യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിപ്പിക്കപ്പെടുന്നു
യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിപ്പിക്കപ്പെടുന്നു
“നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.”—സങ്കീർത്തനം 143:10.
1, 2. (എ) നാം പഠിപ്പിക്കപ്പെടേണ്ടതെപ്പോൾ, യാഥാർഥ്യബോധമുള്ള ഏതു കാഴ്ചപ്പാടുണ്ടായിരിക്കണം? (ബി) യഹോവയാൽ പഠിപ്പിക്കപ്പെടുന്നത് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തി ജീവനോടിരിക്കുകയും ഊർജസ്വലനായിരിക്കുകയും ചെയ്യുന്ന ഓരോ ദിവസവും എന്തെങ്കിലും മൂല്യവത്തായ സംഗതി അയാൾക്ക് അഭ്യസിക്കാവുന്നതാണ്. അതു നിങ്ങളുടെ കാര്യത്തിൽ സത്യമാണ്, മറ്റുള്ളവരുടെ കാര്യത്തിലും സത്യംതന്നെ. എന്നാൽ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ആ അവസ്ഥയിൽ എന്തെങ്കിലും പഠിപ്പിക്കാനോ പഠിക്കാനോ സാധ്യമല്ല. മരിച്ചവർക്കു “യാതൊന്നിനെക്കുറിച്ചും ബോധമില്ല” എന്നു ബൈബിൾ വ്യക്തമായി പറയുന്നു. മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഷീയോളിൽ ഒരു പരിജ്ഞാനവുമില്ല. (സഭാപ്രസംഗി 9:5, 10, NW) ഇതിനർഥം നാം പഠിക്കുന്നത്, പരിജ്ഞാനം നേടുന്നത്, വ്യർഥമാണെന്നാണോ? അത് നാം എന്തു പഠിപ്പിക്കുന്നു, നാം ആ പരിജ്ഞാനം എങ്ങനെ വിനിയോഗിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
2 നാം പഠിപ്പിക്കുന്നതു ലൗകിക കാര്യങ്ങൾ മാത്രമാണെങ്കിൽ, നമുക്കു നിലനിൽക്കുന്ന ഭാവിയില്ല. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സകല ജാതികളിലുമുള്ള ലക്ഷക്കണക്കിനാളുകൾ നിത്യജീവനെ ലക്ഷ്യമാക്കി ദിവ്യഹിതം പഠിപ്പിക്കുകയാണ്. ജീവദായക പരിജ്ഞാനത്തിന്റെ ഉറവായ യഹോവയാണു പഠിപ്പിക്കുന്നത് എന്നതിലാണ് ഈ പ്രത്യാശയുടെ അടിസ്ഥാനം.—സങ്കീർത്തനം 94:9-12.
3. (എ) ദൈവത്തിന്റെ ആദ്യ വിദ്യാർഥിയായിരുന്നു യേശു എന്നു പറയാവുന്നതെന്തുകൊണ്ട്? (ബി) മനുഷ്യർ യഹോവയാൽ പഠിപ്പിക്കപ്പെടുമെന്നതിന് നമുക്കെന്ത് ഉറപ്പുണ്ട്, അതിന്റെ ഫലമെന്ത്?
3 ദൈവത്തിന്റെ ആദ്യജാത പുത്രൻ, അവന്റെ ആദ്യ വിദ്യാർഥി എന്നനിലയിൽ, തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാൻ പഠിച്ചു. (സദൃശവാക്യങ്ങൾ 8:22-30; യോഹന്നാൻ 8:28) ക്രമത്തിൽ, തന്റെ പിതാവ് അസംഖ്യം മനുഷ്യരെ പഠിപ്പിക്കുമെന്നു യേശു സൂചിപ്പിച്ചു. ദൈവത്തിൽനിന്നു പഠിക്കുന്ന നമുക്കുള്ള ഭാവിപ്രതീക്ഷകൾ എന്തെല്ലാമാണ്? യേശു പറഞ്ഞു: “എല്ലാവരും ദൈവത്താൽ [“യഹോവയാൽ,” NW] ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. . . . ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.”—യോഹന്നാൻ 6:45-47.
4. ലക്ഷക്കണക്കിനാളുകളെ ദിവ്യ പഠിപ്പിക്കൽ ബാധിക്കുന്നതെങ്ങനെ, അവർക്കെന്തു ഭാവിപ്രതീക്ഷയാണുള്ളത്?
