വലിയ കുശവനും അവന്റെ വേലയും
വലിയ കുശവനും അവന്റെ വേലയും
“സകല നല്ല വേലയ്ക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന. . . മാന്യമായ ഉദ്ദേശ്യത്തിനായുള്ള ഒരു പാത്രം [ആയിത്തീരുവിൻ].”—2 തിമൊഥെയൊസ് 2:21, NW.
1, 2. (എ) ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനും സ്ത്രീയും ശ്രേഷ്ഠ വേല ആയിരുന്നത് എങ്ങനെ? (ബി) വലിയ കുശവൻ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത് എന്ത് ഉദ്ദേശ്യത്തിലായിരുന്നു?
യഹോവ വലിയ കുശവനാണ്. അവന്റെ സൃഷ്ടിയുടെ ഒരു മകുടോദാഹരണം ആയിരുന്നു നമ്മുടെ ആദ്യ പിതാവ് ആയ ആദാം. ബൈബിൾ നമ്മോടു പറയുന്നു: “യഹോവയാം ദൈവം നിലത്തെ പൊടിയിൽനിന്നു മനുഷ്യനെ രൂപപ്പെടുത്താനും അവന്റെ നാസാരന്ധ്രങ്ങളിലേക്കു ജീവശ്വാസം ഊതാനും തുടങ്ങി, അങ്ങനെ മനുഷ്യൻ ജീവനുള്ള ഒരു നെഫെഷ് ആയിത്തീർന്നു.” അതായത് മനുഷ്യൻ ഒരു “ശ്വസിക്കുന്ന ജീവി” ആയിത്തീർന്നു. (ഉല്പത്തി 2:7, NW അടിക്കുറിപ്പ്) ആദ്യ മനുഷ്യ സൃഷ്ടി പൂർണതയുള്ളവൻ ആയിരുന്നു. അവൻ ദൈവത്തിന്റെതന്നെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടു. ദൈവത്തിന്റെ ദിവ്യ ജ്ഞാനത്തിന്റെയും യഥാർഥ നീതിയോടും ന്യായത്തോടുമുള്ള സ്നേഹത്തിന്റെയും ഒരു തെളിവായിരുന്നു അവൻ.
2 ആദാമിന്റെ വാരിയെല്ല് ഉപയോഗിച്ചു ദൈവം മനുഷ്യന് ഒരു പൂരകത്തെ, സഹായിയെ, അതായത് സ്ത്രീയെ, രൂപപ്പെടുത്തി. ഹവ്വായുടെ നിർമല സൗന്ദര്യം ഇന്നത്തെ ഏറ്റവും സുന്ദരിയുടേതിനെക്കാളും ശ്രേഷ്ഠമായിരുന്നു. (ഉല്പത്തി 2:21-23) അതിലുപരി, ഈ ഭൂമിയെ ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്തുക എന്ന നിയമിത വേല നിർവഹിക്കാൻ തക്കവണ്ണം പൂർണതയോടെ രൂപകൽപ്പന ചെയ്ത ശരീരവും പ്രാപ്തികളും ആദ്യ മാനുഷ ദമ്പതികൾക്കു നൽകപ്പെട്ടു. ഉല്പത്തി 1:28-ൽ പ്രസ്താവിച്ചിരിക്കുന്ന ദൈവകൽപ്പന നിറവേറ്റുന്നതിനുള്ള പ്രാപ്തിയും അവർക്കു നൽകപ്പെട്ടിരുന്നു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” അവസാനം, ഈ ആഗോള പറുദീസയിൽ “ഐക്യത്തിന്റെ സമ്പൂർണ ബന്ധമായ” സ്നേഹത്താൽ ബന്ധിതരായ ശതകോടിക്കണക്കിനു സന്തുഷ്ട മനുഷ്യർ വസിക്കേണ്ടതായിരുന്നു.—കൊലൊസ്സ്യർ 3:14, NW.
3. നമ്മുടെ ആദ്യ മാതാപിതാക്കൾ അപമാന പാത്രങ്ങൾ ആയിത്തീർന്നത് എങ്ങനെ, അതിന്റെ ഫലം എന്തായിരുന്നു?
