വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കാൻ യത്‌നിക്കൽ

“ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കാൻ യത്‌നിക്കൽ

“ലജ്ജിപ്പാൻ സംഗതി​യി​ല്ലാത്ത വേലക്കാ​ര​നാ​യി”രിക്കാൻ യത്‌നി​ക്കൽ

ആൻഡ്രേ സൊപ്പ പറഞ്ഞ​പ്ര​കാ​രം

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​കൊ​ണ്ടു. അതു വരുത്തി​വെച്ച കൂട്ടക്കു​രു​തി​യെ​യും നിരാ​ശ​യെ​യും വർണി​ക്കാൻ വാക്കു​കൾക്കാ​വില്ല. നോർവേ​യി​ലെ നാർവി​ക്കി​ന​ടു​ത്തു തമ്പടി​ച്ചി​രുന്ന ജർമൻ നാവി​ക​സേ​ന​യു​ടെ സിഗ്നൽ വിഭാ​ഗ​ത്തിൽ ജോലി നോക്കി​യി​രുന്ന എനിക്ക്‌ മനുഷ്യൻ മനുഷ്യ​നോ​ടു കാട്ടി​ക്കൂ​ട്ടിയ കൊടും​ക്രൂ​രത നേരിട്ടു കാണാൻ കഴിഞ്ഞു. രാത്രി​യിൽ, കടലി​ടു​ക്കു​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തിൽ ആയിരി​ക്കവേ, ഉത്തര ധ്രുവ​ദീ​പ്‌തി​യു​ടെ അഭൗമ മനോ​ഹാ​രിത കണ്ട്‌ ഞാൻ ജീവി​തത്തെ കുറിച്ച്‌ ആഴമായി ചിന്തി​ക്കു​മാ​യി​രു​ന്നു. ഇവയെ​ല്ലാം സൃഷ്ടിച്ച ദൈവം ഈ യുദ്ധ​ഭ്രാ​ന്തിന്‌ ഉത്തരവാ​ദി ആയിരി​ക്കു​ക​യി​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു.

ചെക്ക്‌ അതിർത്തിക്ക്‌ അടുത്തുള്ള ലാസൊത്ത്‌ (ഇപ്പോൾ പോള​ണ്ടിൽ) എന്നൊരു കൊച്ചു​ഗ്രാ​മ​ത്തിൽ, 1923-ൽ ഒരു ദരിദ്ര കർഷക കുടും​ബ​ത്തി​ലാ​ണു ഞാൻ ജനിച്ചത്‌. തീക്ഷ്‌ണ​ത​യുള്ള കത്തോ​ലി​ക്ക​രാ​യി​രു​ന്നു എന്റെ മാതാ​പി​താ​ക്കൾ. ഞങ്ങളുടെ ജീവി​ത​ത്തിൽ മതത്തിനു വളരെ വലിയ സ്ഥാനമാണ്‌ ഉണ്ടായി​രു​ന്നത്‌. എന്നിരു​ന്നാ​ലും, ചെറുപ്പം മുതലേ, ഞാൻ എന്റെ മതത്തിൽ സംശയാ​ലു​വാ​യി​രു​ന്നു. ഞങ്ങളുടെ ഗ്രാമ​ത്തിൽ ഉണ്ടായി​രുന്ന മൂന്നു പ്രൊ​ട്ട​സ്റ്റൻറ്‌ കുടും​ബ​ങ്ങ​ളെ​യും കത്തോ​ലി​ക്കാ സമുദാ​യം എല്ലാ കാര്യ​ത്തി​ലും അകറ്റി​നിർത്തി​യി​രു​ന്നു. എന്തു​കൊണ്ട്‌ ഇങ്ങനെ സംഭവി​ക്കു​ന്നു എന്ന്‌ എനിക്കു മനസ്സി​ലാ​യില്ല. സ്‌കൂ​ളിൽ ഞങ്ങളെ വേദോ​പ​ദേ​ശങ്ങൾ പഠിപ്പി​ച്ചി​രു​ന്നു. എന്നാൽ ഒരു ദിവസം ത്രി​ത്വോ​പ​ദേ​ശ​ത്തെ​ക്കു​റിച്ച്‌ പുരോ​ഹി​ത​നോ​ടു സംശയം ഉന്നയി​ച്ച​പ്പോൾ ഉത്തരം വടി​കൊ​ണ്ടാ​യി​രു​ന്നു. പത്ത്‌ അടി. എങ്കിലും എനിക്ക്‌ 17 വയസ്സു​ള്ള​പ്പോൾ സംഭവിച്ച ഈ സംഗതി കത്തോ​ലി​ക്കാ സഭയെ കുറിച്ച്‌ എനിക്ക്‌ ഉണ്ടായി​രുന്ന നിരാശ ഒന്നുകൂ​ടി വർധി​പ്പി​ച്ചു. എന്റെ അമ്മയുടെ മാതാ​പി​താ​ക്കൾ തൊട്ട​ടുത്ത മാസങ്ങ​ളിൽ മരിച്ചു. അമ്മയുടെ കൈവശം പള്ളിയി​ലെ ശവസം​സ്‌കാര ചടങ്ങി​നുള്ള പണം ഇല്ലായി​രു​ന്നു​താ​നും. പണം പിന്നീട്‌ തന്നാൽ പോരേ എന്ന്‌ അവർ പുരോ​ഹി​ത​നോ​ടു ചോദി​ച്ച​തിന്‌ “മാതാ​പി​താ​ക്ക​ളു​ടെ സ്വത്തുക്കൾ ഇല്ലേ? അതു വിറ്റ്‌ ചടങ്ങി​നുള്ള പണം കൊണ്ടു​വാ” എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി.

