രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങളുടെ തനതായ പ്രശ്നങ്ങൾ
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങളുടെ തനതായ പ്രശ്നങ്ങൾ
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്ക് സന്തുഷ്ടമായിരിക്കാൻ സാധിക്കും! എങ്ങനെ?
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾ ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ സാധരണമായിത്തീർന്നിട്ടുണ്ട്. പക്ഷേ, അത്തരം കുടുംബങ്ങൾക്കു തനതായ പ്രശ്നങ്ങൾ ഉണ്ട്. നിസ്സംശയമായും, കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നിരുന്നാലും, രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള ഒരു കുടുംബ അന്തരീക്ഷത്തിൽ കുട്ടികളെ വിജയപ്രദമായി വളർത്താനാകും. പിൻവരുന്ന രണ്ടു ലേഖനങ്ങൾ അതു പ്രകടമാക്കാൻ ശ്രമിക്കുകയാണ്.
പരമ്പരാഗതമായി, രണ്ടാനമ്മമാരെയും രണ്ടാനപ്പന്മാരെയും കുറിച്ച് മോശമായിട്ടാണു സംസാരിക്കാറുള്ളത്. തന്റെ ക്രൂരയായ രണ്ടാനമ്മയുടെ കൈകളാൽ ദുരിതമനുഭവിച്ച സിൻഡ്രെല്ലയെ കുറിച്ചുള്ള നാടോടി കഥയുടെ ചില പാഠഭേദങ്ങൾ കുട്ടികളായിരിക്കെ നമ്മിൽ മിക്കവരും കേട്ടിട്ടുണ്ട്. യൂറോപ്പിലെ കുട്ടികൾ സ്നോ വൈറ്റും ഏഴു കുള്ളന്മാരും എന്ന നാടോടി കഥയും പഠിക്കുന്നു. സ്നോ വൈറ്റിന്റെ രണ്ടാനമ്മ ഒരു ദുഷ്ട മന്ത്രവാദിനിയായി മാറുന്നു!
അത്തരം സങ്കൽപ്പ കഥകൾ രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങളെ കുറിച്ച് കൃത്യതയുള്ള ഒരു വീക്ഷണം നൽകുന്നുണ്ടോ? എല്ലാ രണ്ടാനമ്മമാരും അല്ലെങ്കിൽ രണ്ടാനപ്പന്മാരും വാസ്തവത്തിൽ ക്രൂരരാണോ? അല്ല, അവരിൽ മിക്കവരും വിവാഹംമൂലം തങ്ങളുടേതായിത്തീരുന്ന കുട്ടികളുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ അത്തരം കുടുംബ ജീവിതത്തിന്റെ സവിശേഷതയായ ചില വിഷമ പ്രശ്നങ്ങളെ അവർ നേരിടേണ്ടിവരികതന്നെ ചെയ്യുന്നു.
കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിലെ പ്രശ്നങ്ങൾ
പങ്കാളികളുടെ അപക്വതയാണ് ആദ്യ വിവാഹം തകരുന്നതിനു മിക്കപ്പോഴും കാരണം. രണ്ടാം വിവാഹത്തിൽ, കുട്ടികളുമായുള്ള ഇടപെടൽ ബന്ധത്തെ ഉലച്ചേക്കാം. രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള 10 കുടുംബങ്ങളിൽ 4-ൽ അധികം അഞ്ചു വർഷത്തിനുള്ളിൽ വിവാഹമോചനത്തിൽ അവസാനിക്കുന്നുവെന്നു ചില രേഖകൾ പ്രകടമാക്കുന്നു.