3 സങ്കടകരമെന്നു പറയട്ടെ, ആദ്യ മാതാപിതാക്കൾ വലിയ കുശവനായ, പരമാധികാരിയായ തങ്ങളുടെ സ്രഷ്ടാവിന്റെ അധികാരത്തിന് എതിരെ മത്സരിക്കാൻ മനഃപൂർവം തീരുമാനിച്ചു. അവരുടേത് യെശയ്യാവു -ൽ വർണിച്ചിരിക്കുന്നതു പോലുള്ള ഒരു ഗതി ആയിത്തീർന്നു: “തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! . . . കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല [“ഗ്രാഹ്യം പ്രകടമാക്കിയില്ല,” NW] എന്നും പറയുമോ?” അവരുടെ വഴിപിഴച്ച ഗതി ദുരന്തം വരുത്തിവെച്ചു—അവർ നിത്യമായ മരണത്തിനു വിധിക്കപ്പെട്ടു. മാത്രമല്ല, അവരിൽനിന്ന് ഉത്ഭവിച്ച മുഴു മനുഷ്യവർഗത്തിലേക്കും പാപവും മരണവും വ്യാപിച്ചു. ( 29:15, 16റോമർ 5:12, 18) വലിയ കുശവന്റെ സൃഷ്ടിയുടെ സൗന്ദര്യത്തിന് ഏറെ കളങ്കമേറ്റു.
4. മാന്യമായ എന്ത് ഉദ്ദേശ്യം നമുക്കു നിറവേറ്റാൻ കഴിഞ്ഞേക്കാം?
4 എന്നിരുന്നാലും, പാപിയായ ആദാമിന്റെ പിൻഗാമികളായ നമുക്ക്, ഇപ്പോഴത്തെ നമ്മുടെ അപൂർണ അവസ്ഥയിൽപ്പോലും, സങ്കീർത്തനം 139:14-ലെ വാക്കുകൾ ഉപയോഗിച്ചു യഹോവയെ സ്തുതിക്കാൻ കഴിയും: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” എന്നാൽ, വലിയ കുശവന്റെ മൂല കരവേല ഇത്ര ഏറെ കളങ്കപ്പെട്ടിരിക്കുന്നത് എത്ര സങ്കടകരമാണ്!
കുശവൻ തന്റെ വേല വിപുലമാക്കുന്നു
5. വലിയ കുശവന്റെ വൈദഗ്ധ്യം എങ്ങനെ ഉപയോഗിക്കപ്പെടേണ്ടിയിരുന്നു?
5 സന്തോഷകരമെന്നു പറയട്ടെ, കുശവൻ എന്ന നിലയിലുള്ള നമ്മുടെ സ്രഷ്ടാവിന്റെ വൈദഗ്ധ്യം മനുഷ്യവർഗത്തിന്റെ ആദ്യ അംഗങ്ങളെ രൂപപ്പെടുത്തുന്നതോടെ അവസാനിക്കേണ്ടിയിരുന്നില്ല. പൗലൊസ് അപ്പൊസ്തലൻ നമ്മോടു പറയുന്നു: “അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറെറാരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?”—റോമർ 9:20, 21.
6, 7. (എ) ഇന്ന് അനേകരും അപമാനത്തിനായി രൂപപ്പെടുത്തപ്പെടാൻ തീരുമാനിക്കുന്നത് എങ്ങനെ? (ബി) നീതിമാന്മാർ മാന്യമായ ഉപയോഗത്തിനായി രൂപപ്പെടുത്തപ്പെടുന്നത് എങ്ങനെ?
6 അതേ, വലിയ കുശവന്റെ വേലയിൽ ചിലതു മാന്യമായ ഉപയോഗത്തിനും ചിലത് അപമാനകരമായ ഉപയോഗത്തിനും ആയി രൂപപ്പെടുത്തപ്പെടും. ലോകം അഭക്തിയുടെ ചെളിക്കുണ്ടിൽ അധികമധികം താഴുമ്പോൾ അതിനോടൊപ്പം പോകാൻ തീരുമാനിക്കുന്നവർ നാശത്തിനായി രൂപപ്പെടുത്തപ്പെടുന്നു. ക്രിസ്തുയേശു എന്ന മഹനീയ രാജാവ് ന്യായവിധിക്കായി വരുമ്പോൾ, അത്തരം അപമാന പാത്രങ്ങളിൽ കോലാടുതുല്യരായ എല്ലാ ധാർഷ്ഠ്യക്കാരും ഉൾപ്പെടും. അവർ, മത്തായി 25:46 (NW) പ്രസ്താവിക്കുന്നതുപോലെ, ‘നിത്യച്ഛേദനത്തിലേക്കു പോകും.’ ‘മാന്യമായ’ ഉപയോഗത്തിനായി രൂപപ്പെടുത്തപ്പെട്ടവരായ ചെമ്മരിയാടുതുല്യരായ “നീതിമാന്മാർ” “നിത്യജീവൻ” അവകാശമാക്കും.
