പുരാതന കാലത്തെ സഞ്ചികൾ
പുരാതന കാലത്തെ സഞ്ചികൾ
ആധുനികകാലത്തെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ബാഗ് അഥവാ സഞ്ചി ഒരു അവശ്യ വസ്തുവാണ്. ക്രിസ്തീയ യോഗങ്ങൾക്കുള്ള പാഠ പുസ്തകങ്ങളും ലോകവ്യാപക പ്രസംഗവേലയിൽ വിതരണം ചെയ്യാനുള്ള പ്രസിദ്ധീകരണങ്ങളും കൊണ്ടുപോകാൻ അവ ഉപയോഗിക്കുന്നു. എന്നാൽ ബൈബിൾ കാലങ്ങളിലെ സഞ്ചികളുടെ കാര്യമോ? അവ വ്യാപകമായി ഉപയോഗിച്ചിരുന്നുവോ? അവ ഏതു തരത്തിലുള്ളവ ആയിരുന്നു?
വ്യത്യസ്ത തരത്തിലുള്ള മൃഗചർമങ്ങളും രോമത്തുണികളും കൊണ്ട് നിർമിച്ച പുരാതനകാലത്തെ സഞ്ചികൾക്കു ധാരാളം ഉപയോഗങ്ങൾ ഉണ്ടായിരുന്നു. ധാന്യങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, കല്ലുകൊണ്ടുള്ള തൂക്കക്കട്ടികൾ, വിലപിടിപ്പുള്ള വസ്തുക്കൾ, സ്വർണ-വെള്ളിക്കട്ടികൾ, നാണയങ്ങൾ, എന്തിന് വെള്ളവും വീഞ്ഞും പോലും അവയിൽ വഹിക്കാൻ കഴിയുമായിരുന്നു.—യോശുവ 9:4; മത്തായി 9:17.
പദസമ്പത്തിൽ സമ്പന്നമായ എബ്രായ ഭാഷയിൽ സഞ്ചികൾ, മടിശീലകൾ, പൊക്കണങ്ങൾ, ഭാണ്ഡങ്ങൾ എന്നിവയെ സൂചിപ്പിക്കാൻ അനേകം വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കുന്നു. സാക്വ് എന്ന എബ്രായ പദത്തിൽനിന്നാണ് ചാക്കിന്റെ ആംഗലേയ പദമായ സാക്ക് വന്നിട്ടുള്ളത്. ചണവസ്ത്രത്തിനും ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും ഇടുന്ന ചണശീലകൊണ്ടുള്ള ചാക്കിനും ബൈബിളിൽ സാക്വ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യോസേഫിന്റെ സഹോദരന്മാരുടെ ഈജിപ്തു സന്ദർശനത്തെ കുറിച്ചുള്ള വിവരണത്തിൽ ഈ പദവും “വിരിക്കുക” എന്ന് അർഥമുള്ള ഒരു ക്രിയയിൽനിന്നു വരുന്ന എബ്രായ പദമായ അംറ്റാചാത്തും ഏകദേശം പര്യായങ്ങളായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഈജിപ്തിൽനിന്നു ധാന്യങ്ങൾ കൊണ്ടുപോയിരുന്ന സഞ്ചികൾക്ക് ഈ രണ്ടു പദങ്ങളും ഉപയോഗിച്ചിരിക്കുന്നു. അംറ്റാചാത്ത് സഞ്ചിയെയും സാക്വ് അതു നിർമിച്ചിരിക്കുന്ന വസ്തുവിനെയും സൂചിപ്പിക്കുന്നുവെന്നു തോന്നുന്നു.—ഉല്പത്തി 42:25, 27, 28, 35.
ദാവീദിന്റെയും നയമാന്റെയും സഞ്ചികൾ
ഗോലിയാത്തുമായുള്ള ഏറ്റുമുട്ടലിനു തയ്യാറെടുക്കവേ ദാവീദ് ഒരു ഇടയസഞ്ചിയിൽ അഞ്ച് കല്ലുകൾ എടുത്തു. തോളിൽ കുറുകെ തൂക്കിയിടുന്ന ഒരുതരം സഞ്ചിയായിരുന്നു അതെന്നു തോന്നുന്നു. (1 ശമൂവേൽ 17:40) എന്നിരുന്നാലും, ഇവിടെ ഉപയോഗിച്ചിരിക്കുന്ന കെലി എന്ന എബ്രായ പദത്തിന് മണ്ണോ മരമോ ലോഹമോ ചർമമോകൊണ്ടുള്ള വെറുമൊരു പാത്രത്തെയും പരാമർശിക്കാൻ കഴിയും.
