നിങ്ങളുടെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിന്?
നിങ്ങളുടെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിന്?
“ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ.”—സങ്കീർത്തനം 143:8.
1. മാനുഷിക അനുധാവനങ്ങളെയും നേട്ടങ്ങളെയും കുറിച്ചു ശലോമോൻ രാജാവ് എന്താണു നിഗമനം ചെയ്തത്?
മറ്റാരെയുംപോലെ നിങ്ങൾക്കുമറിയാം, ജീവിതം പലവിധ പ്രവർത്തനങ്ങളും താത്പര്യങ്ങളും നിറഞ്ഞതാണ്. അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, അവയിൽ ചിലതെല്ലാം അത്യന്താപേക്ഷിതമാണെന്നു നിങ്ങൾ തിരിച്ചറിയുന്നു. മറ്റു ചില പ്രവർത്തനങ്ങളും താത്പര്യങ്ങളുമാകട്ടെ, അത്രതന്നെ പ്രധാനമല്ല, അല്ലെങ്കിൽ വ്യർഥം പോലുമാണ്. നിങ്ങളിതു തിരിച്ചറിയുന്നുവെന്നതിനർഥം എക്കാലത്തെയും ഏറ്റവും ജ്ഞാനികളിൽ ഒരുവനായിരുന്ന ശലോമോൻ രാജാവുമായി നിങ്ങൾ യോജിപ്പിലാണെന്നാണ്. ജീവിതത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പുനരവലോകനം ചെയ്തശേഷം അവൻ ഈ നിഗമനത്തിലെത്തി: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.” (സഭാപ്രസംഗി 2:4-9, 11; 12:13) ഇന്നു നമുക്കിതിന് എന്തു പ്രാധാന്യമാണുള്ളത്?
2. ദൈവഭയമുള്ള ആളുകൾ ഏത് അടിസ്ഥാന ചോദ്യം സ്വയം ചോദിക്കണം, അത് ബന്ധപ്പെട്ട ഏതെല്ലാം ചോദ്യങ്ങളിലേക്കു നയിക്കുന്നു?
2 നിങ്ങൾ “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണി”ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ പ്രധാന ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിനാണ്?’ ഈ ചോദ്യത്തെക്കുറിച്ചു നിങ്ങൾ ദിവസേന ചിന്തിക്കാറില്ലായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ചു പരിചിന്തിക്കരുതോ? വാസ്തവത്തിൽ, അതു പിൻവരുന്നതുപോലുള്ള ചില ബന്ധപ്പെട്ട ചോദ്യങ്ങൾ മനസ്സിലുയർത്തുന്നു: ‘ഒരുപക്ഷേ, ഞാനെന്റെ ജോലിക്കോ തൊഴിലിനോ ഭൗതിക വസ്തുക്കൾക്കോ അമിതപ്രാധാന്യം നൽകുന്നുണ്ടോ? എന്റെ ജീവിതത്തിൽ ഭവനത്തിനും കുടുംബക്കാർക്കും പ്രിയപ്പെട്ടവർക്കുമുള്ള സ്ഥാനം എന്താണ്?’ ഒരു യുവാവ് ചോദിച്ചേക്കാം, ‘ഞാൻ വിദ്യാഭ്യാസത്തിന് എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ട്, എത്രമാത്രം സമയം ചെലവിടുന്നുണ്ട്? വാസ്തവത്തിൽ, ഹോബിയോ കായികോല്ലാസമോ ഏതെങ്കിലും വിധത്തിലുള്ള വിനോദമോ സാങ്കേതികവിദ്യയോ ആണോ എന്റെ മുഖ്യതാത്പര്യം?’ നമ്മുടെ പ്രായവും പശ്ചാത്തലവും എന്തുതന്നെയായാലും, ‘എന്റെ ജീവിതത്തിൽ ദൈവത്തെ സേവിക്കുന്നതിന് എന്തു സ്ഥാനമാണുള്ളത്?’ എന്നു നാം ന്യായമായും ചോദിച്ചേ തീരൂ. മുൻഗണനകൾ വെക്കണമെന്ന കാര്യത്തിൽ നിങ്ങളും യോജിച്ചേക്കാം. എന്നാൽ ജ്ഞാനപൂർവം മുൻഗണനകൾ വെക്കുന്നതിനു നമുക്ക് എങ്ങനെ, എവിടെനിന്നു സഹായം ലഭിക്കും?
3. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മുൻഗണനകൾ വെക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
3 “പരമപ്രധാനം” എന്നതിന് മറ്റെല്ലാറ്റിനും മുമ്പേ വരുന്നതോ ആദ്യം പരിഗണിക്കേണ്ടതോ ആയ ഒന്ന് എന്ന അടിസ്ഥാന അർഥമാണുള്ളത്. നിങ്ങളൊരു യഹോവയുടെ സാക്ഷിയോ അവരുമായി സഹവസിച്ചു ദൈവവചനം പഠിക്കുന്ന ലക്ഷക്കണക്കിനുവരുന്ന ആത്മാർഥരായ വിദ്യാർഥികളിൽ ഒരുവനോ ആയാലും ഈ സത്യം പരിചിന്തിക്കുക: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.” (സഭാപ്രസംഗി 3:1) ഉചിതമായും, അതിൽ കുടുംബബന്ധങ്ങളിൽ സ്നേഹപുരസ്സരമായ താത്പര്യം കാണിക്കുന്നത് ഉൾപ്പെടുന്നു. (കൊലൊസ്സ്യർ 3:18-21) അതിൽ ലൗകിക ജോലികൊണ്ട് നിങ്ങളുടെ വീട്ടുകാർക്കുവേണ്ടി സത്യസന്ധമായ കരുതലുകൾ നടത്തുന്നത് ഉൾപ്പെടുന്നു. (2 തെസ്സലൊനീക്യർ 3:10-12; 1 തിമൊഥെയൊസ് 5:8) ഇടയ്ക്കൊരു മാറ്റത്തിനുവേണ്ടി, ഒരു ഹോബിക്കോ വല്ലപ്പോഴുമുള്ള വിനോദത്തിനോ ഉല്ലാസത്തിനോ വേണ്ടി നിങ്ങൾക്കു സമയം മാറ്റിവെക്കാവുന്നതാണ്. (മർക്കൊസ് 6:31 താരതമ്യം ചെയ്യുക.) എന്നാൽ ഗൗരവമായി ചിന്തിക്കുമ്പോൾ, ജീവിതത്തിൽ ഇവയൊന്നും പരമപ്രധാനമായ കാര്യമല്ലെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? മറ്റെന്തിനോ ആണു കൂടുതൽ പ്രാധാന്യമുള്ളത്.
4. നാം മുൻഗണനകൾ വെക്കുന്നതുമായി ഫിലിപ്പിയർ 1:9, 10 ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
4 മുൻഗണനകൾ വെക്കുന്നതിലും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിലും ബൈബിളിന്റെ മാർഗദർശക തത്ത്വങ്ങൾ മൂല്യവത്തായ സഹായങ്ങളാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടാവാം. ഉദാഹരണത്തിന്, ഫിലിപ്പിയർ 1:9, 10-ൽ ക്രിസ്ത്യാനികൾ “മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തി ലും വർദ്ധിച്ചു”വരണമെന്ന് ഉദ്ബോധിപ്പിച്ചിരിക്കുന്നു. ഏതു ലക്ഷ്യത്തിൽ? “നിങ്ങൾ ഭേദാഭേദങ്ങളെ [“കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ,” NW] വിവേചിപ്പാറാകേ”ണ്ടതിന് എന്നു പൗലൊസ് അപ്പോസ്തലൻ കൂട്ടിച്ചേർത്തു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അത് അർഥവത്താണെന്നു തോന്നുന്നില്ലേ? സൂക്ഷ്മപരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ, ജീവിതത്തിൽ എന്തിനാണു പ്രഥമ താത്പര്യം—പരമപ്രാധാന്യം—ഉള്ളതെന്നു വിവേചനയുള്ള ഒരു ക്രിസ്ത്യാനിക്കു തീർച്ചപ്പെടുത്താനാവും.
പരമപ്രാധാന്യം എന്തിന്, ഒരു മാതൃക
5. ക്രിസ്ത്യാനികൾക്കായി വെച്ചിരിക്കുന്ന മാതൃക വർണിക്കവേ, യേശുവിന്റെ ജീവിതത്തിൽ പരമപ്രധാന സംഗതി എന്തായിരുന്നുവെന്നാണു തിരുവെഴുത്തുകൾ പ്രകടമാക്കുന്നത്?
5 പത്രൊസ് അപ്പോസ്തലന്റെ വാക്കുകളിൽ നമുക്കു പരിജ്ഞാനത്തിന്റെ ഒരമൂല്യ വശം കാണാം: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) അതേ, ജീവിതത്തിൽ പരമപ്രാധാന്യം എന്തിനെന്നതിനെക്കുറിച്ചുള്ള സൂചനകൾക്കുവേണ്ടി, അതു സംബന്ധിച്ചു യേശുക്രിസ്തു ചിന്തിച്ചതെന്തെന്നു നമുക്കു പരിശോധിക്കാം. സങ്കീർത്തനം 40:8 അവനെക്കുറിച്ചു പ്രാവചനികമായി ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” ഇതേ ആശയം അവൻ പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.”—യോഹന്നാൻ 4:34; എബ്രായർ 12:2.
6. ദൈവഹിതം ഒന്നാമതു വെച്ചതിനാൽ യേശുവിനുണ്ടായതുപോലുള്ള അതേ ഫലങ്ങൾ നമുക്കെങ്ങനെ ഉണ്ടാകും?
