വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ

വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ

വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥി​ക്കു​വിൻ

“പുരു​ഷ​ന്മാർ എല്ലാട​ത്തും കോപ​വും വാഗ്വാ​ദ​വും വിട്ടകന്നു വിശു​ദ്ധ​കൈ​കളെ [“വിശ്വസ്‌ത കൈകൾ,” NW] ഉയർത്തി പ്രാർത്ഥി​ക്കേണം എന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 2:8.

1, 2. (എ) യഹോ​വ​യു​ടെ ജനം ഉൾപ്പെ​ടുന്ന പ്രാർഥ​ന​യ്‌ക്ക്‌ 1 തിമൊ​ഥെ​യൊസ്‌ 2:8 ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ബി) നാം ഇനി എന്തു പരിചി​ന്തി​ക്കും?

 തന്റെ ജനം തന്നോ​ടും അതു​പോ​ലെ തങ്ങളുടെ സഹാരാ​ധ​ക​രോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രാർഥ​നയെ വിശ്വ​സ്‌ത​ത​യു​മാ​യി ബന്ധപ്പെ​ടു​ത്തി: “പുരു​ഷ​ന്മാർ എല്ലാട​ത്തും കോപ​വും വാഗ്വാ​ദ​വും വിട്ടകന്നു വിശു​ദ്ധ​കൈ​കളെ [“വിശ്വസ്‌ത കൈകൾ,” NW] ഉയർത്തി പ്രാർത്ഥി​ക്കേണം എന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.” (1 തിമൊ​ഥെ​യൊസ്‌ 2:8) വ്യക്തമാ​യും, ക്രിസ്‌ത്യാ​നി​കൾ കൂടി​വ​രുന്ന ‘എല്ലാട​ത്തു​മുള്ള’ പരസ്യ പ്രാർഥ​നയെ പൗലൊസ്‌ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. സഭാ​യോ​ഗ​ങ്ങ​ളിൽ ദൈവ​ജ​നത്തെ പ്രതി​നി​ധീ​ക​രി​ച്ചു​കൊ​ണ്ടു പ്രാർഥി​ക്കേ​ണ്ടത്‌ ആരായി​രു​ന്നു? ദൈവ​ത്തോ​ടുള്ള തങ്ങളുടെ കടമകൾ ശ്രദ്ധാ​പൂർവം നിവർത്തിച്ച വിശു​ദ്ധ​രും നീതി​നി​ഷ്‌ഠ​രും ഭക്ത്യാ​ദ​ര​വു​ള്ള​വ​രു​മായ പുരു​ഷ​ന്മാർ മാത്രമേ അതു ചെയ്‌തി​രു​ന്നു​ള്ളൂ. (സഭാ​പ്ര​സം​ഗി 12:13, 14) അവർ ആത്മീയ​മാ​യും ധാർമി​ക​മാ​യും ശുദ്ധരും നിസ്സം​ശ​യ​മാ​യും യഹോ​വ​യാം ദൈവ​ത്തിന്‌ അർപ്പി​ത​രും ആയിരി​ക്ക​ണ​മാ​യി​രു​ന്നു.

2 പ്രത്യേ​കി​ച്ചും സഭാ മൂപ്പന്മാർ ‘വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥി​ക്കണം.’ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മുള്ള അവരുടെ ഹൃദയം​ഗ​മ​മായ പ്രാർഥ​നകൾ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​തയെ പ്രതി​ഫ​ലി​പ്പി​ക്കു​ക​യും സംവാ​ദ​ങ്ങ​ളും കോപാ​ക്രോ​ശ​ങ്ങ​ളും ഒഴിവാ​ക്കാൻ അവരെ സഹായി​ക്കു​ക​യും ചെയ്യുന്നു. പരസ്യ പ്രാർഥ​ന​യിൽ ക്രിസ്‌തീയ സഭയെ പ്രതി​നി​ധീ​ക​രി​ക്കാൻ പദവി​യുള്ള ഏതൊരു പുരു​ഷ​നും ഉഗ്ര​കോ​പ​ത്തിൽനി​ന്നും വിദ്വേ​ഷ​ത്തിൽനി​ന്നും യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടു​മുള്ള അവിശ്വ​സ്‌ത​ത​യിൽനി​ന്നും മുക്തനാ​യി​രി​ക്കണം. (യാക്കോബ്‌ 1:19, 20) പരസ്യ പ്രാർഥ​ന​യിൽ മറ്റുള്ള​വരെ പ്രതി​നി​ധീ​ക​രി​ക്കാൻ പദവി​യു​ള്ള​വർക്ക്‌ ഉള്ള കൂടു​ത​ലായ ബൈബിൾ മാർഗ​നിർദേ​ശങ്ങൾ എന്തൊ​ക്കെ​യാണ്‌? സ്വകാര്യ പ്രാർഥ​ന​ക​ളി​ലും കുടുംബ പ്രാർഥ​ന​ക​ളി​ലും ബാധക​മാ​ക്കേണ്ട ചില തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ഏവ?

പ്രാർഥ​ന​യെ​ക്കു​റി​ച്ചു മുന്നമേ ചിന്തി​ക്കു​ക

3, 4. (എ) പരസ്യ പ്രാർഥ​ന​യെ​ക്കു​റി​ച്ചു മുന്നമേ ചിന്തി​ക്കു​ന്നതു പ്രയോ​ജ​ന​പ്രദം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പ്രാർഥ​ന​ക​ളു​ടെ ദൈർഘ്യം സംബന്ധി​ച്ചു തിരു​വെ​ഴു​ത്തു​കൾ എന്തു സൂചി​പ്പി​ക്കു​ന്നു?