4 സ്വർഗീയ സീയോൻ എന്ന ദൈവത്തിന്റെ പ്രതീകാത്മക സ്ത്രീയെ അഭിസംബോധന ചെയ്തിരിക്കുന്ന യെശയ്യാവു 54:13-ന്റെ ഒരു ഭാഗം ഉദ്ധരിക്കുകയായിരുന്നു യേശു. ആ പ്രവചനം യേശുവിന്റെ 1,44,000 ആത്മാഭിഷിക്ത ശിഷ്യന്മാരായ അവളുടെ പുത്രന്മാർക്കു വിശേഷാൽ ബാധകമാണ്. ആ ആത്മീയ പുത്രന്മാരുടെ ശേഷിപ്പ് ഒരു ആഗോള പഠിപ്പിക്കൽ പരിപാടിക്കു നേതൃത്വം കൊടുത്തുകൊണ്ട് ഇന്നു കർമനിരതരാണ്. അതിന്റെ ഫലമായി, “മഹാപുരുഷാര”മാകുന്ന ലക്ഷക്കണക്കിനുവരുന്ന മറ്റുള്ളവരും യഹോവയുടെ പഠിപ്പിക്കലിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. മരിക്കാതെ പഠിപ്പിച്ചുകൊണ്ടിരിക്കുകയെന്ന ഒരു അനുപമ ഭാവിപ്രതീക്ഷ അവർക്കുണ്ട്. എങ്ങനെ? അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്ന “മഹോപദ്രവ”ത്തെ അതിജീവിച്ചു പറുദീസാ ഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാനായി അവർ കാത്തിരിക്കുന്നു.—വെളിപ്പാടു 7:9, 10, 13-17, NW.
ദൈവേഷ്ടം ചെയ്യുന്നതിനു കൂടുതലായ ഊന്നൽ
5. (എ) 1997-ലെ വാർഷികവാക്യം എന്ത്? (ബി) ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിനെക്കുറിച്ചു നമുക്ക് എങ്ങനെയുള്ള മനോഭാവം ഉണ്ടായിരിക്കണം?
5 1997-ൽ, ലോകവ്യാപകമായുള്ള 80,000-ത്തിലധികം സഭകളിലായി യഹോവയുടെ സാക്ഷികൾ “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ” എന്ന സങ്കീർത്തനം 143:10-ന്റെ പ്രാരംഭ വാക്കുകൾ മനസ്സിൽ സശ്രദ്ധം സൂക്ഷിക്കും. 1997-ലേക്കുള്ള വാർഷികവാക്യം അതായിരിക്കും. രാജ്യഹാളുകളിൽ ശ്രദ്ധേയമാംവിധം പ്രദർശിപ്പിക്കുന്ന ആ വാക്കുകൾ, ദിവ്യ പഠിപ്പിക്കൽ ലഭിക്കുന്നതിനുള്ള മുഖ്യവേദിയാണു സഭായോഗങ്ങൾ എന്നതിനുള്ള ഒരു ഓർമക്കുറിയായി വർത്തിക്കും. അവിടെ ലഭിക്കുന്ന നിലയ്ക്കാത്ത പ്രബോധനപരിപാടിയിൽ നമുക്കു പങ്കുപറ്റാവുന്നതാണ്. നമ്മുടെ മഹാസ്രഷ്ടാവിനാൽ പഠിപ്പിക്കപ്പെടാൻ നാം യോഗങ്ങളിൽ നമ്മുടെ സഹോദരങ്ങളോടു ചേരുമ്പോൾ, ഇങ്ങനെ എഴുതിയ സങ്കീർത്തനക്കാരനെപ്പോലെ നമുക്കു തോന്നാവുന്നതാണ്: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.”—സങ്കീർത്തനം 122:1; യെശയ്യാവു 30:20.
6. ദാവീദിന്റെ വാക്കുകളിൽ, നാം എന്ത് അംഗീകരിക്കുന്നു?
6 അതേ, നമ്മുടെ പ്രതിയോഗിയായ പിശാചിന്റെ ഇഷ്ടമല്ല, അപൂർണ മനുഷ്യരുടെ ഇഷ്ടവുമല്ല, പകരം ദൈവേഷ്ടം ചെയ്യുന്നതു പഠിക്കാനാണു നാം ആഗ്രഹിക്കുന്നത്. അതുകൊണ്ട്, ദാവീദിനെപ്പോലെ, നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ദൈവത്തെ നാം അംഗീകരിക്കുന്നു: “നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.” (സങ്കീർത്തനം 143:10) കാപട്യമുള്ളവരോടു കൂടിക്കുഴയാൻ ആഗ്രഹിക്കുന്നതിനുപകരം, യഹോവയുടെ ആരാധന നടക്കുന്ന സ്ഥലത്ത് ആയിരിക്കാനാണ് ദാവീദ് ഇഷ്ടപ്പെട്ടത്. (സങ്കീർത്തനം 26:4-6) തന്റെ കാലടികളെ നയിക്കാൻ ദൈവാത്മാവ് ഉണ്ടായിരുന്നതിനാൽ, ദാവീദിനു നീതിയുടെ പാതയിൽ നടക്കാനായി.—സങ്കീർത്തനം 17:5; 23:3.
7. ക്രിസ്തീയ സഭയുടെമേൽ ദൈവാത്മാവു പ്രവർത്തിച്ചതെങ്ങനെ?
