നമ്മുടെ “ദേശ”ത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം
നമ്മുടെ “ദേശ”ത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം
“ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും . . . സകലവും ജീവിക്കും.”—യെഹെസ്കേൽ 47:9.
1, 2. (എ) വെള്ളം എത്ര പ്രധാനമാണ്? (ബി) യെഹെസ്കേലിന്റെ ദർശനത്തിലെ നദീജലം എന്തിനെ ചിത്രീകരിക്കുന്നു?
വെള്ളം ഏറെ സവിശേഷതകളുള്ള ഒരു ദ്രാവകമാണ്. എല്ലാ ഭൗതിക ജീവനും അതിനെ ആശ്രയിക്കുന്നു. അതില്ലാതെ നമുക്കാർക്കും ഏറെ നാൾ ജീവിച്ചിരിക്കാൻ കഴിയുകയില്ല. വെള്ളത്തിനു ലയിപ്പിക്കാനും അഴുക്കുകൾ നീക്കാനും സാധിക്കുന്നതുകൊണ്ട് ശുചീകരണത്തിനും നാം അതിനെ ആശ്രയിക്കുന്നു. അതുകൊണ്ട് അത് ഉപയോഗിച്ചു നാം നമ്മുടെ ശരീരവും വസ്ത്രവും, എന്തിന് ഭക്ഷണംപോലും കഴുകുന്നു. അങ്ങനെ ചെയ്യുന്നതു നമ്മുടെ ജീവനെ രക്ഷിച്ചേക്കാം.
2 ജീവനു വേണ്ടിയുള്ള യഹോവയുടെ ആത്മീയ കരുതലുകളെ ചിത്രീകരിക്കാൻ ബൈബിൾ വെള്ളത്തെ ഉപയോഗിക്കുന്നു. (യിരെമ്യാവു 2:13; യോഹന്നാൻ 4:7-15) ദൈവത്തിന്റെ വചനത്തിൽ കാണുന്ന പ്രകാരം അവനെക്കുറിച്ചുള്ള പരിജ്ഞാനവും ക്രിസ്തുവിന്റെ മറുവില യാഗത്തിലൂടെയുള്ള തന്റെ ജനത്തെ ശുദ്ധീകരിക്കലും ഈ കരുതലുകളിൽ ഉൾപ്പെടുന്നു. (എഫെസ്യർ 5:25-27) യെഹെസ്കേലിന്റെ ആലയ ദർശനത്തിൽ, ആലയത്തിൽനിന്ന് ഒഴുകുന്ന അത്ഭുതകരമായ നദി അത്തരം ജീവദായക അനുഗ്രഹങ്ങളെ പ്രതീകപ്പെടുത്തുന്നു. എന്നാൽ എപ്പോഴാണ് ആ നദി ഒഴുകുന്നത്, ഇന്ന് നമുക്ക് അത് എന്ത് അർഥമാക്കുന്നു?
പുനഃസ്ഥാപിത ദേശത്ത് ഒരു നദി ഒഴുകുന്നു
3. യെഹെസ്കേൽ 47:2-12-ൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന പ്രകാരം, യെഹെസ്കേലിന് ഏത് അനുഭവം ഉണ്ടായി?
3 ബാബിലോനിലെ തടവുകാർ എന്ന നിലയിൽ, യെഹെസ്കേലിന്റെ ജനത്തിന് യഹോവയുടെ കരുതലുകൾ അങ്ങേയറ്റം ആവശ്യമായിരുന്നു. അപ്പോൾ, ദർശനത്തിലെ ആലയത്തിന്റെ വിശുദ്ധസ്ഥലത്തുനിന്നു നീർധാര ഉത്ഭവിച്ച് പുറത്തേക്ക് ഒഴുകുന്നതു കാണുന്നത് യെഹെസ്കേലിന് എത്ര പ്രോത്സാഹജനകം ആയിരുന്നിരിക്കണം! ഒരു ദൂതൻ അരുവിയെ 1,000 മുഴം ഇടവിട്ട് അളക്കുന്നു. അതിന്റെ ആഴം വർധിച്ചുവരുന്നു—കണങ്കാലിൽനിന്ന് കാൽമുട്ടുവരെ, പിന്നെ അരയ്ക്കൊപ്പം, തുടർന്ന് അതു നീന്തിക്കടക്കേണ്ടിവരുന്ന ഒരു വൻ നദിയായി മാറുന്നു. നദി ജീവനും ഫലപുഷ്ടിയും കൈവരുത്തുന്നു. (യെഹെസ്കേൽ 47:2-11) യെഹെസ്കേലിനോട് ഇങ്ങനെ പറയപ്പെടുന്നു: “നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും.” (യെഹെസ്കേൽ 47:12എ) നദി ജീവരഹിത ജലാശയമായ ചാവുകടലിൽ ചേരുമ്പോൾ ജീവൻ ഉളവാക്കപ്പെടുന്നു! മത്സ്യങ്ങൾ പെരുകുന്നു. മത്സ്യ വ്യവസായം തഴയ്ക്കുന്നു.
