നിങ്ങൾക്ക് അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടോ?
നിങ്ങൾക്ക് അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടോ?
“മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”?—ലൂക്കൊസ് 18:8.
1. ഇന്ന് ഒരുവന്റെ വിശ്വാസം ബലിഷ്ഠമാക്കി നിർത്തുന്നത് പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
ഇന്ന് ഒരുവന്റെ വിശ്വാസം ബലിഷ്ഠമാക്കി നിർത്തുന്നത് എളുപ്പമല്ല. ആത്മീയ കാര്യങ്ങളിൽനിന്നു ക്രിസ്ത്യാനികളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നതിനുള്ള ശക്തമായ സമ്മർദം ലോകത്തിൽനിന്നു വരുന്നു. (ലൂക്കൊസ് 21:34; 1 യോഹന്നാൻ 2:15, 16) അനേകരും യുദ്ധങ്ങളുടെയോ ദുരന്തങ്ങളുടെയോ രോഗങ്ങളുടെയോ ഭക്ഷ്യക്ഷാമത്തിന്റെയോ മധ്യേ അതിജീവനത്തിനായി പാടുപെടുകയാണ്. (ലൂക്കൊസ് 21:10, 11) പല രാജ്യങ്ങളിലും ആളുകൾക്കു മതത്തിൽ താത്പര്യം കുറഞ്ഞുവരുകയാണ്. മതാനുസാരികളാണെങ്കിലോ ന്യായബോധമില്ലാത്തവരായി, മതഭ്രാന്തരായിപ്പോലും വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനും പുറമേ, അനേകം ക്രിസ്ത്യാനികൾ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നു. (മത്തായി 24:9) ഏകദേശം 2,000 വർഷം മുമ്പ് യേശു ചോദിച്ച ചോദ്യം നിശ്ചയമായും ഉചിതമാണ്: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”?—ലൂക്കൊസ് 18:8.
2. (എ) ശക്തമായ വിശ്വാസം ക്രിസ്ത്യാനിക്കു ജീവത്പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം ആരുടെ മാതൃക പരിചിന്തിക്കുന്നതു പ്രയോജനപ്രദമാണ്?
2 എന്നാൽ നമ്മുടെ ഈ ജീവിതം വിജയിപ്പിക്കാനും ഭാവിയിൽ വാഗ്ദത്ത നിത്യജീവൻ ലഭിക്കാനും ആഗ്രഹിക്കുന്നെങ്കിൽ ശക്തമായ വിശ്വാസം ജീവത്പ്രധാനമാണ് എന്നതാണു വസ്തുത. ഹബക്കൂക്കിനുള്ള യഹോവയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പൗലൊസ് അപ്പൊസ്തലൻ എഴുതി: ‘“എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല” . . . വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല.’ (എബ്രായർ 10:38–11:6; ഹബക്കൂക് 2:4) പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു.” (1 തിമൊഥെയൊസ് 6:12) അപ്പോൾ, അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ? ആ ചോദ്യം പരിചിന്തിക്കവേ, ഏകദേശം 4,000 വർഷം മുമ്പ് ജീവിച്ചിരുന്ന, മൂന്നു പ്രമുഖ മതങ്ങളിൽ—ഇസ്ലാംമതം, യഹൂദമതം, ക്രിസ്തുമതം എന്നിവയിൽ—ഇപ്പോഴും അതിയായി ആദരിക്കപ്പെടുന്ന ഒരു മനുഷ്യന്റെ കാര്യം പരിശോധിക്കുന്നതു പ്രയോജനപ്രദമാണ്. ആ മനുഷ്യൻ അബ്രാഹാം ആണ്. അവന്റെ വിശ്വാസം മികച്ചതായിരുന്നത് എന്തുകൊണ്ട്? നമുക്കിന്ന് അവനെ അനുകരിക്കാൻ കഴിയുമോ?
ദൈവ മാർഗനിർദേശത്തോടുള്ള അനുസരണം
3, 4. കുടുംബവുമായി തേരഹ് ഊരിൽനിന്നു ഹാരാനിലേക്കു താമസം മാറ്റിയത് എന്തുകൊണ്ട്?
3 അബ്രാഹാമിനെ (ആദ്യ പേര് അബ്രാം) കുറിച്ചുള്ള പരാമർശം ബൈബിളിൽ ഏതാണ്ട് ആദ്യ ഭാഗത്തുതന്നെ കാണാവുന്നതാണ്. ഉല്പത്തി 11:26-ൽ നാം ഇങ്ങനെ വായിക്കുന്നു: ‘തേരഹ് അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.’ ദക്ഷിണ മെസൊപ്പൊത്താമ്യയിലെ സമ്പദ്സമൃദ്ധമായ ഒരു കൽദയ നഗരമായ ഊർ ദേശത്താണ് തേരഹും കുടുംബവും പാർത്തിരുന്നത്. എന്നിരുന്നാലും, അവർ അവിടെ സ്ഥിരതാമസമാക്കിയില്ല. “തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും [സാറാ] കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്നു അവിടെ പാർത്തു.” (ഉല്പത്തി 11:31) അബ്രാഹാമിന്റെ സഹോദരനായ നാഹോരും കുടുംബത്തോടൊപ്പം ഹാരാനിലേക്കു മാറിപ്പാർത്തു. (ഉല്പത്തി 24:10, 15; 28:1, 2; 29:4) എന്നാൽ തേരഹ് സമ്പദ്സമൃദ്ധമായ ഊർ ദേശം വിട്ട് ദൂരെയുള്ള ഹാരാനിലേക്കു നീങ്ങിയത് എന്തുകൊണ്ടായിരുന്നു?