7 താഴ്മയോടെ, ഈ നീതിമാന്മാർ ദിവ്യ രൂപപ്പെടുത്തലിനായി തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തിരിക്കും. അവർ ദൈവമാർഗത്തിലുള്ള ജീവിതത്തിൽ പ്രവേശിച്ചിരിക്കുന്നു. ‘നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെക്കണ’മെന്ന, 1 തിമൊഥെയൊസ് 6:17-19-ലെ ബുദ്ധ്യുപദേശം അവർ കൈക്കൊണ്ടിരിക്കുന്നു. അവർ “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും” ശ്രമം ചെയ്തിരിക്കുന്നു. ദിവ്യ സത്യത്താൽ രൂപപ്പെടുത്തപ്പെടുന്ന അവർ, ആദാമിന്റെ പാപത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ “തത്തുല്യ മറുവിലയായി തന്നെത്തന്നെ നൽകി”യ യേശുക്രിസ്തുവിലൂടെയുള്ള യഹോവയുടെ കരുതലിൽ അചഞ്ചലമായ വിശ്വാസം പ്രകടമാക്കുന്നു. (1 തിമൊഥെയൊസ് 2:6, NW) അപ്പോൾ, “അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായ പ്രകാരം സൂക്ഷ്മ പരിജ്ഞാനത്തിലൂടെ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന [രൂപപ്പെടുത്തപ്പെടുന്ന] പുതിയ വ്യക്തിത്വം [നാം] ധരിക്ക”ണമെന്ന പൗലൊസിന്റെ ഉപദേശത്തിനു നാം എത്ര മനസ്സൊരുക്കത്തോടെ കീഴ്പെടണം!—കൊലൊസ്സ്യർ 3:10, NW.
നിങ്ങൾ ഏതുതരം പാത്രമായിരിക്കും?
8. (എ) ഒരു വ്യക്തി ഏതുതരം പാത്രം ആയിത്തീരുന്നു എന്നു നിർണയിക്കുന്നത് എന്ത്? (ബി) ഏതു രണ്ടു ഘടകങ്ങൾ ഒരുവന്റെ രൂപപ്പെടലിനെ സ്വാധീനിക്കുന്നു?
8 ഒരു വ്യക്തി ഏതുതരം പാത്രമായിത്തീരുന്നു എന്നു നിർണയിക്കുന്നത് എന്ത്? മനോഭാവവും പ്രവൃത്തിയും. ഹൃദയത്തിന്റെ ആഗ്രഹങ്ങളും ചായ്വുകളുമാണ് ഇവയെ ആദ്യം രൂപപ്പെടുത്തുന്നത്. ജ്ഞാനിയായ ശലോമോൻ പറഞ്ഞു: “ഭൗമിക മമനുഷ്യന്റെ ഹൃദയം തന്റെ വഴി നിരൂപിച്ചേക്കാം, എന്നാൽ യഹോവതന്നെ അവന്റെ കാലടികളെ നയിക്കുന്നു.” (സദൃശവാക്യങ്ങൾ 16:9, NW) രണ്ടാമതായി, കണ്ടതും കേട്ടതുമായ സംഗതികളും സഹവാസങ്ങളും അനുഭവങ്ങളും അവയെ രൂപപ്പെടുത്തുന്നു. അതുകൊണ്ട്, നാം ഈ ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നത് എത്ര പ്രധാനമാണ്: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) നാം, 2 പത്രൊസ് 1:16 (NW) മുന്നറിയിപ്പു നൽകുന്നതുപോലെ, ‘കെട്ടിച്ചമച്ച കള്ളക്കഥകൾ’ക്കനുസൃതം, അല്ലെങ്കിൽ നോക്സിന്റെ റോമൻ കത്തോലിക്കാ പരിഭാഷ പറയുന്നതുപോലെ, “മനുഷ്യനിർമിത കെട്ടുകഥകൾ”ക്കനുസൃതം നടക്കുന്നത് ഒഴിവാക്കണം. ഇവയിൽ വിശ്വാസത്യാഗ ക്രൈസ്തവ ലോകത്തിന്റെ പല പഠിപ്പിക്കലുകളും മതപരമായ ആഘോഷങ്ങളും ഉൾപ്പെടും.
