വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി”

“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി”

“സിറിയൻ മണലാ​ര​ണ്യ​ത്തി​ലെ ഇരുണ്ട​മു​ടി​യുള്ള രാജ്ഞി”

ഇരുണ്ട നിറം. വെൺമു​ത്തു​പോ​ലെ വെളുത്ത പല്ലുകൾ. കറുത്തു തിളങ്ങുന്ന കണ്ണുകൾ. വിദ്യാ​സമ്പന്ന. ഭാഷാ​പ​ണ്ഡിത. യുദ്ധവീ​ര​യായ ഈ റാണി ബുദ്ധി​ശ​ക്തി​യിൽ ക്ലിയോ​പാ​ട്ര​യെ​ക്കാൾ ഉയർന്ന​വ​ളും സൗന്ദര്യ​ത്തിൽ ഒരുപക്ഷേ അവളോ​ടു തുല്യ​യും ആയിരു​ന്നെന്ന്‌ പറയ​പ്പെ​ട്ടി​രു​ന്നു. തന്റെ കാലത്തെ പ്രബല ലോക ശക്തിയെ നേരി​ടാൻ തക്ക ധീരത ഉണ്ടായി​രു​ന്നതു നിമിത്തം അവൾ ഒരു തിരു​വെ​ഴു​ത്തു നാടക​ത്തി​ലെ ഒരു പ്രാവ​ച​നിക റോൾ നിവർത്തി​ച്ചു. അവൾ മരിച്ച്‌ ദീർഘ​നാൾ കഴിഞ്ഞ്‌ എഴുത്തു​കാർ അവളെ പ്രകീർത്തി​ച്ചു, ചിത്ര​കാ​ര​ന്മാർ അവളെ സൗന്ദര്യ മാതൃ​ക​യാ​ക്കി. 19-ാം നൂറ്റാ​ണ്ടി​ലെ ഒരു കവി അവളെ, “സിറിയൻ മണലാ​ര​ണ്യ​ത്തി​ലെ ഇരുണ്ട​മു​ടി​യുള്ള രാജ്ഞി” എന്നു വർണിച്ചു. ഏറെ പ്രകീർത്തി​ക്ക​പ്പെട്ട ഈ സ്‌ത്രീ സെനോ​ബിയ—സിറിയൻ നഗരമായ പാൽമി​റ​യി​ലെ രാജ്ഞി—ആയിരു​ന്നു.

സെനോ​ബി​യക്ക്‌ പ്രാമു​ഖ്യത ലഭിച്ചത്‌ എങ്ങനെ​യാണ്‌? അവൾ അധികാ​ര​ത്തി​ലേക്ക്‌ ഉയരാൻ ഇടയാ​ക്കിയ രാഷ്‌ട്രീയ കാലാവസ്ഥ എന്തായി​രു​ന്നു? അവളുടെ സ്വഭാ​വത്തെ കുറിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌? ഈ രാജ്ഞി ഏതു പ്രാവ​ച​നിക റോളാണ്‌ നിവർത്തി​ച്ചത്‌? ഈ നാടകം ഇതൾ വിരി​യു​ന്നി​ടത്തെ ഭൂമി​ശാ​സ്‌ത്ര പശ്ചാത്തലം നമുക്ക്‌ ആദ്യം പരിചി​ന്തി​ക്കാം.

മരു​പ്രാ​ന്ത​ത്തിൽ ഒരു നഗരം

സെനോ​ബി​യ​യു​ടെ നഗരമായ പാൽമിറ സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌, ദമാസ്‌ക​സിന്‌ ഏകദേശം 210 കിലോ​മീ​റ്റർ വടക്കു​കി​ഴ​ക്കാ​യി ആന്റി-ലെബാ​നോൻ പർവത​നിര ഉയരം കുറഞ്ഞ്‌ സമതല നിരപ്പിൽ ആയിത്തീ​രുന്ന സിറിയൻ മരുഭൂ​മി​യു​ടെ വടക്കേ അതിർത്തി​യിൽ ആയിരു​ന്നു. പടിഞ്ഞാറ്‌ മെഡി​റ്റ​നേ​റി​യൻ കടലി​നും കിഴക്ക്‌ യൂഫ്ര​ട്ടീസ്‌ നദിക്കും ഏകദേശം നടുക്കാ​യി​രു​ന്നു ഈ മരുപ്പച്ച നഗരം. ശലോ​മോൻ രാജാ​വിന്‌ ഈ സ്ഥലം തദ്‌മോർ എന്ന പേരിൽ പരിചി​തം ആയിരു​ന്നി​രി​ക്കണം. അവന്റെ രാജ്യ​ത്തി​ന്റെ ക്ഷേമ​ത്തോ​ടുള്ള ബന്ധത്തിൽ ഈ സ്ഥലം സുപ്ര​ധാ​നം ആയിരു​ന്നു. രണ്ടു കാരണ​ങ്ങ​ളാൽ, വടക്കൻ അതിർത്തി​യു​ടെ പ്രതി​രോ​ധാർഥ​മുള്ള സൈനിക താവള​മാ​യും സഞ്ചാര വ്യാപാ​രി​ക​ളു​ടെ പട്ടണ ശൃംഖ​ല​യു​മാ​യി ബന്ധിപ്പി​ക്കുന്ന ഒരു നിർണാ​യക കണ്ണിയാ​യും അതു വർത്തി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, ശലോ​മോൻ “മരുഭൂ​മി​യിൽ തദ്‌മോർ പുനർനിർമി​ച്ചു.”—2 ദിനവൃ​ത്താ​ന്തം 8:4, NW.