രണ്ടാനമ്മയുടെയോ രണ്ടാനപ്പന്റെയോ ആഗമനം പൂർവ വിവാഹത്തിലുള്ള കുട്ടികളിൽ ഉളവാക്കുന്ന വൈകാരിക സംഘർഷവും വിശ്വസ്തതാ സംഘട്ടനവും അസൂയയുടെയും നീരസത്തിന്റെയും വികാരങ്ങളും നവദമ്പതികൾ തിരിച്ചറിഞ്ഞെന്നുവരില്ല. തങ്ങളുടെ സ്വഭാവിക മാതാവിന് അല്ലെങ്കിൽ പിതാവിന് തങ്ങളെക്കാൾ പ്രിയം രണ്ടാനപ്പനോട് അല്ലെങ്കിൽ രണ്ടാനമ്മയോട് ആണെന്നു കുട്ടികൾക്കു തോന്നിയേക്കാം. അതിനുപുറമേ, ഇണയാൽ ഉപേക്ഷിക്കപ്പെട്ട സ്വാഭാവിക മാതാവിന് അല്ലെങ്കിൽ പിതാവിന് തന്റെ മുൻ ഇണയോടു കുട്ടികൾക്ക് ഇപ്പോഴുമുള്ള പ്രിയം മനസ്സിലാക്കാൻ കഴിയാതെ പോയേക്കാം. ഒരു ആൺകുട്ടി പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യഥാർഥ പിതാവുമായുള്ള തന്റെ നല്ല ബന്ധം വിശദീകരിക്കാൻ ശ്രമിച്ചു: “മമ്മീ, ഡാഡി മമ്മിയോടു മോശമായിട്ടാണു പെരുമാറിയതെന്ന് എനിക്ക് അറിയാം, എന്നാൽ എന്നോടു ഡാഡി നന്നായിട്ടാണ് ഇടപെട്ടിട്ടുള്ളത്!” അത്തരം അഭിപ്രായ പ്രകടനം ആത്മാർഥമാണെങ്കിലും, അമ്മയ്ക്കു കുട്ടിയുടെ പിതാവിനോടു കടുത്ത നീരസം തോന്നാൻ അത് ഇടയാക്കിയേക്കാം.
ഒരു രണ്ടാനപ്പൻ ഇങ്ങനെ ഏറ്റുപറഞ്ഞു: “ഭാര്യയുടെ പൂർവവിവാഹത്തിലെ കുട്ടികളെ വളർത്തുന്നതിനോടു ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ ഞാൻ വാസ്തവത്തിൽ ഒരുങ്ങിയിട്ടില്ലായിരുന്നു. ഇപ്പോൾ ഞാൻ അവരുടെ മാതാവിനെ വിവാഹം കഴിച്ചിരിക്കുന്നതിനാൽ ഞാൻ അവരുടെ പിതാവാണ് എന്നായിരുന്നു എന്റെ ചിന്ത. എനിക്കതു വളരെ ലളിതമായി തോന്നി! കുട്ടികൾക്ക് അവരുടെ യഥാർഥ
പിതാവിനോടുള്ള പ്രിയം ഞാൻ തിരിച്ചറിഞ്ഞില്ല, ഞാൻ അനേകം പിശകുകൾ വരുത്തുകയും ചെയ്തു.”ശിക്ഷണത്തിന്റെ സംഗതിയിൽ വിശേഷിച്ചും സംഘർഷം ഉളവാകാവുന്നതാണ്. കുട്ടികൾക്കു സ്നേഹപൂർവകമായ ശിക്ഷണം ആവശ്യമാണ്. എന്നാൽ സ്വാഭാവിക മാതാവിൽനിന്നോ പിതാവിൽനിന്നോ വരുമ്പോൾപോലും കുട്ടികൾ മിക്കപ്പോഴും ശിക്ഷണത്തോടു മത്സരിക്കുന്നു. അപ്പോൾപ്പിന്നെ, രണ്ടാനമ്മയിൽനിന്നോ രണ്ടാനപ്പനിൽനിന്നോ അതു സ്വീകരിക്കുക എത്ര പ്രയാസമായിരിക്കും! അത്തരം ശിക്ഷണത്തെ അഭിമുഖീകരിക്കുമ്പോൾ പൂർവ വിവാഹത്തിലെ കുട്ടി പിൻവരുന്നപോലെ എന്തെങ്കിലും പറഞ്ഞേക്കാം, “നിങ്ങൾ എന്റെ പിതാവൊന്നുമല്ല!” സദുദ്ദേശ്യത്തിൽ ശിക്ഷണം നൽകുന്ന രണ്ടാനമ്മയെയോ രണ്ടാനപ്പനെയോ ആ വാക്കുകൾ എത്ര നിരാശപ്പെടുത്തും!
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബത്തിൽ കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരാൻ കഴിയുമോ? അത്തരമൊരു കുടുംബത്തെ വിജയകരമായി പടുത്തുയർത്തുന്നതിൽ ഒരു ക്രിയാത്മക പങ്കുവഹിക്കാൻ രണ്ടാനമ്മയ്ക്കോ രണ്ടാനപ്പനോ സാധിക്കുമോ? ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ദൈവവചനമായ ബൈബിളിലെ ബുദ്ധ്യുപദേശം പിൻപറ്റുന്നെങ്കിൽ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഉവ്വ് എന്നായിരിക്കും.
[3-ാം പേജിലെ ചിത്രം]
“നിങ്ങൾ എന്റെ പിതാവൊന്നുമല്ല!”