അതിനും ഏതാനും വർഷം മുമ്പ്‌, അതായത്‌ 1933-ൽ ഹിറ്റ്‌ലർ അധികാ​ര​ത്തിൽ വന്നതി​നു​ശേഷം, ഞങ്ങൾക്കു പോളീഷ്‌ സംസാ​രി​ക്കാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. മറിച്ച്‌, എല്ലാവ​രും ജർമൻ ഭാഷ സംസാ​രി​ക്ക​ണ​മാ​യി​രു​ന്നു. അതിനു കൂട്ടാ​ക്കാ​ത്തവർ അല്ലെങ്കിൽ ജർമൻ പഠിക്കാൻ കഴിയാ​ഞ്ഞവർ ക്രമേണ അപ്രത്യ​ക്ഷ​രാ​യി—ത ങ്കൽ പാളയ​ത്തി​ലേക്ക്‌ ആണ്‌ അവരെ അയച്ചത്‌ എന്ന്‌ പിന്നീട്‌ അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ ഗ്രാമ​ത്തി​നു​പോ​ലും ജർമൻ പേർ നൽക​പ്പെട്ടു, ഗ്രൂ​യെൻഫ്‌ളിസ്‌. 14-ാം വയസ്സിൽ ഞാൻ സ്‌കൂ​ളിൽ പോക്ക്‌ നിർത്തി. ഹിറ്റ്‌ല​റു​ടെ യുവജന സംഘട​ന​യിൽ അംഗം അല്ലാതി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ഒരു ജോലി കിട്ടുക പ്രയാ​സ​മാ​യി​രു​ന്നു. അവസാനം, ഒരു അപ്രന്റിസ്‌ ആയി കൊല്ല​പ്പണി കിട്ടി. യുദ്ധം തുടങ്ങി​യ​പ്പോൾ, പള്ളിയിൽ ഹിറ്റ്‌ലർക്കും ജർമൻ സൈന്യ​ത്തി​നും വേണ്ടി പ്രാർഥ​നകൾ നടത്ത​പ്പെട്ടു. യുദ്ധത്തി​ലെ എതിർ കക്ഷിക​ളും ഇതു​പോ​ലെ പ്രാർഥി​ക്കു​ന്നു​ണ്ടാ​കു​മ​ല്ലോ എന്നു ഞാൻ വിചാ​രി​ക്കാ​തി​രു​ന്നില്ല.

ജർമൻ നാവിക സേനയി​ലെ സേവനം

1941 ഡിസം​ബ​റിൽ, ഞാൻ ജർമൻ നാവിക സേനയിൽ അംഗമാ​യി. 1942-ന്റെ ആരംഭ​ത്തിൽ, നിരീക്ഷണ കപ്പലിൽ സേവി​ക്കാ​നാ​യി എന്നെ നോർവീ​ജി​യൻ തീര​ത്തേക്ക്‌ അയച്ചു. ഞങ്ങൾക്ക്‌ ട്രോൺധെ​യ്‌മി​നും ഓസ്ലോ​യ്‌ക്കും ഇടയിൽ കോൺവോയ്‌ നിയമനം, അതായത്‌ സൈന്യ​ങ്ങ​ളെ​യോ അല്ലെങ്കിൽ ആയുധ​ങ്ങ​ളോ ചരക്കു​ക​ളോ കയറ്റി​പ്പോ​കുന്ന കപ്പലു​കൾക്ക്‌ അകമ്പടി പോകുന്ന ജോലി, ലഭിച്ചു. ഒരിക്കൽ കപ്പലിൽ ആയിരി​ക്കു​മ്പോൾ രണ്ടു കപ്പൽ ജോലി​ക്കാ​രു​ടെ സംസാരം കേൾക്കാ​നി​ട​യാ​യി. ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നതു പോ​ലെ​യുള്ള ലോകാ​വ​സാ​നത്തെ കുറി​ച്ചാ​യി​രു​ന്നു അവരുടെ സംസാരം. പരസ്യ​മാ​ക്കാൻ ഭയം ഉണ്ടായി​രു​ന്നെ​ങ്കി​ലും, തങ്ങളുടെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തു സഹവസി​ക്കു​ന്നവർ ആണെന്നും എന്നാൽ തങ്ങൾ അക്കൂട്ട​ത്തിൽ ഉള്ളവര​ല്ലെ​ന്നും അവർ എന്നോടു പറഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ചു ഞാൻ ആദ്യമാ​യി കേൾക്കു​ന്നത്‌ അപ്പോ​ഴാ​യി​രു​ന്നു.

