കമ്മ്യൂണിസ്റ്റ് നിരോധനത്തിൻ കീഴിൽ 40-ലേറെ വർഷങ്ങൾ
കമ്മ്യൂണിസ്റ്റ് നിരോധനത്തിൻ കീഴിൽ 40-ലേറെ വർഷങ്ങൾ
മീഖായൽ വസിലെവിച്ച് സാവിറ്റ്സ്കി പറഞ്ഞപ്രകാരം
യഹോവയുടെ സാക്ഷികളുടെ “വലിയൊരു നാടുകടത്തൽ” 1951 ഏപ്രിൽ 1, 7, 8 തീയതികളിൽ നടന്നതായി 1956 ഏപ്രിൽ 1-ലെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്തു. “ഇവ റഷ്യയിലെ യഹോവയുടെ സാക്ഷികൾക്കു മറക്കാനാവാത്ത തീയതികളാ”ണെന്ന് ആ വീക്ഷാഗോപുരം വിശദീകരിച്ചു. “ഈ മൂന്നു ദിവസങ്ങളിൽ, പശ്ചിമ യൂക്രെയിൻ, വൈറ്റ് റഷ്യ [ബെലാറസ്], ബെസ്സാറബിയ, മോൾഡാവിയ, ലട്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞ എല്ലാ യഹോവയുടെ സാക്ഷികളെയും—ഏഴായിരത്തിൽപരം സ്ത്രീപുരുഷന്മാരെ— . . . കുതിരവണ്ടികളിൽ തിക്കിനിറച്ച് റെയിൽവേ സ്റ്റേഷനുകളിലേക്കു കൊണ്ടുപോയി. അവിടെനിന്ന്, കന്നുകാലികളെ കൊണ്ടുപോകുന്ന തീവണ്ടികളിൽ കയറ്റി അവരെ വളരെ ദൂരേക്ക് അയച്ചു.”
എന്റെ ഭാര്യയെയും എട്ടുമാസം പ്രായമായ പുത്രനെയും എന്റെ മാതാപിതാക്കളെയും ഇളയ സഹോദരനെയും യൂക്രെയിനിലെ ടെർനോപോളിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള മറ്റനേകം സാക്ഷികളെയും തങ്ങളുടെ വീടുകളിൽനിന്ന് 1951 ഏപ്രിൽ 8-ന് പിടിച്ചുകൊണ്ടുപോയി. കന്നുകാലികളെ കൊണ്ടുപോകുന്ന തീവണ്ടികളിലാണ് അവരെ കൊണ്ടുപോയത്. ഒടുവിൽ, ഏകദേശം രണ്ടാഴ്ചത്തെ യാത്രയ്ക്കു ശേഷം ബെയ്ക്കൽ തടാകത്തിനു പടിഞ്ഞാറുള്ള സൈബീരിയൻ റ്റെയിഗയിൽ (ഉപ ആർട്ടിക്കിലെ വനപ്രദേശം) അവരെ ഇറക്കി.
ഈ നാടുകടത്തലിൽ ഞാൻ ഉൾപ്പെടാതിരുന്നത് എന്തുകൊണ്ട്? ആ സമയത്ത് ഞാൻ എവിടെ ആയിരുന്നെന്നും അതിനുശേഷം ഞങ്ങൾക്ക് എല്ലാവർക്കും എന്തു സംഭവിച്ചെന്നും വിവരിക്കുന്നതിനു മുമ്പ്, ഞാൻ ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നത് എങ്ങനെയെന്നു പറയാം.
ബൈബിൾ സത്യം ഞങ്ങളുടെ പക്കൽ എത്തുന്നു
1947 സെപ്റ്റംബറിൽ, എനിക്കു വെറും 15 വയസ്സുള്ളപ്പോൾ, രണ്ട് യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീടു സന്ദർശിച്ചു. ടെർനോപോളിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു ഗ്രാമമായ സ്ലവ്യാറ്റിനിൽ ആയിരുന്നു ഞങ്ങളുടെ വീട്. ഞാനും അമ്മയും ആ യുവതികൾ—അവരിൽ ഒരാളുടെ പേര് മരിയ എന്നായിരുന്നു—പറഞ്ഞതു ശ്രദ്ധിച്ചു. അതു മറ്റു മതങ്ങളെപ്പോലുള്ള ഒരു മതം അല്ലെന്ന് എനിക്കു മനസ്സിലായി. അവർ തങ്ങളുടെ വിശ്വാസം വിശദീകരിക്കുകയും ഞങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു.
ബൈബിൾ ദൈവവചനമാണെന്നു ഞാൻ വിശ്വസിച്ചിരുന്നു. പക്ഷേ പള്ളി എന്നിൽ നിരാശയാണ് ഉളവാക്കിയത്. മുത്തച്ഛൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: “തീനരകത്തിലെ പീഡനത്തെ കുറിച്ചു പറഞ്ഞ് പുരോഹിതന്മാർ ആളുകളെ പേടിപ്പിക്കുന്നു, എന്നാൽ ആ പുരോഹിതന്മാരാകട്ടെ യാതൊന്നിനെയും ഭയപ്പെടുന്നുമില്ല. അവർ വെറുതെ ദരിദ്രരെ കബളിപ്പിച്ചു കൊള്ളയടിക്കുന്നു.” രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ പോളീഷ് നിവാസികൾക്ക് എതിരായി നടത്തിയ അക്രമവും കൊള്ളിവെപ്പും ഞാൻ ഓർമിക്കുന്നു. ആ ആക്രമണങ്ങൾ സംഘടിപ്പിച്ചത് ഒരു ഗ്രീക്ക് കാത്തലിക്ക് പുരോഹിതൻ ആയിരുന്നുവെന്നതു ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. അരുംകൊലയ്ക്ക് ഇരയായ അനേകരെ ഞാൻ കണ്ടു. അത്തരം ക്രൂരതയുടെ കാരണം അറിയാൻ ഞാൻ വാഞ്ഛിച്ചു.
സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചപ്പോൾ ഞാൻ അതു മനസ്സിലാക്കാൻ തുടങ്ങി. എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നരകം ഇല്ലെന്നും യുദ്ധത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോത്സാഹിപ്പിക്കാനായി പിശാചായ സാത്താൻ വ്യാജമതത്തെ ഉപയോഗിക്കുന്നുവെന്നും ഉള്ള വസ്തുത ഉൾപ്പെടെയുള്ള അടിസ്ഥാന സത്യങ്ങൾ ഞാൻ പഠിച്ചു. വ്യക്തിപരമായ പഠന സമയത്ത്, പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെപ്രതി ഞാൻ ഇടയ്ക്കിടെ പ്രാർഥനയിൽ യഹോവയ്ക്കു ഹൃദയംഗമമായ നന്ദി പറയുമായിരുന്നു. ഈ ബൈബിൾ സത്യങ്ങൾ ഞാൻ എന്റെ അനുജനായ സ്റ്റാക്കുമായി പങ്കുവെക്കാൻ തുടങ്ങി. അവൻ അവ സ്വീകരിച്ചപ്പോൾ അത് എന്നെ വളരെ സന്തുഷ്ടനാക്കി.
ഞാൻ പഠിച്ചത് പ്രസംഗിക്കൽ
വ്യക്തിപരമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഉടനെ ഞാൻ പുകവലി നിർത്തി. സംഘടിത ബൈബിൾ പഠനത്തിനായി മറ്റുള്ളവരോടൊപ്പം പതിവായി കൂടിവരേണ്ടതിന്റെ ആവശ്യവും ഞാൻ മനസ്സിലാക്കി. യോഗങ്ങൾ നടത്തിയിരുന്ന രഹസ്യ സ്ഥലത്ത് എത്തിച്ചേരാൻ കാട്ടിലൂടെ 10 കിലോമീറ്റർ നടക്കണമായിരുന്നു. ചിലപ്പോൾ ഏതാനും സ്ത്രീകൾക്കു മാത്രമേ യോഗത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നുള്ളൂ. ഞാൻ അന്നു സ്നാപനം ഏറ്റിട്ടില്ലായിരുന്നെങ്കിലും ആ അവസരങ്ങളിൽ യോഗം നടത്താൻ എന്നോട് ആവശ്യപ്പെട്ടിരുന്നു.
ബൈബിൾ സാഹിത്യം കൈവശം വെക്കുന്നത് അപകടകരമായിരുന്നു, പിടിക്കപ്പെട്ടാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാമായിരുന്നു. എന്നിട്ടും, സ്വന്തമായൊരു ലൈബ്രറി ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ഒരു അയൽക്കാരൻ യഹോവയുടെ സാക്ഷികളോടൊത്തു പഠിച്ചിരുന്നു. എന്നാൽ ഭയം നിമിത്തം അദ്ദേഹം പഠനം നിർത്തുകയും സാഹിത്യം തന്റെ ഉദ്യാനത്തിൽ കുഴിച്ചിടുകയും ചെയ്തു. തന്റെ പുസ്തകങ്ങളും മാസികകളും എല്ലാം കുഴിച്ചെടുത്ത് എനിക്കു തരാമെന്നു സമ്മതിച്ചപ്പോൾ ഞാൻ യഹോവയ്ക്ക് എത്രമാത്രം നന്ദി പറഞ്ഞെന്നോ! മറ്റുള്ളവർ അന്വേഷിച്ചു ചെല്ലാൻ സാധ്യത ഇല്ലാതിരുന്ന പിതാവിന്റെ തേനീച്ചക്കൂടുകളിൽ ഞാൻ അവ ഒളിപ്പിച്ചുവെച്ചു.
1949 ജൂലൈയിൽ ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ പ്രതീകമായി സ്നാപനം ഏൽക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു അത്. ഒരു യഥാർഥ ക്രിസ്ത്യാനി ആയിരിക്കുക എളുപ്പമല്ലെന്നും മുന്നിൽ ധാരാളം പരീക്ഷണങ്ങളുണ്ടെന്നും രഹസ്യമായി ആ സ്നാപനം നടത്തിയ സാക്ഷി ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ എത്ര സത്യം ആയിരുന്നെന്നു പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി! എങ്കിലും, സ്നാപനമേറ്റ സാക്ഷി എന്ന നിലയിലുള്ള എന്റെ ജീവിതത്തിന്റെ തുടക്കം സന്തോഷകരമായിരുന്നു. സ്നാപനത്തിനു ശേഷം രണ്ടുമാസം കഴിഞ്ഞ്, എനിക്കും അമ്മയ്ക്കും സത്യം പരിചയപ്പെടുത്തിത്തന്ന ആ രണ്ടുപേരിൽ ഒരാളായ മരിയയെ ഞാൻ വിവാഹം കഴിച്ചു.