4 അബ്രാഹാമിന്റെ കാലത്തിനുശേഷം ഏകദേശം 2,000 വർഷം കഴിഞ്ഞ് വിശ്വസ്ത പുരുഷനായിരുന്ന സ്തെഫാനൊസ്, യഹൂദ ന്യായാധിപസംഘത്തിനു മുമ്പാകെ സംസാരിക്കവേ, തേരഹിന്റെ കുടുംബം നടത്തിയ ഈ അസാധാരണ താമസമാറ്റത്തെ കുറിച്ചു വിശദമാക്കുകയുണ്ടായി. അവൻ പറഞ്ഞു: ‘നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ആയിരിക്കുമ്പോൾ തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃത്തികൾ 7:2-4) അബ്രാഹാമിനെ സംബന്ധിച്ച യഹോവയുടെ ഹിതത്തിനു തേരഹ് കീഴ്പെട്ടുകൊണ്ട് തന്റെ അടുത്ത കുടുംബാംഗങ്ങളുമായി ഹാരാനിലേക്കു താമസം മാറ്റി.
5. പിതാവിന്റെ മരണശേഷം അബ്രാഹാം എവിടേക്കു പോയി? എന്തുകൊണ്ട്?
5 തേരഹിന്റെ കുടുംബം പുതിയ നഗരത്തിൽ താമസം ഉറപ്പിച്ചു. വർഷങ്ങൾക്കു ശേഷം അബ്രാഹാം “എന്റെ ദേശ”മെന്നു പറഞ്ഞപ്പോൾ അവൻ ഉദ്ദേശിച്ചത് ഊർ ദേശത്തെ അല്ലായിരുന്നു, മറിച്ച് ഹാരാൻ പ്രദേശത്തെ ആയിരുന്നു. (ഉല്പത്തി 24:4) എന്നിരുന്നാലും, അബ്രാഹാം ഹാരാനിൽ സ്ഥിരമായി താമസിക്കുമായിരുന്നില്ല. സ്തെഫാനൊസ് പറയുന്നപ്രകാരം, “[അബ്രാഹാമിന്റെ] അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.” (പ്രവൃത്തികൾ 7:4) യഹോവയുടെ മാർഗനിർദേശം അനുസരിച്ചുകൊണ്ട് അബ്രാഹാം, ലോത്തിനാൽ അനുഗതനായി, യൂഫ്രട്ടീസ് കടന്ന് കനാൻ ദേശത്തേക്കു പോന്നു. a
6. യഹോവ അബ്രാഹാമിന് എന്തു വാഗ്ദാനം നൽകി?
6 അബ്രാഹാം കനാനിലേക്കു മാറിത്താമസിക്കാൻ യഹോവ ഇടയാക്കിയത് എന്തുകൊണ്ട്? ആ വിശ്വസ്ത പുരുഷനെ സംബന്ധിച്ച ദൈവോദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ് അതിന്റെ കാരണം. യഹോവ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:1-3) അബ്രാഹാം ഒരു വലിയ ജാതിയുടെ, അതായത് യഹോവയുടെ സംരക്ഷണം ആസ്വദിക്കുകയും കനാൻ ദേശം സ്വന്തമാക്കുകയും ചെയ്യുന്ന ഒരു ജാതിയുടെ, പിതാവാകും. എന്തൊരു മഹത്തായ വാഗ്ദാനം! എന്നാൽ ആ ദേശം സ്വന്തമാക്കാൻ അബ്രാഹാമിന് ജീവിതത്തിൽ സമൂല മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു.
7. യഹോവ വാഗ്ദാനം ചെയ്തത് അവകാശമാക്കാൻ അബ്രാഹാം എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ മനസ്സൊരുക്കം കാട്ടേണ്ടിയിരുന്നു?