7 പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരെ സകലതും പഠിപ്പിക്കുകയും താൻ അവരോടു പറഞ്ഞിട്ടുള്ള സകല സംഗതികളും അവരെ ഓർമിപ്പിക്കുകയും ചെയ്യുമെന്ന് വലിയ ദാവീദായ യേശുക്രിസ്തു അവർക്ക് ഉറപ്പുകൊടുത്തു. (യോഹന്നാൻ 14:26) തന്റെ വചനത്തിൽ എഴുതിയിരിക്കുന്ന “ദൈവത്തിന്റെ ആഴങ്ങളെ”ക്കുറിച്ചു പെന്തക്കോസ്തുമുതൽ യഹോവ ക്രമാനുഗതമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. (1 കൊരിന്ത്യർ 2:10-13) “വിശ്വസ്തനും വിവേകിയുമായ അടിമ” എന്നു യേശു വിശേഷിപ്പിച്ച ഒരു ദൃശ്യസരണിയിലൂടെയാണ് അവൻ ഇതു ചെയ്തിരിക്കുന്നത്. അതു പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണമാണ് ലോകവ്യാപകമായുള്ള ദൈവജനത്തിന്റെ സഭകളിലെ പഠിപ്പിക്കൽ പരിപാടിയിൽ പരിചിന്തിക്കപ്പെടുന്നത്.—മത്തായി 24:45-47, NW.
നമ്മുടെ യോഗങ്ങളിൽ യഹോവയുടെ ഇഷ്ടം പഠിപ്പിക്കുന്നു
8. വീക്ഷാഗോപുര അധ്യയനത്തിൽ പങ്കുപറ്റുന്നത് അങ്ങേയറ്റം മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
8 സഭയിലെ പ്രതിവാര വീക്ഷാഗോപുര അധ്യയന വിവരങ്ങളിൽ പലപ്പോഴും ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കൽ ഉണ്ടാകാറുണ്ട്. ഇതു ജീവിതോത്കണ്ഠകളെ മറികടക്കാൻ തീർച്ചയായും നമ്മെ സഹായിക്കുന്നു. മറ്റ് അധ്യയനങ്ങളിലാകട്ടെ, ഗഹനമായ ആത്മീയ സത്യങ്ങളോ ബൈബിൾ പ്രവചനങ്ങളോ പരിചിന്തിക്കുന്നു. അത്തരം പഠനങ്ങളിലൂടെ നാം എന്തുമാത്രം കാര്യങ്ങളാണു പഠിക്കുന്നത്! അനേകം രാജ്യങ്ങളിലും ഈ യോഗങ്ങളുടെ സമയത്തു രാജ്യഹാളുകൾ നിറഞ്ഞുകവിയുകയാണ്. എന്നാൽ ചില രാജ്യങ്ങളിൽ യോഗഹാജർ കുറഞ്ഞിട്ടുണ്ട്. കാരണം എന്തായിരിക്കുമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ക്കാൻ ക്രമമായി ഒത്തൊരുമിച്ചുകൂടുന്നതിനു വിഘ്നം സൃഷ്ടിക്കാൻ ചിലർ ലൗകിക ജോലിയെ അനുവദിക്കുന്നുണ്ടായിരിക്കുമോ? അല്ലെങ്കിൽ സാമൂഹിക പ്രവർത്തനങ്ങളിലോ ടെലിവിഷൻ കാണുന്നതിലോ അനേകം മണിക്കൂറുകൾ ചെലവിടുന്നതിനാൽ യോഗങ്ങൾക്ക് എത്താൻ കഴിയാത്തവിധം ദൈനംദിന പട്ടിക അങ്ങേയറ്റം തിരക്കേറിപ്പോയതുകൊണ്ടാണോ? എബ്രായർ 10:23-25-ലെ നിശ്വസ്ത ഉദ്ബോധനം അനുസ്മരിക്കുക. “നാൾ സമീപിക്കുന്നു”വെന്നു നാം കാണുമ്പോൾ ദിവ്യപ്രബോധനത്തിനായി ഒരുമിച്ചുകൂടുന്നത് ഇപ്പോൾ പൂർവാധികം പ്രധാനമല്ലേ?
9. (എ) സേവനയോഗത്തിനു നമ്മെ ശുശ്രൂഷയ്ക്കായി സജ്ജരാക്കാനാവുന്നതെങ്ങനെ? (ബി) സാക്ഷീകരണം സംബന്ധിച്ചു നമ്മുടെ മനോഭാവം എന്തായിരിക്കണം?
9 നമ്മുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിലൊന്ന് ദൈവത്തിന്റെ ശുശ്രൂഷകരായി സേവിക്കുന്നതാണ്. ഇതു നമുക്കെങ്ങനെ ഫലപ്രദമായി ചെയ്യാമെന്നു നമ്മെ പഠിപ്പിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് സേവനയോഗം. ആളുകളെ എങ്ങനെ സമീപിക്കണം, എന്തു പറയണം, അനുകൂല പ്രതികരണം ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നിവയും കൂടാതെ നമ്മുടെ സന്ദേശം ആളുകൾ നിരസിക്കുമ്പോൾപോലും എന്തു ചെയ്യണമെന്നും നാം പഠിക്കുന്നു. (ലൂക്കൊസ് 10:1-11) ഈ പ്രതിവാര യോഗത്തിൽ ഫലപ്രദമായ വിധങ്ങൾ ചർച്ചചെയ്യുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനാൽ, വീടുതോറും പോകുമ്പോൾ മാത്രമല്ല, തെരുവുകളിലും പാർക്കിങ് സ്ഥലങ്ങളിലും പൊതുവാഹനത്തിൽ സഞ്ചരിക്കുമ്പോഴും വിമാനത്താവളത്തിലും വ്യവസായമേഖലകളിലും അല്ലെങ്കിൽ സ്കൂളുകളിലും ആളുകളെ സമീപിക്കുന്നതിനും നാം മെച്ചമായി സജ്ജരാക്കപ്പെടുന്നു. “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ” എന്ന അപേക്ഷയ്ക്കു ചേർച്ചയിൽ, നമ്മുടെ ഗുരു ഉദ്ബോധിപ്പിച്ചതുപോലെ ചെയ്യാൻ ഓരോ അവസരവും പ്രയോജനപ്പെടുത്താൻ നാമാഗ്രഹിക്കും: “മനുഷ്യർ . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”—മത്തായി 5:16.
