വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എന്റെ സങ്കേതം

യഹോവ എന്റെ സങ്കേതം

യഹോവ എന്റെ സങ്കേതം

പെനെലൊപി മാക്രിസ്‌ പറഞ്ഞ​പ്ര​കാ​രം

അമ്മ എന്നോടു കേണ​പേ​ക്ഷി​ച്ചു: “നിന്റെ ഭർത്താ​വി​നെ വിട്ടു​പോ​രൂ; നിന്റെ ആങ്ങളമാർ നിനക്കു​വേണ്ടി അതിലും നല്ല ഒരാളെ കണ്ടുപി​ടി​ക്കും.” സ്‌നേ​ഹ​നി​ധി​യായ അമ്മ എന്റെ വിവാ​ഹ​ബന്ധം വേർപെ​ടു​ത്താൻ ആഗ്രഹി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവരെ അത്രകണ്ട്‌ ആകുല​പ്പെ​ടു​ത്തി​യ​തെ​ന്താ​യി​രു​ന്നു?

സേമോസ്‌ എന്ന ഗ്രീക്കു ദ്വീപി​ലെ ആംമ്പി​ലൊസ്‌ എന്ന കൊച്ചു ഗ്രാമ​ത്തിൽ 1897-ലാണു ഞാൻ പിറന്നത്‌. ഞങ്ങളുടെ കുടും​ബം ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ ഭക്തിയുള്ള അംഗങ്ങ​ളാ​യി​രു​ന്നു. ഞാൻ ജനിക്കു​ന്ന​തി​നു തൊട്ടു​മു​മ്പു പിതാവു മരിച്ചു. അക്കാലത്തെ കൊടിയ ദാരി​ദ്ര്യ​ത്തിൽ കഴിഞ്ഞു​കൂ​ടു​ന്ന​തിന്‌ എന്റെ അമ്മയ്‌ക്കും മൂന്ന്‌ ആങ്ങളമാർക്കും എനിക്കും കഠിനാ​ധ്വാ​നം ചെയ്യേ​ണ്ടി​വന്നു.

1914-ൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. അതേത്തു​ടർന്ന്‌ എന്റെ മൂത്ത രണ്ട്‌ ആങ്ങളമാർക്കു സൈന്യ​ത്തിൽ ചേരാ​നുള്ള ഉത്തരവു ലഭിച്ചു. എന്നാൽ അതിൽനി​ന്നു തലയൂ​രാൻ എന്നെയും കുഞ്ഞാ​ങ്ങ​ളെ​യെ​യും അമ്മയോ​ടൊ​പ്പം വീട്ടി​ലാ​ക്കി​യിട്ട്‌ അവർ അമേരി​ക്ക​യി​ലേക്കു കുടി​യേറി. ഏതാനും വർഷങ്ങൾക്കു ശേഷം 1920-ൽ, ഞങ്ങളുടെ ഗ്രാമ​ത്തിൽ അധ്യാ​പ​ക​നാ​യി​രുന്ന തിമീ​ത്രിസ്‌ എന്ന യുവാ​വി​നെ ഞാൻ വിവാഹം കഴിച്ചു.

ഒരു പ്രധാന സന്ദർശനം

എന്റെ വിവാ​ഹ​ശേഷം ഉടൻതന്നെ അമ്മാവൻ ഞങ്ങളെ സന്ദർശി​ക്കാൻ അമേരി​ക്ക​യിൽനി​ന്നു വന്നു. അദ്ദേഹം, ചാൾസ്‌ ടെയ്‌സ്‌ റസ്സൽ എഴുതിയ വേദാ​ധ്യ​യന പത്രി​ക​യി​ലൊ​രെണ്ണം തന്നോ​ടൊ​പ്പം കരുതി​യി​രു​ന്നു. അത്‌, യഹോ​വ​യു​ടെ സാക്ഷികൾ എന്ന്‌ ഇപ്പോൾ അറിയ​പ്പെ​ടുന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​മാ​യി​രു​ന്നു.

ആ പുസ്‌തകം തുറന്ന​പ്പോൾ, ചെറുപ്പം മുതൽ തന്നെ അലട്ടി​യി​രുന്ന ഒരു വിഷയം തിമീ​ത്രി​സി​ന്റെ ശ്രദ്ധയിൽപ്പെട്ടു, “മരിക്കു​മ്പോൾ മനുഷ്യന്‌ എന്തു സംഭവി​ക്കു​ന്നു?” ഹൈസ്‌കൂ​ളിൽ ആയിരു​ന്ന​പ്പോൾ അദ്ദേഹം ഒരു ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നോട്‌ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു ചോദ്യം ഉന്നയി​ച്ചി​രു​ന്നു. എന്നാൽ തൃപ്‌തി​ക​ര​മായ ഉത്തരം ലഭിച്ചില്ല. ആ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ നൽകി​യി​രുന്ന വ്യക്‌ത​വും യുക്തി​സ​ഹ​വു​മായ വിശദീ​ക​രണം തിമീ​ത്രി​സി​നെ വളരെ സന്തുഷ്ട​നാ​ക്കി. തന്മൂലം അദ്ദേഹം നേരെ പോയതു ഗ്രീസി​ലെ പുരു​ഷ​ന്മാർ പതിവ​നു​സ​രി​ച്ചു കൂടി​വ​ന്നി​രുന്ന ഗ്രാമ​ത്തി​ലെ കാപ്പി​ക്ക​ട​യി​ലേ​ക്കാണ്‌. താൻ ബൈബി​ളിൽനി​ന്നു പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവി​ടെ​വെച്ച്‌ അദ്ദേഹം വിവരി​ച്ചു.

