ശൂന്യശിഷ്ടങ്ങൾക്കു മധ്യേ ദുരിതാശ്വാസപ്രവർത്തനം
ശൂന്യശിഷ്ടങ്ങൾക്കു മധ്യേ ദുരിതാശ്വാസപ്രവർത്തനം
വിപത്തിന്റെ താണ്ഡവത്തെ തുടർന്നു ദുരിതാശ്വാസം പ്രദാനം ചെയ്യാനുള്ള മനുഷ്യ ശ്രമങ്ങൾ തീർച്ചയായും പ്രശംസനീയമാണ്. പല ദുരിതാശ്വാസപ്രവർത്തനങ്ങളും വീടുകൾ പുനർനിർമിക്കുകയും കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുകയും സർവോപരി, ജീവൻ രക്ഷിക്കുകയും ചെയ്തിരിക്കുന്നു.
വിപത്ത് ആഞ്ഞടിക്കുമ്പോൾ ലൗകിക ദുരിതാശ്വാസ നടപടിയിലൂടെ ലഭിക്കുന്ന ഏതൊരു കരുതലും യഹോവയുടെ സാക്ഷികൾ കൃതജ്ഞതാപൂർവം പ്രയോജനപ്പെടുത്തുന്നു. അതേസമയംതന്നെ, ‘അവസരം കിട്ടുംപോലെ എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്യാ’നുള്ള തിരുവെഴുത്തുപരമായ ഉത്തരവാദിത്വം അവർക്കുണ്ട്. (ഗലാത്യർ 6:10) അതേ, തങ്ങൾ ബന്ധുക്കളാണെന്നപോലെ സാക്ഷികൾ വിചാരിക്കുന്നു; അവർ ഒരു ‘വീട്ടുകാരെ’പ്പോലെ ഇടപെടുന്നു. അതുകൊണ്ടാണ് അവർ അന്യോന്യം “സഹോദരൻ” എന്നും “സഹോദരി” എന്നും വിളിക്കുന്നത്.—മർക്കൊസ് 3:31-35; ഫിലേമോൻ 1, 2 എന്നിവ താരതമ്യം ചെയ്യുക.
തന്മൂലം, സമീപപ്രദേശം ഒരു വിപത്തിനിരയാകുമ്പോൾ യഹോവയുടെ സാക്ഷികൾക്കിടയിലെ മൂപ്പന്മാർ ഓരോ സഭാംഗത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അയാളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ആവശ്യമുള്ള സഹായം പ്രദാനം ചെയ്യുന്ന ദുഷ്കരമായ ദൗത്യത്തിലേർപ്പെടുന്നു. ഇത് ഘാനയിലെ അക്രയിലും യു.എസ്.എ.-യിലെ സാൻ ആഞ്ചലോയിലും ജപ്പാനിലെ കോബെയിലും വാസ്തമായിരുന്നത് എങ്ങനെയെന്നു പരിചിന്തിക്കുക.
അക്ര—“നോഹയുടെ നാളിന്റെ ഒരു കൊച്ചു പകർപ്പ്”
രാത്രി 11 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം അവിരാമം തുടർന്നു. “കനത്ത മഴ നിമിത്തം എന്റെ കുടുംബത്തിലാരും ഉറങ്ങിയില്ല,” അക്രയിലെ യഹോവയുടെ സാക്ഷികളിലൊരാളായ ജോൺ റ്റ്വൂമാസി പറയുന്നു. ഡെയ്ലി ഗ്രാഫിക് അതിനെ “നോഹയുടെ നാളിന്റെ ഒരു കൊച്ചു പകർപ്പ്” എന്നു വിളിച്ചു. ജോൺ ഇങ്ങനെ തുടരുന്നു: “ഞങ്ങൾ വിലപിടിപ്പുള്ള ചില വസ്തുക്കൾ മുകളിലത്തെ നിലയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഗോവണിയിലേക്കുള്ള കതകു തുറന്നപ്പോൾ വെള്ളം ഇരച്ചുകയറി.”