ശലോ​മോൻ രാജാ​വി​ന്റെ വാഴ്‌ച​യ്‌ക്കു ശേഷമുള്ള ആയിരം വർഷത്തെ തദ്‌മോ​രി​ന്റെ ചരിത്രം അജ്ഞാത​മാണ്‌. അത്‌ പാൽമിറ ആണെന്നുള്ള നിഗമനം ശരിയാ​ണെ​ങ്കിൽ, പൊ.യു.മു. 64-ൽ സിറിയ, റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ കാവൽ സേന നിലയു​റ​പ്പി​ച്ചി​രുന്ന ഒരു പ്രവിശ്യ ആയ ശേഷമാണ്‌ പ്രാമു​ഖ്യ​ത​യി​ലേ​ക്കുള്ള പാൽമി​റ​യു​ടെ ഉയർച്ച ആരംഭി​ച്ചത്‌. “റോമി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം പാൽമിറ സാമ്പത്തി​ക​മാ​യും സൈനി​ക​മാ​യും പ്രാധാ​ന്യം അർഹി​ച്ചി​രു​ന്നു,” എന്ന്‌ പാൽമി​റ​യും അതിന്റെ സാമ്രാ​ജ്യ​വും—റോമിന്‌ എതി​രെ​യുള്ള സെനോ​ബി​യ​യു​ടെ വിപ്ലവം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ റിച്ചാർഡ്‌ സ്റ്റോൺമാൻ പറയുന്നു. റോമി​നെ മെസൊ​പ്പൊ​ത്താ​മ്യ​യോ​ടും പൂർവ​ദേ​ശ​ത്തോ​ടും ബന്ധിപ്പി​ക്കുന്ന ഒരു പ്രമുഖ വാണിജ്യ പാതയിൽ സ്ഥിതി ചെയ്‌തി​രു​ന്ന​തി​നാൽ പുരാതന ലോകത്തെ വാണിജ്യ സമ്പത്ത്‌—ഈസ്റ്റ്‌ഇൻഡീ​സിൽ നിന്നുള്ള സുഗന്ധ​വ്യ​ജ്ഞ​നങ്ങൾ, ചൈന​യിൽനി​ന്നുള്ള സിൽക്ക്‌, പേർഷ്യ, ദക്ഷിണ മെസൊ​പ്പൊ​ത്താ​മ്യ, മറ്റ്‌ മെഡി​റ്റ​നേ​റി​യൻ പ്രദേ​ശങ്ങൾ എന്നിവി​ട​ങ്ങ​ളിൽ നിന്നുള്ള ഇതര സാധനങ്ങൾ എന്നിവ—കടന്നു​പോ​യി​രു​ന്നത്‌ പനകൾ നിറഞ്ഞ ഈ നഗരത്തി​ലൂ​ടെ ആയിരു​ന്നു. റോമി​നാ​കട്ടെ ഈ സാധന​ങ്ങ​ളു​ടെ ഇറക്കു​മ​തി​യെ ആശ്രയി​ക്കേ​ണ്ടി​യി​രു​ന്നു.

സൈനി​ക​മാ​യി, സിറിയൻ പ്രവിശ്യ ശത്രു ശക്തികൾ ആയിരുന്ന റോമി​നും പേർഷ്യ​യ്‌ക്കും ഇടയി​ലുള്ള ഒരു നിഷ്‌പക്ഷ മേഖല ആയിരു​ന്നു. പൊതു​യു​ഗം 250 വരെ യൂഫ്ര​ട്ടീസ്‌ നദി റോമി​നെ അതിന്റെ കിഴക്കുള്ള അയൽ രാജ്യ​ത്തു​നി​ന്നു വേർതി​രി​ച്ചി​രു​ന്നു. യൂഫ്ര​ട്ടീസ്‌ നദീതീ​ര​ത്തുള്ള ഡൂറാ-യൂറോ​പ്പോസ്‌ നഗരത്തി​ന്റെ പടിഞ്ഞാറ്‌ മരുഭൂ​മിക്ക്‌ അപ്പുറ​ത്താ​യാണ്‌ പാൽമിറ സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. അതിന്റെ നിർണാ​യ​ക​മായ സ്ഥാനം തിരി​ച്ച​റിഞ്ഞ ഹാഡ്രി​യ​നെ​യും വലേറി​യ​നെ​യും പോലുള്ള റോമൻ ചക്രവർത്തി​മാർ പാൽമിറ സന്ദർശി​ച്ചു. ഹാഡ്രി​യൻ അതിന്റെ വാസ്‌തു​ശില്‌പ പ്രൗഢി വർധി​പ്പി​ക്കു​ക​യും ഉദാര​മായ അനേകം സംഭാ​വ​നകൾ നൽകു​ക​യും ചെയ്‌തു. ഓഡി​നേ​ത്തസ്‌ എന്ന പാൽമി​റൻ പ്രഭു​വി​നെ—സെനോ​ബി​യ​യു​ടെ ഭർത്താ​വി​നെ—വലേറി​യൻ പൊ.യു. 258-ൽ റോമൻ പ്രവി​ശ്യാ ഭരണാ​ധി​കാ​രി​യാ​യി ഉയർത്തി. പേർഷ്യക്ക്‌ എതിരെ വിജയ​പ്ര​ദ​മാ​യി യുദ്ധം നയിച്ച്‌ റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ അതിർത്തി വികസി​പ്പി​ച്ച​തി​നുള്ള പ്രതി​ഫ​ല​മാ​യി​രു​ന്നു അത്‌. അധികാ​ര​ത്തി​ലേ​ക്കുള്ള തന്റെ ഭർത്താ​വി​ന്റെ ഉയർച്ച​യിൽ സെനോ​ബിയ സുപ്ര​ധാ​ന​മാ​യൊ​രു പങ്കു വഹിച്ചു. ചരി​ത്ര​കാ​ര​നായ എഡ്വേർഡ്‌ ഗിബ്ബൺ എഴുതി: “ഓഡി​നേ​ത്ത​സി​ന്റെ വിജയ​ത്തിൽ വലി​യൊ​രു പങ്കു വഹിച്ചത്‌ അവളുടെ [സെനോ​ബി​യ​യു​ടെ] അസാധാ​ര​ണ​മായ വിവേ​ക​വും മനക്കരു​ത്തും ആയിരു​ന്നു.”