ആദ്യ പരീക്ഷണം പെട്ടെന്ന്
1950 ഏപ്രിൽ 16-ന് പഡ്ജിറ്റ്സി എന്ന ചെറിയ പട്ടണത്തിൽനിന്നു ഞാൻ വീട്ടിലേക്കു മടങ്ങവേ,
പെട്ടെന്ന് എന്റെ നേരേ വന്ന പട്ടാളക്കാർ ഞങ്ങളുടെ അധ്യയന കൂട്ടത്തിലേക്കു ഞാൻ കൊണ്ടുപോകുക ആയിരുന്ന ചില ബൈബിൾ സാഹിത്യങ്ങൾ കണ്ടെത്തി. അവർ എന്നെ അറസ്റ്റു ചെയ്തു. കസ്റ്റഡിയിലായിരുന്ന ആദ്യത്തെ ഏതാനും ദിവസങ്ങൾ അവർ എന്നെ വടികൊണ്ടു പ്രഹരിച്ചു, ഉണ്ണാനോ ഉറങ്ങാനോ അനുവദിച്ചതുമില്ല. കൈകൾ തലയ്ക്കു മീതെ പിടിച്ചുകൊണ്ട് നൂറു തവണ കുത്തിയിരുന്ന് എഴുന്നേൽക്കാൻ എന്നോട് ആജ്ഞാപിച്ചു. വളരെ പണിപ്പെട്ടാണു ഞാൻ അതു പൂർത്തിയാക്കിയത്. അതിനുശേഷം 24 മണിക്കൂർ നേരത്തേക്ക് അവർ എന്നെ തണുത്ത, ഈർപ്പം നിറഞ്ഞ ഒരു അറയിൽ ഇട്ടു.എന്റെ ചെറുത്തുനിൽപ്പു ശേഷി ക്ഷയിപ്പിച്ച്, എന്നിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നത് എളുപ്പമാക്കുക എന്നതായിരുന്നു ഈ ദ്രോഹത്തിന്റെ ലക്ഷ്യം. “നിനക്ക് ഈ സാഹിത്യം എവിടെനിന്നു കിട്ടി, നീ അത് ആരുടെ അടുത്തേക്കു കൊണ്ടുപോകുക ആയിരുന്നു?” എന്ന് അവർ ചോദിച്ചു. യാതൊന്നും വെളിപ്പെടുത്താൻ ഞാൻ കൂട്ടാക്കിയില്ല. അപ്പോൾ, ഏതു നിയമപ്രകാരമാണോ എന്നെ വിസ്തരിക്കാനിരുന്നത് അതിന്റെ ഒരു ഭാഗം എന്നെ വായിച്ചു കേൾപ്പിച്ചു. സോവിയറ്റു വിരുദ്ധ സാഹിത്യം പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നതിന് വധശിക്ഷയോ 25 വർഷത്തെ തടവുശിക്ഷയോ നൽകാവുന്നതാണെന്ന് അതു പ്രസ്താവിച്ചു.
“ഏതു ശിക്ഷയാണു നിനക്കു വേണ്ടത്?” അവർ ചോദിച്ചു.
“രണ്ടും വേണ്ട,” ഞാൻ പ്രതിവചിച്ചു, “എന്നാൽ എന്റെ ആശ്രയം യഹോവയിലാണ്, അവന്റെ സഹായത്തോടെ, അവൻ അനുവദിക്കുന്ന എന്തും ഞാൻ സ്വീകരിക്കും.”
ഏഴു ദിവസം കഴിഞ്ഞ് പോകാൻ അനുവദിച്ചപ്പോൾ ഞാനാകെ അതിശയിച്ചുപോയി. യഹോവയുടെ പിൻവരുന്ന വാഗ്ദാനത്തിന്റെ സത്യത വിലമതിക്കാൻ ആ അനുഭവം എന്നെ സഹായിച്ചു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല”—എബ്രായർ 13:5.
ഞാൻ വീട്ടിൽ മടങ്ങി എത്തിയപ്പോഴേക്കും എനിക്കു കലശലായ രോഗം പിടിപെട്ടു. പിതാവ് എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. രോഗം വേഗം ഭേദമാകുകയും ചെയ്തു. കുടുംബത്തിലെ മറ്റുള്ളവരുടെ മത വിശ്വാസങ്ങളിൽ പിതാവ് ഭാഗഭാക്കായില്ലെങ്കിലും, ഞങ്ങളുടെ ആരാധനയുടെ കാര്യത്തിൽ അദ്ദേഹം ഞങ്ങളെ പിന്താങ്ങി.
തടവും നാടുകടത്തലും
ഏതാനും മാസങ്ങൾക്കു ശേഷം സോവിയറ്റ് സൈന്യത്തിൽ സേവിക്കുന്നതിനായി എന്നെ നിർബന്ധപൂർവം തിരഞ്ഞെടുത്തു. എന്റെ മനസ്സാക്ഷിപരമായ എതിർപ്പ് ഞാൻ വിശദീകരിച്ചു. (യെശയ്യാവു 2:4) എന്നിരുന്നാലും, 1951 ഫെബ്രുവരിയിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ച് എന്നെ ടെർനോപോളിലെ ജയിലിലേക്ക് അയച്ചു. പിന്നീട്, ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഒരു വലിയ നഗരമായ ലവിഫിലെ ജയിലിലേക്ക് എന്നെ മാറ്റി. അനേകം സാക്ഷികളെ സൈബീരിയയിലേക്കു നാടുകടത്തിയെന്ന് അവിടെവെച്ചു ഞാൻ അറിഞ്ഞു.
1951 വേനൽക്കാലത്ത് ഞങ്ങളിൽ ഒരു കൂട്ടത്തെ സൈബീരിയയ്ക്കും അപ്പുറം അങ്ങ് വിദൂര പൗരസ്ത്യ ദേശത്തേക്ക് അയച്ചു. ഒരു മാസം നീണ്ട ആ യാത്രയിൽ ഞങ്ങൾ 11 സമയ മേഖലകൾ പിന്നിട്ടു, ഏകദേശം 11,000 കിലോമീറ്റർ! ആ ട്രെയിൻ യാത്രയിൽ ഒരു പ്രാവശ്യം മാത്രമാണ് യാത്ര നിർത്തി ഞങ്ങളെ കുളിക്കാൻ അനുവദിച്ചത്, അതും രണ്ടാഴ്ചയിലേറെ യാത്ര ചെയ്തശേഷം. സൈബീരിയയിലുള്ള നോവോസിബിർസ്കിലെ വലിയൊരു പൊതു കുളിശാലയിൽ ആയിരുന്നു അത്.
