വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പ്രാർഥനകൾ “ധൂപവർഗം പോലെ തയ്യാറാക്കിയത്‌” ആണോ?

നിങ്ങളുടെ പ്രാർഥനകൾ “ധൂപവർഗം പോലെ തയ്യാറാക്കിയത്‌” ആണോ?

നിങ്ങളു​ടെ പ്രാർഥ​നകൾ “ധൂപവർഗം പോലെ തയ്യാറാ​ക്കി​യത്‌” ആണോ?

“എന്റെ പ്രാർഥന നിന്റെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാ​ക്കി​യത്‌ ആയിരി​ക്കട്ടെ.”—സങ്കീർത്തനം 141:2, NW.

1, 2. ധൂപവർഗ​ത്തി​ന്റെ കത്തിക്കൽ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി?

 ഇസ്രാ​യേ​ല്യർ ആരാധന നടത്തി​യി​രുന്ന സമാഗമന കൂടാ​ര​ത്തി​ലെ ഉപയോ​ഗ​ത്തി​നു വിശുദ്ധ ധൂപവർഗം തയ്യാറാ​ക്കാൻ യഹോ​വ​യാം ദൈവം തന്റെ പ്രവാ​ച​ക​നായ മോശ​യോ​ടു കൽപ്പിച്ചു. ദിവ്യ വിധി​പ്ര​കാ​ര​മുള്ള നാലു സുഗന്ധ​വർഗ​ങ്ങ​ളു​ടെ ആ കൂട്ട്‌ തീർച്ച​യാ​യും സൗരഭ്യ​വാ​സന ഉള്ളതാ​യി​രു​ന്നു.—പുറപ്പാ​ടു 30:34-38.

2 ഇസ്രാ​യേൽ ജനത ഏത്‌ ഉടമ്പടി​യി​ലേക്ക്‌ എടുക്ക​പ്പെ​ട്ടു​വോ ആ ന്യായ​പ്ര​മാണ ഉടമ്പടി, ഈ ധൂപവർഗം ദിവസേന കത്തിക്കു​ന്ന​തി​നു വ്യവസ്ഥ ചെയ്‌തി​രു​ന്നു. (പുറപ്പാ​ടു 30:7, 8) ധൂപവർഗ​ത്തി​ന്റെ ഉപയോ​ഗ​ത്തി​നു പ്രത്യേക പ്രാധാ​ന്യം ഉണ്ടായി​രു​ന്നോ? ഉണ്ടായി​രു​ന്നു. കാരണം, സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “നിന്റെ [യഹോ​വ​യാം ദൈവ​ത്തി​ന്റെ] മുമ്പിൽ എന്റെ പ്രാർഥ​നകൾ ധൂപവർഗം പോലെ തയ്യാറാ​ക്കി​യത്‌ ആയിരി​ക്കട്ടെ; ഞാൻ ഉള്ളംകൈ ഉയർത്തു​ന്നത്‌ സന്ധ്യാ​നേ​രത്തെ ധാന്യ വഴിപാ​ടു​പോ​ലെ​യും ആയിരി​ക്കട്ടെ.” (സങ്കീർത്തനം 141:2, NW) ദൈവ​ത്തി​ന്റെ സ്വർഗീയ സിംഹാ​സ​ന​ത്തി​നു ചുറ്റു​മു​ള്ള​വർക്കു ധൂപവർഗം നിറഞ്ഞ പൊൻക​ല​ശങ്ങൾ ഉള്ളതായി വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ വിശദീ​ക​രി​ക്കു​ന്നു. “വിശു​ദ്ധ​ന്മാ​രു​ടെ പ്രാർത്ഥന” ആണ്‌ “ധൂപവർഗ്ഗം” എന്ന്‌ ആ നിശ്വസ്‌ത വിവരണം പറയുന്നു. (വെളി​പ്പാ​ടു 5:8) അതു​കൊണ്ട്‌, സൗരഭ്യ​വാ​സ​ന​യുള്ള ധൂപവർഗ​ത്തി​ന്റെ കത്തിക്കൽ യഹോ​വ​യു​ടെ ദാസന്മാർ രാപ്പകൽ അർപ്പി​ക്കുന്ന സ്വീകാ​ര്യ​യോ​ഗ്യ​മായ പ്രാർഥ​ന​ക​ളെ​യാണ്‌ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌.—1 തെസ്സ​ലൊ​നീ​ക്യർ 3:10; എബ്രായർ 5:7.

3. ‘നമ്മുടെ പ്രാർഥ​നകൾ ദൈവ​ത്തി​ന്റെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാ​ക്കാൻ’ നമ്മെ എന്തു സഹായി​ക്കും?

3 നമ്മുടെ പ്രാർഥ​നകൾ ദൈവ​ത്തി​നു സ്വീകാ​ര്യ​ക്ഷമം ആയിരി​ക്ക​ണ​മെ​ങ്കിൽ, യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ അവനോ​ടു പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. (യോഹ​ന്നാൻ 16:23, 24) എന്നാൽ, നമ്മുടെ പ്രാർഥ​ന​ക​ളു​ടെ ഗുണം എങ്ങനെ മെച്ച​പ്പെ​ടു​ത്താൻ കഴിയും? ചില തിരു​വെ​ഴു​ത്തു ദൃഷ്ടാ​ന്തങ്ങൾ പരി​ശോ​ധി​ക്കു​ന്നത്‌ നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യു​ടെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാ​ക്കാൻ നമ്മെ തീർച്ച​യാ​യും സഹായി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 15:8.

വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ക

4. വിശ്വാ​സം സ്വീകാ​ര്യ​യോ​ഗ്യ​മായ പ്രാർഥ​ന​യോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

4 നമ്മുടെ പ്രാർഥ​നകൾ സൗരഭ്യ​വാ​സ​ന​യുള്ള ധൂപവർഗം പോലെ ദൈവ​ത്തി​ന്റെ പക്കൽ എത്തി​ച്ചേ​ര​ണ​മെ​ങ്കിൽ, നാം വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. (എബ്രായർ 11:6) തിരു​വെ​ഴു​ത്തു സഹായം സ്വീക​രി​ക്കാൻ മനസ്സൊ​രു​ക്ക​മുള്ള ഒരു ആത്മീയ രോഗി​ക്കു വേണ്ടി ക്രിസ്‌തീയ മൂപ്പന്മാർ നടത്തുന്ന “വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർത്ഥന [ആ] ദീനക്കാ​രനെ രക്ഷിക്കും [“സൗഖ്യ​മാ​ക്കും,” NW].” (യാക്കോബ്‌ 5:15) വിശ്വാ​സ​ത്തോ​ടെ​യുള്ള പ്രാർഥ​നകൾ നമ്മുടെ സ്വർഗീയ പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്നു. പ്രാർഥനാ മനോ​ഭാ​വ​ത്തോ​ടെ ദൈവ​വ​ചനം പഠിക്കു​മ്പോ​ഴും അതു സത്യമാണ്‌. പിൻവ​രുന്ന പ്രകാരം ആലപി​ച്ച​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ നല്ലൊരു മനോ​ഭാ​വം പ്രകട​മാ​ക്കി: “എനിക്കു പ്രിയ​മാ​യി​രി​ക്കുന്ന നിന്റെ കല്‌പ​ന​ക​ളി​ലേക്കു ഞാൻ കൈകളെ ഉയർത്തു​ന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനി​ക്കു​ന്നു. നിന്റെ കല്‌പ​ന​കളെ ഞാൻ വിശ്വ​സി​ച്ചി​രി​ക്ക​യാൽ എനിക്കു നല്ല ബുദ്ധി​യും പരിജ്ഞാ​ന​വും ഉപദേ​ശി​ച്ചു​ത​രേ​ണമേ.” (സങ്കീർത്തനം 119:48, 66) താഴ്‌മ​യോ​ടെ​യുള്ള പ്രാർഥ​ന​യിൽ നമുക്കു ‘കൈകളെ വിരി​ക്കാം,’ ദൈവ​കൽപ്പ​ന​കൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌ നമുക്കു വിശ്വാ​സം പ്രകട​മാ​ക്കാം.

5. നമുക്കു ജ്ഞാനം കുറവാ​ണെ​ങ്കിൽ എന്തു ചെയ്യണം?

5 ഒരു പീഡാ​നു​ഭ​വത്തെ കൈകാ​ര്യം ചെയ്യാ​നുള്ള ജ്ഞാനം നമുക്ക്‌ ഇല്ലെന്നു വിചാ​രി​ക്കുക. ഒരു പ്രത്യേക ബൈബിൾ പ്രവചനം ഇപ്പോൾ നിവൃ​ത്തി​യേ​റു​ന്നു​ണ്ടോ എന്ന കാര്യ​ത്തിൽ ഒരുപക്ഷേ നമുക്ക്‌ ഉറപ്പി​ല്ലാ​യി​രി​ക്കാം. അത്‌ ആത്മീയ​മാ​യി നമ്മെ അസ്ഥിര​രാ​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം നമുക്കു ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കാം. (ഗലാത്യർ 5:7, 8; യാക്കോബ്‌ 1:5-8) തീർച്ച​യാ​യും, അതിഗം​ഭീ​ര​മാ​യി ദൃശ്യ​മായ വിധത്തിൽ ദൈവം നമുക്ക്‌ ഉത്തരം നൽകും എന്നു പ്രതീ​ക്ഷി​ക്കാ​നാ​വില്ല. തന്റെ ആരാധ​ക​രെ​ല്ലാം എന്തു ചെയ്യാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു​വോ അതു ചെയ്‌തു​കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​ക​ളു​ടെ ആത്മാർഥത നാം പ്രകട​മാ​ക്കണം. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” നൽകി​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ വിശ്വാ​സം വർധി​പ്പി​ക്കുന്ന വിധത്തിൽ തിരു​വെ​ഴു​ത്തു​കൾ പഠി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. (മത്തായി 24:45-47, NW; യോശുവ 1:7, 8) ദൈവ​ജ​ന​ത്തി​ന്റെ യോഗ​ങ്ങ​ളിൽ പതിവാ​യി സംബന്ധി​ച്ചു​കൊ​ണ്ടും നാം പരിജ്ഞാ​നം വർധി​പ്പി​ക്കേ​ണ്ട​തുണ്ട്‌.—എബ്രായർ 10:24, 25.

6. (എ) നമ്മുടെ നാളി​നെ​യും ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യെ​യും കുറിച്ച്‌ നാമെ​ല്ലാം എന്തു തിരി​ച്ച​റി​യണം? (ബി) യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തി​നു പുറമേ, നാം എന്തു ചെയ്യണം?