കാല​ക്ര​മ​ത്തിൽ, പേർഷ്യ​യി​ലെ സേപോർ രാജാവ്‌ റോമൻ പരമാ​ധി​കാ​രത്തെ വെല്ലു​വി​ളി​ക്കാ​നും പഴയ എല്ലാ പേർഷ്യൻ പ്രവി​ശ്യ​ക​ളു​ടെ​യും മേൽ തന്റെ പരമാ​ധി​കാ​രം സ്ഥാപി​ക്കാ​നും തീരു​മാ​നി​ച്ചു. ഒരു പ്രബല സൈന്യ​വു​മാ​യി പടിഞ്ഞാ​റോട്ട്‌ മുന്നേ​റിയ അദ്ദേഹം നിസി​ബി​സി​ലെ​യും കാരി​യി​ലെ​യും (ഹാരാൻ) റോമി​ന്റെ സൈനി​ക​ത്താ​വള പട്ടണങ്ങൾ പിടി​ച്ച​ട​ക്കി​യിട്ട്‌ വടക്കൻ സിറി​യ​യി​ലും കിലി​ക്യ​യി​ലും വിനാശം വിതയ്‌ക്കാൻ പുറ​പ്പെട്ടു. ആക്രമ​ണ​കാ​രി​കൾക്ക്‌ എതിരെ വലേറി​യൻ ചക്രവർത്തി തന്റെ സൈന്യ​ത്തെ നേരിട്ടു നയിച്ചു. എന്നാൽ പരാജ​യ​പ്പെട്ട അയാളെ പേർഷ്യ​ക്കാർ തടവി​ലാ​ക്കി.

പേർഷ്യൻ ചക്രവർത്തിക്ക്‌ വില​യേ​റിയ സമ്മാന​ങ്ങ​ളും ഒരു സമാധാന സന്ദേശ​വും അയക്കേണ്ട സമയമാ​ണി​തെന്ന്‌ ഓഡി​നേ​ത്തസ്‌ കരുതി. എന്നാൽ ആ സമ്മാനങ്ങൾ യൂഫ്ര​ട്ടീസ്‌ നദിയിൽ എറിയാൻ സേപോർ രാജാവ്‌ ധിക്കാ​ര​ത്തോ​ടെ കൽപ്പിച്ചു. ദയക്കായി കേഴുന്ന ഒരു തടവു​കാ​രൻ എന്ന നിലയിൽ ഓഡി​നേ​ത്തസ്‌ തന്റെ മുന്നിൽ ഹാജരാ​ക​ണ​മെന്ന്‌ അയാൾ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അതിനു മറുപ​ടി​യാ​യി, പാൽമി​റ​ക്കാർ മരുഭൂ​മി​യി​ലൂ​ടെ ചുറ്റി​ത്തി​രി​ഞ്ഞു നടക്കു​ന്ന​വ​രെ​യും റോമൻ സൈന്യ​ത്തിൽ ശേഷി​ച്ച​വ​രെ​യും കൂട്ടി ഒരു സൈന്യം രൂപീ​ക​രിച്ച്‌ മടങ്ങി​പ്പോ​കു​ക​യാ​യി​രുന്ന പേർഷ്യ​ക്കാ​രെ ആക്രമി​ക്കാൻ തുടങ്ങി. യുദ്ധം ചെയ്‌തു ക്ഷീണിച്ച, കൊള്ള​മു​തൽ ചുമന്നു മടുത്ത, സേപോ​റി​ന്റെ സൈന്യ​ത്തിന്‌ മരു​യോ​ദ്ധാ​ക്ക​ളു​ടെ മിന്നലാ​ക്ര​മ​ണ​ത്തി​നു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഓടി രക്ഷപ്പെ​ടാൻ അവർ നിർബ​ന്ധി​ത​രാ​യി.

സേപോ​റി​ന്റെ മേലുള്ള വിജയ​ത്തി​ന്റെ അംഗീ​കാ​ര​മാ​യി, വലേറി​യന്റെ പുത്ര​നും പിൻഗാ​മി​യു​മായ ഗാലി​യി​നസ്‌ ഓഡി​നേ​ത്ത​സിന്‌ കൊറ​റ്റോർ റ്റോറ്റ്യൂസ്‌ ഒറി​യെ​ന്റിസ്‌ (മുഴു പൂർവ​ദേ​ശ​ത്തി​ന്റെ​യും ഗവർണർ) എന്ന പദവി നൽകി. പിൽക്കാ​ലത്ത്‌, ഓഡി​നേ​ത്തസ്‌ “രാജാ​ക്ക​ന്മാ​രു​ടെ രാജാവ്‌” എന്ന പദവി​നാ​മം സ്വയം ഏറ്റെടു​ത്തു.