7 അബ്രാഹാം ഊർ വിട്ടുപോയപ്പോൾ, അവൻ ഉപേക്ഷിച്ചതു സമ്പദ്സമൃദ്ധമായ ഒരു നഗരത്തെയും സാധ്യതയനുസരിച്ച് പിതാവിന്റെ വിസ്തൃത കുടുംബത്തെയും ആയിരുന്നു. ആ ഗോത്രാധിപത്യ കാലഘട്ടത്തിൽ സംരക്ഷണമായി ഉതകിയ മുഖ്യ സംഗതികളായിരുന്നു അവ. ഹാരാൻ വിട്ടുപോയപ്പോൾ അവന്, സഹോദരനായ നാഹോരിന്റെ വീട്ടുകാർ ഉൾപ്പെടെ, പിതാവിന്റെ വീട്ടുകാരെ പിരിഞ്ഞ് അപരിചിതമായ ഒരു ദേശത്തേക്കു പോകേണ്ടിവന്നു. കനാനിൽ അവൻ നഗര മതിലിനുള്ളിൽ സുരക്ഷിതത്വം തേടിയില്ല. എന്തുകൊണ്ട്? അബ്രാഹാം ദേശത്ത് പ്രവേശിച്ച് ഉടനെതന്നെ യഹോവ അവനോടു പറഞ്ഞു: “നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.” (ഉല്പത്തി 13:17) 75 വയസ്സുള്ള അബ്രാഹാമും അവന്റെ 65 വയസ്സുള്ള ഭാര്യ സാറായും ഈ നിർദേശം അനുസരിച്ചു. “വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു . . . കൂടാരങ്ങളിൽ പാർത്തു.”—എബ്രായർ 11:9; ഉല്പത്തി 12:4.
അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഇന്ന്
8. അബ്രാഹാമിന്റെയും മറ്റു പുരാതന സാക്ഷികളുടെയും മാതൃക കണക്കിലെടുക്കുമ്പോൾ, നാം എന്തു നട്ടുവളർത്തണം?
8 എബ്രായർ 11-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ‘[ക്രിസ്തീയ പൂർവ] സാക്ഷികളുടെ വലിയോരു സമൂഹ’ത്തിൽ അബ്രാഹാമിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ഈ ആദ്യകാല ദാസന്മാരുടെ വിശ്വാസം കണക്കിലെടുത്ത്, “സകല ഭാരവും മുറുകെ പററുന്ന [“നമ്മെ എളുപ്പം കുരുക്കുന്ന,” NW] പാപവും [വിശ്വാസരാഹിത്യം] വിട്ടു”കളയാൻ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 12:1) അതേ, വിശ്വാസരാഹിത്യത്തിനു നമ്മെ ‘എളുപ്പം കുരുക്കാൻ’ കഴിയും. എന്നാൽ പൗലൊസിന്റെ നാളിലും നമ്മുടെ നാളിലും, അബ്രാഹാമിന്റേതിനോടും പുരാതന കാലത്തെ മറ്റുള്ളവരുടേതിനോടും സമാനമായ ശക്തമായ വിശ്വാസം നട്ടുവളർത്താൻ യഥാർഥ ക്രിസ്ത്യാനികൾക്കു സാധിച്ചിട്ടുണ്ട്. തന്നെയും സഹക്രിസ്ത്യാനികളെയും കുറിച്ചു സംസാരിക്കവേ പൗലൊസ് പറയുന്നു: “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.”—എബ്രായർ 10:39.
9, 10. ഇന്ന് അനേകർക്ക് അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടെന്നുള്ളതിന് എന്തു തെളിവുണ്ട്?
9 അബ്രാഹാമിന്റെ കാലത്തെക്കാൾ ലോകത്തിനു മാറ്റം വന്നിട്ടുണ്ട് എന്നതു ശരിതന്നെ. എന്നിരുന്നാലും, നാം ആരാധിക്കുന്നത് ‘അബ്രാഹാമിന്റെ ദൈവ’ത്തെത്തന്നെയാണ്, അവനു മാറ്റമില്ല. (പ്രവൃത്തികൾ 3:13; മലാഖി 3:6) അബ്രാഹാമിന്റെ നാളിലേതുപോലെ, ഇന്നും യഹോവ ആരാധനയ്ക്കു യോഗ്യനാണ്. (വെളിപ്പാടു 4:11) അനേകരും യഹോവയ്ക്കു തങ്ങളെത്തന്നെ സമ്പൂർണമായി സമർപ്പിക്കുകയും അബ്രാഹാമിനെപ്പോലെ, ദൈവഹിതം ചെയ്യാൻ തങ്ങളുടെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, 3,16,092 പേർ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ജലസ്നാപനമേറ്റുകൊണ്ട് തങ്ങളുടെ സമർപ്പണത്തിനു പരസ്യമായ തെളിവു നൽകി.—മത്തായി 28:19.