3 പരസ്യ​മാ​യി പ്രാർഥി​ക്കാൻ നമ്മോട്‌ ആവശ്യ​പ്പെ​ടു​മ്പോൾ, നമ്മുടെ പ്രാർഥ​ന​യെ​ക്കു​റി​ച്ചു മുന്നമേ അൽപ്പ​മൊ​ന്നു ചിന്തി​ക്കാൻ ഒരുപക്ഷേ നമുക്കു സാധി​ച്ചേ​ക്കും. ദീർഘി​ച്ചു പോകാ​തെ​യും കാടു​ക​യ​റാ​തെ​യും ഉചിത​മായ പ്രധാന വിഷയങ്ങൾ ഉൾപ്പെ​ടു​ത്താൻ ഇതു നമ്മെ സഹായി​ക്കും. തീർച്ച​യാ​യും, നമ്മുടെ സ്വകാര്യ പ്രാർഥ​നകൾ നിശ്ശബ്ദ​മ​ല്ലാ​ത്ത​തോ എത്ര വേണ​മെ​ങ്കി​ലും ദൈർഘ്യ​മു​ള്ള​തോ ആയിരി​ക്കാൻ കഴിയും. 12 അപ്പൊ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ യേശു ഒരു രാത്രി മുഴു​വ​നും പ്രാർഥ​ന​യിൽ ചെലവ​ഴി​ച്ചു. എന്നാൽ, യേശു തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി​യ​പ്പോൾ അപ്പവും വീഞ്ഞും വിതരണം ചെയ്യു​ന്ന​തി​നു മുമ്പ്‌ നടത്തിയ പ്രാർഥ​നകൾ വ്യക്തമാ​യും ഹ്രസ്വ​മാ​യി​രു​ന്നു. (മർക്കൊസ്‌ 14:22-24; ലൂക്കൊസ്‌ 6:12-16) യേശു​വി​ന്റെ ഹ്രസ്വ​മായ പ്രാർഥ​നകൾ പോലും ദൈവ​ത്തി​നു തികച്ചും സ്വീകാ​ര്യ​മാ​യി​രു​ന്നു എന്നു നമുക്ക​റി​യാം.

4 ഭക്ഷണത്തി​നു മുമ്പ്‌ പ്രാർഥ​ന​യിൽ ഒരു കുടും​ബത്തെ പ്രതി​നി​ധീ​ക​രി​ക്കാൻ നമുക്കു പദവി ലഭിച്ചു എന്നു വിചാ​രി​ക്കുക. അത്തര​മൊ​രു പ്രാർഥന ന്യായ​മാ​യും ഹ്രസ്വ​മാ​യി​രി​ക്കു​ന്ന​താണ്‌ നല്ലത്‌—എന്നാൽ അതിൽ ഭക്ഷണ​ത്തോ​ടുള്ള നന്ദിസൂ​ചക വാക്കുകൾ ഉണ്ടായി​രി​ക്കണം. നാം ഒരു യോഗ​ത്തി​നു മുമ്പോ പിമ്പോ പരസ്യ പ്രാർഥന നടത്തു​ക​യാ​ണെ​ങ്കിൽ, ഒട്ടുവ​ളരെ ആശയങ്ങൾ അടങ്ങുന്ന ദീർഘ​മായ പ്രാർഥ​നകൾ നടത്തേ​ണ്ട​തില്ല. മറ്റുള്ള​വ​രു​ടെ മതിപ്പു നേടാൻ ‘ദീർഘ​മാ​യി പ്രാർത്ഥിച്ച’ പരീശ​ന്മാ​രെ യേശു വിമർശി​ക്കു​ക​യാ​ണു ചെയ്‌തത്‌. (ലൂക്കൊസ്‌ 20:46, 47) ദൈവ​ഭ​ക്തി​യുള്ള ഒരു മനുഷ്യ​നും ഒരിക്ക​ലും പരീശ​ന്മാർ ചെയ്‌ത​തു​പോ​ലെ ചെയ്യാൻ ആഗ്രഹി​ക്കു​ക​യില്ല. എന്നാൽ, ചില അവസര​ങ്ങ​ളിൽ ഏറെക്കു​റെ ദീർഘ​മായ പ്രാർഥ​നകൾ ഉചിത​മാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു സമ്മേള​ന​ത്തി​ലെ സമാപന പ്രാർഥന. അതു നിർവ​ഹി​ക്കാൻ നിയമി​ക്ക​പ്പെ​ടുന്ന ഒരു മൂപ്പൻ അതേക്കു​റി​ച്ചു മുന്നമേ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. പല ആശയങ്ങ​ളും അതിൽ ഉൾപ്പെ​ടു​ത്താൻ അദ്ദേഹം ആഗ്രഹി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, അത്തര​മൊ​രു പ്രാർഥന പോലും വളരെ ദീർഘി​ച്ചു​പോ​കാൻ പാടില്ല.

ഭക്ത്യാ​ദ​ര​വോ​ടെ ദൈവത്തെ സമീപി​ക്കു​ക

5. (എ) പരസ്യ പ്രാർഥന നടത്തു​മ്പോൾ നാം എന്തു മനസ്സിൽ പിടി​ക്കണം? (ബി) മാന്യ​വും ആദരണീ​യ​വു​മായ വിധത്തിൽ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 നാം മനുഷ്യ​രെ അല്ല അഭിസം​ബോ​ധന ചെയ്യു​ന്നത്‌ എന്ന ബോധ​ത്തോ​ടെ വേണം പരസ്യ പ്രാർഥന നടത്താൻ. പകരം, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യോട്‌ അപേക്ഷി​ക്കുന്ന പാപി​ക​ളാ​ണു നാം. (സങ്കീർത്തനം 8:3-5, 9; 73:28) അതു​കൊണ്ട്‌, നാം പറയുന്ന കാര്യ​ങ്ങ​ളും പറയുന്ന വിധവും അവനിൽ അപ്രീതി ഉളവാ​ക്കാ​തി​രി​ക്കാൻ ഭക്ത്യാ​ദ​രവു കലർന്ന ഭയം നമുക്ക്‌ ഉണ്ടായി​രി​ക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 1:7) സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇങ്ങനെ പാടി: “ഞാനോ, നിന്റെ കൃപയു​ടെ ബഹുത്വ​ത്താൽ നിന്റെ ആലയത്തി​ലേക്കു ചെന്നു നിന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്നു നേരെ നിങ്കലുള്ള ഭക്തി​യോ​ടെ [“നിന്നോ​ടുള്ള ഭയത്തോ​ടെ,” NW] ആരാധി​ക്കും.” (സങ്കീർത്തനം 5:7) ആ മനോ​ഭാ​വം നമുക്കു​ണ്ടെ​ങ്കിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തിൽ പരസ്യ പ്രാർഥന നടത്താൻ നമ്മോട്‌ ആവശ്യ​പ്പെ​ടു​മ്പോൾ നാം അത്‌ ഏതു വിധത്തിൽ നിർവ​ഹി​ക്കും? ഒരു മനുഷ്യ രാജാ​വി​നോ​ടാണ്‌ നാം സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ, ആദര​വോ​ടും മാന്യ​ത​യോ​ടും കൂടെ ആയിരി​ക്കും നാം സംസാ​രി​ക്കുക. നാം പ്രാർഥി​ക്കു​ന്നത്‌ “നിത്യ​ത​യു​ടെ രാജാവ്‌” ആയ യഹോ​വ​യോട്‌ ആയതി​നാൽ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ അതി​നെ​ക്കാ​ളും മാന്യ​ത​യും ആദരവും ഉണ്ടായി​രി​ക്കേ​ണ്ട​തല്ലേ? (വെളി​പ്പാ​ടു 15:3, NW) അതു​കൊണ്ട്‌, “നമസ്‌കാ​രം, യഹോവേ,” “ഞങ്ങളുടെ സ്‌നേഹം നിന്നെ അറിയി​ക്കു​ന്നു,” അല്ലെങ്കിൽ “നിനക്ക്‌ ശുഭദി​നം ആശംസി​ക്കു​ന്നു” എന്നിങ്ങ​നെ​യുള്ള പ്രസ്‌താ​വ​നകൾ നാം പ്രാർഥ​ന​യിൽ ഒഴിവാ​ക്കണം. ദൈവ​ത്തി​ന്റെ ഏകജാത പുത്ര​നായ യേശു​ക്രി​സ്‌തു തന്റെ സ്വർഗീയ പിതാ​വി​നെ ഒരിക്ക​ലും ആ വിധത്തിൽ അഭിസം​ബോ​ധന ചെയ്‌തില്ല എന്നു തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കു​ന്നു.

