വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും

രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും

രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ങ്ങൾക്കു വിജയി​ക്കാ​നാ​കും

രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ങ്ങൾക്കു വിജയി​ക്കാ​നാ​കു​മോ? ഉവ്വ്‌. വിശേ​ഷി​ച്ചും, “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ . . . ഉപദേ​ശ​ത്തി​ന്നും ശാസന​ത്തി​ന്നും ഗുണീ​ക​ര​ണ​ത്തി​ന്നും നീതി​യി​ലെ അഭ്യാ​സ​ത്തി​ന്നും പ്രയോ​ജ​ന​മു​ള്ളതു ആകുന്നു” എന്ന്‌ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രും ഓർമി​ക്കു​ന്നെ​ങ്കിൽ. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) എല്ലാവ​രും ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​മ്പോൾ വിജയം മിക്കവാ​റും ഉറപ്പാണ്‌.

അടിസ്ഥാന ഗുണം

മാനുഷ ബന്ധങ്ങളെ ഭരിക്കു​ന്ന​തിന്‌ ഉദ്ദേശി​ച്ചുള്ള ചുരുക്കം ചില നിയമ​ങ്ങളേ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു​ള്ളൂ. ജ്ഞാനപൂർവം പ്രവർത്തി​ക്കാൻ നമ്മെ വഴിന​യി​ക്കുന്ന നല്ല ഗുണങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും നട്ടുവ​ളർത്താ​നാണ്‌ അതു പ്രധാ​ന​മാ​യും നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. സന്തുഷ്ട കുടുംബ ജീവി​ത​ത്തി​ന്റെ അടിസ്ഥാ​ന​മാണ്‌ അത്തരം നല്ല മനോ​ഭാ​വ​ങ്ങ​ളും ഗുണങ്ങ​ളും.

വിജയം വരിക്കാൻ ഏതു കുടും​ബ​ത്തി​നും ആവശ്യ​മായ അടിസ്ഥാന ഗുണം സ്‌നേഹം ആണെന്നു​ള്ളതു മിക്കവർക്കും അറിയാ​മെ​ങ്കി​ലും അത്‌ ഊന്നി​പ്പ​റ​യേ​ണ്ട​തു​തന്നെ ആണ്‌. പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞു: “നിങ്ങളു​ടെ സ്‌നേഹം നിഷ്‌ക​ള​ങ്ക​മാ​യി​രി​ക്കട്ടെ. . . . നിങ്ങൾ അന്യോ​ന്യം സഹോ​ദ​ര​തു​ല്യം സ്‌നേ​ഹി​ക്കു​വിൻ.” (റോമർ 12:9, 10, പി.ഒ.സി. ബൈബിൾ) “സ്‌നേഹം” എന്ന പദം ഏറെ വളച്ചൊ​ടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നാൽ പൗലൊസ്‌ ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന ഗുണം വിശേ​ഷ​ത​ര​മാണ്‌. അതു ദൈവിക സ്‌നേ​ഹ​മാണ്‌. അത്‌ “ഒരുനാ​ളും നിലച്ചു​പോ​കു​ന്നില്ല.” (1 കൊരി​ന്ത്യർ 13:8, NW) അതു നിസ്വാർഥ​വും സേവന സന്നദ്ധവു​മാ​ണെന്നു ബൈബിൾ വിവരി​ക്കു​ന്നു. അതു മറ്റുള്ള​വ​രു​ടെ നന്മയ്‌ക്കാ​യി സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു. അതു ദീർഘ​ക്ഷ​മ​യും ദയയും പ്രകട​മാ​ക്കു​ന്നു. അത്‌ അസൂയ​പ്പെ​ടു​ക​യോ വമ്പുപ​റ​യു​ക​യോ നിഗളി​ക്കു​ക​യോ ചെയ്യു​ന്നില്ല. അതു സ്വന്തം താത്‌പ​ര്യം അന്വേ​ഷി​ക്കു​ന്നില്ല. എന്തുവ​ന്നാ​ലും, അത്‌ എല്ലായ്‌പോ​ഴും വിശ്വ​സി​ക്കാ​നും പ്രത്യാ​ശി​ക്കാ​നും സഹിക്കാ​നും തയ്യാറാണ്‌.—1 കൊരി​ന്ത്യർ 13:4-7.