10 ഈ പുതിയ ക്രിസ്ത്യാനികളിൽ മിക്കവർക്കും സമർപ്പണം നിറവേറ്റുന്നതിനുവേണ്ടി വിദൂരസ്ഥമായ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്നില്ല. എന്നാൽ ഒരു ആത്മീയ അർഥത്തിൽ, അവരിൽ അനേകരും ഗണ്യമായ ദൂരം യാത്ര ചെയ്തു. ഉദാഹരണത്തിന്, മൗറീഷ്യസിലെ ഒരു മന്ത്രവാദിനിയായിരുന്നു എൽസി. സകലർക്കും അവരെ ഭയമായിരുന്നു. ഒരു പ്രത്യേക പയനിയർ എൽസിയുടെ പുത്രിയുമായി ബൈബിൾ അധ്യയനം തുടങ്ങിയത് എൽസിക്ക് ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കു തിരി’യുന്നതിനുള്ള വഴി തുറന്നു. (പ്രവൃത്തികൾ 26:18) പുത്രിയുടെ താത്പര്യം കണക്കിലെടുത്ത്, എന്റെ ബൈബിൾ കഥാ പുസ്തകം പഠിക്കാൻ എൽസി സമ്മതിച്ചു. നിരന്തര പ്രോത്സാഹനം ആവശ്യമായിരുന്നതിനാൽ ഈ സ്ത്രീക്ക് ആഴ്ചയിൽ മൂന്നു പ്രാവശ്യം അധ്യയനം എടുത്തു. ഗൂഢവിദ്യാ പ്രവൃത്തികളിലൂടെ അവർക്ക് ഒരു സന്തുഷ്ടിയും ലഭിച്ചില്ലെന്നു മാത്രമല്ല, അവർക്ക് വ്യക്തിപരമായ അനേകം പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ അവസാനം ഭൂതാരാധനയിൽനിന്നു സത്യാരാധനയിലേക്കുള്ള നീണ്ട യാത്ര പൂർത്തിയാക്കുന്നതിൽ അവർ വിജയിക്കുകതന്നെ ചെയ്തു. തന്റെ സേവനം തേടിയെത്തിയവരോട് യഹോവയ്ക്കു മാത്രമേ ദുഷ്ടതയിൽനിന്ന് അവരെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന് അവർ പറയുമായിരുന്നു. എൽസി ഇപ്പോൾ സ്നാപനമേറ്റ ഒരു സാക്ഷി ആണ്, അവരുടെ കുടുംബത്തിൽനിന്നും പരിചയക്കാരിൽനിന്നും 14 പേർ സത്യം സ്വീകരിച്ചിരിക്കുന്നു.
11. യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നവർ എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ സന്നദ്ധരാണ്?
11 ദൈവ സേവനത്തിനായി കഴിഞ്ഞ വർഷം തങ്ങളെത്തന്നെ സമർപ്പിച്ച എല്ലാവർക്കും അത്ര വലിയ ഒരു മാറ്റം വേണ്ടിവന്നില്ല. എന്നാൽ അവരെല്ലാവരും ആത്മീയമായി മരിച്ച അവസ്ഥയിൽനിന്ന് ആത്മീയമായി ജീവനുള്ള അവസ്ഥയിൽ എത്തിച്ചേരുകതന്നെ ചെയ്തു. (എഫെസ്യർ 2:1) ശാരീരികമായി ലോകത്തിലാണെങ്കിലും, അവർ അതിന്റെ ഭാഗമല്ല. (യോഹന്നാൻ 17:15, 16, NW) ‘സ്വർഗ്ഗത്തിൽ പൗരത്വമുള്ള’ അഭിഷിക്ത ക്രിസ്ത്യാനികൾക്കു സമാനരായി, അവർ ‘പ്രവാസികളെയും പരദേശികളെയും’ പോലെയാണ്. (ഫിലിപ്പിയർ 3:20; 1 പത്രൊസ് 2:11) എല്ലാറ്റിലുമുപരി ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്താൽ പ്രചോദിതരായി അവർ തങ്ങളുടെ ജീവിതത്തെ ദൈവപ്രമാണങ്ങളോട് അനുരൂപപ്പെടുത്തി. (മത്തായി 22:37-39) അവർ സ്വാർഥവും ഭൗതികത്വപരവുമായ ലക്ഷ്യങ്ങൾ പിന്തുടരുന്നില്ല, ഈ ലോകത്തിൽ വ്യക്തിപരമായ നേട്ടങ്ങൾ കൊയ്യണം എന്ന ചിന്തയും അവർക്കില്ല. പകരം, അവർ “നീതി വസിക്കുന്ന” വാഗ്ദത്ത “പുതിയ ആകാശ”ത്തിലും “പുതിയ ഭൂമി”യിലും ദൃഷ്ടികൾ ഉറപ്പിച്ചിരിക്കുന്നു.—2 പത്രൊസ് 3:13; 2 കൊരിന്ത്യർ 4:18.
12. യേശു തന്റെ സാന്നിധ്യ കാലത്ത് “ഭൂമിയിൽ വിശ്വാസം കണ്ടെത്തി”യിരിക്കുന്നു എന്നതിന് കഴിഞ്ഞ വർഷത്തെ ഏതു പ്രവർത്തനം തെളിവു നൽകുന്നു?