6. ‘അനർഹ ദയയുടെ സിംഹാ​സ​നത്തെ സമീപി​ക്കു’മ്പോൾ നാം എന്തു മനസ്സിൽ പിടി​ക്കണം?

6 പൗലൊസ്‌ പറഞ്ഞു: “അനർഹ ദയയുടെ സിംഹാ​സ​നത്തെ സംസാര സ്വാത​ന്ത്ര്യ​ത്തോ​ടെ നമുക്കു സമീപി​ക്കാം.” (എബ്രായർ 4:16, NW) നാം പാപപൂർണ​മായ അവസ്ഥയിൽ ആണെങ്കി​ലും, യേശു​ക്രി​സ്‌തു​വി​ന്റെ മറുവില യാഗത്തി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ “സംസാര സ്വാത​ന്ത്ര്യ​ത്തോ​ടെ” നമുക്കു സമീപി​ക്കാൻ കഴിയും. (പ്രവൃ​ത്തി​കൾ 10:42, 43; 20:20, 21) എന്നാൽ, ‘സംസാര സ്വാത​ന്ത്ര്യം’ ഉണ്ടെന്നു കരുതി നാം ദൈവ​ത്തോ​ടു സല്ലപി​ക്കു​ക​യോ അനാദ​ര​ണീയ സംഗതി​കൾ പറയു​ക​യോ അരുത്‌. നമ്മുടെ പരസ്യ പ്രാർഥ​നകൾ ദൈവ​ത്തി​നു പ്രസാ​ദ​കരം ആയിരി​ക്ക​ണ​മെ​ങ്കിൽ, ഉചിത​മായ ആദര​വോ​ടും മാന്യ​ത​യോ​ടും കൂടെ വേണം അവ നടത്താൻ. അറിയി​പ്പു​കൾ നടത്താ​നോ വ്യക്തി​കളെ ബുദ്ധ്യു​പ​ദേ​ശി​ക്കാ​നോ ഒരു സദസ്സി​നോ​ടു പ്രസം​ഗി​ക്കാ​നോ ഉള്ള അവസര​മാ​യി അവയെ ഉപയോ​ഗി​ക്കു​ന്നത്‌ അനുചി​ത​മാ​യി​രി​ക്കും.

താഴ്‌മ​യോ​ടെ പ്രാർഥി​ക്കു​ക

7. യഹോ​വ​യു​ടെ ആലയത്തി​ന്റെ സമർപ്പ​ണ​സ​മ​യത്തു പ്രാർഥി​ച്ച​പ്പോൾ ശലോ​മോൻ താഴ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

7 നാം പ്രാർഥി​ക്കു​ന്നതു പരസ്യ​മാ​യി​ട്ടാ​ണെ​ങ്കി​ലും രസഹ്യ​മാ​യി​ട്ടാ​ണെ​ങ്കി​ലും നമ്മുടെ പ്രാർഥ​ന​ക​ളിൽ താഴ്‌മ പ്രകട​മാ​ക്കണം എന്നതു നാം മനസ്സിൽ പിടി​ക്കേണ്ട ഒരു സുപ്ര​ധാന തിരു​വെ​ഴു​ത്തു തത്ത്വമാണ്‌. (2 ദിനവൃ​ത്താ​ന്തം 7:13, 14) യെരൂ​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയത്തി​ന്റെ സമർപ്പ​ണ​സ​മ​യത്തു ശലോ​മോൻ രാജാവ്‌ പരസ്യ​മാ​യി പ്രാർഥി​ച്ച​പ്പോൾ താഴ്‌മ പ്രകട​മാ​ക്കി. ഭൂമി​യിൽ നിർമി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും പ്രൗഢ​മ​നോ​ജ്ഞ​മായ മന്ദിര​ങ്ങ​ളിൽ ഒന്ന്‌ ശലോ​മോൻ പൂർത്തി​യാ​ക്കി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നിട്ടും, അവൻ താഴ്‌മ​യോ​ടെ ഇങ്ങനെ പ്രാർഥി​ച്ചു: “ദൈവം യഥാർത്ഥ​മാ​യി ഭൂമി​യിൽ വസിക്കു​മോ? സ്വർഗ്ഗ​ത്തി​ലും സ്വർഗ്ഗാ​ധി​സ്വർഗ്ഗ​ത്തി​ലും നീ അടങ്ങു​ക​യി​ല്ല​ല്ലോ; പിന്നെ ഞാൻ പണിതി​രി​ക്കുന്ന ഈ ആലയത്തിൽ അടങ്ങു​ന്നതു എങ്ങനെ?”—1 രാജാ​ക്ക​ന്മാർ 8:27.

8. പരസ്യ പ്രാർഥ​ന​യിൽ താഴ്‌മ പ്രകട​മാ​ക്കാ​നുള്ള ചില മാർഗങ്ങൾ ഏവ?