6 ഇന്ന്‌ ചില ക്രിസ്‌ത്യാ​നി​കൾ വ്യക്തിഗത താത്‌പ​ര്യ​ങ്ങ​ളി​ലും ജോലി​യി​ലു​മൊ​ക്കെ മുഴു​കുന്ന രീതി കണ്ടാൽ, നാം “അന്ത്യകാല”ത്തിന്റെ പരമാ​ന്ത്യ​ത്തിൽ എത്തിയി​രി​ക്കു​ന്നു എന്ന ബോധം അവർക്കു നഷ്ടപ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ തോന്നും. (ദാനീ​യേൽ 12:4) യഹോവ ക്രിസ്‌തു​വി​നെ സ്വർഗീയ രാജാ​വാ​യി വാഴിച്ച 1914-ൽ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യം തുടങ്ങി എന്നതി​നും അവൻ ഇപ്പോൾ തന്റെ ശത്രു​ക്ക​ളു​ടെ മധ്യേ വാഴു​ക​യാണ്‌ എന്നതി​നു​മുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ തെളി​വി​ലുള്ള അവരുടെ വിശ്വാ​സം ശക്തമാ​യി​ത്തീ​രട്ടെ എന്നു സഹവി​ശ്വാ​സി​കൾ പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാണ്‌. (സങ്കീർത്തനം 110:1, 2; മത്തായി 24:3) വ്യാജ​മ​ത​മായ “മഹതി​യാം ബാബി​ലോ”ന്റെ നാശം, യഹോ​വ​യു​ടെ ജനത്തി​ന്മേൽ മാഗോ​ഗി​ലെ ഗോഗ്‌ നടത്തുന്ന സാത്താന്യ ആക്രമണം, അർമ​ഗെ​ദോൻ യുദ്ധത്തിൽ സർവശ​ക്ത​നായ ദൈവം തന്റെ ജനത്തിനു കൈവ​രു​ത്തുന്ന രക്ഷ എന്നിങ്ങനെ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന സംഭവങ്ങൾ വളരെ വേഗത്തി​ലും താരത​മ്യേന ചുരു​ങ്ങിയ സമയം​കൊ​ണ്ടും സംഭവി​ച്ചേ​ക്കാ​മെന്നു നാമെ​ല്ലാം തിരി​ച്ച​റി​യണം. (വെളി​പ്പാ​ടു 16:14, 16; 18:1-5; യെഹെ​സ്‌കേൽ 38:18-23) അതു​കൊണ്ട്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കാൻ ദൈവ​സ​ഹാ​യ​ത്തി​നാ​യി നമുക്കു പ്രാർഥി​ക്കാം. യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​നും അവന്റെ രാജ്യം വരാനും അവന്റെ ഹിതം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ചെയ്യ​പ്പെ​ടാ​നും നമു​ക്കെ​ല്ലാം ഉത്‌ക​ട​മാ​യി പ്രാർഥി​ക്കാം. അതോ​ടൊ​പ്പം, വിശ്വാ​സം പ്രകട​മാ​ക്കു​ക​യും നമ്മുടെ പ്രാർഥ​നകൾ ആത്മാർഥ​മാണ്‌ എന്നതിനു തെളിവു നൽകു​ക​യും ചെയ്യു​ന്ന​തിൽ നമുക്കു തുടരാം. (മത്തായി 6:9, 10) തീർച്ച​യാ​യും, യഹോ​വയെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ക്കു​ക​യും അന്ത്യം വരുന്ന​തി​നു മുമ്പ്‌ സുവാർത്താ പ്രസം​ഗ​ത്തിൽ കഴിയു​ന്നത്ര പങ്കുപ​റ്റു​ക​യും ചെയ്യു​മാ​റാ​കട്ടെ.—മത്തായി 6:33; 24:14.

യഹോ​വ​യ്‌ക്കു സ്‌തു​തി​യും നന്ദിയും നൽകുക

7. 1 ദിനവൃ​ത്താ​ന്തം 29:10-13-ൽ ഭാഗി​ക​മാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദാവീ​ദി​ന്റെ പ്രാർഥന സംബന്ധി​ച്ചു നിങ്ങളിൽ മതിപ്പ്‌ ഉളവാ​ക്കു​ന്നത്‌ എന്ത്‌?

7 ‘നമ്മുടെ പ്രാർഥ​നകൾ ധൂപവർഗം പോലെ തയ്യാറാ​ക്കുന്ന’ ഒരു പ്രധാന വിധം ദൈവ​ത്തി​നു ഹൃദയം​ഗ​മ​മായ സ്‌തു​തി​യും നന്ദിയും കരേറ്റുക എന്നതാണ്‌. ദാവീദ്‌ രാജാവ്‌ അത്തര​മൊ​രു പ്രാർഥന അർപ്പി​ച്ചത്‌ അവനും ഇസ്രാ​യേൽ ജനവും യഹോ​വ​യു​ടെ ആലയത്തി​ന്റെ നിർമാ​ണ​ത്തിന്‌ സംഭാവന നൽകിയ അവസര​ത്തിൽ ആയിരു​ന്നു. ദാവീദ്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഞങ്ങളുടെ പിതാ​വായ യിസ്രാ​യേ​ലിൻ ദൈവ​മായ യഹോവേ, നീ എന്നും എന്നേക്കും വാഴ്‌ത്ത​പ്പെ​ട്ടവൻ. യഹോവേ, മഹത്വ​വും ശക്തിയും തേജസ്സും യശസ്സും മഹിമ​യും നിനക്കു​ള്ളതു; സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ള്ള​തൊ​ക്കെ​യും നിനക്കു​ള്ള​ത​ല്ലോ. യഹോവേ, രാജത്വം നിനക്കു​ള്ള​താ​കു​ന്നു; നീ സകലത്തി​ന്നും മീതെ തലവനാ​യി​രി​ക്കു​ന്നു. ധനവും ബഹുമാ​ന​വും നിങ്കൽനി​ന്നു വരുന്നു; നീ സർവ്വവും ഭരിക്കു​ന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കു​ന്നു; സകല​ത്തെ​യും വലുതാ​ക്കു​ന്ന​തും ശക്തീക​രി​ക്കു​ന്ന​തും നിന്റെ പ്രവൃ​ത്തി​യാ​കു​ന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്‌തോ​ത്രം ചെയ്‌തു [“നന്ദി നൽകി,” NW] നിന്റെ മഹത്വ​മുള്ള നാമത്തെ സ്‌തു​തി​ക്കു​ന്നു.”—1 ദിനവൃ​ത്താ​ന്തം 29:10-13.

8. (എ) 148 മുതൽ 150 വരെയുള്ള സങ്കീർത്ത​ന​ങ്ങ​ളി​ലെ ഏതു വാക്കു​ക​ളാ​ണു നിങ്ങളു​ടെ ഹൃദയത്തെ വിശേ​ഷാൽ സ്‌പർശി​ക്കു​ന്നത്‌? (ബി) സങ്കീർത്തനം 27:4-ൽ കാണുന്ന വികാ​രങ്ങൾ നമുക്കു​ണ്ടെ​ങ്കിൽ, നാം എന്തു ചെയ്യും?