യുദ്ധത്തി​ന്റെ ഒടുവിൽ, ബ്രിട്ടീ​ഷു​കാർ ഞങ്ങളെ തടവു​കാ​രാ​ക്കി തിരിച്ച്‌ ജർമനി​യി​ലേക്ക്‌ അയയ്‌ക്കു​ന്ന​തി​നു​വേണ്ടി അമേരി​ക്ക​ക്കാർക്കു കൈമാ​റി. ഞങ്ങളിൽ ചിലരു​ടെ വീടുകൾ ഇപ്പോ​ഴത്തെ സോവി​യറ്റ്‌ മേഖല​യിൽ ആയിരു​ന്നു. അവരെ​യെ​ല്ലാം കൽക്കരി ഖനിക​ളിൽ പണി​യെ​ടു​പ്പി​ക്കാ​നാ​യി ഉത്തര ഫ്രാൻസി​ലെ ലിയേ​വാൻ തടങ്കൽ പാളയ​ത്തി​ലേക്ക്‌ അയച്ചു. ഇത്‌ 1945 ആഗസ്റ്റിൽ ആയിരു​ന്നു. ഫ്രഞ്ചു കാവൽക്കാ​രിൽ ഒരുവ​നോട്‌ അയാളു​ടെ മതം ഏതെന്നു ചോദി​ച്ചതു ഞാൻ ഓർക്കു​ന്നു. “കത്തോ​ലി​ക്കാ മതം” എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഞാനും ഒരു കത്തോ​ലി​ക്കൻ ആയിരു​ന്ന​തു​കൊണ്ട്‌, പരസ്‌പരം ശത്രുക്കൾ ആയിത്തീ​രാൻ നമ്മൾ എന്താണു ചെയ്‌തത്‌ എന്നു ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “അത്‌ അറിയാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. അത്‌ അങ്ങനെ​യാണ്‌” എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. ഒരേ മതത്തിൽ പെട്ടവർതന്നെ പരസ്‌പരം പോര​ടി​ച്ചു ചാകു​ന്നത്‌ മൗഢ്യ​മാ​യി എനിക്കു തോന്നി.

കൽക്കരി ഖനിയിൽ ഒരു പ്രകാ​ശ​കി​ര​ണം

പ്രാ​ദേ​ശിക ഖനി​ത്തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ആയിരി​ക്കവേ ആദ്യ ദിവസം ഇവൻസ്‌ എമ്യോറ്റ്‌ എന്നു പേരായ ഒരാൾ എനിക്കു കുറച്ചു സാൻഡ്‌വിച്ച്‌ തന്നു. ഐക്യ​നാ​ടു​ക​ളി​ലെ ഒഹാ​യോ​യിൽനി​ന്നുള്ള അദ്ദേഹം വർഷങ്ങ​ളാ​യി ഫ്രാൻസിൽ ആയിരു​ന്നു. യുദ്ധം ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത ഒരു ലോകത്തെ കുറിച്ച്‌ അദ്ദേഹം എന്നോടു സംസാ​രി​ച്ചു. അദ്ദേഹ​ത്തി​ന്റെ സൗമ്യ​ഭാ​വം എന്നെ അത്ഭുത​പ്പെ​ടു​ത്തി. ഞാൻ ഒരു ജർമൻകാ​ര​നും അദ്ദേഹം ഒരു അമേരി​ക്ക​ക്കാ​ര​നും ആയിരു​ന്നി​ട്ടും അദ്ദേഹ​ത്തിന്‌ എന്നോട്‌ ഒരു ശത്രു​ത​യും ഉണ്ടായി​രു​ന്നില്ല. 1948-ന്റെ ആരംഭ​ത്തി​ലാണ്‌ ഞങ്ങൾ പിന്നെ സമ്പർക്ക​ത്തിൽ വന്നത്‌. അപ്പോൾ അദ്ദേഹം എനിക്ക്‌ “സമാധാന പ്രഭു” എന്ന ശീർഷ​ക​ത്തി​ലുള്ള ഒരു ചെറു​പു​സ്‌തകം തന്നു. അങ്ങനെ അവസാനം യുദ്ധത്തെ വെറു​ക്കുന്ന നന്മയുടെ ഒരു ദൈവത്തെ—ഉത്തര ധ്രുവ​ദീ​പ്‌തി നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ ഞാൻ വിഭാവന ചെയ്‌തി​രു​ന്ന​തരം ദൈവത്തെ—കുറിച്ചു ഞാൻ അറിഞ്ഞു. ഇതിനെ കുറിച്ചു പഠിപ്പി​ച്ചി​രുന്ന മതത്തെ കണ്ടെത്താൻ ഞാൻ ദൃഢനി​ശ്ചയം ചെയ്‌തു. ഇവൻസ്‌ ജോലി ചെയ്‌തി​രു​ന്നത്‌ ഖനിയു​ടെ മറ്റൊരു ഭാഗത്ത്‌ ആയതി​നാൽ, എനിക്ക്‌ അദ്ദേഹ​വു​മാ​യി ബന്ധപ്പെ​ടാൻ ആകുമാ​യി​രു​ന്നില്ല. തടങ്കൽ പാളയ​ത്തി​ലുള്ള എല്ലാ മതവി​ഭാ​ഗ​ങ്ങ​ളോ​ടും പ്രസ്‌തുത ചെറു​പു​സ്‌ത​കത്തെ കുറിച്ചു തിരക്കി​യെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല.