അഭി​പ്രാ​യ വ്യത്യാ​സങ്ങൾ ലഘൂക​രി​ക്കാ​നും വളരെ വ്യത്യ​സ്‌ത​മാ​യി വളർത്ത​പ്പെ​ട്ട​വ​രും വ്യത്യസ്‌ത വ്യക്തി​ത്വ​ങ്ങൾ ഉള്ളവരു​മാ​യ​വരെ ഏകീകൃ​ത​രാ​ക്കാ​നും യഥാർഥ സ്‌നേഹം സഹായി​ക്കു​ന്നു. വിവാ​ഹ​മോ​ച​ന​മോ സ്വാഭാ​വിക മാതാ​പി​താ​ക്ക​ളിൽ ഒരാളു​ടെ മരണമോ ഉളവാ​ക്കുന്ന വിനാശക ഫലങ്ങളെ ചെറുത്തു തോൽപ്പി​ക്കാൻ അതു സഹായി​ക്കു​ന്നു. ഒരു രണ്ടാനപ്പൻ തന്റെ യഥാർഥ പ്രശ്‌നങ്ങൾ വിവരി​ക്കു​ന്നു: “മിക്ക​പ്പോ​ഴും സ്വന്തം വികാ​ര​ങ്ങളെ കുറിച്ചു മാത്രമേ ഞാൻ ചിന്തി​ച്ചി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഭാര്യ​യു​ടെ പൂർവ വിവാ​ഹ​ത്തി​ലെ കുട്ടി​ക​ളു​ടെ​യോ ഭാര്യ​യു​ടെ പോലു​മോ വികാ​രങ്ങൾ വിശക​ലനം ചെയ്യാൻ ഞാൻ മെന​ക്കെ​ട്ടില്ല. പെട്ടെന്നു വികാരം കൊള്ളാ​തി​രി​ക്കാൻ ഞാൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു. ഏറ്റവും പ്രധാ​ന​മാ​യി, താഴ്‌മ​യു​ള്ളവൻ ആയിരി​ക്കാ​നും.” ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ സ്‌നേഹം അദ്ദേഹത്തെ സഹായി​ച്ചു.

യഥാർഥ മാതാവ്‌ അല്ലെങ്കിൽ പിതാവ്‌

ഇപ്പോൾ രംഗത്തി​ല്ലാത്ത യഥാർഥ മാതാ​വി​നോ​ടോ പിതാ​വി​നോ​ടോ ഉള്ള കുട്ടി​ക​ളു​ടെ ബന്ധം കൈകാ​ര്യം ചെയ്യു​ന്ന​തിൽ സ്‌നേ​ഹ​ത്തി​നു സഹായി​ക്കാ​നാ​കും. ഒരു രണ്ടാനപ്പൻ ഇങ്ങനെ ഏറ്റുപ​റ​യു​ന്നു: “ഭാര്യ​യു​ടെ പൂർവ വിവാ​ഹ​ത്തി​ലെ കുട്ടി​കൾക്കു കൂടുതൽ പ്രിയം എന്നോ​ടാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. അവർ തങ്ങളുടെ യഥാർഥ പിതാ​വി​നെ സന്ദർശി​ച്ച​പ്പോൾ അദ്ദേഹത്തെ വിമർശി​ക്കാ​തി​രി​ക്കാൻ എനിക്കു കഴിഞ്ഞില്ല. അദ്ദേഹ​ത്തോ​ടൊ​പ്പം ഉല്ലാസ​ക​ര​മായ ഒരു ദിവസം ആസ്വദിച്ച്‌ അവർ മടങ്ങി എത്തിയ​പ്പോൾ അത്‌ എന്നെ അസഹ്യ​പ്പെ​ടു​ത്തി. എന്നാൽ അവരുടെ സന്ദർശനം അസുഖ​കരം ആയിരു​ന്ന​പ്പോൾ എനിക്കു സന്തോഷം തോന്നി. വാസ്‌ത​വ​ത്തിൽ, അവരുടെ പ്രിയം നഷ്ടമാ​കു​മോ എന്നു ഞാൻ ഭയപ്പെട്ടു. അവരുടെ ജീവി​ത​ത്തിൽ യഥാർഥ പിതാ​വി​നുള്ള പങ്കിന്റെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ക​യും അംഗീ​ക​രി​ക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു ഏറ്റവും വിഷമം​പി​ടിച്ച ഒരു കാര്യം.”