8 സ്‌തു​തി​യും കൃതജ്ഞ​ത​യും നിറഞ്ഞ എത്ര മനോ​ഹ​ര​മായ വാക്കുകൾ! നമ്മുടെ പ്രാർഥ​നകൾ അത്ര പ്രൗഢ​ഗം​ഭീ​രം അല്ലെങ്കി​ലും, ഹൃദയം​ഗ​മ​മാ​യി​രി​ക്കാൻ കഴിയും. സങ്കീർത്ത​ന​പു​സ്‌തകം കൃതജ്ഞ​ത​യും സ്‌തു​തി​യും അടങ്ങിയ പ്രാർഥ​ന​കൾകൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു. 148 മുതൽ 150 വരെയുള്ള സങ്കീർത്ത​ന​ങ്ങ​ളിൽ സ്‌തുതി കരേറ്റുന്ന വളരെ മനോ​ഹ​ര​മായ വാക്കു​ക​ളുണ്ട്‌. ദൈവ​ത്തോ​ടുള്ള കൃതജ്ഞത പല സങ്കീർത്ത​ന​ങ്ങ​ളി​ലും കാണാം. ദാവീദ്‌ ഇങ്ങനെ പാടി: “ഞാൻ യഹോ​വ​യോ​ടു ഒരു കാര്യം അപേക്ഷി​ച്ചു; അതു തന്നേ ഞാൻ ആഗ്രഹി​ക്കു​ന്നു; യഹോ​വ​യു​ടെ മനോ​ഹ​ര​ത്വം കാണ്മാ​നും അവന്റെ മന്ദിര​ത്തിൽ ധ്യാനി​പ്പാ​നും എന്റെ ആയുഷ്‌കാ​ല​മൊ​ക്കെ​യും ഞാൻ യഹോ​വ​യു​ടെ ആലയത്തിൽ പാർക്കേ​ണ്ട​തി​ന്നു തന്നേ.” (സങ്കീർത്തനം 27:4) യഹോ​വ​യു​ടെ ജനത്തിന്റെ എല്ലാ പ്രവർത്ത​ന​ങ്ങ​ളി​ലും സതീക്ഷ്‌ണം പങ്കെടു​ത്തു​കൊണ്ട്‌ അത്തരം പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ നമുക്കു പ്രവർത്തി​ക്കാം. (സങ്കീർത്തനം 26:12) അങ്ങനെ ചെയ്യു​ന്ന​തും അനുദി​നം ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തും ഹൃദയം​ഗ​മ​മായ സ്‌തു​തി​യോ​ടും കൃതജ്ഞ​ത​യോ​ടും കൂടെ യഹോ​വയെ സമീപി​ക്കാൻ നമുക്ക്‌ അനവധി കാരണങ്ങൾ നൽകുന്നു.

താഴ്‌മ​യോ​ടെ യഹോ​വ​യു​ടെ സഹായം തേടുക

9. ആസാ രാജാവ്‌ എങ്ങനെ​യാ​ണു പ്രാർഥി​ച്ചത്‌, അതിന്റെ ഫലം എന്തായി​രു​ന്നു?

9 യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ നാം അവനെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ക​യാ​ണെ​ങ്കിൽ, സഹായ​ത്തി​നാ​യുള്ള നമ്മുടെ പ്രാർഥ​നകൾ അവൻ കേൾക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (യെശയ്യാ​വു 43:10-12) യഹൂദ​യി​ലെ ആസാ രാജാ​വി​ന്റെ കാര്യം പരിചി​ന്തി​ക്കുക. 41 വർഷം അവൻ ഭരണം നടത്തി​യ​തിൽ ആദ്യത്തെ 10 വർഷം (പൊ.യു.മു. 977 - പൊ.യു.മു. 937) ദേശത്തു സമാധാ​നം കളിയാ​ടി​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, പത്തുലക്ഷം പേരട​ങ്ങുന്ന ഒരു സൈന്യം കൂശ്യ​നായ (എത്യോ​പ്യ​നായ) സേരഹി​ന്റെ നേതൃ​ത്വ​ത്തിൻ കീഴിൽ യഹൂദയെ ആക്രമി​ച്ചു. എണ്ണത്തിൽ വളരെ കുറവാ​യി​രു​ന്നെ​ങ്കി​ലും, ആസായും അവന്റെ ആളുക​ളും ആക്രമ​ണ​കാ​രി​കൾക്കു നേരെ പുറ​പ്പെട്ടു. എന്നാൽ, യുദ്ധം തുടങ്ങു​ന്ന​തി​നു മുമ്പ്‌ ആസാ ഉള്ളുരു​കി പ്രാർഥി​ച്ചു. വിടു​വി​ക്കാ​നുള്ള യഹോ​വ​യു​ടെ ശക്തി അവൻ അംഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. സഹായ​ത്തി​നാ​യി യാചി​ച്ചു​കൊണ്ട്‌ രാജാവ്‌ പറഞ്ഞു: “നിന്നിൽ ഞങ്ങൾ ആശ്രയി​ക്കു​ന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരു​ഷാ​ര​ത്തി​ന്നു നേരെ പുറ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബല​നാ​ക​രു​തേ.” തന്റെ മഹാ നാമ​ത്തെ​പ്രതി യഹോവ യഹൂദയെ രക്ഷിച്ച​തി​ന്റെ ഫലമായി സമ്പൂർണ വിജയം ഉണ്ടായി. (2 ദിനവൃ​ത്താ​ന്തം 14:1-15) ദൈവം ഒരു പീഡാ​നു​ഭ​വ​ത്തിൽനി​ന്നു നമ്മെ വിടു​വി​ച്ചേ​ക്കാം, അല്ലെങ്കിൽ അതു സഹിച്ചു​നിൽക്കാൻ നമ്മെ ശക്തീക​രി​ച്ചേ​ക്കാം. സംഗതി ഏതായാ​ലും സഹായ​ത്തി​നാ​യുള്ള നമ്മുടെ യാചന അവൻ കേൾക്കു​ന്നു എന്നതിന്‌ യാതൊ​രു സംശയ​വും ഇല്ല.

10. ഒരു പ്രതി​സന്ധി ഘട്ടത്തെ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു നമുക്ക്‌ അറിയി​ല്ലാ​ത്ത​പ്പോൾ, യെഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ പ്രാർഥന സഹായ​ക​മെന്നു തെളി​യു​ന്നത്‌ എങ്ങനെ?

