശ്യമാണ്?
4 ‘യഹോവയുടെ മാനസികക്രമവത്കരണം’ എന്നതിനു നമ്മുടെ ചിന്തയെ യഹോവയുടെ ഹിതത്തോടു യോജിപ്പിലാക്കൽ എന്നാണ് അർഥം. അപ്പോൾ, സംഗതികൾ സംബന്ധിച്ചുള്ള യഹോവയുടെ ചിന്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കണം. അത് അവന്റെ ചിന്താഗതി അവരിൽ ഉൾനടും. കൂടാതെ അനുകമ്പയാർന്ന ശിക്ഷണമോ തിരുത്തൽ പരിശീലനമോ പ്രദാനം ചെയ്യുന്ന ദൈവത്തിന്റെ മാതൃക അവർ അനുകരിക്കുകയും വേണം. (സങ്കീർത്തനം 103:10, 11; സദൃശവാക്യങ്ങൾ 3:11, 12) എന്നാൽ മാതാപിതാക്കൾക്ക് ഇതു ചെയ്യാൻ കഴിയുന്നതിനുമുമ്പ്, അവർതന്നെ യഹോവയുടെ വചനങ്ങൾ ഹൃദിസ്ഥമാക്കണം. അതു ദൈവത്തിന്റെ പ്രവാചകനായ മോശ പുരാതന ഇസ്രായേല്യരെ ബുദ്ധ്യുപദേശിച്ചതുപോലെയാണ്: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന [യഹോവയിൽനിന്നുള്ള] ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—ആവർത്തനപുസ്തകം 6:6.
5. ഇസ്രായേല്യ മാതാപിതാക്കൾ കുട്ടികളെ എപ്പോൾ, ഏതു വിധത്തിൽ പ്രബോധിപ്പിക്കണമായിരുന്നു, “ഉൾനടുക” എന്നതിന്റെ അർഥമെന്ത്?
5 ബൈബിളിന്റെ ക്രമമായ പഠനവും ധ്യാനവും മാതാപിതാക്കളെ മോശ തുടർന്ന് ഇങ്ങനെ കൽപ്പിച്ചതു ചെയ്യാൻ സജ്ജരാക്കുന്നു: “നീ നിന്റെ മക്കൾക്കു [യഹോവയുടെ വചനങ്ങളെ] ഉപദേശിച്ചുകൊടുക്കയും [“ഉൾനടുകയും,” NW] നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) “ഉൾനടുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം “ആവർത്തിക്കുക,” “വീണ്ടും വീണ്ടും പറയുക,” “അതീവ വ്യക്തതയോടെ പതിപ്പിക്കുക” എന്നെല്ലാമാണ്. യഹോവയുടെ വചനങ്ങൾ ഒന്നാം സ്ഥാനത്തു വെക്കേണ്ടതിന്റെ ആവശ്യത്തിനു മോശ കൂടുതലായി ഊന്നൽ കൊടുക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക: “അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.” വ്യക്തമായും, മാതാപിതാക്കൾ മക്കൾക്കു ക്രമമായ, സ്നേഹപുരസ്സരമായ ശ്രദ്ധ നൽകണമെന്ന് യഹോവ ആവശ്യപ്പെടുന്നു!—ആവർത്തനപുസ്തകം 6:7-9.
6. മാതാപിതാക്കൾ കുട്ടികളിൽ എന്ത് ഉൾനടണമായിരുന്നു, അതിന്റെ പ്രയോജനമെന്തായിരുന്നു?
6 മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ഉൾനടേണ്ടിയിരുന്ന യഹോവയുടെ ‘ഈ വചനങ്ങൾ’ എന്തായിരുന്നു? കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മോഹിക്കരുത് എന്നീ കൽപ്പനകൾ ഉൾപ്പെടെയുള്ള, പൊതുവേ പത്തു കൽപ്പനകൾ എന്നു വിളിക്കപ്പെടുന്നവ മോശ അപ്പോൾ ആവർത്തിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത്തരം ധാർമിക നിബന്ധനകളും “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹി”ക്കാനുള്ള കൽപ്പനയും ഇസ്രായേല്യ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ വിശേഷാൽ ഉൾനടേണ്ടവയായിരുന്നു. (ആവർത്തനപുസ്തകം 5:6-21; 6:1-5) ഇത്തരത്തിലുള്ള പഠിപ്പിക്കലാണു കുട്ടികൾക്ക് ഇന്ന് ആവശ്യമായിരിക്കുന്നത് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
7. (എ) ബൈബിളിൽ കുട്ടികളെ എന്തിനോടു താരതമ്യപ്പെടുത്തിയിരിക്കുന്നു? (ബി) നാമിപ്പോൾ എന്തു പരിശോധിക്കുന്നതാണ്?