10. ‘യോഗ്യരായവരെ’ നമുക്കെങ്ങനെയാണു യഥാർഥത്തിൽ സഹായിക്കാനാവുക?
10 അത്തരം സഭായോഗങ്ങളിൽ മറ്റുള്ളവരെ ശിഷ്യരാക്കാനും നാം പഠിപ്പിക്കപ്പെടുന്നു. താത്പര്യം കണ്ടെത്തുകയോ സാഹിത്യം സമർപ്പിക്കുകയോ ചെയ്തുകഴിഞ്ഞാൽപ്പിന്നെ, മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴത്തെ നമ്മുടെ ലക്ഷ്യം ഭവന ബൈബിളധ്യയന ങ്ങൾ തുടങ്ങുകയാണ്. ഒരർഥത്തിൽ, ഇതു യേശു കൽപ്പിച്ചതൊക്കെയും ‘യോഗ്യരായവരെ’ പഠിപ്പിക്കാൻ ശിഷ്യന്മാർ അവരോടൊപ്പം ‘പാർക്കു’ന്നതിനോടു സമാനമാണ്. (മത്തായി 10:11; 28:19, 20) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പോലുള്ള ഉത്കൃഷ്ടമായ സഹായങ്ങളുള്ളപ്പോൾ, നമ്മുടെ ശുശ്രൂഷ പൂർണമായി നിർവഹിക്കാൻ നാം യഥാർഥത്തിൽ സുസജ്ജരാണ്. (2 തിമൊഥെയൊസ് 4:5) വാരംതോറും നിങ്ങൾ സേവനയോഗത്തിലും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലും സംബന്ധിക്കുമ്പോൾ, സഹായകമായ ആശയങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുക. തുടർന്നു ദൈവേഷ്ടം നിവർത്തിച്ചുകൊണ്ട് അവന്റെ മതിയായ യോഗ്യതയുള്ള ശുശ്രൂഷകരിൽ ഒരുവൻ എന്നനിലയിൽ നിങ്ങളെ ശുപാർശ ചെയ്യുന്ന ആ ആശയങ്ങൾ ഉപയോഗിക്കുക.—2 കൊരിന്ത്യർ 3:3, 5; 4:1, 2.
11. മത്തായി 6:33-ൽ കാണുന്ന വാക്കുകളിൽ ചിലർ വിശ്വാസം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
11 നാം “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ക്കണമെന്നത് ദൈവേഷ്ടമാണ്. (മത്തായി 6:33) ‘എന്റെയോ [ഇണയുടെയോ] ലൗകിക ജോലി യോഗഹാജരിനു തടസ്സമാകുന്നെങ്കിൽ ഈ തത്ത്വം ഞാനെങ്ങനെ ബാധകമാക്കും?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. ആത്മീയ പക്വതയുള്ള അനേകരും തങ്ങളുടെ തൊഴിലുടമകളുമായി സംസാരിച്ചു വേണ്ട നടപടികൾ കൈക്കൊള്ളും. സഭായോഗങ്ങൾക്കു ഹാജരാകുന്നതിനു തനിക്കു വാരംതോറും സമയം വേണ്ടിവരുമെന്ന് ഒരു മുഴുസമയ ശുശ്രൂഷക തന്റെ തൊഴിലുടമയെ അറിയിച്ചു. അദ്ദേഹം പ്രസ്തുത അഭ്യർഥന അംഗീകരിച്ചു. എന്നാൽ യോഗങ്ങളിൽ എന്തു നടക്കുന്നുവെന്നതു സംബന്ധിച്ച ജിജ്ഞാസ മൂലം താനും വരട്ടെയെന്ന് അദ്ദേഹം ചോദിച്ചു. നടക്കാനിരുന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനെക്കുറിച്ച് അവിടെവെച്ച് അദ്ദേഹം ഒരു അറിയിപ്പ് കേട്ടു. അതിന്റെ ഫലമായി, ഒരു ദിവസം മുഴുവനും കൺവെൻഷനിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണം അദ്ദേഹം ചെയ്തു. ഈ ദൃഷ്ടാന്തത്തിൽനിന്നു നിങ്ങൾ എന്തു പാഠം ഉൾക്കൊള്ളുന്നു?