8 പരസ്യ പ്രാർഥ​ന​യിൽ മറ്റുള്ള​വരെ പ്രതി​നി​ധീ​ക​രി​ക്കു​മ്പോൾ ശലോ​മോ​നെ​പ്പോ​ലെ നാം താഴ്‌മ​യു​ള്ളവർ ആയിരി​ക്കണം. നാം കൃത്രിമ ഭക്തിയു​ടെ നാട്യം ഒഴിവാ​ക്കണം. എങ്കിലും, നമ്മുടെ സ്വരത്തിൽ താഴ്‌മ പ്രകട​മാ​ക്കാ​നാ​കും. താഴ്‌മ​യോ​ടെ ഉള്ള പ്രാർഥ​നകൾ പൊള്ള വാചക​ക്ക​സർത്തോ നാടകീ​യത നിറഞ്ഞ​തോ ആയിരി​ക്കില്ല. പ്രാർഥി​ക്കുന്ന വ്യക്തി​യി​ലേക്കല്ല, മറിച്ച്‌ ദൈവ​ത്തി​ലേക്ക്‌ ആയിരി​ക്കണം അവ ശ്രദ്ധ ആകർഷി​ക്കേ​ണ്ടത്‌. (മത്തായി 6:5) നാം പ്രാർഥ​ന​യിൽ പറയുന്ന സംഗതി​ക​ളാ​ലും താഴ്‌മ പ്രകട​മാ​ക്കാ​വു​ന്ന​താണ്‌. താഴ്‌മ​യോ​ടെ നാം പ്രാർഥി​ക്കു​ന്നെ​ങ്കിൽ, നമ്മുടെ ഇഷ്ടപ്ര​കാ​രം ദൈവം കാര്യങ്ങൾ ചെയ്യാൻ നാം ആവശ്യ​പ്പെ​ടു​ന്നു​വെന്ന തോന്നൽ ഉളവാ​ക്കുന്ന വിധത്തിൽ ആയിരി​ക്കില്ല നമ്മുടെ പ്രാർഥ​നകൾ. മറിച്ച്‌, യഹോ​വ​യു​ടെ വിശുദ്ധ ഹിതത്തി​നു ചേരുന്ന വിധത്തിൽ പ്രവർത്തി​ക്കാൻ നാം അവനോട്‌ അപേക്ഷി​ക്കും. “യഹോവേ, ഞങ്ങളെ രക്ഷി​ക്കേ​ണമേ; യഹോവേ, ഞങ്ങൾക്കു ശുഭത [“വിജയം,” NW] നല്‌കേ​ണമേ” എന്ന്‌ അപേക്ഷി​ച്ച​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ ഉചിത​മായ മനോ​ഭാ​വ​ത്തിന്‌ മാതൃക വെച്ചു.—സങ്കീർത്തനം 118:25; ലൂക്കൊസ്‌ 18:9-14.

ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കു​ക

9. യേശു നൽകിയ ഏതു നല്ല ബുദ്ധ്യു​പ​ദേ​ശ​മാണ്‌ മത്തായി 6:7-ൽ കാണു​ന്നത്‌, അത്‌ എങ്ങനെ ബാധക​മാ​ക്കാൻ കഴിയും?

9 പരസ്യ​മോ രഹസ്യ​മോ ആയുള്ള നമ്മുടെ പ്രാർഥ​നകൾ യഹോ​വയെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ, അവ ഹൃദയ​ത്തിൽനി​ന്നു വരേണ്ട​തുണ്ട്‌. അതിനാൽ, പറയുന്ന കാര്യ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാ​തെ ഒരേ പ്രാർഥന നാം വീണ്ടും വീണ്ടും കേവലം ആവർത്തി​ക്കില്ല. ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “പ്രാർത്ഥി​ക്ക​യിൽ നിങ്ങൾ ജാതി​ക​ളെ​പ്പോ​ലെ ജല്‌പനം ചെയ്യരു​തു; അതിഭാ​ഷ​ണ​ത്താൽ ഉത്തരം കിട്ടും എന്നല്ലോ [തെറ്റായി] അവർക്കു തോന്നു​ന്നതു.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, യേശു പ്രസ്‌താ​വി​ച്ചത്‌ ഇതാണ്‌: “വാക്കുകൾ പുലമ്പ​രുത്‌; വ്യർഥ വാക്കുകൾ ആവർത്തി​ക്ക​രുത്‌.”—മത്തായി 6:7; NW അടിക്കു​റിപ്പ്‌.

10. ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ഒന്നില​ധി​കം പ്രാവ​ശ്യം പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 തീർച്ച​യാ​യും, ഒരേ കാര്യ​ത്തെ​ക്കു​റി​ച്ചു വീണ്ടും വീണ്ടും പ്രാർഥി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അതു തെറ്റല്ല. കാരണം, യേശു ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ചോദി​ച്ചു​കൊ​ണ്ടി​രി​പ്പിൻ,നിങ്ങൾക്കു ലഭിക്കും; അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​പ്പിൻ, നിങ്ങൾ കണ്ടെത്തും; മുട്ടി​ക്കൊ​ണ്ടി​രി​പ്പിൻ, നിങ്ങൾക്കു തുറക്ക​പ്പെ​ടും.” (മത്തായി 7:7, NW) യഹോവ പ്രാ​ദേ​ശിക സ്ഥലത്തെ പ്രസം​ഗ​വേല പുരോ​ഗ​മി​പ്പി​ക്കു​ന്ന​തി​നാൽ, ഒരുപക്ഷേ ഒരു പുതിയ രാജ്യ​ഹാ​ളി​ന്റെ ആവശ്യം ഉണ്ടായി​രി​ക്കാം. (യെശയ്യാ​വു 60:22) സ്വകാ​ര്യ​മാ​യി പ്രാർഥി​ക്കു​മ്പോ​ഴും യഹോ​വ​യു​ടെ ജനത്തിന്റെ യോഗ​ങ്ങ​ളിൽ പരസ്യ പ്രാർഥ​നകൾ നടത്തു​മ്പോ​ഴും ഈ ആവശ്യ​ത്തെ​ക്കു​റി​ച്ചു വീണ്ടും വീണ്ടും പരാമർശി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കും. അങ്ങനെ ചെയ്യു​ന്ന​തിന്‌ നാം ‘വ്യർഥ വാക്കുകൾ ആവർത്തി​ക്കു​ന്നു’ എന്ന്‌ അർഥമില്ല.

കൃതജ്ഞ​ത​യും സ്‌തു​തി​യും ഓർക്കുക

11. പരസ്യ​വും സ്വകാ​ര്യ​വു​മായ പ്രാർഥ​ന​കൾക്കു ഫിലി​പ്പി​യർ 4:6, 7 ബാധക​മാ​കു​ന്നത്‌ എങ്ങനെ?