സ്ഥലമൊഴിയാൻ അധികൃതർ മുന്നറിയിപ്പു നൽകിയെങ്കിലും അനേകരും വിസമ്മതിച്ചു. ആളില്ലാഭവനം—വെള്ളം നിറഞ്ഞുകിടക്കുകയാണെങ്കിലും—കൊള്ളക്കാരെ ആകർഷിച്ചേക്കുമെന്നതായിരുന്നു അവരുടെ ഭയം. ചിലർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പോകാൻ നിർവാഹമില്ലായിരുന്നു. പൗലിനാ എന്നു പേരുള്ള ഒരു പെൺകുട്ടി പറയുന്നു: “എനിക്കും അമ്മയ്ക്കും കതകു തുറക്കാനായില്ല. ജല നിരപ്പ് ഉയർന്നുകൊണ്ടേയിരുന്നു. അതുകൊണ്ടു ഞങ്ങൾ തടികൊണ്ടുള്ള വീപ്പകളുടെ മുകളിൽ കയറി മേൽക്കൂരയുടെ കഴുക്കോലിൽ പിടിച്ചുനിന്നു. ഒടുവിൽ, രാവിലെ ഏതാണ്ട് അഞ്ചു മണിക്ക് അയൽക്കാർ ഞങ്ങളെ രക്ഷപ്പെടുത്തി.”
കഴിയുന്നത്ര നേരത്തെ യഹോവയുടെ സാക്ഷികൾ രക്ഷാപ്രവർത്തനമാരംഭിച്ചു. ബിയട്രിസ് എന്നു പേരുള്ള ഒരു ക്രിസ്തീയ സഹോദരി വിവരിക്കുന്നു: “സഭയിലെ മൂപ്പന്മാർ ഞങ്ങളെ അന്വേഷിക്കുകയായിരുന്നു. ഞങ്ങൾ അഭയം തേടിയ ഒരു സഹസാക്ഷിയുടെ വീട്ടിൽ അവർ ഞങ്ങളെ കണ്ടെത്തി. പ്രളയത്തിനുശേഷം മൂന്നാം ദിവസം മൂപ്പന്മാരും സഭയിലെ ചെറുപ്പക്കാരും ഞങ്ങളുടെ അടുക്കൽ വന്നെത്തി. വീടിനകത്തും പുറത്തുമുള്ള ചെളിമണ്ണ് അവർ കോരിക്കളഞ്ഞു. ശുചീകരണ വസ്തുക്കൾ, അണുനാശിനികൾ, പെയിൻറ്, കിടക്കകൾ, കമ്പിളിപ്പുതപ്പുകൾ, വസ്ത്രങ്ങൾ, കുട്ടികൾക്കു വേണ്ട വസ്ത്രങ്ങൾ എന്നിവ വാച്ച് ടവർ സൊസൈറ്റി വിതരണം ചെയ്തു. ദിവസങ്ങളോളം സഹോദരങ്ങൾ ഭക്ഷണം അയച്ചുതന്നു. അത് എന്നെ ആഴത്തിൽ സ്പർശിച്ചു!”
നേരത്തെ ഉദ്ധരിച്ച ജോൺ റ്റ്വൂമാസി റിപ്പോർട്ടു ചെയ്യുന്നു: “മുഴു വീടും വൃത്തിയാക്കാനും രോഗാണുവിമുക്തമാക്കാനും വേണ്ടത്ര സാധനങ്ങൾ ഞങ്ങൾക്കു ഞങ്ങളുടെ സൊസൈറ്റി അയച്ചുതന്നു” എന്നു ഞാൻ മറ്റു വാടകക്കാരോടു പറഞ്ഞു. ഏതാണ്ടു 40 വാടകക്കാർ വൃത്തിയാക്കൽവേലയിൽ സഹായിച്ചു. പ്രാദേശിക പള്ളിയിലെ ഒരു പുരോഹിതനുൾപ്പെടെ എന്റെ അയൽക്കാരിൽ ചിലർക്കു ഞാൻ വൃത്തിയാക്കാനുള്ള സാധനങ്ങളിൽ കുറേ നൽകി. യഹോവയുടെ സാക്ഷികൾ സ്വന്തം ആളുകളോടു മാത്രമേ സ്നേഹം കാട്ടുന്നുള്ളൂ എന്ന് എന്റെ സഹപ്രവർത്തകർ തെറ്റിദ്ധരിച്ചിരുന്നു.”
