നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ വായിച്ചത് നിങ്ങൾ ആസ്വദിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്നത് അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
◻ മത്തായി 24:3, 27, 37, 39 എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പറൂസിയ എന്ന ഗ്രീക്കു പദത്തിന്റെ അർഥമെന്ത്?
വൈനിന്റെ എക്സ്പോസിറ്ററി ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്റ്റമെൻറ് വേഡ്സ് പറയുന്നു: “പറൂസിയ, . . . ഒരു ആഗമനത്തെയും അനന്തരഫലമായി സാന്നിധ്യത്തെയും സൂചിപ്പിക്കുന്നു.” അതുകൊണ്ട്, അത് ആഗമനനിമിഷമല്ല, ആഗമനാനന്തര സാന്നിധ്യമാണ്.—8/15, പേജ് 11.
◻ ഒന്നാം നൂറ്റാണ്ടിൽ ‘ജഡം’ രക്ഷിക്കപ്പെടുന്നതിന് “ആ നാളുകൾ ചുരു”ക്കിയതെങ്ങനെ, അതെങ്ങനെ വലിയ അളവിൽ സംഭവിക്കും? (മത്തായി 24:22)
യെരുശലേമിന്റെമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പൊ.യു. 66-ൽ റോമാക്കാർ അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി. അങ്ങനെ ക്രിസ്തീയ “ജഡ”ത്തിനു രക്ഷപ്പെടൽ സാധ്യമായി. അതുപോലെ, മഹാബാബിലോന്റെമേൽ വരാനിരിക്കുന്ന ആക്രമണം ഏതോ വിധത്തിൽ വെട്ടിച്ചുരുക്കപ്പെടുമെന്നു നാം പ്രതീക്ഷിക്കുന്നു. അങ്ങനെ അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ സഹകാരികളും സാധ്യതയുള്ള നാശത്തിൽനിന്നു രക്ഷപ്പെടും.—8/15, പേജുകൾ 18-20.
◻ സ്മാരക ചിഹ്നങ്ങളിൽ ഒരു വ്യക്തി പങ്കുപറ്റാൻ തുടങ്ങുകയോ പങ്കുപറ്റിയിരുന്നത് നിർത്തുകയോ ചെയ്യുമ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കണം?
അതിൽ മറ്റു ക്രിസ്ത്യാനികൾ ഉത്കണ്ഠപ്പെടേണ്ടതില്ല. യേശു പറഞ്ഞു: ‘ഞാൻ നല്ല ഇടയൻ; ഞാൻ എനിക്കുള്ളവയെ അറിയുന്നു.’ അതുപോലെതന്നെ ആത്മീയ പുത്രന്മാരായി താൻ യഥാർഥത്തിൽ തിരഞ്ഞെടുത്തിരിക്കുന്നവരെ യഹോവയ്ക്കു തീർച്ചയായും അറിയാം. (യോഹന്നാൻ 10:14; റോമർ 8:16, 17)—8/15, പേജ് 31.
◻ മോശൈക ന്യായപ്രമാണത്തിന്റെ പ്രധാന ഉദ്ദേശ്യമെന്തായിരുന്നു?
മുഖ്യമായും, പാപപൂർണ അവസ്ഥയിൽനിന്നു തങ്ങളെ രക്ഷിക്കുന്ന മിശിഹായെ ഇസ്രായേല്യർക്ക് ആവശ്യമാണെന്ന് അത് അവരെ പഠിപ്പിച്ചു. (ഗലാത്യർ 3:24) ന്യായപ്രമാണം ദൈവിക ഭക്തിയും അനുസരണവും പഠിപ്പിച്ചു. കൂടാതെ ചുറ്റുപാടുമുള്ള ജനതകളുടെ ദുഷിച്ച ആചാരങ്ങളിൽനിന്നു വേറിട്ടിരിക്കാനും അത് ഇസ്രായേല്യരെ സഹായിച്ചു. (ലേവ്യപുസ്തകം 18:24, 25)—9/1, പേജ് 9.