“സത്വര” സ്‌നേഹം പ്രതീ​ക്ഷി​ക്കു​ന്നത്‌ അയഥാർഥ​മാ​ണെന്ന വസ്‌തു​തയെ അഭിമു​ഖീ​ക​രി​ക്കാൻ യഥാർഥ സ്‌നേഹം ഈ രണ്ടാന​പ്പനെ സഹായി​ച്ചു. കുട്ടികൾ അദ്ദേഹത്തെ ഉടനടി അംഗീ​ക​രി​ക്കാ​തെ വന്നപ്പോൾ തിരസ്‌ക​രി​ക്ക​പ്പെ​ട്ട​താ​യി അദ്ദേഹം ചിന്തി​ക്ക​രു​താ​യി​രു​ന്നു. കുട്ടി​ക​ളു​ടെ മനസ്സിൽ അവരുടെ യഥാർഥ പിതാ​വി​നുള്ള സ്ഥാനം ഒരുപക്ഷേ തനിക്ക്‌ ഒരിക്ക​ലും പൂർണ​മാ​യും ലഭിക്കി​ല്ലെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. തീരെ ചെറു​പ്പം​മു​തൽതന്നെ കുട്ടി​കൾക്കു തങ്ങളുടെ സ്വാഭാ​വിക പിതാ​വി​നെ അറിയാം. അതേസ​മയം, കുട്ടി​ക​ളു​ടെ സ്‌നേഹം നേടാൻ ശ്രമം ചെലു​ത്തേ​ണ്ടി​യി​രുന്ന ഒരു നവാഗ​ത​നാ​യി​രു​ന്നു രണ്ടാനപ്പൻ. ഗവേഷ​ക​യായ എലിസ​ബത്ത്‌ ഐൻസ്റ്റിൻ അനേക​രു​ടെ അനുഭവം പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ പറയുന്നു: “യഥാർഥ പിതാ​വി​നോ മാതാ​വി​നോ പൂർണ​മാ​യും പകരം നിൽക്കാൻ മറ്റാർക്കും ഒരിക്ക​ലു​മാ​വില്ല. കുട്ടി​ക​ളു​ടെ ജീവി​ത​ത്തിൽ ആ മാതാ​വിന്‌ അല്ലെങ്കിൽ പിതാ​വിന്‌—മരിച്ചു​പോ​യ​താ​യാ​ലും കുട്ടി​കളെ ഉപേക്ഷി​ച്ച​താ​യാ​ലും ശരി—ഒരു സുപ്ര​ധാന സ്ഥാനമുണ്ട്‌.”

ശിക്ഷണം—സൂക്ഷിച്ചു കൈകാ​ര്യം ചെയ്യേണ്ട ഒന്ന്‌

കുട്ടി​കൾക്കു സ്‌നേ​ഹ​പൂർവ​ക​മായ ശിക്ഷണം അനിവാ​ര്യ​മാ​ണെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു, അതിൽ ഇണയുടെ പൂർവ വിവാ​ഹ​ത്തി​ലെ കുട്ടി​ക​ളും ഉൾപ്പെ​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:33) ഈ കാര്യ​ത്തിൽ നിരവധി വിദഗ്‌ധർ ബൈബി​ളി​ന്റെ നിലപാ​ടു​മാ​യി യോജി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. പ്രൊ​ഫസർ സീറെസ്‌ ആൽവിസ്‌ ഡി അറൗഷു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ആരും പ്രകൃ​ത്യാ പരിധി​കൾ ഇഷ്ടപ്പെ​ടു​ന്നില്ല, എങ്കിലും അവ അനിവാ​ര്യ​മാണ്‌. ‘അരുത്‌’ എന്നത്‌ ഒരു സംരക്ഷക പദമാണ്‌.”