തങ്ങൾക്കു ലഭിച്ച സ്നേഹനിർഭരമായ സഹായത്തെ ക്രിസ്തീയ സഹോദരീസഹോദരന്മാർ വളരെയധികം വിലമതിച്ചു. റ്റ്വൂമാസി സഹോദരൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “വെള്ളപ്പൊക്കത്തിൽ എനിക്കു നഷ്ടപ്പെട്ട വസ്തുക്കൾക്കു ദുരിതാശ്വാസ സാധനങ്ങളെക്കാൾ വളരെയധികം വിലയുണ്ടായിരുന്നുവെങ്കിലും സൊസൈറ്റിയിൽനിന്നുള്ള ആർദ്രമായ ഈ കരുതലുകൾ നിമിത്തം ഞങ്ങൾക്കു കോട്ടത്തേക്കാളേറെ നേട്ടമാണ് ഉണ്ടായതെന്നു ഞാനും എന്റെ കുടുംബവും കരുതുന്നു.”
സാൻ ആഞ്ചലോ—“ലോകം അവസാനിക്കാൻ പോകുകയാണെന്നു തോന്നി”
1995 മേയ് 28-നു സാൻ ആഞ്ചലോയിൽ താണ്ഡവമാടിയ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി. കാതടപ്പിക്കുന്ന ശബ്ദത്തോടെ നിലംപൊത്തിയ വൈദ്യുതിക്കാലുകൾ വൈദ്യുത ലൈനുകളെ നിരത്തുകൾക്കു കുറുകെ എറിഞ്ഞു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് പൊതു സേവന സൗകര്യങ്ങളെയെല്ലാം തകർത്തു തരിപ്പണമാക്കി. 20,000-ത്തിലധികം കുടുംബങ്ങൾ കൂരിരുട്ടിലായി. അടുത്തതായി ആലിപ്പഴം വർഷിക്കാൻ തുടങ്ങി. “ഗോൾഫ് പന്തിന്റെ
വലുപ്പത്തിലുള്ള ആലിപ്പഴം,” പിന്നെ “സോഫ്റ്റ് പന്തിന്റെ വലുപ്പത്തിലുള്ള ആലിപ്പഴം,” ഒടുവിൽ “മധുരനാരങ്ങയുടെ വലുപ്പത്തിലുള്ള ആലിപ്പഴം” എന്നിങ്ങനെ ദേശീയ കാലാവസ്ഥാ കേന്ദ്രം അതിനെ വിശേഷിപ്പിച്ചു. കാതടപ്പിക്കുന്ന ശബ്ദത്തിലായിരുന്നു ആലിപ്പഴം വർഷിച്ചത്. “ലോകം അവസാനിക്കാൻ പോകുകയാണെന്നു തോന്നി,” ഒരു നിവാസി പറഞ്ഞു.കൊടുങ്കാറ്റിനെത്തുടർന്ന് അനിഷ്ടസൂചകമായ ശാന്തത കളിയാടി. നാശനഷ്ടങ്ങളുടെ തോതു കണക്കുകൂട്ടാൻ ആളുകൾ തങ്ങളുടെ തകർന്നടിഞ്ഞ വീടുകൾക്കിടയിൽനിന്നു സാവധാനം പുറത്തുവന്നു. അപ്പോഴും കടപുഴകാതെ നിന്നിരുന്ന മരങ്ങളിൽ ഇലകളില്ലായിരുന്നു. തകർന്നടിയാതെ നിന്നിരുന്ന വീടുകൾ അസ്ഥിപഞ്ജരംപോലെ കാണപ്പെട്ടു. ചിലയിടങ്ങളിൽ ആലിപ്പഴം ഒരു മീറ്റർ കനത്തിൽ കൂനകൂടിക്കിടന്നു. വീടുകളുടെയും മോട്ടോർ വാഹനങ്ങളുടെയും ആയിരക്കണക്കിനു ജനാലകൾ കൊടുങ്കാറ്റിൽ പൊട്ടിച്ചിതറി. അങ്ങനെ, പൊട്ടിയ ചില്ലുകഷണങ്ങൾ നിലം മൂടിക്കിടന്നിരുന്ന ആലിപ്പഴത്തിനൊപ്പം വെട്ടിത്തിളങ്ങി. “വീടെത്തിയപ്പോൾ, പൊതുനിരത്തിൽനിന്നു വീട്ടിലേക്കുള്ള വഴിയിൽ വെറുതെ കാറിൽ ഇരുന്നു ഞാൻ കരഞ്ഞു. എന്നെ ആകുലപ്പെടുത്തുമാറ് അത്ര ഭീമമായിരുന്നു നാശനഷ്ടം,” ഒരു സ്ത്രീ പറയുന്നു.