സെനോ​ബിയ ഒരു സാമ്രാ​ജ്യം കെട്ടി​പ്പ​ടു​ക്കാൻ വാഞ്‌ഛി​ക്കു​ന്നു

തന്റെ വിജയ​ത്തി​ന്റെ ഉന്നതി​യിൽ എത്തിനിൽക്കേ പൊ.യു. 267-ൽ ഓഡി​നേ​ത്ത​സും അദ്ദേഹ​ത്തി​ന്റെ അനന്തരാ​വ​കാ​ശി​യും വധിക്ക​പ്പെട്ടു. പ്രതി​കാ​ര​ദാ​ഹി​യായ ഒരു മരുമ​ക​നാണ്‌ അതു ചെയ്‌ത​തെന്നു കരുത​പ്പെ​ടു​ന്നു. തന്റെ മകൻ വളരെ ചെറുപ്പം ആയിരു​ന്ന​തി​നാൽ സെനോ​ബിയ തന്റെ ഭർത്താ​വി​ന്റെ സ്ഥാനം ഏറ്റെടു​ത്തു. സുന്ദരി​യും ഉത്‌കർഷേ​ച്ഛു​വും പ്രാപ്‌തി​യുള്ള ഭരണാ​ധി​പ​യും മരിച്ചു​പോയ ഭർത്താ​വി​നോ​ടൊ​പ്പം യുദ്ധത്തിൽ ഏർപ്പെട്ട പരിച​യ​സ​മ്പത്ത്‌ ഉള്ളവളും പല ഭാഷകൾ ഒഴു​ക്കോ​ടെ സംസാ​രി​ക്കു​ന്ന​വ​ളും ആയിരുന്ന സെനോ​ബി​യക്ക്‌ തന്റെ പ്രജക​ളു​ടെ ആദരവും പിന്തു​ണ​യും നേടി​യെ​ടു​ക്കാൻ കഴിഞ്ഞു. ബെഡോ​യിൻകാ​രു​ടെ ഇടയിൽ അതു ശ്രദ്ധേ​യ​മാ​യൊ​രു നേട്ടമാ​യി​രു​ന്നു. വിദ്യാ​സ്‌നേഹി ആയിരുന്ന സെനോ​ബിയ ബുദ്ധി​ജീ​വി​കളെ തനിക്കു ചുറ്റും നിർത്തി. അവളുടെ ഉപദേ​ശ​ക​രിൽ ഒരുവ​നും തത്ത്വചി​ന്ത​ക​നും വാഗ്മി​യും ആയിരുന്ന കാസ്സി​യസ്‌ ലോങ്ങി​നസ്‌, “ജീവി​ക്കുന്ന ഗ്രന്ഥശാല” എന്നും “നടക്കുന്ന മ്യൂസി​യം” എന്നും വിളി​ക്ക​പ്പെ​ട്ടി​രു​ന്നു. ഗ്രന്ഥകാ​ര​നായ സ്റ്റോൺമാൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഓഡി​നേ​ത്ത​സി​ന്റെ മരണത്തി​നു ശേഷമുള്ള അഞ്ചു വർഷം​കൊണ്ട്‌ . . . സെനോ​ബിയ ജനങ്ങളു​ടെ മനസ്സിൽ പൂർവ​ദേ​ശ​ത്തി​ന്റെ രാജ്ഞി എന്ന സ്ഥാനം കയ്യടക്കി.”

സെനോ​ബി​യ​യു​ടെ സാമ്രാ​ജ്യ​ത്തി​ന്റെ ഒരു വശത്ത്‌, താനും ഭർത്താ​വും കൂടി ദുർബ​ലീ​ക​രിച്ച പേർഷ്യ​യും മറുവ​ശത്ത്‌ തകർന്നു​കൊ​ണ്ടി​രുന്ന റോമും ആയിരു​ന്നു. ആ കാലത്തെ റോമി​ലെ അവസ്ഥകളെ കുറിച്ച്‌ ചരി​ത്ര​കാ​ര​നായ ജെ. എം. റോ​ബെർട്ട്‌സ്‌ പറയുന്നു: “റോമാ സാമ്രാ​ജ്യ​ത്തി​ന്റെ പൂർവ-പശ്ചിമ അതിർത്തി​ക​ളിൽ മൂന്നാം നൂറ്റാണ്ട്‌ . . . പ്രശ്‌ന​പൂ​രി​ത​മായ ഒരു കാലഘട്ടം ആയിരു​ന്നു. അതേസ​മയം റോമി​ലാ​കട്ടെ ആഭ്യന്തര യുദ്ധത്തി​ന്റെ​യും ഭരണാ​ധി​കാര പിന്തു​ടർച്ചാ തർക്കത്തി​ന്റെ​യും ഒരു പുതിയ കാലഘട്ടം തുടങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഇരുപ​ത്തി​രണ്ട്‌ ചക്രവർത്തി​മാർ (ചക്രവർത്തി​യാ​യി സ്വയം അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വരെ കൂടാതെ) വരിക​യും പോകു​ക​യും ചെയ്‌തു.” അതേസ​മയം, സിറിയൻ രാജ്ഞി തന്റെ രാജ്യത്ത്‌ സമ്പൂർണ അധികാ​ര​മുള്ള ചക്രവർത്തി​നി​യാ​യി ചിര​പ്ര​തിഷ്‌ഠ നേടി​യി​രു​ന്നു. “രണ്ടു സാമ്രാ​ജ്യ​ങ്ങളെ [പേർഷ്യ​യു​ടെ​യും റോമി​ന്റെ​യും] സമനി​ല​യിൽ നിർത്തി​ക്കൊണ്ട്‌ അവൾക്ക്‌ അവ രണ്ടി​ന്റെ​യും​മേൽ ആധിപ​ത്യം പുലർത്തുന്ന ഒരു മൂന്നാം സാമ്രാ​ജ്യം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നെ കുറിച്ചു വാഞ്‌ഛി​ക്കാൻ കഴിഞ്ഞു” എന്ന്‌ സ്റ്റോൺമാൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