സിറിയയിലെ പട്ടാള ഓഫീസർ ആയിരുന്ന നയമാന്റെ ഭയാനകമായ കുഷ്ഠരോഗം സൗഖ്യമാക്കിയതിനെ കുറിച്ചുള്ള വിവരണത്തിൽ, അവൻ അത്യാഗ്രഹിയായ ഗേഹസിക്ക് “രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവുംകെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു,” എന്നു നാം വായിക്കുന്നു. (2 രാജാക്കന്മാർ 5:23) ഇവിടെ സഞ്ചിക്ക് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ചാറിറ്റ് ആണ്. ഒരു താലന്ത് ഏകദേശം 34 കിലോയ്ക്കു തുല്യമാണ്. അപ്പോൾ അത്തരം സഞ്ചി ഒരു താലന്തു വെള്ളിയും ഒപ്പം ഒരു കൂട്ടം വസ്ത്രവും കൊള്ളാൻ തക്ക വലിപ്പവും ബലവും ഉള്ളത് ആയിരുന്നിരിക്കണം. അതുകൊണ്ട്, സഞ്ചികൾ നിറച്ചു കഴിഞ്ഞപ്പോൾ അത് ഒരാൾക്ക് എടുപ്പത് ഉണ്ടായിരുന്നതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, നിഗളികളായ സീയോൻ പുത്രിമാർ ആഡംബരപൂർണമായ അലങ്കാര വസ്തുക്കളായി ഉപയോഗിച്ച ചെറുസഞ്ചികളെ പരാമർശിക്കാനും ഇതേ പദംതന്നെ ഉപയോഗിച്ചിരിക്കുന്നതിനാൽ ചാറിറ്റ് എല്ലായ്പോഴും വളരെ വലിയ സഞ്ചിയെ അർഥമാക്കുന്നില്ല.—യെശയ്യാവു 3:16, 22.
വ്യാപാരികളുടെ സഞ്ചി
വ്യാപാരികൾ വഹിച്ചിരുന്ന സഞ്ചിയുടെ എബ്രായ പദം കിസ് ആണ്. നിസ്സംശയമായും അവ അടുത്തകാലം വരെ പൂർവദേശങ്ങളിൽ ഉപയോഗത്തിലിരുന്ന സഞ്ചികളോടു വളരെ സമാനമായിരുന്നു. ഈ പിൽക്കാല ഇനങ്ങളെ വെച്ചുനോക്കുമ്പോൾ, അവ നെയ്ത പരുത്തികൊണ്ടോ വഴക്കമുള്ള കോരപ്പുല്ലുകൊണ്ടോ തുകൽകൊണ്ടോ ഉണ്ടാക്കിയവ ആയിരുന്നിരിക്കാം. ഉത്പന്നങ്ങളോ ധാന്യങ്ങളോ അമൂല്യ ലോഹങ്ങളോ തൂക്കിനോക്കാൻ വേണ്ട തൂക്കക്കട്ടികൾ കൊണ്ടുപോകാൻ വ്യാപാരികൾ ഇവ ഉപയോഗിച്ചിരുന്നു. കിസിനെ പരാമർശിച്ചുകൊണ്ടുള്ള, വഞ്ചനാപരമായ ബിസിനസ് നടപടികൾക്ക് എതിരായ മോശൈക ന്യായപ്രമാണത്തിലെ ഒരു മുന്നറിയിപ്പ് ഇപ്രകാരമാണ്: “നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി [“തൂക്കക്കട്ടി,” NW] ഉണ്ടാകരുതു.” (ആവർത്തനപുസ്തകം 25:13) തന്റെ പ്രവാചകനിലൂടെ യഹോവ ചോദിച്ചു: “കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?” (മീഖാ 6:11) പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകാനുള്ള ഒരു സഞ്ചിയോ മടിശീലയോ ആയും കിസ് ഉപയോഗിക്കുമായിരുന്നു.—യെശയ്യാവു 46:6.