ദുരിതാശ്വാസ പരിപാടികളും ആശുപത്രികളും ഉടനടി സാമ്പത്തിക സഹായവും നിർമാണവസ്തുക്കളും വൈദ്യ ചികിത്സയും ഉപദേശങ്ങളും നൽകി. കൊടുങ്കാറ്റിന് ഇരയായവരിൽ പലരും മറ്റുള്ളവരെ സഹായിക്കാൻ തങ്ങളാലാകുന്നതു ചെയ്തുവെന്നതു പ്രശംസനീയംതന്നെ.
യഹോവയുടെ സാക്ഷികളുടെ സഭകളും കർമനിരതമായി. സാൻ ആഞ്ചലോയിലുള്ള ഒരു മൂപ്പനായ ഓബ്രി കോണർ റിപ്പോർട്ടു ചെയ്യുന്നു: “കൊടുങ്കാറ്റ് ശമിച്ചയുടനെ ഞങ്ങൾ പരസ്പരം ഫോണിലൂടെ ബന്ധപ്പെട്ടു സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിച്ചു. ജനാലകൾ ഉറപ്പിക്കാനും മേൽക്കൂരയിൽ പ്ലാസ്റ്റിക്ക് ഇടാനും വീടുകൾ കഴിയുന്നത്ര കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതാക്കാനും ഞങ്ങൾ അന്യോന്യവും സാക്ഷികളല്ലാത്ത അയൽക്കാരെയും സഹായിച്ചു. അടുത്തതായി ഞങ്ങൾ വീടിനു കേടുപാടു സംഭവിച്ച, സഭയിലുള്ള ഓരോ വ്യക്തിയുടെയും പേരു രേഖപ്പെടുത്തി. നൂറോളം വീടുകളുടെ കേടുപാടുകൾ തീർക്കേണ്ടതുണ്ടായിരുന്നു. ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ദുരിതാശ്വാസസംഘടനകൾ വിതരണം ചെയ്ത സാമഗ്രികൾ മതിയാകുമായിരുന്നില്ല. അതുകൊണ്ടു ഞങ്ങൾ കൂടുതൽ സാമഗ്രികൾ വാങ്ങുകയും വേലയ്ക്കു ക്രമീകരിക്കുകയും ചെയ്തു. മൊത്തം ഏതാണ്ട് 1,000 സാക്ഷികൾ, ഓരോ വാരാന്തത്തിലും 250 പേർ വീതം, സഹായഹസ്തം നീട്ടി. അവർ 740 കിലോമീറ്റർ വരെ ദൂരത്തുനിന്നാണു വന്നത്. സകലരും അക്ഷീണം പണിയെടുത്തു, മിക്കപ്പോഴും 40 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ. 70 വയസ്സുള്ള ഒരു സഹോദരിപോലും എല്ലാ വാരാന്തത്തിലും ഞങ്ങളോടൊപ്പം വേലചെയ്തു, ഒരു വാരാന്തത്തിൽ മാത്രം അവർ വന്നില്ല. ആ വാരാന്തത്തിൽ അവർ സ്വന്തം വീടിന്റെ കേടുപാടു തീർക്കുന്നതിൽ മേൽക്കൂരയിൽനിന്നു സഹായിക്കുകയായിരുന്നു!