7 ഇസ്രായേല്യ പിതാവിനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.” (സങ്കീർത്തനം 128:3) എന്നാൽ, മാതാപിതാക്കൾ തങ്ങളുടെ “തൈകളി”ൽ ഖേദിക്കുന്നതിനുപകരം ആനന്ദിക്കാൻ അവർ തങ്ങളുടെ കുട്ടികളിൽ ദിവസേന വ്യക്തിപരമായ താത്പര്യം കാട്ടണം. (സദൃശവാക്യങ്ങൾ 10:1; 13:24; 29:15, 17) മക്കളിൽ യഥാർഥ ആനന്ദം കൊള്ളാവുന്ന വിധത്തിൽ അവരെ പരിശീലിപ്പിക്കാനും ആത്മീയമായി നനയ്ക്കാനും സംരക്ഷിക്കാനും അവർക്ക് സ്നേഹപുരസ്സരം ശിക്ഷണം കൊടുക്കാനും മാതാപിതാക്കൾക്ക് എങ്ങനെ സാധിക്കുമെന്നു നമുക്കു പരിശോധിക്കാം.
ശൈശവംമുതൽ പരിശീലിപ്പിക്കൽ
8. (എ) തിമൊഥെയൊസിനു താങ്ങുകുറ്റികളായി സേവിച്ചതാരെല്ലാം? (ബി) പരിശീലനം എപ്പോൾ ആരംഭിച്ചു, ഫലങ്ങൾ എന്തെല്ലാമായിരുന്നു?
8 പ്രതീകാത്മകമായി പറയുകയാണെങ്കിൽ ആഴത്തിൽ ഉറപ്പിച്ചിരിക്കുന്ന രണ്ടു താങ്ങുകുറ്റികൾപോലെ യായിരുന്ന തന്റെ അമ്മയിൽനിന്നും വല്യമ്മയിൽനിന്നും പിന്തുണ ലഭിച്ച തിമൊഥെയൊസിനെക്കുറിച്ചു ചിന്തിക്കുക. തിമൊഥെയൊസിന്റെ പിതാവ് ഒരു യവനനും വ്യക്തമായും ഒരു അവിശ്വാസിയുമായിരുന്നതുകൊണ്ട്, അവന്റെ യഹൂദ മാതാവായ യൂനിക്കയും അവളുടെ അമ്മയായ ലോവീസുമാണ് ബാലനെ ‘തിരുവെഴുത്തുകൾ ശൈശവംമുതൽ’ പരിശീലിപ്പിച്ചത്. (2 തിമൊഥെയൊസ് 1:5; 3:14, NW; പ്രവൃത്തികൾ 16:1) തിമൊഥെയൊസിനെ—അവൻ ശിശുവായിരിക്കുമ്പോൾപ്പോലും—‘യഹോവ ചെയ്ത അത്ഭുതപ്രവൃത്തികൾ’ പഠിപ്പിക്കുന്നതിൽ കാട്ടിയ ശുഷ്കാന്തിക്കു സമൃദ്ധമായ പ്രതിഫലം കിട്ടി. (സങ്കീർത്തനം 78:1, 3, 4) തിമൊഥെയൊസിന്റെ കൗമാരപ്രായത്തിൽത്തന്നെ അവൻ വിദൂരനാടുകളിൽ ഒരു മിഷനറിയായിത്തീർന്നിരിക്കാം. മാത്രമല്ല, ആദിമ ക്രിസ്തീയ സഭകളെ ബലിഷ്ഠമാക്കുന്നതിൽ അവനു പ്രമുഖ പങ്കുമുണ്ടായിരുന്നു.—പ്രവൃത്തികൾ 16:2-5; 1 കൊരിന്ത്യർ 4:17; ഫിലിപ്പിയർ 2:19-23.
9. ഭൗതികത്വചിന്താഗതിയുടെ കെണികൾ ഒഴിവാക്കുന്നതിനു കുട്ടികൾക്കെങ്ങനെ പഠിക്കാനാവും?
9 മാതാപിതാക്കളേ, നിങ്ങൾ ഏതുതരം താങ്ങുകുറ്റികളാണ്? ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടികൾ ഭൗതിക വസ്തുക്കളെക്കുറിച്ചു സമനിലയുള്ള ഒരു കാഴ്ചപ്പാടു വളർത്തിയെടുക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങൾക്കു വാസ്തവത്തിൽ ആവശ്യമില്ലാത്ത അതിനൂതനമായ സകല സാമഗ്രികളുടെയോ മറ്റു സംഗതികളുടെയോ പിന്നാലെ പായാതെ നിങ്ങൾ ശരിയായ മാതൃക വെക്കണം. ഭൗതിക നേട്ടങ്ങൾക്കു പിന്നാലെ പോകാനാണു നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, നിങ്ങളുടെ മക്കൾ നിങ്ങളെ അനുകരിക്കുമ്പോൾ അതിശയിക്കരുത്. (മത്തായി 6:24; 1 തിമൊഥെയൊസ് 6:9, 10) തീർച്ചയായും, താങ്ങുകുറ്റികൾ ചൊവ്വുള്ളതല്ലെങ്കിൽ, തൈ എങ്ങനെ നേരെ വളരും?