6 ദൈവഹിതം നിവർത്തിക്കൽ എന്ന ആ മുഖ്യസംഗതി ശ്രദ്ധിക്കുക. തന്റെ ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിൽ ഉചിതമായും പരമപ്രാധാന്യം കൊടുക്കേണ്ട സംഗതിക്ക് യേശുവിന്റെ മാതൃക ഊന്നൽ നൽകുന്നു. എന്തെന്നാൽ “അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും” എന്ന് അവൻ പറഞ്ഞു. (ലൂക്കൊസ് 6:40) യേശു തന്റെ പിതാവ് ഉദ്ദേശിച്ച വഴിയിൽ നടന്നപ്പോൾ, ദൈവഹിതം പരമപ്രധാനമായി വെക്കുന്നതിൽ “സന്തോഷപരിപൂർണ്ണത”യുണ്ടായിരുന്നുവെന്ന് അവൻ പ്രകടമാക്കി. (സങ്കീർത്തനം 16:11; പ്രവൃത്തികൾ 2:28) അത് എന്ത് അർഥമാക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? യേശുവിന്റെ അനുഗാമികൾ തങ്ങളുടെ ജീവിതത്തിലെ പരമപ്രധാന സംഗതിയായി ദൈവഹിതം നിറവേറ്റുന്നതു തിരഞ്ഞെടുക്കുമ്പോൾ, അവർ “സന്തോഷപരിപൂർണ്ണത”യും യഥാർഥ ജീവനും ആസ്വദിക്കും. (1 തിമൊഥെയൊസ് 6:19) അതുകൊണ്ട്, ദൈവഹിതം ചെയ്യുന്നതിനു ജീവിതത്തിൽ മുൻഗണന കൊടുക്കാൻ ഒന്നിലധികം കാരണമുണ്ട്.
7, 8. യേശു ഏതെല്ലാം പരിശോധനകൾ അഭിമുഖീകരിച്ചു, ഇതിൽനിന്നു നമുക്ക് എന്തു പഠിക്കാം?
7 ദൈവഹിതം ചെയ്യാനുള്ള ആത്മസമർപ്പണത്തെ യേശു പ്രതീകപ്പെടുത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഉടനെതന്നെ പിശാച് അവനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. എങ്ങനെ? മൂന്നു മണ്ഡലങ്ങളിലെ പ്രലോഭനത്തിലൂടെ. ഓരോ പ്രാവശ്യവും യേശു തിരുവെഴുത്തുപരവും അസന്ദിഗ്ധവുമായ വാക്കുകളിൽ മറുപടി പറഞ്ഞു. (മത്തായി 4:1-10) എന്നാൽ പരിശോധനകൾ അവനു പിന്നെയുമുണ്ടായി—പീഡാനുഭവം, പരിഹാസം, യൂദാസിന്റെ ഒറ്റിക്കൊടുക്കൽ, വ്യാജ ആരോപണങ്ങൾ, പിന്നെ ദണ്ഡനസ്തംഭത്തിലുള്ള മരണവും. എന്നിട്ടും, ഈ പരിശോധനകളൊന്നും ദൈവത്തിന്റെ വിശ്വസ്ത പുത്രനെ ചഞ്ചലനാക്കിയില്ല. ഒരു നിർണായക ഘട്ടത്തിൽ, യേശു പ്രാർഥിച്ചു: “ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ.” (മത്തായി 26:39, 42) നമുക്കായി വെച്ചിരിക്കുന്ന മാതൃകയുടെ ഈ വശം നമ്മെ ഓരോരുത്തരെയും ആഴത്തിൽ പ്രചോദിതരാക്കുകയും “പ്രാർഥനയിൽ ഉറ്റിരി”ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതല്ലയോ?—റോമർ 12:12.
8 അതേ, ജീവിതത്തിൽ മുൻഗണനകൾ വെക്കുമ്പോൾ, വിശേഷിച്ചും നാം സത്യത്തിന്റെ ശത്രുക്കളെയും ദൈവഹിത വിരോധികളെയും അഭിമുഖീകരിക്കുന്നെങ്കിൽ, ദിവ്യമാർഗനിർദേശം പ്രത്യേകിച്ചും സഹായകമാണ്. ശത്രുവിരോധം നേരിട്ടപ്പോൾ, വിശ്വസ്ത രാജാവായ ദാവീദ് മാർഗനിർദേശത്തിനായി അഭയയാചന നടത്തിയത് ഓർമിക്കുക. സങ്കീർത്തനം 143-ന്റെ ഒരു ഭാഗം പരിചിന്തിക്കവേ നമുക്കിതു കാണാവുന്നതാണ്. യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം നമുക്കെങ്ങനെ ബലിഷ്ഠമാക്കാമെന്നും നമ്മുടെ ജീവിതത്തിൽ ദൈവഹിതം ചെയ്യുന്നത് ഒന്നാം സ്ഥാനത്തു വെക്കാൻ എങ്ങനെ ശക്തിനേടാമെന്നും വിവേചിക്കാൻ ഇതു നമ്മെ സഹായിക്കേണ്ടതാണ്.