10 ചില പ്രതി​സ​ന്ധി​ഘ​ട്ട​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു നമുക്ക്‌ അറിയി​ല്ലെ​ങ്കിൽ സഹായ​ത്തി​നാ​യുള്ള നമ്മുടെ അപേക്ഷകൾ അവൻ കേൾക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കും. യഹൂദ​യി​ലെ രാജാ​വായ യെഹോ​ശാ​ഫാ​ത്തി​ന്റെ നാളു​ക​ളിൽ അത്‌ ദൃഷ്ടാ​ന്തീ​ക​രി​ക്ക​പ്പെട്ടു. 25 വർഷം നീണ്ടു​നിന്ന അവന്റെ വാഴ്‌ച​യു​ടെ ആരംഭം പൊ.യു.മു. 936-ൽ ആയിരു​ന്നു. അമ്മോ​ന്യ​രു​ടെ​യും മോവാ​ബ്യ​രു​ടെ​യും സേയീർ പർവത​ക്കാ​രു​ടെ​യും സംയുക്ത സൈന്യ​ങ്ങൾ യഹൂദയെ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ യെഹോ​ശാ​ഫാത്ത്‌ ഇങ്ങനെ അപേക്ഷി​ച്ചു: “ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധി​ക്ക​യി​ല്ല​യോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹ​ത്തോ​ടെ​തിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയു​ന്ന​തു​മില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്ക​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു.” താഴ്‌മ​യോ​ടെ​യുള്ള ആ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം നൽകി. യഹൂദ​യ്‌ക്കു വേണ്ടി യുദ്ധം ചെയ്‌ത അവൻ ശത്രു​നി​ര​ക​ളിൽ ആശയക്കു​ഴപ്പം സൃഷ്ടി​ച്ചു​കൊണ്ട്‌ അവർ അന്യോ​ന്യം കൊ​ന്നൊ​ടു​ക്കാൻ ഇടയാക്കി. തത്‌ഫ​ല​മാ​യി, ചുറ്റു​മുള്ള ജനതകൾ ഭയപ്പെട്ടു. യഹൂദ​യിൽ സമാധാ​നം കളിയാ​ടി. (2 ദിനവൃ​ത്താ​ന്തം 20:1-30) ഏതെങ്കി​ലും ഒരു പ്രതി​സ​ന്ധി​യെ നേരി​ടാ​നുള്ള ജ്ഞാനം ഇല്ലെങ്കിൽ യെഹോ​ശാ​ഫാ​ത്തി​നെ പോലെ നമുക്കും പ്രാർഥി​ക്കാൻ കഴിയും: ‘എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾക്ക്‌ അറിയില്ല; എങ്കിലും, യഹോവേ, ഞങ്ങളുടെ കണ്ണുകൾ നിങ്ക​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു.’ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തിന്‌ ആവശ്യ​മായ തിരു​വെ​ഴുത്ത്‌ ആശയങ്ങൾ ഓർമ​യി​ലേക്കു വരുത്താൻ പരിശു​ദ്ധാ​ത്മാവ്‌ ഇടയാ​ക്കു​ക​യോ മനുഷ്യ​ചി​ന്ത​യ്‌ക്ക്‌ അതീത​മായ ഏതെങ്കി​ലും വിധത്തിൽ ദൈവം നമ്മെ സഹായി​ക്കു​ക​യോ ചെയ്‌തേ​ക്കാം.—റോമർ 8:26, 27.

11. യെരൂ​ശ​ലേം മതിലി​നെ സംബന്ധിച്ച നെഹെ​മ്യാ​വി​ന്റെ പ്രാർഥ​ന​യിൽനി​ന്നു നാം എന്തു പഠിക്കു​ന്നു?

11 ദൈവ​സ​ഹാ​യം ലഭിക്കാൻ നാം പ്രാർഥ​ന​യിൽ ഉറ്റിരി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. തകർന്നു കിടക്കുന്ന യെരൂ​ശ​ലേം മതിലി​നെ​യും യഹൂദാ നിവാ​സി​ക​ളു​ടെ ശോച്യാ​വ​സ്ഥ​യെ​യും കുറിച്ച്‌ നെഹെ​മ്യാവ്‌ ദിവസ​ങ്ങ​ളോ​ളം വിലപി​ച്ചു, ദുഃഖി​ച്ചു, ഉപവസി​ച്ചു, പ്രാർഥി​ച്ചു. (നെഹെ​മ്യാ​വു 1:1-11) വ്യക്തമാ​യും, സൗരഭ്യ​വാ​സന പരത്തുന്ന ധൂപവർഗം പോലെ അവന്റെ പ്രാർഥ​നകൾ ദൈവ​ത്തി​ങ്കൽ എത്തി. ഒരു ദിവസം പേർഷ്യൻ രാജാ​വായ അർഥഹ്‌ശ​ഷ്ടാവ്‌ ‘നിന്റെ അപേക്ഷ എന്ത്‌’ എന്നു ദുഃഖി​ത​നായ നെഹെ​മ്യാ​വി​നോ​ടു ചോദി​ച്ചു. അപ്പോൾ, ‘ഉടനെ ഞാൻ സ്വർഗ്ഗ​ത്തി​ലെ ദൈവ​ത്തോ​ടു പ്രാർത്ഥി​ച്ചു’ എന്നു നെഹെ​മ്യാവ്‌ റിപ്പോർട്ടു ചെയ്യുന്നു. ഹ്രസ്വ​മായ ആ നിശ്ശബ്ദ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിച്ചു. കാരണം, യെരൂ​ശ​ലേ​മിൽ ചെന്ന്‌ തകർന്ന മതിൽ പുനർനിർമി​ക്കു​ക​യെന്ന തന്റെ ഹൃദയാ​ഭി​ലാ​ഷം നിവർത്തി​ക്കു​ന്ന​തി​നു നെഹെ​മ്യാ​വിന്‌ അനുവാ​ദം ലഭിച്ചു.—നെഹെ​മ്യാ​വു 2:1-8.

എങ്ങനെ പ്രാർഥി​ക്കാ​മെന്ന്‌ യേശു നിങ്ങളെ പഠിപ്പി​ക്ക​ട്ടെ

12. യേശു​വി​ന്റെ മാതൃകാ പ്രാർഥ​ന​യി​ലെ മുഖ്യ ആശയങ്ങൾ സ്വന്തവാ​ക്കു​ക​ളിൽ ചുരു​ക്ക​മാ​യി നിങ്ങൾ എങ്ങനെ പറയും?