9. വലിയ കുശവന്റെ രൂപപ്പെടുത്തലിനോടു നമുക്ക് എങ്ങനെ അനുകൂലമായി പ്രതികരിക്കാൻ കഴിയും?
9 അപ്പോൾ നമ്മുടെ പ്രതികരണത്തിന് അനുസൃതമായി, ദൈവത്തിനു നമ്മെ രൂപപ്പെടുത്താൻ കഴിയും. യഹോവയുടെ മുമ്പാകെ, നമുക്കു താഴ്മയോടെ ദാവീദിന്റെ പ്രാർഥന ആവർത്തിക്കാൻ കഴിയും: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 139:23, 24) രാജ്യ സന്ദേശം പ്രസംഗിക്കപ്പെടാൻ യഹോവ ഇടയാക്കുകയാണ്. നമ്മുടെ ഹൃദയങ്ങൾ സുവാർത്തയോടും അവന്റെ കൂടുതലായ നടത്തിപ്പുകളോടും വിലമതിപ്പോടെ പ്രതികരിച്ചിരിക്കുന്നു. സുവാർത്ത പ്രസംഗിക്കുന്നതുമായി ബന്ധപ്പെട്ട പല പദവികളും അവൻ തന്റെ സംഘടനയിലൂടെ നമുക്കു നീട്ടിത്തരുന്നു. നമുക്ക് അവ സ്വീകരിക്കുകയും അവയെ പ്രിയങ്കരമായി കരുതുകയും ചെയ്യാം.—ഫിലിപ്പിയർ 1:9-11.
10. ആത്മീയ പരിപാടികൾ പിൻപറ്റുന്നതിൽ നാം കഠിന ശ്രമം ചെയ്യേണ്ടത് എങ്ങനെ?
10 ദൈനംദിന ബൈബിൾ വായന പരിപാടി പിൻപറ്റിക്കൊണ്ടും നമ്മുടെ കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും തിരുവെഴുത്തുകളെയും യഹോവയുടെ സേവനത്തെയും കുറിച്ചു ചർച്ച ചെയ്തുകൊണ്ടും നാം ദൈവവചനത്തിനു നിരന്തര ശ്രദ്ധ കൊടുക്കുന്നതു വളരെ പ്രധാനമാണ്. യഹോവയുടെ സാക്ഷികളുടെ ബെഥേൽ കുടുംബങ്ങളിലും മിഷനറി ഭവനങ്ങളിലും പ്രഭാത ഭക്ഷണവേളയിൽ നടത്തുന്ന ആരാധനാ പരിപാടിയിൽ സാധാരണമായി, ഇടവിട്ടുള്ള ആഴ്ചകളിൽ, ബൈബിളിന്റെയോ നടപ്പുവർഷത്തെ വാർഷിക പുസ്തകത്തിന്റെയോ ഒരു ഹ്രസ്വ വായന ഉൾപ്പെടുന്നു. നിങ്ങളുടെ കുടുംബത്തിന് അത്തരം ഒരു ക്രമീകരണം ചെയ്യാൻ കഴിയുമോ? ക്രിസ്തീയ സഭയിലെയും യോഗങ്ങളിലെയും നമ്മുടെ സഹവാസത്തിലൂടെ, വിശേഷിച്ച് പ്രതിവാര വീക്ഷാഗോപുര അധ്യയനത്തിലെ നമ്മുടെ പങ്കുപറ്റലിലൂടെ, എന്തെല്ലാം പ്രയോജനങ്ങളാണു നമുക്കു ലഭിക്കുന്നത്!