എന്നാൽ, രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ത്തിൽ ശിക്ഷണത്തെ കുറി​ച്ചുള്ള വീക്ഷണങ്ങൾ ഗുരു​ത​ര​മായ വിയോ​ജി​പ്പി​ലേക്കു നയി​ച്ചേ​ക്കാ​വു​ന്ന​താണ്‌. ഇപ്പോൾ രംഗത്തി​ല്ലാത്ത ഒരു മുതിർന്ന വ്യക്തി​യാൽ ഒരിക്കൽ വാർത്തെ​ടു​ക്ക​പ്പെ​ട്ട​വ​രാണ്‌ പൂർവ വിവാ​ഹ​ത്തി​ലെ കുട്ടികൾ. രണ്ടാന​മ്മ​യെ​യോ രണ്ടാന​പ്പ​നെ​യോ ശുണ്‌ഠി പിടി​പ്പി​ച്ചേ​ക്കാ​വുന്ന സ്വഭാ​വ​ങ്ങ​ളോ ശീലങ്ങ​ളോ അവർക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാം. രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ചില കാര്യ​ങ്ങ​ളിൽ വളരെ കർക്കശ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അവർക്കു മനസ്സി​ലാ​കു​ന്നില്ല. ഇത്തരം സാഹച​ര്യ​ത്തെ എങ്ങനെ ഫലപ്ര​ദ​മാ​യി കൈകാ​ര്യം ചെയ്യാ​നാ​കും? പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “സ്‌നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തു​ട​രുക.” (1 തിമൊ​ഥെ​യൊസ്‌ 6:11) അന്യോ​ന്യം മനസ്സി​ലാ​ക്കാൻ പഠിക്കവേ, സൗമ്യ​ത​യും ക്ഷമയും ഉള്ളവർ ആയിരി​ക്കാൻ ക്രിസ്‌തീയ സ്‌നേഹം രണ്ടാന​മ്മയെ അല്ലെങ്കിൽ രണ്ടാന​പ്പനെ സഹായി​ക്കു​ന്നു, അതു​പോ​ലെ​തന്നെ കുട്ടി​ക​ളെ​യും. രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ അക്ഷമരാ​ണെ​ങ്കിൽ നേടി​യെ​ടുത്ത ബന്ധത്തെ ‘കോപ​വും ക്രോ​ധ​വും ദൂഷണ​വും’ ഉടൻതന്നെ നശിപ്പി​ക്കും.—എഫെസ്യർ 4:31.

ഇക്കാര്യ​ത്തിൽ എന്തു സഹായ​ക​മാ​കു​മെന്നു പ്രവാ​ച​ക​നായ മീഖാ അറിയി​ക്കു​ന്നു: “ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു?” (മീഖാ 6:8) ശിക്ഷണ​ത്തിൽ നീതി മർമ​പ്ര​ധാ​ന​മാണ്‌. എന്നാൽ ദയയോ? സഭാ ആരാധ​ന​യ്‌ക്കാ​യി ഭാര്യ​യു​ടെ പൂർവ വിവാ​ഹ​ത്തി​ലെ കുട്ടി​കളെ ഞായറാഴ്‌ച രാവിലെ എഴു​ന്നേൽപ്പി​ക്കു​ന്നതു മിക്ക​പ്പോ​ഴും ബുദ്ധി​മു​ട്ടാ​യി​രു​ന്നെന്ന്‌ ഒരു ക്രിസ്‌തീയ മൂപ്പൻ വിവരി​ക്കു​ന്നു. അവരെ ശകാരി​ക്കു​ന്ന​തി​നു പകരം അദ്ദേഹം ദയ എന്ന ഗുണം പരീക്ഷി​ച്ചു​നോ​ക്കി. അദ്ദേഹം അതിരാ​വി​ലെ എഴു​ന്നേറ്റു പ്രഭാത ഭക്ഷണം തയ്യാറാ​ക്കി​യിട്ട്‌ അവർക്ക്‌ ഓരോ​രു​ത്തർക്കും ഒരു ചൂടു പാനീയം കൊണ്ടു​പോ​യി കൊടു​ത്തു. തത്‌ഫ​ല​മാ​യി, എഴു​ന്നേൽക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ അഭ്യർഥ​ന​യ്‌ക്കു ചെവി​കൊ​ടു​ക്കാൻ അവർ കൂടുതൽ മനസ്സു​കാ​ട്ടി.

പ്രൊ​ഫ​സർ എയ്‌ന ലൂയിസാ വൈയി​റാ ഡി മാറ്റോസ്‌ പിൻവ​രുന്ന രസാവ​ഹ​മായ അഭി​പ്രായ പ്രകടനം നടത്തി: “ഏതു തരത്തി​ലുള്ള കുടും​ബം ആണെന്നു​ള്ളതല്ല മറിച്ച്‌ ബന്ധത്തിന്റെ ഗുണനി​ല​വാ​ര​മാ​ണു പ്രധാനം. സ്വഭാവ ദൂഷ്യ​ങ്ങ​ളുള്ള ചെറു​പ്പ​ക്കാ​രിൽ മിക്കവ​രും മാതൃ-പിതൃ മേൽനോ​ട്ടം ദുർബ​ല​മായ, ചട്ടങ്ങളും ആശയവി​നി​മ​യ​വും ഇല്ലാത്ത കുടും​ബ​ങ്ങ​ളിൽനിന്ന്‌ ഉള്ളവരാ​ണെന്ന്‌ എന്റെ പഠനങ്ങ​ളിൽ ഞാൻ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു.” അവർ ഇങ്ങനെ​യും പറഞ്ഞു: “കുട്ടി​കളെ വളർത്തു​ന്ന​തിൽ, അരുത്‌ എന്നു പറയു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നതു വളരെ​യേറെ ഊന്നി​പ്പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.” കൂടാതെ, ഡോക്ടർമാ​രായ എംലി​യും ജോൺ വിഷെ​റും ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “അടിസ്ഥാ​ന​പ​ര​മാ​യി പറഞ്ഞാൽ, ശിക്ഷണം സ്വീക​രി​ക്കുന്ന വ്യക്തി അതു നൽകുന്ന വ്യക്തി​യു​ടെ പ്രതി​ക​ര​ണ​ത്തെ​യും അയാളു​മാ​യുള്ള ബന്ധത്തെ​യും കാര്യ​മാ​യി എടുക്കു​ന്നെ​ങ്കിൽ മാത്രമേ ശിക്ഷണം ഫലവത്താ​കു​ക​യു​ള്ളൂ.”