അവസാനം, 1948 ഏപ്രി​ലിൽ ജയിലിൽനി​ന്നു മോചി​ത​നായ ഞാൻ പുറത്തു ജോലി ചെയ്യാൻ തുടങ്ങി. തൊട്ട​ടുത്ത ഞായറാഴ്‌ച, തെരു​വിൽ ചെറി​യൊ​രു മണിയടി ശബ്ദം കേട്ടു. ആശ്ചര്യ​ക​രം​തന്നെ, ഇവൻസും ഒരു കൂട്ടം യഹോ​വ​യു​ടെ സാക്ഷി​ക​ളും! നെഞ്ചി​ലും പുറത്തു​മാ​യി ബോർഡു​ക​ളിൽ പരസ്യ​പ്ര​സംഗ വിഷയം എഴുതി​ത്തൂ​ക്കി അറിയി​പ്പു നടത്തു​ക​യാണ്‌ അവർ. എന്തൊരു സന്തോ​ഷ​മാ​യി​രു​ന്നു എനിക്ക്‌. മണിയ​ടി​ച്ചി​രുന്ന സാക്ഷി മാർസൊ ലർവ—ഇപ്പോൾ ഫ്രാൻസി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരു അംഗം—ആയിരു​ന്നു. വിശ്വാ​സ​ത്തെ​പ്രതി തടങ്കൽ പാളയ​ത്തിൽ പീഡനം അനുഭ​വി​ക്കേ​ണ്ടി​വന്ന ജർമൻ ഭാഷ സംസാ​രി​ക്കുന്ന ഒരു പോള​ണ്ടു​കാ​രനെ എനിക്കു പരിച​യ​പ്പെ​ടു​ത്തി​ത്തന്നു. അദ്ദേഹ​ത്തി​ന്റെ പേര്‌ യോ​സേഫ്‌ കൂൾചാക്‌ എന്നായി​രു​ന്നു. അന്നു വൈകു​ന്നേ​രത്തെ യോഗ​ത്തി​നു വരാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അവിടെ കേട്ട പല സംഗതി​ക​ളും എനിക്കു മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും, സദസ്സി​ലുള്ള എല്ലാവ​രും കൈ പൊക്കി​യ​പ്പോൾ അത്‌ എന്തിനാ​ണെന്നു ഞാൻ അടുത്തി​രുന്ന ആളോടു ചോദി​ച്ചു. “അവർ അടുത്ത​യാഴ്‌ച ഡങ്കർക്കിൽ പ്രസം​ഗി​ക്കാൻ പോകു​ന്ന​വ​രാണ്‌.” “ഞാനും വരട്ടെ?” എന്നു ഞാൻ ചോദി​ച്ചു. “വരാമ​ല്ലോ!” എന്ന ഉത്തരവും കിട്ടി. അങ്ങനെ പിറ്റേ ആഴ്‌ച ഞാൻ വീടു​തോ​റും പ്രസം​ഗി​ക്കാൻ പോയി. ഞാൻ കണ്ടുമു​ട്ടിയ എല്ലാവ​രും അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​ല്ലെ​ങ്കി​ലും, ഞാൻ ആ പ്രസം​ഗ​വേല ആസ്വദി​ച്ചു. പിന്നീട്‌ അതിനു മുടക്കം വരുത്തി​യി​ട്ടില്ല.

എന്റെ കോപം നിയ​ന്ത്രി​ക്കാൻ പഠിക്കൽ

താമസി​യാ​തെ, വിമുക്ത ജർമൻ തടവു​കാർ പാർക്കു​ന്നി​ടത്തു സാക്ഷികൾ പ്രസം​ഗി​ക്കാൻ തുടങ്ങി. എന്റെ കോപ​സ്വ​ഭാ​വത്തെ കുറിച്ചു പരക്കെ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌, ആ പ്രദേ​ശത്തെ പ്രവർത്തനം എനിക്ക്‌ എളുപ്പ​മാ​യി​രു​ന്നില്ല. ആരെങ്കി​ലും എന്റെ പ്രസംഗ പ്രവർത്ത​നത്തെ കളിയാ​ക്കു​മ്പോൾ, “നിങ്ങൾ ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കിൽ, സംഗതി പ്രശ്‌ന​മാ​കും” എന്നു പറഞ്ഞു ഞാൻ ഭീഷണി മുഴക്കു​മാ​യി​രു​ന്നു. ഖനിയിൽ പ്രവർത്തി​ക്കവേ, ഒരാൾ യഹോ​വയെ കളിയാ​ക്കി​യ​പ്പോൾ ഞാൻ അയാളെ നേരി​ട്ടതു മുഷ്ടി​കൊ​ണ്ടാ​യി​രു​ന്നു.

എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ സഹായ​ത്തോ​ടെ എന്റെ വ്യക്തി​ത്വ​ത്തിൽ മാറ്റങ്ങൾ വരുത്താൻ എനിക്കു കഴിഞ്ഞു. ഒരു ദിവസം ഞങ്ങൾ മേൽപ്പറഞ്ഞ പ്രദേ​ശത്തു പ്രസം​ഗി​ക്കു​മ്പോൾ ഒരു കൂട്ടം മദ്യപ​ന്മാർ സാക്ഷി​ക​ളിൽ ചിലർക്കു ശല്യമു​ണ്ടാ​ക്കാൻ തുടങ്ങി. എന്റെ ദേഷ്യ​സ്വ​ഭാ​വത്തെ കുറിച്ച്‌ അറിവുള്ള സഹോ​ദ​ര​ന്മാർ ഞാൻ ഇടപെ​ടാൻ സമ്മതി​ച്ചില്ല. എന്നാൽ ഒരാൾ എന്നെ ഉപദ്ര​വി​ക്കാ​നാ​യി എന്റെ നേരേ നടന്നടു​ത്തു, എന്നിട്ട്‌ തന്റെ കോട്ട്‌ അഴിച്ചു​മാ​റ്റാൻ തുടങ്ങി. ഞാനു​ടനെ സൈക്കി​ളിൽനി​ന്നി​റങ്ങി സൈക്കിൾ അയാൾക്കു കൊടു​ത്തിട്ട്‌ എന്റെ കൈകൾ പോക്ക​റ്റി​ലി​ട്ടു നിന്നു. ഇതിൽ അന്തിച്ചു​പോയ അയാൾ എനിക്കു പറയാ​നു​ള്ളതു ശ്രദ്ധിച്ചു കേട്ടു. വീട്ടിൽ പോയി അൽപ്പം ഉറങ്ങി​യിട്ട്‌ പരസ്യ​പ്ര​സം​ഗ​ത്തി​നു വരാൻ ഞാൻ അയാ​ളോ​ടു പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ അയാൾ വരിക​തന്നെ ചെയ്‌തു! അവസാനം, മുൻ തടവു​കാ​രിൽ ഏകദേശം 20 പേർ ബൈബിൾ സന്ദേശം സ്വീക​രി​ച്ചു. ഞാനാ​ണെ​ങ്കി​ലോ, 1948 സെപ്‌റ്റം​ബ​റിൽ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

പ്രതി​ഫ​ല​ദാ​യ​ക​മായ മുഴു​സമയ പ്രവർത്ത​നം

ഞങ്ങളുടെ പ്രസംഗ പ്രദേ​ശ​ത്തി​ന്റെ​യും പരസ്യ​പ്ര​സം​ഗങ്ങൾ നടത്താൻ പറ്റുന്ന സ്ഥലങ്ങൾ കണ്ടെ​ത്തേ​ണ്ട​തി​ന്റെ​യും ഉത്തരവാ​ദി​ത്വം എനിക്കു ലഭിച്ചു. ഇതിനാ​യി ചില​പ്പോ​ഴൊ​ക്കെ എനിക്ക്‌, ഖനിക​ളി​ലെ അവസാന ഷിഫ്‌റ്റ്‌ ജോലി​ക്കു മുമ്പായി, 50 കിലോ​മീ​റ്റ​റോ​ളം മോ​ട്ടോർ സൈക്കി​ളിൽ യാത്ര ചെയ്യേ​ണ്ടി​യി​രു​ന്നു. പിന്നെ വാരാ​ന്ത​ങ്ങ​ളിൽ, ഞങ്ങൾ ബസിൽ പ്രദേ​ശ​ത്തെത്തി രണ്ടോ നാലോ പ്രസാ​ധ​കരെ പ്രസം​ഗ​ക​നോ​ടൊ​പ്പം വിടു​മാ​യി​രു​ന്നു. വലിയ പട്ടണങ്ങ​ളിൽ, അനു​യോ​ജ്യ സ്ഥലം കിട്ടി​ക്ക​ഴി​യു​മ്പോൾ ഞങ്ങളുടെ സൂട്ട്‌കേ​യ്‌സു​കൾ അട്ടിയാ​യി വെച്ച്‌ പ്രസം​ഗ​പീ​ഠ​മാ​യി ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. പലപ്പോ​ഴും, നെഞ്ചി​ലും പുറത്തു​മാ​യി ബോർഡു​ക​ളിൽ പരസ്യ​പ്ര​സംഗ വിഷയം എഴുതി​ത്തൂ​ക്കി​യി​ട്ടാ​യി​രു​ന്നു ഞങ്ങൾ ആളുകളെ ക്ഷണിച്ചി​രു​ന്നത്‌.

1951-ലായി​രു​ന്നു ഞാൻ റീംസിൽനി​ന്നുള്ള ഒരു സാക്ഷി​യായ ഷാനറ്റ്‌ ഷോഫൂ​രി​നെ കണ്ടത്‌. പ്രഥമ ദൃഷ്ടി​യിൽത്തന്നെ അനുരാ​ഗ​ബ​ദ്ധ​രായ ഞങ്ങൾ ഒരു വർഷത്തി​നു​ശേഷം 1952 മേയ്‌ 17-ന്‌ വിവാ​ഹി​ത​രാ​യി. പിന്നെ ഞങ്ങൾ ഡുവേ​യ്‌ക്ക്‌ അടുത്തുള്ള ഒരു ഖനി പട്ടണമായ പെക്കാൻകൂ​റി​ലേക്കു താമസം മാറ്റി. അതോടെ എനിക്കു പലവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എനിക്ക്‌ സിലി​ക്കോ​സിസ്‌—ഖനിക​ളി​ലെ ജോലി​ക്കാർക്കു പിടി​പെ​ടുന്ന ഒരു ശ്വാസ​കോശ സംബന്ധ​മായ രോഗം—ഉണ്ടെന്നു പരി​ശോ​ധ​ന​യിൽ കണ്ടെത്തി. പക്ഷെ മറ്റ്‌ ഏതെങ്കി​ലും ജോലി കണ്ടെത്താൻ എനിക്കു കഴിയു​മാ​യി​രു​ന്നു​മില്ല. അങ്ങനെ​യി​രി​ക്കെ, 1955-ൽ, ജർമനി​യി​ലെ നൂറെൻബർഗി​ലെ സാർവ​ദേ​ശീയ സമ്മേള​ന​ത്തിൽ, റൈൻ തീരത്തെ ഒരു ചെറിയ വ്യവസായ പട്ടണമായ കേലിലെ ഒരു കൊച്ചു സഭയെ സഹായി​ക്കാ​നാ​യി പോകാ​മോ എന്നു ചോദി​ച്ച​പ്പോൾ, അങ്ങോട്ടു മാറി​ത്താ​മ​സി​ക്കാൻ ഞങ്ങൾക്ക്‌ ഒരു തടസ്സവു​മി​ല്ലാ​യി​രു​ന്നു. അന്ന്‌ ആ സഭയിൽ 45 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. തുടർന്നു ഞങ്ങൾ ഈ സഭയോ​ടൊ​ത്തു പ്രവർത്തിച്ച ഏഴു വർഷം​കൊണ്ട്‌ പ്രസാ​ധ​ക​രു​ടെ എണ്ണം 95 ആയി ഉയർന്നു.