10. മാതാപിതാക്കൾ എല്ലായ്പോഴും ആരുടെ നിർദേശം തേടണം, അവർക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം?
10 മക്കളിൽ ആനന്ദിക്കുന്ന മാതാപിതാക്കൾ, ആത്മീയമായി കുട്ടികളുടെ ഏറ്റവും മികച്ച താത്പര്യങ്ങൾക്കു സദാ പരിഗണന കൊടുത്തുകൊണ്ട്, അവരെ പരിശീലിപ്പിക്കാൻ നിരന്തരം ദിവ്യസഹായം തേടും. നാലു മക്കളുള്ള ഒരു മാതാവ് ഇങ്ങനെ വിവരിച്ചു: “ഞങ്ങളുടെ കുട്ടികൾ ജനിക്കുന്നതിനുമുമ്പുപോലും, ഞങ്ങൾക്കു നല്ല മാതാപിതാക്കളാകാനും അവന്റെ വചനത്താൽ വഴിനടത്തപ്പെടാനും അതു ഞങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാനും കഴിയേണ്ടതിനു ഞങ്ങൾ യഹോവയോടു നിരന്തരം പ്രാർഥിക്കുമായിരുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “‘യഹോവയ്ക്കാണ് ഒന്നാം സ്ഥാനം’ എന്നത് കേവലമൊരു പല്ലവി മാത്രമായിരുന്നില്ല, ഞങ്ങൾ ജീവിച്ച രീതിയായിരുന്നു അത്.”—ന്യായാധിപന്മാർ 13:8.
ക്രമമായി “വെള്ളം” കൊടുക്കൽ
11. തൈകളുടെയും കുട്ടികളുടെയും വളർച്ചയ്ക്ക് എന്താവശ്യമാണ്?
11 നദീതീരത്തു വൃക്ഷങ്ങൾ എത്ര നന്നായി വളരുന്നുവെന്നതിലെ സൂചനപോലെ, തൈകൾക്കു വിശേഷിച്ചും വെള്ളം മുടങ്ങാതെ ലഭിക്കണം. (വെളിപ്പാടു 22:1, 2 താരതമ്യം ചെയ്യുക.) ബൈബിൾ സത്യത്തിന്റെ ജലം ക്രമമായി കൊടുക്കുന്നെങ്കിൽ ശിശുക്കളും ആത്മീയമായി അഭിവൃദ്ധി പ്രാപിക്കും. എന്നാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ശ്രദ്ധിക്കൽ പ്രാപ്തി കണക്കിലെടുക്കേണ്ടതുണ്ട്. ഒരുപക്ഷേ, ഇടവിട്ടുള്ള ഹ്രസ്വമായ പഠിപ്പിക്കൽവേളകളാവാം ദീർഘമായവയെക്കാൾ ഫലപ്രദം. ദൈർഘ്യം കുറഞ്ഞ അത്തരം പഠിപ്പിക്കൽവേളകളുടെ മൂല്യം കുറച്ചുകാണരുത്. മാതാവിനും കുട്ടിക്കും അല്ലെങ്കിൽ പിതാവിനും കുട്ടിക്കും ഇടയിൽ ഒരു ഊഷ്മളബന്ധം, തിരുവെഴുത്തുകളിൽ ആവർത്തിച്ചു പ്രോത്സാഹിപ്പിക്കപ്പെടുന്ന അടുപ്പം സൃഷ്ടിക്കുന്നതിന് ഒരുമിച്ചു സമയം ചെലവഴിക്കണമെന്നതു മർമപ്രധാനമാണ്.—ആവർത്തനപുസ്തകം 6:6-9; 11:18-21; സദൃശവാക്യങ്ങൾ 22:6.
12. കുട്ടികളോടൊപ്പം പ്രാർഥിക്കുന്നതിന്റെ മൂല്യമെന്ത്?
12 കുട്ടികളുമൊത്തു ചെലവഴിക്കുന്ന വേളകളിലൊന്നു സായാഹ്നത്തിലാക്കാവുന്നതാണ്. ഒരു യുവതി അനുസ്മരിക്കുന്നു: “എന്റെ മാതാപിതാക്കൾ എല്ലാ രാത്രിയിലും ഞങ്ങളുടെ കിടക്കയ്ക്കരികിൽ ഇരുന്ന് ഞങ്ങൾ പ്രാർഥിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു.” ഇങ്ങനെ ചെയ്യുന്നതിന്റെ മൂല്യത്തെക്കുറിച്ച് മറ്റൊരുവൾ പറഞ്ഞു: “അങ്ങനെയാണ് എനിക്ക് എന്നും രാത്രി കിടക്കുന്നതിനുമുമ്പ് യഹോവയോടു പ്രാർഥിക്കുന്ന ശീലമുണ്ടായത്.” മാതാപിതാക്കൾ ദിവസേന യഹോവയെക്കുറിച്ചു സംസാരിക്കുകയും അവനോടു പ്രാർഥിക്കുകയും ചെയ്യുന്നത് കേൾക്കുമ്പോൾ, കുട്ടികൾക്ക് അവനൊരു യഥാർഥ വ്യക്തിയായിത്തീരുന്നു. ഒരു യുവാവ് പറഞ്ഞു: “കണ്ണുകളടച്ചു ഞാൻ യഹോവയോടു പ്രാർഥിക്കുമ്പോൾ എനിക്ക് അവനെ വല്യച്ഛസമാനമായ ഒരു യഥാർഥ വ്യക്തിയായി ദർശിക്കാനാവുന്നു. നാം ചെയ്യുന്നതും പറയുന്നതുമായ സകലത്തിലും യഹോവയ്ക്ക് ഒരു പങ്കുണ്ടെന്നു കാണാൻ എന്റെ മാതാപിതാക്കൾ എന്നെ സഹായിച്ചു.”