“‘മറ്റു മതങ്ങളും തങ്ങളുടെ അംഗങ്ങൾക്കുവേണ്ടി ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ, അല്ലേ?’ എന്നതുപോലുള്ള അഭിപ്രായം കാഴ്ചക്കാർ പറയുന്നതു ഞങ്ങൾക്കു മിക്കപ്പോഴും കേൾക്കാനായി. 10 മുതൽ 12 വരെ സന്നദ്ധസേവകരുള്ള സംഘം (സഹോദരിമാർ ഉൾപ്പെടെ) വെള്ളിയാഴ്ച രാവിലെ, സൗജന്യമായി സഹസാക്ഷിയുടെ വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി തീർക്കുന്നതിനോ അതു മുഴുവൻ പുതുക്കിപ്പണിയുന്നതിനോ എത്തിച്ചേരുന്നത് അയൽക്കാർ വിലമതിപ്പോടെ നോക്കിനിന്നു. മിക്കയിടങ്ങളിലും വേല ഒരു വാരാന്തംകൊണ്ടു തീർന്നു. സാക്ഷിയല്ലാത്ത ഒരു കോൺട്രാക്ടർ അയലത്തെ മേൽക്കൂരയുടെ പണിയിൽ വ്യാപൃതനായിരിക്കുമ്പോഴായിരിക്കും ചിലപ്പോഴൊക്കെ നമ്മുടെ സംഘം ഒരു വീട്ടിൽ എത്തിച്ചേരുന്നത്. എന്നാൽ അവരുടെ പണി തീരുന്നതിനു മുമ്പുതന്നെ ഞങ്ങൾ പഴയ മേൽക്കൂരയെല്ലാം പൊളിച്ചുകളഞ്ഞു പുതിയതുണ്ടാക്കി മുറ്റമെല്ലാം വൃത്തിയാക്കും. ഞങ്ങളെ വീക്ഷിക്കുന്നതിനുവേണ്ടി മാത്രം അവർ ചിലപ്പോഴൊക്കെ പണി നിർത്തുമായിരുന്നു.”
കോണർ സഹോദരൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “എല്ലാവരും ചേർന്ന് ആസ്വദിച്ച അനുഭവങ്ങൾ ഞങ്ങൾക്കു നഷ്ടപ്പെടാൻ പോവുകയാണ്. മുമ്പൊരിക്കലുമില്ലാത്തവിധം സാഹോദര്യസ്നേഹം പ്രകടിപ്പിച്ചും സ്വീകരിച്ചും ഒരു വ്യത്യസ്ത കാഴ്ചപ്പാടിൽ ഞങ്ങൾ അന്യോന്യം അറിയാൻ ഇടയായി. യഥാർഥമായും സഹായിക്കണമെന്ന ആഗ്രഹത്തോടെ സഹോദരീസഹോദരന്മാർ പുതിയ ലോകത്തിൽ എങ്ങനെയായിരി2 പത്രൊസ് 3:13.