കൂടു​ത​ലായ സേവന​പ​ദ​വി​കൾ

സഭ ബലിഷ്‌ഠ​മാ​യ​തോ​ടെ, ഫ്രാൻസി​ലേക്കു പ്രത്യേക പയനിയർ നിയമനം നൽകാൻ ഞങ്ങൾ സൊ​സൈ​റ്റി​യോട്‌ അഭ്യർഥി​ച്ചു. ആശ്ചര്യ​മെന്നു പറയട്ടെ, ഞങ്ങൾക്കു പാരീ​സി​ലേക്കു നിയമനം ലഭിച്ചു. അവിടെ ചെലവിട്ട 8 മാസവും ഞങ്ങൾ അതീവ സന്തുഷ്ട​രാ​യി​രു​ന്നു. ഞങ്ങൾക്കു രണ്ടു പേർക്കും കൂടെ 42 ബൈബിൾ അധ്യയ​നങ്ങൾ നടത്തു​ന്ന​തി​നുള്ള പദവി ലഭിച്ചു. ഞങ്ങളുടെ താമസ​ക്കാ​ലത്ത്‌ ആ വിദ്യാർഥി​ക​ളിൽ 5 പേർ സ്‌നാ​പ​ന​മേറ്റു. വേറെ 11 പേർ കൂടി പിന്നീടു സത്യം സ്വീക​രി​ച്ചു.

ഞങ്ങൾ പാർത്തി​രു​ന്നത്‌ ലാറ്റിൻ ക്വാർട്ട​റിൽ ആയിരു​ന്ന​തു​കൊണ്ട്‌, സൊർബോ​ണിൽനി​ന്നുള്ള പ്രൊ​ഫ​സർമാ​രെ കണ്ടുമു​ട്ടുക പതിവാ​യി​രു​ന്നു. അത്ഭുത രോഗ​ശാ​ന്തി നൽകി​യി​രുന്ന ഒരു മുൻ തത്ത്വശാ​സ്‌ത്ര പ്രൊ​ഫസർ ബൈബിൾ പഠിച്ച്‌ ഒരു യഹോ​വ​യു​ടെ സാക്ഷി ആയിത്തീർന്നു. ജസ്യൂട്ട്‌ അധ്യാ​പ​ക​രു​മാ​യി അടുത്ത ബന്ധമു​ണ്ടാ​യി​രുന്ന ഒരു സിവിൽ എൻജി​നി​യ​റു​മാ​യി ഒരു ദിവസം ഞാൻ ബൈബിൾ ചർച്ച ആരംഭി​ച്ചു. ഉച്ചതി​രിഞ്ഞ്‌ 3 മണിക്ക്‌ ഞങ്ങളുടെ അപ്പാർട്ടു​മെ​ന്റിൽ എത്തിയ അദ്ദേഹം മടങ്ങി​യത്‌ രാത്രി 10 മണിക്ക്‌ ആയിരു​ന്നു. ഒന്നര മണിക്കൂർ കഴിഞ്ഞ്‌ അയാൾ വീണ്ടും വന്നപ്പോൾ ഞങ്ങൾ അന്തിച്ചു​പോ​യി. ഒരു ജസ്യൂ​ട്ടു​കാ​ര​നോട്‌ ചോദി​ച്ചെ​ങ്കി​ലും, ബൈബിൾ പ്രവച​നത്തെ കുറി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടി​യില്ല. അർധരാ​ത്രി കഴിഞ്ഞ്‌ 1 മണിക്കു വീട്ടി​ലേക്കു മടങ്ങിയ അദ്ദേഹം വീണ്ടും രാവിലെ 7 മണിക്കു തിരി​ച്ചെത്തി. അവസാനം, അദ്ദേഹ​വും ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി. സത്യ​ത്തോ​ടുള്ള ആളുക​ളു​ടെ അത്തരം ദാഹം എനിക്കും ഭാര്യ​യ്‌ക്കും വലിയ പ്രോ​ത്സാ​ഹനം ആയിരു​ന്നു.