12 അബ്രാഹാം കനാനിലേക്കു മാറിത്താമസിച്ചപ്പോൾ, അവനും കുടുംബവും അവിടെ തനിച്ചായിരുന്നു. അവരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും യഹോവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്നാപനമേറ്റ് ക്രിസ്ത്യാനികൾ ആയിത്തീർന്ന ഈ 3,16,092 പേർ നിശ്ചയമായും തനിച്ചല്ല. അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ, യഹോവ അവരെ തന്റെ ആത്മാവിനാൽ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നതു സത്യംതന്നെ. (സദൃശവാക്യങ്ങൾ 18:10) അതിലുപരി, അവൻ അവരെ ഊർജസ്വലരായ ഒരു സാർവദേശീയ “ജനത”യിലൂടെയും പിന്തുണയ്ക്കുന്നുണ്ട്. ഈ “ജനത”യുടെ അംഗസംഖ്യ ഇന്നു ലോകത്തിലുള്ള ചില രാഷ്ട്രങ്ങളുടെ അംഗസംഖ്യയെക്കാൾ കൂടുതലാണ്. (യെശയ്യാവു 66:8, NW) കഴിഞ്ഞ വർഷം, ദൈവത്തിന്റെ വാഗ്ദാനങ്ങളെ കുറിച്ച് അയൽക്കാരോടു സംസാരിച്ചുകൊണ്ട് തങ്ങളുടെ സജീവ വിശ്വാസത്തിനു തെളിവു നൽകിയ, ആ ജനതയിലെ പൗരന്മാരുടെ അത്യുച്ച എണ്ണം 58,88,650 ആയിരുന്നു. (മർക്കൊസ് 13:10) താത്പര്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിൽ ഈ വേലയിൽ അവർ ചെലവഴിച്ച സമയം അതിശയിപ്പിക്കുന്നതുതന്നെ. 118,66,66,708 മണിക്കൂർ. തത്ഫലമായി, വിശ്വാസം നട്ടുവളർത്താൻ ആഗ്രഹിക്കുന്ന മറ്റുള്ളവരുമായി 43,02,852 ബൈബിൾ അധ്യയനങ്ങൾ നടത്തപ്പെട്ടു. തങ്ങളുടെ തീക്ഷ്ണതയുടെ കൂടുതലായ പ്രകടനമെന്ന നിലയിൽ, ഈ “ജനത”യിലെ 6,98,781 പേർ, മുഴുസമയമോ അല്ലെങ്കിൽ ഒരു മാസമോ അതിലധികമോ പയനിയർ സേവനത്തിൽ പങ്കെടുത്തു. (യഹോവയുടെ സാക്ഷികളുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ 12-15 പേജുകളിൽ കാണാം.) ഈ ശ്രദ്ധേയമായ റെക്കോർഡ് “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”? എന്ന യേശുവിന്റെ ചോദ്യത്തിനുള്ള ക്രിയാത്മകമായ, സജീവമായ ഉത്തരമാണ്.
പരിശോധനകളിലും വിശ്വസ്തർ
13, 14. കനാനിൽ അബ്രാഹാമിനും കുടുംബത്തിനും നേരിടേണ്ടിവന്ന ചില വിഷമതകൾ വിവരിക്കുക.
13 കനാനിൽ അബ്രാഹാമിനും വീട്ടുകാർക്കും ജീവിതം മിക്കപ്പോഴും ദുഷ്കരമായിരുന്നു. ഒരു അവസരത്തിലെങ്കിലും, അവിടെ ഒരു കടുത്ത ക്ഷാമം നേരിട്ടു. തത്ഫലമായി അവൻ കനാനിൽനിന്ന് ഈജിപ്തിലേക്കു പോകാൻ നിർബന്ധിതനായി. മാത്രമല്ല, ഈജിപ്തിലെ ഭരണാധിപനും ഗെരാറിലെ (ഗാസയ്ക്ക് അടുത്തുള്ള) ഭരണാധിപനും അബ്രാഹാമിന്റെ ഭാര്യ സാറയെ സ്വന്തമാക്കാൻ ശ്രമിച്ചു. (ഉല്പത്തി 12:10-20; 20:1-18) അബ്രാഹാമിന്റെയും ലോത്തിന്റെയും കന്നുകാലികളുടെ ഇടയന്മാർക്കിടയിൽ പിണക്കം ഉണ്ടായതിനെത്തുടർന്ന് ഇരു വീട്ടുകാർക്കും വേർപിരിയേണ്ടിവന്നു. നിസ്വാർഥനായ അബ്രാഹാം ലോത്തിന് ആദ്യം ദേശം തിരഞ്ഞെടുക്കാനുള്ള അവസരം വിട്ടുകൊടുത്തു. പാർക്കാനായി ലോത്ത് തിരഞ്ഞെടുത്തത് ഏദെൻപോലെ ഫലഭൂയിഷ്ഠവും മനോഹരവുമായ യോർദാൻ പ്രദേശം ആയിരുന്നു.—ഉല്പത്തി 13:5-13.