ദൈവഭക്തരായ മാതാപിതാക്കൾ യഹോവയുടെ ഇഷ്ടം പഠിപ്പിക്കുന്നു
12. കുട്ടികളെ യഹോവയുടെ ഇഷ്ടം പഠിപ്പിക്കുന്നതിന്, ക്രിസ്തീയ മാതാപിതാക്കൾ ക്ഷമയോടും ദൃഢതയോടും കൂടെ എന്തു ചെയ്യേണ്ടതാണ്?
12 എന്നാൽ ദിവ്യേഷ്ടം ചെയ്യാൻ പഠിപ്പിക്കുന്നതിനുള്ള ക്രമീകരണത്തിൽ സഭായോഗങ്ങളും കൺവെൻഷനുകളും മാത്രമല്ല ഉള്ളത്. യഹോവയെ സ്തുതിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും തങ്ങളുടെ കുട്ടികൾക്കു പരിശീലനവും ശിക്ഷണവും കൊടുത്ത് അവരെ വളർത്തിക്കൊണ്ടുവരാൻ ദൈവഭക്തരായ മാതാപിതാക്കളോടു കൽപ്പിച്ചിരിക്കുന്നു. (സങ്കീർത്തനം 148:12, 13; സദൃശവാക്യങ്ങൾ 22:6, 15) അങ്ങനെ ചെയ്യുന്നതിന് നാം നമ്മുടെ ‘കുട്ടികളെ’യും യോഗങ്ങൾക്കു കൊണ്ടുപോകേണ്ടത് ആവശ്യമാണ്, അവിടെവെച്ച് അവർക്കു ‘കേട്ടുപഠിക്കാ’ൻ കഴിയും. എന്നാൽ വീട്ടിൽവെച്ച് അവരെ വിശുദ്ധ ലിഖിതങ്ങൾ പഠിപ്പിക്കുന്ന കാര്യമോ? (ആവർത്തനപുസ്തകം 31:12; 2 തിമൊഥെയൊസ് 3:15) അനേകം കുടുംബങ്ങൾ ക്രമമുള്ള കുടുംബ ബൈബിളധ്യയന പരിപാടികൾ മനസ്സാക്ഷിപൂർവം ആരംഭിച്ചെങ്കിലും അധികം താമസിയാതെ അവ ക്രമം തെറ്റുകയോ നിലച്ചുപോകുകയോ ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ? അത്തരമൊരു ക്രമമായ അധ്യയനം ഉണ്ടായിരിക്കണമെന്ന ശുപാർശ ഉചിതമല്ലെന്നോ നിങ്ങളുടെ കുടുംബത്തിന്റെ സാഹചര്യം അങ്ങേയറ്റം വ്യത്യസ്തമായതിനാൽ നിങ്ങളുടെ കാര്യത്തിൽ ഇതു പ്രായോഗികമല്ലെന്നോ നിങ്ങൾ നിഗമനം ചെയ്യുമോ? സ്ഥിതിവിശേഷം എന്തുതന്നെയായാലും, മാതാപിതാക്കളായ നിങ്ങൾ ദയവായി 1995 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിലെ “ഞങ്ങളുടെ സമ്പന്നമായ ആത്മീയ പൈതൃകം,” “സ്ഥിരോത്സാഹത്തിന്റെ പ്രതിഫലങ്ങൾ” എന്നീ വിശിഷ്ട ലേഖനങ്ങൾ പുനരവലോകനം ചെയ്യുക.
13. ദിനവാക്യ പരിചിന്തനത്തിൽനിന്നു കുടുംബങ്ങൾക്കു പ്രയോജനം നേടാനാവുന്നതെങ്ങനെ?
13 തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നതിൽനിന്നു ദിനവാക്യം പരിചിന്തിക്കുന്നതു ശീലമാക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വാക്യവും അഭിപ്രായങ്ങളും കേവലം വായിക്കുന്നതു നല്ലതുതന്നെ, എന്നാൽ വാക്യം ചർച്ചചെയ്തു ബാധകമാക്കുന്നതാണു കൂടുതൽ പ്രയോജനപ്രദം. ഉദാഹരണത്തിന്, എഫെസ്യർ 5:15-17 ആണു പരിചിന്തിക്കുന്നതെങ്കിൽ, വ്യക്തിപരമായ പഠനത്തിനും മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലും ഒരു വശത്തു പങ്കുപറ്റുന്നതിനും മറ്റു ദിവ്യാധിപത്യ നിയമനങ്ങൾ നിർവഹിക്കുന്നതിനും ‘സമയം തക്കത്തിൽ ഉപയോഗി’ക്കേണ്ട വിധത്തെക്കുറിച്ചു കുടുംബാംഗങ്ങൾക്കു ന്യായവാദം ചെയ്യാനാവും. അതേ, ഒരു കുടുംബ ദിനവാക്യ ചർച്ചയ്ക്ക് ഒരാളെയോ അനേകരെയോ “കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു [കൂടുതൽ തികവോടെ] ഗ്രഹിച്ചുകൊ”ണ്ടിരിക്കുന്നതിലേക്കു നയിക്കാനാവും.
14. മാതാപിതാക്കൾ ഏതുതരം ഉപദേഷ്ടാക്കളായിരിക്കണമെന്നാണ് ആവർത്തനപുസ്തകം 6:6, 7 സൂചിപ്പിക്കുന്നത്, ഇത് എന്തു ചെയ്യേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു?
