വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഹങ്കാരത്തിന്റെ വില—അത്‌ എത്ര വലുതാണ്‌?

അഹങ്കാരത്തിന്റെ വില—അത്‌ എത്ര വലുതാണ്‌?

അഹങ്കാ​ര​ത്തി​ന്റെ വില—അത്‌ എത്ര വലുതാണ്‌?

നിങ്ങളെ കൊച്ചാ​ക്കാൻ മനപ്പൂർവം ശ്രമിച്ച ഒരാളു​മാ​യി നിങ്ങൾ എന്നെങ്കി​ലും ഇടപെ​ട്ടി​ട്ടു​ണ്ടോ? ഒരുപക്ഷേ ഒരു മാനേജർ, തൊഴിൽ മേധാവി, മേൽവി​ചാ​രകൻ അല്ലെങ്കിൽ നിങ്ങളെ താഴ്‌ത്തി​ക്കെ​ട്ടു​ക​യും നിങ്ങ​ളോ​ടു തികഞ്ഞ പുച്ഛ​ത്തോ​ടെ പെരു​മാ​റു​ക​യും ചെയ്‌ത ഒരു ബന്ധു, അങ്ങനെ ആരെങ്കി​ലും? പ്രസ്‌തുത വ്യക്തിയെ കുറിച്ചു നിങ്ങൾക്ക്‌ എന്താണു തോന്നി​യത്‌? അയാളു​ടെ വ്യക്തി​ത്വം നിങ്ങളെ ആകർഷി​ച്ചോ? തീർച്ച​യാ​യും ഇല്ല! എന്തു​കൊണ്ട്‌? എന്തെന്നാൽ അഹങ്കാരം പ്രതി​ബ​ന്ധങ്ങൾ സൃഷ്ടി​ക്കു​ക​യും ആശയവി​നി​യമം തടസ്സ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.

താൻ ശ്രേഷ്‌ഠ​നാ​ണെന്നു കാണി​ക്കാ​നാ​യി എല്ലായ്‌പോ​ഴും മറ്റുള്ള​വരെ താഴ്‌ത്തി​ക്കെ​ട്ടാൻ അഹങ്കാരം ഒരുവനെ പ്രേരി​പ്പി​ക്കു​ന്നു. അത്തരം മനോ​ഭാ​വ​മുള്ള ഒരു വ്യക്തി സാധാ​ര​ണ​മാ​യി മറ്റുള്ള​വരെ കുറിച്ച്‌ ഒരു നല്ല വാക്കു പറയാ​റില്ല. “അതേ, അതു ശരിയാ​യി​രി​ക്കാം, പക്ഷേ, അയാൾക്ക്‌ ആ കുറവുണ്ട്‌ അല്ലെങ്കിൽ ഈ പ്രശ്‌ന​മുണ്ട്‌” എന്നിങ്ങ​നെ​യുള്ള ചില നിഷേ​ധാ​ത്മക വിശേ​ഷ​ണങ്ങൾ എപ്പോ​ഴും ഉണ്ടാകും.