12 സൗരഭ്യ​വാ​സന പരത്തുന്ന ധൂപവർഗം പോലെ, യേശു​ക്രി​സ്‌തു ചൊല്ലിയ മാതൃകാ പ്രാർഥ​ന​യാണ്‌ തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രാർഥ​ന​ക​ളിൽ വെച്ച്‌ ഏറ്റവും പ്രബോ​ധ​നാ​ത്മകം. ലൂക്കൊ​സി​ന്റെ സുവി​ശേഷം ഇപ്രകാ​രം പറയുന്നു: “ശിഷ്യ​ന്മാ​രിൽ ഒരുത്തൻ അവനോ​ടു: കർത്താവേ, യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​തു​പോ​ലെ ഞങ്ങളെ​യും പ്രാർത്ഥി​പ്പാൻ പഠിപ്പി​ക്കേ​ണമേ എന്നു പറഞ്ഞു. അവൻ അവരോ​ടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥി​ക്കു​മ്പോൾ ചൊ​ല്ലേ​ണ്ടി​യതു: പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ; നിന്റെ രാജ്യം വരേണമേ; ഞങ്ങൾക്കു ആവശ്യ​മുള്ള ആഹാരം ദിനം​പ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ; ഞങ്ങൾക്കു കടം​പെ​ട്ടി​രി​ക്കുന്ന ഏവനോ​ടും ഞങ്ങളും ക്ഷമിക്കു​ന്നു; ഞങ്ങളെ പരീക്ഷ​യിൽ കടത്തരു​തേ.” (ലൂക്കൊസ്‌ 11:1-4; മത്തായി 6:9-13) എപ്പോ​ഴും ആവർത്തി​ക്കേണ്ട ഒന്നായി​ട്ടല്ല, പിന്നെ​യോ ഒരു മാതൃ​ക​യാ​യി ഉതകുന്ന ഒന്നായി​ട്ടാണ്‌ നാം ഈ പ്രാർഥ​നയെ കാണേ​ണ്ടത്‌.

13. “പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ” എന്ന വാക്കു​ക​ളു​ടെ പ്രാധാ​ന്യം നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും?

13 “പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ.” യഹോ​വയെ പിതാവ്‌ എന്നു വിളി​ക്കു​ന്നത്‌ അവന്റെ സമർപ്പിത ദാസന്മാർക്കുള്ള ഒരു പ്രത്യേക പദവി​യാണ്‌. ഏതു പ്രശ്‌നം ഉണ്ടായാ​ലും, കുട്ടികൾ കരുണാർദ്ര​ത​യുള്ള ഒരു പിതാ​വി​നെ മടി കൂടാതെ സമീപി​ക്കു​ന്നതു പോലെ മാന്യ​വും ഭയാദ​ര​ണീ​യ​വു​മായ വിധത്തിൽ ദൈവ​ത്തോ​ടു പതിവാ​യി പ്രാർഥി​ക്കാൻ നാം സമയം ചെലവ​ഴി​ക്കേ​ണ്ട​തുണ്ട്‌. (സങ്കീർത്തനം 103:13, 14) യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെട്ടു കാണാ​നുള്ള ആഗ്രഹം നമ്മുടെ പ്രാർഥ​ന​ക​ളിൽ പ്രതി​ഫ​ലി​ക്കണം. കാരണം, ആ നാമത്തി​ന്മേൽ കുന്നു​കൂ​ട​പ്പെ​ട്ടി​രി​ക്കുന്ന സകല നിന്ദയും നീങ്ങി​ക്കാ​ണാൻ നാം വാഞ്‌ഛി​ക്കു​ന്നു. യഹോ​വ​യു​ടെ നാമം വിശേഷത ഉള്ളതാ​യി​രി​ക്കാൻ, അതു വിശു​ദ്ധ​മാ​യി അല്ലെങ്കിൽ പവി​ത്ര​മാ​യി നിലനിൽക്കാൻ നാം ആഗ്രഹി​ക്കു​ന്നു.—സങ്കീർത്തനം 5:11; 63:3, 4; 148:12, 13; യെഹെ​സ്‌കേൽ 38:23.

14. “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌?

14 “നിന്റെ രാജ്യം വരേണമേ.” യഹോ​വ​യു​ടെ പുത്ര​നായ യേശു​വി​ന്റെ​യും അവന്റെ സഹ “വിശു​ദ്ധന്മാ”രുടെ​യും കൈക​ളി​ലെ സ്വർഗീയ മിശി​ഹൈക ഗവൺമെ​ന്റി​ലൂ​ടെ പ്രകടി​പ്പി​ക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​മാണ്‌ ആ രാജ്യം. (ദാനീ​യേൽ 7:13, 14, 18, 27; വെളി​പ്പാ​ടു 20:6) ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ എതിർക്കുന്ന ഭൂമി​യി​ലുള്ള സകല​രെ​യും തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ അതു പെട്ടെ​ന്നു​തന്നെ ‘വരും.’ (ദാനീ​യേൽ 2:44) അപ്പോൾ യഹോ​വ​യു​ടെ ഹിതം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ചെയ്യ​പ്പെ​ടും. (മത്തായി 6:10) അഖിലാണ്ഡ പരമാ​ധി​കാ​രി​യെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന എല്ലാ സൃഷ്ടി​കൾക്കും അത്‌ എത്രയ​ധി​കം സന്തോഷം കൈവ​രു​ത്തും!

15. ‘ദിനം​പ്ര​തി​യുള്ള ആഹാര’ത്തിനായി യഹോ​വ​യോട്‌ അപേക്ഷി​ക്കുക എന്നതിന്റെ അർഥം എന്ത്‌?

15 “ഞങ്ങൾക്കു ആവശ്യ​മുള്ള ആഹാരം ദിനം​പ്രതി തരേണമേ.” യഹോ​വ​യോട്‌ “ദിനം​പ്രതി”യുള്ള ആഹാര​ത്തി​നാ​യി അപേക്ഷി​ക്കു​ന്നു എന്നതിന്റെ അർഥം നാം വലിയ അളവിൽ ഭൗതിക സംഗതി​കൾ ചോദി​ക്ക​രുത്‌, മറിച്ച്‌ ദിവ​സേ​ന​യുള്ള ആവശ്യ​ങ്ങൾക്കു മാത്രമേ അപേക്ഷി​ക്കാ​വൂ എന്നാണ്‌. നാം ഭൗതിക സംഗതി​കൾക്ക്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കി​ലും, ഭക്ഷണത്തി​നും മറ്റ്‌ അവശ്യ കാര്യ​ങ്ങൾക്കു​മാ​യി നാം ജോലി ചെയ്യു​ക​യും ഉചിത​മായ മറ്റു മാർഗങ്ങൾ അവലം​ബി​ക്കു​ക​യും ചെയ്യുന്നു. (2 തെസ്സ​ലൊ​നീ​ക്യർ 3:7-10) തീർച്ച​യാ​യും, നമ്മുടെ സ്വർഗീയ ദാതാ​വി​നു നാം നന്ദി കരേറ്റണം. കാരണം, ഈ ഭൗതിക കരുത​ലു​കൾ വിളി​ച്ചോ​തു​ന്നത്‌ അവന്റെ സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും ശക്തി​യെ​യു​മാണ്‌.—പ്രവൃ​ത്തി​കൾ 14:15-17.