14 മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശുഷ്കാന്തിയോടെ പഠിപ്പിക്കുന്നവരായിരിക്കണം. (ആവർത്തനപുസ്തകം 6:6, 7) എന്നാലത് മക്കളോടു കേവലം പ്രസംഗിക്കുന്നതോ കൽപ്പിക്കുന്നതോ ആയ ഒരു സംഗതിയല്ല. അവർ പറയുന്നത് മാതാവും പിതാവും ശ്രദ്ധിക്കേണ്ടയാവശ്യമുണ്ട്. അങ്ങനെ, എന്തെല്ലാം വിശദമാക്കണം, വ്യക്തമാക്കണം, ദൃഷ്ടാന്തീകരിക്കണം, അല്ലെങ്കിൽ ആവർത്തിക്കണം എന്ന് അവർക്കു മെച്ചമായി അറിയാനാവും. ഒരു ക്രിസ്തീയ കുടുംബത്തിൽ, മനസ്സിലാകാത്തതോ ഉത്കണ്ഠയുണ്ടാക്കുന്നതോ ആയ സംഗതികളെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ തുറന്ന ആശയവിനിമയത്തിനു പ്രചോദനമേകുന്നു. യഹോവയ്ക്ക് ആരംഭമില്ലെന്നതു ഗ്രഹിക്കാൻ ഒരു കൗമാരപ്രായക്കാരനു ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കിയ മാതാപിതാക്കൾ, വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചു. അങ്ങനെ അവർ സമയവും ശൂന്യാകാശവും അനന്തമാണെന്ന് അംഗീകരിക്കപ്പെടുന്നുവെന്ന് അവനു കാണിച്ചുകൊടുത്തു. ആശയം ദൃഷ്ടാന്തീകരിക്കാൻ അത് ഉപകരിച്ചു. മകനാകട്ടെ, തൃപ്തിയും. അതുകൊണ്ട് നിങ്ങളുടെ കുട്ടികളുടെ ചോദ്യങ്ങൾക്കു തിരുവെഴുത്തുകളിൽനിന്നു വ്യക്തമായി ഉത്തരം കൊടുക്കാൻ സമയം കണ്ടെത്തുക. ദൈവേഷ്ടം ചെയ്യാൻ പഠിക്കുന്നതു വളരെ തൃപ്തികരമായിരിക്കുമെന്നു കാണാൻ അവരെ സഹായിക്കുക. വേറെ എന്തെല്ലാം സംഗതികളാണു ചെറുപ്പക്കാരും പ്രായമുള്ളവരുമായ ദൈവജനം ഇന്നു പഠിക്കുന്നത്?
സ്നേഹിക്കാനും പോരാടാനും പഠിക്കുന്നു
15. സോദരോചിത സ്നേഹത്തിന്റെ തനിസ്വഭാവം പരിശോധിക്കപ്പെട്ടേക്കാവുന്നത് എപ്പോൾ?
15 യേശുവിന്റെ പുതിയ കൽപ്പനയോടുള്ള ചേർച്ചയിൽ, “പരസ്പരം സ്നേഹി”ക്കാൻ “ദൈവംതന്നേ” നമ്മെ “പഠിപ്പി”ക്കുന്നു. (1 തെസ്സലൊനീക്യർ 4:9, പി.ഒ.സി. ബൈബിൾ) കാര്യങ്ങളെല്ലാം ശാന്തമായി, നല്ലരീതിയിൽ പോകുമ്പോൾ നാം നമ്മുടെ സഹോദരങ്ങളെയെല്ലാം തീർച്ചയായും സ്നേഹിക്കുന്നുവെന്നു നമുക്കു തോന്നാം. എന്നാൽ വ്യക്തിപരമായ ഭിന്നതകൾ ഉടലെടുക്കുമ്പോൾ, അല്ലെങ്കിൽ മറ്റൊരു ക്രിസ്ത്യാനിയുടെ വാക്കോ പ്രവൃത്തിയോ നമ്മെ വ്രണപ്പെടുത്തുമ്പോൾ എന്തു സംഭവിക്കുന്നു? ഈ ഘട്ടത്തിലാണു നമ്മുടെ സ്നേഹത്തിന്റെ തനിസ്വഭാവം പരിശോധിക്കപ്പെടുന്നത്. (2 കൊരിന്ത്യർ 8:8 താരതമ്യം ചെയ്യുക.) അത്തരം സ്ഥിതിവിശേഷങ്ങളിൽ നാം എന്തു ചെയ്യണമെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്? പൂർണ അർഥത്തിൽ സ്നേഹം പ്രകടമാക്കാൻ ശ്രമിക്കണമെന്നതാണ് ഒരു സംഗതി. (1 പത്രൊസ് 4:8) സ്വന്തം താത്പര്യങ്ങൾ നോക്കുകയോ നിസ്സാര പാളിച്ചകളെച്ചൊല്ലി പ്രകോപിതരാകുകയോ, അല്ലെങ്കിൽ ദോഷത്തിന്റെ കണക്കു സൂക്ഷിക്കുകയോ അല്ല ചെയ്യേണ്ടത്. പകരം പാപങ്ങളുടെ ബഹുത്വത്തെ സ്നേഹംകൊണ്ടു മൂടാനാണു ശ്രമിക്കേണ്ടത്. (1 കൊരിന്ത്യർ 13:5) നമുക്കറിയാം ഇതു ദൈവേഷ്ടമാണെന്ന്, കാരണം അതാണ് അവന്റെ വചനം പഠിപ്പിക്കുന്നത്.