13. ക്രമമുള്ള പ്രബോധനവേളകളിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്?
13 ബൈബിൾസത്യത്തിന്റെ ജലം ആഗിരണം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നതിനു ക്രമമായുള്ള പ്രബോധന വേളകളിൽ മാതാപിതാക്കൾക്ക് പ്രായോഗികമായ അനേകം സംഗതികൾ ഉൾപ്പെടുത്താവുന്നതാണ്. കൗമാരപ്രായമെത്താത്ത രണ്ടു മക്കളുള്ള മാതാപിതാക്കൾ പറഞ്ഞു: “ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ രണ്ടു കുട്ടികൾക്കും രാജ്യഹാളിൽ ശാന്തരായി ഇരിക്കുന്നതിനുള്ള പരിശീലനം ലഭിക്കാൻ തുടങ്ങി.” തന്റെ കുടുംബം ചെയ്തിരുന്നത് ഒരു പിതാവ് വർണിച്ചു: “ഞങ്ങൾ എല്ലാ ബൈബിൾ പുസ്തകങ്ങളും കൊച്ചു കടലാസ്സു കഷണങ്ങളിൽ പട്ടികപ്പെടുത്തി, എന്നിട്ട് ഞങ്ങളെല്ലാവരും അവരവരുടെ ഊഴമനുസരിച്ച് അവയെ ക്രമത്തിലാക്കുന്നത് ഒരു ശീലമാക്കി. ഈ അവസരത്തിനായി കുട്ടികൾ എല്ലായ്പോഴും കാത്തിരിക്കുമായിരുന്നു.” അനേകം കുടുംബങ്ങളും ഭക്ഷണത്തിനു മുമ്പോ പിമ്പോ ഹ്രസ്വമായൊരു പഠിപ്പിക്കൽ വേള ഉൾപ്പെടുത്തുന്നു. ഒരു പിതാവ് പറഞ്ഞു: “അത്താഴ സമയമാണു ഞങ്ങൾക്കു ബൈബിൾ ദിനവാക്യം ചർച്ചചെയ്യാനുള്ള പറ്റിയ സമയം.”
14. (എ) ആത്മീയമായി പ്രതിഫലദായകമായ ഏതെല്ലാം പ്രവൃത്തികൾ കുട്ടികളുമൊത്തു പങ്കുവെക്കാനാവും? (ബി) കുട്ടികൾക്കു പഠിക്കുന്നതിനുള്ള എന്തു പ്രാപ്തിയാണുള്ളത്?
14 എന്റെ ബൈബിൾ കഥാ പുസ്തകത്തിലെ ജീവസ്സുറ്റ ബൈബിൾ വിവരണങ്ങൾ ശ്രവിക്കുന്നതും കുട്ടികൾ ആസ്വദിക്കുന്നു. a “മക്കൾ ചെറുപ്പമായിരുന്നപ്പോൾ ബൈബിൾ കഥാ പുസ്തകത്തിലെ ഒരധ്യായം പഠിക്കുമായിരുന്നു. പിന്നെ ഒരു കൊച്ചുനാടകം അരങ്ങേറുകയായി. വേഷഭൂഷാദികളെല്ലാം അണിഞ്ഞു കഥാപാത്രങ്ങളാകുന്നത് കുട്ടികൾതന്നെയാവും. അവർക്കിതു വലിയ ഇഷ്ടമായിരുന്നു, ഓരോ അധ്യയനത്തിലും ഒന്നിലധികം കഥ അഭിനയിക്കാൻ അവർ പലപ്പോഴും നിർബന്ധിച്ചിരുന്നു,” ഒരു ദമ്പതികൾ അഭിപ്രായപ്പെട്ടു. നിങ്ങളുടെ കുട്ടിയുടെ പഠനപ്രാപ്തിയെ ഒരിക്കലും കുറച്ചുകാണരുത്! നാലു വയസ്സുള്ള കുട്ടികൾ ബൈബിൾ കഥാ പുസ്തകത്തിന്റെ മുഴുവൻ അധ്യായങ്ങളും മനഃപാഠമാക്കിയിട്ടുണ്ട്, ബൈബിൾ വായിക്കാനും പഠിച്ചിരിക്കുന്നു! തനിക്ക് ഏതാണ്ട് മൂന്നര വയസ്സുള്ളപ്പോൾ “ഡിസ്ട്രിക്റ്റ് കൺവെൻഷൻ” എന്നുള്ളത് താൻ തെറ്റിച്ചേ ഉച്ചരിക്കുമായിരുന്നുള്ളൂ, എന്നാൽ ശരിയായ ഉച്ചാരണം പറഞ്ഞു ശീലിക്കാൻ പിതാവ് തന്നെ പ്രോത്സാഹിപ്പിച്ചുവെന്ന് ഒരു യുവതി അനുസ്മരിക്കുന്നു.
