ലഹരിപാനീയങ്ങൾ സംബന്ധിച്ചു നിങ്ങൾക്ക് ഒരു ദൈവിക വീക്ഷണമുണ്ടോ?
ലഹരിപാനീയങ്ങൾ സംബന്ധിച്ചു നിങ്ങൾക്ക് ഒരു ദൈവിക വീക്ഷണമുണ്ടോ?
ഇരുപതോളം വർഷങ്ങൾക്കു മുമ്പ്, മണ്ണു കുഴിച്ചുചെന്ന പുരാവസ്തുഗവേഷകർ ഇറാനിലെ ഊർമിയ എന്ന പട്ടണത്തിനടുത്ത്, മണ്ണിഷ്ടികകൊണ്ടു നിർമിച്ച ഒരു പഴയ കെട്ടിടം കണ്ടെത്തുകയുണ്ടായി. അതിനുള്ളിൽ ഒരു മൺഭരണിയുണ്ടായിരുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം, ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ള അത് വളരെ പ്രാചീനമായ ചില ആദിമ ഗ്രാമങ്ങൾ സ്ഥാപിതമായ കാലഘട്ടത്തിലേതാണ്. ആ ഭരണിയെക്കുറിച്ചു വിശകലനം നടത്താൻ അടുത്തകാലത്ത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയുക്തമാക്കി. അതിനുള്ളിൽ വീഞ്ഞുനിർമാണത്തിന്റെ ഏറ്റവും പഴക്കമുള്ള രാസപരമായ തെളിവുകൾ കണ്ടതിൽ ശാസ്ത്രജ്ഞർ അമ്പരന്നുപോയി.
പ്രാചീന കാലംമുതൽക്കേ, വീഞ്ഞ്, ബിയർ എന്നിവയും മറ്റു തരത്തിലുള്ള ലഹരിപാനീയങ്ങളും ഉപഭോഗത്തിലുണ്ടായിരുന്നതായി ബൈബിളും വ്യക്തമായി പ്രകടമാക്കുന്നു. (ഉല്പത്തി 27:25; സഭാപ്രസംഗി 9:7; നഹൂം 1:10) മറ്റു ഭക്ഷ്യസാധനങ്ങളുടെ കാര്യത്തിലെന്നപോലെ, വ്യക്തികളെന്നനിലയിൽ നമുക്കു യഹോവ ഒരു തിരഞ്ഞെടുപ്പു തരുന്നു—ലഹരിപാനീയങ്ങൾ കുടിക്കാം, കുടിക്കാതിരിക്കാം. യേശു പലപ്പോഴും ഭക്ഷണത്തോടൊപ്പം വീഞ്ഞു കുടിച്ചിരുന്നു. സ്നാപകയോഹന്നാൻ ലഹരിപാനീയങ്ങൾ വർജിച്ചിരുന്നു.—മത്തായി 11:18, 19.
മദ്യപാനത്തിലെ അമിതത്വം ബൈബിൾ വിലക്കുന്ന ഒരു സംഗതിയാണ്. മദ്യാസക്തി ദൈവത്തിനെതിരെയുള്ള ഒരു പാപമാണ്. (1 കൊരിന്ത്യർ 6:9-11) ഇതിനോടു ചേർച്ചയിൽ, യഹോവയുടെ സാക്ഷികൾ അനുതാപമില്ലാത്ത കുടിയന്മാരായിത്തീരുന്നവരെ ക്രിസ്തീയ സഭയിൽ തുടരാൻ അനുവദിക്കുന്നില്ല. സഭയിലുള്ളവരിൽ ലഹരിപാനീയങ്ങൾ കുടിക്കാൻ തീരുമാനിക്കുന്നവർ മിതമായിട്ടായിരിക്കണം അങ്ങനെ ചെയ്യേണ്ടത്.—തീത്തൊസ് 2:2, 3.