പാരീ​സിൽ സേവി​ച്ച​ശേഷം, പൂർവ ഫ്രാൻസിൽ സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാൻ ഞാൻ ക്ഷണിക്ക​പ്പെട്ടു. ഫ്രഞ്ച്‌-ജർമൻ സഭകൾ സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ന്ന​തിൽ ഞങ്ങൾ അതിയാ​യി സന്തോ​ഷി​ച്ചു. ലൊറാ​നി​ലെ റോം​ബാസ്‌ സഭ സന്ദർശി​ക്കവേ, ഞാൻ സ്റ്റനിസ്വാസ്‌ ആം​ബ്രൊ​ചാ​ക്കി​നെ കണ്ടു. യുദ്ധത്തിൽ സഖ്യ കക്ഷിക​ളു​ടെ അന്തർവാ​ഹി​നി​യിൽ നോർവീ​ജി​യൻ സമു​ദ്രാ​തിർത്തി​ക്കു​ള്ളിൽ പോരാ​ടിയ ഒരു പോള​ണ്ടു​കാ​ര​നാ​യി​രു​ന്നു അദ്ദേഹം. അതേ സമുദ്ര മേഖല​യിൽ ഞങ്ങൾ ശത്രു​പ​ക്ഷത്ത്‌ ആയിരു​ന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ യഹോ​വ​യാം ദൈവത്തെ ഒരുമി​ച്ചു സേവി​ക്കുന്ന സഹോ​ദ​ര​ന്മാ​രാണ്‌. സമാന​മായ മറ്റൊരു ഉദാഹ​ര​ണ​വു​മുണ്ട്‌. പാരീ​സി​ലെ ഒരു സമ്മേള​ന​സ്ഥ​ല​ത്തു​വെച്ച്‌, ഞാൻ മറ്റൊ​രാ​ളെ കണ്ടപാടെ തിരി​ച്ച​റി​ഞ്ഞു. ഉത്തര ഫ്രാൻസിൽ ഞാൻ ഒരു തടവു​കാ​രൻ ആയിരി​ക്കെ അവിടു​ത്തെ ജയില​ധി​കാ​രി ആയിരു​ന്നു അദ്ദേഹം. കൺ​വെൻ​ഷ​നിൽ ഒരുമി​ച്ചു പ്രവർത്തി​ക്കാ​നാ​യത്‌ ഞങ്ങൾക്ക്‌ എന്തൊരു സന്തോ​ഷ​മാ​യി​രു​ന്നെ​ന്നോ! അതാണു ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി, അത്‌ മുൻ ശത്രു​ക്കളെ സഹോ​ദ​ര​ന്മാ​രും ഉറ്റ മിത്ര​ങ്ങ​ളും ആക്കിത്തീർക്കു​ന്നു!

സങ്കടക​ര​മെ​ന്നു പറയട്ടെ, ആരോ​ഗ്യ​സ്ഥി​തി മോശ​മാ​യ​തി​നെ​ത്തു​ടർന്ന്‌, 14 വർഷമാ​യി ചെയ്‌തു​കൊ​ണ്ടി​രുന്ന സഞ്ചാര വേല എനിക്കു നിർത്തേ​ണ്ടി​വന്നു. എന്നിരു​ന്നാ​ലും, ഞങ്ങളുടെ കഴിവി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ ഞാനും ഭാര്യ​യും ദൃഢചി​ത്ത​രാ​യി​രു​ന്നു. അങ്ങനെ പൂർവ ഫ്രാൻസി​ലെ മലൂസ്‌ പട്ടണത്തിൽ ഒരു ജോലി കണ്ടെത്തി അവി​ടേക്കു താമസം മാറ്റിയ ഞങ്ങൾ അവിടെ പയനിയർ സേവനം (മുഴു​സമയ സുവി​ശേഷ പ്രവർത്തനം) ഏറ്റെടു​ത്തു.

രാജ്യ​ഹാൾ നിർമാ​ണ​വു​മാ​യി ബന്ധപ്പെട്ടു വർഷങ്ങ​ളോ​ളം പ്രവർത്തി​ക്കാൻ കഴിഞ്ഞ​തും വലി​യൊ​രു സന്തോ​ഷ​ത്തി​ന്റെ ഉറവാ​യി​രു​ന്നു. 1985-ൽ, പൂർവ ഫ്രാൻസി​നു​വേണ്ടി ഒരു നിർമാണ സംഘം രൂപീ​ക​രി​ക്കാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. വിദഗ്‌ധരെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും സ്വമേ​ധയാ സേവകരെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടും, ഞങ്ങൾക്ക്‌ ഒരു സംഘത്തെ രൂപീ​ക​രി​ക്കാൻ കഴിഞ്ഞു. അവർ 80-ലധികം ഹാളുകൾ നിർമി​ക്കു​ന്ന​തി​ലും പുതുക്കി പണിയു​ന്ന​തി​ലും പങ്കെടു​ത്തു​കൊണ്ട്‌ അവയെ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്ക്‌ അനു​യോ​ജ്യ​മാ​ക്കി. 1993-ൽ തെക്കേ അമേരി​ക്ക​യി​ലെ ഫ്രഞ്ച്‌ ഗയാന​യിൽ ഒരു സമ്മേളന ഹാളി​ന്റെ​യും അഞ്ചു രാജ്യ​ഹാ​ളു​ക​ളു​ടെ​യും നിർമാ​ണ​ത്തിൽ പങ്കെടു​ക്കാൻ കഴിഞ്ഞ​തിൽ ഞാൻ എത്ര സന്തോ​ഷി​ക്കു​ന്നു​വെ​ന്നോ!