സുവർണ ചിന്തകൾ വെള്ളി വാക്കു​ക​ളിൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം “എപ്പോ​ഴും പരാജ​യ​പ്പെ​ടു​ത്തുക മാത്രം ചെയ്യുന്ന തിന്മ” എന്ന്‌ അഹങ്കാ​രത്തെ വിവരി​ക്കു​ന്നു. “പ്രശം​സാർഹ​മായ യാതൊ​ന്നും ശേഷി​പ്പി​ക്കാ​തെ അത്‌ ഒരുവനെ കാർന്നു​തി​ന്നു​ന്നു” എന്നും അതു പറയുന്നു. അഹങ്കാ​രി​യായ ഒരുവ​നോട്‌ ഒപ്പം ആയിരി​ക്കു​ന്നത്‌ ആർക്കും സുഖക​ര​മാ​യി തോന്നാ​ത്ത​തിൽ അത്ഭുത​പ്പെ​ടാ​നു​ണ്ടോ? അഹങ്കാ​ര​ത്തി​നു മിക്ക​പ്പോ​ഴും ഒടു​ക്കേ​ണ്ടി​വ​രുന്ന ഒരു വിലയാണ്‌ യഥാർഥ സുഹൃ​ത്തു​ക്ക​ളു​ടെ അഭാവം. അതേ പുസ്‌തകം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “നേരേ​മ​റിച്ച്‌, താഴ്‌മ​യു​ള്ള​വരെ—താഴ്‌മ​യു​ണ്ടെന്ന്‌ അഭിമാ​നി​ക്കു​ന്ന​വരെ അല്ല മറിച്ച്‌ യഥാർഥ താഴ്‌മ​യു​ള്ള​വരെ—ആളുകൾ സ്‌നേ​ഹി​ക്കു​ന്നു.” ബൈബിൾ സമുചി​ത​മാ​യി ഇങ്ങനെ പറയുന്നു: “മമനു​ഷ്യ​ന്റെ അഹങ്കാരം അയാൾക്കു ലജ്ജ വരുത്തു​ന്നു, താഴ്‌മ പ്രകട​മാ​ക്കു​ന്ന​വ​നോ ബഹുമതി നേടും.”—സദൃശ​വാ​ക്യ​ങ്ങൾ 29:23, ദ ജെറു​സ​ലേം ബൈബിൾ.

എന്നാൽ അഹങ്കാരം മനുഷ്യ​രിൽ നിന്നുള്ള സൗഹൃ​ദ​ത്തെ​യോ ബഹുമാ​ന​ത്തെ​യോ ബാധി​ക്കു​ന്ന​തി​ലു​പരി, ദൈവ​വു​മാ​യുള്ള ഒരുവന്റെ ബന്ധത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ? ദൈവം അഹങ്കാ​രി​കളെ, ഗർവി​ഷ്‌ഠരെ, ധിക്കാ​രി​കളെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? ഒരുവൻ അഹങ്കാ​രി​യാ​ണോ അതോ താഴ്‌മ​യു​ള്ള​വ​നാ​ണോ എന്നതിനു ദൈവം പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു​വോ?

താഴ്‌മ​യു​ടെ ഒരു പാഠം

സദൃശ​വാ​ക്യ​ങ്ങ​ളു​ടെ നിശ്വസ്‌ത എഴുത്തു​കാ​രൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “നാശത്തി​നു മുമ്പെ ഗർവ്വം [“അഹങ്കാരം, NW]; വീഴ്‌ചക്കു മുമ്പെ ഉന്നതഭാ​വം. ഗർവ്വി​ക​ളോ​ടു​കൂ​ടെ കവർച്ച പങ്കിടു​ന്ന​തി​നെ​ക്കാൾ താഴ്‌മ​യു​ള്ള​വ​രോ​ടു​കൂ​ടെ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കു​ന്നതു നല്ലതു.” (സദൃശ​വാ​ക്യ​ങ്ങൾ 16:18, 19) ഈ വാക്കു​ക​ളി​ലെ ജ്ഞാനം, ഇസ്രാ​യേ​ല്യ​നായ എലീശാ പ്രവാ​ച​കന്റെ കാലത്തു ജീവി​ച്ചി​രുന്ന സിറിയൻ ജനറലായ നയമാന്റെ കേസിൽ നന്നായി സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

നയമാൻ ഒരു കുഷ്‌ഠ​രോ​ഗി ആയിരു​ന്നു. സൗഖ്യം തേടി അവൻ ശമര്യ​യി​ലേക്കു പോയി. എലീശാ തന്നെ നേരിട്ടു കാണാൻ വരു​മെന്ന്‌ അവൻ കരുതി. എന്നാൽ പ്രവാ​ചകൻ തന്റെ ദാസനെ അയച്ച്‌ നയമാ​നോട്‌ യോർദാൻ നദിയിൽ ഏഴു പ്രാവ​ശ്യം കുളി​ക്കാൻ നിർദേ​ശി​ച്ചു. തന്നോ​ടുള്ള പെരു​മാ​റ്റ​ത്തി​ലും ലഭിച്ച ഉപദേ​ശ​ത്തി​ലും നയമാൻ നീരസം​കൊ​ണ്ടു. ദാസനെ അയയ്‌ക്കു​ന്ന​തി​നു പകരം പ്രവാ​ച​കനു പുറത്തു​വന്ന്‌ അവനോ​ടു വ്യക്തി​പ​ര​മാ​യി സംസാ​രി​ക്കാ​മാ​യി​രു​ന്നി​ല്ലേ? കൂടാതെ, സിറി​യ​യി​ലെ ഏതൊരു നദിയും തീർച്ച​യാ​യും യോർദാ​നു തുല്യ​മാ​യി​രു​ന്നു! അഹങ്കാ​ര​മാ​യി​രു​ന്നു അവന്റെ പ്രശ്‌നം. ഫലമോ? സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ജ്ഞാനപൂർവ​ക​മായ ഉപദേശം അവൻ അനുസ​രി​ച്ചു. “അപ്പോൾ അവൻ ചെന്നു ദൈവ​പു​രു​ഷന്റെ വചന​പ്ര​കാ​രം യോർദ്ദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം​പോ​ലെ ആയി; അവൻ ശുദ്ധനാ​യ്‌തീർന്നു.”—2 രാജാ​ക്ക​ന്മാർ 5:14.

താഴ്‌മ​യു​ടെ ചെറി​യൊ​രു പ്രകടനം ചില​പ്പോൾ വലിയ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു.

അഹങ്കാ​ര​ത്തി​ന്റെ വില

എന്നാൽ അഹങ്കാ​ര​ത്തി​നു നാം ഒടു​ക്കേ​ണ്ടി​വ​രുന്ന വില കേവലം ചില പ്രയോ​ജ​ന​ങ്ങ​ളോ നേട്ടങ്ങ​ളോ നഷ്ടപ്പെ​ടു​ന്ന​തി​നെ​ക്കാൾ വളരെ വലുത്‌ ആയിരി​ക്കാ​വു​ന്ന​താണ്‌. “മിക്ക​പ്പോ​ഴും ശിക്ഷാ​വി​ധി​യിൽ കലാശി​ക്കുന്ന കടുത്ത അഹങ്കാ​ര​മോ അമിത ആത്മവി​ശ്വാ​സ​മോ” എന്നു നിർവ​ചി​ക്കാ​വുന്ന മറ്റൊരു അളവി​ലുള്ള അഹങ്കാ​ര​മുണ്ട്‌. (വെബ്‌സ്‌റേ​റ​ഴ്‌സ്‌ നയന്ത്‌ ന്യൂ കൊളീ​ജി​യ​ററ്‌ ഡിക്‌ഷ്‌ണറി) ഗ്രീക്കു പണ്ഡിത​നായ വില്യം ബാർക്ലേ പറയു​ന്നത്‌ അനുസ​രിച്ച്‌, അത്‌ “അഹങ്കാ​ര​വും ക്രൂര​ത​യും കൂടി​ച്ചേർന്ന​താണ്‌. . . . സഹമനു​ഷ്യ​നെ അവമതി​ക്കാൻ ഒരുവനെ പ്രേരി​പ്പി​ക്കുന്ന ധിക്കാ​ര​പൂർവ​മായ പുച്ഛമാ​ണത്‌.”

ഇത്തരത്തി​ലു​ള്ള കടുത്ത അഹങ്കാ​ര​ത്തി​ന്റെ വ്യക്തമായ ഒരു ദൃഷ്ടാന്തം ബൈബി​ളിൽ ഉണ്ട്‌. അമ്മോന്യ രാജാ​വായ ഹാനൂ​ന്റേ​താണ്‌ അത്‌. തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌തകം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “നാഹാശ്‌ തന്നോടു കാണിച്ച സ്‌നേ​ഹദയ നിമിത്തം, ഹാനൂനെ അവന്റെ പിതാ​വി​ന്റെ മരണത്തിൽ ആശ്വസി​പ്പി​ക്കാൻ ദാവീദ്‌ ദൂതന്മാ​രെ അയച്ചു. എന്നാൽ, നഗരം ഒറ്റു​നോ​ക്കാ​നുള്ള ദാവീ​ദി​ന്റെ വെറു​മൊ​രു അടവാണ്‌ ഇതെന്ന തന്റെ പ്രഭു​ക്ക​ന്മാ​രു​ടെ വാക്കു വിശ്വ​സിച്ച ഹാനൂൻ ദാവീ​ദി​ന്റെ ഭൃത്യ​ന്മാ​രു​ടെ താടി പാതി ചിരപ്പി​ച്ചു അവരുടെ അങ്കികളെ നടുവിൽ ആസനം​വരെ മുറി​പ്പിച്ച്‌ പറഞ്ഞയ​ച്ചു​കൊണ്ട്‌ അവരെ അവഹേ​ളി​ച്ചു.” a ഈ സംഭവത്തെ കുറിച്ച്‌ ബാർക്ലേ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ആ പെരു​മാ​റ്റം [കടുത്ത അഹങ്കാരം] ആയിരു​ന്നു. അത്‌ അധി​ക്ഷേ​പ​വും കടുത്ത ദ്രോ​ഹ​വും പരസ്യ​മായ അവമതി​ക്ക​ലും എല്ലാം കൂടി​ച്ചേർന്ന​താ​യി​രു​ന്നു.”—2 ശമൂവേൽ 10:1-5.

അതേ, കടുത്ത അഹങ്കാ​ര​വും ധിക്കാരം കാട്ടലും മറ്റുള്ള​വരെ അവമതി​ക്ക​ലും ഒക്കെ അഹങ്കാ​രി​യു​ടെ സ്വഭാ​വ​മാണ്‌. നിർദയം, മനുഷ്യ​ത്വ​ര​ഹി​ത​മാ​യി ഒരുവനെ വ്രണ​പ്പെ​ടു​ത്തു​ന്നത്‌ അയാൾ ആസ്വദി​ക്കു​ന്നു. എന്നിട്ട്‌ മറ്റേ വ്യക്തി​യു​ടെ ക്ലേശത്തി​ലും അപമാ​ന​ത്തി​ലും അയാൾ വന്യമാ​യി ആഹ്ലാദി​ക്കു​ന്നു. പക്ഷേ, ഒരുവന്റെ ആത്മാഭി​മാ​ന​ത്തി​നു തുരങ്കം വെക്കു​ക​യോ അതിനെ നശിപ്പി​ക്കു​ക​യോ ചെയ്യു​ന്നത്‌ ഇരുവാ​യ്‌ത്ത​ല​യുള്ള വാളു​പോ​ലെ​യാണ്‌. അത്‌ ഒരു സുഹൃ​ത്തി​നെ നഷ്ടമാ​ക്കു​ക​യും മിക്ക​പ്പോ​ഴും ഒരു ശത്രു​വി​നെ സൃഷ്ടി​ക്കു​ക​യും ചെയ്യുന്നു.

‘അയൽക്കാ​രനെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം’ എന്നു തന്റെ യജമാനൻ കൽപ്പി​ച്ചി​രി​ക്കു​മ്പോൾ, എങ്ങനെ​യാണ്‌ ഒരു യഥാർഥ ക്രിസ്‌ത്യാ​നിക്ക്‌ അത്തരം ഉപദ്ര​വ​ക​ര​മായ അഹങ്കാരം പ്രകടി​പ്പി​ക്കാ​നാ​വുക? (മത്തായി 7:12; 22:39, NW) ദൈവ​വും ക്രിസ്‌തു​വും എന്തിനു​വേ​ണ്ടി​യൊ​ക്കെ നില​കൊ​ള്ളു​ന്നു​വോ അവയ്‌ക്കെ​ല്ലാം നേരേ എതിരാ​ണത്‌. ഇതിന്റെ അടിസ്ഥാ​ന​ത്തിൽ ബാർക്ലേ ഈ ഗൗരവാ​വ​ഹ​മായ അഭി​പ്രായ പ്രകടനം നടത്തുന്നു: “ദൈവത്തെ വെല്ലു​വി​ളി​ക്കാൻ ഒരുവനെ പ്രേരി​പ്പി​ക്കുന്ന അഹങ്കാ​ര​മാണ്‌” അത്‌. “യഹോവ ഇല്ല” എന്നു പറയുന്ന അഹങ്കാ​രം​തന്നെ. (സങ്കീർത്തനം 14:1, NW) അല്ലെങ്കിൽ അതു സങ്കീർത്തനം 10:4 (NW) പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നതു പോ​ലെ​യാണ്‌: “ദുഷ്ടൻ തന്റെ കടുത്ത അഹങ്കാ​ര​ത്താൽ അന്വേ​ഷി​ക്കു​ന്നില്ല; അയാളു​ടെ ആശയം ഒക്കെയും ‘ദൈവം ഇല്ല’ എന്നാണ്‌.” അത്തരം അഹങ്കാരം അഥവാ ഗർവ്‌ സുഹൃ​ത്തു​ക്ക​ളിൽനി​ന്നും ബന്ധുക്ക​ളിൽനി​ന്നും മാത്രമല്ല ദൈവ​ത്തിൽനി​ന്നും ഒരുവനെ അകറ്റുന്നു. എന്തൊരു വിലയാണ്‌ ഒടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നത്‌!

അഹങ്കാരം നിങ്ങളെ കാർന്നു തിന്നാൻ അനുവ​ദി​ക്ക​രുത്‌

ദേശീ​യ​ത​യിൽനി​ന്നു​ള്ളത്‌, വർഗീ​യ​ശ്രേ​ഷ്‌ഠതാ വാദത്തിൽനി​ന്നു​ള്ളത്‌, സാമൂ​ഹിക നിലവാ​രം, ജാതി വ്യത്യാ​സം എന്നിവ​യിൽനി​ന്നു​ള്ളത്‌, വിദ്യാ​ഭ്യാ​സം, സമ്പത്ത്‌, പ്രശസ്‌തി, അധികാ​രം എന്നിവ​യിൽനി​ന്നു​ള്ളത്‌, എന്നിങ്ങനെ അഹങ്കാ​ര​ത്തിന്‌ അനേകം മുഖങ്ങൾ ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങളിൽ നുഴഞ്ഞു​ക​യറി നിങ്ങളു​ടെ വ്യക്തി​ത്വ​ത്തെ കാർന്നു തിന്നാൻ അഹങ്കാ​ര​ത്തി​നു സാധി​ക്കും.

മേധാ​വി​ക​ളോ​ടോ സമന്മാ​രോ​ടു പോലു​മോ ഇടപെ​ടു​മ്പോൾ മിക്കവ​രും താഴ്‌മ ഉള്ളവരാ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ, പ്രത്യ​ക്ഷ​ത്തിൽ താഴ്‌മ​യുള്ള ഒരു വ്യക്തി ഒരു അധികാര സ്ഥാനത്ത്‌ എത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? പെട്ടെന്ന്‌ അയാൾ താഴ്‌ന്ന പടിയി​ലു​ള്ള​വ​രാ​യി പരിഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ജീവിതം ദുസ്സഹ​മാ​ക്കുന്ന ഒരു സ്വേച്‌ഛാ​ധി​പ​തി​യാ​യി മാറുന്നു! അധികാ​രത്തെ സൂചി​പ്പി​ക്കുന്ന ഒരു യൂണി​ഫാ​റ​മോ ബാഡ്‌ജോ ധരിക്കു​മ്പോൾ ചിലർക്ക്‌ ഇതു സംഭവി​ച്ചേ​ക്കാം. പൊതു​ജ​നങ്ങൾ തങ്ങളെ സേവി​ക്കാ​നു​ള്ള​വ​രാണ്‌, അല്ലാതെ തങ്ങൾ അവരെ സേവി​ക്കാ​നു​ള്ള​വരല്ല എന്നു ചിന്തി​ച്ചു​കൊണ്ട്‌ ഗവൺമെന്റ്‌ ജോലി​ക്കാർ പോലും പൊതു​ജ​ന​ങ്ങ​ളോട്‌ അഹങ്കാ​ര​പൂർവം ഇടപെ​ട്ടേ​ക്കാം. അഹങ്കാ​ര​ത്തി​നു നിങ്ങളെ പരുഷ​നും നിർദ​യ​നും ആക്കാൻ കഴിയും. എന്നാൽ താഴ്‌മ​യ്‌ക്ക്‌ നിങ്ങളെ ദയാലു​വാ​ക്കാൻ കഴിയും.