ഭക്തികെട്ട ഒരു വീക്ഷണം
ലഹരിപാനീയങ്ങൾ സംബന്ധിച്ച് ഇന്നു പല ആളുകൾക്കും ദൈവികമായ ഒരു വീക്ഷണമില്ല. ഈ പുരാതന ഉത്പന്നത്തെ ദുരുപയോഗം ചെയ്യാൻ സാത്താൻ പ്രോത്സാഹിപ്പിക്കുകയാണെന്നു കാണുക എളുപ്പമാണ്. ഉദാഹരണത്തിന്, ദക്ഷിണ പസഫിക്കിലെ ചില ദ്വീപുകളിൽ, വീട്ടിലുണ്ടാക്കിയ ലഹരിപാനീയങ്ങൾ ധാരാളം കുടിക്കുന്നത് പുരുഷന്മാരുടെ ഒരു ആചാരമാണ്. മണിക്കൂറുകൾ നീണ്ടുനിന്നേക്കാവുന്ന ഈ പരിപാടി കൂടെക്കൂടെ നടത്തിയേക്കാം—പല പുരുഷന്മാരും ഈ ആചാരത്തിൽ ദിവസേന ഏർപ്പെടുന്നു. അതു തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി ചിലർ കരുതുന്നു. ചിലപ്പോൾ, പ്രാദേശികമായി വീട്ടിലുണ്ടാക്കിയ ലഹരിപാനീയത്തിനു പകരം—അല്ലെങ്കിൽ
അതിനു പുറമേ—ബിയറും ചാരായവും കുടിക്കുന്നു. മദ്യാസക്തിയായിരിക്കും മിക്കപ്പോഴും ഫലം.മറ്റൊരു പസഫിക് ദേശത്ത്, പുരുഷന്മാർ മിതമായി ലഹരിപാനീയം ഉപയോഗിക്കുന്ന രീതി സാധാരണമായില്ല. പൊതുവേ പറഞ്ഞാൽ, അവർ ലക്കു കെടുന്നതുവരെ കുടിക്കുന്നു. സാധാരണഗതിയിൽ, ഒരു കൂട്ടം പുരുഷന്മാർ ഒന്നിച്ചുകൂടി, ഓരോന്നിലും 24 കുപ്പികൾ അടങ്ങുന്ന പല ബിയർ കാർട്ടനുകൾ വാങ്ങുന്നു. ബിയർ തീരുന്നതുവരെ അവർ കുടിക്കും. തത്ഫലമായി, പരസ്യമായുള്ള കുടിച്ചുകൂത്താട്ടം വളരെ സാധാരണമാണ്.
കള്ളും പ്രാദേശികമായി ഉണ്ടാക്കുന്ന മറ്റു മദ്യങ്ങളും പോലുള്ള ലഹരിപാനീയങ്ങൾ പരമ്പരാഗതമായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചുപോരുന്നു. അതിഥികളെ സത്കരിക്കുമ്പോൾ മദ്യം നൽകണമെന്നതാണ് ചിലയിടങ്ങളിലുള്ള പാരമ്പര്യം. സത്കാരപ്രിയനായ ആതിഥേയൻ സന്ദർശകന് ആവശ്യമുള്ളതിലും കൂടുതൽ കൊടുക്കുന്നത് ഒരാചാരമാണ്. ഓരോ സന്ദർശകന്റെയും മുമ്പിൽ 12 വീഞ്ഞുകുപ്പികൾ വെക്കുന്ന പാരമ്പര്യമുള്ള സ്ഥലം പോലുമുണ്ട്.