അവിടെവെച്ച്, തടവുപുള്ളികളുടെ മഹാസഞ്ചയത്തിന് ഇടയിൽനിന്ന് ഒരാൾ പിൻവരുന്നപ്രകാരം ഉച്ചത്തിൽ ചോദിക്കുന്നതു ഞാൻ കേട്ടു: “യോനാദാബ് കുടുംബത്തിൽപെട്ട ആരാണ് ഇവിടെ ഉള്ളത്?” ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ളവരെ തിരിച്ചറിയിക്കാൻ അക്കാലത്ത് ഉപയോഗിച്ചിരുന്ന പദപ്രയോഗം ആയിരുന്നു “യോനാദാബ്” എന്നത്. (2 രാജാക്കന്മാർ 10:15-17; സങ്കീർത്തനം 37:11, 29) ഉടനെ അനേകർ തങ്ങളെത്തന്നെ സാക്ഷികളായി തിരിച്ചറിയിച്ചു. എന്തൊരു സന്തോഷത്തോടെ ആയിരുന്നു ഞങ്ങൾ അന്യോന്യം അഭിവാദ്യം ചെയ്തത്!
ജയിലിലെ ആത്മീയ പ്രവർത്തനം
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അന്യോന്യം തിരിച്ചറിയാൻ നോവോസിബിർസ്കിൽവെച്ച് ഞങ്ങൾ ഒരു രഹസ്യവാക്യം ചർച്ചചെയ്തു തീരുമാനിച്ചു. വ്ളാഡിവോസ്റ്റോക്കിൽനിന്നു വളരെ അകലെ അല്ലാത്ത സീ ഓഫ് ജപ്പാനിലെ തടങ്കൽ പാളയത്തിലാണു ഞങ്ങൾ എല്ലാവരും ചെന്നെത്തിയത്. അവിടെ ഞങ്ങൾ ക്രമമായ ബൈബിൾ അധ്യയന യോഗങ്ങൾ സംഘടിപ്പിച്ചു. ദീർഘകാല തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന പക്വതയുള്ള, പ്രായമായ ആ സഹോദരന്മാരോട് ഒപ്പമായിരുന്നത് ആത്മീയമായി എന്നെ ശരിക്കും ബലപ്പെടുത്തി. ബൈബിൾ വാക്യങ്ങളും വീക്ഷാഗോപുര മാസികകളിൽനിന്നു തങ്ങൾക്ക് ഓർമിക്കാൻ കഴിഞ്ഞ ബന്ധപ്പെട്ട വിവരങ്ങളും ഉപയോഗിച്ച് അവർ മാറിമാറി യോഗങ്ങൾ നടത്തി.
ഞങ്ങളുടെ ചോദ്യങ്ങൾക്ക് ആ സഹോദരന്മാർ ഉത്തരം നൽകി. ഞങ്ങളിൽ അനേകർ ഒഴിഞ്ഞ സിമെന്റു ചാക്കുകളിൽനിന്നു കടലാസു തുണ്ടുകൾ കീറിയെടുത്ത് ഉത്തരങ്ങൾ എഴുതി എടുത്തു. സ്വകാര്യ പരാമർശക ലൈബ്രറിയായി ഉപയോഗിക്കാൻ വേണ്ടി ഞങ്ങൾ ആ കുറിപ്പുകൾ സൂക്ഷിച്ചുവെച്ച് തുന്നിക്കെട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ദീർഘകാല തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നവരെ സൈബീരിയയുടെ ഏറെ വടക്കു മാറിയുള്ള ക്യാമ്പുകളിലേക്ക് അയച്ചു. ഞാൻ ഉൾപ്പെടെ മൂന്നു യുവസഹോദരന്മാരെ ജപ്പാനോട് 650 കിലോമീറ്റർ അടുത്തുള്ള നഖോഡ്ക്ക എന്ന സമീപ നഗരത്തിലേക്കു മാറ്റി. ഞാൻ അവിടെ ജയിലിൽ രണ്ടു വർഷം ചെലവഴിച്ചു.
ചില അവസരങ്ങളിൽ ഞങ്ങൾക്കു വീക്ഷാഗോപുരത്തിന്റെ പ്രതികൾ ലഭിച്ചിരുന്നു. അതു മാസങ്ങളോളം ഞങ്ങൾക്ക് ആത്മീയ ഭക്ഷണമായി ഉതകിയിരുന്നു. കാലക്രമത്തിൽ ഞങ്ങൾക്കു കത്തുകളും ലഭിച്ചു. എന്റെ കുടുംബത്തിൽനിന്ന് (അവർ ആ സമയത്ത് നാടുകടത്തപ്പെട്ടിരുന്നു) എനിക്കു ലഭിച്ച ആദ്യത്തെ കത്ത് എന്റെ കണ്ണുകളെ ഈറനണിയിച്ചു. മുഖവുരയിൽ ഉദ്ധരിച്ചിരിക്കുന്ന വീക്ഷാഗോപുരത്തിൽ വിവരിച്ചിരുന്നതു പോലെതന്നെ, സാക്ഷികളുടെ വീടുകൾ ആക്രമിക്കപ്പെട്ടെന്നും വീടുവിടാനായി കുടുംബങ്ങൾക്കു വെറും രണ്ടു മണിക്കൂർ മാത്രമാണു നൽകിയതെന്നും ആ കത്തിൽ പറഞ്ഞിരുന്നു.