ഈ പരാമർശങ്ങൾ, രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ങ്ങ​ളിൽ ശിക്ഷണം നൽകേ​ണ്ടത്‌ ആരാ​ണെ​ന്നുള്ള ചോദ്യ​ത്തെ സ്‌പർശി​ക്കു​ന്നു. അരുത്‌ എന്നു പറയേ​ണ്ടത്‌ ആരാണ്‌? കുട്ടി​ക​ളു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ രണ്ടാന​മ്മ​യ്‌ക്കോ രണ്ടാന​പ്പ​നോ സമയം നൽകാ​നാ​യി, തുടക്ക​ത്തി​ലെ​ങ്കി​ലും, മുഖ്യ​മാ​യും ശിക്ഷണം നൽകേ​ണ്ടതു യഥാർഥ മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ ആയിരി​ക്ക​ണ​മെന്ന്‌ കാര്യങ്ങൾ ചർച്ച ചെയ്‌ത ശേഷം ചില മാതാ​പി​താ​ക്കൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ശിക്ഷണം നൽകു​ന്ന​തി​നു മുമ്പ്‌, കുട്ടി​ക​ളോട്‌ അവർക്കുള്ള സ്‌നേഹം കുട്ടി​കൾക്കു ബോധ്യ​പ്പെ​ടട്ടെ.

ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ രണ്ടാനപ്പൻ ആണെങ്കി​ലോ? പിതാവ്‌ കുടും​ബ​ത്തി​ന്റെ ശിരസ്സാ​ണെന്നു ബൈബിൾ പറയു​ന്നി​ല്ലേ? ഉണ്ട്‌. (എഫെസ്യർ 5:22, 23; 6:1, 2) എന്നിരു​ന്നാ​ലും, ശിക്ഷണം കൊടു​ക്കു​ന്നത്‌ തുടക്ക​ത്തിൽ കുട്ടി​ക​ളു​ടെ മാതാ​വി​നെ ഏൽപ്പി​ക്കാൻ രണ്ടാനപ്പൻ ആഗ്രഹി​ച്ചേ​ക്കാം, പ്രത്യേ​കി​ച്ചും അതിൽ ശിക്ഷ ഉൾപ്പെ​ടു​മ്പോൾ. കുട്ടികൾ തങ്ങളുടെ പുതിയ “അപ്പന്റെ പ്രബോ​ധനം [“ശിക്ഷണം, NW] കേൾ”ക്കാൻ തക്കവണ്ണം അദ്ദേഹം അവർക്കു​വേണ്ടി ഒരു അടിസ്ഥാ​ന​മി​ടവേ, തങ്ങളുടെ “അമ്മയുടെ ഉപദേശം” അനുസ​രി​ക്കാൻ അദ്ദേഹം അവരെ അനുവ​ദി​ച്ചേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 1:8; 6:20; 31:1) ഇത്‌ ആത്യന്തി​ക​മാ​യി ശിരഃ​സ്ഥാന തത്ത്വത്തി​നു വിരു​ദ്ധ​മ​ല്ലെന്നു തെളി​വു​കൾ കാണി​ക്കു​ന്നു. കൂടു​ത​ലാ​യി, ഒരു രണ്ടാനപ്പൻ പറയുന്നു: “ശിക്ഷണ​ത്തിൽ ഉദ്‌ബോ​ധ​ന​വും തിരു​ത്ത​ലും ശാസന​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു ഞാൻ ഓർത്തു. നീതി​യും സ്‌നേ​ഹ​വും കരുണ​യും പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവ നൽകു​ക​യും മാതാ​പി​താ​ക്കൾതന്നെ അവയിൽ മാതൃക വെക്കു​ക​യും ചെയ്യു​മ്പോൾ, അതു പൊതു​വെ ഫലവത്താ​കു​ന്നു.”