ബൈബിൾ സത്യത്തി​നാ​യുള്ള ഞങ്ങളുടെ നിലപാട്‌

ഏതാണ്ട്‌ അതേ സമയം—1920-കളുടെ ആരംഭ​ത്തിൽ—ഗ്രീസ്‌ മറ്റൊരു യുദ്ധത്തി​ലാ​യി​രു​ന്നു. നിർബ​ന്ധി​ത​മാ​യി സൈന്യ​ത്തിൽ ചേർത്ത തിമീ​ത്രി​സി​നെ ഏഷ്യാ മൈന​റി​ലെ ടർക്കി വൻകര​യി​ലേക്ക്‌ അയച്ചു. മുറി​വേ​റ്റതു നിമിത്തം അദ്ദേഹത്തെ വീട്ടി​ലേക്ക്‌ അയച്ചു. അദ്ദേഹം സുഖം പ്രാപി​ച്ച​ശേഷം ഏഷ്യാ മൈന​റി​ലുള്ള സ്‌മുർന്ന​യി​ലേക്ക്‌ (ഇപ്പോൾ ടർക്കി​യി​ലുള്ള ഇസ്‌മിർ) ഞാനും അദ്ദേഹ​ത്തോ​ടൊ​പ്പം പോയി. 1922-ൽ പെട്ടെന്നു യുദ്ധം അവസാ​നി​ച്ച​പ്പോൾ ഞങ്ങൾക്കു പലായനം ചെയ്യേ​ണ്ടി​വന്നു. വാസ്‌ത​വ​ത്തിൽ, വളരെ കേടു​പാ​ടു​വന്ന ഒരു ബോട്ടിൽ സേമോ​സി​ലേക്കു ഞങ്ങൾ കഷ്ടിച്ചു രക്ഷപ്പെട്ടു. വീട്ടി​ലെ​ത്തിയ ഉടൻ ഞങ്ങൾ മുട്ടിൽനി​ന്നു ദൈവ​ത്തോ​ടു നന്ദിപ​റഞ്ഞു. ആ ദൈവ​ത്തെ​ക്കു​റി​ച്ചു ഞങ്ങൾക്ക്‌ അവ്യക്ത​മായ അറിവേ അപ്പോ​ഴു​ണ്ടാ​യി​രു​ന്നു​ള്ളൂ.

താമസി​യാ​തെ, ദ്വീപി​ന്റെ തലസ്ഥാ​ന​മായ വാതി​യി​ലുള്ള ഒരു സ്‌കൂ​ളിൽ പഠിപ്പി​ക്കാ​നുള്ള നിയമനം തിമീ​ത്രി​സി​നു ലഭിച്ചു. ബൈബിൾ വിദ്യാർഥി​ക​ളു​ടെ സാഹി​ത്യം അദ്ദേഹം തുടർച്ച​യാ​യി വായി​ച്ചു​കൊ​ണ്ടി​രു​ന്നു. മഴയുള്ള ഒരു രാത്രി, കിയാസ്‌ എന്ന ദ്വീപിൽനി​ന്നു രണ്ടു ബൈബിൾ വിദ്യാർഥി​കൾ ഞങ്ങളെ സന്ദർശി​ച്ചു. കോൽപോർട്ടർമാ​രാ​യി—മുഴു​സമയ സുവി​ശേ​ഷ​കരെ അങ്ങനെ​യാ​ണു വിളി​ച്ചി​രു​ന്നത്‌—സേവി​ക്കാൻ അമേരി​ക്ക​യിൽനി​ന്നു മടങ്ങി​വ​ന്ന​വ​രാ​യി​രു​ന്നു അവർ. രാത്രി​യിൽ തങ്ങാൻ അവർക്കു ഞങ്ങൾ സൗകര്യ​മൊ​രു​ക്കി. ദൈ​വോ​ദ്ദേ​ശ്യം സംബന്ധി​ച്ചു പല കാര്യ​ങ്ങ​ളും അവർ ഞങ്ങളോ​ടു പറഞ്ഞു.

പിന്നീട്‌ തിമീ​ത്രിസ്‌ എന്നോടു പറഞ്ഞു: “പെനെ​ലൊ​പി, സത്യം ഇതാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു. അതു ഞാൻ പിന്തു​ടർന്നേ പറ്റൂ. അതിന്റെ അർഥം ഞാൻ ഓർത്ത​ഡോ​ക്‌സ്‌ പള്ളിയിൽ പാടു​ന്നതു നിർത്ത​ണ​മെ​ന്നാണ്‌. തന്നെയു​മല്ല, എനിക്കു സ്‌കൂൾകു​ട്ടി​ക​ളോ​ടൊ​പ്പം പള്ളിയിൽ പോകാ​നു​മാ​വില്ല.” യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവു പരിമി​ത​മാ​യി​രു​ന്നെ​ങ്കി​ലും അവനെ സേവി​ക്കാൻ ഞങ്ങൾക്ക്‌ അദമ്യ​മായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. തന്മൂലം ഞാൻ മറുപടി പറഞ്ഞു: “ഞാൻ നിങ്ങൾക്ക്‌ ഒരു തടസ്സമാ​യി​രി​ക്കു​ക​യില്ല. ധൈര്യ​മാ​യി മുന്നേ​റി​ക്കൊ​ള്ളൂ.”

