നിങ്ങൾക്ക് എങ്ങനെ യഥാർഥ താഴ്മ പ്രകടമാക്കാം?
നിങ്ങൾക്ക് എങ്ങനെ യഥാർഥ താഴ്മ പ്രകടമാക്കാം?
ദൈവത്തിന്റെ ദൃഷ്ടിയിൽ യഥാർഥ താഴ്മയ്ക്കു വലിയ മൂല്യമുണ്ട്. യാക്കോബ് ഇങ്ങനെ എഴുതി: “ദൈവം നിഗളികളോടു എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.” (യാക്കോബ് 4:6) ഇവിടെ യാക്കോബ് എബ്രായ തിരുവെഴുത്തുകളിൽ അവതരിപ്പിച്ചിരിക്കുന്ന നിരവധി ആശയങ്ങളെ പരോക്ഷമായി പരാമർശിക്കുക ആയിരുന്നിരിക്കാം. “യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.” “മനുഷ്യരുടെ നിഗളിച്ച കണ്ണുതാഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” “പരിഹാസികളെ [ദൈവം] പരിഹസിക്കുന്നു; എളിയവർക്കോ അവൻ കൃപ നല്കുന്നു.”—സങ്കീർത്തനം 138:6; യെശയ്യാവു 2:11; സദൃശവാക്യങ്ങൾ 3:34.
പത്രൊസ് അപ്പൊസ്തലനും താഴ്മ പ്രകടമാക്കാൻ പ്രോത്സാഹിപ്പിച്ചു. അവൻ എഴുതി: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.”—1 പത്രൊസ് 5:5.
താഴ്മ സംബന്ധിച്ച ക്രിസ്തുവിന്റെ ദൃഷ്ടാന്തം
നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, താഴ്മയുള്ളവർ ആയിരിക്കുന്നതിൽ എന്തു നന്മ അല്ലെങ്കിൽ പ്രയോജനം ആണ് ഉള്ളത്? യഥാർഥ ക്രിസ്ത്യാനി ആയിരിക്കാൻ ശ്രമിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ഉത്തരം മൗലികമാണ്—താഴ്മ ഉണ്ടായിരിക്കുക എന്നാൽ ക്രിസ്തുവിനെപ്പോലെ ആയിരിക്കുക എന്നാണ്. സ്വർഗീയ മണ്ഡലത്തിൽ നിന്നു ഭൂമിയിൽ വന്ന് ദൂതന്മാരെക്കാൾ താഴ്ന്ന വെറുമൊരു മനുഷ്യൻ ആയിത്തീരാനുള്ള അസാധാരണ നിയമനം സ്വീകരിച്ചുകൊണ്ട് യേശു തന്റെ താഴ്മ പ്രകടമാക്കി. (എബ്രായർ 2:7) അവൻ ദൈവപുത്രൻ ആയിരുന്നെങ്കിലും അവന്റെ മതശത്രുക്കൾ അവന്റെ മേൽ കുന്നിച്ച അപമാനങ്ങൾ അവൻ സഹിച്ചു. അസംഖ്യം വരുന്ന ദൂത ഗണങ്ങളെ വിളിച്ചു വരുത്താൻ കഴിയുമായിരുന്നിട്ടും തന്റെ പരിശോധനകളുടെ സമയത്ത് അവൻ അക്ഷോഭ്യനായി നിലകൊണ്ടു.—മത്തായി 26:53.
