“യഹോവ”യോ “യാഹ്വെ”യോ?
“യഹോവ”യോ “യാഹ്വെ”യോ?
“സങ്കരം,” “മിശ്രപദം,” “വിചിത്രം.” അത്തരം കടുത്ത പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ എബ്രായ ബൈബിൾ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? “യഹോവ” എന്നതു ദൈവ നാമത്തിന്റെ ശരിയായ ഇംഗ്ലീഷ് ഉച്ചാരണമാണോ എന്നതാണു പ്രശ്നം. നൂറിലധികം വർഷമായി ഈ വിവാദം കത്തിനിൽക്കുകയാണ്. ഇന്ന്, മിക്ക പണ്ഡിതന്മാർക്കും “യാഹ്വെ” എന്ന ദ്വിസ്വര നാമത്തോടാണു താത്പര്യം. എന്നാൽ “യഹോവ” എന്ന ഉച്ചാരണം വാസ്തവത്തിൽ “വിചിത്ര”മാണോ?
വിവാദത്തിന്റെ വേരുകൾ
ബൈബിൾ പറയുന്നതനുസരിച്ച്, ദൈവംതന്നെയാണു മനുഷ്യവർഗത്തിനു തന്റെ നാമം വെളിപ്പെടുത്തിയത്. (പുറപ്പാടു 3:15) ദൈവത്തിന്റെ പുരാതന ദാസന്മാർ ആ നാമം ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. (ഉല്പത്തി 12:8; രൂത്ത് 2:4) മറ്റുള്ള ജനതകൾക്കും ദൈവനാമം പരിചിതമായിരുന്നു. (യോശുവ 2:9) ബാബിലോന്യ പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാർ മറ്റ് അനേകം ജനതകളുമായി സമ്പർക്കത്തിൽ വന്നതിനുശേഷം ഇതു വിശേഷാൽ സത്യമായിരുന്നു. (സങ്കീർത്തനം 96:2-10; യെശയ്യാവു 12:4; മലാഖി 1:11) വ്യാഖ്യാതാക്കളുടെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു: “പ്രവാസാനന്തര കാലഘട്ടത്തിൽ അനേകം വിദേശീയർ യഹൂദന്മാരുടെ മതത്തിൽ ആകൃഷ്ടരായി എന്നതിനു വേണ്ടത്ര തെളിവുണ്ട്.” എന്നിരുന്നാലും, പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ദൈവനാമം സംബന്ധിച്ച് ഒരു അന്ധവിശ്വാസം വികാസം പ്രാപിച്ചു. അവസാനം, യഹൂദ ജനത ദൈവനാമം പരസ്യമായി ഉപയോഗിക്കുന്നതു നിർത്തിയെന്നു മാത്രമല്ല, അത് ഉച്ചരിക്കുന്നതുപോലും ചിലർ വിലക്കി. അങ്ങനെ അതിന്റെ ശരിയായ ഉച്ചാരണം നഷ്ടമായി എന്നു പറയപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ അത് നഷ്ടപ്പെട്ടിട്ടുണ്ടോ?
ഒരു നാമത്തിൽ എന്താണുള്ളത്?
എബ്രായ ഭാഷയിൽ ദൈവനാമം എഴുതുന്നത് יהוה എന്നാണ്. വലത്തുനിന്ന് ഇടത്തേയ്ക്കു വായിക്കുന്ന ഈ നാല് അക്ഷരങ്ങളെ സാധാരണമായി ചതുരക്ഷര ദൈവനാമം എന്നു വിളിക്കുന്നു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന അനേകം ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകളിൽ ഈ ദിവ്യനാമത്തിന്റെ ഹ്രസ്വരൂപം അടങ്ങിയിരിക്കുന്നു. അത്തരം പേരുകൾക്ക്, ദൈവനാമം ഉച്ചരിക്കപ്പെട്ടിരുന്നത് എങ്ങനെ ആയിരുന്നു എന്നതു സംബന്ധിച്ച് എന്തെങ്കിലും സൂചന നൽകാൻ കഴിയുമോ?