തെല്ലൊ​രു മടി​യോ​ടെ അദ്ദേഹം പറഞ്ഞു: “അതു ശരിതന്നെ, എന്നാൽ നമ്മുടെ നിലപാ​ടു വ്യക്തമാ​യാൽ എനി​ക്കെന്റെ ജോലി നഷ്ടപ്പെ​ടും.”

“അതു സാരമില്ല, എല്ലാവ​രും അധ്യാ​പ​ന​വൃ​ത്തി​കൊ​ണ്ടാ​ണോ ഉപജീ​വനം കഴിക്കു​ന്നത്‌? നാം ചെറു​പ്പ​മാ​ണെന്നു മാത്രമല്ല ആരോ​ഗ്യ​മു​ള്ള​വ​രു​മാണ്‌. ദൈവ​സ​ഹാ​യ​ത്താൽ നമുക്കു വേറെ ജോലി കണ്ടെത്താം,” ഞാൻ പറഞ്ഞു.

ഏതാണ്ട്‌ ഇതേ സമയം, കോൽപോർട്ടർ കൂടി​യായ മറ്റൊരു ബൈബിൾ വിദ്യാർഥി സേമോസ്‌ ദ്വീപി​ലേക്കു വന്നെന്നു ഞങ്ങൾക്ക്‌ അറിവാ​യി. ഒരു ബൈബിൾ പരസ്യ​പ്ര​സം​ഗ​ത്തിന്‌ അദ്ദേഹ​ത്തി​നു പൊലീസ്‌ അനുവാ​ദം നൽകി​യി​ല്ലെന്നു കേട്ട​പ്പോൾ ഞങ്ങൾ അദ്ദേഹത്തെ തേടി പുറ​പ്പെട്ടു. ഒരു കടയിൽ, രണ്ടു ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ ദൈവ​ശാ​സ്‌ത്ര​ജ്ഞ​രു​മാ​യി അദ്ദേഹം സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണു ഞങ്ങൾ അദ്ദേഹത്തെ കണ്ടുമു​ട്ടു​ന്നത്‌. തങ്ങളുടെ വിശ്വാ​സ​ത്തെ​പ്രതി ബൈബി​ളിൽനി​ന്നു വാദി​ക്കാ​നാ​വാ​തെ ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാർ ലജ്ജിത​രാ​യി ഉടനടി സ്ഥലം വിട്ടു. ആ കോൽപോർട്ട​റി​ന്റെ അറിവിൽ മതിപ്പു​തോ​ന്നിയ എന്റെ ഭർത്താവ്‌ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു: “ഇത്രയും നിഷ്‌പ്ര​യാ​സം ബൈബിൾ ഉപയോ​ഗി​ക്കാൻ താങ്കൾക്കു കഴിയു​ന്ന​തെ​ങ്ങ​നെ​യാണ്‌?”

“ഞങ്ങൾ ക്രമാ​നു​ഗ​ത​മാ​യി ബൈബിൾ പഠിക്കു​ന്നു,” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം ബാഗ്‌ തുറന്ന്‌ ദൈവ​ത്തി​ന്റെ കിന്നരം (ഇംഗ്ലീഷ്‌) എന്ന അധ്യയന പുസ്‌തകം വെളി​യി​ലെ​ടുത്ത്‌ അത്തര​മൊ​രു അധ്യയ​ന​ത്തിന്‌ ആ പുസ്‌തകം എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു കാട്ടി​ത്തന്നു. പഠിക്കാൻ വളരെ ഉത്സുക​രാ​യി​രു​ന്ന​തി​നാൽ ഉടനടി ഞാനും ഭർത്താ​വും കോൽപോർട്ട​റും വേറെ രണ്ടു പേരും കടയു​ട​മ​യോ​ടൊ​പ്പം അയാളു​ടെ വീട്ടി​ലേക്കു പോയി. ഞങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും കോൽപോർട്ടർ ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​ക​ത്തി​ന്റെ ഓരോ പ്രതികൾ നൽകി. ഉടനടി ഞങ്ങൾ അധ്യയ​ന​വും ആരംഭി​ച്ചു. പാതി​രാ​ത്രി കഴിയു​ന്ന​തു​വരെ ഞങ്ങൾ അധ്യയനം തുടർന്നു. പ്രഭാ​ത​മാ​കാ​റാ​യ​പ്പോ​ഴേ​ക്കും ഞങ്ങൾ, ബൈബിൾ വിദ്യാർഥി​കൾ പാടുന്ന ഗീതങ്ങൾ പഠിക്കാൻ തുടങ്ങി.