ഒടുവിൽ, ദണ്ഡന സ്തംഭത്തിൽ നിന്ദിതനായി തൂക്കപ്പെട്ടിട്ടും യേശു തന്റെ പിതാവിനോടു വിശ്വസ്തനായി തുടർന്നു. അതുകൊണ്ട് അവനെ കുറിച്ചു പൗലൊസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ക്രിസ്തുയേശുവിലുമുണ്ടായിരുന്ന ഈ മാനസികഭാവം നിങ്ങളിൽ നിലനിർത്തുക, അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്യുകയായിരുന്നിട്ടും ദൈവത്തോടു സമനാകേണ്ടതിന് ഒരു പിടിച്ചെടുക്കലിനു പരിഗണന കൊടുത്തില്ല. ഇല്ല, എന്നാൽ അവൻ തന്നെത്താൻ ശൂന്യമാക്കി ഒരു ദാസരൂപമെടുത്തു മമനുഷ്യന്റെ സാദൃശ്യത്തിലായിത്തീർന്നു. അതിലുപരി, അവൻ മനുഷ്യ രൂപത്തിൽ ആയപ്പോൾ, അവൻ തന്നെത്തന്നെ താഴ്ത്തി മരണത്തോളം, അതേ ഒരു ദണ്ഡന സ്തംഭത്തിലെ മരണത്തോളം അനുസരണം ഉള്ളവനായിത്തീർന്നു.”—ഫിലിപ്പിയർ 2:5-8, NW.
അതുകൊണ്ടു നമുക്ക് എങ്ങനെയാണു യഥാർഥ താഴ്മ പ്രകടമാക്കാൻ കഴിയുക? പ്രായോഗിക ജീവിതത്തിൽ, അഹങ്കാരത്തോടെയല്ല മറിച്ചു താഴ്മയോടെ നമുക്ക് എങ്ങനെ പ്രതികരിക്കാൻ കഴിയും?
താഴ്മയുള്ള ഒരുവൻ പ്രതികരിക്കുന്ന വിധം
താഴ്മയെ നാം ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനത്തിന്റെ—അതു തൊഴിലോ ക്രിസ്തീയ സേവനമോ ആയിരുന്നുകൊള്ളട്ടെ—പശ്ചാത്തലത്തിൽ പരിചിന്തിക്കാം. ഒരു ജോലി വിജയപ്രദമായി നിർവഹിക്കാൻ മേൽവിചാരകന്മാരോ മാനേജർമാരോ സൂപ്പർവൈസർമാരോ ആവശ്യമായിരിക്കാം. ആരെങ്കിലും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അപ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ ഇങ്ങനെ ചിന്തിക്കുമോ, “എന്തു ചെയ്യണമെന്ന് എന്നോടു പറയാൻ അയാൾ ആരാണ്? ഞാൻ അയാളെക്കാൾ ഏറെ വർഷം ഇവിടെ ജോലി ചെയ്തിട്ടുണ്ട്.” നിങ്ങൾ അഹങ്കാരി ആണെങ്കിൽ, കീഴ്പെട്ടിരിക്കേണ്ടി വരുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. നേരേമറിച്ച്, താഴ്മയുള്ള ഒരുവൻ ‘ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണും.’—ഫിലിപ്പിയർ 2:3.
നിങ്ങളെക്കാൾ പ്രായം കുറഞ്ഞ ഒരാളോ ഒരു സ്ത്രീയോ ഒരു നിർദേശം വയ്ക്കുമ്പോൾ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുക? നിങ്ങൾക്കു താഴ്മയുണ്ടെങ്കിൽ നിങ്ങൾ അതു പരിശോധിക്കുകയെങ്കിലും ചെയ്യും. നിങ്ങൾ അഹങ്കാരി ആണെങ്കിൽ, നിങ്ങൾ അതിൽ നീരസപ്പെടുകയോ ഉടനടി അതു നിരസിക്കുകയോ ചെയ്യും. എന്തായിരിക്കും നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുക, നിങ്ങളെ നാശത്തിലേക്കു നയിക്കുന്ന പ്രശംസയും മുഖസ്തുതിയുമാണോ അതോ നിങ്ങളെ പരിപുഷ്ടിപ്പെടുത്തുന്ന ആരോഗ്യപ്രദമായ ബുദ്ധ്യുപദേശമാണോ?—സദൃശവാക്യങ്ങൾ 27:9, NW; 29:5.