15. കുട്ടികളുമൊത്തുള്ള ചർച്ചകളിൽ എന്തെല്ലാം സംഗതികൾ ഉൾപ്പെടുത്താവുന്നതാണ്, അത്തരം ചർച്ചകൾ മൂല്യമുള്ളതാണ് എന്നതിന് എന്തു തെളിവുണ്ട്?
15 യോഗങ്ങളിൽ ഉത്തരം പറയുന്നതുപോലുള്ള, മറ്റുള്ളവരുമായി സത്യത്തിന്റെ ജലം പങ്കുവെക്കുന്ന സംഗതിക്കായി കുട്ടികളെ ഒരുക്കാനായും അവരുമൊത്തുള്ള പഠനവേളകൾ ഉപയോഗിക്കാവുന്നതാണ്. (എബ്രായർ 10:24, 25) “ഞങ്ങളുടെ പരിശീലന വേളകളിൽ, ഞാനെന്റെ സ്വന്ത വാക്കുകളിൽത്തന്നെ ഉത്തരം പറയണമായിരുന്നു. ഗ്രഹിക്കാതെ കേവലം വായിച്ചുവിടാൻ എന്നെ അനുവദിച്ചിരുന്നില്ല,” ഒരു യുവതി അനുസ്മരിക്കുന്നു. കൂടാതെ, വയൽശുശ്രൂഷയിൽ അർഥവത്തായ ഒരു പങ്കുണ്ടായിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാവുന്നതാണ്. ദൈവഭയമുള്ള മാതാപിതാക്കളാൽ വളർത്തപ്പെട്ട ഒരു സ്ത്രീ വിശദമാക്കുന്നു: “മാതാപിതാക്കളെ അവരുടെ വേലയിൽ മനസ്സില്ലാമനസ്സോടെ അനുഗമിക്കുന്നവരായിരുന്നില്ല ഞങ്ങൾ. ബെല്ല് അമർത്തലോ ഒരു ലഘുലേഖ കൊടുക്കലോ മാത്രമായിരുന്നെങ്കിൽപ്പോലും അതിൽ ഒരു പങ്കുണ്ടായിരുന്നുവെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഓരോ വാരാന്ത്യ പ്രവർത്തനങ്ങൾക്കുമുമ്പും ശ്രദ്ധാപൂർവം ഒരുങ്ങിയിരുന്നതുകൊണ്ട് എന്തു പറയണമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ഏതെങ്കിലും ഒരു ശനിയാഴ്ച ഉറക്കത്തിൽനിന്ന് എണീറ്റ് ഇന്നു ശുശ്രൂഷയ്ക്കു പോകുന്നുണ്ടോ എന്നു ഞങ്ങളൊരിക്കലും ചോദിച്ചിട്ടില്ല. പോകുന്നുണ്ടെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.”
16. കുട്ടികളുമൊത്തു ക്രമമായി കുടുംബ അധ്യയനം നടത്തുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 കുട്ടികൾക്കു ബൈബിൾ സത്യത്തിന്റെ ജലം ക്രമമായി പ്രദാനം ചെയ്യേണ്ടതിന്റെ ആവശ്യം എത്ര പറഞ്ഞാലും അധികമാവില്ല. അതിനർഥം വാരംതോറുമുള്ള കുടുംബ ബൈബിളധ്യയനം മർമപ്രധാനമാണെന്നാണ്. “കുട്ടികളെ അലോസരപ്പെടുത്തുന്ന ഒരു മുഖ്യഘടകം ക്രമമില്ലായ്മയാണ്,” രണ്ടു മക്കളുള്ള ഒരു പിതാവ് അവകാശപ്പെടുന്നു. (എഫെസ്യർ 6:4) അദ്ദേഹം പറഞ്ഞു: “ഞാനും ഭാര്യയും അതിനായി ഒരു ദിവസവും സമയവും മാറ്റിവെച്ചു. എന്നിട്ട് ആ പട്ടികയ്ക്കു ചേർച്ചയിൽത്തന്നെ വിശ്വസ്തതയോടെ കുടുംബാധ്യയനം നടത്തി. താമസിയാതെ കുട്ടികൾ അത് ആ സമയത്തുതന്നെ പ്രതീക്ഷിക്കാനും തുടങ്ങി.” ‘മുള പോകും വഴിയേ മരം വളരൂ’ എന്ന സാർവത്രികസത്യംപോലെ, ശൈശവംമുതൽ അത്തരത്തിലുള്ള എല്ലാ പരിശീലനവും പ്രധാനപ്പെട്ടതാണ്.