യഹോവ നമ്മുടെ പ്രാർഥനകൾ കേട്ട് അവയ്ക്ക് ഉത്തരം തരുന്നു
9. (എ) ദാവീദ് ഒരു പാപിയായിരുന്നെങ്കിലും, അവന്റെ വാക്കുകളും പ്രവൃത്തികളും എന്തു വെളിപ്പെടുത്തുന്നു? (ബി) ശരി ചെയ്യുന്നത് നാം നിർത്തരുതാത്തത് എന്തുകൊണ്ട്?
9 പാപിയും മർത്ത്യനും ആയിരുന്നിട്ടും, തന്റെ യാചന യഹോവ കേൾക്കുമെന്ന വിശ്വാസം ദാവീദിനുണ്ടായിരുന്നു. അവൻ താഴ്മയോടെ യാചിച്ചു: “യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ. അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീർത്തനം 143:1, 2) തന്റെ അപൂർണതയെക്കുറിച്ചു ദാവീദ് ബോധവാനായിരുന്നു, എന്നിട്ടും അവന്റെ ഹൃദയം ദൈവത്തിനുനേരെ പൂർണമായിരുന്നു. അതുകൊണ്ട്, നീതിയിൽ തനിക്ക് ഉത്തരം ലഭിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. ഇതു നമ്മെ പ്രോത്സാഹിപ്പിക്കുന്നില്ലേ? നാം ദൈവത്തിന്റെ നീതിയിൽ പലപ്പോഴും കുറവുള്ളവരാണെങ്കിലും, നമ്മുടെ ഹൃദയം അവനുനേരെ പൂർണമാണെങ്കിൽ അവൻ നമ്മെ ശ്രവിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (സഭാപ്രസംഗി 7:20; 1 യോഹന്നാൻ 5:14) പ്രാർഥനയിൽ ഉറ്റിരിക്കവേ, ഈ ദുഷ്ടനാളുകളിൽ “നന്മ”കൊണ്ടു “തിന്മയെ ജയിക്കു”ന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.—റോമർ 12:20, 21; യാക്കോബ് 4:7.
10. ദാവീദിന് ഉത്കണ്ഠാകുലമായ സമയങ്ങളുണ്ടായിരുന്നത് എന്തുകൊണ്ട്?
10 നമുക്കു ശത്രുക്കളുള്ളതുപോലെ, ദാവീദിനുമുണ്ടായിരുന്നു ശത്രുക്കൾ. ശൗലിനു പിടികൊടുക്കാതെ ഏകാന്തവും അപ്രാപ്യവുമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കാൻ നിർബന്ധിതനായ അഭയാർഥിയെന്ന നിലയിലോ ശത്രുവിന്റെ ഉപദ്രവമേൽക്കുന്ന ഒരു രാജാവെന്ന നിലയിലോ ആയാലും, ദാവീദിന് ഉത്കണ്ഠാകുലമായ ഘട്ടങ്ങളുണ്ടായിരുന്നു. തന്നെ ഇത് എങ്ങനെ ബാധിച്ചുവെന്ന് അവൻ വർണിച്ചു: “ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; . . . അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.” (സങ്കീർത്തനം 143:3, 4) ഇതുപോലെ തോന്നാൻ നിങ്ങൾക്ക് എന്തെങ്കിലും കാരണമുണ്ടായിരുന്നിട്ടുണ്ടോ?
11. ആധുനികകാല ദൈവദാസന്മാർ ഉത്കണ്ഠാകുലമായ ഏതു സമയങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു?
11 ശത്രുസമ്മർദമോ, കഠിനമായ സാമ്പത്തിക പ്രയാസം, ഗുരുതരമായ രോഗങ്ങൾ, അല്ലെങ്കിൽ വിഷമിപ്പിക്കുന്ന മറ്റു പ്രശ്നങ്ങൾ നിമിത്തമുള്ള പരിശോധനകളോ മൂലം ദൈവജനങ്ങളിൽ ചിലർക്കു കടുത്ത വിഷാദം തോന്നിയിട്ടുണ്ട്. അവരുടെ ഹൃദയങ്ങൾ സ്തംഭിച്ചതുപോലെയായിട്ടുള്ള സന്ദർഭങ്ങളുമുണ്ട്. അത്, വ്യക്തിപരമായി അവരിങ്ങനെ നിലവിളിച്ചിരിക്കുന്നതുപോലെയാണ്: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കി”യിരിക്കുന്നു. “നീ . . . എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.” (സങ്കീർത്തനം 71:20, 21) അവർക്കു സഹായം ലഭിച്ചിരിക്കുന്നതെങ്ങനെ?
ശത്രുശ്രമങ്ങളെ നേരിടേണ്ട വിധം
12. ദാവീദ് അപകടവും പരിശോധനകളും തരണംചെയ്തതെങ്ങനെ?