ക്കും ഇടപെടുന്നത് എന്നതിന്റെ ഒരു മാതൃക മാത്രമാണിത് എന്നു ഞങ്ങൾക്കു തോന്നുന്നു.”—കോബെ—“തടി, കുമ്മായം, മനുഷ്യ ജഡങ്ങൾ എന്നിവയുടെ ഒരു കൂമ്പാരം”
കോബെ നിവാസികൾ ഒരുങ്ങിയിരിക്കേണ്ടതായിരുന്നു. വാസ്തവത്തിൽ, എല്ലാ സെപ്റ്റംബർ 1-ഉം അവർ വിപത്തു പ്രതിരോധ ദിനമായി ആചരിക്കുന്നു. സ്കൂൾ കുട്ടികൾ ഭൂകമ്പ-കായികാഭ്യാസത്തിൽ ഏർപ്പെടുന്നു. സൈനികർ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങൾക്കുള്ള പരിശീലനം നടത്തുന്നു. അഗ്നിശമന വിഭാഗം ഭൂകമ്പ-അനുകരണ യന്ത്രങ്ങൾ പുറത്തിറക്കുന്നു. അതിൽ, ഒരു യഥാർഥ ഭൂകമ്പത്തിലെന്നപോലെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്ന, ഒരു മുറിയുടെ വലുപ്പത്തിലുള്ള പെട്ടിക്കുള്ളിൽകിടന്നു സന്നദ്ധസേവകർ അതിജീവന വൈദഗ്ധ്യങ്ങൾ അഭ്യസിക്കുന്നു. എന്നാൽ 1995 ജനുവരി 17-ന് യഥാർഥ ഭൂകമ്പം അരങ്ങേറിയപ്പോൾ എല്ലാ ഒരുക്കങ്ങളും വ്യർഥമായി തോന്നി. പതിനായിരക്കണക്കിനു മേൽക്കൂരകൾ നിലംപൊത്തി. അനുകരണ ഭൂകമ്പത്തിൽ അങ്ങനെയെന്തെങ്കിലും ഒരിക്കലും സംഭവിച്ചിട്ടില്ല. തീവണ്ടികൾ മറിഞ്ഞു; ഹൈവേയുടെ പല ഭാഗങ്ങളും തകർന്നു; പ്രധാന വാതക, ജല വാഹികളിൽ വിള്ളലുണ്ടായി; കാർഡ്ബോർഡുപോലെ വീടുകൾ നിലംപതിച്ചു. ടൈം മാസിക ആ രംഗത്തെ “തടി, കുമ്മായം, മനുഷ്യ ജഡങ്ങൾ എന്നിവയുടെ ഒരു കൂമ്പാരം” എന്നു വർണിച്ചു.
അടുത്തതു തീപിടുത്തമായിരുന്നു. ഭഗ്നാശരായ അഗ്നിശമന പ്രവർത്തകർ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരിക്കെ കെട്ടിടങ്ങളിൽ തീ ആളിക്കത്തി. തീ ശമിപ്പിക്കാൻ എത്തിച്ചേർന്നവരാണെങ്കിൽ, നഗരത്തിലെ കേടുവന്ന ജലവിതരണ സംവിധാനത്തിൽനിന്നു വെള്ളം ശേഖരിക്കാനാവില്ലെന്നു കണ്ടെത്തി. “ആദ്യ ദിവസം ആകെ പരിഭ്രാന്തിയായിരുന്നു. ആളിക്കത്തുന്ന കെട്ടിടങ്ങളിൽ നിരവധിയാളുകളുണ്ടെന്ന ബോധ്യം നിമിത്തം ജീവിതത്തിൽ ഒരിക്കലും അനുഭവപ്പെടാത്ത, ഞാൻ അശക്തനാണെന്ന ബോധം എന്നെ ഗ്രസിച്ചു. എനിക്കൊന്നും ചെയ്യാനാവില്ലെന്ന് അറിയാമായിരുന്നു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മൊത്തം 5,000-ത്തോളം ആളുകൾ മരണമടഞ്ഞു, ഏകദേശം 50,000 കെട്ടിടങ്ങൾ നാമാവശേഷമായി. ആവശ്യമുള്ള ഭക്ഷണത്തിന്റെ മൂന്നിലൊന്നു മാത്രമേ കോബെയിൽ ഉണ്ടായിരുന്നുള്ളൂ. വെള്ളം ശേഖരിക്കാനുള്ള ബദ്ധപ്പാടിൽ ചിലർ വിള്ളൽ സംഭവിച്ച പൈപ്പുകൾക്കു താഴെയുള്ള മലിനമായ വെള്ളം ഒപ്പിയെടുക്കാൻ മുതിർന്നു. ഭവനരഹിതർ പലരും അഭയകേന്ദ്രങ്ങളിലേക്കു പലായനം ചെയ്തു. അവയിൽ ചിലത് ഓരോ വ്യക്തിക്കും ഭക്ഷണമായി ദിവസം ഒരു കോപ്പ ചോറുവീതം റേഷൻ നിരക്കിൽ നൽകി. എങ്ങും അസംതൃപ്തി. “അധികൃതർ ഒന്നും ചെയ്തിട്ടില്ല. അവരെ ആശ്രയിച്ചിരുന്നാൽ ഞങ്ങൾ പട്ടിണികിടന്നു മരിക്കും,” ഒരു വ്യക്തി പരാതിപ്പെട്ടു.