4, 5. നദിയെ കുറിച്ചുള്ള യോവേൽ പ്രവചനം യെഹെസ്കേലിന്റേതിനോടു സമാനമായിരിക്കുന്നത് എങ്ങനെ, ഇതു പ്രാധാന്യമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
4 ഈ മനോഹര പ്രവചനം അതിനും രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് രേഖപ്പെടുത്തപ്പെട്ട മറ്റൊരു പ്രവചനത്തെ യഹൂദ പ്രവാസികളുടെ മനസ്സിലേക്കു കൊണ്ടുവന്നിരിക്കാം: “യഹോവയുടെ ഭവനത്തിൽനിന്നു ഒരു ഉറവു പുറപ്പെടും, അത് അക്കേഷ്യ മരങ്ങളുടെ താഴ്വരയെ നനെച്ച് ഒഴുകും.” a (യോവേൽ 3:18, NW) യെഹെസ്കേലിന്റെ പ്രവചനത്തെപ്പോലെ, ദൈവത്തിന്റെ ഭവനത്തിൽനിന്ന്, ആലയത്തിൽനിന്ന് ഒരു നദി ഒഴുകുമെന്നും വരണ്ട പ്രദേശത്തിനു ജീവൻ പ്രദാനം ചെയ്യുമെന്നും യോവേൽ പ്രവചനം മുൻകൂട്ടി പറയുന്നു.
5 യോവേൽ പ്രവചനം നമ്മുടെ നാളിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുക ആണെന്നു വീക്ഷാഗോപുരം വർഷങ്ങൾക്കു മുമ്പുതന്നെ വിശദമാക്കിയിട്ടുണ്ട്. b അപ്പോൾ തീർച്ചയായും യെഹെസ്കേലിന്റെ സമാനമായ ദർശനത്തിന്റെ കാര്യത്തിലും അതു സത്യമാണ്. പുരാതന ഇസ്രായേലിലെപ്പോലെ, ഇന്നത്തെ ദൈവജനത്തിന്റെ പുനഃസ്ഥാപിത ദേശത്ത്, യഹോവയുടെ അനുഗ്രഹങ്ങൾ തീർച്ചയായും ഒഴുകിയിട്ടുണ്ട്.
അനുഗ്രഹങ്ങളുടെ ശക്തമായ പ്രവാഹം
6. ദർശനത്തിലെ യാഗപീഠത്തിന്മേൽ രക്തം തളിക്കുന്നത് യഹൂദന്മാരെ എന്തിനെ കുറിച്ച് അനുസ്മരിപ്പിച്ചിരിക്കണം?
6 ദൈവത്തിന്റെ പുനഃസ്ഥാപിത ജനത്തിന്മേലുള്ള അനുഗ്രഹങ്ങളുടെ ഉറവ് എന്താണ്? വെള്ളം ഒഴുകുന്നത് ദൈവത്തിന്റെ ആലയത്തിൽനിന്നാണ് എന്നതു ശ്രദ്ധിക്കുക. അതുപോലെ ഇന്ന്, യഹോവയിൽനിന്ന് അവന്റെ വലിയ ആത്മീയ ആലയത്തിലൂടെ—നിർമല ആരാധനയ്ക്കുള്ള ക്രമീകരണത്തിലൂടെ—അനുഗ്രഹങ്ങൾ പ്രവഹിക്കുന്നു. യെഹെസ്കേലിന്റെ ദർശനം ഒരു പ്രധാനപ്പെട്ട വിശദാംശം കൂടുതലായി നൽകുന്നു. അകത്തെ പ്രാകാരത്തിൽ, അരുവി യാഗപീഠത്തിനു തെക്കുവശമായി അതിനെയും പിന്നിട്ട് ഒഴുകുന്നു. (യെഹെസ്കേൽ 47:1) ദർശനത്തിലെ ആലയത്തിന്റെ ഏറ്റവും കേന്ദ്രസ്ഥാനത്തായാണ് യാഗപീഠം. യഹോവ അത് അതീവ കൃത്യതയോടെ യെഹെസ്കേലിനോടു വർണിക്കുകയും യാഗരക്തം അതിന്മേൽ തളിക്കാൻ കൽപ്പിക്കുകയും ചെയ്യുന്നു. (യെഹെസ്കേൽ 43:13-18, 20) എല്ലാ ഇസ്രായേല്യരെയും സംബന്ധിച്ചിടത്തോളം ആ യാഗപീഠത്തിനു വലിയ അർഥമുണ്ടായിരുന്നു. ഏറെക്കാലം മുമ്പുതന്നെ, അതായത് സീനായ് പർവതത്തിന്റെ ചുവട്ടിൽവെച്ച് മോശ യാഗപീഠത്തിന്മേൽ രക്തം തളിച്ച സമയത്തുതന്നെ, യഹോവയുമായുള്ള അവരുടെ ഉടമ്പടി സാധുവാക്കപ്പെട്ടിരുന്നു. (പുറപ്പാടു 24:4-8) ദർശനത്തിലെ യാഗപീഠത്തിന്മേൽ രക്തം തളിക്കുന്നത്, തങ്ങൾ പുനഃസ്ഥാപിത ദേശത്തു മടങ്ങിയെത്തിയാൽപ്പിന്നെ അവർ യഹോവയുമായുള്ള ഉടമ്പടി പാലിക്കുന്നിടത്തോളം കാലം അവന്റെ അനുഗ്രഹങ്ങൾ ഒഴുകുമെന്ന് അവരെ അനുസ്മരിപ്പിച്ചിരിക്കണം.—ആവർത്തനപുസ്തകം 28:1-14.
7. പ്രതീകാത്മക യാഗപീഠത്തിന് ക്രിസ്ത്യാനികൾ ഇന്ന് എന്ത് അർഥം കാണുന്നു?