16. (എ) ഏതുതരം പോരാട്ടത്തിൽ ഏർപ്പെടാനാണു ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നത്? (ബി) നാമെങ്ങനെ സജ്ജരാക്കപ്പെടുന്നു?
16 അനേകരും സ്നേഹത്തെയും യുദ്ധത്തെയും തമ്മിൽ ബന്ധപ്പെടുത്താറില്ല. യുദ്ധം നാം പഠിക്കുന്ന മറ്റൊരു സംഗതിയാണ്, എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു യുദ്ധമാണിത്. യുദ്ധം നടത്തേണ്ട വിധത്തെക്കുറിച്ചു പഠിപ്പിക്കപ്പെടുന്നതിനു താൻ യഹോവയിൽ ആശ്രയിക്കണമെന്നു ദാവീദ് തിരിച്ചറിഞ്ഞു. അവന്റെ നാളുകളിൽ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ അക്ഷരീയമായി പൊരുതുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. (1 ശമൂവേൽ 17:45-51; 19:8; 1 രാജാക്കന്മാർ 5:3; സങ്കീർത്തനം 144:1) നമ്മുടെ ഇന്നത്തെ പോരാട്ട ത്തിന്റെ കാര്യമോ? നമ്മുടെ ആയുധങ്ങൾ ജഡികമല്ല. (2 കൊരിന്ത്യർ 10:4) നമ്മുടേത് ഒരു ആത്മീയ പോരാട്ടമാണ്. അതിനായി നാം ആത്മീയ രക്ഷാകവചമാണു ധരിക്കേണ്ടത്. (എഫെസ്യർ 6:10-13) തന്റെ വചനത്തിലൂടെയും സമ്മേളിതജനത്തിലൂടെയും യഹോവ നമ്മെ വിജയകരമായ ആത്മീയ പോരാട്ടം നടത്താൻ പഠിപ്പിക്കുന്നു.
17. (എ) നമ്മുടെ ശ്രദ്ധ തെറ്റിക്കാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രമേത്? (ബി) ജ്ഞാനപൂർവം നാമെന്ത് ഒഴിവാക്കണം?
17 വഞ്ചനാത്മകവും കുടിലവുമായ വിധങ്ങളിൽ, അപ്രധാന സംഗതികളിലേക്കു നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പലപ്പോഴും പിശാച് ലൗകിക കാര്യങ്ങളെയും വിശ്വാസത്യാഗികളെയും സത്യത്തിന്റെ മറ്റു വിരോധികളെയും ഉപയോഗിക്കുന്നു. (1 തിമൊഥെയൊസ് 6:3-5, 11; തീത്തൊസ് 3:9-11) നേരിട്ട്, മുഖാമുഖമുള്ള ഒരാക്രമണത്തിലൂടെ നമ്മെ കീഴ്പെടുത്താൻ ശ്രമിക്കുന്നതുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നതായി തോന്നുന്നു. അതുകൊണ്ട് ആത്മീയ മൂല്യമില്ലാത്ത നിസ്സാര കാര്യങ്ങളെക്കുറിച്ചു പരാതിപ്പെടാനും നിരർഥകമായ ചോദ്യങ്ങളുന്നയിക്കാനും നമ്മെ സ്വാധീനിച്ചുകൊണ്ട് അവൻ നമ്മെ കെണിയിലാക്കാൻ ശ്രമിക്കുന്നു. മുഖാമുഖ ആക്രമണത്തിന്റെ കാര്യത്തിലെന്നപോലെതന്നെ, അത്തരം അപകടങ്ങൾക്കെതിരെയും നാം ജാഗരൂകരായിരിക്കണം.—1 തിമൊഥെയൊസ് 1:3, 4.
18. നമുക്കായിത്തന്നെ മേലാൽ ജീവിക്കുന്നില്ല എന്നതിൽ യഥാർഥത്തിൽ എന്താണുൾപ്പെടുന്നത്?