17. കുട്ടികൾക്കു ബൈബിൾ സത്യങ്ങൾ പ്രദാനം ചെയ്യുന്നതിനോളംതന്നെ പ്രാധാന്യമുള്ള സംഗതിയേത്?
17 കുട്ടികൾക്കു ബൈബിൾ സത്യങ്ങൾ പ്രദാനം ചെയ്യുന്നത് പ്രധാനമാണ്, എന്നാൽ അതുപോലെതന്നെ പ്രധാനമാണു മാതാപിതാക്കളുടെ മാതൃകയും. നിങ്ങൾ പഠിക്കുന്നതും ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതും വയൽ ശുശ്രൂഷയിൽ പങ്കുപറ്റുന്നതും അതേ, യഹോവയുടെ ഹിതം നിറവേറ്റുന്നതിൽ ആഹ്ലാദിക്കുന്നതും നിങ്ങളുടെ കുട്ടികൾ കാണുന്നുണ്ടോ? (സങ്കീർത്തനം 40:8) അങ്ങനെ ചെയ്യുന്നത് അവർ കാണണമെന്നത് മർമപ്രധാനമാണ്. സാർഥകമായി, ഭർത്താവിന്റെ എതിർപ്പു സഹിച്ച് ആറു മക്കളെ വളർത്തി യഹോവയുടെ വിശ്വസ്ത സാക്ഷികളാക്കിയ തന്റെ അമ്മയെക്കുറിച്ച് ഒരു പുത്രി പറഞ്ഞു: “അമ്മയുടെതന്നെ മാതൃക ഞങ്ങളിൽ അങ്ങേയറ്റം മതിപ്പുളവാക്കി—അതു വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിച്ചു.”
കുട്ടികൾക്കു സംരക്ഷണം നൽകൽ
18. (എ) മാതാപിതാക്കൾക്കെങ്ങനെയാണു കുട്ടികൾക്കാവശ്യമായ സംരക്ഷണം പ്രദാനം ചെയ്യാനാവുക? (ബി) ശരീരത്തിലെ പ്രത്യുത്പാദനാവയവങ്ങൾ സംബന്ധിച്ച് ഇസ്രായേലിലെ കുട്ടികൾക്ക് ഏതുതരം പ്രബോധനം ലഭിച്ചു?
18 അപകടകാരികളായ കീടങ്ങളിൽനിന്നു തൈകൾക്കു പലപ്പോഴും സംരക്ഷണം ആവശ്യമായിരിക്കുന്നതുപോലെ, ഈ ദുഷ്ടവ്യവസ്ഥിതിയിൽ, കുട്ടികൾക്ക് ‘ദുഷ്ട മനുഷ്യരി’ൽനിന്നു സംരക്ഷണം ആവശ്യമാണ്. (2 തിമൊഥെയൊസ് 3:1-5, 13) മാതാപിതാക്കൾക്ക് ഈ സംരക്ഷണം എങ്ങനെ നൽകാനാവും? ദിവ്യജ്ഞാനം നേടാൻ അവരെ സഹായിച്ചുകൊണ്ട്! (സഭാപ്രസംഗി 7:12) ഉചിതവും അനുചിതവുമായ ലൈംഗിക പ്രവൃത്തികളുടെ തിരിച്ചറിയിക്കൽ ഉൾക്കൊണ്ടിരുന്ന തന്റെ ന്യായപ്രമാണം വായിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് യഹോവ ‘കുട്ടികൾ’ അടക്കമുള്ള ഇസ്രായേല്യരോടു കൽപ്പിച്ചു. (ആവർത്തനപുസ്തകം 31:12; ലേവ്യപുസ്തകം 18:6-24) “വൃഷണങ്ങൾ,” “ജനനേന്ദ്രിയം” എന്നിവയുൾപ്പെടെ ശരീരത്തിലെ പ്രത്യുത്പാദന അവയവങ്ങളെക്കുറിച്ച് അതിൽ ആവർത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. (ലേവ്യപുസ്തകം 15:1-3, 16; 21:20; 22:24, NW; സംഖ്യാപുസ്തകം 25:8; ആവർത്തനപുസ്തകം 23:10) ഇന്നത്തെ ലോകത്തിന്റെ അങ്ങേയറ്റത്തെ ദുഷിച്ച അവസ്ഥ നിമിത്തം, ദൈവം “എത്രയും നല്ലതു” എന്നു വിളിച്ച സൃഷ്ടിയിലുൾപ്പെടുന്ന അത്തരം ശരീരഭാഗങ്ങളുടെ ഉചിതവും അനുചിതവുമായ ഉപയോഗത്തെക്കുറിച്ച് കുട്ടികൾ അറിയേണ്ടയാവശ്യമുണ്ട്.—ഉല്പത്തി 1:31; 1 കൊരിന്ത്യർ 12:21-24.