12 അപകടത്തിലും വലിയ പരിശോധനകളിലും പെട്ടുഴലുമ്പോൾ ദാവീദ് എന്തു ചെയ്തുവെന്ന് സങ്കീർത്തനം 143:5 സൂചിപ്പിക്കുന്നു: “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.” തന്റെ ദാസന്മാരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളും താൻ നേരിട്ടനുഭവിച്ച വിമോചനവും ദാവീദ് അനുസ്മരിച്ചു. തന്റെ മഹത്തായ നാമത്തെപ്രതി യഹോവ ചെയ്തിരിക്കുന്ന സംഗതികളെക്കുറിച്ച് അവൻ ധ്യാനിച്ചു. അതേ, ദാവീദ് ദൈവത്തിന്റെ വേലകളിൽ താത്പര്യമുള്ളവനായി നിലകൊണ്ടു.
13. നാം പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ, വിശ്വസ്ത ദാസരുടെ പുരാതനവും ആധുനികവുമായ മാതൃകകളെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് സഹിച്ചുനിൽക്കാൻ നമ്മെ എങ്ങനെ സഹായിക്കും?
13 തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചു നാം പലപ്പോഴും അനുസ്മരിച്ചിട്ടില്ലേ? തീർച്ചയായും! ഇതിൽ ക്രിസ്തീയപൂർവ കാലങ്ങളിലെ ‘സാക്ഷികളുടെ വലിയൊരു സമൂഹ’ത്തിന്റെ ചരിത്രവും ഉൾപ്പെടുന്നു. (എബ്രായർ 11:32-38; 12:1) “പൂർവ്വകാല”വും അവർ സഹിച്ച സംഗതികളും “ഓർത്തുകൊ”ള്ളാൻ ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്ത്യാനികളും പ്രോത്സാഹിപ്പിക്കപ്പെട്ടു. (എബ്രായർ 10:32-34) യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലുള്ള, ആധുനികകാല ദൈവ ദാസന്മാരുടെ അനുഭവങ്ങളുടെ കാര്യമോ? a നിരോധനങ്ങളും തടവും ജനക്കൂട്ടത്തിന്റെ ആക്രമണവും തടങ്കൽപ്പാളയവും അടിമപ്പണിയെടുപ്പിക്കുന്ന പാളയങ്ങളുംമറ്റും സഹിക്കാൻ യഹോവ തന്റെ ജനത്തെ എങ്ങനെ സഹായിച്ചിരിക്കുന്നുവെന്ന് ഓർക്കാൻ അതിലും മറ്റു പ്രസിദ്ധീകരണങ്ങളിലും കൊടുത്തിരിക്കുന്ന വിവരങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു. ബുറൂണ്ടി, ലൈബീരിയ, റുവാണ്ട, മുൻ യൂഗോ സ്ലാവിയ എന്നിങ്ങനെയുള്ള, യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട നാടുകളിൽ പരിശോധനകളുണ്ടായിട്ടുണ്ട്. എതിർപ്പു പൊന്തിവന്നപ്പോൾ, യഹോവയുമായുള്ള ശക്തമായൊരു ബന്ധം നിലനിർത്തിയിരുന്നതിനാൽ ദൈവത്തിന്റെ ദാസന്മാർ സഹിച്ചുനിന്നു. അവന്റെ ഹിതം ചെയ്യുന്നത് തങ്ങളുടെ ജീവിതത്തിൽ പരമപ്രാധാന്യമുള്ള സംഗതിയാക്കിയവരെ അവന്റെ കരം താങ്ങി.
14. (എ) നമ്മുടേതിനു സമാനമായേക്കാവുന്ന സ്ഥിതിവിശേഷത്തിലുള്ള ഒരു വ്യക്തിയെ ദൈവം തുണച്ചതിന്റെ ഒരു ദൃഷ്ടാന്തമേത്? (ബി) ആ ദൃഷ്ടാന്തത്തിൽനിന്നു നിങ്ങളെന്തു പഠിക്കുന്നു?
14 എന്നിരുന്നാലും, അത്തരം മൃഗീയ ദുഷ്പെരുമാറ്റം നിങ്ങൾ അനുഭവിച്ചിട്ടില്ലെന്നു നിങ്ങൾ പ്രതികരിച്ചേക്കാം. അങ്ങനെയൊന്നും തങ്ങൾക്ക് ഒരിക്കലും സംഭവിക്കുകയില്ലെന്നും നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, ദൈവം തന്റെ ജനത്തെ പിന്തുണയ്ക്കുന്നത് എല്ലായ്പോഴും നാടകീയ സാഹചര്യമെന്നു ചിലർ വീക്ഷിക്കുന്ന വിധത്തിലല്ല. “സാധാരണ” സാഹചര്യങ്ങളിൽ അനേകം “ശരാശരി” വ്യക്തികളെ അവൻ പിന്തുണച്ചിട്ടുണ്ട്. അനവധി ദൃഷ്ടാന്തങ്ങളിൽ കേവലം ഒരെണ്ണമിതാ: മേൽക്കൊടുത്തിരിക്കുന്ന ചിത്രം നിങ്ങൾ തിരിച്ചറിയുന്നുവോ, തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ ഓർക്കാൻ അതു നിങ്ങളെ സഹായിക്കുന്നുണ്ടോ? 1996 ഡിസംബർ 1-ലെ വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു അത്. പെനെ ലൊപി മാക്രിസ് പറഞ്ഞ വിവരണം നിങ്ങൾ വായിച്ചുവോ? ക്രിസ്തീയ നിർമലതയുടെ എന്തൊരു ഉജ്ജ്വല മാതൃക! അവർ അയൽക്കാരിൽനിന്നു സഹിച്ചത്, കടുത്ത രോഗാവസ്ഥയുമായി മല്ലടിച്ച വിധം, മുഴുസമയ ശുശ്രൂഷയിൽ തുടരാൻ അവർ നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് ഓർക്കാമോ? മിറ്റലിനെയിലെ അവരുടെ പ്രതിഫലദായകമായ അനുഭവത്തെക്കുറിച്ചോ? ആശയമിതാണ്: നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം ദൈവഹിതത്തിനു കൊടുത്തുകൊണ്ട് മുൻഗണനകൾ വെക്കുന്നതിനുള്ള സഹായങ്ങളായി നിങ്ങൾ അത്തരം ദൃഷ്ടാന്തങ്ങളെ കാണുന്നുണ്ടോ?