അന്നുമു​തൽ ദിവസ​വും മണിക്കൂ​റു​ക​ളോ​ളം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. വിദേ​ശ​ത്തു​നി​ന്നുള്ള ബൈബിൾ വിദ്യാർഥി​കൾ ഞങ്ങൾക്കു ബൈബിൾ പഠന സഹായി​കൾ അയച്ചു​ത​ന്നു​കൊ​ണ്ടി​രു​ന്നു. യഹോ​വ​യു​ടെ ഹിതം പൂർണ​മാ​യി ചെയ്യു​മെന്നു ശപഥം ചെയ്‌തു​കൊണ്ട്‌ 1926 ജനുവ​രി​യിൽ ഞാൻ പ്രാർഥ​ന​യിൽ യഹോ​വ​യ്‌ക്കു സ്വയം സമർപ്പി​ച്ചു. പിന്നീട്‌, ആ വർഷം വേനൽക്കാ​ലത്തു ഞാനും ഭർത്താ​വും ഞങ്ങളുടെ സമർപ്പണം ജലസ്‌നാ​പ​ന​ത്തി​ലൂ​ടെ പ്രതീ​ക​പ്പെ​ടു​ത്തി. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാൻ ഞങ്ങൾക്കു ശക്തമായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. തന്മൂലം, ഞങ്ങൾ പ്രത്യാ​ശാ​ദൂത്‌ (ഇംഗ്ലീഷ്‌) എന്ന ലഘു​ലേ​ഖ​യു​മാ​യി വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെട്ടു.

ശക്തമായ എതിർപ്പ്‌ സഹിക്കു​ന്നു

ചെറിയ ഒരു ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ ചാപ്പലിൽ പ്രാർഥനാ ചടങ്ങിൽ പങ്കെടു​ക്കാൻ ഒരിക്കൽ ഒരു യുവതി എന്നെ ക്ഷണിച്ചു. “ദൈവത്തെ ആ വിധത്തിൽ ആരാധി​ക്കു​ന്നതു ഞാൻ നിർത്തി. ബൈബിൾ പഠിപ്പി​ക്കു​ന്ന​പ്ര​കാ​രം, ഇപ്പോൾ ഞാൻ ദൈവത്തെ ആത്മാവി​ലും സത്യത്തി​ലു​മാണ്‌ ആരാധി​ക്കു​ന്നത്‌,” ഞാൻ വിശദീ​ക​രി​ച്ചു. (യോഹ​ന്നാൻ 4:23, 24) അവൾ അമ്പരന്നു​പോ​യി. മാത്രമല്ല, നാലു​പാ​ടും നടന്ന്‌ അതേക്കു​റി​ച്ചു വിളം​ബരം ചെയ്യു​ക​യും ചെയ്‌തു. എന്റെ ഭർത്താ​വും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അവൾ അറിയി​ച്ചു.

മിക്കവാ​റും എല്ലാവ​രും​തന്നെ എതിർക്കാൻ തുടങ്ങി. ഒരിട​ത്തും—വീട്ടി​ലോ ഏതാനും താത്‌പ​ര്യ​ക്കാ​രോ​ടൊ​പ്പം ദ്വീപിൽ നടത്തിയ യോഗ​ങ്ങ​ളി​ലോ—ഞങ്ങൾക്കു സമാധാ​നം കണ്ടെത്താ​നാ​യില്ല. ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാ​രു​ടെ പ്രേര​ണ​നി​മി​ത്തം ജനക്കൂട്ടം യോഗ​സ്ഥ​ല​ത്തി​നു വെളി​യിൽ കൂട്ടം​കൂ​ടി കല്ലെറി​യു​ക​യും അസഭ്യ​വർഷം ചൊരി​യു​ക​യും ചെയ്‌തു.

ഞങ്ങൾ പ്രത്യാ​ശാ​ദൂത്‌ ലഘുലേഖ വിതരണം ചെയ്‌ത​പ്പോൾ കുട്ടികൾ ഞങ്ങൾക്കു ചുറ്റും കൂടി​നിന്ന്‌ “സഹസ്രാ​ബ്ദ​ക്കാർ” എന്നു മാത്രമല്ല ചില നിന്ദാ​വാ​ക്കു​ക​ളും വിളി​ച്ചു​കൂ​വാൻ തുടങ്ങി. ഭർത്താ​വി​ന്റെ സഹപ്ര​വർത്ത​ക​രും അദ്ദേഹത്തെ ബുദ്ധി​മു​ട്ടി​പ്പി​ക്കാൻ തുടങ്ങി. 1926-ന്റെ അവസാനം അദ്ദേഹത്തെ വിചാ​ര​ണ​ചെ​യ്‌ത്‌ പൊതു സ്‌കൂ​ളിൽ പഠിപ്പി​ക്കാൻ അയോ​ഗ്യ​നാ​ണെന്നു തീർപ്പു കൽപ്പിച്ചു. കൂടാതെ 15 ദിവസത്തെ ജയിൽശി​ക്ഷ​യ്‌ക്കും വിധിച്ചു.

അമ്മ അതേക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ ഭർത്താ​വി​നെ വിട്ടു​പോ​രാൻ എന്നോടു പറഞ്ഞു. “എന്റെ പൊന്ന്‌ അമ്മേ, ഞാൻ അമ്മയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ എനിക്കും അമ്മയ്‌ക്കും അറിയാ​മ​ല്ലോ. എന്നാൽ സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​തിൽ ഞങ്ങൾക്കു വിഘാതം സൃഷ്ടി​ക്കാൻ എനിക്ക്‌ അമ്മയെ അനുവ​ദി​ക്കാ​നാ​വില്ല.” അത്യന്തം നിരാ​ശ​യോ​ടെ അമ്മ തന്റെ ഗ്രാമ​ത്തി​ലേക്കു മടങ്ങി.