പൊ.യു. 269-ൽ, റോമൻ ഭരണാ​ധി​പ​ത്യ​ത്തിന്‌ എതിരെ മത്സരി​ച്ചു​കൊണ്ട്‌ ഈജി​പ്‌തിൽ ഒരുവൻ രംഗത്തു വന്നപ്പോൾ തന്റെ രാജകീയ അധികാ​രങ്ങൾ വർധി​പ്പി​ക്കാ​നുള്ള ഒരു അവസരം സെനോ​ബി​യക്കു വീണു​കി​ട്ടി. സെനോ​ബി​യ​യു​ടെ സൈന്യം സത്വരം ഈജി​പ്‌തി​ലേക്കു നീങ്ങി, മത്സരിയെ തകർത്ത്‌ രാജ്യ​ത്തി​ന്റെ നിയ​ന്ത്രണം ഏറ്റെടു​ത്തു. ഈജി​പ്‌തി​ന്റെ രാജ്ഞി​യാ​യി സ്വയം പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ അവൾ തന്റെ പേരിൽ നാണയങ്ങൾ ഉണ്ടാക്കി. അവളുടെ രാജ്യം അപ്പോൾ നൈൽ നദിമു​തൽ യൂഫ്ര​ട്ടീസ്‌ നദിവരെ നീണ്ടു​കി​ട​ന്നി​രു​ന്നു. ജീവി​ത​ത്തി​ലെ ഈ ഘട്ടത്തിൽ അവൾ, ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ബൈബിൾ പ്രവച​ന​ത്തിൽ പറഞ്ഞി​രുന്ന ‘തെക്കെ​ദേ​ശ​ത്തി​ലെ രാജാവ്‌’ എന്ന സ്ഥാനം കൈയ്യ​ടക്കി. കാരണം, അവൾ അന്ന്‌ ആധിപ​ത്യം പുലർത്തി​യി​രുന്ന രാജ്യം ദാനീ​യേ​ലി​ന്റെ മാതൃ​ദേ​ശ​ത്തി​നു തെക്കാ​യി​രു​ന്നു. (ദാനീ​യേൽ 11:25, 26) ഏഷ്യാ​മൈ​ന​റി​ലെ ഭൂരി​ഭാ​ഗം പ്രദേ​ശ​ങ്ങ​ളും അവൾ കീഴടക്കി.

റോമൻ ലോകത്തെ വലിയ നഗരങ്ങ​ളോ​ടു കിടപി​ടി​ക്ക​ത്ത​ക്ക​വണ്ണം സെനോ​ബിയ തന്റെ തലസ്ഥാ​ന​മായ പാൽമി​റയെ ശക്തി​പ്പെ​ടു​ത്തു​ക​യും അലങ്കരി​ക്കു​ക​യും ചെയ്‌തു. കണക്കനു​സ​രിച്ച്‌, അതിലെ ജനസംഖ്യ 1,50,000-ത്തിൽ അധിക​മാ​യി​രു​ന്നു. പ്രൗഢ​മായ പൊതു മന്ദിരങ്ങൾ, ക്ഷേത്രങ്ങൾ, ഉദ്യാ​നങ്ങൾ, തൂണുകൾ, സ്‌മാ​ര​കങ്ങൾ എന്നിവ​കൊണ്ട്‌ നിറഞ്ഞി​രു​ന്നു ആ നഗരം. നഗരത്തി​നു ചുറ്റു​മാ​യി 21 കിലോ​മീ​റ്റർ നീളത്തിൽ ഒരു മതിൽ ഉണ്ടായി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. പ്രധാ​ന​വീ​ഥി​യിൽ 15 മീറ്ററി​ല​ധി​കം ഉയരമുള്ള 1,500-ഓളം കൊരി​ന്ത്യൻ സ്‌തം​ഭങ്ങൾ സമദൂ​ര​ത്തിൽ സ്ഥാപി​ച്ചി​രു​ന്നു (കൊ​ളോ​ണേ​ഡു​കൾ). വീരന്മാ​രു​ടെ​യും സമ്പന്നരായ ഗുണകർത്താ​ക്ക​ളു​ടെ​യും പ്രതി​മ​ക​ളും അർധകായ പ്രതി​മ​ക​ളും നഗരത്തിൽ നിറഞ്ഞി​രു​ന്നു. പൊ.യു. 271-ൽ സെനോ​ബിയ തന്റെയും ഭർത്താ​വി​ന്റെ​യും ഓരോ പ്രതി​മകൾ വീതം ഉണ്ടാക്കി. മരു​പ്രാ​ന്ത​ത്തിൽ പാൽമിറ ഒരു രത്‌നം പോലെ വെട്ടി​ത്തി​ളങ്ങി.