പരി​ശോ​ധ​ന​കൾക്കു മധ്യേ​യും മുന്നേ​റു​ന്നു

കഴിഞ്ഞ 50-ലധികം വർഷമാ​യുള്ള എന്റെ ദിവ്യാ​ധി​പത്യ ജീവിതം സന്തോ​ഷ​ഭ​രി​ത​വും അനേകം സേവന പദവി​ക​ളാൽ അനുഗൃ​ഹീ​ത​വും ആയിരു​ന്നു എന്ന്‌ എനിക്കു നിശ്ചയ​മാ​യും പറയാൻ കഴിയും. സങ്കടക​ര​മെന്നു പറയട്ടെ, 43 വർഷത്തെ ദാമ്പത്യ​ജീ​വി​ത​ത്തി​നു​ശേഷം 1995 ഡിസം​ബ​റിൽ എന്റെ പ്രിയ​പ്പെട്ട ഭാര്യ മരിച്ചു. അതു വലിയ ദുഃഖ​ത്തി​ന്റെ സമയമാ​യി​രു​ന്നു—അത്‌ ഇപ്പോ​ഴും എന്നെ അതിയാ​യി ദുഃഖി​പ്പി​ക്കു​ന്നു—എങ്കിലും യഹോവ എനിക്കു ശക്തി നൽകുന്നു. എന്റെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ നൽകുന്ന സ്‌നേ​ഹ​വും പിന്തു​ണ​യും ആ വേദനയെ, സമയം കടന്നു​പോ​കു​ന്ന​തോ​ടെ, കുറ​ച്ചൊ​ക്കെ ലഘൂക​രി​ക്കു​ന്നുണ്ട്‌.

1963-ൽ ജർമനി​യി​ലെ മ്യൂനി​ക്കിൽവെച്ചു നടന്ന ഒരു സമ്മേള​ന​ത്തിൽ ഒരു അഭിഷിക്ത സഹോ​ദരൻ പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോ​ഴും വ്യക്തമാ​യി ഓർക്കു​ന്നു. അദ്ദേഹം പറഞ്ഞു: “ആൻഡ്രേ, ഇടംവലം നോക്ക​രുത്‌. തടങ്കൽ പാളയ​ങ്ങ​ളി​ലെ സഹോ​ദ​ര​ന്മാർക്കു പരി​ശോ​ധ​നകൾ നേരിട്ടു. ഇനി നമ്മുടെ ഊഴമാണ്‌. നമുക്ക്‌ ആത്മസഹ​താ​പം ഒരിക്ക​ലും തോന്ന​രുത്‌. അതു​കൊണ്ട്‌ മുന്നേ​റുക!” ഞാൻ ഇത്‌ എല്ലായ്‌പോ​ഴും മനസ്സിൽ സൂക്ഷി​ക്കു​ന്നു. ആരോ​ഗ്യം മോശ​മാ​യി​രി​ക്കു​ന്ന​തി​നാ​ലും പ്രായ​മേ​റു​ന്ന​തി​നാ​ലും, എനിക്കി​പ്പോൾ ഏറെ ചെയ്യാ​നാ​കു​ന്നില്ല. എങ്കിലും, എബ്രായർ 6:10-ൽ കാണുന്ന വാക്കുകൾ എനിക്ക്‌ എന്നും ആശ്വാ​സ​ത്തി​ന്റെ ഉറവാണ്‌. “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും . . . തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” അതേ, യഹോ​വ​യു​ടെ സേവന​ത്തിൽ ആയിരി​ക്കു​ന്ന​തു​തന്നെ ഒരാൾക്ക്‌ ഉണ്ടായി​രി​ക്കാ​വുന്ന ഏറ്റവും വലിയ പദവി ആണ്‌. കഴിഞ്ഞ 50 വർഷമാ​യി എന്റെ ലക്ഷ്യം “ലജ്ജിപ്പാൻ സംഗതി​യി​ല്ലാത്ത വേലക്കാ​ര​നാ​യി”രിക്കുക എന്നതാ​യി​രു​ന്നു; ഇപ്പോ​ഴും അതുതന്നെ.—2 തിമൊ​ഥെ​യൊസ്‌ 2:15.

[22-ാം പേജിലെ ചിത്രം]

നോർവേ കടലി​ടു​ക്കു​ക​ളിൽ ഞാൻ സേവി​ച്ചത്‌ ഇത്തരം ബോട്ടു​ക​ളി​ലാ​യി​രു​ന്നു

[23-ാം പേജിലെ ചിത്രം]

ഉത്തര ഫ്രാൻസിൽ സൈക്കിൾ ഉപയോ​ഗി​ച്ചുള്ള സാക്ഷീ​ക​ര​ണം

[23-ാം പേജിലെ ചിത്രം]

അട്ടിയായി വെച്ച സൂട്ട്‌കെ​യ്‌സു​കൾ—പരസ്യ​പ്ര​സംഗ പീഠം

[24-ാം പേജിലെ ചിത്രം]

ഭാര്യ ഷാനറ്റി​നോ​ടൊ​പ്പം, 1952-ൽ ഞങ്ങളുടെ വിവാ​ഹ​സ​മ​യത്ത്‌