7 സമാനമായി, അതിനെക്കാൾ മെച്ചമായ ഒരു ഉടമ്പടിയിലൂടെ, പുതിയ ഉടമ്പടിയിലൂടെ, ഇന്നത്തെ ദൈവജനത അനുഗ്രഹിക്കപ്പെടുന്നു. (യിരെമ്യാവു 31:31-34) അതും ഏറെക്കാലം മുമ്പ് രക്തത്താൽ, യേശുക്രിസ്തുവിന്റെ രക്തത്താൽ, സാധൂകരിക്കപ്പെട്ടതാണ്. (എബ്രായർ 9:15-20) ഇന്ന്, നാം ആ ഉടമ്പടിയുടെ കക്ഷികളായ അഭിഷിക്തരിൽ പെട്ടവരോ അതിന്റെ ഗുണഭോക്താക്കളായ “വേറെ ആടുകളി”ൽ പെട്ടവരോ ആണെങ്കിലും, നമ്മെ സംബന്ധിച്ചിടത്തോളം ആ പ്രതീകാത്മക യാഗപീഠത്തിന് വലിയ അർഥമുണ്ട്. അതു ക്രിസ്തുവിന്റെ യാഗത്തോടുള്ള ബന്ധത്തിൽ ദൈവഹിതത്തെ പ്രതീകപ്പെടുത്തുന്നു. (യോഹന്നാൻ 10:16; എബ്രായർ 10:10) പ്രതീകാത്മക യാഗപീഠം ആത്മീയ ആലയത്തിന്റെ ഏറ്റവും കേന്ദ്രസ്ഥാനത്ത് ആയിരിക്കുന്നതുപോലെ, നിർമല ആരാധനയിൽ ക്രിസ്തുവിന്റെ മറുവിലയാഗത്തിന് കേന്ദ്രസ്ഥാനമാണുള്ളത്. നമ്മുടെ പാപമോചനത്തിനുള്ള അടിസ്ഥാനമാണ് അത്, അതുകൊണ്ടുതന്നെ ഭാവി സംബന്ധിച്ചുള്ള നമ്മുടെ എല്ലാ പ്രത്യാശകൾക്കുള്ള അടിസ്ഥാനവും അതുതന്നെയാണ്. (1 യോഹന്നാൻ 2:2) അതിനാൽ പുതിയ ഉടമ്പടിയുമായി ബന്ധപ്പെട്ട നിയമം, “ക്രിസ്തുവിന്റെ നിയമം” അനുസരിച്ചു ജീവിക്കാൻ നാം യത്നിക്കുന്നു. (ഗലാത്യർ 6:2, NW) നാം അതു ചെയ്യുന്നിടത്തോളം കാലം, ജീവനു വേണ്ടിയുള്ള യഹോവയുടെ കരുതലുകളിൽനിന്നു നാം പ്രയോജനം അനുഭവിക്കും.
8. (എ) ദർശനത്തിലെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ എന്തു കാണുന്നില്ലായിരുന്നു? (ബി) ദർശനത്തിലെ ആലയത്തിലെ പുരോഹിതന്മാർക്ക് എന്തിനാൽ ദേഹശുദ്ധി വരുത്താൻ കഴിയുമായിരുന്നു?
8 യഹോവയ്ക്കു മുമ്പാകെ നിർമലമായ ഒരു നില ഉണ്ടായിരിക്കുന്നത് അത്തരമൊരു പ്രയോജനമാണ്. സമാഗമനകൂടാരത്തിലെയും ശലോമോന്റെ ആലയത്തിലെയും പ്രാകാരത്തിൽ വളരെ പ്രമുഖമായിരുന്ന ഒരു സംഗതി ദർശനത്തിലെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കാണുന്നില്ല—പുരോഹിതന്മാർക്കു ദേഹശുദ്ധി വരുത്തുന്നതിനുള്ള, പിൽക്കാലത്ത് കടലെന്നു വിളിക്കപ്പെട്ട വലിയ തൊട്ടി. (പുറപ്പാടു 30:18-21; 2 ദിനവൃത്താന്തം 4:2-6) യെഹെസ്കേലിന്റെ ദർശനത്തിലെ ആലയത്തിലെ പുരോഹിതന്മാർ ശുദ്ധീകരണത്തിന് എന്തായിരിക്കും ഉപയോഗിക്കുക? അകത്തെ പ്രാകാരത്തിലൂടെ ഒഴുകുന്ന ആ അത്ഭുതകരമായ അരുവിതന്നെ! അതേ, ഒരു ശുദ്ധമായ, അഥവാ വിശുദ്ധമായ നില ആസ്വദിക്കാനുള്ള ഉപാധി നൽകി യഹോവ അവരെ അനുഗ്രഹിക്കും.