15. നാം ധ്യാനിക്കേണ്ടതായ യഹോവയുടെ ചില പ്രവൃത്തികൾ ഏവ?
15 ദാവീദ് ചെയ്തതുപോലെ, യഹോവയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ധ്യാനി ക്കാൻ അതു നമുക്കു കരുത്തുപകരുന്നു. തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ, യഹോവ തന്റെ പുത്രന്റെ മരണം, പുനരുത്ഥാനം, മഹത്ത്വീകരണം എന്നിവയിലൂടെ രക്ഷയ്ക്കായുള്ള കരുതൽ ചെയ്തു. (1 തിമൊഥെയൊസ് 3:16) അവൻ തന്റെ സ്വർഗീയ രാജ്യം സ്ഥാപിച്ചിരിക്കുകയും സ്വർഗത്തിൽനിന്നു സാത്താനെയും അവന്റെ ഭൂതങ്ങളെയും പുറത്താക്കുകയും ഭൂമിയിൽ സത്യാരാധന പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. (വെളിപ്പാടു 12:7-12) അവൻ ഒരു ആത്മീയ പറുദീസ പടുത്തുയർത്തുകയും തന്റെ ജനത്തെ വർധനവിനാൽ അനുഗ്രഹിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. (യെശയ്യാവു 35:1-10; 60:22) ഇപ്പോൾ അവന്റെ ജനം മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പുള്ള അവസാന സാക്ഷ്യം കൊടുത്തുകൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 14:6, 7) അതേ, ധ്യാനിക്കാൻ നമുക്കു വളരെയധികം സംഗതികളുണ്ട്.
16. എന്തിൽ താത്പര്യം കാണിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു, ഇതു നമ്മിൽ എന്തു ബോധ്യം വരുത്തും?
16 മാനുഷിക ഉദ്യമങ്ങളിൽ വ്യാപൃതരാകാതെ ദൈവകരങ്ങളുടെ വേലയിൽ അതീവതാത്പര്യം പ്രകടമാക്കി നിലകൊള്ളുന്നത് യഹോവയുടെ പ്രയുക്ത ശക്തി അപ്രതിരോധ്യമാണെന്നു നമുക്കു ബോധ്യംവരുത്തുന്നു. എന്നിരുന്നാലും, ആ വേലകൾ സ്വർഗത്തിലും ഇവിടെ ഭൂമിയിലുമുള്ള വിസ്മയാവഹമായ ഭൗതിക സൃഷ്ടിവേലകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. (ഇയ്യോബ് 37:14; സങ്കീർത്തനം 19:1; 104:24) അവന്റെ അത്ഭുതകരമായ വേലകളിൽ, തിരഞ്ഞെടുക്കപ്പെട്ട തന്റെ പുരാതന ജനത്തിന്റെ അനുഭവങ്ങളിൽ പ്രകടമാക്കപ്പെട്ടതുപോലെ, ശത്രുക്കളായ മർദകരിൽനിന്നു തന്റെ ജനത്തെ വിമോചിപ്പിച്ച പ്രവൃത്തികളും ഉൾപ്പെടുന്നു.—പുറപ്പാടു 14:31; 15:6.
നടക്കേണ്ടുന്ന വഴി അറിയൽ
17. ദാവീദിനു യഹോവ എത്ര യഥാർഥമായിരുന്നു, നമുക്ക് ഇതിൽനിന്ന് എങ്ങനെ ആശ്വാസം ലഭിക്കും?