വീണ്ടും കുടുംബത്തോടൊപ്പം
തടവുശിക്ഷ നാലു വർഷത്തേക്ക് ആയിരുന്നെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ 1952 ഡിസംബറിൽ ഞാൻ ജയിൽ മോചിതനായി. സൈബീരിയയിലെ ടുലുണിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമമായ ഗാഡലിയിലേക്കു നാടുകടത്തപ്പെട്ടിരുന്ന എന്റെ കുടുംബത്തോടു ഞാൻ ചേർന്നു. വീണ്ടും അവരോടൊപ്പം ആയിരിക്കുന്നത് തീർച്ചയായും വിസ്മയാവഹമായ ഒരു അനുഭവം ആയിരുന്നു. മകൻ ഇവാന് ഏകദേശം മൂന്നു വയസ്സും മകൾ അന്നായ്ക്ക് ഏകദേശം രണ്ടു വയസ്സും ഉണ്ടായിരുന്നു. എന്നാൽ എന്റെ സ്വാതന്ത്ര്യം ആപേക്ഷികമായിരുന്നു. പ്രാദേശിക അധികാരികൾ എന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഞാൻ സൂക്ഷ്മ നിരീക്ഷണത്തിൻകീഴിൽ ആയിരുന്നു. വീട്ടിൽനിന്നു മൂന്നു കിലോമീറ്ററിൽ ഏറെ യാത്ര ചെയ്യാൻ എനിക്കു കഴിയുമായിരുന്നില്ല. പിന്നീട്, ടുലുണിലെ ചന്തയിലേക്കു കുതിരപ്പുറത്തു പോകാൻ എനിക്ക് അനുവാദം ലഭിച്ചു. ജാഗ്രത പാലിച്ചുകൊണ്ട് ഞാൻ അവിടെയുള്ള സഹസാക്ഷികളെ കണ്ടുമുട്ടി.
അപ്പോഴേക്കും, ഞങ്ങൾക്ക് ഇവാനെയും അന്നായെയും കൂടാതെ നാദിയ എന്ന പെൺകുട്ടിയും കോല്യ എന്ന ആൺകുട്ടിയും ജനിച്ചിരുന്നു. 1958-ൽ ഞങ്ങൾക്കു വലോഡിയ എന്ന ഒരു മകൻ കൂടെ ജനിച്ചു. പിന്നീട് 1961-ൽ ഗാലിയ എന്ന ഒരു മകളും.
കെജിബി (മുൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി) ഇടയ്ക്കിടെ എന്നെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. എന്നിൽനിന്നും സഭയെ കുറിച്ചുള്ള വിവരങ്ങൾ അറിയുക എന്നതു മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. ഞാൻ അവരുമായി സഹകരിക്കുന്നുവെന്ന സംശയം ഉണർത്താനും അവർ ലക്ഷ്യമിട്ടിരുന്നു. അതുകൊണ്ട് അവർ എന്നെ ഒരു ഒന്നാന്തരം റെസ്റ്ററന്റിൽ കൊണ്ടുപോയി ഞാൻ അവരോടൊപ്പം ചിരിച്ചു സന്തോഷിക്കുന്ന ഫോട്ടോകൾ എടുക്കാനും
ശ്രമിക്കുമായിരുന്നു. എന്നാൽ എനിക്ക് അവരുടെ ലക്ഷ്യം മനസ്സിലായി. അതുകൊണ്ട് ഞാൻ മനപ്പൂർവം മുഖത്ത് ഒരു അസംതൃപ്ത ഭാവം എപ്പോഴും നിലനിർത്തി. കസ്റ്റഡിയിൽ എടുത്ത ഓരോ തവണയും, വാസ്തവത്തിൽ എന്താണു സംഭവിച്ചതെന്നു ഞാൻ സഹോദരങ്ങളോടു പറഞ്ഞു. അതുകൊണ്ട് അവർ ഒരിക്കലും എന്റെ വിശ്വസ്തതയെ സംശയിച്ചില്ല.ക്യാമ്പുകളുമായുള്ള സമ്പർക്കം
വർഷങ്ങളായി, നൂറുകണക്കിനു സാക്ഷികളെ ജയിൽ ക്യാമ്പുകളിൽ അടച്ചിരുന്നു. ഈ കാലത്ത്, ജയിലിൽ ആക്കപ്പെട്ട ഞങ്ങളുടെ സഹോദരങ്ങൾക്കു സാഹിത്യങ്ങൾ വിതരണം ചെയ്തുകൊണ്ട് അവരുമായി ഞങ്ങൾ പതിവായി ബന്ധപ്പെട്ടിരുന്നു. അതു ചെയ്തത് എപ്രകാരമായിരുന്നു? കർശനമായ നിയന്ത്രണങ്ങൾക്കു മധ്യേ സാഹിത്യം രഹസ്യമായി എത്തിക്കാൻ എങ്ങനെ കഴിയുമെന്ന്, ക്യാമ്പിൽ നിന്നു മോചിതരായ സഹോദരീസഹോദരന്മാരിൽനിന്നു ഞങ്ങൾ മനസ്സിലാക്കി. പോളണ്ടിലൂടെയും മറ്റു രാജ്യങ്ങളിലൂടെയും ഞങ്ങൾക്കു ലഭിച്ച മാസികകളും പുസ്തകങ്ങളും ഏകദേശം പത്തു വർഷം ഈ ക്യാമ്പുകളിലുള്ള സഹോദരങ്ങൾക്കു വിതരണം ചെയ്യാൻ ഞങ്ങൾക്കു സാധിച്ചു.