18 നാം മനുഷ്യരുടെ അഭിലാഷങ്ങളോ രാഷ്ട്രങ്ങളുടെ ഇഷ്ടമോ ഉന്നമിപ്പിക്കുന്നില്ല. നാം ഇനി നമുക്കായല്ല ജീവിക്കേണ്ടത്, പകരം യേശുക്രിസ്തുവിന്റെ അതേ മാനസികഭാവം ഉൾക്കൊണ്ട് ദൈവേഷ്ടത്തിനായാണു ജീവിക്കേണ്ടത് എന്നു യേശുവിന്റെ മാതൃകയിലൂടെ യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 5:14, 15) കഴിഞ്ഞ കാലത്ത്, നാം തീരെ അശ്രദ്ധമായി, തന്നിഷ്ടപ്രകാരം ജീവിച്ച് വിലയേറിയ സമയം പാഴാക്കിയിരിക്കാം. കുടിച്ചുകൂത്താട്ടം, വെറിക്കൂത്ത്, അധാർമികത മുതലായവ ഈ ദുഷ്ടലോകത്തിന്റെ മുഖമുദ്രയാണ്. നാമിപ്പോൾ ദൈവേഷ്ടം ചെയ്യാൻ പഠിക്കുന്നു. അങ്ങനെ ഈ ദുഷിച്ച ലോകത്തിൽനിന്നു വേർതിരിക്കപ്പെടുന്നതിൽ നാം നന്ദിയുള്ളവരല്ലേ? അതുകൊണ്ട്, ലോകത്തിന്റെ ദുഷിപ്പിക്കുന്ന നടപടികളിലുൾപ്പെടുന്നത് ഒഴിവാക്കാൻ ആത്മീയമായി നമുക്കു കഠിന പോരാട്ടം നടത്താം.—1 പത്രൊസ് 4:1-3.
നമ്മുടെ പ്രയോജനത്തിനായിത്തന്നെ നമ്മെ പഠിപ്പിക്കുന്നു
19. യഹോവയുടെ ഇഷ്ടം പഠിക്കുന്നതും അതു പ്രവർത്തിക്കുന്നതുംകൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം?
19 യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിപ്പിക്കപ്പെടുന്നതിനാൽ നമുക്കു വമ്പിച്ച പ്രയോജനങ്ങളുണ്ടെന്നു തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അവന്റെ പുത്രനിലൂടെയും വചനത്തിലൂടെയും സമ്മേളിതജനത്തിലൂടെയും നമുക്കു ലഭിക്കുന്ന പ്രബോധനങ്ങൾ പഠിച്ച് പിൻപറ്റുന്നതിനായി സൂക്ഷ്മ ശ്രദ്ധ കൊടുത്തുകൊണ്ട് നാം നമ്മുടെ പങ്കു നിർവഹിക്കണമെന്നതു മനസ്സിലാക്കാവുന്നതാണ്. (യെശയ്യാവു 48:17, 18; എബ്രായർ 2:1) അങ്ങനെ ചെയ്യുന്നതുവഴി, നാം ഈ ദുരന്തകാലങ്ങളിൽ അചഞ്ചലമായി നിലകൊള്ളാൻ ശക്തീകരിക്കപ്പെടുകയും വരാനിരിക്കുന്ന കൊടുങ്കാറ്റുകളെ അതിജീവിക്കുകയും ചെയ്യും. (മത്തായി 7:24-27) ഇപ്പോൾപോലും, ദൈവേഷ്ടം ചെയ്തുകൊണ്ടു നാം അവനെ പ്രീതിപ്പെടുത്തുകയും നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും. (യോഹന്നാൻ 9:31; 1 യോഹന്നാൻ 3:22) കൂടാതെ നാം യഥാർഥ സന്തുഷ്ടി അനുഭവിക്കുകയും ചെയ്യും.—യോഹന്നാൻ 13:17
20. 1997-ൽ ഉടനീളം വാർഷികവാക്യം കാണുമ്പോൾ, എന്തിനെക്കുറിച്ചു ധ്യാനിക്കുന്നത് നന്നായിരിക്കും?
20 1997-ൽ ഉടനീളം, സങ്കീർത്തനം 143:10-ൽനിന്ന് എടുത്തിട്ടുള്ള “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ” എന്ന വാർഷികവാക്യം വായിച്ചു പരിചിന്തിക്കുന്നതിനുള്ള അവസരം നമുക്കു കൂടെക്കൂടെ ലഭിക്കുന്നതായിരിക്കും. നാമിതു ചെയ്യവേ, മേൽപ്പറഞ്ഞിരിക്കുന്നതുപോലെയുള്ള, നമ്മെ പഠിപ്പിക്കുന്നതിനായി ദൈവം ചെയ്തിരിക്കുന്ന കരുതലുകളെക്കുറിച്ചു വിചിന്തനം ചെയ്യാൻ നമുക്കു കുറെ അവസരങ്ങൾ ഉപയോഗിക്കാം. ആ യാചനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനുള്ള ഒരു പ്രേരകമെന്നനിലയിൽ, നമുക്ക് ആ വാക്കുകളെക്കുറിച്ചുള്ള അത്തരം ധ്യാനത്തെ ഉപയോഗിക്കാം. കൂടാതെ, “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു തിരിച്ചറിയുകയും ചെയ്യാം.—1 യോഹന്നാൻ 2:17.
നിങ്ങളെങ്ങനെ ഉത്തരം പറയും?
◻ ഇന്ന് ആരാണു യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിക്കുന്നത്?
◻ 1997-ൽ സങ്കീർത്തനം 143:10 നമ്മെ എങ്ങനെ ബാധിക്കണം?
◻ യഹോവയുടെ ഇഷ്ടം പ്രവർത്തിക്കാൻ നാമെങ്ങനെ പഠിപ്പിക്കപ്പെടുന്നു?
◻ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കളോട് എന്ത് ആവശ്യപ്പെട്ടിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]