11 എന്തെങ്കി​ലും കിട്ടാൻ വേണ്ടി​യാ​ണു പലരും പ്രാർഥി​ക്കു​ന്നത്‌. എന്നാൽ, യഹോ​വ​യാം ദൈവ​ത്തോ​ടുള്ള സ്‌നേഹം രഹസ്യ​വും പരസ്യ​വു​മായ പ്രാർഥ​ന​ക​ളിൽ അവനു നന്ദിയും സ്‌തു​തി​യും കരേറ്റാൻ നമ്മെ പ്രേരി​പ്പി​ക്കണം. പൗലൊസ്‌ ഇങ്ങനെ എഴുതി: “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു; എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ [“നന്ദി​യോ​ടെ,” NW] ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.” (ഫിലി​പ്പി​യർ 4:6, 7) അതേ, യാചന​യും അപേക്ഷ​യും നടത്തു​ന്ന​തി​നു പുറമേ ആത്മീയ​വും ഭൗതി​ക​വു​മായ അനു​ഗ്ര​ഹ​ങ്ങളെ പ്രതി നാം യഹോ​വ​യോ​ടു കൃതജ്ഞത പ്രകട​മാ​ക്കു​ക​യും വേണം. (സദൃശ​വാ​ക്യ​ങ്ങൾ 10:22) സങ്കീർത്ത​ന​ക്കാ​രൻ പാടി: “ദൈവ​ത്തി​ന്നു സ്‌തോ​ത്ര​യാ​ഗം [നന്ദി] അർപ്പിക്ക; അത്യു​ന്ന​തന്നു നിന്റെ നേർച്ച​കളെ കഴിക്ക.” (സങ്കീർത്തനം 50:14) ദാവീ​ദി​ന്റെ ഒരു പ്രാർഥനാ ഗീതത്തിൽ ഹൃദയ​സ്‌പർശി​യായ ഈ വാക്കു​ക​ളും ഉൾപ്പെ​ടു​ന്നു: “ഞാൻ പാട്ടോ​ടെ ദൈവ​ത്തി​ന്റെ നാമത്തെ സ്‌തു​തി​ക്കും; സ്‌തോ​ത്ര​ത്തോ​ടെ [നന്ദി​യോ​ടെ] അവനെ മഹത്വ​പ്പെ​ടു​ത്തും.” (സങ്കീർത്തനം 69:30) പരസ്യ​വും രഹസ്യ​വു​മായ പ്രാർഥ​ന​ക​ളിൽ നാം അതുതന്നെ ചെയ്യേ​ണ്ട​തല്ലേ?

12. ഇന്ന്‌ സങ്കീർത്തനം 100:4, 5 നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ, അതു​കൊണ്ട്‌ എന്തിനെ പ്രതി ദൈവ​ത്തി​നു നന്ദിയും സ്‌തു​തി​യും കരേറ്റാൻ നമുക്കു കഴിയും?

12 ദൈവ​ത്തെ​ക്കു​റി​ച്ചു സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “അവന്റെ വാതി​ലു​ക​ളിൽ സ്‌തോ​ത്ര​ത്തോ​ടും [നന്ദി​യോ​ടും] അവന്റെ പ്രാകാ​ര​ങ്ങ​ളിൽ സ്‌തു​തി​യോ​ടും​കൂ​ടെ വരുവിൻ; അവന്നു സ്‌തോ​ത്രം ചെയ്‌തു [നന്ദി നൽകി] അവന്റെ നാമത്തെ വാഴ്‌ത്തു​വിൻ. യഹോവ നല്ലവന​ല്ലോ, അവന്റെ ദയ എന്നേക്കു​മു​ള്ളതു; അവന്റെ വിശ്വ​സ്‌തത തലമു​റ​ത​ല​മു​റ​യാ​യും ഇരിക്കു​ന്നു.” (സങ്കീർത്തനം 100:4, 5) ഇന്ന്‌, സകല ജനതക​ളി​ലെ​യും ആളുകൾ യഹോ​വ​യു​ടെ ആലയത്തി​ന്റെ പ്രാകാ​ര​ങ്ങ​ളിൽ പ്രവേ​ശി​ക്കു​ക​യാണ്‌. അതി​നെ​പ്രതി അവനു സ്‌തു​തി​യും നന്ദിയും നൽകാൻ നമുക്കു കഴിയും. പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​നെ പ്രതി നിങ്ങൾക്കു ദൈവ​ത്തോ​ടു നന്ദിയു​ണ്ടോ, അവനെ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടൊ​പ്പം അവിടെ പതിവാ​യി കൂടി​വ​ന്നു​കൊ​ണ്ടു നിങ്ങളു​ടെ വിലമ​തി​പ്പു നിങ്ങൾ പ്രകട​മാ​ക്കു​ന്നു​ണ്ടോ? അവിടെ ആയിരി​ക്കു​മ്പോൾ, നമ്മുടെ സ്‌നേ​ഹ​വ​നാം സ്വർഗീയ പിതാ​വി​നു നന്ദിയും സ്‌തു​തി​യും കരേറ്റുന്ന ഗാനങ്ങൾ നിങ്ങൾ ഉച്ചത്തിൽ ഹൃദയം​ഗ​മ​മാ​യി ആലപി​ക്കാ​റു​ണ്ടോ?

പ്രാർഥി​ക്കാൻ ഒരിക്ക​ലും ലജ്ജ തോന്ന​രുത്‌

13. തെറ്റു നിമിത്തം ദൈവത്തെ സമീപി​ക്കാൻ അയോ​ഗ്യ​രാ​ണെന്ന്‌ തോന്നി​യാ​ലും, നാം യഹോ​വ​യോട്‌ അപേക്ഷി​ക്ക​ണ​മെന്നു പ്രകട​മാ​ക്കുന്ന തിരു​വെ​ഴു​ത്തു ദൃഷ്ടാന്തം ഏത്‌?