1927-ൽ ഏഥൻസിൽ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു സമ്മേളനം നടന്നു. അതിൽ പങ്കെടു​ക്കു​ന്ന​തി​നു യഹോവ ഞങ്ങൾക്കു വഴി തുറന്നു. ബഹുദശം സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം സമ്മേളി​ക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾ പുളകി​ത​രാ​യി, മാത്രമല്ല ഞങ്ങൾ ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്ക​പ്പെട്ടു. സേമോ​സിൽ തിരി​ച്ചെ​ത്തിയ ശേഷം ഞങ്ങൾ ലോകാ​ധി​പ​തി​കൾക്ക്‌ ഒരു സാക്ഷ്യം (ഇംഗ്ലീഷ്‌) എന്ന ലഘു​ലേ​ഖ​യു​ടെ 5,000 പ്രതികൾ ഞങ്ങളുടെ ദ്വീപി​ലെ പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും വിതരണം ചെയ്‌തു.

ഏതാണ്ട്‌ അതേ സമയം, തിമീ​ത്രി​സി​നെ അധ്യാ​പ​ന​വൃ​ത്തി​യിൽനി​ന്നു പിരി​ച്ചു​വി​ട്ടു. ഞങ്ങൾക്കെ​തി​രെ​യുള്ള മുൻവി​ധി നിമിത്തം തൊഴിൽ കണ്ടെത്തുക മിക്കവാ​റും അസാധ്യ​മാ​യി​രു​ന്നു. എങ്കിലും, എനിക്കു തയ്‌ക്കാ​നും തിമീ​ത്രി​സി​നു വിദഗ്‌ധ​മാ​യി പെയിൻറ്‌ ചെയ്യാ​നും അറിയാ​മാ​യി​രു​ന്ന​തി​നാൽ ഞങ്ങൾക്ക്‌ അഷ്ടിക്കു വകതേ​ടാൻ കഴിഞ്ഞു. 1928-ൽ ഭർത്താ​വി​നെ​യും സേമോ​സി​ലുള്ള വേറെ നാലു ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രെ​യും സുവാർത്ത പ്രസം​ഗി​ച്ചതു നിമിത്തം രണ്ടു മാസത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു. സ്വത​ന്ത്ര​യാ​യി​രുന്ന ഏക ബൈബിൾ വിദ്യാർഥി എന്ന നിലയ്‌ക്ക്‌ അവർക്കു ജയിലിൽ ഭക്ഷണ​മെ​ത്തി​ക്കാൻ എനിക്കു സാധിച്ചു.

കലശലായ രോഗ​ങ്ങ​ളോ​ടു മല്ലിടു​ന്നു

ഒരിക്കൽ ഞാൻ, അന്ന്‌ അറിയ​പ്പെ​ടാത്ത മാരക രോഗ​മായ ട്യൂബർക്കു​ലർ സ്‌പൊ​ണ്ടി​ല​യ്‌റ്റിസ്‌ ബാധിച്ചു കിടപ്പി​ലാ​യി. എനിക്കു വിശപ്പു​കെട്ടു, തുടർച്ച​യാ​യി ചുട്ടു​പൊ​ള്ളുന്ന പനിയും. ചികി​ത്സ​യു​ടെ ഭാഗമാ​യി ഞാൻ കഴുത്തു​മു​തൽ തുടകൾവരെ പ്ലാസ്റ്ററി​ട്ടു കിടപ്പാ​യി​രു​ന്നു. സാമ്പത്തിക ബുദ്ധി​മു​ട്ടു തരണം​ചെ​യ്യു​ന്ന​തി​നു ഭർത്താവ്‌ ഒരു തുണ്ടു സ്ഥലം വിറ്റു. അങ്ങനെ എനിക്കു ചികിത്സ തുടരാ​നാ​കു​മാ​യി​രു​ന്നു. ദുഃഖാർത്ത​യാ​യി, ശക്തി പകരാൻ ഞാൻ അനുദി​നം ദൈവ​ത്തോ​ടു പ്രാർഥി​ച്ചു.

എന്നെ സന്ദർശി​ക്കു​മ്പോ​ഴെ​ല്ലാം ബന്ധുക്കൾ എതിർപ്പിന്‌ ആക്കം കൂട്ടി​ക്കൊ​ണ്ടി​രു​ന്നു. ഞങ്ങൾ മതം മാറി​യ​തു​കൊ​ണ്ടാണ്‌ ഇതെല്ലാം അനുഭ​വി​ക്കു​ന്ന​തെന്ന്‌ അമ്മ പറഞ്ഞു. അനങ്ങാൻ വയ്യാതെ, സഹിച്ചു നിൽക്കാൻ ക്ഷമയും ധൈര്യ​വു​മേ​കു​ന്ന​തി​നു ഞാൻ നമ്മുടെ സ്വർഗീയ പിതാ​വി​നോ​ടു കരഞ്ഞ​പേ​ക്ഷി​ച്ചു. എന്റെ കണ്ണുനീ​രിൽ തലയിണ കുതിർന്നു.