ഒരു ചെറിയ തീപ്പെട്ടി പോലുള്ള എന്തിലെങ്കിലും ഒരു മാസിക മുഴുവനും ഒളിപ്പിച്ചുവെക്കാൻ പോന്നവിധം അത്ര നേരിയ അക്ഷരത്തിൽ സാഹിത്യം പകർത്തി എഴുതുകയെന്ന ദുഷ്കരമായ ജോലി ഞങ്ങളുടെ ക്രിസ്തീയ സഹോദരിമാരിൽ അനേകർ മണിക്കൂറുകളോളം ചെയ്തു! നിരോധനം നീക്കം ചെയ്യപ്പെടുകയും ഞങ്ങൾക്കു മനോഹരമായ ചതുർവർണ മാസികകൾ ലഭ്യമാകുകയും ചെയ്ത 1991-ൽ ആ സഹോദരിമാരിൽ ഒരാൾ പറഞ്ഞു: “ഇപ്പോൾ ഞങ്ങൾ വിസ്മരിക്കപ്പെടും.” അവർ പറഞ്ഞതു തെറ്റായിരുന്നു. മനുഷ്യർ വിസ്മരിച്ചാലും, അത്തരം വിശ്വസ്തരുടെ വേല യഹോവ ഒരിക്കലും വിസ്മരിക്കില്ല!—എബ്രായർ 6:10.
സ്ഥലംമാറലും ദുരന്തങ്ങളും
1967 അവസാനം എന്റെ അനുജന്റെ ഇർക്കുറ്റ്സ്കിലെ വീട് പരിശോധിക്കപ്പെട്ടു. ബൈബിൾ സാഹിത്യത്തിന്റെ കോപ്പികളും ഫിലിമുകളും കണ്ടെടുത്തു. അവനെ കുറ്റം ചുമത്തി മൂന്നു വർഷത്തേക്കു ജയിലിലടച്ചു. എന്നിരുന്നാലും, അവർ ഞങ്ങളുടെ വീടു പരിശോധിച്ചപ്പോൾ യാതൊന്നും കണ്ടെത്തിയില്ല. പക്ഷേ, ഞങ്ങളും അതിൽ ഉൾപ്പെട്ടിരുന്നെന്ന് അധികാരികൾക്കു ബോധ്യമായി. അതുകൊണ്ട് ഞങ്ങൾക്ക് ആ പ്രദേശം വിട്ടുപോകേണ്ടി വന്നു. ഞങ്ങൾ ഏകദേശം 5,000 കിലോമീറ്റർ പടിഞ്ഞാറുള്ള കോക്കസസിലെ നെവിനോമിസ്ക് നഗരത്തിലേക്കു താമസം മാറി. അവിടെ ഞങ്ങൾ അനൗപചാരിക സാക്ഷീകരണത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടിരുന്നു.
1969 ജൂണിലെ ആദ്യത്തെ സ്കൂൾ ഒഴിവു ദിനത്തിൽ ഒരു ദുരന്തമുണ്ടായി. ഒരു ഹൈ-വോൾട്ടേജ് ഇലക്ട്രിക് ട്രാൻസ്ഫോർമറിന്റെ അടുത്തുനിന്ന് ഒരു പന്ത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ 12 വയസ്സുണ്ടായിരുന്ന ഞങ്ങളുടെ മകൻ കോല്യയ്ക്കു ശക്തമായ വൈദ്യുത ആഘാതമേറ്റു. അവന്റെ ശരീരത്തിന്റെ 70 ശതമാനത്തിലധികം പൊള്ളി. ആശുപത്രിയിൽ വെച്ച് അവൻ എന്നോടു ചോദിച്ചു: “ആ ദ്വീപിൽ വീണ്ടും ഒരുമിച്ചു പോകാൻ നമുക്കു സാധിക്കുമോ?” (ഞങ്ങൾ ഒരു രസത്തിനായി സന്ദർശിക്കുമായിരുന്ന ഒരു ദ്വീപിനെ കുറിച്ചായിരുന്നു അവൻ സംസാരിച്ചത്) “സാധിക്കും, കോല്യ,” ഞാൻ പറഞ്ഞു, “നാം ആ ദ്വീപിലേക്കു വീണ്ടും പോകും. യേശുക്രിസ്തു നിന്നെ ജീവനിലേക്ക് ഉയിർപ്പിക്കുമ്പോൾ നാം തീർച്ചയായും അവിടേക്കു പോകും.” രാജ്യഹാളിലെ വാദ്യവൃന്ദത്തോടൊപ്പം തന്റെ വാദ്യോപകരണത്തിൽ വായിക്കാൻ അവൻ ഇഷ്ടപ്പെട്ടിരുന്ന, തനിക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യഗീതങ്ങളിൽ ഒന്ന് അർധബോധാവസ്ഥയിൽ ആയിരിക്കെ അവൻ പാടിക്കൊണ്ടിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ, പുനരുത്ഥാന പ്രത്യാശയിലുള്ള ഉറപ്പോടെ അവൻ മരിച്ചു.