മാതാ​പി​താ​ക്കൾ ആശയവി​നി​യമം ചെയ്യേ​ണ്ട​തുണ്ട്‌

സദൃശ​വാ​ക്യ​ങ്ങൾ 15:22 പറയുന്നു: “ആലോചന [“സ്വകാര്യ സംഭാ​ഷണം,” NW] ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധി​ക്കാ​തെ​പോ​കു​ന്നു.” രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ത്തിൽ മാതാ​പി​താ​ക്കൾ തമ്മിലുള്ള ശാന്തവും തുറന്ന​തു​മായ സ്വകാര്യ സംഭാ​ഷണം മർമ​പ്ര​ധാ​ന​മാണ്‌. ഒ എസ്റ്റഡോ ദെ സൗൺ പൗലൂ​വി​ലെ ഒരു കോള​മെ​ഴു​ത്തു​കാ​രി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “മാതാ​പി​താ​ക്കൾ വെക്കുന്ന പരിധി​കൾ പരീക്ഷി​ച്ചു​നോ​ക്കാൻ കുട്ടികൾ എപ്പോ​ഴും ചായ്‌വു കാട്ടുന്നു.” രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ങ്ങ​ളിൽ അതിനുള്ള സാധ്യത ഇരട്ടി​യാണ്‌. അതു​കൊണ്ട്‌, വ്യത്യസ്‌ത കാര്യങ്ങൾ സംബന്ധി​ച്ചു മാതാ​പി​താ​ക്കൾ യോജി​പ്പിൽ എത്തേണ്ട​തുണ്ട്‌. അപ്പോൾ അവർക്ക്‌ ഒരേ അഭി​പ്രാ​യ​മാണ്‌ ഉള്ളതെന്നു കുട്ടികൾ മനസ്സി​ലാ​ക്കും. എന്നാൽ, ന്യായ​യു​ക്ത​മ​ല്ലെന്ന്‌ യഥാർഥ മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ വിചാ​രി​ക്കുന്ന വിധത്തിൽ രണ്ടാനമ്മ അല്ലെങ്കിൽ രണ്ടാനപ്പൻ പ്രവർത്തി​ക്കു​ന്നെ​ങ്കി​ലോ? അപ്പോൾ അവർ ഇരുവ​രും കൂടി കാര്യങ്ങൾ സ്വകാ​ര്യ​മാ​യി ചർച്ച​ചെ​യ്‌തു പരിഹ​രി​ക്കണം, അതു കുട്ടി​ക​ളു​ടെ മുമ്പിൽ വെച്ചാ​ക​രുത്‌.

പുനർവി​വാ​ഹം ചെയ്‌ത ഒരു മാതാവ്‌ ഇങ്ങനെ വിവരി​ക്കു​ന്നു: “ഒരു മാതാ​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും പ്രയാ​സ​ക​ര​മായ സംഗതി രണ്ടാനപ്പൻ അവളുടെ കുട്ടി​കളെ ശിക്ഷി​ക്കു​ന്നതു കാണു​ന്ന​താണ്‌, വിശേ​ഷി​ച്ചും അദ്ദേഹം തിടു​ക്കം​കൂ​ട്ടി, പക്ഷപാ​ത​പ​ര​മാ​യി പ്രവർത്തി​ക്കു​ന്നു​വെന്ന്‌ അവൾക്കു തോന്നു​മ്പോൾ. അത്‌ അവൾക്കു ഹൃദയ​ഭേ​ദ​ക​മാണ്‌. തന്റെ കുട്ടി​കൾക്കു​വേണ്ടി വാദി​ക്കാൻ അവൾ ആഗ്രഹി​ക്കു​ന്നു. അത്തരം അവസര​ങ്ങ​ളിൽ, ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രുന്ന്‌ അദ്ദേഹത്തെ പിന്തു​ണ​യ്‌ക്കാൻ അവൾക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു.