കഴിയും എന്നാണ് ഐക്യനാടുകളിലെ വാഷിങ്ടൺ ഡി.സി.-യിലുള്ള വെസ്ലി ദൈവശാസ്ത്ര സെമിനാരിയിലെ പ്രൊഫസറായ ജോർജ് ബുക്കാനൻ പറയുന്നത്. അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു: “പുരാതന കാലത്ത്, മാതാപിതാക്കൾ മക്കൾക്കു ദൈവനാമങ്ങൾ ചേർത്തു പേരിടുമായിരുന്നു. അതുകൊണ്ട് ദൈവനാമം ഉച്ചരിക്കപ്പെട്ട വിധത്തിൽത്തന്നെ അവർ മക്കളുടെ പേരുകൾ ഉച്ചരിച്ചിരിക്കും. ആളുകളുടെ പേരുകളിൽ ചതുരക്ഷര ദൈവനാമം ഉൾപ്പെടുത്തിയിരുന്നു. ആ നാമത്തിന്റെ മധ്യത്തിൽ സ്വരം ഉൾപ്പെടുത്തിയാണ് അവർ എല്ലായ്പോഴും ഉച്ചരിച്ചിരുന്നത്.”
ദൈവനാമത്തിന്റെ ഹ്രസ്വരൂപം ഉൾക്കൊള്ളുന്ന, ബൈബിളിലെ ഏതാനും പേരുകളുടെ ഉദാഹരണങ്ങൾ നോക്കുക. എബ്രായ ബൈബിളിൽ യോനാഥാൻ അഥവാ യഹോനാഥാൻ എന്നു പ്രത്യക്ഷപ്പെടുന്ന യോനാഥാൻ എന്ന പേരിന്റെ അർഥം “യഹോ അഥവാ യഹോവ നൽകിയിരിക്കുന്നു” എന്നാണെന്നു പ്രൊഫസർ ബുക്കാനൻ പറയുന്നു. പ്രവാചകനായ ഏലീയാവിന്റെ എബ്രായ നാമം ഏലിയാ അഥവാ ഏലീയാഹൂ എന്നാണ്. പ്രൊഫസർ ബുക്കാനൻ പറയുന്നതനുസരിച്ച് ആ പേരിന്റെ അർഥം “എന്റെ ദൈവം യാഹൂ അഥവാ യാഹൂവ ആകുന്നു” എന്നാണ്. സമാനമായി, യഹോശാഫാത്തിന്റെ എബ്രായ നാമം യഹോ-ഷാഫാത്ത് എന്നാണ്, അതിന്റെ അർഥം “യഹോ ന്യായംവിധിച്ചിരിക്കുന്നു.”
ചതുരക്ഷര ദൈവനാമം ഓരോ സ്വരങ്ങൾ വീതമുള്ള രണ്ടു വ്യഞ്ജനക്കൂട്ടങ്ങളായി യാഹ്വെ എന്നെഴുതുമ്പോൾ, ദൈവനാമത്തിന്റെ ഭാഗമായ ഒ എന്ന സ്വരാക്ഷരം അതിൽ വരുന്നില്ല. എന്നാൽ ദിവ്യനാമം ഉൾക്കൊള്ളുന്ന അനേകം ബൈബിൾ നാമങ്ങളിൽ, അവയുടെ പൂർണ രൂപത്തിലും ഹ്രസ്വ രൂപത്തിലും ഈ സ്വരം പ്രത്യക്ഷപ്പെടുന്നുണ്ടു താനും, യഹോനാഥാൻ, യോനാഥാൻ എന്നിവയിലേതുപോലെ. പ്രൊഫസർ ബുക്കാനൻ ദിവ്യനാമത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ ഊ അല്ലെങ്കിൽ ഓ എന്ന സ്വരം ഒരു സന്ദർഭത്തിലും ഒഴിവാക്കിയിരുന്നില്ല. പ്രസ്തുത നാമം ചിലപ്പോഴൊക്കെ ‘യാ’ എന്നു ചുരുക്കി എഴുതിയിരുന്നെങ്കിലും ‘യാവെ’ എന്ന് ഒരിക്കലും എഴുതിയിട്ടില്ല. . . . ചതുരക്ഷര ദൈവനാമം ഒരു സ്വരം മാത്രമുള്ള വ്യഞ്ജനക്കൂട്ടമായി ഉച്ചരിച്ചിരുന്നപ്പോൾ അത് ‘യാഹ്’ എന്നോ ‘യൊ’ എന്നോ ആയിരുന്നു. ഓരോ സ്വരങ്ങൾ വീതമുള്ള മൂന്നു വ്യഞ്ജനക്കൂട്ടങ്ങളായി ഉച്ചരിച്ചിരുന്നപ്പോൾ അത് ‘യഹോവ’ എന്നോ ‘യാഹൂവ’ എന്നോ ആയിരിക്കാനേ വഴിയുള്ളൂ. അത്