സന്ദർശ​കർക്കാ​യി ബൈബി​ളും ഒരു കൂട്ടം ചെറു​പു​സ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും ഞാൻ കിടക്ക​യ്‌ക്ക​രി​കെ മേശയിൽ കരുതി​യി​രു​ന്നു. ഞങ്ങളുടെ കൊച്ചു സഭയുടെ യോഗം ഞങ്ങളുടെ വീട്ടിൽവെ​ച്ചാ​ണു നടത്തി​യി​രു​ന്നത്‌. അതൊരു അനു​ഗ്ര​ഹ​മാ​യി; എനിക്കു ക്രമമാ​യി ആത്മീയ പ്രോ​ത്സാ​ഹനം ലഭിക്കു​മാ​യി​രു​ന്നു. ഏഥൻസി​ലുള്ള ഒരു ഡോക്ട​റു​ടെ ചികിത്സ തേടു​ന്ന​തി​നു ഞങ്ങൾക്ക്‌ മറ്റൊരു തുണ്ടു ഭൂമി വിൽക്കേണ്ടി വന്നു.

അതിനു​ശേ​ഷം താമസി​യാ​തെ, സഞ്ചാര​മേൽവി​ചാ​രകൻ ഞങ്ങളെ സന്ദർശി​ച്ചു. എന്റെ അവസ്ഥയും തിമീ​ത്രി​സി​നു ജോലി​യി​ല്ലാ​തി​രി​ക്കു​ന്ന​തും കണ്ടപ്പോൾ അദ്ദേഹ​ത്തി​നു വളരെ വിഷമം തോന്നി. ലെസ്‌ബോസ്‌ ദ്വീപി​ലെ മിറ്റി​ലെ​നി​യിൽ ഞങ്ങൾക്കു താമസി​ക്കു​ന്ന​തി​നുള്ള ഏർപ്പാ​ടു​കൾ അദ്ദേഹം ചെയ്‌തു​തന്നു. 1934-ൽ ഞങ്ങൾ അങ്ങോട്ടു താമസം മാറ്റി. തിമീ​ത്രി​സി​നു ഒരു തൊഴിൽ തരപ്പെ​ടു​ത്തു​ന്ന​തി​നും കഴിഞ്ഞു. എന്റെ രോഗ​ത്തിൽ എന്നെ പരിപാ​ലിച്ച സ്‌നേ​ഹ​നി​ധി​ക​ളായ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഞങ്ങൾ അവി​ടെ​യും കണ്ടുമു​ട്ടി. ഒടുവിൽ, അഞ്ചു വർഷത്തെ ചികി​ത്സ​യ്‌ക്കു ശേഷം ഞാൻ പൂർണ​മാ​യി സുഖം​പ്രാ​പി​ച്ചു.

എന്നിരു​ന്നാ​ലും, 1946-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ്‌ ഉടനടി എനിക്കു വീണ്ടും കലശലായ രോഗം ബാധിച്ചു. ഇത്തവണ ട്യൂബർക്കു​ലർ പെരി​റ്റ​നൈ​റ്റി​സാ​യി​രു​ന്നു രോഗം. ചുട്ടു​പൊ​ള്ളുന്ന പനിയും കൊടിയ വേദന​യു​മാ​യി അഞ്ചുമാ​സം ഞാൻ കിടപ്പി​ലാ​യി​രു​ന്നു. എന്നാൽ മുമ്പ​ത്തെ​പ്പോ​ലെ ഇത്തവണ​യും സന്ദർശ​ക​രോ​ടു യഹോ​വ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തിൽനി​ന്നു പിന്മാ​റി​യില്ല. ക്രമേണ ഞാൻ ആരോ​ഗ്യം വീണ്ടെ​ടു​ത്തു.

എതിർപ്പിൻ മധ്യേ പയനി​യ​റിങ്‌

യുദ്ധാ​നന്തര വർഷങ്ങ​ളിൽ ഗ്രീസി​ലെ​ങ്ങും യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരി​ട്ടതു നിഷ്‌ഠു​ര​മായ എതിർപ്പാ​യി​രു​ന്നു. വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കവേ പലവട്ടം ഞങ്ങളെ അറസ്റ്റു ചെയ്യു​ക​യു​ണ്ടാ​യി. എന്റെ ഭർത്താവു മൊത്തം ഒരു വർഷം ജയിലിൽ ചെലവ​ഴി​ച്ചു. ശുശ്രൂ​ഷ​യ്‌ക്കാ​യി ഇറങ്ങി​ത്തി​രി​ക്കു​മ്പോൾ, അറസ്റ്റ്‌ ചെയ്യ​പ്പെട്ടു രാത്രി പൊലീസ്‌ സ്റ്റേഷനിൽ കഴിച്ചു​കൂ​ട്ടാൻ ഒരുങ്ങി​യാ​ണു പോകാ​റു പതിവ്‌. എങ്കിലും, യഹോവ ഒരിക്ക​ലും ഞങ്ങളെ കൈ​വെ​ടി​ഞ്ഞില്ല. സഹിച്ചു നിൽക്കു​ന്ന​തിന്‌ ആവശ്യ​മായ ധൈര്യ​വും ബലവും അവൻ എല്ലായ്‌പോ​ഴും പ്രദാനം ചെയ്‌തു.