19. ശരീരത്തിന്റെ രഹസ്യഭാഗങ്ങളെക്കുറിച്ച് കുട്ടികൾക്കു കൊടുക്കാനുള്ള ഉചിതമായ പ്രബോധനമെന്ത്?
19 ഉചിതമായിത്തന്നെ മാതാപിതാക്കൾ ഒരുമിച്ച്, അല്ലെങ്കിൽ മുതിർന്ന രക്ഷാകർത്താക്കൾ ഓരോരുത്തരും കുട്ടിയുടെ രഹസ്യഭാഗങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകണം. എന്നിട്ട്, മറ്റുള്ളവർ ഈ ഭാഗങ്ങൾ സ്പർശിക്കാൻ അനുവദിക്കരുതെന്നു വിശദമാക്കണം. ലൈംഗിക ദുഷ്പെരുമാറ്റക്കാരുടെ കൗശലപൂർവമായ ലൈംഗിക മുന്നേറ്റങ്ങളോട് കൊച്ചുകുട്ടികൾ എങ്ങനെ പ്രതികരിക്കുമെന്ന് അവർ മിക്കപ്പോഴും പരിശോധിക്കുന്നതുകൊണ്ട്, ശക്തമായി ചെറുത്തുനിൽക്കാനും “ഞാൻ പറഞ്ഞുകൊടുക്കും!” എന്നു പറയാനും കുട്ടിയെ പഠിപ്പിക്കണം. ഏതു ഭീകര ഭീഷണിയുണ്ടായാലും ശരി, അസ്വസ്ഥതയുണ്ടാക്കുംമട്ടിൽ തങ്ങളെ സ്പർശിക്കാൻ ശ്രമിക്കുന്ന ആരെക്കുറിച്ചും തങ്ങൾ എല്ലായ്പോഴും പറഞ്ഞുകൊടുക്കണമെന്നു നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.
സ്നേഹപൂർവകമായ ശിക്ഷണം നൽകൽ
20. (എ) ശിക്ഷണം എങ്ങനെയാണു വെട്ടിവെടിപ്പാക്കുന്നതിനോടു സദൃശമായിരിക്കുന്നത്? (ബി) ശിക്ഷണത്തോടുള്ള പ്രഥമ പ്രതികരണമെന്ത്, എന്നാൽ അതിന്റെ അനന്തരഫലമോ?
20 വെട്ടിവെടിപ്പാക്കൽ ഒരു വൃക്ഷത്തിനു പ്രയോജനം ചെയ്യുന്നതുപോലെ, സ്നേഹപുരസ്സരമായ ശിക്ഷണം കുട്ടികൾക്കു പ്രയോജനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 1:8, 9; 4:13; 13:1) അനഭിലഷണീയ ചില്ലകൾ വെട്ടിമാറ്റുമ്പോൾ, മറ്റു ചില്ലകൾ പുഷ്ടിപ്രാപിക്കുന്നു. നിങ്ങളുടെ കുട്ടികൾ ഭൗതിക സ്വത്തുക്കൾക്കു കാര്യമായ ശ്രദ്ധകൊടുക്കുകയോ ചീത്ത സഹവാസങ്ങളോടോ അനാരോഗ്യകരമായ വിനോദങ്ങളോടോ ചായ്വു കാണിക്കുകയോ ചെയ്യുന്നെങ്കിൽ, ഈ തെറ്റായ പ്രവണതകൾ വെട്ടിക്കളയേണ്ട ചില്ലകൾപോലെയാണ്. അവ നീക്കംചെയ്യുന്നപക്ഷം, നിങ്ങളുടെ കുട്ടികൾ ആത്മീയ ദിശയിൽ വളരാൻ സഹായിക്കപ്പെടും. ചില്ല വെട്ടിമാറ്റുമ്പോൾ വൃക്ഷത്തിന് കുറച്ചൊരു അസ്വസ്ഥതയുണ്ടാകുന്നതുപോലെ, അത്തരം ശിക്ഷണം ആരംഭത്തിൽ സുഖപ്രദമായി തോന്നിയെന്നു വരില്ല. എന്നാൽ ശിക്ഷണത്തിനു നല്ല ഫലമുണ്ട്, നിങ്ങളുടെ കുട്ടി വളരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന ദിശയിൽ പുതുക്കംപ്രാപിച്ച് വളരും.—എബ്രായർ 12:5-11.
21, 22. (എ) ശിക്ഷണം നൽകാനോ സ്വീകരിക്കാനോ സുഖകരമല്ലെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) മാതാപിതാക്കൾ ശിക്ഷണം കൊടുക്കാതെ പിന്മാറിനിൽക്കരുതാത്തത് എന്തുകൊണ്ട്?