14 അങ്ങനെയിരിക്കെ, വിദൂരദേശമായ ഏലാമിന്റെ രാജാവും അവന്റെ സഖ്യകക്ഷികളും അഞ്ചു നഗര രാജാക്കന്മാരും തമ്മിൽ സിദ്ദീംതാഴ്വരയിൽ ഏറ്റുമുട്ടിയ യുദ്ധത്തിൽ ലോത്തും കുടുങ്ങിപ്പോയി. വിദേശ രാജാക്കന്മാർ പ്രാദേശിക രാജാക്കന്മാരെ തോൽപ്പിച്ച്, ഏറെ കൊള്ളമുതലുമായി—ലോത്തിനെയും അവന്റെ വസ്തുവകകളെയും ഉൾപ്പെടെ—കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് അബ്രാഹാം സധൈര്യം വിദേശ രാജാക്കന്മാരെ പിന്തുടർന്ന് ലോത്തിനെയും വീട്ടുകാരെയും പ്രാദേശിക രാജാക്കന്മാരുടെ വസ്തുവകകളെയും വീണ്ടെടുത്തു. (ഉല്പത്തി 14:1-16) എന്നാൽ ഇതായിരുന്നില്ല കനാനിൽ ലോത്തിന് നേരിട്ട ഏറ്റവും മോശമായ അനുഭവം. ഏതോ കാരണത്താൽ അവൻ സോദോമിൽ താമസമാക്കി, പ്രസ്തുത നഗരം അധാർമികതയ്ക്കു പേരുകേട്ടതായിരുന്നിട്ടും. b (2 പത്രൊസ് 2:6-8) നഗരം നശിപ്പിക്കപ്പെടാൻ പോകുകയാണെന്നു രണ്ടു ദൂതന്മാർ മുന്നറിയിപ്പു നൽകിയപ്പോൾ ലോത്തും ഭാര്യയും പുത്രിമാരും അവിടെനിന്നു പലായനം ചെയ്തു. എന്നാൽ, ദൂതന്മാരുടെ സൂക്ഷ്മ നിർദേശങ്ങൾ അവഗണിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂൺ ആയിത്തീർന്നു. രണ്ടു പുത്രിമാരോടൊപ്പം ലോത്തിന് കുറച്ചുകാലം സോവറിലെ ഒരു ഗുഹയിൽ ഒതുങ്ങിക്കഴിയേണ്ടിവന്നു. (ഉല്പത്തി 19:1-30) ഈ സംഭവങ്ങൾ അബ്രാഹാമിനെ വളരെയധികം ദുഃഖിതനാക്കിയിരിക്കണം, കാരണം അബ്രാഹാമിന്റെ കുടുംബത്തിന്റെ ഭാഗമായാണല്ലോ ലോത്ത് കനാനിലേക്കു വന്നത്.
15. അപരിചിതമായ ദേശത്ത് കൂടാരങ്ങളിൽ പാർക്കവേ പ്രശ്നങ്ങൾ നേരിട്ടപ്പോഴും അബ്രാഹാം ഏതു നിഷേധാത്മക ചിന്ത വ്യക്തമായും ഒഴിവാക്കി?
15 താനും ലോത്തും തന്റെ പിതാവിന്റെ വിസ്തൃത കുടുംബത്തോടൊപ്പം ഊരിലോ സഹോദരനായ നാഹോരിനോടൊപ്പം ഹാരാനിലോ സുരക്ഷിതമായി താമസിച്ചാൽ മതിയായിരുന്നു എന്ന് അബ്രാഹാം എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ? കൂടാരങ്ങളിൽ പാർക്കുന്നതിനു പകരം, മതിൽക്കെട്ടുള്ള നഗരത്തിൽ സുരക്ഷിതമായി താമസിച്ചാൽ മതിയായിരുന്നു എന്ന് അവൻ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ? അപരിചിത ദേശത്ത് അലയേണ്ടിവരുകയെന്ന ത്യാഗം ചെയ്യേണ്ടിവന്നതും അബദ്ധമായിപ്പോയെന്ന് അവൻ ഒരുപക്ഷേ ചിന്തിച്ചിരിക്കുമോ? അബ്രാഹാമിനെയും അവന്റെ കുടുംബത്തെയും കുറിച്ചു സംസാരിക്കവേ, പൗലൊസ് അപ്പൊസ്തലൻ എഴുതി: “അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.” (എബ്രായർ 11:15) എന്നിട്ടും അവർ മടങ്ങിപ്പോയില്ല. പ്രയാസങ്ങളിൽ ചഞ്ചലപ്പെടാതെ, തങ്ങൾ എവിടെ ആയിരിക്കാൻ യഹോവ ആഗ്രഹിച്ചുവോ അവിടെത്തന്നെ അവർ നിലകൊണ്ടു.
സഹിഷ്ണുത ഇന്ന്
16, 17. (എ) ഇന്ന് അനേകം ക്രിസ്ത്യാനികളും ഏതെല്ലാം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നു? (ബി) ക്രിസ്ത്യാനികൾക്ക് എന്തു ക്രിയാത്മക മനോഭാവമാണ് ഉള്ളത്? എന്തുകൊണ്ട്?