പാൽമി​റ​യി​ലെ ഏറ്റവും നല്ല കെട്ടി​ട​ങ്ങ​ളിൽ ഒന്നായി​രു​ന്നു സൂര്യ​ക്ഷേ​ത്രം. നഗരത്തി​ലെ മത മണ്ഡലത്തിൽ അത്‌ ആധിപ​ത്യം പുലർത്തി​യെ​ന്ന​തിന്‌ സംശയ​മില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌, സെനോ​ബി​യ​യും സൂര്യ​ദേ​വ​നോ​ടു ബന്ധപ്പെട്ട ഒരു ദേവ​നെ​യോ ദേവി​യെ​യോ ആരാധി​ച്ചി​രു​ന്നു. എന്നാൽ മൂന്നാം നൂറ്റാ​ണ്ടി​ലെ സിറിയ അനേകം മതങ്ങളുള്ള ഒരു സ്ഥലമാ​യി​രു​ന്നു. സെനോ​ബി​യ​യു​ടെ രാജ്യത്ത്‌ ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വ​രും യഹൂദ​ന്മാ​രും ജ്യോ​ത്സ്യ​ന്മാ​രും സൂര്യ-ചന്ദ്ര ആരാധ​ക​രും ഉണ്ടായി​രു​ന്നു. തന്റെ രാജ്യത്തെ നാനാ​വിധ ആരാധനാ രീതി​ക​ളോ​ടുള്ള സെനോ​ബി​യ​യു​ടെ മനോ​ഭാ​വം എന്തായി​രു​ന്നു? ഗ്രന്ഥകർത്താ​വായ സ്റ്റോൺമാൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ജ്ഞാനി​യായ ഒരു ഭരണാ​ധി​കാ​രി തന്റെ ജനതയ്‌ക്ക്‌ അഭികാ​മ്യ​മാ​യി തോന്നുന്ന യാതൊ​രു ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളെ​യും അവഗണി​ക്കില്ല. . . . ദേവന്മാർ . . . പാൽമി​റ​യു​ടെ പക്ഷത്ത്‌ അണിനി​ര​ന്നി​രു​ന്ന​താ​യി കരുത​പ്പെ​ട്ടി​രു​ന്നു.” സെനോ​ബിയ വ്യക്തമാ​യും മതസഹി​ഷ്‌ണുത പുലർത്തി​യി​രു​ന്നു. എന്നാൽ ദേവന്മാർ വാസ്‌ത​വ​ത്തിൽ “പാൽമി​റ​യു​ടെ പക്ഷത്ത്‌ അണിനി​ര​ന്നി​രു”ന്നുവോ? പാൽമി​റ​യെ​യും അതിന്റെ “ജ്ഞാനി​യായ ഒരു ഭരണാ​ധി​കാ​രി”യെയും കാത്തി​രു​ന്നത്‌ എന്തായി​രു​ന്നു?

ഒരു ചക്രവർത്തി സെനോ​ബി​യക്ക്‌ എതിരാ​യി ‘ധൈര്യം പ്രയോ​ഗി​ക്കു​ന്നു’

പൊ.യു. 270-ൽ ഔറേ​ലി​യൻ റോമാ ചക്രവർത്തി​യാ​യി. അദ്ദേഹ​ത്തി​ന്റെ സേനകൾ വടക്കുള്ള അപരി​ഷ്‌കൃ​തരെ വിജയ​പ്ര​ദ​മാ​യി തുരത്തി അവരെ അച്ചടക്കം പഠിപ്പി​ച്ചു. പൊ.യു. 271-ൽ, ദാനീ​യേൽ പ്രവച​ന​ത്തി​ലെ “വടക്കെ ദേശത്തെ രാജാ”വിനെ പ്രതി​നി​ധാ​നം ചെയ്‌തി​രുന്ന ഔറേ​ലി​യൻ സെനോ​ബി​യ​യാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ‘തെക്കെ​ദേ​ശ​ത്തി​ലെ രാജാ​വി​ന്റെ നേരെ തന്റെ ശക്തിയും ധൈര്യ​വും പ്രയോ​ഗി​ച്ചു.’ (ദാനീ​യേൽ 11:25എ) ഔറേ​ലി​യൻ തന്റെ സൈന്യ​ത്തിൽ കുറേ​പ്പേരെ നേരേ ഈജി​പ​തി​ലേക്ക്‌ അയച്ചു. എന്നിട്ട്‌ പ്രധാന സൈന്യ​ത്തെ ഏഷ്യാ​മൈ​ന​റി​ലൂ​ടെ കിഴ​ക്കോ​ട്ടു നയിച്ചു.

തെക്കേ​ദേ​ശത്തെ രാജാവ്‌—സെനോ​ബി​യ​യു​ടെ നേതൃ​ത്വ​ത്തി​ലുള്ള ഭരണകൂ​ടം—“ഏററവും വലിയ​തും ശക്തി​യേ​റി​യ​തു​മായ സൈന്യ​ത്തോ​ടു​കൂ​ടെ,” സാബ്‌ദാസ്‌, സബ്ബായി എന്നീ രണ്ട്‌ പടത്തല​വ​ന്മാ​രു​ടെ കീഴിൽ ഔറേ​ലി​യന്‌ എതിരെ ‘യുദ്ധത്തി​നു പുറ​പ്പെട്ടു.’ (ദാനീ​യേൽ 11:25ബി) എന്നാൽ ഔറേ​ലി​യൻ ഈജി​പ്‌ത്‌ പിടി​ച്ച​ട​ക്കി​യിട്ട്‌ ഏഷ്യാ​മൈ​ന​റി​ലേ​ക്കും സിറി​യ​യി​ലേ​ക്കും യുദ്ധം ചെയ്‌തു മുന്നേറി. എമസാ​യിൽ (ഇപ്പോൾ ഹോംസ്‌) വെച്ച്‌ സെനോ​ബിയ പരാജ​യ​മ​ടഞ്ഞു. അവൾ പാൽമി​റ​യി​ലേക്കു പിൻവാ​ങ്ങി.