കോബെയിലും സമീപ പ്രദേശത്തുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ ഉടനടി സംഘടിതമായി. അവരുടെ വേല നേരിട്ടുകണ്ട ഒരു ഹെലികോപ്റ്റർ പൈലറ്റ് ഇങ്ങനെ പറഞ്ഞു: “ഭൂകമ്പം നടന്ന ദിവസം ഞാൻ ദുരന്തബാധിത പ്രദേശത്തു പോയി അവിടെ ഒരാഴ്ച ചെലവഴിച്ചു. ഒരു അഭയകേന്ദ്രത്തിലെത്തിയപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. ദുരിതാശ്വാസപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലായിരുന്നു. യഹോവയുടെ സാക്ഷികൾ മാത്രമാണ് ആ പ്രദേശത്ത് ഓടിയെത്തി കാര്യങ്ങൾ ഒന്നൊന്നായി ചെയ്തത്.”
തീർച്ചയായും, ചെയ്തുതീർക്കാൻ ധാരാളം ജോലിയുണ്ടായിരുന്നു. പത്തു രാജ്യഹാളുകൾ ഉപയോഗശൂന്യമായി തീർന്നിരുന്നു, 430 സാക്ഷികൾ ഭവനരഹിതരായി. അതിനുപുറമേ, 1,206 പേരുടെ വീടിന് അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നു. അതുമാത്രമല്ല, ദുരന്തത്തിൽ മരിച്ചുപോയ 15 പേരുടെ കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ അടിയന്തര ആവശ്യവുമുണ്ടായിരുന്നു.
രാജ്യത്താകമാനമുള്ള സാക്ഷികളിൽ 1,000 പേർ അറ്റകുറ്റപ്പണിക്കായി തങ്ങളുടെ സമയം സ്വമേധയാ വാഗ്ദാനം ചെയ്തു. ഒരു സഹോദരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സ്നാപനമേൽക്കാത്ത ബൈബിൾ വിദ്യാർഥികളുടെ വീടുകളിൽ വേല ചെയ്യവേ അവർ എപ്പോഴും ഞങ്ങളോട്, ‘ഇതിനെല്ലാം ഞങ്ങൾ എത്രമാത്രം തുക നൽകണം?’ എന്നു ചോദിക്കുമായിരുന്നു. സഭയുടെ പിന്തുണയോടെയാണു വേല ചെയ്യുന്നതെന്നു ഞങ്ങൾ അവരോടു പറഞ്ഞപ്പോൾ അവർ, ‘ഞങ്ങൾ പഠിച്ചതു വാസ്തവംതന്നെ!’ എന്നു പറഞ്ഞുകൊണ്ടു നന്ദി പ്രകാശിപ്പിച്ചു.”