◻ പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യമെന്ത്? (യിരെമ്യാവു 31:31-34)
മുഴു മനുഷ്യവർഗത്തെയും അനുഗ്രഹിക്കാൻ രാജാക്കന്മാരും പുരോഹിതന്മാരും അടങ്ങുന്ന ഒരു ജനതയെ ഉളവാക്കുക എന്നതാണ്. (പുറപ്പാടു 19:6; 1 പത്രൊസ് 2:9; വെളിപ്പാടു 5:10)—9/1, പേജുകൾ 14, 15.
◻ നാം എന്തുകൊണ്ടു ക്ഷമാപണം നടത്തുകയെന്ന കല അഭ്യസിക്കണം?
അപൂർണത ഹേതുവായി വരുത്തിയ വേദന കുറയ്ക്കാനും പൊട്ടിയകന്ന ബന്ധങ്ങളെ അടുപ്പിക്കാനും ഒരു ക്ഷമാപണത്തിനാവും. നാം നടത്തുന്ന ഓരോ ക്ഷമാപണവും താഴ്മയുടെ ഒരു പാഠമാണ്. മറ്റുള്ളവരുടെ വികാരങ്ങൾ സംബന്ധിച്ചു കൂടുതൽ ഉണർവുള്ളവരായിത്തീരാൻ അതു നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.—9/15, പേജ് 24.
◻ നോഹയുടെ നാളിലെ ആഗോളപ്രളയം ഒരു ചരിത്രസംഭവമാണോ?
അതേ. ഒരു ആഗോളപ്രളയത്തെക്കുറിച്ചുള്ള പുരാതന വിവരണങ്ങൾ അമേരിക്കകൾമുതൽ ഓസ്ട്രേലിയവരെ ലോകത്തെവിടെയും കാണാം. ഈ വിഷയത്തിന്റെ വ്യാപകമായ പ്രചാരം ബൈബിളിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നതുപോലെ ലോകവ്യാപകമായ പ്രളയം നടന്നുവെന്നതിനുള്ള വസ്തുതയ്ക്കു കൂടുതലായ തെളിവാണ്. (ഉല്പത്തി 7:11-20)—9/15, പേജ് 25.
◻ അതിഥിസത്കാരപ്രിയം ഉള്ളവരായിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു? (റോമർ 12:13)
“സ്നേഹം,” “അപരിചിതൻ” എന്നീ രണ്ടു മൂലപദങ്ങൾ ചേർന്ന ഒരു ഗ്രീക്കുപദത്തെയാണ് അതിഥിസത്കാരപ്രിയം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്, അതിഥിസത്കാരപ്രിയം അടിസ്ഥാനപരമായി “അപരിചിതരോടുള്ള സ്നേഹം” എന്ന് അർഥമാക്കുന്നു. എന്നാൽ കർത്തവ്യബോധം നിമിത്തം കാണിക്കുന്ന, തത്ത്വാധിഷ്ഠിത സ്നേഹത്തെക്കാളധികം അതിലുൾപ്പെടുന്നു. അത് യഥാർഥ വാത്സല്യം, ആർദ്രപ്രിയം, സൗഹൃദം എന്നിവയിൽ അധിഷ്ഠിതമാണ്.—10/1, പേജ് 9.
◻ കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനം 7-ാം അധ്യായത്തിൽ പൗലൊസ് വിവാഹവും ഏകാകിത്വവും സംബന്ധിച്ച് എന്തു വാദഗതി ഉന്നയിക്കുന്നു?
വിവാഹം നിയമാനുസൃതമാണ്, ചില സന്ദർഭങ്ങളിൽ ചിലർക്ക് അഭികാമ്യവും. എന്നാൽ ഏറ്റവും കുറഞ്ഞ ശ്രദ്ധാശൈഥില്യത്തോടെ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തീയ പുരുഷനോ സ്ത്രീക്കോ അനിഷേധ്യമാംവിധം പ്രയോജനകരം ഏകാകിത്വംതന്നെയാണ്.—10/15, പേജ് 13.