9. അഭിഷിക്തരിൽ പെട്ടവർക്കും മഹാപുരുഷാരത്തിൽ പെട്ടവർക്കും ഇന്ന് ശുദ്ധമായ ഒരു നില ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
9 അതുപോലെ ഇന്ന്, യഹോവയുടെ മുമ്പാകെയുള്ള ഒരു ശുദ്ധമായ നിലയാൽ അഭിഷിക്തർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നീതിനിഷ്ഠരായി പ്രഖ്യാപിച്ചുകൊണ്ട് അവൻ അവരെ വിശുദ്ധരായി വീക്ഷിക്കുന്നു. (റോമർ 5:1, 2) പുരോഹിതേതര ഗോത്രങ്ങളാൽ ചിത്രീകരിക്കപ്പെടുന്ന “മഹാപുരുഷാര”ത്തിന്റെ കാര്യമോ? അവർ പുറത്തെ പ്രാകാരത്തിൽ ആരാധിക്കുന്നു, ദർശനത്തിലെ ആലയത്തിന്റെ ആ ഭാഗത്തിലൂടെ അതേ അരുവിതന്നെ ഒഴുകുന്നു. അപ്പോൾ യോഹന്നാൻ അപ്പൊസ്തലൻ മഹാപുരുഷാരത്തെ ആത്മീയ ആലയത്തിന്റെ പ്രാകാരത്തിൽ ശുഭ്രവും ശുദ്ധവുമായ വസ്ത്രം ധരിച്ച് ആരാധിക്കുന്നവരായി കണ്ടത് എത്ര ഉചിതം! (വെളിപ്പാടു 7:9-14) ഈ അധഃപതിച്ച ലോകത്ത് അവർക്കു ലഭിച്ച പെരുമാറ്റം എന്തായിരുന്നാലും, തങ്ങൾ ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നിടത്തോളം കാലം യഹോവ തങ്ങളെ ശുദ്ധരും നിർമലരുമായി വീക്ഷിക്കുന്നുവെന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. അവർ എങ്ങനെയാണു വിശ്വാസം പ്രകടമാക്കുന്നത്? മറുവിലയാഗത്തിലുള്ള പൂർണ വിശ്വാസത്തോടെ യേശുവിന്റെ കാലടികൾ പിൻപറ്റിക്കൊണ്ട്.—1 പത്രൊസ് 2:21.
10, 11. പ്രതീകാത്മക വെള്ളത്തിന്റെ ഒരു പ്രധാന സവിശേഷത എന്ത്, ഇത് നദിയുടെ വൻ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
10 നേരത്തേ സൂചിപ്പിച്ചതുപോലെ, ഈ പ്രതീകാത്മക വെള്ളത്തിന് മർമപ്രധാനമായ മറ്റൊരു സവിശേഷതയുണ്ട്—പരിജ്ഞാനം. പുനഃസ്ഥാപിത ഇസ്രായേലിൽ, യഹോവ പുരോഹിതന്മാർ മുഖാന്തരം തിരുവെഴുത്തു പ്രബോധനം നൽകി തന്റെ ജനത്തെ അനുഗ്രഹിച്ചു. (യെഹെസ്കേൽ 44:23) സമാനമായ ഒരു വിധത്തിൽ, യഹോവ തന്റെ ഇന്നത്തെ ജനത്തെ “രാജകീയ പൗരോഹിത്യ”ത്തിലൂടെ, തന്റെ സത്യവചനത്തെ കുറിച്ചുള്ള സമൃദ്ധമായ പ്രബോധനത്താൽ അനുഗ്രഹിച്ചിരിക്കുന്നു. (1 പത്രൊസ് 2:9) യഹോവയാം ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും, വിശേഷിച്ച് യേശുക്രിസ്തുവിനെയും മിശിഹൈക രാജ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം ഈ അന്ത്യനാളുകളിൽ സമൃദ്ധമായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആത്മീയ നവോന്മേഷത്തിനുള്ള ഭക്ഷണം ഇങ്ങനെ വർധിച്ച അളവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് എത്ര മഹത്താണ്!—ദാനീയേൽ 12:4.
11 ദൂതൻ അളവെടുത്ത നദിയുടെ ആഴം ക്രമേണ കൂടിയതുപോലെ, യഹോവയിൽ നിന്നുള്ള ജീവദായക അനുഗ്രഹങ്ങളുടെ ഒഴുക്ക് നമ്മുടെ അനുഗൃഹീത ആത്മീയ ദേശത്തേക്കു വന്നുചേരുന്ന ആളുകളുടെ ആവശ്യം നിറവേറ്റുന്നതിനായി വലിയ അളവിൽ വർധിച്ചിരിക്കുന്നു. മറ്റൊരു പുനഃസ്ഥിതീകരണ പ്രവചനം ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശയ്യാവു 60:22) ഈ വാക്കുകൾ സത്യമായി ഭവിച്ചിരിക്കുന്നു—ദശലക്ഷക്കണക്കിന് ആളുകൾ നമ്മോടൊപ്പം നിർമല ആരാധനയിൽ ചേർന്നിരിക്കുന്നു! തന്നിലേക്കു തിരിയുന്ന എല്ലാവർക്കും യഹോവ സമൃദ്ധമായ “ജലം” ലഭ്യമാക്കിയിരിക്കുന്നു. (വെളിപ്പാടു 22:17) തന്റെ ഭൗമിക സംഘടന ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും ലോകമെമ്പാടും നൂറുകണക്കിനു ഭാഷകളിൽ വിതരണം ചെയ്യുന്നുവെന്ന് അവൻ ഉറപ്പാക്കുന്നു. സമാനമായി, സത്യത്തിന്റെ സ്ഫടിക സമാന ജലം എല്ലാവർക്കും പ്രദാനം ചെയ്യുന്നതിനു വേണ്ടി ക്രിസ്തീയ യോഗങ്ങളും കൺവെൻഷനുകളും ലോകവ്യാപകമായി ക്രമീകരിച്ചിരിക്കുന്നു. അത്തരം കരുതലുകൾ ആളുകളെ എങ്ങനെയാണ് ബാധിക്കുന്നത്?
ജലം ജീവൻ കൈവരുത്തുന്നു!