16 ഇന്നു ക്രിസ്ത്യാനികൾ സമാനമായ സഹിഷ്ണുത പ്രകടമാക്കുന്നു. ദൈവത്തെ സേവിക്കുന്നത് അവർക്കു വലിയ സന്തോഷത്തിന്റെ ഉറവ് ആണെങ്കിലും, ഈ അന്ത്യനാളുകളിൽ സത്യ ക്രിസ്ത്യാനികൾക്കു ജീവിതം എളുപ്പമല്ല. ആത്മീയ പറുദീസയിലാണു ജീവിക്കുന്നതെങ്കിലും, തങ്ങളുടെ അയൽക്കാരെപ്പോലെതന്നെ, അവർക്കും സാമ്പത്തിക സമ്മർദങ്ങൾ നേരിടുന്നു. (യെശയ്യാവു 11:6-9) നിഷ്കളങ്കരായ അവരിൽ അനേകർ രാഷ്ട്ര യുദ്ധങ്ങളുടെ ഇരകളാകുന്നു. അവരിൽ ചിലർ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കടുത്ത ദാരിദ്ര്യത്തിൽ പതിക്കുന്നു. അതിലുപരി, ജനപ്രീതിയില്ലാത്ത ഒരു ന്യൂനപക്ഷമായിരിക്കുന്നതിന്റെ പ്രശ്നവും അവർ സഹിക്കുന്നു. അനേകം നാടുകളിലും അവർ സുവാർത്ത പ്രസംഗിക്കുന്നത് കടുത്ത നിസ്സംഗതയെ അഭിമുഖീകരിച്ചുകൊണ്ടാണ്. മറ്റു രാജ്യങ്ങളിൽ അവർക്കു ‘നിയമംകൊണ്ടു ദുരിതമുണ്ടാക്കുക’യും “നിഷ്കളങ്കന്റെ രക്തത്തെപ്പോലും ദുഷ്ടമായി വിധിക്കുക”യും ചെയ്യുന്നവരുടെ വഞ്ചനാത്മകമായ ആക്രമണങ്ങൾ സഹിക്കേണ്ടിവരുന്നു. (സങ്കീർത്തനം 94:20, 21, NW) ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നില്ല, ചിലയിടങ്ങളിൽ തങ്ങളുടെ ഉന്നത നിലവാരങ്ങളെപ്രതി അവർ പ്രശംസിക്കപ്പെടുന്നുമുണ്ട്. എന്നാൽ അവിടെയും അവർക്കു തങ്ങൾ സഹപാഠികളിൽനിന്നും സഹജോലിക്കാരിൽനിന്നും വ്യത്യസ്തരാണെന്ന ബോധമുണ്ട്—തനിക്കു ചുറ്റുമുള്ള മിക്കവരും നഗരങ്ങളിൽ പാർക്കവേ കൂടാരങ്ങളിൽ പാർക്കേണ്ടിവന്ന അബ്രാഹാമിനെപ്പോലെയാണ് അവർ. അതേ, ഈ ലോകത്തിൽ ജീവിക്കുന്നതും അതേസമയം അതിന്റെ ‘ഭാഗമല്ലാ’തിരിക്കുന്നതും എളുപ്പമല്ല.—യോഹന്നാൻ 17:14, NW.
17 അപ്പോൾ, നാം ദൈവത്തോടുള്ള നമ്മുടെ സമർപ്പണത്തെപ്രതി ഖേദിക്കുന്നുവോ? മറ്റുള്ളവരെപ്പോലെ നമുക്കും ലോകത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടാൽ മതിയായിരുന്നു എന്നു നാം ചിന്തിക്കുന്നുവോ? യഹോവയുടെ സേവനത്തിൽ നാം നടത്തിയ ത്യാഗങ്ങളെ കുറിച്ചു നാം ദുഃഖിക്കുന്നുവോ? നിശ്ചയമായും ഇല്ല! വിട്ടുകളഞ്ഞ സംഗതികളിലേക്ക് നാം അതിയായ ആഗ്രഹത്തോടെ നോക്കുന്നില്ല; പകരം, ഇപ്പോൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളോടും ഭാവിയിൽ ആസ്വദിക്കാനിരിക്കുന്നവയോടും ഉള്ള താരതമ്യത്തിൽ നാം ചെയ്തിരിക്കുന്ന ത്യാഗങ്ങൾ യഥാർഥത്തിൽ ഒന്നുമല്ല എന്നു നാം തിരിച്ചറിയുന്നു. (ലൂക്കൊസ് 9:62; ഫിലിപ്പിയർ 3:8) ഇനി, ലോകത്തിലെ ആളുകളുടെ കാര്യമെടുക്കുക, അവർ സന്തുഷ്ടരാണോ? അവരിൽ അനേകരും നമുക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന ഉത്തരങ്ങൾ തേടി അലയുകയാണ് എന്നതാണു സത്യം. നാം പിൻപറ്റുന്ന, ബൈബിളിലെ ദൈവദത്ത മാർഗനിർദേശം പിൻപറ്റാത്തതു നിമിത്തം അവർ കഷ്ടപ്പെടുകയാണ്. (സങ്കീർത്തനം 119:105) സഹവിശ്വാസികളുമായി നാം ആസ്വദിക്കുന്നതരം ക്രിസ്തീയ സഹവാസത്തിനും ആനന്ദകരമായ കൂട്ടായ്മയ്ക്കും വേണ്ടി അവരിൽ അനേകരും കേഴുകയാണ്.—സങ്കീർത്തനം 133:1; കൊലൊസ്സ്യർ 3:14.
18. ക്രിസ്ത്യാനികൾ അബ്രാഹാമിന്റേതു പോലുള്ള ധൈര്യം പ്രകടമാക്കുമ്പോൾ അതിന്റെ പരിണതി എന്തായിരിക്കും?