കെട്ടി മുദ്രവെച്ച ഭാണ്ഡങ്ങൾ
“പൊതിഞ്ഞു കെട്ടുക” എന്ന് അർഥമുള്ള ഒരു ക്രിയാപദത്തിൽനിന്നാണ് സ്റ്റെറോഹർ എന്ന എബ്രായ പദം വന്നിട്ടുള്ളത്. ചരടുകൊണ്ടോ നൂലുകൊണ്ടോ കെട്ടിയ ഒരു സാധാരണ സഞ്ചിയെയാണ് അതു സൂചിപ്പിക്കുന്നത്. അത് ഒരു ഭാണ്ഡമോ വായ്ഭാഗം മാത്രം കൂട്ടിക്കെട്ടുന്ന ഒരു സഞ്ചിയോ ആകാം. തന്റെ സഹോദരന്മാർ വാങ്ങിയ ധാന്യത്തിന്റെ പണം യോസേഫ് തിരിച്ചുകൊടുത്തത് ഇത്തരം സഞ്ചിയിലായിരുന്നു. ഓരോ ചാക്കിലെയും “പണക്കിഴി” എന്ന് അതെക്കുറിച്ചുള്ള ആ വിവരണം പറയുന്നു.—ഉല്പത്തി 42:35, പി.ഒ.സി. ബൈബിൾ.
ആലയ ഭണ്ഡാരത്തിൽനിന്നു ലഭിച്ചിരുന്ന പണം, നിസ്സംശയമായും തുല്യ അളവിലുള്ള, ഇത്തരം കിഴികളായി കെട്ടിയിരുന്നുവെന്നു തോന്നുന്നു. പുരാതനകാലത്ത്, വലിയ തുകകൾ ഉൾപ്പെട്ടിരുന്ന ബിസിനസ് ഇടപാടുകളിൽ ചിലപ്പോൾ നാണയത്തുട്ടുകൾ തൂക്കിനോക്കിയിട്ട് ഇത്തരം കിഴികളിലോ സഞ്ചികളിലോ ഇട്ടു കെട്ടിയ ശേഷം കെട്ടിനു മുദ്രവെക്കുമായിരുന്നു. തുടർന്ന് ആവശ്യമെങ്കിൽ, കരാർ അനുസരിച്ചുള്ള തുക ഉൾക്കൊള്ളുന്നു എന്ന് ഉറപ്പാക്കപ്പെട്ട ആ സഞ്ചി മറ്റൊരുവനു കൈമാറാൻ കഴിയുമായിരുന്നു. അതുകൊണ്ട്, അതിലുള്ള വെള്ളിയുടെയോ സ്വർണത്തിന്റെയോ മറ്റു ലോഹങ്ങളുടെയോ തുകയുടെ ഒരു ഉറപ്പായിരുന്നു പൊട്ടിക്കാത്ത മുദ്ര. ഇയ്യോബ് 14:17-ൽ ദൈവത്തോടു സംസാരിക്കവേ ഇയ്യോബ് വ്യക്തമായും അപ്രകാരമൊരു സൂചന ഉപയോഗിക്കുന്നു: “എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പററിച്ചിരിക്കുന്നു.” ഒരു ശത്രു ദാവീദിനെ പിന്തുടർന്നപ്പോൾ, അവന്റെ പ്രാണൻ “യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും” എന്നു പറഞ്ഞുകൊണ്ട് ദാവീദിനെ യഹോവ സംരക്ഷിക്കുമെന്ന ഉറപ്പ് അബീഗയിൽ പ്രകടമാക്കി.—1 ശമൂവേൽ 25:29.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ പൊക്കണങ്ങൾ
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പൊക്കണങ്ങളെയും മടിശീലകളെയും ഭക്ഷ്യസഞ്ചികളെയും പരാമർശിക്കുന്നുണ്ട്. സ്വർണമോ വെള്ളിയോ ചെമ്പോ നാണയത്തുട്ടുകളോ മറ്റു വസ്തുക്കളോ കൊണ്ടുപോകാൻ സ്ത്രീപുരുഷന്മാർ ഉപയോഗിച്ചിരുന്ന ഒരു സഞ്ചി ആയിരുന്നു പൊക്കണം. (ലൂക്കൊസ് 10:4) സ്ത്രീകൾ ചിലപ്പോൾ അലങ്കാര പൊക്കണങ്ങൾ അഥവാ ഹാൻഡ് ബാഗുകൾ ഉപയോഗിച്ചിരുന്നു. അവ നീണ്ടു വൃത്താകൃതിയിൽ ഉള്ളവ ആയിരുന്നിരിക്കാം. ഇത്തരം പൊക്കണങ്ങളെ സൂചിപ്പിക്കാൻ എബ്രായ ഭാഷയിൽ ചാറിറ്റ്, കിസ് എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നു. (യെശയ്യാവു 3:22; 46:6) ആദ്യകാല പൊക്കണങ്ങൾ തുകലോ നെയ്തെടുത്ത കോരപ്പുല്ലോ പരുത്തിയോകൊണ്ട് ഉള്ളവയായിരുന്നു. അവയുടെ വായ്ഭാഗം തുകൽ നൂലോ ചരടോ ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരുന്നു.