തുടർന്നുവന്ന വർഷം ഇവാനെ സൈനിക സേവനത്തിന് നിർബന്ധപൂർവം തിരഞ്ഞെടുത്തു. അപ്പോൾ അവന് 20 വയസ്സായിരുന്നു. സേവിക്കാൻ വിസമ്മതിച്ചതിനാൽ അറസ്റ്റു ചെയ്യപ്പെട്ട അവനു മൂന്നു വർഷം ജയിലിൽ കഴിയേണ്ടിവന്നു. 1971-ൽ, എന്നെ സൈനിക സേവനത്തിനു തിരഞ്ഞെടുക്കുകയും സേവിച്ചില്ലെങ്കിൽ വീണ്ടും തടവിലാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ കേസ് മാസങ്ങളോളം ഇഴഞ്ഞു നീങ്ങി. അതിനിടയിൽ ഭാര്യ കാൻസർ രോഗിയായി. അവൾക്ക് ഏറെ പരിചരണം ആവശ്യമായിരുന്നു. അക്കാരണത്താൽ അവർ എനിക്ക് എതിരായ കേസ് ഉപേക്ഷിച്ചു. 1972-ൽ മരിയാ മരിച്ചു. അവൾ ഒരു വിശ്വസ്ത പങ്കാളി ആയിരുന്നു. മരണംവരെ അവൾ യഹോവയോടു വിശ്വസ്തത പുലർത്തി.
ഞങ്ങളുടെ കുടുംബം വിദേശത്തേക്കു വ്യാപിക്കുന്നു
1973-ൽ ഞാൻ നീനായെ വിവാഹം ചെയ്തു. ഒരു സാക്ഷി ആയതിന് 1960-ൽ പിതാവ് അവളെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. തടങ്കൽ പാളയത്തിൽ ആയിരുന്ന സഹോദരങ്ങൾക്കായി മാസികകൾ പകർത്തിയെഴുതുന്നതിൽ കഠിനാധ്വാനം ചെയ്ത സഹോദരിമാരോട് ഒപ്പമുണ്ടായിരുന്ന തീക്ഷ്ണതയുള്ള ഒരു ശുശ്രൂഷക ആയിരുന്നു അവൾ. എന്റെ കുട്ടികളും അവളെ സ്നേഹിച്ചിരുന്നു.
നെവിനോമിസ്ക്കിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ അധികാരികളെ അസഹ്യപ്പെടുത്തി. അവിടം വിട്ടുപോകാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. അതുകൊണ്ട്, 1975-ൽ ഞാനും ഭാര്യയും പുത്രിമാരും ജോർജിയയിലെ ദക്ഷിണ കോക്കസസിലേക്കു നീങ്ങി. അതേസമയം, പുത്രന്മാരായ ഇവാനും വലോഡിയയും
കസാഖ്സ്ഥാന്റെ ദക്ഷിണ അതിർത്തിയിലുള്ള ജാമ്പുലിലേക്കു താമസം മാറി.ജോർജിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിങ്കടൽ തീരത്തുള്ള ഗാഗ്റയിലും സുക്കമിയിലും പ്രാന്തപ്രദേശങ്ങളിലും ഞങ്ങൾ അനൗപചാരിക സാക്ഷീകരണം നടത്തി. ഒരു വർഷം കഴിഞ്ഞപ്പോൾ പത്തു പുതിയ സാക്ഷികൾ ഒരു പർവത നദിയിൽ സ്നാപനമേറ്റു. ഞങ്ങൾ ആ സ്ഥലം വിട്ടുപോകണമെന്ന് ഉടൻതന്നെ അധികാരികൾ നിർബന്ധം പിടിച്ചു. ഞങ്ങൾ കിഴക്കൻ ജോർജിയയിലേക്കു നീങ്ങി. ചെമ്മരിയാടു തുല്യരായ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അവിടെവെച്ച് ഊർജിതമാക്കി. യഹോവ ഞങ്ങളെ അനുഗ്രഹിച്ചു.
ഞങ്ങൾ ചെറിയ കൂട്ടങ്ങളായി ഒരുമിച്ചുകൂടി. ഭാഷ ഒരു പ്രശ്നമായിരുന്നു. കാരണം ഞങ്ങൾക്കു ജോർജിയൻ ഭാഷ അറിയില്ലായിരുന്നു. ചില ജോർജിയക്കാർക്ക് ആണെങ്കിൽ റഷ്യൻ ഭാഷ നന്നായി സംസാരിക്കാൻ വശമില്ലായിരുന്നുതാനും. ആദ്യമൊക്കെ ഞങ്ങൾ റഷ്യക്കാരുമായി മാത്രം പഠിച്ചു. എന്നാൽ പെട്ടെന്നുതന്നെ ജോർജിയൻ ഭാഷയിലുള്ള പ്രസംഗവും പഠിപ്പിക്കലും പുരോഗമിച്ചു. ഇപ്പോൾ ജോർജിയയിൽ ആയിരക്കണക്കിനു രാജ്യ ഘോഷകരുണ്ട്.
1979-ൽ കെജിബിയുടെ സമ്മർദ ഫലമായി, തന്റെ രാജ്യത്തു ഞങ്ങൾക്കു മേലാൽ സ്വാഗതം ഇല്ലെന്ന് എന്റെ തൊഴിലുടമ പറഞ്ഞു. ആ സമയത്തായിരുന്നു എന്റെ പുത്രിയായ നാദിയ ഒരു കാർ അപകടത്തിൽപ്പെട്ടത്. ആ അപകടത്തിൽ അവളും അവളുടെ മകളും കൊല്ലപ്പെട്ടു. തലേവർഷം നെവിനോമിസ്ക്കിൽ വെച്ച് എന്റെ അമ്മ മരണമടഞ്ഞിരുന്നു. അവർ മരണംവരെ യഹോവയോടു വിശ്വസ്തയായിരുന്നു. അങ്ങനെ, പിതാവും എന്റെ അനുജനും അവിടെ തനിച്ചായിത്തീർന്നതുകൊണ്ട് അങ്ങോട്ടു മടങ്ങിപ്പോകാൻ ഞങ്ങൾ തീരുമാനിച്ചു.