16. ദൈവ​ത്തി​ന്റെ ക്ഷമ എങ്ങനെ നേടാൻ കഴിയും?

16 “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ; ഞങ്ങൾക്കു കടം​പെ​ട്ടി​രി​ക്കുന്ന ഏവനോ​ടും ഞങ്ങളും ക്ഷമിക്കു​ന്നു.” നാം അപൂർണ​രും പാപി​ക​ളും ആയതി​നാൽ, യഹോ​വ​യു​ടെ കുറ്റമറ്റ നിലവാ​ര​ങ്ങ​ളിൽ നമുക്കു പൂർണ​മാ​യി എത്തി​ച്ചേ​രാൻ കഴിയില്ല. അതിനാൽ, യേശു​വി​ന്റെ മറുവില യാഗത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ക്ഷമയ്‌ക്കാ​യി നാം പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. എന്നാൽ, “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” ദൈവം ആ യാഗത്തി​ന്റെ മൂല്യം നമ്മുടെ പാപങ്ങൾക്കു ബാധക​മാ​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാം അനുതാ​പ​മു​ള്ള​വ​രും അവൻ നൽകുന്ന ഏതൊരു ശിക്ഷണ​വും സ്വീക​രി​ക്കാൻ മനസ്സൊ​രു​ക്കം ഉള്ളവരും ആയിരി​ക്കണം. (സങ്കീർത്തനം 65:2; റോമർ 5:8; 6:23; എബ്രായർ 12:4-11) മാത്രമല്ല, ‘നമ്മുടെ കടക്കാ​രോട്‌,’ അതായത്‌ നമു​ക്കെ​തി​രെ പാപം ചെയ്യു​ന്ന​വ​രോട്‌ ‘നമ്മൾ ക്ഷമിച്ചാ​ലേ’ ദൈവം നമ്മോടു ക്ഷമിക്കു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​വൂ.—മത്തായി 6:12, 14, 15.

17. “ഞങ്ങളെ [പ്രലോ​ഭ​ന​ത്തിൽ] കടത്തരു​തേ” എന്ന വാക്കു​ക​ളു​ടെ അർഥം എന്താണ്‌?

17 “ഞങ്ങളെ പരീക്ഷ​യിൽ [“പ്രലോ​ഭ​ന​ത്തിൽ,” NW] കടത്തരു​തേ.” യഹോവ ചില സംഗതി​കൾ അനുവ​ദി​ക്കു​മ്പോൾ, അവൻ അവ ചെയ്യു​ന്ന​താ​യി ബൈബിൾ ചില​പ്പോൾ പറയാ​റുണ്ട്‌. (രൂത്ത്‌ 1:20, 21) നാം പാപം ചെയ്യാൻ തക്കവണ്ണം ദൈവം നമ്മെ പ്രലോ​ഭി​പ്പി​ക്കു​ന്നില്ല. (യാക്കോബ്‌ 1:13) തിന്മ ചെയ്യാ​നുള്ള പ്രലോ​ഭ​നങ്ങൾ പിശാ​ചിൽനി​ന്നും നമ്മുടെ പാപപൂർണ​മായ ജഡത്തിൽനി​ന്നും ഈ ലോക​ത്തിൽ നിന്നു​മാണ്‌ ഉണ്ടാകു​ന്നത്‌. തന്ത്രപൂർവം നമ്മെ​ക്കൊണ്ട്‌ ദൈവ​ത്തി​നെ​തി​രെ പാപം ചെയ്യി​ക്കാൻ ശ്രമി​ക്കുന്ന പ്രലോ​ഭ​ക​നാണ്‌ സാത്താൻ. (മത്തായി 4:3; 1 തെസ്സ​ലൊ​നീ​ക്യർ 3:5) “ഞങ്ങളെ പരീക്ഷ​യിൽ കടത്തരു​തേ” എന്ന്‌ അപേക്ഷി​ക്കു​മ്പോൾ, ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാ​നുള്ള പ്രലോ​ഭനം ഉണ്ടാകു​മ്പോൾ നാം പരാജ​യ​മ​ട​യാൻ അനുവ​ദി​ക്ക​രു​തെന്ന്‌ അവനോട്‌ അപേക്ഷി​ക്കു​ക​യാണ്‌. നാം പ്രലോ​ഭ​ന​ങ്ങൾക്കു വഴി​പ്പെട്ട്‌ “ദുഷ്ട”നായ സാത്താ​നാൽ വഞ്ചിത​രാ​കാ​തി​രി​ക്കാൻ നമ്മെ നയിക്കു​ന്ന​തിന്‌ ദൈവ​ത്തി​നു കഴിയും.—മത്തായി 6:13; 1 കൊരി​ന്ത്യർ 10:13.

പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക

18. ഒരു സന്തുഷ്ട വിവാ​ഹ​ബ​ന്ധ​ത്തി​നും കുടും​ബ​ജീ​വി​ത​ത്തി​നും ആയുള്ള നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാൻ കഴിയും?