21 ശിക്ഷണം കൊടുക്കുന്നതോ സ്വീകരിക്കുന്നതോ സുഖകരമല്ലെന്ന് എളുപ്പം സമ്മതിക്കാം. “നല്ല സഹവാസമല്ലെന്ന് മൂപ്പന്മാർ എനിക്കു മുന്നറിയിപ്പു നൽകിയിരുന്ന ഒരു യുവാവുമൊത്ത് എന്റെ പുത്രൻ ഏറെ സമയം ചെലവഴിക്കുന്നുണ്ടായിരുന്നു. ഞാൻ പ്രതികരിച്ചു. എന്നാൽ ഞാൻ കുറേക്കൂടി വേഗത്തിൽ പ്രവർത്തിക്കേണ്ടിയിരുന്നു. എന്റെ പുത്രൻ വ്യക്തമായ ദുഷ്പ്രവൃത്തിയൊന്നും ചെയ്തില്ലെങ്കിലും അവന്റെ ചിന്ത നേരെയാക്കുവാൻ കുറെ സമയം വേണ്ടിവന്നു,” ഒരു പിതാവ് അഭിപ്രായപ്പെട്ടു. പുത്രൻ പറഞ്ഞു: “എന്റെ ഏറ്റവും നല്ല സുഹൃത്തുമായുള്ള ബന്ധം മുറിഞ്ഞപ്പോൾ, ഞാനാകെ തകർന്നു.” എന്നാൽ അവൻ കൂട്ടിച്ചേർത്തു: “അതൊരു നല്ല തീരുമാനമായിരുന്നു, കാരണം അതിനുശേഷം താമസിയാതെ അവൻ പുറത്താക്കപ്പെട്ടു.”
22 ‘പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗം ആകുന്നു’ എന്നു ദൈവവചനം പറയുന്നു. അതുകൊണ്ട്, ശിക്ഷണം കൊടുക്കുന്നത് എത്ര ദുഷ്കരമായിരുന്നാലും, കുട്ടികൾക്ക് അതു കൊടുക്കാതിരിക്കരുത്. (സദൃശവാക്യങ്ങൾ 6:23; 23:13; 29:17) കാലക്രമത്തിൽ, നിങ്ങൾ അവരെ തിരുത്തിയതിൽ അവർ നിങ്ങളോടു നന്ദികാട്ടും. “ശിക്ഷണം ലഭിച്ചപ്പോൾ ഞാൻ മാതാപിതാക്കളോടു ശരിക്കും കയർത്തത് എനിക്കോർമയുണ്ട്,” ഒരു യുവാവ് അനുസ്മരിക്കുന്നു. “എന്നാൽ എന്റെ മാതാപിതാക്കൾ ആ ശിക്ഷണം എനിക്കു തരാതിരുന്നെങ്കിൽ, ഇപ്പോൾ എനിക്കു കൂടുതൽ ദേഷ്യം തോന്നുമായിരുന്നു.”
ശ്രമത്തിനുതക്ക മൂല്യമുള്ള പ്രതിഫലം
23. കുട്ടികൾക്കു കൊടുക്കുന്ന സ്നേഹപുരസ്സരമായ ശ്രദ്ധ ശ്രമത്തിനുതക്ക മൂല്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
23 ഒരു സംശയവും വേണ്ട, മാതാപിതാക്കളും മറ്റുള്ളവരും ആനന്ദംകൊള്ളുന്ന കുട്ടികൾ കാര്യമായ, സ്നേഹപൂർവകമായ ശ്രദ്ധ ദിവസേന ലഭിച്ചതിന്റെ അനന്തരഫലങ്ങളാണ്. എന്നിരുന്നാലും, ജഡിക കുട്ടികളോ ആത്മീയ കുട്ടികളോ ആയാലും അവർക്കായി നടത്തുന്ന എല്ലാ ശ്രമവും മൂല്യവത്താണ്. അതിനുതക്ക പ്രതിഫലം ആസ്വദിക്കാനാവുമെന്നതുതന്നെ കാരണം. വയോധികനായ യോഹന്നാൻ അപ്പോസ്തലൻ ഇങ്ങനെ എഴുതിക്കൊണ്ട് അതു പ്രകടമാക്കി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹന്നാൻ 4.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ സ്തുത്യർഹരായിത്തീരുന്നതിനു തൈകൾക്കും കുട്ടികൾക്കും എന്താവശ്യമാണ്?
◻ ഫലത്തിൽ, മാതാപിതാക്കൾക്കു ഫലപ്രദരായ താങ്ങുകുറ്റികളായി സേവിക്കാനാവുന്നതെങ്ങനെ?
◻ കുട്ടികളുമൊത്തുള്ള പ്രബോധനവേളകളിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്, എന്തിനെ ചെറുത്തുനിൽക്കാൻ അവരെ പഠിപ്പിക്കേണ്ടതാണ്?
◻ വെട്ടിവെടിപ്പാക്കൽ വൃക്ഷത്തിനെന്നപോലെ, ശിക്ഷണം ഒരു കുട്ടിക്കു പ്രയോജനപ്രദമായിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Green Chimney’s Farm