അവധി​ക്കാ​ല പയനി​യ​റി​ങ്ങി​നെ​ക്കു​റിച്ച്‌, 1940-കളിൽ ഞാൻ ഇൻഫോർമൻറിൽ (ഇപ്പോ​ഴത്തെ നമ്മുടെ രാജ്യ ശുശ്രൂഷ) വായിച്ചു. പ്രതി​മാ​സം ശുശ്രൂ​ഷ​യിൽ 75 മണിക്കൂർ ചെലവ​ഴി​ക്കേ​ണ്ടി​യി​രുന്ന, സേവന​ത്തി​ന്റെ ഈ വശത്തു പങ്കുപ​റ്റാൻ ശ്രമി​ക്കാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു. തത്‌ഫ​ല​മാ​യി, എന്റെ മടക്കസ​ന്ദർശ​ന​ങ്ങ​ളും ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും വർധിച്ചു. ഞാൻ ആഴ്‌ച​യിൽ 17 അധ്യയ​നങ്ങൾ നടത്തിയ സമയം​വ​രെ​യുണ്ട്‌. മിറ്റലി​നെ​യി​ലെ ബിസി​നസ്‌ പ്രദേ​ശത്ത്‌ ഒരു മാസി​കാ​റൂട്ട്‌ ഉണ്ടാക്കി​യെ​ടു​ക്കു​ന്ന​തി​നും എനിക്കു കഴിഞ്ഞു. അവിടെ ഞാൻ കടകളി​ലും ഓഫീ​സു​ക​ളി​ലും ബാങ്കു​ക​ളി​ലും ക്രമമാ​യി വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും 300 പ്രതി​ക​ളോ​ളം പതിവാ​യി എത്തിച്ചു​കൊ​ടു​ത്തു.

1964-ൽ ഒരു സഞ്ചാര​മേൽവി​ചാ​രകൻ ഞങ്ങളുടെ സഭ സന്ദർശി​ച്ച​പ്പോൾ എന്നോടു പറഞ്ഞു: “പെനെ​ലൊ​പി സഹോ​ദരീ, ശുശ്രൂ​ഷ​യിൽ സഹോ​ദ​രി​ക്കു ലഭിച്ചി​രി​ക്കുന്ന അത്ഭുത​ക​ര​മായ ഫലങ്ങൾ സഹോ​ദ​രി​യു​ടെ പ്രസാധക രേഖാ കാർഡിൽ എനിക്കു കാണാൻ കഴിഞ്ഞു. സഹോ​ദ​രി​ക്കു നിരന്ത​ര​പ​യ​നി​യ​റി​ങ്ങി​നുള്ള ഫാറം പൂരി​പ്പി​ക്ക​രു​തോ?” അദ്ദേഹ​ത്തി​ന്റെ പ്രോ​ത്സാ​ഹ​ന​ത്തി​നു ഞാൻ എന്നും നന്ദിയു​ള്ള​വ​ളാ​യി​രി​ക്കും; മൂന്നു ദശകങ്ങ​ളി​ല​ധി​ക​മാ​യി മുഴു​സമയ ശുശ്രൂഷ എന്റെ പ്രമോ​ദ​മാ​യി​രി​ക്കു​ന്നു.

ഫലദാ​യ​ക​മായ അനുഭവം

മിറ്റലി​നെ​യു​ടെ ജനനി​ബി​ഡ​മായ ഒരു അയൽ പ്രദേ​ശ​മാണ്‌ ലാങ്കാഡ. അവി​ടെ​യാണ്‌ ഗ്രീക്ക്‌ അഭയാർഥി​കൾ താമസി​ച്ചി​രു​ന്നത്‌. മതവി​കാ​രം ആളിക്ക​ത്തി​യി​രു​ന്നതു നിമിത്തം അവിടെ വീടു​തോ​റും പോകു​ന്നതു ഞങ്ങൾ ഒഴിവാ​ക്കി. എന്നിരു​ന്നാ​ലും, ഭർത്താവു ജയിലി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹത്തെ സന്ദർശി​ക്കു​ന്ന​തിന്‌ എനിക്ക്‌ ആ പ്രദേ​ശ​ത്തു​കൂ​ടി കടന്നു​പോ​ക​ണ​മാ​യി​രു​ന്നു. മഴയുള്ള ഒരു ദിവസം ഒരു സ്‌ത്രീ എന്നെ അവരുടെ വീട്ടി​ലേക്കു ക്ഷണിച്ച്‌ എന്റെ ഭർത്താവു ജയിലി​ലാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം തിരക്കി. ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും ക്രിസ്‌തു കഷ്ടം സഹിച്ച​തു​പോ​ലെ​തന്നെ അദ്ദേഹ​വും കഷ്ടം സഹിക്കു​ക​യാ​ണെ​ന്നും ഞാൻ വിശദീ​ക​രി​ച്ചു.