പരിശോധനകളെ നേരിടാൻ രൂപപ്പെടുത്തപ്പെടുന്നു
11, 12. (എ) നമ്മുടെ അനുദിന ജീവിതത്തിലെ പരിശോധനകൾ സംബന്ധിച്ച യാക്കോബിന്റെ ബുദ്ധ്യുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും? (ബി) ദൃഢമായ വിശ്വസ്തത പാലിക്കാൻ ഇയ്യോബിന്റെ അനുഭവം നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
11 നമ്മുടെ അനുദിന ജീവിതത്തിൽ, ചില സ്ഥിതിവിശേഷങ്ങൾ ഉടലെടുക്കുന്നതു ദൈവം അനുവദിക്കുന്നു. അവയിൽ ചിലതു നമുക്കു ദുഷ്കരം ആയിരുന്നേക്കാം. ഇവയെ നാം എങ്ങനെ വീക്ഷിക്കണം? യാക്കോബ് 4:8 ബുദ്ധ്യുപദേശിക്കുന്നതുപോലെ, നാം ഒരിക്കലും കയ്പുള്ളവർ ആയിത്തീരരുത്, എന്നാൽ മുഴു ഹൃദയത്തോടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു നാം ‘അവനോട് അടുത്തു ചെല്ലു’മ്പോൾ ‘അവൻ നമ്മോട് അടുത്തുവരു’മെന്നുള്ള ഉറപ്പോടെ നമുക്ക് അവനോട് അടുക്കാം. നാം പ്രയാസങ്ങളും പരിശോധനകളും സഹിച്ചുനിൽക്കേണ്ടി വരുമെന്നതു സത്യംതന്നെ, എന്നാൽ നമ്മുടെ രൂപപ്പെടുത്തലിനു സഹായം ആയതിനാലാണ് അവ അനുവദിക്കപ്പെടുന്നത്. അവയുടെയെല്ലാം അന്തിമഫലം സന്തുഷ്ടകരമാണ്. യാക്കോബ് 1:2, 3 നമുക്ക് ഈ ഉറപ്പു നൽകുന്നു: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത [“സഹിഷ്ണുത,” NW] ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.”
12 “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു” എന്നും യാക്കോബ് പറയുന്നു. (യാക്കോബ് 1:13, 14) നമ്മുടെ പരിശോധനകൾ അനവധിയും വിവിധങ്ങളും ആയിരുന്നേക്കാം. എന്നാൽ ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ, അവയെല്ലാം നമ്മെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നു. യാക്കോബ് 5:11-ൽ തിരുവെഴുത്തുകൾ നമുക്ക് എത്ര മഹത്തായ ഉറപ്പു നൽകുന്നു: “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” വലിയ കുശവന്റെ കയ്യിലെ പാത്രങ്ങൾ എന്ന നിലയിൽ, നമുക്ക് എല്ലായ്പോഴും ദൃഢമായ വിശ്വസ്തത പാലിക്കാം, പരിണതഫലം സംബന്ധിച്ച് ഇയ്യോബുതുല്യ ആത്മവിശ്വാസം പ്രകടമാക്കാം!—ഇയ്യോബ് 2:3, 9, 10; 27:5; 31:1-6; 42:12-15.
നമ്മുടെ യുവപ്രായക്കാരെ രൂപപ്പെടുത്തൽ
13, 14. (എ) മാതാപിതാക്കൾ എപ്പോൾ കുട്ടികളെ രൂപപ്പെടുത്താൻ തുടങ്ങണം, എന്തു ഫലം ലക്ഷ്യംവെച്ചുകൊണ്ട്? (ബി) സന്തുഷ്ട ഫലങ്ങളുണ്ടായ ഏതു സംഭവങ്ങൾ നിങ്ങൾക്കു പറയാൻ കഴിയും?