17 ജീവന്റെ നനവു വറ്റിവരളുമോ എന്ന ഭയത്താൽ സഹായത്തിനായി ദാവീദ് പ്രാർഥിച്ചു: “ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.” (സങ്കീർത്തനം 143:6, 7) ദൈവം തന്റെ സ്ഥിതിവിശേഷത്തെക്കുറിച്ചു ബോധവാനാണെന്നു പാപിയായ ദാവീദിന് അറിയാമായിരുന്നു. (സങ്കീർത്തനം 31:7) നമ്മുടെ ആത്മീയത ദുർബലമായിരിക്കുകയാണെന്നു ചിലപ്പോൾ നമുക്കും തോന്നിയേക്കാം. എന്നാൽ ആശയറ്റ അവസ്ഥാവിശേഷമല്ല അത്. നമ്മുടെ പ്രാർഥനകൾ കേൾക്കുന്ന യഹോവ, സ്നേഹസമ്പന്നരായ മൂപ്പന്മാരിലൂടെയും വീക്ഷാഗോപുര ലേഖനങ്ങളിലൂടെയും അല്ലെങ്കിൽ നമുക്കായിത്തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു തോന്നുന്ന യോഗപരിപാടികളിലൂടെയും നമ്മുടെ പുനഃസ്ഥിതീകരണം ത്വരിതപ്പെടുത്തുമാറാകട്ടെ—യെശയ്യാവു 32:1, 2.
18, 19. (എ) യഹോവയോടുള്ള നമ്മുടെ ആത്മാർഥമായ യാചന എന്തായിരിക്കണം? (ബി) നമുക്ക് എന്തിനെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കാം?
18 യഹോവയിലുള്ള നമ്മുടെ ആശ്രയം അവനോട് ഇങ്ങനെ യാചിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു: “നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.” (സങ്കീർത്തനം 143:8) ഒരു ഗ്രീക്ക് ദ്വീപിൽ തനിച്ചായിപ്പോയ മാക്രിസ് സഹോദരിയെ അവൻ നിരാശപ്പെടുത്തിയോ? അവന്റെ ഹിതം ചെയ്യുന്നതു നിങ്ങൾ ജീവിതത്തിൽ പരമപ്രാധാന്യമുള്ള സംഗതിയാക്കവേ അവൻ നിങ്ങളെ നിരാശപ്പെടുത്തുമോ? പിശാചും അവന്റെ പിണയാളുകളും നമ്മുടെ ദൈവരാജ്യപ്രഘോഷണ വേലയെ തടസ്സപ്പെടുത്താനോ അതിനു പൂർണമായി പ്രതിബന്ധം സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നു. നാം സേവിക്കുന്നത് സത്യാരാധന പൊതുവേ അനുവദിക്കപ്പെടുന്ന രാജ്യങ്ങളിലോ അത് അടിച്ചമർത്തപ്പെടുന്നിടങ്ങളിലോ ആയാലും, നമ്മുടെ ഏകീകൃത പ്രാർഥന ദാവീദിന്റെ ഈ യാചനയോടു ചേർച്ചയിലാണ്: “യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.” (സങ്കീർത്തനം 143:9) ആത്മീയ ദുരന്തത്തിനെതിരായ നമ്മുടെ സുരക്ഷിതത്വം ആശ്രയിച്ചിരിക്കുന്നത് അത്യുന്നതന്റെ മറവിൽ പാർക്കുന്നതിലാണ്.—സങ്കീർത്തനം 91:1.
19 പരമപ്രാധാന്യമുള്ളത് എന്തിനെന്നതിനെക്കുറിച്ചുള്ള നമ്മുടെ ബോധ്യം ശക്തമായി അടിയുറച്ചതാണ്. (റോമർ 12:1, 2) അതുകൊണ്ട്, മനുഷ്യന്റെ പദ്ധതികളിൽ പ്രധാനപ്പെട്ടതെന്നു ലോകം വിചാരിക്കുന്നതു നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള അതിന്റെ ശ്രമങ്ങളെ ചെറുക്കുക. പരമപ്രധാനമെന്നു നിങ്ങൾക്കറിയാവുന്നതിനെ—ദൈവഹിതം നിറവേറ്റുന്നതിനെ—പ്രതിഫലിപ്പിക്കാൻ നിങ്ങളുടെ ജീവിതത്തിന്റെ ഓരോ വശത്തെയും അനുവദിക്കുന്നതിൽ തുടരുക.—മത്തായി 6:10; 7:21.
20. (എ) സങ്കീർത്തനം 143:1-9-ൽ നാം ദാവീദിനെക്കുറിച്ച് എന്തു പഠിച്ചു? (ബി) ക്രിസ്ത്യാനികൾ ഇന്നു ദാവീദിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതെങ്ങനെ?