സഹിഷ്ണുതയുടെ അനുഗ്രഹങ്ങൾ
നെവിനോമിസ്ക്കിൽ ഞങ്ങൾ തുടർന്നും രഹസ്യമായി ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിച്ചു. 1980 മധ്യത്തിൽ, ഒരിക്കൽ അധികാരികൾ എന്നെ വിളിച്ചു വരുത്തിയപ്പോൾ, ഞങ്ങളുടെ മാസികകൾ ഞാൻ ഒളിപ്പിക്കുന്നതായി സ്വപ്നം കണ്ടെന്ന് ഞാൻ അവരോടു പറഞ്ഞു. അവർ പൊട്ടിച്ചിരിച്ചു. ഞാൻ തിരിച്ചുപോരവേ അവരിൽ ഒരാൾ പറഞ്ഞു: “നിങ്ങളുടെ സാഹിത്യം ഒളിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഉള്ളതിനെ കുറിച്ച് ഇനി നിങ്ങൾ സ്വപ്നമൊന്നും കാണാതിരിക്കട്ടെ.” അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “താമസിയാതെ, നിങ്ങളുടെ അലമാരകളിൽ സാഹിത്യങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഭാര്യയുടെ കൈകോർത്തു പിടിച്ചുകൊണ്ട് കയ്യിൽ ബൈബിളുമായി നിങ്ങൾ യോഗങ്ങൾക്കു പോകുകയും ചെയ്യും.”
1989-ൽ മകൾ അന്നാ മസ്തിഷ്ക ധമനിവീക്കം നിമിത്തം മരിച്ചത് ഞങ്ങളെ ദുഃഖത്തിലാഴ്ത്തി. അവൾക്ക് 38 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതേവർഷം ആഗസ്റ്റിൽ നെവിനോമിസ്ക്കിലെ സാക്ഷികൾ ഒരു ട്രെയിൻ വാടകയ്ക്കെടുത്ത് ഒരു അന്താരാഷ്ട്ര കൺവെൻഷനു സംബന്ധിക്കാനായി പോളണ്ടിലെ വാഴ്സോയിലേക്കു പോയി. സോവിയറ്റ് യൂണിയനിൽനിന്നുള്ള ആയിരങ്ങൾ ഉൾപ്പെടെ 60,366 പേർ അവിടെ ഹാജരായി. ഞങ്ങൾ സ്വപ്നം കാണുകയാണെന്നു തന്നെ ഞങ്ങൾ ചിന്തിച്ചു! ഏകദേശം രണ്ടു വർഷത്തിനു ശേഷം 1991 മാർച്ച് 27-ന് മോസ്കോയിൽ വെച്ച്, യഹോവയുടെ സാക്ഷികളുടെ മത സംഘടനയ്ക്കു നിയമപരമായ അംഗീകാരം നൽകുന്ന ചരിത്രപ്രധാനമായ പ്രമാണത്തിൽ ഒപ്പിട്ട സോവിയറ്റ് യൂണിയനിലെ അഞ്ചു ദീർഘകാല സഭാമൂപ്പന്മാരിൽ ഒരുവനായിരിക്കാൻ എനിക്കു പദവി ലഭിച്ചു!
ശേഷിച്ചിരിക്കുന്ന എന്റെ മക്കൾ യഹോവയെ വിശ്വസ്തരായി സേവിച്ചുകൊണ്ടിരിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അന്നായെയും നാദിയായെയും അവളുടെ പുത്രിയെയും കൂടാതെ കോല്യയെയും എനിക്കു വീണ്ടും കാണാൻ കഴിയുന്ന ദൈവത്തിന്റെ പുതിയ ലോകത്തിനായി ഞാൻ കാത്തിരിക്കുന്നു. കോല്യ പുനരുത്ഥാനം പ്രാപിക്കുമ്പോൾ, അനേകം വർഷം മുമ്പ് ഞങ്ങൾ ഒരുമിച്ചു വളരെ സന്തോഷം പങ്കിട്ടിരുന്ന ആ ദ്വീപിലേക്ക് അവനെ കൊണ്ടുപോകാമെന്നുള്ള വാഗ്ദാനം ഞാൻ പാലിക്കും.
അതിനിടയിൽ, ഈ വിശാലമായ രാജ്യത്ത് ബൈബിൾ സത്യം ത്വരിതഗതിയിൽ വ്യാപിക്കുന്നതു കാണുന്നത് എന്തൊരു സന്തോഷമാണ്! എന്റെ ജീവിത ഭാഗധേയം സംബന്ധിച്ചു ഞാൻ തികച്ചും സന്തുഷ്ടനാണ്. യഹോവയുടെ ഒരു സാക്ഷി ആയിത്തീരാൻ എന്നെ അനുവദിച്ചതിനു ഞാൻ അവനു നന്ദി പറയുന്നു. സങ്കീർത്തനം 34:8-ന്റെ സത്യത എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ [“സന്തുഷ്ടൻ, NW].”
[25-ാം പേജിലെ ചിത്രങ്ങൾ]
ടുലുണിൽ ഞാൻ എന്റെ കുടുംബത്തോടു ചേർന്ന വർഷം
[26-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: സൈബീരിയയിലെ ടുലുണിലുള്ള ഞങ്ങളുടെ വീടിനു വെളിയിൽ എന്റെ പിതാവും കുട്ടികളും
ഏറ്റവും മുകളിൽ വലത്ത്: ഒരു വാഹന അപകടത്തിൽ മരിച്ച എന്റെ പുത്രി നാദിയയും അവളുടെ പുത്രിയും
വലത്ത്: 1968-ലെ ഒരു കുടുംബ ചിത്രം