13 തെറ്റു നിമിത്തം പ്രാർഥി​ക്കാൻ അയോ​ഗ്യ​രാണ്‌ എന്നു തോന്നി​യാ​ലും, ആത്മാർഥ​മായ അപേക്ഷ​യോ​ടെ നാം ദൈവ​ത്തി​ലേക്കു തിരി​യേ​ണ്ട​തുണ്ട്‌. വിദേശ ഭാര്യ​മാ​രെ സ്വീക​രി​ക്കു​ക​വഴി യഹൂദ​ന്മാർ പാപം ചെയ്‌ത​പ്പോൾ എസ്രാ മുട്ടു കുത്തി​നിന്ന്‌ തന്റെ വിശ്വസ്‌ത കരങ്ങൾ വിരി​ച്ചു​പി​ടിച്ച്‌ താഴ്‌മ​യോ​ടെ ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവ​മായ നിങ്ക​ലേക്കു ഉയർത്തു​വാൻ ലജ്ജിച്ചു നാണി​ച്ചി​രി​ക്കു​ന്നു; ഞങ്ങളുടെ അകൃത്യ​ങ്ങൾ ഞങ്ങളുടെ തലെക്കു​മീ​തെ പെരുകി കവിഞ്ഞി​രി​ക്കു​ന്നു; ഞങ്ങളുടെ കുററം ആകാശ​ത്തോ​ളം വളർന്നി​രി​ക്കു​ന്നു. ഞങ്ങളുടെ പിതാ​ക്ക​ന്മാ​രു​ടെ കാലം​മു​തൽ ഇന്നുവ​രെ​യും ഞങ്ങൾ വലിയ കുററ​ക്കാ​രാ​യി​രി​ക്കു​ന്നു; . . . ഇപ്പോൾ ഞങ്ങളുടെ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മഹാപാ​ത​ക​വും ഹേതു​വാ​യി ഇതെല്ലാം ഞങ്ങളു​ടെ​മേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യ​ങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷി​ക്കാ​തെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷി​പ്പി​നെ തന്നിരി​ക്കെ ഞങ്ങൾ നിന്റെ കല്‌പ​ന​കളെ വീണ്ടും ലംഘി​ക്ക​യും ഈ മ്ലേച്ഛത ചെയ്യുന്ന ജാതി​ക​ളോ​ടു സംബന്ധം കൂടു​ക​യും ചെയ്യാ​മോ? ചെയ്‌താൽ ഒരു ശേഷി​പ്പോ തെററി ഒഴിഞ്ഞ​വ​രോ ഉണ്ടാകാ​ത​വണ്ണം നീ ഞങ്ങളെ മുടി​ച്ചു​ക​ള​യു​വോ​ളം ഞങ്ങളോ​ടു കോപി​ക്ക​യി​ല്ല​യോ? യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, നീ നീതി​മാൻ; ഞങ്ങളോ ഇന്നുള്ള​തു​പോ​ലെ തെററി ഒഴിഞ്ഞ ഒരു ശേഷി​പ്പ​ത്രേ; ഞങ്ങളുടെ പാതക​ത്തോ​ടു​കൂ​ടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കു​ന്നു; അതുനി​മി​ത്തം നിന്റെ മുമ്പാകെ നില്‌പാൻ ആർക്കും കഴിവില്ല.”—എസ്രാ 9:1-15; ആവർത്ത​ന​പു​സ്‌തകം 7:3, 4.

14. എസ്രാ​യു​ടെ നാളിൽ പ്രകട​മാ​ക്ക​പ്പെ​ട്ട​തു​പോ​ലെ, ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കാൻ എന്താണ്‌ ആവശ്യം?

14 ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കാൻ തെറ്റുകൾ ഏറ്റുപ​റ​യു​ന്ന​തോ​ടൊ​പ്പം അനുതാ​പ​വും ‘മാനസാ​ന്ത​ര​ത്തി​നു യോഗ്യ​മായ ഫലങ്ങളും’ ആവശ്യ​മാണ്‌. (ലൂക്കൊസ്‌ 3:8; ഇയ്യോബ്‌ 42:1-6; യെശയ്യാ​വു 66:2) എസ്രാ​യു​ടെ നാളിൽ ആളുകൾ അനുതാ​പം പ്രകട​മാ​ക്കു​ക​യും വിദേശ ഭാര്യ​മാ​രെ പറഞ്ഞയ​ച്ചു​കൊണ്ട്‌ തെറ്റു തിരു​ത്താൻ ശ്രമി​ക്കു​ക​യും ചെയ്‌തു. (എസ്രാ 10:44, NW; 2 കൊരി​ന്ത്യർ 7:8-13 താരത​മ്യം ചെയ്യുക.) നാം ഗുരു​ത​ര​മായ ഒരു തെറ്റിനു ദൈവ​ത്തി​ന്റെ ക്ഷമ തേടു​ക​യാ​ണെ​ങ്കിൽ, താഴ്‌മ​യോ​ടെ പ്രാർഥ​ന​യിൽ തെറ്റ്‌ ഏറ്റുപ​റ​യു​ക​യും അനുതാ​പ​ത്തി​നു യോഗ്യ​മായ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യാം. അനുതാപ മനോ​ഭാ​വ​വും തെറ്റു തിരു​ത്താ​നുള്ള ആഗ്രഹ​വും ക്രിസ്‌തീയ മൂപ്പന്മാ​രു​ടെ ആത്മീയ സഹായം തേടാൻ നമ്മെ പ്രേരി​പ്പി​ക്കും.—യാക്കോബ്‌ 5:13-15.

പ്രാർഥ​ന​യി​ലൂ​ടെ ആശ്വാസം കണ്ടെത്തുക

15. നമുക്കു പ്രാർഥ​ന​യി​ലൂ​ടെ ആശ്വാസം കണ്ടെത്താൻ കഴിയു​മെന്ന്‌ ഹന്നായു​ടെ അനുഭവം എങ്ങനെ വ്യക്തമാ​ക്കു​ന്നു?