“ഒരു അവസര​ത്തിൽ, 12-ഉം 14-ഉം വയസ്സുള്ള എന്റെ രണ്ട്‌ ആൺകു​ട്ടി​കൾ ഒരു കാര്യ​ത്തി​നു രണ്ടാന​പ്പന്റെ അനുവാ​ദം ചോദി​ച്ചു. അദ്ദേഹം അത്‌ ഉടനടി നിരസി​ച്ചിട്ട്‌, കുട്ടി​കൾക്ക്‌ അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കാൻ അവർക്കു യാതൊ​രു അവസര​വും നൽകാതെ മുറി വിട്ടു​പോ​യി. കുട്ടികൾ കരച്ചി​ലി​ന്റെ വക്കോ​ള​മെത്തി. എനിക്കാ​ണെ​ങ്കിൽ ഒന്നും പറയാ​നി​ല്ലാ​താ​യി. മൂത്തകു​ട്ടി എന്നെ നോക്കി​പ്പ​റഞ്ഞു: ‘അദ്ദേഹം ചെയ്‌തതു മമ്മി കണ്ടോ?’ ഞാൻ പറഞ്ഞു: ‘ഉവ്വ്‌, ഞാൻ കണ്ടു. എന്നാൽ അദ്ദേഹം കുടും​ബ​ത്തി​ന്റെ ശിരസ്സാണ്‌. ശിരഃ​സ്ഥാ​നത്തെ ആദരി​ക്കാൻ ബൈബിൾ നമ്മോടു പറയുന്നു.’ അവർ നല്ല കുട്ടികൾ ആയിരു​ന്നു. ഞാൻ പറഞ്ഞതി​നോട്‌ അവർ യോജി​ച്ചു. അവർ കുറെ ശാന്തരാ​യി. ആ വൈകു​ന്നേരം ഞാൻ കാര്യങ്ങൾ ഭർത്താ​വി​നോ​ടു വിശദീ​ക​രി​ച്ചു. താൻ തികച്ചും ഒരു സ്വേച്ഛാ​ധി​പ​തി​യെ​പ്പോ​ലെ പെരു​മാ​റുക ആയിരു​ന്നു എന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം നേരേ കുട്ടി​ക​ളു​ടെ മുറി​യി​ലേക്കു ചെന്ന്‌ മാപ്പു പറഞ്ഞു.

“ആ സംഭവ​ത്തിൽനിന്ന്‌ ഏറെ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​നു മുമ്പ്‌ പറയു​ന്നതു ശ്രദ്ധി​ക്കാൻ ഭർത്താവു പഠിച്ചു. വികാരം വ്രണ​പ്പെ​ടു​മ്പോൾ പോലും ശിരഃ​സ്ഥാന തത്ത്വം ഉയർത്തി​പ്പി​ടി​ക്കാൻ ഞാൻ പഠിച്ചു. കുട്ടി​ക​ളാ​ണെ​ങ്കിൽ, കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റി​ഞ്ഞു. (കൊ​ലൊ​സ്സ്യർ 3:18, 19) ഭർത്താ​വി​ന്റെ ഹൃദയം​ഗ​മ​മായ ഖേദ​പ്ര​ക​ടനം താഴ്‌മ സംബന്ധിച്ച്‌ ഒരു പ്രധാ​ന​പ്പെട്ട പാഠം ഞങ്ങളെ എല്ലാവ​രെ​യും പഠിപ്പി​ച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 29:23) ഇന്ന്‌, ആ രണ്ടു പുത്ര​ന്മാ​രും ക്രിസ്‌തീയ മൂപ്പന്മാ​രാണ്‌.”

തെറ്റുകൾ സംഭവി​ക്കും. കുട്ടികൾ വ്രണ​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ പറയു​ക​യോ ചെയ്യു​ക​യോ ചെയ്യും. അപ്പോ​ഴത്തെ സമ്മർദങ്ങൾ രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ന്യായ​ര​ഹി​ത​മാ​യി പെരു​മാ​റാൻ ഇടയാ​ക്കും. എന്നാൽ, “ഞാൻ ഖേദി​ക്കു​ന്നു, ദയവായി എന്നോടു ക്ഷമിക്കണം” തുടങ്ങിയ ലളിത​മായ വാക്കുകൾ മുറി​വു​കൾ സൗഖ്യ​മാ​ക്കാൻ ഏറെ സഹായി​ക്കു​ന്നു.