ക്രമേണ, മറ്റൊരു സ്‌ത്രീ ഞാൻ അവരുടെ വീടു സന്ദർശി​ക്കു​ന്ന​തി​നു ക്രമീ​ക​രണം ചെയ്‌തു. അവിടെ എത്തിയ​പ്പോൾ, ആ സ്‌ത്രീ മൊത്തം 12 സ്‌ത്രീ​കളെ ക്ഷണിച്ചു​വ​രു​ത്തി​യ​താ​യി ഞാൻ കണ്ടെത്തി. എതിർപ്പാ​ണു ഞാൻ പ്രതീ​ക്ഷി​ച്ചത്‌. അതു​കൊണ്ട്‌ എന്തുതന്നെ സംഭവി​ച്ചാ​ലും അതു നേരി​ടാ​നുള്ള ബുദ്ധി​യും ധൈര്യ​വും നൽകു​ന്ന​തി​നാ​യി ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ആ സ്‌ത്രീ ഒട്ടേറെ ചോദ്യ​ങ്ങൾ ചോദി​ച്ചു. ചിലർ എതിർപ്പു പ്രകട​മാ​ക്കി. എന്നാൽ തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങൾ നൽകാൻ എനിക്കു കഴിഞ്ഞു. പോകാൻ എഴു​ന്നേ​റ്റ​പ്പോൾ പിറ്റേന്നു വീണ്ടും ചെല്ലാൻ വീട്ടു​കാ​രി അഭ്യർഥി​ച്ചു. സസന്തോ​ഷം ഞാൻ ആ ക്ഷണം സ്വീക​രി​ച്ചു. പിറ്റേന്നു ഞാനും ഒരു സുഹൃ​ത്തും അവിടെ എത്തിയ​പ്പോൾ ആ സ്‌ത്രീ​കൾ ഞങ്ങളെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അതിനു​ശേ​ഷം ഞങ്ങളുടെ തിരു​വെ​ഴു​ത്തു ചർച്ചകൾ ക്രമമാ​യി തുടർന്നു. നിരവധി ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും തുടങ്ങി. പല സ്‌ത്രീ​ക​ളും അതു​പോ​ലെ​തന്നെ അവരുടെ കുടും​ബ​ങ്ങ​ളും സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിൽ പുരോ​ഗതി പ്രാപി​ച്ചു. പിന്നീട്‌ ഈ കൂട്ടം മിറ്റലി​നെ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു പുതിയ സഭയുടെ കേന്ദ്ര​ബി​ന്ദു​വാ​യി​ത്തീർന്നു.

യഹോവ എനിക്കു നല്ലവനാ​യി​രു​ന്നു

വർഷങ്ങ​ളി​ലു​ട​നീ​ളം, യഹോ​വയെ സേവി​ക്കു​ന്ന​തി​നുള്ള എന്റെയും ഭർത്താ​വി​ന്റെ​യും ശ്രമങ്ങൾക്ക്‌ അവൻ പ്രതി​ഫലം നൽകി. സേമോ​സിൽ 1920-കളിൽ വിരലി​ലെ​ണ്ണാ​മാ​യി​രുന്ന പ്രസാ​ധകർ ഇപ്പോൾ 130 പേരുള്ള രണ്ടു സഭകളും ഒരു കൂട്ടവു​മാ​യി വളർന്നി​രി​ക്കു​ന്നു. ലെസ്‌ബോസ്‌ ദ്വീപിൽ ഇപ്പോൾ 430 രാജ്യ പ്രസാ​ധ​ക​ര​ട​ങ്ങുന്ന നാലു സഭകളും അഞ്ച്‌ കൂട്ടങ്ങ​ളു​മുണ്ട്‌. 1977-ൽ മരിക്കു​ന്ന​തു​വരെ ഭർത്താവു സജീവ​മാ​യി ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രഘോ​ഷി​ച്ചു. ഞങ്ങൾ സഹായി​ച്ചവർ ഇപ്പോ​ഴും ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി തുടരു​ന്നതു കാണു​ന്നത്‌ എന്തൊരു പദവി​യാണ്‌! എന്തിന്‌, അവർ മക്കളും കൊച്ചു​മ​ക്ക​ളും അവരുടെ മക്കളു​മാ​യി യഹോ​വയെ ഏകീകൃ​ത​രാ​യി സേവി​ക്കുന്ന ഒരു മഹാപു​രു​ഷാ​ര​മാ​യി​രി​ക്കു​ന്നു!

70 വർഷത്തി​ല​ധി​കം ദൈർഘ്യ​മുള്ള എന്റെ ക്രിസ്‌തീയ സേവന​ഗതി അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എങ്കിലും യഹോവ അതുല്യ​മായ ശക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു. പ്രായാ​ധി​ക്യ​വും ക്ഷയിച്ചു​വ​രുന്ന ആരോ​ഗ്യ​വും നിമിത്തം ഞാൻ കിടപ്പി​ലാണ്‌. വളരെ പരിമി​ത​മാ​യേ എനിക്കു പ്രസം​ഗ​വേല ചെയ്യാ​നാ​കു​ന്നു​ള്ളൂ. എന്നാൽ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ എനിക്ക്‌ യഹോ​വ​യോട്‌ ഇങ്ങനെ പറയാൻ കഴിയും: ‘നീ എന്റെ സങ്കേത​വും കോട്ട​യും ഞാൻ ആശ്രയി​ക്കുന്ന എന്റെ ദൈവ​വു​മാ​കു​ന്നു.’—സങ്കീർത്തനം 91:2.

(ഈ ലേഖനം തയ്യാറാ​ക്കവേ മാക്രിസ്‌ സഹോ​ദരി മരണമ​ടഞ്ഞു. അവർക്കു സ്വർഗീയ പ്രത്യാ​ശ​യാ​ണു​ണ്ടാ​യി​രു​ന്നത്‌.)

[26-ാം പേജിലെ ചിത്രം]

ഭർത്താവിനോടൊപ്പം 1955-ൽ

[26-ാം പേജിലെ ചിത്രം]

1997 ജനുവ​രി​യിൽ മാക്രിസ്‌ സഹോ​ദ​രിക്ക്‌ 100 വയസ്സാ​കു​മാ​യി​രു​ന്നു