18 യേശു​വി​ന്റെ മാതൃകാ പ്രാർഥ​ന​യിൽ ഉണ്ടായി​രു​ന്നത്‌ മുഖ്യ ആശയങ്ങ​ളാണ്‌. എന്നാൽ, ഏതു വിഷയ​ത്തെ​ക്കു​റി​ച്ചും നമുക്കു പ്രാർഥി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ഒരു സന്തുഷ്ട വിവാ​ഹ​ബന്ധം ഉണ്ടായി​രി​ക്കാ​നുള്ള നമ്മുടെ ആഗ്രഹത്തെ കുറിച്ചു നമുക്കു പ്രാർഥി​ക്കാ​വു​ന്ന​താണ്‌. വിവാഹം കഴിയു​ന്ന​തു​വരെ ലൈം​ഗി​കത ഒഴിവാ​ക്കു​ന്ന​തി​നുള്ള ആത്മനി​യ​ന്ത്ര​ണ​ത്തി​നാ​യി പ്രാർഥി​ക്കാം. അതേസ​മയം, അധാർമിക സാഹി​ത്യ​ങ്ങ​ളും വിനോ​ദ​ങ്ങ​ളും ഒഴിവാ​ക്കി​ക്കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ നാം പ്രവർത്തി​ക്കു​ക​യും വേണം. ‘കർത്താ​വിൽ മാത്രം വിവാഹം കഴിക്കാ​നും’ നമുക്കു ദൃഢനി​ശ്ചയം ചെയ്യാം. (1 കൊരി​ന്ത്യർ 7:39, NW; ആവർത്ത​ന​പു​സ്‌തകം 7:3, 4) നാം വിവാ​ഹി​ത​രാ​യാൽ, ദൈവ​ത്തി​ന്റെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കി​ക്കൊണ്ട്‌ സന്തുഷ്ടി​ക്കാ​യി നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ നാം പ്രവർത്തി​ക്കണം. കുട്ടികൾ ഉണ്ടായാൽ, അവർ യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർ ആയിത്തീ​രണേ എന്നു പ്രാർഥി​ക്കു​ന്നതു മാത്രം മതിയാ​കു​ന്നില്ല. അവർക്കു ബൈബിൾ അധ്യയനം നടത്തു​ക​യും അവരോ​ടൊ​പ്പം ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പതിവാ​യി സംബന്ധി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദൈവിക സത്യങ്ങൾ അവരുടെ മനസ്സിൽ ഉൾനടാൻ ആവതെ​ല്ലാം നാം ചെയ്യണം.—ആവർത്ത​ന​പു​സ്‌തകം 6:5-9; 31:12; സദൃശ​വാ​ക്യ​ങ്ങൾ 22:6.

19. നാം ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​ന്നെ​ങ്കിൽ, അതു സംബന്ധിച്ച്‌ എന്തു ചെയ്യണം?

19 ശുശ്രൂ​ഷ​യിൽ അനു​ഗ്ര​ഹങ്ങൾ ലഭിക്കാൻ നാം പ്രാർഥി​ക്കാ​റു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, രാജ്യ പ്രസംഗ വേലയിൽ അർഥവ​ത്തായ ഒരു പങ്ക്‌ വഹിച്ചു​കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ നമുക്കു പ്രവർത്തി​ക്കാം. നിത്യ​ജീ​വന്റെ പാതയിൽ പ്രവേ​ശി​ക്കു​ന്ന​തി​നു മറ്റുള്ള​വരെ സഹായി​ക്കാ​നാ​യുള്ള അവസര​ങ്ങൾക്കാ​യി നാം പ്രാർഥി​ക്കു​ന്നെ​ങ്കിൽ, താത്‌പ​ര്യ​ക്കാ​രെ സംബന്ധിച്ച കൃത്യ​മായ വിവരങ്ങൾ നാം സൂക്ഷി​ക്കു​ക​യും നമ്മുടെ പട്ടിക​യിൽ ബൈബിൾ അധ്യയ​നങ്ങൾ ഉൾപ്പെ​ടു​ത്താൻ ഒരുക്ക​മു​ള്ളവർ ആയിരി​ക്കു​ക​യും വേണം. ഒരു പയനിയർ എന്ന നിലയിൽ മുഴു​സമയ പ്രസംഗ വേല ഏറ്റെടു​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കി​ലോ? എങ്കിൽ, നമ്മുടെ പ്രസംഗ പ്രവർത്തനം വർധി​പ്പി​ച്ചു​കൊ​ണ്ടും പയനി​യർമാ​രോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യി​ലുള്ള പടികൾ സ്വീക​രി​ക്കാം. നാം നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാണ്‌ എന്നായി​രി​ക്കും അത്തരം പടികൾ പ്രകട​മാ​ക്കുക.

20. അടുത്ത ലേഖനം എന്തു പരിചി​ന്തി​ക്കും?

20 നാം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നെ​ങ്കിൽ, അവന്റെ ഹിതത്തി​നു ചേർച്ച​യി​ലുള്ള നമ്മുടെ പ്രാർഥ​ന​കൾക്ക്‌ അവൻ ഉത്തരം നൽകും എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കും. (1 യോഹ​ന്നാൻ 5:14, 15) ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ചില പ്രാർഥ​നകൾ പരി​ശോ​ധി​ക്കു​ക​വഴി നിശ്ചയ​മാ​യും കുറെ പ്രയോ​ജ​നങ്ങൾ നമുക്കു ലഭിച്ചു. അടുത്ത ലേഖനം ‘തങ്ങളുടെ പ്രാർഥ​നകൾ യഹോ​വ​യു​ടെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാ​ക്കാൻ’ ആഗ്രഹി​ക്കു​ന്ന​വർക്കുള്ള മറ്റു തിരു​വെ​ഴു​ത്തു മാർഗ​നിർദേ​ശങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ നാം വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

□ നമ്മുടെ പ്രാർഥ​ന​ക​ളിൽ സ്‌തു​തി​ക്കും കൃതജ്ഞ​ത​യ്‌ക്കും എന്തു സ്ഥാനം ഉണ്ടായി​രി​ക്കണം?

□ പ്രാർഥ​ന​യിൽ നമുക്കു യഹോ​വ​യു​ടെ സഹായം വിശ്വാ​സ​ത്തോ​ടെ തേടാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

□ മാതൃകാ പ്രാർഥ​ന​യി​ലെ ചില മുഖ്യ ആശയങ്ങൾ ഏവ?

□ നമ്മുടെ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[12-ാം പേജിലെ ചിത്രം]

യെഹോശാഫാത്തിനെ പോലെ, നാം ചില​പ്പോൾ ഇങ്ങനെ പ്രാർഥി​ക്കേ​ണ്ടി​യി​രി​ക്കാം: ‘എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾക്ക്‌ അറിയില്ല; എങ്കിലും, യഹോവേ, ഞങ്ങളുടെ കണ്ണുകൾ നിങ്ക​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു’

[13-ാം പേജിലെ ചിത്രം]

യേശുവിന്റെ മാതൃകാ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നിങ്ങൾ പ്രാർഥി​ക്കാ​റു​ണ്ടോ?