ഔറേ​ലി​യൻ പാൽമി​റയെ ഉപരോ​ധി​ച്ച​പ്പോൾ സെനോ​ബിയ സഹായം പ്രതീ​ക്ഷിച്ച്‌ തന്റെ പുത്ര​നോ​ടൊ​പ്പം പേർഷ്യ​യി​ലേക്കു പലായനം ചെയ്‌തു. എന്നാൽ യൂഫ്ര​ട്ടീസ്‌ നദിയി​ങ്കൽ വെച്ച്‌ അവൾ റോമാ​ക്കാ​രു​ടെ പിടി​യി​ലാ​യി. പൊ.യു. 272-ൽ പാൽമിറ കീഴടങ്ങി. അതിലെ നിവാ​സി​ക​ളോട്‌ ഔറേ​ലി​യൻ മഹാനു​ഭാ​വ​ത്തോ​ടെ ഇടപെട്ടു. എന്നാൽ അദ്ദേഹം സൂര്യ​ക്ഷേ​ത്ര​ത്തി​ലെ വിഗ്രഹം ഉൾപ്പെടെ വളരെ​യേറെ കൊള്ള​മു​തൽ ശേഖരിച്ച്‌ റോമി​ലേക്കു കൊണ്ടു​പോ​യി. റോമൻ ചക്രവർത്തി സെനോ​ബി​യയെ വധിച്ചില്ല. അദ്ദേഹം അവളെ പൊ.യു. 274-ൽ റോമി​ലൂ​ടെ നടത്തിയ വിജയ ഘോഷ​യാ​ത്ര​യി​ലെ മുഖ്യ ആകർഷ​ണ​മാ​ക്കി. ശിഷ്ടകാ​ലം അവൾ റോമിൽ ഒരു കുലീന വനിത​യാ​യി ജീവിച്ചു.

മരുഭൂ​മി നഗരം നശിപ്പി​ക്ക​പ്പെ​ട്ടു

ഔറേ​ലി​യൻ പാൽമിറ പിടി​ച്ചെ​ടുത്ത്‌ ഏതാനും മാസങ്ങൾ കഴിഞ്ഞ​പ്പോൾ, അദ്ദേഹം അവിടെ വിട്ടി​രുന്ന റോമൻ സൈനി​കരെ പാൽമി​റ​ക്കാർ കൊ​ന്നൊ​ടു​ക്കി. ഈ വിപ്ലവത്തെ കുറിച്ച്‌ അറിഞ്ഞ ഉടൻതന്നെ ഔറേ​ലി​യൻ പാൽമി​റ​യി​ലേക്കു മടങ്ങാൻ തന്റെ സൈനി​ക​രോ​ടു കൽപ്പിച്ചു. ഇത്തവണ അവർ അതിലെ നിവാ​സി​ക​ളു​ടെ മേൽ അടങ്ങാത്ത പ്രതി​കാ​ര​മാണ്‌ അഴിച്ചു​വി​ട്ടത്‌. നിർദ​യ​മായ കൂട്ട​ക്കൊ​ലയെ അതിജീ​വി​ച്ച​വരെ അടിമ​ക​ളാ​ക്കി. ആ ഉദ്ധത നഗരം കൊള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും പുനരു​ദ്ധ​രി​ക്കാൻ കഴിയാ​ത​വണ്ണം നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അങ്ങനെ ശബ്ദമു​ഖ​രി​ത​മായ ആ പ്രധാന നഗരം അതിന്റെ പഴയ അവസ്ഥയി​ലേക്കു—‘മരുഭൂ​മി​യി​ലെ തദ്‌മോർ’ എന്ന നിലയി​ലേക്കു—ചുരുങ്ങി.

സെനോ​ബി​യ റോമിന്‌ എതിരെ നില​കൊ​ണ്ട​പ്പോൾ, അവളും ഔറേ​ലി​യൻ ചക്രവർത്തി​യും അന്നേക്ക്‌ ഏതാണ്ട്‌ 800 വർഷം മുമ്പ്‌ യഹോ​വ​യു​ടെ പ്രവാ​ചകൻ വളരെ വിശദ​മാ​യി രേഖ​പ്പെ​ടു​ത്തിയ ഒരു പ്രവച​ന​ത്തി​ന്റെ ഒരു ഭാഗം നിവർത്തി​ച്ചു​കൊണ്ട്‌ “തെക്കേ ദേശത്തെ രാജാ”വും “വടക്കേ ദേശത്തെ രാജാ”വുമാ​യുള്ള തങ്ങളുടെ റോളു​കൾ അറിയാ​തെ​തന്നെ അഭിന​യി​ക്കു​ക​യാ​യി​രു​ന്നു. (ദാനീ​യേൽ 11-ാം അധ്യായം) തന്റെ വശ്യമായ വ്യക്തി​ത്വ​ത്താൽ സെനോ​ബിയ അനേക​രു​ടെ പ്രശംസ പിടി​ച്ചു​പറ്റി. എന്നിരു​ന്നാ​ലും, ദാനീ​യേൽ പ്രവച​ന​ത്തിൽ മുൻകൂ​ട്ടി പറയപ്പെട്ട ഒരു രാഷ്‌ട്രീയ ഘടകത്തെ അവൾ പ്രതി​നി​ധാ​നം ചെയ്‌തു എന്നതാണ്‌ ഏറ്റവും സുപ്ര​ധാ​ന​മായ സംഗതി. അവളുടെ ഭരണം അഞ്ചു വർഷത്തി​ലേറെ നീണ്ടു​നി​ന്നില്ല. സെനോ​ബി​യ​യു​ടെ തലസ്ഥാ​ന​മായ പാൽമിറ ഇന്ന്‌ വെറു​മൊ​രു ഗ്രാമം മാത്ര​മാണ്‌. ശക്തമായ റോമാ സാമ്രാ​ജ്യം പോലും ആധുനിക രാജ്യ​ങ്ങൾക്കു വഴിമാ​റി​ക്കൊ​ടു​ത്തു​കൊണ്ട്‌ ദീർഘ​കാ​ലം മുമ്പേ അപ്രത്യ​ക്ഷ​മാ​യി. ഈ ആധുനിക രാജ്യ​ങ്ങ​ളു​ടെ ഭാവി എന്തായി​രി​ക്കും? അവയുടെ ഭാവി​യും ബൈബിൾ പ്രവച​ന​ത്തി​ന്റെ സുനി​ശ്ചി​ത​മായ നിവൃ​ത്തി​യാൽ നിയ​ന്ത്രി​ക്ക​പ്പെ​ടു​ന്നു.—ദാനീ​യേൽ 2:44.