എന്നെങ്കിലും ഓരോ സ്വരങ്ങൾ വീതമുള്ള രണ്ടു വ്യഞ്ജനക്കൂട്ടങ്ങളായി ചുരുക്കി എഴുതിയിട്ടുണ്ടെങ്കിൽ അത് ‘യഹോ’ എന്നേ ആയിരിക്കുമായിരുന്നുള്ളൂ.”—ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ.ഈ പരാമർശങ്ങൾ 19-ാം നൂറ്റാണ്ടിലെ എബ്രായ പണ്ഡിതനായ ഗെസനീയസ് തന്റെ ഹീബ്രൂ ആൻഡ് ചാൽഡി ലെക്സിക്കൻ റ്റു ദ ഓൾഡ് ടെസ്റ്റമെന്റ് സ്ക്രിപ്ച്ചേഴ്സിൽ നടത്തിയിരിക്കുന്ന പ്രസ്താവന മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: “יְהוָֹה [യഹോവ] എന്നാണ് [ദൈവനാമത്തിന്റെ] യഥാർഥ ഉച്ചാരണം എന്നു കരുതുന്നവർക്കു തങ്ങളുടെ അഭിപ്രായത്തിന് അനുകൂലമായ തെളിവുണ്ട്. ഉച്ചാരണം അങ്ങനെയാണെങ്കിൽ മാത്രമേ അനേകം പേരുകളുടെ തുടക്കത്തിലുള്ള יְהוֹ [യഹോ] എന്നും יוֹ [യൊ] എന്നും ഉള്ള ഹ്രസ്വ രൂപങ്ങളെ തൃപ്തികരമായി വിശദീകരിക്കാൻ കഴിയുകയുള്ളൂ.”
എന്നാൽ, മോശയുടെ അഞ്ചു പുസ്തകങ്ങൾ (ഇംഗ്ലീഷ്) എന്ന അടുത്തയിടെ ഇറങ്ങിയ പരിഭാഷയുടെ ആമുഖത്തിൽ ഇവരറ്റ് ഫോക്സ് ഇങ്ങനെ പറയുന്നു: “[ദൈവത്തിന്റെ] എബ്രായ നാമത്തിന്റെ ‘ശരിയായ’ ഉച്ചാരണം കണ്ടെത്താൻ പണ്ടു കാലത്തും ഈയിടെയും നടന്നിട്ടുള്ള ശ്രമങ്ങൾ നിഷ്ഫലമായിരുന്നു. മാത്രവുമല്ല, ചിലരുടെ ‘യഹോവ’ എന്ന ഉച്ചാരണത്തിനും പണ്ഡിതന്മാരുടെ ‘യാഹ്വെ’ എന്ന ഉച്ചാരണത്തിനും അഖണ്ഡനീയമായ തെളിവു നിരത്താൻ കഴിയുകയില്ല.”
പണ്ഡിതന്മാരുടെ സംവാദം തുടരുകതന്നെ ചെയ്യും. മാസരിറ്റുകാർ സ്വരാക്ഷരങ്ങളുടെ ഉച്ചാരണരീതി വികസിപ്പിച്ചെടുക്കുന്നതിനു മുമ്പുതന്നെ സത്യദൈവത്തിന്റെ നാമം ഉച്ചരിക്കുന്നത് യഹൂദന്മാർ നിർത്തിയിരുന്നു. അതുകൊണ്ട്, YHWH (יהוה) എന്ന ചതുരക്ഷരങ്ങൾക്കിടയിലെ സ്വരാക്ഷരങ്ങൾ ഏതൊക്കെയായിരുന്നു എന്ന് തിട്ടമായി തെളിയിക്കാൻ മാർഗമില്ല. എങ്കിലും ശരിയായ ഉച്ചാരണം ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത ബൈബിൾ കഥാപാത്രങ്ങളുടെ പേരുകൾ, ദൈവനാമം പണ്ട് എങ്ങനെ ഉച്ചരിക്കപ്പെട്ടിരുന്നു എന്നതിന് ഈടുറ്റ സൂചന പ്രദാനം ചെയ്യുന്നു. ഈ വസ്തുത കണക്കിലെടുത്ത്, “യഹോവ” എന്നതു “വിചിത്ര”മല്ലെന്ന് ചില പണ്ഡിതന്മാരെങ്കിലും സമ്മതിക്കുന്നുണ്ട്.
[31-ാം പേജിലെ ചിത്രങ്ങൾ]
“യഹോവ” എന്നതാണ് ദൈവനാമത്തിന്റെ ഏറ്റവും ജനപ്രീതി ഉള്ള ഉച്ചാരണം