സാധ്യതയനുസരിച്ച് യഹൂദയിൽ, യേശു തന്റെ ശിഷ്യന്മാരെ ഒരു പ്രസംഗ പര്യടനത്തിന് അയച്ചപ്പോൾ അവർ മടിശീലയോ ഭക്ഷണസഞ്ചിയോ എടുക്കരുതെന്നു പറഞ്ഞു. സഹയിസ്രായേല്യരുടെ ആചാരപരമായ ആതിഥ്യമര്യാദയിലൂടെ യഹോവ അവർക്കുവേണ്ടി കരുതുമെന്ന് അവൻ സൂചിപ്പിച്ചു. (മത്തായി 10:9, 10) പണം സൂക്ഷിക്കുന്ന ഒരു തരം അരക്കച്ച സഞ്ചി ആയിരുന്നിരിക്കാം മടിശീല (അക്ഷരീയ അർഥം, ‘അരക്കച്ച’; ഗ്രീക്ക്, സോൺ). അരക്കച്ചക്ക് പണം വെക്കാൻ കഴിയുന്ന ഒരു ശൂന്യസ്ഥലം ഉണ്ടായിരുന്നു. അരക്കച്ച തുണികൊണ്ടുള്ളതും മടക്കുകളോടെ ധരിക്കുന്നതും ആയിരുന്നെങ്കിൽ, അതിന്റെ മടക്കുകളിൽ പണം സൂക്ഷിക്കാമായിരുന്നു.
ഭക്ഷണസഞ്ചി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പെറ എന്ന ഗ്രീക്കു പദം, നിസ്സംശയമായും ദാവീദ് തന്റെ ഇടയസഞ്ചി തൂക്കിയിട്ടതുപോലെ, യാത്രക്കാർ തോളിൽ തൂക്കിയിട്ടിരുന്ന ഒരു സഞ്ചിയെ പരാമർശിക്കുന്നു. അതിൽ ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ഉണ്ടായിരുന്നു.
എന്നെന്നും നിലനിൽക്കുന്ന പൊക്കണങ്ങൾ
“ഒരു സഞ്ചിനിറയെ ജ്ഞാനം [ഒരു സഞ്ചിനിറയെ] പവിഴത്തെക്കാൾ വിലയേറിയതാണ്” എന്ന് ഇന്നു ദശലക്ഷങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. (ഇയ്യോബ് 28:18) ഈ ജ്ഞാനം മറ്റുള്ളവർക്കു പകർന്നു നൽകാൻ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ സുവിശേഷ വേലയിൽ അക്ഷരീയ സഞ്ചികളും പൊക്കണങ്ങളും നന്നായി ഉപയോഗിക്കുന്നു. സങ്കീർത്തനക്കാരൻ മുൻകൂട്ടി പറഞ്ഞതുപോലെ അവർ “സഞ്ചി നിറയെ വിത്ത് വഹിക്കു”കയാണ്. ദൈവരാജ്യത്തിലൂടെ ഭൂമിയിൽ പുനഃസ്ഥാപിതമാകുന്ന പറുദീസയെ കുറിച്ചുള്ള സുവാർത്ത അടങ്ങുന്ന ദൈവവചനത്തിലെ സത്യമാണ് ആ വിത്ത്. മറ്റു സത്യാന്വേഷകരും ദൈവികജ്ഞാനം പ്രാപിക്കവേ അവർ തങ്ങളുടെ അധ്വാനത്തിന്റെ ഫലം “സന്തോഷാരവത്തോടെ” കൊയ്യുകയാണ്.—സങ്കീർത്തനം 126:6, NW.
ആത്മീയ കാര്യങ്ങളുടെ ശ്രേഷ്ഠമായ മൂല്യം എടുത്തുകാട്ടിക്കൊണ്ട് യേശു തന്റെ അനുഗാമികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നു പോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.” അതേ, ഒരു മടിശീലയോ സഞ്ചിയോ ചാക്കോ കിഴിയോ നിറച്ചുള്ള സ്വർഗീയ നിക്ഷേപം യഥാർഥ സുരക്ഷിതത്വം നൽകുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.—ലൂക്കൊസ് 12:33.