13 മാതാപിതാക്കൾക്കു തങ്ങളുടെ യുവപ്രായക്കാരെ രൂപപ്പെടുത്തുന്നതിൽ, അവരുടെ ശൈശവംമുതൽതന്നെ, പങ്കു വഹിക്കാൻ കഴിയും. അതുവഴി നമ്മുടെ യുവപ്രായക്കാർക്ക് എത്ര ശ്രേഷ്ഠരായ ദൃഢവിശ്വസ്തതാ പാലകർ ആയിത്തീരാൻ കഴിയും! (2 തിമൊഥെയൊസ് 3:14, 15) അങ്ങേയറ്റം കഠിനമായ പരിശോധനകൾ നേരിട്ടപ്പോഴും ഇതു സത്യമായിരുന്നിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരു ആഫ്രിക്കൻ രാജ്യത്ത് വളരെ കഠിനമായ പീഡനം നേരിട്ടപ്പോൾ, ഒരു വിശ്വസ്ത കുടുംബം വീടിനു പുറകുവശത്തെ ഷെഡ്ഡിൽ വെച്ച് രഹസ്യമായി വീക്ഷാഗോപുര അച്ചടി നടത്തിയിരുന്നു. ഒരു ദിവസം, യുവാക്കളെ സൈന്യത്തിൽ ചേർക്കാൻ വീടുതോറും പോകുന്ന പടയാളികളെ തെരുവിൽ കണ്ടു. ആ വീട്ടിലെ രണ്ട് ആൺകുട്ടികൾക്ക് ഒളിക്കാൻ സമയം ഉണ്ടായിരുന്നു. പക്ഷേ അവർക്കുവേണ്ടി പടയാളികൾ തിരച്ചിൽ നടത്തുമ്പോൾ നിശ്ചയമായും അച്ചടിയന്ത്രം കണ്ടുപിടിക്കുമായിരുന്നു. അതു ചിലപ്പോൾ മുഴു കുടുംബത്തെയും പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിലേക്കു നയിച്ചേക്കാമായിരുന്നു. എന്തു ചെയ്യും? യോഹന്നാൻ 15:13, 14 സധൈര്യം പരാമർശിച്ചുകൊണ്ട് രണ്ട് ആൺകുട്ടികളും ഇങ്ങനെ പറഞ്ഞു: “സ്നേഹിതൻമാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” സ്വീകരണമുറിയിൽത്തന്നെ നിൽക്കാൻ അവർ നിശ്ചയിച്ചു. പടയാളികൾ തങ്ങളെ കണ്ടെത്തുമ്പോൾ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ നിസ്സംശയമായും തങ്ങളെ പീഡിപ്പിക്കുകയോ കൊല്ലുകയോപോലും ചെയ്യുമെങ്കിലും അതോടെ തിരച്ചിൽ അവസാനിക്കുകയും അങ്ങനെ അച്ചടി യന്ത്രത്തിനും മറ്റു കുടുംബാംഗങ്ങൾക്കും കുഴപ്പമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുമല്ലോ എന്ന് അവർ കണക്കുകൂട്ടി. എന്നാൽ തികച്ചും ആശ്ചര്യകരമായ ഒന്നാണു സംഭവിച്ചത്. വാസ്തവത്തിൽ ഈ വീട് പടയാളികളുടെ കണ്ണിൽപ്പെടാതെ പോയി, അവർ അടുത്ത വീടുകളിലേക്കു പോയി! മാന്യമായ ഉപയോഗത്തിനായി രൂപപ്പെടുത്തപ്പെട്ട ആ മനുഷ്യ പാത്രങ്ങൾ അതിജീവിച്ചു. അച്ചടി യന്ത്രത്തിനും ഒന്നും സംഭവിച്ചില്ല. അങ്ങനെ തക്ക സമയത്തെ ആത്മീയ ഭക്ഷണത്തിന്റെ അച്ചടി നിലച്ചതുമില്ല. ആ രണ്ട് ആൺകുട്ടികളിൽ ഒരാളും അവരുടെ ഒരു സഹോദരിയും ഇപ്പോൾ ബെഥേലിൽ സേവിക്കുന്നു; ഇപ്പോഴും ആ പഴയ അച്ചടി യന്ത്രം പ്രവർത്തിപ്പിക്കുന്നത് ആ സഹോദരൻതന്നെ.
14 എങ്ങനെ പ്രാർഥിക്കണം എന്നു യുവപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും. ദൈവം അവരുടെ പ്രാർഥനകൾ കേൾക്കുന്നു. ഇതിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ് റുവാണ്ടയിലെ കൂട്ടക്കുരുതിയുടെ സമയത്തു സംഭവിച്ചത്. 6 വയസ്സുകാരി പുത്രിയെയും അവളുടെ മാതാപിതാക്കളെയും വിമതർ കൈബോംബ് ഉപയോഗിച്ചു കൊല്ലാനായി നിർത്തിയിരിക്കുകയാണ്. യഹോവയെ തുടർന്നും സേവിക്കാൻ കഴിയേണ്ടതിനു തങ്ങളെ രക്ഷിക്കേണമേ എന്നു കുട്ടി ഉത്കടമായി ഉച്ചത്തിൽ പ്രാർഥിച്ചു. കൊല്ലാനുള്ള പുറപ്പാടിൽ ആയിരുന്നെങ്കിലും അവരെ വെറുതെ വിടാനുള്ള പ്രചോദനമുണ്ടായ ആ വിമതർ പറഞ്ഞു: “ഈ കൊച്ചുകുട്ടിയെപ്രതി ഞങ്ങൾ നിങ്ങളെ കൊല്ലുന്നില്ല.”—1 പത്രൊസ് 3:12.
15. പൗലൊസ് ഏതു ദുഷിച്ച സ്വാധീനങ്ങളെ കുറിച്ചു മുന്നറിയിപ്പു നൽകി?