പ്രതികൂലസ്ഥിതി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ നിങ്ങൾക്കു കഴിയുമോ? ഇയ്യോബിനെ പോലെ, പ്രയാസ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും സഹിക്കാനും താഴ്മ നിങ്ങളെ സഹായിക്കും. നിങ്ങൾ അഹങ്കാരിയാണെങ്കിൽ, വേദനാജനകമായ സാഹചര്യങ്ങൾ ഉടലെടുക്കുകയോ അവഗണിക്കപ്പെട്ടതായി തോന്നുകയോ ചെയ്യുമ്പോൾ നിരാശപ്പെടാനോ മത്സരിക്കാൻ പോലുമോ നിങ്ങൾ പ്രവണത കാട്ടും.—താഴ്മ സ്നേഹപൂർണവും ക്ഷമിക്കുന്നതുമാണ്
“ക്ഷമിക്കണം. എനിക്കു തെറ്റു പറ്റി. നിങ്ങൾ പറഞ്ഞതാണു ശരി,” എന്നൊക്കെ പറയാൻ ചിലർക്കു ബുദ്ധിമുട്ടാണ്. എന്തുകൊണ്ട്? തികഞ്ഞ അഹങ്കാരം! എന്നാൽ, ആത്മാർഥമായ ഒരു ഖേദപ്രകടനം ഒട്ടുമിക്കപ്പോഴും വൈവാഹിക തർക്കങ്ങൾ എളുപ്പം അവസാനിപ്പിച്ചേക്കാം.
ഒരുവൻ നിങ്ങളെ വ്രണപ്പെടുത്തുമ്പോൾ ക്ഷമിക്കാൻ നിങ്ങൾ സന്നദ്ധനാണോ? അതോ, കുറ്റക്കാരനെന്ന് നിങ്ങൾ വിചാരിക്കുന്ന വ്യക്തിയോടു സംസാരിക്കാൻ കൂട്ടാക്കാതെ ഒരുപക്ഷേ ദിവസങ്ങളോ മാസങ്ങളോ പോലും അഹങ്കാരം നിമിത്തം നിങ്ങൾ നീരസം വെച്ചുപുലർത്തുമോ? തക്ക പ്രതികാരം ചെയ്യാനുള്ള ശ്രമത്തിൽ നിങ്ങൾ പക വെച്ചുകൊണ്ടിരിക്കുക പോലും ചെയ്യുമോ? പകയുടെ ഫലമായി ആളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ചില കേസുകളിൽ, സ്വഭാവഹത്യ ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, താഴ്മയുള്ള വ്യക്തി സ്നേഹവും ക്ഷമാശീലവും ഉള്ളവനാണ്. എന്തുകൊണ്ട്? കാരണം സ്നേഹം വ്രണപ്പെടുത്തലിന്റെ കണക്കു സൂക്ഷിക്കുന്നില്ല. ഇസ്രായേല്യർ തങ്ങളുടെ അഹങ്കാരം ഉപേക്ഷിക്കുന്ന പക്ഷം അവരോടു ക്ഷമിക്കാൻ യഹോവ സന്നദ്ധനായിരുന്നു. യേശുവിന്റെ താഴ്മയുള്ള അനുഗാമി ക്ഷമിക്കാൻ സന്നദ്ധനാണ്, ആവർത്തിച്ചുപോലും!—യോവേൽ 2:12-14; മത്തായി 18:21, 22; 1 കൊരിന്ത്യർ 13:5.
താഴ്മയുള്ള വ്യക്തി ‘മറ്റുള്ളവരോടു ബഹുമാനം കാണിക്കുന്നതിൽ മുൻകൈ എടുക്കുന്നു.’ (റോമർ 12:10, NW) ന്യൂ ഇൻഡ്യ ബൈബിൾ വേർഷനിൽ അത് ഇങ്ങനെ വായിക്കപ്പെടുന്നു: “തങ്ങളേക്കാൾ അധികം മറ്റുള്ളവരെ ബഹുമാനിക്കുവിൻ.” നിങ്ങൾ മറ്റുള്ളവരെ പ്രശംസിക്കുകയും അവരുടെ പ്രാപ്തികളെയും വാസനകളെയും വിലമതിക്കുകയും ചെയ്യാറുണ്ടോ? അതോ, അവരുടെ സത്പേരിനു കളങ്കം ചാർത്തുന്ന ഒരു ന്യൂനതയാണോ നിങ്ങൾ എപ്പോഴും കണ്ടെത്തുന്നത്? അതേ, മറ്റുള്ളവരെ ആത്മാർഥമായി പ്രശംസിക്കാൻ നിങ്ങൾക്കാവുമോ? ഇക്കാര്യത്തിൽ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ, ഒരുപക്ഷേ വ്യക്തിപരമായ അരക്ഷിതബോധവും അഹങ്കാരവും ആയിരിക്കാം നിങ്ങളുടെ പ്രശ്നം.