ജപ്പാനിലെ പല കമ്പനികളും അവരുടെ ജോലിക്കാർക്കായി ബസ്സ് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആ സന്ദർഭത്തിൽ ധാരാളം ലഹരിപാനീയങ്ങൾ വാങ്ങുന്നു, വളരെയധികം കുടിക്കുന്നതിൽ കുഴപ്പമില്ലതാനും. ചില കമ്പനികൾ നടത്തുന്ന ഈ ടൂറുകൾക്കു രണ്ടോ മൂന്നോ ദിവസമെടുത്തേക്കാം. ജപ്പാനിലെ ഏഷ്യാവീക്ക് മാഗസിൻ പറയുന്നതനുസരിച്ച്, “നെൽകൃഷി ചെയ്യുന്നവർമുതൽ സമ്പന്നരായ രാഷ്ട്രീയക്കാർവരെ പരമ്പരാഗതമായി പുരുഷത്വത്തിന്റെ അളവുകോലായി കണക്കാക്കുന്നത് ഒരുവനു കുടിക്കാൻ കഴിയുന്ന ലഹരിപാനീയത്തിന്റെ അളവാണ്.” മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും സമാനമായ പ്രവണതകൾ കാണാവുന്നതാണ്. “ലോകത്തിൽ മറ്റെവിടെയുമുള്ള മദ്യപാനികളെക്കാൾ കൂടുതൽ ചാരായം കുടിക്കുന്നവർ ദക്ഷിണ കൊറിയക്കാരാണ്.”
ഐക്യനാടുകളിലെ കോളെജ് കാമ്പസുകളിൽ നടമാടുന്ന ഒന്നാണ് അമിത കുടി (binge drinking). ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നപ്രകാരം, “അമിത കുടിയിലേർപ്പെടുന്ന മിക്കവരും, തങ്ങൾക്കു മദ്യാസക്തി ഉള്ളതായി കരുതുന്നില്ല.” a ഇത് അമ്പരപ്പിക്കേണ്ടതില്ല. കാരണം, മദ്യപാനം സാഹസികവും ഫാഷനും അഭിജ്ഞർ ചെയ്യുന്നതുമായ ഒരു സംഗതിയായിട്ടാണ് പല രാജ്യങ്ങളിലെയും മാധ്യമങ്ങൾ അതിനെ എടുത്തുകാട്ടുന്നത്. പലപ്പോഴും ഈ പ്രചാരണത്തിന്റെ പ്രത്യേക ലക്ഷ്യങ്ങൾ ചെറുപ്പക്കാരാണ്.
20 വർഷത്തെ ഒരു കാലയളവുകൊണ്ട് ബ്രിട്ടനിൽ കുടിക്കുന്ന ബിയറിന്റെ അളവ് ഇരട്ടിയായിരിക്കുന്നു. കുടിക്കുന്ന ലഹരി കൂടിയ മദ്യത്തിന്റെ അളവ് മൂന്നിരട്ടിയായും വർധിച്ചിരിക്കുന്നു. കുടിച്ചുതുടങ്ങുന്നവർ പ്രായം കുറഞ്ഞവരാണ്, കുടിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുകയാണ്. പൂർവയൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സമാനമായ പ്രവണതകൾ കാണാവുന്നതാണ്. മദ്യാസക്തിയുടെ നിരക്കും മദ്യപാനത്തോടു ബന്ധപ്പെട്ട വാഹന അപകടങ്ങളും ആനുപാതികമായി വർധിച്ചിരിക്കുന്നതിൽനിന്ന് ഇതു കാണാം. ലോകവ്യാപകമായി ലഹരിപാനീയം തീർച്ചയായും ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതു സ്പഷ്ടം.
എത്രയധികമാണു വളരെയധികം?
ലഹരിപാനീയങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം സന്തുലിതമാണ്. ഒരു വശത്ത്, ‘വീഞ്ഞ്’ യഹോവയാം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്നും അതു ‘മമനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുവെന്നും’ തിരുവെഴുത്തുകൾ പറയുന്നു. (സങ്കീർത്തനം 104:1, 15) മറുവശത്ത്, അമിതത്വത്തെ കുറ്റം വിധിക്കുമ്പോൾ ‘അതിമദ്യപാനം,’ ‘വീഞ്ഞുകുടി, വെറിക്കൂത്ത്, മദ്യപാനം,’ ‘ധാരാളം വീഞ്ഞുകുടിക്കുന്നവർ,’ ‘വീഞ്ഞിന് അടിമപ്പെടുന്നവർ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അത് ഉപയോഗിക്കുകയും ചെയ്യുന്നു. (ലൂക്കൊസ് 21:34; 1 പത്രൊസ് 4:3, NW; 1 തിമൊഥെയൊസ് 3:8; തീത്തൊസ് 2:3) എന്നാൽ എത്രത്തോളം കുടിക്കുമ്പോഴാണു ‘ധാരാളം വീഞ്ഞു കുടിക്കുന്നവ’രാകുന്നത്? ലഹരിപാനീയങ്ങൾ സംബന്ധിച്ച ദൈവിക വീക്ഷണം തരുന്നത് എന്താണെന്ന് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ തിട്ടപ്പെടുത്താം?
മദ്യാസക്തിയെ തിരിച്ചറിയുക ദുഷ്കരമല്ല. അതിന്റെ പരിണതഫലങ്ങൾ ഈ വാക്കുകളിൽ ബൈബിളിൽ വിവരിച്ചിരിക്കുന്നു: “ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ. . . . നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.”—സദൃശവാക്യങ്ങൾ 23:29-33.
വളരെയധികം ലഹരിപാനീയങ്ങൾ കുടിക്കുന്നത് ആശയക്കുഴപ്പത്തിനും മിഥ്യാബോധത്തിനും അബോധാവസ്ഥയ്ക്കും മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന മറ്റു വൈകല്യങ്ങൾക്കും കാരണമാകാം. മദ്യത്തിന്റെ സ്വാധീനത്തിൻ കീഴിൽ, തന്റെ പെരുമാറ്റം സംബന്ധിച്ച് ഒരു വ്യക്തിക്കു നിയന്ത്രണം നഷ്ടമായേക്കാം. അത് അയാൾക്കും മറ്റുള്ളവർക്കും ഹാനി വരുത്തുന്നു. ഭോഷത്തപരമോ ഉപദ്രവകരമോ അധാർമികമോ ആയ നടത്തയിൽ മദ്യപന്മാർ ഏർപ്പെടുന്നതായി അറിവായിട്ടുണ്ട്.
മേൽപ്പറഞ്ഞ പരിണതഫലങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം മത്തുപിടിക്കുന്ന ഘട്ടത്തോളം കുടിക്കുന്നത് തീർച്ചയായും അമിത കുടിയാണ്. എന്നിരുന്നാലും, മദ്യാസക്തിയുടെ ഈ സാധാരണ ലക്ഷണങ്ങൾ കാണിക്കാതെതന്നെ മിതത്വമില്ലായ്മ ഒരു വ്യക്തിക്കു പ്രകടമാക്കാൻ സാധിക്കും. അതുകൊണ്ട്, ഒരു വ്യക്തി വളരെയധികം കുടിച്ചിട്ടുണ്ടോ എന്നതിനു പല അഭിപ്രായങ്ങളുണ്ടാവാം. മിതത്വത്തിനും അമിതത്വത്തിനും ഇടയ്ക്കുള്ള അതിർവരമ്പ് എവിടെയാണ്?
നിങ്ങളുടെ ചിന്താപ്രാപ്തികൾ കാത്തുകൊള്ളുക
രക്തത്തിലെ മദ്യത്തിന്റെ അനുപാതം നൽകിക്കൊണ്ടോ മറ്റേതെങ്കിലും അളവു വെച്ചുകൊണ്ടോ ബൈബിൾ പരിധിയൊന്നും കൽപ്പിക്കുന്നില്ല. മദ്യത്തിന്റെ ഫലങ്ങളെ ചെറുത്തുനിൽക്കാനുള്ള കരുത്ത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എങ്കിലും, ബൈബിൾ തത്ത്വങ്ങൾ എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാണ്. ലഹരിപാനീയങ്ങൾ സംബന്ധിച്ച ഒരു ദൈവിക വീക്ഷണം വളർത്തിയെടുക്കാൻ അവയ്ക്കു നമ്മെ സഹായിക്കാനാകും.
“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം” എന്നതാണ് ഒന്നാമത്തെ കൽപ്പന എന്ന് യേശു പറഞ്ഞു. (മത്തായി 22:37, 38) മദ്യത്തിന് മനസ്സിന്മേൽ ശക്തമായ ഒരു സ്വാധീനമുണ്ട്. അതുകൊണ്ട് അമിതമായി കുടിക്കുന്നത് ഏറ്റവും വലിയ കൽപ്പന അനുസരിക്കുന്നതിൽ വിഘ്നം വരുത്തിയേക്കാം. അത് ന്യായബോധത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാപ്തിക്കും ആത്മസംയമനം പാലിക്കുന്നതിനും മനസ്സിന്റെ മറ്റു പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്കും തടസ്സം സൃഷ്ടിച്ചേക്കാം. തിരുവെഴുത്തുകൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “മകനേ, ജ്ഞാനവും വകതിരിവും [“ചിന്താപ്രാപ്തിയും,” NW] കാത്തുകൊൾക; . . . അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.”—സദൃശവാക്യങ്ങൾ 3:21, 22.
പൗലൊസ് അപ്പോസ്തലൻ ക്രിസ്ത്യാനികളോട് ഇങ്ങനെ അഭ്യർഥിക്കുന്നു: “നിങ്ങൾ ബുദ്ധിയുള്ള [“ന്യായബോധത്തോടുകൂടിയ,” NW] ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമർ 12:1) ‘ന്യായബോധം’ കൈവെടിയുന്ന ഘട്ടത്തോളം മദ്യപിക്കുന്ന ഒരു ക്രിസ്ത്യാനി ‘ദൈവത്തിനു പ്രസാദമുള്ള’വനായിരിക്കുമോ? സാധാരണമായി, അമിതമായി കുടിക്കുന്ന ഒരു വ്യക്തി എത്ര കുടിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന മനോഭാവം വളർത്തിയെടുക്കുന്നു. അയാളെ സംബന്ധിച്ചിടത്തോളം, അയാളുടെ അമിത കുടി മത്തുപിടിക്കുന്ന ഘട്ടത്തിനടുത്തുവരെ മാത്രമേ എത്തുന്നുള്ളൂവെന്ന് അയാൾ വിചാരിച്ചേക്കാം. എന്നാൽ, ലഹരിപാനീയത്തിന്മേലുള്ള അനാരോഗ്യകരമായ ഒരു ആശ്രയത്വം അയാൾ വളർത്തിയെടുക്കുകയായിരിക്കാം. അത്തരമൊരു വ്യക്തിക്ക് ‘ജീവനും വിശുദ്ധിയുമുള്ള യാഗമായി’ തന്റെ ശരീരത്തെ സമർപ്പിക്കാൻ കഴിയുമോ?
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ‘ജ്ഞാനത്തെയും ചിന്താപ്രാപ്തിയെയും’ വികലമാക്കുന്ന അളവോളം മദ്യപിക്കുന്നുവെങ്കിൽ അതു വളരെയധികമാണ്.
ലഹരിപാനീയങ്ങൾ സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ രൂപപ്പെടുത്തുന്നതെന്ത്?
നിലവിലുള്ള പ്രവണതകളും പാരമ്പര്യങ്ങളും മദ്യപാനം സംബന്ധിച്ച തന്റെ മനോഭാവത്തെ സ്വാധീനിക്കുന്നുണ്ടോയെന്ന് ഒരു ക്രിസ്ത്യാനി വിലയിരുത്തേണ്ടതാണ്. ലഹരിപാനീയങ്ങളുടെ കാര്യം വരുമ്പോൾ, നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിലവിലുള്ള പ്രവണതകളിലും മാധ്യമ പ്രചാരണങ്ങളിലും അധിഷ്ഠിതമാക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുകയില്ല. നമ്മുടെ സ്വന്തം മനോഭാവം വിലയിരുത്തിനോക്കുമ്പോൾ ഇങ്ങനെ സ്വയം ചോദിക്കുക, ‘സമൂഹത്തിൽ സ്വീകാര്യമായിരിക്കുന്നു എന്നതാണോ അതിനെ സ്വാധീനിക്കുന്നത്? അതോ എന്റെ മദ്യപാനത്തെ നിയന്ത്രിക്കുന്നത് ബൈബിൾ തത്ത്വങ്ങളാണോ?’
യഹോവയുടെ സാക്ഷികൾ പൊതുസംസ്കാരരീതികൾക്ക് എതിരല്ലെങ്കിലും, ഇന്നു പൊതുവേ അംഗീകരിക്കുന്ന പല ആചാരങ്ങളെയും യഹോവ വെറുക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നു. ചില സമുദായങ്ങൾ ഗർഭച്ഛിദ്രം, രക്തപ്പകർച്ച, സ്വവർഗരതി, അല്ലെങ്കിൽ ബഹുഭാര്യത്വം വെച്ചുപൊറുപ്പിക്കുന്നു. എന്നാൽ, ക്രിസ്ത്യാനികൾ ഇത്തരം കാര്യങ്ങൾ സംബന്ധിച്ച ദൈവിക വീക്ഷണത്തിനനുസൃതമായി ജീവിക്കുന്നു. അത്തരം ആചാരങ്ങൾ സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ദൈവിക വീക്ഷണം അവയെ വെറുക്കാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കും.—സങ്കീർത്തനം 97:10.
“ജാതികളുടെ ഇഷ്ട”ത്തിന്റെ ഭാഗമായാണു ബൈബിൾ ‘വീഞ്ഞുകുടിയെയും വെറിക്കൂത്തിനെയും’ പരാമർശിക്കുന്നത്. ‘വെറിക്കൂത്ത്’ എന്ന പ്രയോഗം, കൂടിയ അളവിൽ മദ്യം കുടിക്കുക എന്ന സ്പഷ്ടമായ ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന കൂടിവരവുകൾ എന്ന ആശയമാണു നൽകുന്നത്. ബൈബിൾകാലങ്ങളിൽ, വളരെയധികം കുടിക്കാൻ തങ്ങൾക്കു പ്രാപ്തിയുണ്ടെന്ന് അഹങ്കരിച്ചിരുന്ന ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ കുടിക്കാൻ ശ്രമിച്ചിരുന്നു, അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആരാണു കുടിക്കുന്നതെന്നറിയാൻ അവർ ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള നടത്തയെ അപ്പോസ്തലനായ പത്രൊസ് പരാമർശിക്കുന്നത് ‘ദുർന്നടപ്പിന്റെ കവിച്ചൽ’ എന്നാണ്, അനുതാപമുള്ള ക്രിസ്ത്യാനികൾ മേലാൽ അതിൽ പങ്കെടുക്കുന്നില്ല.—1 പത്രൊസ് 4:3, 4.
1 കൊരിന്ത്യർ 10:31) വലിയ അളവിൽ മദ്യപിക്കുന്നതിനു വേണ്ടി കൂടിവരുന്ന ഒരു കൂട്ടം പുരുഷന്മാർ എല്ലാവരും മത്തരാകണമെന്നില്ല. എന്നാൽ, അവരുടെ പെരുമാറ്റം യഹോവയ്ക്കു മഹത്ത്വം കരേറ്റുമോ? ബൈബിളിന്റെ ഉദ്ബോധനം ഇതാണ്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:2.
തനിക്കു മത്തുപിടിക്കാതിരിക്കുന്നിടത്തോളംകാലം എവിടെവെച്ച്, എപ്പോൾ, എത്രത്തോളം താൻ കുടിച്ചുവെന്നത് വാസ്തവത്തിൽ പ്രധാനമല്ലെന്ന വീക്ഷണം കൈക്കൊള്ളുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ന്യായയുക്തമായിരിക്കുമോ? നമുക്ക് ഇങ്ങനെ ചോദിക്കാം, അതൊരു ദൈവിക വീക്ഷണമാണോ? ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.” (മറ്റുള്ളവരെ ഇടറിക്കാതിരിക്കുക
രസാവഹമെന്നു പറയട്ടെ, അമിതത്വത്തെ വെച്ചുപൊറുപ്പിക്കുന്ന സംസ്കാരത്തിൽപ്പെട്ട ആളുകൾതന്നെ, ഒരു ദൈവശുശ്രൂഷകൻ അമിതമായി കുടിക്കുമ്പോൾ അതിനെ അംഗീകരിക്കുന്നില്ല. ദക്ഷിണ പസഫിക്കിലെ ഒരു കൊച്ചു സമൂഹത്തിലെ ഒരു നിരീക്ഷകൻ ഇങ്ങനെ പറഞ്ഞു: “എനിക്കു നിങ്ങളോടു മതിപ്പുണ്ട്. നിങ്ങൾ സത്യം പ്രസംഗിക്കുന്നു. എന്നാൽ ഞങ്ങൾ കാണുന്ന പ്രശ്നമിതാണ്, നിങ്ങളുടെ പുരുഷന്മാർ വളരെയധികം മദ്യം കഴിക്കുന്നു.” റിപ്പോർട്ടനുസരിച്ച്, ആ വ്യക്തികൾ കുടിച്ചു മത്തരായില്ല. എന്നാൽ, അതു സമൂഹത്തിലെ പലർക്കും വ്യക്തമല്ലായിരുന്നു. മദ്യപാനപരിപാടികളിൽ ഏർപ്പെടുന്ന മറ്റു പുരുഷന്മാരെപ്പോലെതന്നെ സാക്ഷികളും കുടിച്ചു മത്തരാകുന്നുവെന്നു നിരീക്ഷകർക്ക് എളുപ്പം നിഗമനം ചെയ്യാൻ കഴിഞ്ഞു. ദീർഘമായ മദ്യപാന പരിപാടികളിൽ ഏർപ്പെടുന്ന ഒരു ക്രിസ്തീയ ശുശ്രൂഷകനു സത്പേര് നിലനിർത്താനും സംസാരസ്വാതന്ത്ര്യത്തോടെ തന്റെ പരസ്യശുശ്രൂഷ നിർവഹിക്കാനും കഴിയുമോ?—പ്രവൃത്തികൾ 28:31.
ചില സഹോദരീസഹോദരന്മാർ രാജ്യഹാളിൽ വരുമ്പോൾ അവരുടെ നിശ്വാസത്തിനു മദ്യത്തിന്റെ രൂക്ഷഗന്ധമുള്ളതായി യൂറോപ്പിലെ ഒരു രാജ്യത്തുനിന്നുള്ള റിപ്പോർട്ടു സൂചിപ്പിക്കുന്നു. ഇതു മറ്റുള്ളവരുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.” (റോമർ 14:21) ലഹരിപാനീയങ്ങൾ സംബന്ധിച്ച ഒരു ദൈവിക വീക്ഷണം, മറ്റുള്ളവരുടെ മനസ്സാക്ഷി സംബന്ധിച്ച് ഉണർവുള്ളവനായിരിക്കാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കും. അതിന്റെ അർഥം ചില സാഹചര്യങ്ങളിൽ മദ്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കണമെന്നാണ്.