12. (എ) യെഹെസ്കേലിന്റെ ദർശനത്തിലെ വൃക്ഷങ്ങൾ ഉത്പാദിപ്പിക്കുന്ന ഫലങ്ങൾ ഉളവാക്കാൻ അവയ്ക്കു പ്രാപ്തിയുള്ളത് എന്തുകൊണ്ട്? (ബി) അന്ത്യകാലത്ത് ഈ ഫലദായക വൃക്ഷങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
12 യെഹെസ്കേലിന്റെ ദർശനത്തിലെ നദി ജീവനും ആരോഗ്യവും കൈവരുത്തുന്നു. നദീതീരത്തു വളരുന്ന വൃക്ഷങ്ങളെക്കുറിച്ചു യെഹെസ്കേൽ മനസ്സിലാക്കുമ്പോൾ, അവനോട് ഇങ്ങനെ പറയപ്പെടുന്നു: “അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; . . . അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.” ഈ വൃക്ഷങ്ങൾ അത്ഭുതകരമായ വിധത്തിൽ ഫലം ഉത്പാദിപ്പിക്കുന്നത് എന്തുകൊണ്ട്? ‘അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ട്.’ (യെഹെസ്കേൽ 47:12ബി) ഈ പ്രതീകാത്മക വൃക്ഷങ്ങൾ യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗത്തെ പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കുന്നതിനുള്ള ദൈവത്തിന്റെ എല്ലാ കരുതലുകളെയും മുൻനിഴലാക്കുന്നു. ഭൂമിയിൽ ഈ സമയത്ത്, ആത്മീയ ആഹാരവും സൗഖ്യവും പ്രദാനം ചെയ്യുന്നതിൽ അഭിഷിക്ത ശേഷിപ്പ് നേതൃത്വം എടുക്കുകയാണ്. 1,44,000-ത്തിൽപ്പെട്ട എല്ലാവർക്കും തങ്ങളുടെ സ്വർഗീയ പ്രതിഫലം ലഭിച്ചതിനുശേഷം, ക്രിസ്തുവിനോടൊപ്പം സഹഭരണാധിപന്മാർ എന്നനിലയിലുള്ള അവരുടെ പൗരോഹിത്യ സേവനത്തിൽനിന്ന് ഉളവാകുന്ന പ്രയോജനങ്ങൾ ഭാവിയിലേക്കു വ്യാപിക്കും, അവസാനം അത് ആദാമ്യ മരണത്തെ പൂർണമായും കീഴടക്കുന്നതിലേക്കും നയിക്കും.—വെളിപ്പാടു 5:9, 10; 21:2-4.
13. നമ്മുടെ കാലത്ത് ഏതു സൗഖ്യമാക്കൽ നടന്നിരിക്കുന്നു?
13 ദർശനത്തിലെ നദി ജീവരഹിത ചാവുകടലിലേക്ക് ഒഴുകുന്നു, അത് സമ്പർക്കത്തിൽ വരുന്ന സകലത്തെയും സൗഖ്യമാക്കുന്നു. ഈ കടൽ ആത്മീയമായി മരിച്ച ഒരു പരിസ്ഥിതിയെ ചിത്രീകരിക്കുന്നു. എന്നാൽ “ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും” ജീവൻ പെരുകുന്നു. (യെഹെസ്കേൽ 47:9) സമാനമായി, അന്ത്യനാളിൽ ഈ ജീവജലം എത്തിച്ചേരുന്നിടത്തെല്ലാം ആളുകൾ ആത്മീയമായി ജീവനിലേക്കു വന്നുകൊണ്ടിരിക്കുന്നു. അപ്രകാരം പുനരുജ്ജീവിപ്പിക്കപ്പെട്ട ആദ്യത്തെ കൂട്ടർ അഭിഷിക്ത ശേഷിപ്പ് ആയിരുന്നു, 1919-ൽ. മരണതുല്യമായ, നിഷ്ക്രിയമായ അവസ്ഥയിൽനിന്ന് അവർ ആത്മീയമായി ജീവനുള്ള അവസ്ഥയിലേക്കു തിരിച്ചെത്തി. (യെഹെസ്കേൽ 37:1-14; വെളിപ്പാടു 11:3, 7-12) അതിനുശേഷം ആ ജീവത്പ്രധാന ജലം ആത്മീയമായി മരിച്ച മറ്റുള്ളവരുടെ അടുക്കലും എത്തിയിരിക്കുന്നു. അവരും ജീവനിലേക്കു വന്ന്, യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന വേറെ ആടുകളിൽപ്പെട്ട മഹാപുരുഷാരമായി പെരുകിക്കൊണ്ടിരിക്കുന്നു. ഉടനെതന്നെ, പുനരുത്ഥാനം പ്രാപിച്ചെത്തുന്ന കൂട്ടവും ഈ കരുതലിൽനിന്നു പ്രയോജനം അനുഭവിക്കും.
14. ചാവുകടൽ തീരത്തു തഴച്ചുവളരുന്ന മത്സ്യ വ്യവസായം ഇന്ന് എന്തിനെ നന്നായി ദൃഷ്ടാന്തീകരിക്കുന്നു?
14 ആത്മീയ ചേതനയുടെ ഫലമായി ഉത്പാദനക്ഷമത കൈവരുന്നു. മുമ്പ് നിർജീവമായിരുന്ന കടൽത്തീരങ്ങളിൽ തഴച്ചുവളരുന്ന മത്സ്യ വ്യവസായത്താൽ ഇത് ചിത്രീകരിക്കപ്പെടുന്നു. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “ഞാൻ നിങ്ങളെ മനുഷ്യരെ വീശിപ്പിടിക്കുന്നവരാക്കും.” (മത്തായി 4:19, NW) അന്ത്യകാലത്ത്, അഭിഷിക്ത ശേഷിപ്പിനെ കൂട്ടിവരുത്തുന്ന വേലയോടെ പ്രസ്തുത മത്സ്യബന്ധന വേല ആരംഭിച്ചു, എന്നാൽ അത് അവിടെ അവസാനിച്ചില്ല. യഹോവയുടെ ആത്മീയ ആലയത്തിൽ നിന്നുള്ള, സൂക്ഷ്മ പരിജ്ഞാനമാകുന്ന അനുഗ്രഹം ഉൾപ്പെടെയുള്ള, ജീവദായക ജലം എല്ലാ ജാതികളിലെയും ആളുകളിൽ എത്തിച്ചേർന്നിരിക്കുന്നു. ആ നദി എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം, ആത്മീയ ജീവൻ ഉളവായി.
15. ജീവനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതലുകൾ എല്ലാവരും കൈക്കൊള്ളുകയില്ലെന്ന് എന്തു പ്രകടമാക്കുന്നു, അത്തരക്കാർക്ക് അവസാനം എന്തു സംഭവിക്കും?
15 തീർച്ചയായും, ജീവന്റെ സന്ദേശത്തോട് എല്ലാവരും ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. അതുപോലെതന്നെ ആയിരിക്കും ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്തു പുനരുത്ഥാനം പ്രാപിച്ചു വരുന്നവരും. (യെശയ്യാവു 65:20; വെളിപ്പാടു 21:8) കടലിന്റെ ചില ഭാഗങ്ങൾ സൗഖ്യമാക്കപ്പെടുന്നില്ലെന്ന് ദൂതൻ പ്രഖ്യാപിക്കുന്നു. ഈ ജീവരഹിത ചതുപ്പുനിലങ്ങൾ ‘ഉപ്പിന് നൽക’പ്പെടുന്നു. (യെഹെസ്കേൽ 47:11, NW) നമ്മുടെ നാളിലെ ആളുകളുടെ കാര്യമാണെങ്കിലോ, യഹോവയുടെ ജീവദായക ജലം കൊടുത്തിട്ടും എല്ലാവരും അതു കൈക്കൊള്ളുന്നില്ല. (യെശയ്യാവു 6:10) അർമഗെദോനിൽ, ആത്മീയമായി നിർജീവമായതും രോഗമുള്ളതുമായ അവസ്ഥയിൽ തുടരാൻ തീരുമാനിച്ചിരിക്കുന്ന എല്ലാവരും ഉപ്പിന് നൽകപ്പെടും, അതായത് അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും. (വെളിപ്പാടു 19:11-21) എന്നിരുന്നാലും, വിശ്വസ്തതയോടെ ഈ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നവർക്ക് അതിജീവിക്കാനും ഈ പ്രവചനത്തിന്റെ അവസാന നിവൃത്തി കാണാനും പ്രത്യാശിക്കാവുന്നതാണ്.
നദി പറുദീസയിൽ ഒഴുകുന്നു
16. യെഹെസ്കേലിന്റെ ആലയ ദർശനത്തിന് എപ്പോൾ, എങ്ങനെ അവസാന നിവൃത്തി ഉണ്ടാകും?
16 മറ്റു പുനഃസ്ഥിതീകരണ പ്രവചനങ്ങളെപ്പോലെ, യെഹെസ്കേലിന്റെ ആലയദർശനത്തിന് അന്തിമ നിവൃത്തി ഉണ്ടാകുന്നത് സഹസ്രാബ്ദ വാഴ്ചയിലാണ്. അന്നു പുരോഹിതവർഗം മേലാൽ ഭൂമിയിൽ ഉണ്ടായിരിക്കുകയില്ല. “അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ [സ്വർഗത്തിൽ] ആയിരം ആണ്ടു വാഴും.” (വെളിപ്പാടു ) ഈ സ്വർഗീയ പുരോഹിതന്മാർ ക്രിസ്തുവിന്റെ മറുവില യാഗത്തിന്റെ പൂർണ പ്രയോജനങ്ങൾ സാധ്യമാക്കുന്നതിൽ ക്രിസ്തുവിനോടൊപ്പം പ്രവർത്തിക്കും. അങ്ങനെ, നീതിനിഷ്ഠമായ മനുഷ്യവർഗം രക്ഷിക്കപ്പെടും, പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടും.— 20:6യോഹന്നാൻ 3:17.
17, 18. (എ) വെളിപ്പാടു 22:1, 2-ൽ ജീവദായക നദിയെ വർണിച്ചിരിക്കുന്നത് എങ്ങനെ, ആ ദർശനം മുഖ്യമായും ബാധകമാകുന്ന സമയം എപ്പോൾ? (ബി) പറുദീസയിൽ, ജീവജലനദി വളരെ വലുതാകുന്നത് എന്തുകൊണ്ട്?
17 ഫലത്തിൽ, യെഹെസ്കേൽ കണ്ട നദി അങ്ങേയറ്റം ശക്തിയുള്ള ജീവജലം ഒഴുക്കുന്നത് അപ്പോഴായിരിക്കും. വെളിപ്പാടു 22:1, 2-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം മുഖ്യമായും ബാധകമാകുന്ന സമയം അതാണ്: “വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.”