കുടുംബ ഐക്യം ശക്തി​പ്പെ​ടു​ത്തൽ

രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ത്തിൽ ഊഷ്‌മ​ള​മായ ഒരു ബന്ധം വളർന്നു​വ​രാൻ സമയ​മെ​ടു​ക്കു​ന്നു. നിങ്ങൾ ഒരു രണ്ടാന​പ്പ​നോ രണ്ടാന​മ്മ​യോ ആണെങ്കിൽ നിങ്ങൾ സമാനു​ഭാ​വം കാട്ടേ​ണ്ട​തുണ്ട്‌. മനസ്സി​ലാ​ക്കു​ന്നവർ ആയിരി​ക്കുക, കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാൻ സന്നദ്ധരാ​കുക. കൊച്ചു​കു​ട്ടി​ക​ളോ​ടൊ​ത്തു കളിക്കുക. മുതിർന്ന കുട്ടി​ക​ളോ​ടൊ​ത്തു സംസാ​രി​ക്കാൻ തയ്യാറാ​കുക. ഒരുമി​ച്ചു സമയം ചെലവ​ഴി​ക്കാൻ അവസരങ്ങൾ തേടുക—ദൃഷ്ടാ​ന്ത​ത്തിന്‌, ഭക്ഷണം പാകം ചെയ്യൽ, കാറു കഴുകൽ എന്നിങ്ങ​നെ​യുള്ള വീട്ടു​ജോ​ലി​ക​ളിൽ സഹായി​ക്കാൻ കുട്ടി​കളെ ക്ഷണിക്കുക. നിങ്ങൾ കടയിൽ പോകു​മ്പോൾ നിങ്ങ​ളോ​ടൊ​പ്പം വരാനും സഹായി​ക്കാ​നും അവരെ ക്ഷണിക്കുക. കൂടാതെ, ചെറിയ വാത്സല്യ പ്രകട​നങ്ങൾ നിങ്ങൾക്ക്‌ അവരോ​ടുള്ള സ്‌നേഹം പ്രകട​മാ​ക്കി​യേ​ക്കാം. (രണ്ടാന​പ്പ​ന്മാർ പെൺമ​ക്ക​ളോ​ടുള്ള ബന്ധത്തിൽ ഉചിത​മായ പരിധി​കൾ പാലി​ക്കാൻ തീർച്ച​യാ​യും ശ്രദ്ധി​ക്കണം, അവർക്ക്‌ അസ്വസ്ഥത തോന്നാൻ ഇടയാ​ക​രുത്‌. ആൺകു​ട്ടി​ക​ളു​ടെ കാര്യ​ത്തിൽ പരിധി​കൾ ഉണ്ടെന്നു രണ്ടാന​മ്മ​മാ​രും ഓർമി​ക്കണം.)

രണ്ടാന​മ്മ​യോ രണ്ടാന​പ്പ​നോ ഉള്ള കുടും​ബ​ങ്ങൾക്കു വിജയി​ക്കാ​നാ​കും. അത്തരം അനേകം കുടും​ബങ്ങൾ വിജയി​ക്കു​ന്നു​ണ്ടു​താ​നും. ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രും, വിശേ​ഷി​ച്ചു മാതാ​പി​താ​ക്കൾ, ശരിയായ മനോ​ഭാ​വ​ങ്ങ​ളും യഥാർഥ്യ ബോധ​ത്തോ​ടെ​യുള്ള പ്രതീ​ക്ഷ​ക​ളും നട്ടുവ​ളർത്തുന്ന കുടും​ബ​ങ്ങ​ളാണ്‌ ഏറ്റവും അധികം വിജയി​ക്കു​ന്നത്‌. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി: “പ്രിയ​മു​ള്ള​വരേ, നാം അന്യോ​ന്യം സ്‌നേ​ഹിക്ക; സ്‌നേഹം ദൈവ​ത്തിൽനി​ന്നു വരുന്നു.” (1 യോഹ​ന്നാൻ 4:7) അതേ, രണ്ടാന​മ്മ​യും രണ്ടാന​പ്പ​നും ഉള്ള ഒരു സന്തുഷ്ട കുടും​ബ​ത്തി​ന്റെ രഹസ്യം ഹൃദയം​ഗ​മ​മായ സ്‌നേ​ഹ​മാണ്‌.

[7-ാം പേജിലെ ചിത്രങ്ങൾ]

രണ്ടാനമ്മയും രണ്ടാന​പ്പ​നും ഉള്ള സന്തുഷ്ട കുടും​ബ​ങ്ങൾ

ഒരുമിച്ചു ദൈവ​വ​ചനം പഠിക്കു​ന്നു. . .

ഒരുമിച്ചു സമയം ചെലവ​ഴി​ക്കു​ന്നു. . .

ഒരുമിച്ചു സംസാ​രി​ക്കു​ന്നു. . .

ഒരുമിച്ചു ജോലി ചെയ്യുന്നു. . .