◻ ഒരു മൂപ്പൻ ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതു’ന്നതെങ്ങനെ? (1 തിമൊഥെയൊസ് 5:8)
ഒരു മൂപ്പൻ ‘സ്വന്തകുടുംബക്കാർക്കു വേണ്ടി’—ഭാര്യയ്ക്കും കുട്ടികൾക്കുംവേണ്ടി—ഭൗതികമായും ആത്മീയമായും വൈകാരികമായും ‘കരുത’ണം.—10/15, പേജ് 22.
◻ യഹോവ തന്റെ ദാസന്മാർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതെങ്ങനെ?
ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു “ആശ്വാസകൻ” ആയി പ്രവർത്തിക്കുന്നു. (യോഹന്നാൻ 14:16, NW അടിക്കുറിപ്പ്) ദൈവം ആശ്വാസം പ്രദാനം ചെയ്യുന്ന മറ്റൊരു വിധം ബൈബിളിലൂടെയാണ്. (റോമർ 15:4) നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ ദൈവത്തിനറിയാം. കൊരിന്ത്യ സഭയെക്കുറിച്ചുള്ള തീത്തൊസിന്റെ റിപ്പോർട്ടിലൂടെ പൗലൊസിന് ആശ്വാസം ലഭിച്ചതുപോലെ, പരസ്പരം ആശ്വസിപ്പിക്കുന്നതിനു നമ്മെ ഉപയോഗിക്കാൻ ദൈവത്തിനാവും. (2 കൊരിന്ത്യർ 7:11-13)—11/1, പേജുകൾ 10, 12.
◻ 2 കൊരിന്ത്യർ 1:3-ൽ പൗലൊസ് യഹോവയെ “മനസ്സലിവുള്ള പിതാവു” എന്നു വർണിക്കുന്നതിന്റെ അർഥമെന്ത്?
“മനസ്സലിവു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമം വരുന്നത് മറ്റൊരാളുടെ കഷ്ടപ്പാടിൽ ദുഃഖം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തിൽനിന്നാണ്. അതുകൊണ്ട്, പീഡനമനുഭവിക്കുന്ന തന്റെ വിശ്വസ്ത ദാസന്മാരെല്ലാവരോടും ദൈവത്തിനുള്ള ആർദ്രവികാരങ്ങൾ വർണിക്കുകയാണ് പൗലൊസ്.—11/1, പേജ് 13.
◻ വാർഷിക പാപപരിഹാര ദിവസത്തിൽ ഇസ്രായേല്യർ നടത്തിയ ഉപവാസംകൊണ്ട് എന്തു നേട്ടമുണ്ടായി? (ലേവ്യപുസ്തകം 16:29-31; 23:27)
ഉപവാസ ആചരണം ഇസ്രായേൽ ജനത്തിനു തങ്ങളുടെ പാപപൂർണ അവസ്ഥയെയും വീണ്ടെടുപ്പിന്റെ ആവശ്യകതയെയും സംബന്ധിച്ചു കൂടുതലായ ബോധം വരുത്തി. അതിനാൽ അവർ ദൈവമുമ്പാകെ തങ്ങളുടെ പാപങ്ങളെപ്രതിയുള്ള ദുഃഖവും അനുതാപവും പ്രകടിപ്പിച്ചു.—11/15, പേജ് 5.
◻ “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന യുവജനങ്ങൾക്കായുള്ള ആഹ്വാനത്താൽ എന്ത് അർഥമാക്കപ്പെടുന്നു? (സഭാപ്രസംഗി 12:1)
“ഓർക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം പലപ്പോഴും “മനസ്സിന്റെ ആർദ്രതയെയും ഓർമയെത്തുടർന്നുള്ള പ്രവൃത്തിയെയും” അർഥമാക്കുന്നുവെന്ന് ഒരു പ്രാമാണിക ഉറവിടം പറയുന്നു. അതുകൊണ്ട് ഈ കൽപ്പന ചെവിക്കൊള്ളുകയെന്നാൽ യഹോവയെക്കുറിച്ചു കേവലം ചിന്തിക്കുന്നതിനെക്കാളധികം അർഥമാക്കുന്നു. അതിൽ പ്രവൃത്തി, അവനെ പ്രീതിപ്പെടുത്തുന്നതു ചെയ്യുന്നത് ഉൾപ്പെടുന്നു.—12/1, പേജ് 16.