15 നമ്മുടെ ഹൃദയം ഏതെങ്കി​ലും കാരണ​വ​ശാൽ ദുഃഖി​ച്ചി​രി​ക്കു​മ്പോൾ പ്രാർഥ​ന​യി​ലൂ​ടെ നമുക്ക്‌ ആശ്വാസം കണ്ടെത്താ​നാ​കും. (സങ്കീർത്തനം 51:17; സദൃശ​വാ​ക്യ​ങ്ങൾ 15:13) വിശ്വ​സ്‌ത​യായ ഹന്നാ അങ്ങനെ ആശ്വാസം കണ്ടെത്തി. ഇസ്രാ​യേ​ലിൽ വലിയ കുടും​ബങ്ങൾ സർവസാ​ധാ​ര​ണ​മാ​യി​രുന്ന കാലത്താണ്‌ അവൾ ജീവി​ച്ചി​രു​ന്നത്‌. എന്നാൽ, അവൾക്കു കുട്ടി​ക​ളൊ​ന്നും ഉണ്ടായില്ല. അവളുടെ ഭർത്താ​വായ എല്‌ക്കാ​നാ​യ്‌ക്ക്‌ തന്റെ മറ്റൊരു ഭാര്യ​യായ പെനി​ന്നാ​യിൽ പുത്ര​ന്മാ​രും പുത്രി​മാ​രും ഉണ്ടായി​രു​ന്നു. ഹന്നാ മച്ചി ആയിരു​ന്നതു നിമിത്തം പെനിന്നാ പരിഹ​സി​ച്ചി​രു​ന്നു. ഉള്ളുരു​കി പ്രാർഥിച്ച ഹന്നാ, തനിക്ക്‌ ഒരു പുത്രൻ ജനിച്ചാൽ ‘അവനെ ജീവപ​ര്യ​ന്തം യഹോ​വെക്കു കൊടു​ക്കു’മെന്നു വാഗ്‌ദാ​നം ചെയ്‌തു. ആ പ്രാർഥ​ന​യി​ലൂ​ടെ​യും മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ വാക്കു​ക​ളി​ലൂ​ടെ​യും സാന്ത്വനം ലഭിച്ച​പ്പോൾ, ഹന്നായു​ടെ ‘മുഖം പിന്നെ വാടി​യില്ല.’ അവൾ ഒരു ആൺകു​ട്ടി​യെ പ്രസവി​ച്ചു. ഹന്നാ അവനു ശമൂവേൽ എന്നു പേരിട്ടു. പിന്നീട്‌, അവൾ അവനെ യഹോ​വ​യു​ടെ ആലയത്തി​ലെ സേവന​ത്തി​നാ​യി വിട്ടു. (1 ശമൂവേൽ 1:9-28) തന്നോടു ദൈവം കാട്ടിയ ദയയെ​പ്രതി കൃതജ്ഞത തോന്നിയ അവൾ അവനു പ്രാർഥ​ന​യിൽ നന്ദി നൽകി—യഹോ​വ​യെ​പ്പോ​ലെ മറ്റാരു​മില്ല എന്ന്‌ അവൾ അവനെ വാഴ്‌ത്തി. (1 ശമൂവേൽ 2:1-10) ഹന്നാ​യെ​പ്പോ​ലെ, നമുക്കും പ്രാർഥ​ന​യി​ലൂ​ടെ ആശ്വാസം കണ്ടെത്താ​നും ദൈവ​ത്തി​ന്റെ ഹിതത്തി​നു ചേർച്ച​യി​ലുള്ള എല്ലാ അപേക്ഷ​കൾക്കും അവൻ ഉത്തരം നൽകു​മെന്ന്‌ ഉറപ്പു​ള്ളവർ ആയിരി​ക്കാ​നും കഴിയും. ഹൃദയങ്ങൾ ദൈവ​മു​മ്പാ​കെ തുറക്കു​മ്പോൾ, നമ്മുടെ ‘മുഖം ഒരിക്ക​ലും വാടാ​തി​രി​ക്കട്ടെ.’ എന്തെന്നാൽ അവൻ നമ്മുടെ ഭാരം നീക്കി​ക്ക​ള​യും, അല്ലെങ്കിൽ അതു വഹിക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കും.—സങ്കീർത്തനം 55:22.

16. യാക്കോ​ബി​ന്റെ സംഗതി​യാൽ ദൃഷ്ടാ​ന്തീ​ക​രി​ക്ക​പ്പെ​ട്ടതു പോലെ, ഭയമോ ഉത്‌ക​ണ്‌ഠ​യോ തോന്നു​മ്പോൾ നാം പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ഏതെങ്കി​ലും ഒരു സാഹച​ര്യം നിമിത്തം നമുക്കു ഭയമോ ഹൃദയ​വേ​ദ​ന​യോ ഉത്‌ക​ണ്‌ഠ​യോ തോന്നു​ന്നെ​ങ്കിൽ, നിശ്ചയ​മാ​യും നമുക്ക്‌ ആശ്വാ​സ​ത്തി​നാ​യി പ്രാർഥ​ന​യിൽ ദൈവ​ത്തി​ലേക്കു തിരി​യാം. (സങ്കീർത്തനം 55:1-4) വഴക്കാ​ളി​യായ തന്റെ സഹോ​ദരൻ ഏശാവി​നെ കണ്ടുമു​ട്ടാൻനേരം യാക്കോ​ബി​നു ഭയം തോന്നി​യെ​ങ്കി​ലും അവൻ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ പിതാ​വായ അബ്രാ​ഹാ​മി​ന്റെ ദൈവ​വും എന്റെ പിതാ​വായ യിസ്‌ഹാ​ക്കി​ന്റെ ദൈവ​വു​മാ​യു​ള്ളോ​വേ, നിന്റെ ദേശ​ത്തേ​ക്കും നിന്റെ ചാർച്ച​ക്കാ​രു​ടെ അടുക്ക​ലേ​ക്കും മടങ്ങി​പ്പോക; ഞാൻ നിനക്കു നന്മ ചെയ്യു​മെന്നു എന്നോടു അരുളി​ച്ചെയ്‌ത യഹോവേ, അടിയ​നോ​ടു കാണി​ച്ചി​രി​ക്കുന്ന സകലദ​യെ​ക്കും സകലവി​ശ്വ​സ്‌ത​തെ​ക്കും ഞാൻ അപാ​ത്ര​മ​ത്രേ; ഒരു വടി​യോ​ടു​കൂ​ടെ മാത്ര​മ​ല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോ​ഴോ ഞാൻ രണ്ടു കൂട്ടമാ​യി തീർന്നി​രി​ക്കു​ന്നു. എന്റെ സഹോ​ദ​ര​നായ ഏശാവി​ന്റെ കയ്യിൽനി​ന്നു എന്നെ രക്ഷി​ക്കേ​ണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോ​ടു​കൂ​ടെ തള്ളയെ​യും നശിപ്പി​ക്കും എന്നു ഞാൻ ഭയപ്പെ​ടു​ന്നു. നീയോ: ഞാൻ നിന്നോ​ടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരു​പ്പം​കൊ​ണ്ടു എണ്ണിക്കൂ​ടാത്ത കടൽക​ര​യി​ലെ മണൽ പോലെ ആക്കു​മെന്നു അരുളി​ച്ചെ​യ്‌തു​വ​ല്ലോ.” (ഉല്‌പത്തി 32:9-12) ഏശാവ്‌ യാക്കോ​ബി​നെ​യോ അവന്റെ കൂട്ടത്തി​ലു​ള്ള​വ​രെ​യോ ആക്രമി​ച്ചില്ല. അങ്ങനെ, യഹോവ ആ അവസര​ത്തിൽ യാക്കോ​ബിന്‌ ‘നന്മ ചെയ്‌തു.’

17. നാം അങ്ങേയറ്റം പരീക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​മ്പോൾ സങ്കീർത്തനം 119:52-ന്‌ ചേർച്ച​യിൽ പ്രാർഥന എങ്ങനെ ആശ്വാസം കൈവ​രു​ത്തി​യേ​ക്കാം?

