ഉത്കണ്ഠയ്ക്ക് അടിമപ്പെടാതിരിക്കുക
ഉത്കണ്ഠയ്ക്ക് അടിമപ്പെടാതിരിക്കുക
“നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.” (മത്തായി 6:34) അങ്ങേയറ്റം തിരക്കുള്ളതും സമ്മർദപൂരിതവുമായ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് എല്ലാവർക്കും യേശുക്രിസ്തു നൽകിയ ആ ബുദ്ധിയുപദേശം തീർച്ചയായും പ്രായോഗികമാണ്.
എന്നാൽ വാസ്തവത്തിൽ, നമ്മുടെ പ്രശ്നങ്ങളും തീരുമാനങ്ങളും കടമകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് നമുക്ക് ഉത്കണ്ഠപ്പെടാതിരിക്കാൻ സാധിക്കുമോ? ദശലക്ഷക്കണക്കിന് ആളുകൾ വിഷാദമഗ്നരും ക്ലേശിതരും ഭാരപ്പെടുന്നവരുമാണ്. അതുകൊണ്ടാണ് മനക്ഷോഭശമന ഔഷധങ്ങളും മയക്കുമരുന്നുകളും കോടികളുടെ ബിസിനസായി മാറിയിരിക്കുന്നത്.
സമനില പാലിക്കേണ്ട ഇടം
നമ്മുടെ കടമകൾ, നിയമനങ്ങൾ, തീരുമാനങ്ങൾ, പ്രശ്നങ്ങൾ എന്നിവ അടിയന്തിരം ആയിരുന്നാലും അല്ലെങ്കിലും നാം അവയ്ക്കുവേണ്ടി ആസൂത്രണങ്ങൾ ചെയ്യുകയും ഒരുങ്ങുകയും ചെയ്യേണ്ടതാണ്. ഒരു പ്രധാന സംരംഭം ആരംഭിക്കുന്നതിനു മുമ്പ് ‘അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ലൂക്കൊസ് 14:28-30) നിലവിലുള്ള സാധ്യതകൾ വിലയിരുത്തുന്നതും അന്തിമഫലം എന്തായിരിക്കാമെന്നു വിശകലനം ചെയ്യുന്നതും സമയം, ഊർജം, പണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചെലവ് നിർണയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് നാം ശ്രദ്ധാപൂർവം പരിചിന്തിക്കണമെങ്കിലും സമസ്ത പരിണതികളെയും കുറിച്ച് ചിന്തിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നു മാത്രമല്ല അതു പ്രയോജനപ്രദവുമല്ല. ദൃഷ്ടാന്തത്തിന്, നിങ്ങൾക്ക് കുടുംബത്തിന്റെ സുരക്ഷയിൽ താത്പര്യമുള്ളതിനാൽ, വീടിനു തീ പിടിക്കുമ്പോൾ എന്താണു ചെയ്യേണ്ടതെന്ന് നിങ്ങൾ പരിചിന്തിച്ചേക്കാം. പുക ഉണ്ടാകുമ്പോൾ അപകടമണി മുഴക്കുന്ന സ്മോക്ക് ഡിറ്റെക്റ്ററുകളും അഗ്നിശമന ഉപകരണങ്ങളും നിങ്ങൾ സ്ഥാപിച്ചേക്കാം. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യുകയും രക്ഷപ്പെടുന്ന വിധം പരിശീലിച്ചു നോക്കുകയും ചെയ്തേക്കാം. എന്നാൽ വിവേകപൂർവകവും പ്രായോഗികവുമായ ആസൂത്രണം അവസാനിക്കുകയും അമിതവും അനാവശ്യവുമായ ഉത്കണ്ഠ ആരംഭിക്കുകയും ചെയ്യുന്നത് എപ്പോഴാണ്? വെറുതെ ചിന്തിച്ച് ചിന്തിച്ച് രൂപം കൊടുക്കുന്ന അനേകം സാങ്കൽപ്പിക സാഹചര്യങ്ങളെ കുറിച്ച് നിങ്ങൾ വ്യാകുലപ്പെടാൻ തുടങ്ങുമ്പോൾ. അസ്വസ്ഥ ചിന്തകൾ നിങ്ങളെ കീഴ്പെടുത്തിയേക്കാം. തത്ഫലമായി, ചില കാര്യങ്ങൾ അവഗണിച്ചെന്നോ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടില്ലെന്നോ നിങ്ങൾക്കു തോന്നിയേക്കാം. ഇങ്ങനെ സ്വയം വരുത്തിവെക്കുന്ന വ്യാകുലത മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തിയിട്ട് നിങ്ങൾക്ക് ഉറക്കം തന്നെ നഷ്ടമായേക്കാം.