18 സഹസ്രാബ്ദ വാഴ്ചയിൽ, ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ രോഗങ്ങളും സൗഖ്യമാക്കപ്പെടും. പ്രതീകാത്മക വൃക്ഷങ്ങൾ മുഖാന്തരമുള്ള “ജാതികളുടെ രോഗശാന്തി”യാൽ ഇതു നന്നായി ചിത്രീകരിക്കപ്പെടുന്നു. ക്രിസ്തുവും 1,44,000 പേരും നടപ്പാക്കുന്ന കരുതലുകൾ നിമിത്തം, “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല.” (യെശയ്യാവു 33:24, പി.ഒ.സി. ബൈബിൾ) പിന്നെ നദി അതിന്റെ ഏറ്റവും വലിയ വളർച്ചാഘട്ടത്തിലേക്കു കടക്കും. ഈ നിർമല ജീവജലം കുടിക്കാനിരിക്കുന്നവരായ, പുനരുത്ഥാനം പ്രാപിച്ചുവരുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ, ഒരുപക്ഷേ ശതകോടിക്കണക്കിന് ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തക്കവണ്ണം നദിയുടെ വീതിയും ആഴവും കൂടേണ്ടതുണ്ടായിരിക്കും. ദർശനത്തിലെ നദീജലം ഒഴുകിയിടത്തെല്ലാം ജീവൻ ഉളവാക്കിക്കൊണ്ട് അതു ചാവുകടലിനെ സൗഖ്യമാക്കി. അതുപോലെതന്നെ പറുദീസയിൽ, സ്ത്രീപുരുഷന്മാർ തങ്ങൾക്കു ലഭ്യമാക്കപ്പെട്ടിട്ടുള്ള മറുവിലയുടെ പ്രയോജനങ്ങളിൽ വിശ്വാസം പ്രകടമാക്കുന്നെങ്കിൽ പാരമ്പര്യസിദ്ധമായ ആദാമ്യ മരണത്തിൽനിന്നു സൗഖ്യമാക്കപ്പെട്ട് അവർ സമ്പൂർണ അർഥത്തിൽ ജീവനിലേക്കു വരും. പുനരുത്ഥാനം പ്രാപിച്ചുവരുന്നവർക്കുകൂടി പ്രയോജനം ചെയ്യുന്ന ഗ്രാഹ്യത്തിന്റെ കൂടുതലായ പ്രകാശം പ്രദാനം ചെയ്തുകൊണ്ട് ആ നാളുകളിൽ “പുസ്തകങ്ങൾ” തുറക്കപ്പെടുമെന്ന് വെളിപ്പാടു 20:12 മുൻകൂട്ടി പറയുന്നു. സങ്കടകരമെന്നു പറയട്ടെ, പറുദീസയിൽപ്പോലും ചിലർ സൗഖ്യമാക്കപ്പെടാൻ വിസമ്മതിക്കും. ഈ മത്സരികളാണ് ‘ഉപ്പിന് നൽക’പ്പെടുന്നത്, അതായത് നിത്യമായി നശിപ്പിക്കപ്പെടുന്നത്.—വെളിപ്പാടു 20:15.
19. (എ) ദേശവിഭജനം പറുദീസയിൽ നിവൃത്തിയേറുന്നത് എങ്ങനെ? (ബി) പറുദീസയിലെ ഏതു സവിശേഷതയാണ് നഗരം ചിത്രീകരിക്കുന്നത്? (സി) നഗരം ആലയത്തിൽനിന്ന് അകലെ സ്ഥിതി ചെയ്യുന്നു എന്നതിന്റെ അർഥം എന്ത്?
19 ആ സമയത്ത് യെഹെസ്കേലിന്റെ ദർശനത്തിലെ ദേശവിഭജനത്തിനും അതിന്റെ അവസാന നിവൃത്തി ഉണ്ടാകും. തന്റെ ദർശനത്തിൽ, ദേശം ഉചിതമായി വിഭാഗിക്കപ്പെടുന്നത് യെഹെസ്കേൽ കണ്ടു; സമാനമായി, പറുദീസയിൽ തനിക്ക് ഒരു സ്ഥലം, ഒരു അവകാശം, ലഭിക്കുമെന്ന് ഓരോ വിശ്വസ്ത ക്രിസ്ത്യാനിക്കും ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. അതുപോലെതന്നെ, പാർക്കാനും പരിപാലിക്കാനും സ്വന്തമായ ഒരു വീട് വേണമെന്ന ഓരോരുത്തരുടെയും ആഗ്രഹം ക്രമീകൃതമായ ഒരു വിധത്തിൽ നിവൃത്തിയേറും. (യെശയ്യാവു 65:21; 1 കൊരിന്ത്യർ 14:33) യെഹെസ്കേൽ കണ്ട നഗരം യഹോവ പുതിയ ഭൂമിക്കായി ഉദ്ദേശിക്കുന്ന ഭരണ ക്രമീകരണത്തെ ഉചിതമായി ചിത്രീകരിക്കുന്നു. അഭിഷിക്ത പുരോഹിതവർഗം മേലാൽ മനുഷ്യർക്കിടയിൽ അക്ഷരീയമായി ഉണ്ടായിരിക്കുകയില്ല. നഗരത്തെ ആലയത്തിൽനിന്ന് കുറച്ച് അകലെ “മലിന” ദേശത്തു സ്ഥിതി ചെയ്യുന്നതായി ചിത്രീകരിച്ചുകൊണ്ട് ദർശനം അതു കൃത്യമായി സൂചിപ്പിക്കുന്നു. (യെഹെസ്കേൽ 48:15, NW) 1,44,000 പേർ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ ഭരിക്കുമ്പോൾ, രാജാവിനു ഭൂമിയിലും പ്രതിനിധികൾ ഉണ്ടായിരിക്കും. പ്രഭുവർഗത്തിന്റെ സ്നേഹപുരസ്സരമായ മാർഗനിർദേശത്തിൽനിന്നും വഴിനടത്തിപ്പിൽനിന്നും യേശുവിന്റെ മനുഷ്യപ്രജകൾ ഏറെ പ്രയോജനം അനുഭവിക്കും. എന്നിരുന്നാലും, ഗവൺമെന്റിന്റെ യഥാർഥ ഇരിപ്പിടം ഭൂമിയിലല്ല, സ്വർഗത്തിൽ ആയിരിക്കും. പ്രഭുവർഗം ഉൾപ്പെടെ ഭൂമിയിലെ സകലരും മിശിഹൈക രാജ്യത്തിന് കീഴ്പെട്ടിരിക്കും.—ദാനീയേൽ 2:44; 7:14, 18, 22.