ക്രിസ്ത്യാനികൾ വ്യക്തമായും വിഭിന്നരാണ്
ലഹരിപാനീയങ്ങൾ ഉൾപ്പെടെ മനുഷ്യവർഗത്തിനു ദൈവം നൽകിയിട്ടുള്ള നല്ല കാര്യങ്ങളെ ദുരുപയോഗം ചെയ്യുകവഴി ഈ ലോകം യഹോവയെ വേദനിപ്പിച്ചിരിക്കുന്നു എന്നത് ദുഃഖകരമാണ്. ഓരോ സമർപ്പിത ക്രിസ്ത്യാനിയും വ്യാപകമായ അഭക്ത വീക്ഷണങ്ങൾ ഒഴിവാക്കാൻ കഠിനശ്രമം ചെയ്യണം. അങ്ങനെ, “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” ആളുകൾ “കാണും.”—മലാഖി 3:18.
ലഹരിപാനീയങ്ങളുടെ കാര്യത്തിൽ, യഹോവയുടെ സാക്ഷികളും ലോകവും തമ്മിലുള്ള “വ്യത്യാസം” വ്യക്തമായിരിക്കണം. യഥാർഥ ക്രിസ്ത്യാനികളുടെ ജീവിതത്തിലെ മുഖ്യ സംഗതിയല്ല ലഹരിപാനീയങ്ങൾ കുടിക്കുന്നത്. മത്തുപിടിക്കുന്ന ഘട്ടത്തോളം അപകടകരമായി എത്തിക്കൊണ്ട് ലഹരിപാനീയം എത്രത്തോളം കുടിക്കാമെന്നതിന്റെ പരിധികൾ അവർ പരീക്ഷിച്ചുനോക്കുന്നില്ല; ദൈവത്തെ മുഴുദേഹിയോടെയും ശുദ്ധമായ ഒരു മനസ്സോടെയും സേവിക്കുന്നതിനു വൈകല്യം വരുത്താനോ ഏതെങ്കിലും തരത്തിൽ അതിനു വിഘ്നം സൃഷ്ടിക്കാനോ അവർ ലഹരിപാനീയങ്ങളെ അനുവദിക്കുന്നില്ല.
ഒരു കൂട്ടമെന്ന നിലയിൽ, ലഹരിപാനീയങ്ങൾ സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് ഒരു ദൈവിക വീക്ഷണമാണുള്ളത്. നിങ്ങളെ സംബന്ധിച്ചോ? ‘ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരുക’ എന്ന ബൈബിളിന്റെ ഉദ്ബോധനം പിൻപറ്റവേ നമുക്കോരോരുത്തർക്കും യഹോവയുടെ അനുഗ്രഹങ്ങൾ സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—തീത്തൊസ് 2:13.
[അടിക്കുറിപ്പ്]
a “പുരുഷന്മാർ അഞ്ചോ അതിലധികമോ പ്രാവശ്യവും സ്ത്രീകൾ നാലോ അതിലധികമോ പ്രാവശ്യവും തുടർച്ചയായി കുടിക്കുന്നതിനെ അമിത കുടി എന്നു നിർവചിച്ചിരിക്കുന്നു.”—ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ.
[28-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളുടെ പ്രിയപ്പെട്ടവർ പറയുന്നതു ശ്രദ്ധിക്കുക
മിക്കപ്പോഴും, തനിക്കൊരു പ്രശ്നമുണ്ടെന്ന് അവസാനം തിരിച്ചറിയുന്നയാൾ അമിതമായി മദ്യപിക്കുന്ന വ്യക്തിതന്നെയാണ്. മിതത്വമില്ലാത്ത പ്രിയപ്പെട്ടവർക്കു സഹായം നൽകാൻ ബന്ധുക്കളും സ്നേഹിതരും ക്രിസ്തീയ മൂപ്പന്മാരും മടിക്കരുത്. നേരേമറിച്ച്, നിങ്ങളുടെ മദ്യപാന ശീലങ്ങളിൽ പ്രിയപ്പെട്ടവർ അസ്വസ്ഥത പ്രകടിപ്പിക്കുകയാണെങ്കിൽ, അവർക്ക് അതിനു നല്ല കാരണമുണ്ടായിരിക്കാം. അവർ പറയുന്നത് എന്തെന്നു പരിചിന്തിക്കുക.—സദൃശവാക്യങ്ങൾ 19:20; 27:6.