17 നാം ദൈവ​ത്തോട്‌ അപേക്ഷി​ക്കു​മ്പോൾ, ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ഓർക്കു​ന്ന​തി​നാൽ ആശ്വാസം ലഭിക്കും. ബൈബി​ളി​ലെ ഏറ്റവും വലിയ സങ്കീർത്തനം മനോ​ഹ​ര​മായ ഒരു പ്രാർഥ​നാ​ഗീ​ത​മാണ്‌. അതിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ഹിസ്‌കീ​യാവ്‌ രാജകു​മാ​രൻ ആയിരി​ക്കാം ഇങ്ങനെ പാടി​യത്‌: “യഹോവേ, പണ്ടേയുള്ള നിന്റെ വിധി​കളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസി​പ്പി​ക്കു​ന്നു.” (സങ്കീർത്തനം 119:52) അങ്ങേയറ്റം പരീക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സമയത്ത്‌ താഴ്‌മ​യോ​ടു കൂടി പ്രാർഥി​ക്കു​മ്പോൾ, ഒരു നിർദിഷ്ട ഗതി പിന്തു​ട​രാൻ നമ്മെ സഹായി​ച്ചേ​ക്കാ​വുന്ന ഏതെങ്കി​ലും ഒരു ബൈബിൾ തത്ത്വമോ നിയമ​മോ നമ്മുടെ ഓർമ​യി​ലേക്കു വന്നേക്കാം. അതിന്റെ ഫലമായി നാം സ്വർഗീയ പിതാ​വി​നെ പ്രസാ​ദി​പ്പി​ക്കു​ന്നു എന്ന ആശ്വാ​സ​ദാ​യക ഉറപ്പും ലഭി​ച്ചേ​ക്കാം.

വിശ്വ​സ്‌തർ പ്രാർഥ​ന​യിൽ ഉറ്റിരി​ക്കു​ന്നു

18. ‘ഓരോ വിശ്വ​സ്‌ത​നും ദൈവ​ത്തോ​ടു പ്രാർഥി​ക്കും’ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

18 യഹോ​വ​യാം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​യു​ള്ളവർ ‘പ്രാർഥ​ന​യിൽ ഉറ്റിരി​ക്കും.’ (റോമർ 12:12) ദാവീദ്‌ 32-ാം സങ്കീർത്തനം എഴുതി​യത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ബത്ത്‌-ശേബയു​മാ​യി പാപം ചെയ്‌ത​തി​നു ശേഷമാണ്‌. ക്ഷമ തേടാൻ പരാജ​യ​പ്പെ​ട്ടതു മൂലം അനുഭ​വിച്ച ഹൃദയ​വേ​ദ​ന​യും അനുത​പിച്ച്‌ ദൈവ​ത്തോ​ടു കുറ്റം ഏറ്റുപ​റ​ഞ്ഞതു മൂലം ലഭിച്ച ആശ്വാ​സ​വും അവൻ അതിൽ വിവരി​ച്ചു. തുടർന്ന്‌, ദാവീദ്‌ ഇങ്ങനെ പാടി: “ഇതുനി​മി​ത്തം [യഥാർഥ​മാ​യും അനുതാ​പ​മു​ള്ള​വർക്കു യഹോ​വ​യു​ടെ ക്ഷമ ലഭ്യമാ​യി​രി​ക്കു​ന്നതു നിമിത്തം] ഓരോ ഭക്തനും [“വിശ്വ​സ്‌ത​നും,” NW] കണ്ടെത്താ​കുന്ന കാലത്തു നിന്നോ​ടു പ്രാർത്ഥി​ക്കും.”—സങ്കീർത്തനം 32:6.

19. നാം പ്രാർഥ​ന​യിൽ വിശ്വസ്‌ത കൈകൾ ഉയർത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 യഹോ​വ​യാം ദൈവ​വു​മാ​യുള്ള ബന്ധത്തെ അമൂല്യ​മാ​യി കരുതു​ന്നെ​ങ്കിൽ, യേശു​വി​ന്റെ മറുവില യാഗത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവ​ത്തി​ന്റെ കരുണ​യ്‌ക്കാ​യി നാം പ്രാർഥി​ക്കും. കരുണ​യും സമയോ​ചിത സഹായ​വും ലഭിക്കു​മെന്ന വിശ്വാ​സം ഉള്ളവരാ​യി നമുക്ക്‌ അനർഹ ദയയുടെ സിംഹാ​സ​നത്തെ സംസാര സ്വാത​ന്ത്ര്യ​ത്തോ​ടെ സമീപി​ക്കാം. (എബ്രായർ 4:16, NW) പ്രാർഥി​ക്കു​ന്ന​തിന്‌ അനവധി കാരണ​ങ്ങ​ളാണ്‌ ഉള്ളത്‌! അതു​കൊണ്ട്‌, ദൈവ​ത്തി​നു ഹൃദയം​ഗ​മ​മായ സ്‌തു​തി​യും നന്ദിയും കരേറ്റി​ക്കൊണ്ട്‌ നമുക്ക്‌ ‘ഇടവി​ടാ​തെ പ്രാർഥി​ക്കാം.’ (1 തെസ്സ​ലൊ​നീ​ക്യർ 5:17) പ്രാർഥ​ന​യിൽ നമുക്കു രാപ്പകൽ നമ്മുടെ വിശ്വസ്‌ത കൈകൾ ഉയർത്താം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ പരസ്യ പ്രാർഥ​ന​യെ​ക്കു​റി​ച്ചു മുന്നമേ ചിന്തി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്ത്‌?

□ നാം ആദരണീ​യ​വും മാന്യ​വു​മായ വിധത്തിൽ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

□ പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രി​ക്കണം?

□ പ്രാർഥി​ക്കു​മ്പോൾ നന്ദി​യെ​യും സ്‌തു​തി​യും കുറിച്ച്‌ ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

□ പ്രാർഥ​ന​യി​ലൂ​ടെ ആശ്വാസം കണ്ടെത്താൻ കഴിയു​മെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[17-ാം പേജിലെ ചിത്രം]

യഹോവയുടെ ആലയത്തി​ന്റെ സമർപ്പ​ണ​സ​മ​യത്ത്‌ പരസ്യ​മാ​യി പ്രാർഥി​ച്ച​പ്പോൾ ശലോ​മോൻ രാജാവ്‌ താഴ്‌മ പ്രകട​മാ​ക്കി

[18-ാം പേജിലെ ചിത്രം]

ഹന്നായെപ്പോലെ, നിങ്ങൾക്കു പ്രാർഥ​ന​യി​ലൂ​ടെ ആശ്വാസം കണ്ടെത്താൻ കഴിയും