യേശു​വി​നു തന്റെ ശിഷ്യ​ന്മാ​രോട്‌ അഹങ്കാ​ര​പൂർവ​മോ പരുഷ​മാ​യോ ഇടപെ​ടാൻ കഴിയു​മാ​യി​രു​ന്നു. ഒരു പൂർണ മനുഷ്യ​നും ദൈവ​പു​ത്ര​നും ആയിരുന്ന അവൻ, ആലോചന കൂടാതെ എടുത്തു​ചാ​ടി പ്രവർത്തി​ച്ചി​രുന്ന അപൂർണ​രായ അനുഗാ​മി​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ഇടപെ​ട്ടി​രു​ന്നത്‌. പക്ഷേ, തന്നെ ശ്രദ്ധി​ച്ച​വർക്ക്‌ അവൻ എന്തു ക്ഷണമാണു നീട്ടി​ക്കൊ​ടു​ത്തത്‌? “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും. ഞാൻ സൌമ്യ​ത​യും താഴ്‌മ​യും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററു​കൊ​ണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളു​ടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദു​വും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.

യേശു​വി​ന്റെ മാതൃക പിൻപ​റ്റാൻ നാം എല്ലായ്‌പോ​ഴും ശ്രമി​ക്കു​ന്നു​ണ്ടോ? അതോ, നാം പരുഷ​രും വഴക്കമി​ല്ലാ​ത്ത​വ​രും സ്വേച്ഛാ​ധി​പ​തി​ക​ളും നിർദ​യ​രും അഹങ്കാ​രി​ക​ളും ആണോ? യേശു​വി​നെ പോലെ, നവോ​ന്മേഷം പകരാൻ ശ്രമി​ക്കുക, അടിച്ച​മർത്താ​നല്ല. അഹങ്കാ​ര​ത്തി​ന്റെ കാർന്നു​തി​ന്നുന്ന ഫലത്തെ ചെറുത്തു നിൽക്കുക.

മേൽപ്ര​സ്‌താ​വി​ച്ച​തി​ന്റെ അർഥം ആത്മാഭി​മാ​നം ഉണ്ടായി​രി​ക്കു​ന്നതു തെറ്റാ​ണെ​ന്നാ​ണോ?

ആത്മാഭി​മാ​നം ദുരഭി​മാ​ന​ത്തി​നു വിരുദ്ധം

നിങ്ങ​ളോ​ടു​തന്നെ ഒരളവു​വ​രെ​യുള്ള ആദരവ്‌ ഉണ്ടായി​രി​ക്കു​ന്നത്‌ ന്യായ​യു​ക്ത​വും നീതീ​ക​രി​ക്ക​ത്ത​ക്ക​തു​മാണ്‌. മറ്റുള്ളവർ നിങ്ങളെ കുറിച്ച്‌ എന്തു ചിന്തി​ക്കു​ന്നു എന്നതിനു നിങ്ങൾ ശ്രദ്ധ കൊടു​ക്കു​ന്നു എന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. നിങ്ങളു​ടെ ആകാര​ത്തി​നും ഖ്യാതി​ക്കും നിങ്ങൾ ശ്രദ്ധ നൽകുന്നു. “നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ ആരാ​ണെന്നു പറഞ്ഞാൽ നിങ്ങൾ ആരാ​ണെന്നു പറയാം” എന്ന സ്‌പാ​നിഷ്‌ പഴമൊ​ഴി സത്യമാണ്‌. അടുക്കും ചിട്ടയു​മി​ല്ലാത്ത, അലസരായ, സംസ്‌കാ​ര​മി​ല്ലാത്ത, അസഭ്യം പുലമ്പുന്ന ആളുക​ളോ​ടൊ​പ്പം സഹവസി​ക്കാ​നാ​ണു നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നത്‌ എങ്കിൽ നിങ്ങളും അവരെ​പ്പോ​ലെ ആയിത്തീ​രും. അവരുടെ മനോ​ഭാ​വങ്ങൾ നിങ്ങളെ ബാധി​ക്കും. അവരെ​പ്പോ​ലെ നിങ്ങൾക്കും ആത്മാഭി​മാ​നം നഷ്ടപ്പെ​ടും.

തീർച്ച​യാ​യും അഭിമാ​ന​ത്തിന്‌ അതിരു​കടന്ന ഒരു വശമുണ്ട്‌, അതാണു ദുരഭി​മാ​ന​ത്തി​ലേക്കു നയിക്കുന്ന അഭിമാ​നം. യേശു​വി​ന്റെ നാളിലെ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും തങ്ങളുടെ പാരമ്പ​ര്യ​ത്തി​ലും തങ്ങൾക്ക്‌ ഉണ്ടെന്ന്‌ അവർ നടിച്ചി​രുന്ന അമിത മതഭക്തി​യി​ലും അഭിമാ​നം കൊണ്ടി​രു​ന്നു. യേശു അവരെ കുറിച്ച്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “അവർ തങ്ങളുടെ പ്രവൃ​ത്തി​കൾ എല്ലാം മനുഷ്യർ കാണേ​ണ്ട​തി​ന്ന​ത്രേ ചെയ്യു​ന്നതു; [വളരെ ഭക്തരാ​ണെന്നു കാണി​ക്കാൻ] തങ്ങളുടെ മന്ത്രപ്പട്ട വീതി​യാ​ക്കി തൊങ്ങൽ വലുതാ​ക്കു​ന്നു. അത്താഴ​ത്തിൽ പ്രധാ​ന​സ്ഥ​ല​വും പള്ളിയിൽ മുഖ്യാ​സ​ന​വും അങ്ങാടി​യിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളി​ക്കു​ന്ന​തും അവർക്കു പ്രിയ​മാ​കു​ന്നു.”—മത്തായി 23:5-7.

അതു​കൊണ്ട്‌, ന്യായ​മായ ആത്മാഭി​മാ​നം സമനി​ല​യുള്ള ഒരു മനോ​ഭാ​വ​മാണ്‌. യഹോവ കാണു​ന്നതു ഹൃദയ​ത്തെ​യാണ്‌, മറിച്ച്‌ ബാഹ്യ​മാ​യി കാണ​പ്പെ​ടു​ന്ന​തി​നെ അല്ല എന്നും ഓർമി​ക്കുക. (1 ശമൂവേൽ 16:7; യിരെ​മ്യാ​വു 17:10) ആത്മനീതി ദൈവ​നീ​തി​യല്ല. എന്നാൽ ഇപ്പോൾ ചോദ്യ​മി​താണ്‌, നമുക്ക്‌ എങ്ങനെ യഥാർഥ താഴ്‌മ നട്ടുവ​ളർത്താ​നും അഹങ്കാ​ര​ത്തി​ന്റെ വലിയ വില ഒടുക്കു​ന്നത്‌ ഒഴിവാ​ക്കാ​നും കഴിയും?

[അടിക്കു​റി​പ്പു​കൾ]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[4-ാം പേജിലെ ചിത്രം]

താഴ്‌മയുടെ ചെറി​യൊ​രു പ്രകടനം നയമാന്‌ വലിയ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തി