20, 21. (എ) നഗരത്തിന്റെ നാമം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യെഹെസ്കേലിന്റെ ദർശനം മനസ്സിലാക്കിയതിനെ തുടർന്നു നാം നമ്മോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണം?
20 യെഹെസ്കേൽ പ്രവചനത്തിന്റെ അവസാന വാക്കുകൾ ശ്രദ്ധിക്കുക: “അന്നുമുതൽ നഗരത്തിന്നു യഹോവശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” (യെഹെസ്കേൽ 48:35) മനുഷ്യർക്കു ശക്തിയോ സ്വാധീനമോ നൽകാനോ, അല്ലെങ്കിൽ ഏതെങ്കിലും മനുഷ്യന്റെ ഹിതം നടപ്പാക്കാനോ അല്ല ഈ നഗരം സ്ഥിതിചെയ്യുന്നത്. അതു യഹോവയുടെ നഗരമാണ്. അത് അവന്റെ മനസ്സിനെയും അവൻ കാര്യങ്ങൾ ചെയ്യുന്ന സ്നേഹപുരസ്സരമായ, ന്യായയുക്തമായ വിധത്തെയും പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും. (യാക്കോബ് 3:17) ഇത്, സംഘടിതമായ മനുഷ്യവർഗ സമൂഹമെന്ന “പുതിയ ഭൂമി”യെ യഹോവ ശാശ്വത ഭാവി നൽകി അനുഗ്രഹിക്കുമെന്ന ഹൃദയോഷ്മളമായ ഉറപ്പ് നമുക്കു നൽകുന്നു.—2 പത്രൊസ് 3:13.
21 നമ്മുടെ ഭാവിപ്രതീക്ഷകളിൽ നാം പുളകിതരല്ലേ? അപ്പോൾ, നാം ഓരോരുത്തരും പിൻവരുന്നപ്രകാരം ചോദിക്കുന്നത് ഉചിതമാണ്: ‘യെഹെസ്കേലിന്റെ ദർശനത്തിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളോടു ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്? അഭിഷിക്ത ശേഷിപ്പിൽ പെട്ടവരും ഭാവി പ്രഭുവർഗത്തിൽ പെട്ടവരും ഉൾപ്പെടെ സ്നേഹസമ്പന്നരായ മേൽവിചാരകന്മാർ ചെയ്യുന്ന വേലയെ ഞാൻ വിശ്വസ്തമായി പിന്തുണയ്ക്കുന്നുണ്ടോ? നിർമല ആരാധനയ്ക്കു ഞാൻ എന്റെ ജീവിതത്തിൽ കേന്ദ്രസ്ഥാനം നൽകിയിട്ടുണ്ടോ? ഇന്ന് വളരെ സമൃദ്ധമായി ഒഴുകുന്ന ജീവജലം ഞാൻ മുഴുവനായി പ്രയോജനപ്പെടുത്തുന്നുണ്ടോ?’ നാം ഓരോരുത്തരും ശാശ്വത കാലത്തോളം അങ്ങനെ ചെയ്യുന്നതിലും യഹോവയുടെ കരുതലുകളിൽ ആനന്ദം കണ്ടെത്തുന്നതിലും തുടരുമാറാകട്ടെ!
[അടിക്കുറിപ്പുകൾ]
a ഈ താഴ്വര കിദ്രോൻ താഴ്വര ആയിരിക്കാം, ഇത് യെരൂശലേം മുതൽ ചാവുകടൽവരെ ദക്ഷിണപൂർവ ദിശയിൽ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ആദ്യ ഭാഗം വിശേഷിച്ചും നീരോട്ടമില്ലാത്തതും വർഷം മുഴുവൻ വരണ്ടുകിടക്കുന്നതും ആണ്.
b വീക്ഷാഗോപുരം (ഇംഗ്ലീഷ്) 1881 മേയ് 1 ലക്കവും 1981 ജൂൺ 1 ലക്കവും കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ആലയത്തിൽനിന്ന് ഒഴുകുന്ന വെള്ളം എന്തിനെ ചിത്രീകരിക്കുന്നു?
□ പ്രതീകാത്മക നദി മുഖാന്തരം യഹോവ എന്തു സൗഖ്യമാക്കൽ നടത്തിയിരിക്കുന്നു, നദിയുടെ വലിപ്പം വർധിച്ചിരിക്കുന്നത് എന്തുകൊണ്ട്?
□ നദീതീരത്തെ വൃക്ഷങ്ങൾ എന്തു ചിത്രീകരിക്കുന്നു?
□ സഹസ്രാബ്ദ വാഴ്ചക്കാലത്ത് നഗരം എന്തിനെ ചിത്രീകരിക്കുന്നു, നഗരത്തിന്റെ നാമം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രങ്ങൾ]
ജീവനദി രക്ഷയ്ക്കുള്ള ദൈവത്തിന്റെ കരുതലുകളെ പ്രതിനിധാനം ചെയ്യുന്നു