15 നമ്മുടെ യുവപ്രായക്കാരിൽ മിക്കവർക്കും മേൽപ്പറഞ്ഞതുപോലുള്ള അത്ര പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ നേരിടേണ്ടിവരുന്നില്ല. എന്നാൽ സ്കൂളിലും ഇന്നത്തെ ദുഷിച്ച സമൂഹത്തിലും അവർക്കു നേരിടേണ്ടിവരുന്ന അനേകം പരിശോധനകൾ ഉണ്ട്: അശ്ലീല സംസാരം, അശ്ലീല സാഹിത്യം, തരംതാണ വിനോദം, തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടാൻ സമപ്രായക്കാരിൽനിന്ന് ഉണ്ടാകുന്ന സമ്മർദം എന്നിവ അനേകം സ്ഥലങ്ങളിലും പ്രബലമാണ്. ഈ സ്വാധീനങ്ങൾക്ക് എതിരെ പൗലൊസ് അപ്പൊസ്തലൻ ആവർത്തിച്ചു മുന്നറിയിപ്പു നൽകി.—1 കൊരിന്ത്യർ 5:6; 15:33, 34; എഫെസ്യർ 5:3-7.
16. ഒരുവൻ മാന്യമായ ഉപയോഗത്തിനുള്ള ഒരു പാത്രം ആയിത്തീർന്നേക്കാവുന്നത് എങ്ങനെ?
16 പാത്രങ്ങളിൽ “ചിലതു മാന്യമായ ഉപയോഗത്തിനും ചിലതു ഹീനമായ ഉദ്ദേശ്യത്തിനും” ഉപയോഗിക്കുന്നു എന്നു പറഞ്ഞശേഷം ഹീനമായ ഉദ്ദേശ്യത്തിനുള്ള പാത്രങ്ങളെ പരാമർശിച്ചുകൊണ്ടു പൗലൊസ് തുടരുന്നു: ‘അതുകൊണ്ട് ഒരുവൻ അവയെ വിട്ടകന്നാൽ, അവൻ തന്റെ ഉടമസ്ഥനു വിശുദ്ധിയും ഉപയോഗവും ഉള്ള, ഏതൊരു നല്ല വേലയ്ക്കും പറ്റിയ മാന്യമായ ഒരു പാത്രം ആയിരിക്കും.’ അതുകൊണ്ടു തങ്ങളുടെ സഹവാസങ്ങൾ സംബന്ധിച്ചു ജാഗ്രതയുള്ളവർ ആയിരിക്കാൻ നമുക്കു നമ്മുടെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാം. അവർ “യുവപ്രായക്കാർക്കു സഹജമായ മോഹങ്ങളിൽനിന്ന് ഓടിയകലുകയും അതേസമയം ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നവരോടൊപ്പം നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ പിന്തുടരുകയും ചെയ്യ”ട്ടെ. (2 തിമൊഥെയൊസ് 2:20-22, NW) “പരസ്പരം കെട്ടുപണി ചെയ്യുന്ന”തിനുള്ള ഒരു കുടുംബപരിപാടി യുവജനങ്ങളെ രൂപപ്പെടുത്തുന്നതിൽ ഏറെ പ്രയോജനപ്രദം ആയിരുന്നേക്കാം. (1 തെസ്സലൊനീക്യർ 5:11, NW; സദൃശവാക്യങ്ങൾ 22:6) ദിവസേനയുള്ള ബൈബിൾ വായനയും സൊസൈറ്റിയുടെ അനുയോജ്യമായ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനവും ആത്മീയ വളർച്ചയ്ക്ക് ഏറെ സഹായകമായിരിക്കും.
സകലർക്കുമായുള്ള രൂപപ്പെടുത്തൽ
17. ശിക്ഷണം നമ്മെ എങ്ങനെ രൂപപ്പെടുത്തും, എന്തു സന്തുഷ്ട ഫലത്തോടെ?
17 നമ്മെ രൂപപ്പെടുത്താനായി യഹോവ തന്റെ വചനത്തിലൂടെയും തന്റെ സംഘടനയിലൂടെയും ബുദ്ധ്യുപദേശം പ്രദാനം ചെയ്യുന്നു. അത്തരം ദിവ്യ ബുദ്ധ്യുപദേശത്തെ ഒരിക്കലും ചെറുക്കരുത്! അതിനോടു ജ്ഞാനപൂർവം പ്രതികരിക്കുക. അതു നിങ്ങളെ യഹോവയാലുള്ള മാന്യമായ ഉപയോഗത്തിനായി രൂപപ്പെടുത്തട്ടെ. സദൃശവാക്യങ്ങൾ 3:11, 12 ബുദ്ധ്യുപദേശിക്കുന്നു: “മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” പിതൃനിർവിശേഷമായ കൂടുതലായ ബുദ്ധ്യുപദേശം എബ്രായർ 12:6-11-ൽ പ്രദാനം ചെയ്തിരിക്കുന്നു: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; . . . ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” അത്തരം ശിക്ഷണത്തിനുള്ള മുഖ്യ സരണി ദൈവത്തിന്റെ നിശ്വസ്ത വചനം ആയിരിക്കണം.—2 തിമൊഥെയൊസ് 3:16, 17.