[29-ാം പേജിലെ ചതുരം]

സെനോബിയയുടെ പൈതൃ​കം

പാൽമി​റ​യി​ലെ രാജ്ഞി​യായ സെനോ​ബി​യയെ തോൽപ്പിച്ച ശേഷം റോമിൽ മടങ്ങി​യെ​ത്തിയ ഔറേ​ലി​യൻ ചക്രവർത്തി സൂര്യ​ദേ​വന്‌ ഒരു ക്ഷേത്രം പണിതു. സെനോ​ബി​യ​യു​ടെ നഗരത്തിൽനി​ന്നു കൊണ്ടു​വന്ന സൂര്യ​ദേ​വന്റെ പ്രതി​മകൾ അദ്ദേഹം അതിൽ പ്രതി​ഷ്‌ഠി​ച്ചു. തുടർന്നു​ണ്ടായ സംഭവ​വി​കാ​സ​ങ്ങളെ കുറിച്ച്‌ ഹിസ്റ്ററി ടുഡേ എന്ന മാഗസിൻ ഇങ്ങനെ പറയുന്നു: “എ. ഡി. 274-ൽ, ഡിസംബർ 25 മകര സംക്രാ​ന്തിക്ക്‌ സൂര്യന്‌ ഒരു വാർഷിക ഉത്സവം ഏർപ്പെ​ടു​ത്തി​യത്‌ ആയിരി​ക്കാം ഔറേ​ലി​യന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ഏറ്റവും ദീർഘ​കാ​ലം നീണ്ടു​നിൽക്കു​ന്നത്‌. സാമ്രാ​ജ്യം ഒരു ക്രിസ്‌തീയ രാഷ്‌ട്ര​മാ​യ​പ്പോൾ, പഴയ മതത്തിലെ ഉത്സവങ്ങൾ ആസ്വദി​ച്ചി​രു​ന്ന​വർക്കു പുതിയ മതത്തെ കൂടുതൽ സ്വീകാ​ര്യ​മാ​ക്കാ​നാ​യി ക്രിസ്‌തു​വി​ന്റെ ജന്മദിനം ഈ തീയതി​യി​ലേക്കു മാറ്റി. [ആളുകൾ] ക്രിസ്‌മസ്‌ ആഘോ​ഷി​ക്കു​ന്നത്‌ . . . ആത്യന്തി​ക​മാ​യി സെനോ​ബി​യാ ചക്രവർത്തി​നി നിമിത്തം ആണെന്നു​ള്ളതു കൗതു​ക​ക​ര​മാണ്‌”

[[28, 29 പേജു​ക​ളി​ലെ ഭൂപടം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

മെഡിറ്റനേറിയൻ സമുദ്രം

അന്ത്യോക്യ

സിറിയ

കാരി (ഹാരാൻ)

മെസൊപ്പൊത്താമ്യ

യൂഫ്രട്ടീസ്‌

പാൽമിറ

എമസാ (ഹോംസ്‌)

ദമാസ്‌കസ്‌

നിസിബിസ്‌

ഡുറാ- യൂറോ​പ്പോസ്‌

[കടപ്പാട]

ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.

കൊളോണേഡ്‌: Michael Nicholson/Corbis

[29-ാം പേജിലെ ചിത്രം]

സാധ്യതയനുസരിച്ച്‌ ഔറേ​ലി​യനെ ചിത്രീ​ക​രി​ക്കുന്ന റോമൻ നാണയം

[30-ാം പേജിലെ ചിത്രം]

പാൽമിറയിലെ സൂര്യ​ക്ഷേ​ത്രം

[കടപ്പാട]

The Complete Encyclopedia of Illustration/J. G. Heck

[31-ാം പേജിലെ ചിത്രം]

സെനോബിയ രാജ്ഞി സൈനി​കരെ അഭിസം​ബോ​ധന ചെയ്യുന്നു

[കടപ്പാട]

Giovanni Battista Tiepolo, Queen Zenobia Addressing Her Soldiers, Samuel H. Kress Collection, Photograph © Board of Trustees, National Gallery of Art, Washington

[28-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

വിശദാംശങ്ങൾ: Giovanni Battista Tiepolo, Queen Zenobia Addressing Her Soldiers, Samuel H. Kress Collection, Photograph © Board of Trustees, National Gallery of Art, Washington