18 ലോത്തിനെ പിടിച്ചുകൊണ്ടുപോയവരെ പിന്തുടർന്ന അബ്രാഹാമിനെപ്പോലെ നാം ചിലപ്പോൾ ധൈര്യം പ്രകടമാക്കേണ്ടിവന്നേക്കാം എന്നതു സത്യംതന്നെ. എന്നാൽ നാം അങ്ങനെ പ്രവർത്തിക്കുമ്പോൾ, അതിന്റെ പരിണതിയിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടാകും. ഉദാഹരണത്തിന്, ഉത്തര അയൽലണ്ടിൽ സാമുദായിക അക്രമങ്ങൾ നിമിത്തം വിദ്വേഷം രൂഢമൂലം ആയിരിക്കുന്നതിനാൽ, നിഷ്പക്ഷർ ആയിരിക്കുന്നതിനു ധൈര്യം ആവശ്യമാണ്. എങ്കിലും, വിശ്വസ്ത ക്രിസ്ത്യാനികൾ യോശുവയോടുള്ള യഹോവയുടെ വാക്കുകൾ പിൻപറ്റിയിരിക്കുന്നു: “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.” (യോശുവ 1:9; സങ്കീർത്തനം 27:14) വർഷങ്ങളായുള്ള അവരുടെ നിർഭയ നിലപാട് അവർക്ക് ആദരവു നേടിക്കൊടുത്തിരിക്കുന്നു. അവർക്ക് ഇന്ന് ആ രാജ്യത്ത് എല്ലാ സമുദായങ്ങളിലും സ്വതന്ത്രമായി പ്രസംഗിക്കാൻ കഴിയുന്നു.
19. എന്തു ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിൽ ക്രിസ്ത്യാനികൾക്ക് സന്തുഷ്ടരായിരിക്കാൻ കഴിയും, യഹോവയുടെ മാർഗനിർദേശം പിൻപറ്റവേ അവർ ഏതു പരിണതഫലത്തിനായി ഉറപ്പോടെ കാത്തിരിക്കുന്നു?
19 നമുക്ക് ഏതു സ്ഥിതിവിശേഷം നേരിട്ടാലും, നാം യഹോവയുടെ മാർഗനിർദേശം പിൻപറ്റുന്നപക്ഷം, അവസാനം അത് അവന്റെ മഹത്ത്വത്തിലും നമ്മുടെ ദീർഘകാല പ്രയോജനത്തിലും കലാശിക്കും എന്നതിൽ നാം ഒരിക്കലും സംശയിക്കേണ്ടതില്ല. വെല്ലുവിളികളും ത്യാഗങ്ങളും ഉണ്ടെങ്കിലും, ക്രിസ്തീയ സഹോദരങ്ങളുമായുള്ള കൂട്ടായ്മ ആസ്വദിച്ചുകൊണ്ടും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യഭാവിക്കായി ഉറപ്പോടെ നോക്കിപ്പാർത്തുകൊണ്ടും യഹോവയുടെ സേവനത്തിൽ ആയിരിക്കുന്നതിനെക്കാൾ മെച്ചമായ യാതൊന്നും ഇല്ല.
[അടിക്കുറിപ്പുകൾ]
a സാധ്യതയനുസരിച്ച്, ലോത്തിന്റെ പിതാവ്, അതായത് അബ്രാഹാമിന്റെ സഹോദരൻ, മരിച്ചപ്പോൾ അബ്രാഹാം തന്റെ മച്ചുനനായ ലോത്തിനെ ദത്തെടുത്തിരിക്കാം.—ഉല്പത്തി 11:27, 28; 12:5.
b നാലു രാജാക്കന്മാർ തന്നെ പിടിച്ചുകൊണ്ടുപോയ ആ സംഭവത്തിനുശേഷം കൂടുതൽ സുരക്ഷിത സ്ഥാനമെന്ന നിലയ്ക്കായിരിക്കാം ലോത്ത് ഒരു നഗരത്തിൽ താമസമാക്കിയത് എന്നാണു ചിലരുടെ അഭിമതം.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ശക്തമായ വിശ്വാസം അത്യന്താപേക്ഷിതം ആയിരിക്കുന്നത് എന്തുകൊണ്ട്?
□ തനിക്കു ശക്തമായ വിശ്വാസമുണ്ടെന്ന് അബ്രാഹാം പ്രകടമാക്കിയത് എങ്ങനെ?
□ സമർപ്പണം ഒരുവന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് എങ്ങനെ?
□ നമുക്കു പ്രശ്നങ്ങൾ നേരിട്ടാലും നാം ദൈവത്തെ സേവിക്കുന്നതിൽ സന്തുഷ്ടർ ആയിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[7-ാം പേജിലെ ചിത്രങ്ങൾ]
വാഗ്ദത്തം ചെയ്യപ്പെട്ടത് അവകാശമാക്കാൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അബ്രാഹാം മനസ്സു കാട്ടി
[9-ാം പേജിലെ ചിത്രങ്ങൾ]
തന്റെ സാന്നിധ്യ കാലത്ത് യേശു “ഭൂമിയിൽ വിശ്വാസം” കണ്ടെത്തിയിരിക്കുന്നു എന്നു തെളിവു പ്രകടമാക്കുന്നു