അഹങ്കാരി അക്ഷമനാണ്. താഴ്മയുള്ളവൻ സഹിഷ്ണുതയും ദീർഘക്ഷമയും ഉള്ളവനാണ്. നിങ്ങളോ? അസുഖകരമായി തോന്നുന്ന ഏതു പെരുമാറ്റവും നിങ്ങളെ അലോസരപ്പെടുത്തുമോ? അത്തരം പ്രതികരണം ദീർഘക്ഷമയ്ക്കു നേർ വിപരീതമാണ്. നിങ്ങൾക്കു താഴ്മ ഉണ്ടെങ്കിൽ, നിങ്ങൾ നിങ്ങളെത്തന്നെ വളരെ ഗൗരവമായി എടുക്കില്ല. യേശുവിന്റെ ശിഷ്യന്മാർ തങ്ങളെത്തന്നെ വളരെ ഗൗരവമായി എടുത്തപ്പോൾ എന്തു സംഭവിച്ചെന്ന് ഓർമിക്കുക—ആരായിരിക്കണം ഏറ്റം പ്രധാനി എന്നതിനെ കുറിച്ച് അവർക്കിടയിൽ ചൂടുപിടിച്ച തർക്കമുണ്ടായി. തങ്ങൾ എല്ലാവരും “പ്രയോജനം ഇല്ലാത്ത ദാസന്മാർ” ആണെന്നുള്ളത് അവർ മറന്നുപോയി!—ലൂക്കൊസ് 17:10; 22:24; മർക്കൊസ് 10:35-37, 41.
ഫ്രഞ്ച് എഴുത്തുകാരനായ വോൾട്ടയർ താഴ്മയെ “ആത്മാവിന്റെ വിനയം” എന്നും “അഹങ്കാരത്തിന്റെ മറുമരുന്ന്” എന്നും വർണിച്ചു. അതേ, താഴ്മ മനസ്സിന്റെ എളിമയാണ്. താഴ്മയുള്ളവൻ വിനീത മനോഭാവമുള്ളവനാണ്, അഹങ്കാരിയല്ല. അയാൾ ആഴമായ ആദരവും മര്യാദയും ഉള്ളവനാണ്.
താഴ്മയുള്ളവർ ആയിരിക്കാൻ പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്? എന്തെന്നാൽ താഴ്മയ്ക്ക് ദൈവാംഗീകാരമുണ്ട്. അതു ദിവ്യ മാർഗദർശനം നേടാൻ നമ്മെ സഹായിക്കുന്നു. ഭാഗികമായി ദാനീയേലിന്റെ താഴ്മ നിമിത്തം യഹോവ അവനെ “ഏററവും പ്രിയനാ”യ ഒരുവനായി വീക്ഷിക്കുകയും ഒരു ദർശനവുമായി ഒരു ദൂതനെ അവന്റെ അടുക്കലേക്ക് അയയ്ക്കുകയും ചെയ്തു! (ദാനീയേൽ 9:23; 10:11, 19) താഴ്മ അനേകം പ്രതിഫലങ്ങൾ കൈവരുത്തുന്നു. അതു നിങ്ങളെ സ്നേഹിക്കുന്ന യഥാർഥ സുഹൃത്തുക്കളെ പ്രദാനം ചെയ്യുന്നു. അതിലുപരിയായി, അതു യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു. “താഴ്മെക്കും യഹോവഭക്ഷിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.”—സദൃശവാക്യങ്ങൾ 22:4.
[7-ാം പേജിലെ ചിത്രം]
താഴ്മയോടുകൂടിയ ഒരു ക്ഷമാപണ വാക്കിന് ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയും