പണ്ഡിതന്മാരുടെ സുവിശേഷം
പണ്ഡിതന്മാരുടെ സുവിശേഷം
“‘ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?’” (ലൂക്കൊസ് 9:18, ഓശാന ബൈബിൾ) ഏതാണ്ടു രണ്ടു സഹസ്രാബ്ദം മുമ്പ് യേശു തന്റെ ശിഷ്യന്മാരോട് അങ്ങനെ ചോദിച്ചു. ആ ചോദ്യം അന്നു തർക്കവിഷയമായിരുന്നു. ഇന്നത്, അന്നത്തെക്കാൾ വലിയ തർക്കവിഷയമായി തോന്നിക്കുന്നു. വിശേഷിച്ചും, യേശുവിനെ കേന്ദ്രീകരിച്ചിരിക്കേണ്ടതെന്നു കരുതപ്പെടുന്ന ക്രിസ്മസ് കാലത്ത്. യേശു, മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ സ്വർഗത്തിൽനിന്ന് അയയ്ക്കപ്പെട്ടവനായിരുന്നുവെന്ന് അനേകർ വിശ്വസിക്കുന്നു. അങ്ങനെയാണോ നിങ്ങൾ കരുതുന്നത്?
ചില പണ്ഡിതന്മാർ മറ്റൊരഭിപ്രായം അവതരിപ്പിക്കുന്നു. “ലോകത്തിന്റെ പാപങ്ങൾക്കായി മരിക്കേണ്ടിയിരുന്ന ദൈവപുത്രനാണു താനെന്നു പഠിപ്പിച്ചവനെന്ന നിലയിലുള്ള യേശുവിന്റെ പ്രതിച്ഛായ ചരിത്ര വസ്തുതയല്ല” എന്ന് മത, സാംസ്കാരിക പ്രൊഫസറായ മാർക്കസ് ജെ. ബോർഗ് അവകാശപ്പെടുന്നു.
യഥാർഥ യേശു നാം ബൈബിളിൽ വായിക്കുന്ന യേശുവിൽനിന്നു വ്യത്യസ്തനായിരുന്നുവെന്നു മറ്റുചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. സുവിശേഷങ്ങളെല്ലാം എഴുതപ്പെട്ടത് യേശുവിന്റെ മരണശേഷം നാലോ അതിലധികമോ ദശകങ്ങൾക്കു ശേഷമായതിനാൽ അതിനോടകം യേശുവിന്റെ യഥാർഥ താദാത്മ്യത്തോടു പൊടിപ്പും തൊങ്ങലും ചേർക്കപ്പെട്ടതായി ചിലർ വിശ്വസിക്കുന്നു. സുവിശേഷ എഴുത്തുകാരുടെ ഓർമക്കുറവായിരുന്നില്ല പ്രശ്നം, മറിച്ച് അവരുടെ വ്യാഖ്യാനമാണു പ്രശ്നമുണ്ടാക്കിയതെന്നു പണ്ഡിതന്മാർ ഉറപ്പിച്ചുപറയുന്നു. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ അവനെ വ്യത്യസ്തമായി, ദൈവപുത്രനും രക്ഷിതാവും മിശിഹായുമായി, വീക്ഷിക്കാൻ തുടങ്ങി. യേശു അലഞ്ഞുതിരിഞ്ഞു നടന്ന ഒരു യോഗീവര്യനോ ഒരു സാമൂഹിക പരിഷ്കർത്താവോ മാത്രമായിരുന്നുവെന്നു ചിലർ സധൈര്യം അവകാശപ്പെടുന്നു. സുവിശേഷസത്യം അതാണെന്നാണു പണ്ഡിതമതം.
യേശുവിനെക്കുറിച്ചുള്ള “പണ്ഡിതോചിത” വീക്ഷണം
തങ്ങളുടെ “പണ്ഡിതോചിത” വീക്ഷണത്തെ സാധൂകരിക്കാൻ, യേശുവിനോടുള്ള ബന്ധത്തിൽ പ്രകൃത്യതീതമായ എന്തും തള്ളിക്കളയുന്നതിൽ വിമർശകർ ഉത്സുകരായി കാണപ്പെടുന്നു. ഉദാഹരണത്തിന്, യേശു കന്യകയിൽനിന്നു പിറന്നുവെന്നത് അവന്റെ ജാരജനനത്തെ മൂടിവയ്ക്കുന്നതിനുള്ള ശ്രമഫലമാണെന്നു ചിലർ പറയുന്നു. യെരുശലേമിന്റെ നാശത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങൾ, അവയുടെ “നിവൃത്തി”ക്കുശേഷം സുവിശേഷങ്ങളിൽ ചേർത്തതാണെന്നു വാദിച്ചുകൊണ്ട് മറ്റുചിലർ അവയെ നിരാകരിക്കുന്നു. യേശുവിന്റെ സൗഖ്യമാക്കലുകൾ തികച്ചും മനോജന്യമാണ്—കേവലം മനസ്സിനു വരുത്തുന്ന മാറ്റം മൂലമാണ്—എന്നുപോലും ചിലർ പറയുന്നു. അത്തരം പ്രസ്താവനകൾ യുക്തിസഹമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ, അതോ അപഹാസ്യമെന്നോ?
തങ്ങളുടെ പ്രസ്ഥാനം തറപറ്റാതിരിക്കാൻ യേശുവിന്റെ ശിഷ്യന്മാർ കെട്ടിച്ചമച്ചതാണു പുനരുത്ഥാനമെന്നുപോലും ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്തുതന്നെയാണെങ്കിലും, യേശുവിന്റെ ശിഷ്യന്മാർ അവനെക്കൂടാതെ അശക്തരായിരുന്നെന്നും അതുകൊണ്ട് അവർ തങ്ങളുടെ യജമാനനെ കഥയിലേക്കു വലിച്ചിഴച്ചെന്നും പണ്ഡിതന്മാർ ന്യായവാദം ചെയ്യുന്നു. ഫലത്തിൽ, ഉയിർപ്പിക്കപ്പെട്ടത് ക്രിസ്ത്യാനിത്വമായിരുന്നു, ക്രിസ്തുവല്ല. അതു പണ്ഡിതന്മാരുടെ പക്ഷത്തുനിന്നുള്ള വസ്തുതയുടെ വളച്ചൊടിക്കലാണെന്നു തോന്നിക്കുന്നെങ്കിൽ, യേശു ഒരിക്കലും വധിക്കപ്പെട്ടില്ല എന്നു പ്രസ്താവിക്കുന്ന ദൈവശാസ്ത്രജ്ഞയായ ബാർബറ തെറിങ്ങിന്റെ പ്രസ്താവന സംബന്ധിച്ചെന്ത്? യേശു കഴുമരത്തെ അതിജീവിച്ച്, രണ്ടു പ്രാവശ്യം വിവാഹിതനായി, മൂന്നു കുട്ടികളുടെ പിതാവായെന്ന് അവർ വിശ്വസിക്കുന്നു.
ഈ അവകാശവാദങ്ങളെല്ലാം യേശുവിനെ, നിരവധി പണ്ഡിതന്മാർക്കും സ്വീകാര്യമായിരിക്കുന്ന ഒരു സ്ഥാനത്തേക്കു താഴ്ത്തിക്കെട്ടും: ഒരു ജ്ഞാനി, നാമധേയ യഹൂദൻ, സാമൂഹിക പരിഷ്കർത്താവ്—‘അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ വന്ന’ ദൈവപുത്രൻ എന്നതൊഴികെ മറ്റെന്തും.—മത്തായി 20:28.
ഒരുപക്ഷേ, യേശു പുൽത്തൊട്ടിയിൽ ജനിച്ചുവെന്നു വിവരിക്കുന്നതുപോലുള്ള സുവിശേഷ ഭാഗങ്ങൾ വർഷത്തിന്റെ ഈ സമയം നിങ്ങൾ ബൈബിളിൽ വായിച്ചിരിക്കാം. അല്ലെങ്കിൽ അത്തരം വിവരങ്ങൾ പള്ളിയിൽ
വായിക്കുന്നതു നിങ്ങൾ കേട്ടിരിക്കാം. നിങ്ങൾ സുവിശേഷ വിവരണങ്ങളെ വിലയുള്ളതും വിശ്വസനീയവുമായി സ്വീകരിച്ചുവോ? എങ്കിൽ, ഞെട്ടിക്കുന്ന ഈ സ്ഥിതിവിശേഷത്തെക്കുറിച്ചു പരിചിന്തിക്കുക. 1985 മുതൽ വർഷത്തിൽ രണ്ടു തവണ ജീസസ് സെമിനാർ എന്നു വിളിക്കപ്പെടുന്ന യോഗത്തിൽ ഒരു കൂട്ടം പണ്ഡിതന്മാർ കൂടിവരുകയുണ്ടായി. യേശുവിന്റെ വാക്കുകളുടെ വിശ്വാസ്യത തിട്ടപ്പെടുത്താനായിരുന്നു അത്. യേശുവിന്റെ വാക്കുകളായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളൊക്കെ അവൻ വാസ്തവമായും പറഞ്ഞതാണോ? സെമിനാറിൽ പങ്കെടുത്ത അംഗങ്ങൾ യേശുവിന്റെ ഓരോ വാക്കിനും, വർണമുത്തുകൾകൊണ്ട് വോട്ടിട്ടു. ചെമപ്പുനിറമുള്ള മുത്ത് ഒരു പ്രസ്താവന വാസ്തവമായും യേശു പറഞ്ഞതാണെന്ന് അർഥമാക്കി; പിങ്ക്നിറത്തിലുള്ള മുത്ത് ഒരുപക്ഷേ യേശു അതു പറഞ്ഞിരിക്കാമെന്ന് അർഥമാക്കി; ചാരനിറത്തിലുള്ള മുത്ത് സംശയം ദ്യോതിപ്പിച്ചു; കറുപ്പു നിറമുള്ള മുത്ത് അതു വ്യാജമാണെന്നു സൂചിപ്പിച്ചു.യേശു പറഞ്ഞതായി കരുതുന്ന 82 ശതമാനം വാക്കുകളും അവൻ പറഞ്ഞിരിക്കാനിടയില്ലാത്തതായി ജീസസ് സെമിനാർ പ്രഖ്യാപിച്ചുവെന്നതു നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. മർക്കൊസിൽനിന്നുള്ള ഒരു ഉദ്ധരണി മാത്രമേ വിശ്വാസയോഗ്യമായി കണക്കാക്കപ്പെട്ടുള്ളൂ. ലൂക്കൊസിന്റെ സുവിശേഷം നിറയെ “നിർണയാതീതമായ” ആശയപ്രചാരണം ഉൾക്കൊണ്ടിരിക്കുന്നതായി പറയപ്പെട്ടു. യോഹന്നാന്റെ സുവിശേഷത്തിൽ, മൂന്നു വരികളൊഴികെ ബാക്കിയെല്ലാം വ്യാജമാണെന്നു സൂചിപ്പിക്കുന്ന കറുപ്പു നിറമുള്ള മുത്തുകൾ കൊണ്ട് അടയാളപ്പെടുത്തി. ആ മൂന്നു വരികൾക്കു ചാരനിറമുള്ള മുത്തുകൊണ്ട് അടയാളമിട്ടു.
പണ്ഡിതസിദ്ധാന്തങ്ങളിലുമധികം
നിങ്ങൾ പണ്ഡിതന്മാരോടു യോജിക്കുന്നുവോ? യേശുവിനെക്കുറിച്ചു ബൈബിളിലുള്ളതിനെക്കാൾ കൃത്യതയുള്ള ചിത്രമാണോ അവർ നമുക്കു നൽകുന്നത്? ഈ ചോദ്യങ്ങൾ പണ്ഡിതവാദഗതികൾക്കുള്ള വിഷയത്തെക്കാൾ കവിഞ്ഞതാണ്. ബൈബിൾ പറയുന്നപ്രകാരം, “പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” ദൈവം യേശുവിനെ അയച്ചതാണെന്നു വർഷത്തിന്റെ ഈ സമയത്തു നിങ്ങൾ ഓർമിക്കാൻ ഇടവന്നേക്കാം.—യോഹന്നാൻ 3:16.
നമുക്കു കാര്യമായൊന്നും അറിഞ്ഞുകൂടാത്ത, അലഞ്ഞുതിരിഞ്ഞു നടന്ന ഒരു യോഗീവര്യൻ മാത്രമായിരുന്നു യേശുവെങ്കിൽ അവനിൽ ‘വിശ്വസിക്കുന്നതിൽ’ യാതൊരു കഴമ്പുമില്ല. നേരേമറിച്ച്, യേശുവിനെക്കുറിച്ചു ബൈബിൾ നൽകുന്ന ചിത്രം വിശ്വാസയോഗ്യമാണെങ്കിൽ നമ്മുടെ നിത്യരക്ഷ അതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാമിത് അറിഞ്ഞേ പറ്റൂ: ബൈബിളിൽ യേശുവിനെക്കുറിച്ചുള്ള സത്യം അടങ്ങിയിരിക്കുന്നുവോ?