20 യഹോവയുമായുള്ള ദാവീദിന്റെ വ്യക്തിപരമായ അടുത്ത ബന്ധം എടുത്തുകാണിക്കുന്നതാണ് സങ്കീർത്തനം 143-ന്റെ ആദ്യത്തെ ഒമ്പതു വാക്യങ്ങൾ. ശത്രുക്കൾ വളഞ്ഞപ്പോൾ, ഒരു സങ്കോചവുംകൂടാതെ അവൻ മാർഗനിർദേശത്തിനായി ദൈവത്തോടു യാചിച്ചു. ശരിയായ വഴിയിൽ നടക്കേണ്ടുന്നതിനുള്ള സഹായത്തിനായി അവൻ തന്റെ ഹൃദയാന്തരം തുറന്നു. ഇന്നു ഭൂമിയിലുള്ള ആത്മാഭിഷിക്ത ശേഷിപ്പിന്റെയും അവരുടെ സഹകാരികളുടെയും സംഗതി അങ്ങനെതന്നെയാണ്. അവർ യഹോവയുടെ മാർഗനിർദേശത്തിനായി അവനോടു യാചിക്കുമ്പോൾ അവനുമായുള്ള തങ്ങളുടെ ബന്ധം അമൂല്യമാണെന്നാണ് അവർ കരുതുന്നത്. പിശാചിൽനിന്നും ലോകത്തിൽനിന്നും സമ്മർദങ്ങളുണ്ടെങ്കിലും, ദൈവഹിതം ചെയ്യുന്നതിനെ അവർ ഒന്നാം സ്ഥാനത്തു നിർത്തുന്നു.
21. ജീവിതത്തിൽ പരമപ്രാധാന്യം എന്തിനായിരിക്കണമെന്നു നാം മറ്റുള്ളവരെ പഠിപ്പിക്കണമെങ്കിൽ, നാം നല്ല മാതൃക വെക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
21 ദൈവഹിതം ചെയ്യുന്നത് പരമപ്രധാനമാണെന്നു യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ തിരിച്ചറിയേണ്ടയാവശ്യമുണ്ട്. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 13-ാം അധ്യാ ചർച്ചചെയ്യുമ്പോൾ ഇതു മനസ്സിലാക്കാൻ നമുക്കവരെ സഹായിക്കാനാവും. യം b വചനം അനുസരിക്കുന്നവരായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതാണ് ആ അധ്യായം. തീർച്ചയായും, നാം അവരെ പഠിപ്പിക്കുന്നതെന്തോ അതിന്റെ ദൃഷ്ടാന്തമായി അവർക്കു നമ്മെ വീക്ഷിക്കാൻ കഴിയണം. താരതമ്യേന ഒരു ഹ്രസ്വ കാലഘട്ടത്തിനുശേഷം, നടക്കേണ്ടുന്ന വഴി അവരും അറിയാനിടവരും. തങ്ങളുടെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിനായിരിക്കണമെന്നു ലക്ഷക്കണക്കിനുവരുന്ന ഇക്കൂട്ടർ വ്യക്തിപരമായി ഗ്രഹിക്കുമ്പോൾ, സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടികൾ സ്വീകരിക്കാൻ അനേകരും പ്രചോദിതരാകും. അതിനുശേഷം, ജീവന്റെ വഴിയിൽ തുടർന്നും നടക്കാൻ സഭയ്ക്ക് അവരെ സഹായിക്കാനാവും.
22. പിൻവരുന്ന ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?
22 ജീവിതത്തിൽ ദൈവഹിതത്തിനു പരമപ്രാധാന്യമുണ്ടായിരിക്കണമെന്ന് അനേകരും പെട്ടെന്നുതന്നെ സമ്മതിക്കും. എന്നിരുന്നാലും, തന്റെ ഹിതം ചെയ്യാൻ യഹോവ തന്റെ ദാസന്മാരെ ക്രമാനുഗതമായി പഠിപ്പിക്കുന്നതെങ്ങനെ? ഇത് അവർക്ക് എന്തു പ്രയോജനം കൈവരുത്തുന്നു? സങ്കീർത്തനം 143:10 എന്ന മുഖ്യ വാക്യത്തിന്റെ ചർച്ചയോടൊപ്പം ഈ ചോദ്യങ്ങൾ പിൻവരുന്ന ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1993-ൽ പ്രസിദ്ധീകരിച്ചത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ 1995-ൽ പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ ഉത്തരമെന്ത്?
◻ ഫിലിപ്പിയർ 1:9, 10 ബാധകമാക്കിക്കൊണ്ട്, നമുക്കെങ്ങനെ മുൻഗണനകൾ വെക്കാം?
◻ തന്റെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിനായിരുന്നുവെന്നു യേശു പ്രകടമാക്കിയതെങ്ങനെ?
◻ പരിശോധനകൾ നേരിട്ടപ്പോഴത്തെ ദാവീദിന്റെ പ്രവൃത്തികളിൽനിന്നു നമുക്കെന്തു പഠിക്കാനാവും?
◻ സങ്കീർത്തനം 143:1-9 ഇന്നു നമ്മെ ഏതു വിധത്തിൽ സഹായിക്കുന്നു?
◻ നമ്മുടെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിനായിരിക്കണം?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
ദാവീദിന്റെ പ്രവൃത്തികൾ യഹോവയിലുള്ള അവന്റെ ആശ്രയത്തെ തെളിയിച്ചു
[ചിത്രത്തിന്റെ കടപ്പാട്]
Reproduced from Illustrirte Pracht - Bibel/Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s