സാക്ഷികൾ ഉടനടി വിപത്തിനോടു സമഗ്രമായി പ്രതികരിച്ചതിൽ അനേകർക്കും മതിപ്പുതോന്നി. നേരത്തെ ഉദ്ധരിച്ച പൈലറ്റ് പറയുന്നു: “എനിക്ക് ആഴമായ മതിപ്പുതോന്നി. നിങ്ങൾ അന്യോന്യം ‘സഹോദരൻ’ എന്നും ‘സഹോദരി’ എന്നും വിളിക്കുന്നു. നിങ്ങൾ അന്യോന്യം സഹായിക്കുന്നതെങ്ങനെയെന്നു ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടിരിക്കുന്നു; നിങ്ങൾ വാസ്തവമായും ഒരു കുടുംബമാണ്.”
ഭൂകമ്പത്തിൽനിന്നു സാക്ഷികളും വിലയേറിയ പാഠം പഠിച്ചു. ഒരു സഹോദരി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സ്ഥാപനം വലുതാകുംതോറും വ്യക്തിപരമായ താത്പര്യം പ്രകടമാക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു.” എന്നാൽ തനിക്കു ലഭിച്ച ആർദ്ര പരിപാലനം അവരുടെ വീക്ഷണത്തിനു മാറ്റം വരുത്തി. “ഒരു സ്ഥാപനമെന്ന നിലയിൽ മാത്രമല്ല തനതായ വ്യക്തികളെന്ന നിലയിലും യഹോവ നമുക്കായി കരുതുന്നുവെന്ന് എനിക്കിപ്പോൾ അറിയാം.” എന്നിരുന്നാലും, വിപത്തിനുള്ള ശാശ്വത പരിഹാരം ഭാവിയിലാണു കുടികൊള്ളുന്നത്.
ശാശ്വത പരിഹാരം പെട്ടെന്ന്!
മനുഷ്യ ജീവനെയും ജീവിതവൃത്തിയെയും മേലാൽ വിപത്തുകൾ വെട്ടിക്കുറയ്ക്കുകയില്ലാത്ത സമയത്തിനായി യഹോവയുടെ സാക്ഷികൾ നോക്കിപ്പാർത്തിരിക്കുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ ഭൂപരിസ്ഥിതിയുമായി സഹകരിക്കാൻ മനുഷ്യൻ പഠിക്കും. മനുഷ്യർ സ്വാർഥത കൈവെടിയുമ്പോൾ പ്രകൃതി വിപത്തുകൾക്കു വിധേയരാകുന്നതിനുള്ള സാധ്യത കുറവായിരിക്കും.
കൂടാതെ, പ്രകൃതി ശക്തികളുടെ സ്രഷ്ടാവായ യഹോവയാം ദൈവം, തന്റെ ഭൗമിക സൃഷ്ടി മേലാൽ പ്രകൃതി ശക്തികളുടെ ഭീഷണിയിലല്ലെന്ന് ഉറപ്പുവരുത്തും. അപ്പോൾ ഭൂമി വാസ്തവമായും ഒരു പറുദീസയായിരിക്കും. (യെശയ്യാവു 65:17, 21, 23; ലൂക്കൊസ് 23:43) വെളിപ്പാട് 21:4, 5-ലെ പിൻവരുന്ന പ്രവചനം അതിന്റെ മഹത്തായ നിവൃത്തി കൈവരിക്കും: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”
[5-ാം പേജിലെ ചിത്രം]
വെള്ളപ്പൊക്കത്തിലൂടെ കടന്നുപോകാൻ താനും മറ്റുള്ളവരും ഒരു ചങ്ങല രൂപീകരിച്ചത് എങ്ങനെയെന്നു ബിയട്രിസ് ജോൺസ് (ഇടത്ത്) പ്രകടിപ്പിക്കുന്നു
[6-ാം പേജിലെ ചിത്രം]
ചുഴലിക്കാറ്റിനു ശേഷമുള്ള ദുരിതാശ്വാസപ്രവർത്തനം