18. അനുതാപത്തിന്റെ കാര്യത്തിൽ, ലൂക്കൊസ് 15-ാം അധ്യായത്തിൽനിന്നു നാം എന്തു പഠിക്കുന്നു?
18 യഹോവ കരുണാസമ്പന്നനുമാണ്. (പുറപ്പാടു 34:6) അങ്ങേയറ്റം ഗുരുതരമായ പാപം ആണെങ്കിൽപ്പോലും, ഹൃദയത്തിൽനിന്നുള്ള അനുതാപം പ്രകടമാക്കുമ്പോൾ അവൻ ക്ഷമിക്കുന്നു. ആധുനിക നാളിലെ ‘ധൂർത്തപുത്രന്മാർ’ക്കുപോലും മാന്യമായ ഉപയോഗത്തിനുള്ള പാത്രമായി രൂപപ്പെടുത്തപ്പെടാൻ കഴിയും. (ലൂക്കൊസ് 15:22-24, 32) നമ്മുടെ പാപങ്ങൾ ആ ധൂർത്തപുത്രന്റേതിനോളം ഗുരുതരം അല്ലായിരിക്കാം. എന്നാൽ തിരുവെഴുത്തു ബുദ്ധ്യുപദേശത്തോടു താഴ്മയോടെ പ്രതികരിക്കുന്നത് മാന്യമായ ഉപയോഗത്തിനുള്ള പാത്രം ആയിത്തീരാൻ നമ്മെ എല്ലായ്പോഴും സഹായിക്കും.
19. നമുക്ക് എങ്ങനെ യഹോവയുടെ കൈകളിലെ മാന പാത്രങ്ങളായി വർത്തിക്കുന്നതിൽ തുടരാൻ കഴിയും?
19 ആദ്യം സത്യം പഠിച്ചപ്പോൾ, യഹോവ നമ്മെ രൂപപ്പെടുത്താൻ നാം മനസ്സൊരുക്കം പ്രകടമാക്കി. നാം ലോകത്തിന്റെ രീതികൾ ഉപേക്ഷിച്ചു, പുതിയ വ്യക്തിത്വം ധരിക്കാൻ തുടങ്ങി, സമർപ്പിച്ചു സ്നാപനമേറ്റ ക്രിസ്ത്യാനികൾ ആയിത്തീർന്നു. എഫെസ്യർ 4:20-24-ലെ, ‘മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ’ എന്ന ബുദ്ധ്യുപദേശം നാം അനുസരിച്ചു. മാന്യമായ ഉപയോഗത്തിനുള്ള ഒരു പാത്രമെന്ന നിലയിൽ എല്ലായ്പോഴും വർത്തിച്ചുകൊണ്ടു വലിയ കുശവനായ യഹോവയുടെ കൈകളിൽ നമുക്ക് ഓരോരുത്തർക്കും വഴക്കമുള്ളവർ ആയിരിക്കുന്നതിൽ തുടരാം.
പുനരവലോകനം
□ ഭൂമിയെ സംബന്ധിച്ചു വലിയ കുശവന്റെ ഉദ്ദേശ്യം എന്ത്?
□ മാന്യമായ ഉപയോഗത്തിനായി നിങ്ങൾ എങ്ങനെ രുപപ്പെടുത്തപ്പെട്ടേക്കാം?
□ നമ്മുടെ കുട്ടികൾ ഏതു വിധത്തിൽ രൂപപ്പെടുത്തപ്പെട്ടേക്കാം?
□ ശിക്ഷണം സംബന്ധിച്ച് നാം എന്തു വീക്ഷണം കൈക്കൊള്ളണം?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
നിങ്ങൾ മാന്യമായ ഉപയോഗത്തിനായി രൂപപ്പെടുത്തപ്പെടുമോ അതോ നിരസിക്കപ്പെടുമോ?
[12-ാം പേജിലെ ചിത്രം]
യുവപ്രായക്കാരെ ശൈശവം മുതലേ രൂപപ്പെടുത്താൻ കഴിയും