മോശ ഫറവോന്റെ സന്നിധിയിൽ
യഹോവയാം ദൈവം തന്റെ പ്രവാചകനായ മോശയ്ക്കു ബുദ്ധിമുട്ടുള്ള ഒരു നിയമനം നൽകി. ആദ്യമായി, മോശ ഇസ്രായേല്യരുടെ അടുക്കൽ ചെന്ന് ഈജിപ്തിൽനിന്ന് അവരെ പുറത്തേക്കു നയിക്കാൻ യഹോവ തന്നെ നിയമിച്ചിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു. അടുത്തതായി, മോശ ഫറവോന്റെ സന്നിധിയിൽ ചെന്ന് വിട്ടുപോരാൻ ഇസ്രായേല്യരെ അനുവദിക്കണമെന്ന് അവനോട് അഭ്യർഥിക്കണമായിരുന്നു. ഒടുവിൽ, മോശ ദശലക്ഷക്കണക്കിനു വരുന്ന ഒരു ജനക്കൂട്ടത്തെ മരുഭൂമിയിലൂടെ ശത്രുക്കളുടെ കൈവശമുള്ള ഒരു ദേശത്തേക്കു നയിക്കണമായിരുന്നു. (പുറപ്പാടു 3:1-10) ഇവയെല്ലാം ഏറ്റവും ഭയപ്പെടുത്താവുന്ന കാര്യങ്ങൾ ആയിരുന്നു. എന്നാൽ തന്റെ മനസ്സിനെ അനാവശ്യമായ ഉത്കണ്ഠകൊണ്ടു നിറയ്ക്കാൻ ഈ ഉത്തരവാദിത്വത്തെ മോശ അനുവദിച്ചോ?
പല കാര്യങ്ങളും സംബന്ധിച്ച് മോശ വ്യാകുലപ്പെട്ടിരുന്നു എന്നു വ്യക്തം. അവൻ യഹോവയോടു ചോദിച്ചു: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം”? യഹോവ അവന് ഉത്തരം നൽകി. (പുറപ്പാടു 3:13, 14) തന്നെ വിശ്വസിക്കാൻ ഫറവോൻ വിസമ്മതിച്ചാൽ എന്തു സംഭവിച്ചേക്കാം എന്നും മോശ ആകുലപ്പെട്ടിരുന്നു. വീണ്ടും, യഹോവ പ്രവാചകന് ഉത്തരം നൽകി. അപ്പോൾ ഒരു അന്തിമ പ്രശ്നം—മോശതന്നെ സമ്മതിച്ചു പറഞ്ഞതുപോലെ അവൻ ‘വാക്സാമർത്ഥ്യമുള്ളവനല്ലാ’യിരുന്നു. അതിന് എന്തായിരുന്നു പരിഹാരം? മോശയ്ക്കു വേണ്ടി സംസാരിക്കാൻ യഹോവ അഹരോനെ ഏർപ്പെടുത്തി.—പുറപ്പാടു 4:1-5, 10-16.
മോശയുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. അങ്ങനെ സജ്ജനായിത്തീർന്ന അവൻ ദൈവത്തിലുള്ള വിശ്വാസത്തോടെ യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു തുടങ്ങി. ഫറവോനെ അഭിമുഖീകരിക്കുമ്പോൾ എന്തു സംഭവിച്ചേക്കാം എന്ന ഭയപ്പെടുത്തുന്ന ചിന്തയാൽ സ്വയം ദണ്ഡിപ്പിക്കുന്നതിനു പകരം മോശ, “അങ്ങനെ തന്നേ ചെയ്തു.” (പുറപ്പാടു 7:6) ഉത്കണ്ഠകൾ തന്നെ അടിമപ്പെടുത്താൻ മോശ അനുവദിച്ചിരുന്നെങ്കിൽ, തന്റെ നിയമനം നിർവഹിക്കാൻ ആവശ്യമായിരുന്ന വിശ്വാസത്തെയും ധൈര്യത്തെയും അതു ദുർബലമാക്കുമായിരുന്നു.
മോശ തന്റെ നിയമനം കൈകാര്യം ചെയ്ത സമനിലയോടു കൂടിയ രീതി, അപ്പൊസ്തലനായ പൗലൊസ് പരാമർശിച്ച “സുബോധ”ത്തിന്റെ ഒരു ദൃഷ്ടാന്തമാണ്. (2 തിമൊഥെയൊസ് 1:7; തീത്തൊസ് 2:2-6) മോശ സുബോധം പ്രകടമാക്കിയിരുന്നില്ല എങ്കിൽ തന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്ന ഭാരിച്ച ഉത്തരവാദിത്വത്തെ കുറിച്ച് ഓർത്ത് അവൻ എളുപ്പം തളർന്നുപോകാമായിരുന്നു, സാധ്യതയനുസരിച്ച് അവൻ ആ നിയമനം സ്വീകരിക്കുമായിരുന്നുമില്ല.
ചിന്തകളെ നിയന്ത്രിക്കൽ
അനുദിന ജീവിതത്തിൽ വിശ്വാസത്തിന്റെ പരിശോധനകളോ പീഡാനുഭവങ്ങളോ നേരിടുമ്പോൾ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുക? മുന്നിലുള്ള പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് സംഭ്രാന്തനാകാൻ നിങ്ങൾ ചായ്വു കാട്ടുന്നുവോ? അതോ നിങ്ങൾ സമനിലയോടെ അവയെ വീക്ഷിക്കുന്നുവോ? ചിലർ പറയുന്നതുപോലെ, ‘പാലത്തിൽ എത്തും മുമ്പേ അതിൽ കയറേണ്ടതില്ല.’ ആ സാങ്കൽപ്പിക പാലത്തിൽ കയറേണ്ട ആവശ്യംതന്നെ വരില്ലായിരിക്കാം! ഒരിക്കലും സംഭവിച്ചേക്കാനിടയില്ലാത്ത കാര്യങ്ങളെ ചൊല്ലി ആകുലപ്പെടുന്നത് എന്തിന്? ബൈബിൾ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു.” (സദൃശവാക്യങ്ങൾ 12:25) സമയം കഴിഞ്ഞു പോകുന്നതുവരെ കാര്യങ്ങൾ മാറ്റിവെച്ചുകൊണ്ട് തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തുമെന്നതാണ് അതിന്റെ ഫലം.
അനാവശ്യ ഉത്കണ്ഠയുടെ ഫലമായുള്ള ആത്മീയ ഹാനിയാണ് ഏറെ ഗുരുതരമായ സംഗതി. “രാജ്യത്തിന്റെ വചന”ത്തോടുള്ള വിലമതിപ്പ് ധനത്തിന്റെ വഞ്ചനാത്മക ശക്തിയാലും “ഈ ലോകത്തിന്റെ ചിന്ത”യാലും പൂർണമായും ഞെരുക്കപ്പെടാമെന്ന് യേശുക്രിസ്തു സൂചിപ്പിച്ചു. (മത്തായി 13:19, 22) കുരുന്നു ചെടികൾ വളർച്ച പ്രാപിച്ച് ഫലം കായ്ക്കുന്നതു തടയാൻ മുൾപ്പടർപ്പിനു കഴിയുന്നതുപോലെ, നാം ആത്മീയ പുരോഗതി പ്രാപിച്ച് ദൈവമഹത്ത്വത്തിനായി ഫലം പുറപ്പെടുവിക്കുന്നതു തടയാൻ അനിയന്ത്രിതമായ ഉത്കണ്ഠയ്ക്കു കഴിയും. സ്വയം വരുത്തിവെക്കുന്ന, നശീകരണാത്മകമായ വ്യാകുലത യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നതിൽനിന്ന് ചിലരെ തടഞ്ഞിട്ടുണ്ട്. ‘എന്റെ സമർപ്പണത്തിനു ചേർച്ചയിൽ ഞാൻ ജീവിക്കുന്നില്ലെങ്കിലോ?’ എന്ന് അവർ വ്യാകുലപ്പെടുന്നു.
നമ്മുടെ ആത്മീയ യുദ്ധത്തിൽ, ‘ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കാൻ’ നാം ശ്രമിക്കുകയാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. (2 കൊരിന്ത്യർ 10:5) നമ്മെ നിരാശപ്പെടുത്താനും ശാരീരികവും വൈകാരികവും ആത്മീയവുമായി ക്ഷീണിപ്പിക്കാനും നമ്മുടെ ആകുലതകളെ മുതലെടുക്കുന്നത് നമ്മുടെ മുഖ്യ എതിരാളിയായ പിശാചായ സാത്താന് വളരെ ഇഷ്ടമുള്ള കാര്യമാണ്. ജാഗ്രത പുലർത്താത്തവരെ കെണിയിൽ അകപ്പെടുത്താൻ സംശയങ്ങൾ ഉപയോഗിക്കുന്നതിൽ അവൻ വിദഗ്ധനാണ്. അതുകൊണ്ടാണ്, “പിശാചിന്നു ഇടം കൊടുക്കരുതു” എന്നും അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകിയത്. (എഫെസ്യർ 4:27) “ഈ ലോകത്തിന്റെ ദൈവം” എന്ന നിലയിൽ സാത്താൻ “അവിശ്വാസികളുടെ മനസ്സു കുരുടാ”ക്കുന്നതിൽ വിജയച്ചിരിക്കുന്നു. (2 കൊരിന്ത്യർ 4:4) നമ്മുടെ മനസ്സുകളെ നിയന്ത്രിക്കാൻ നമുക്ക് അവനെ ഒരിക്കലും അനുവദിക്കാതിരിക്കാം!
സഹായം ലഭ്യമാണ്
പ്രശ്നങ്ങൾ നേരിടുമ്പോൾ ഒരു കുട്ടിക്ക് സ്നേഹവാനായ തന്റെ പിതാവിനെ സമീപിച്ച് മാർഗനിർദേശവും ആശ്വാസവും തേടാൻ കഴിയും. സമാനമായി, നമ്മുടെ പ്രശ്നങ്ങൾ സംബന്ധിച്ച് നമ്മുടെ സ്വർഗീയ പിതാവായ യഹോവയിലേക്കു നമുക്കു തിരിയാൻ സാധിക്കും. വാസ്തവത്തിൽ, നമ്മുടെ ഭാരങ്ങളും ഉത്കണ്ഠകളും തന്റെമേൽ ഇടാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. (സങ്കീർത്തനം 55:22) പിതാവിൽനിന്ന് ഉറപ്പു ലഭിച്ചാൽപ്പിന്നെ കുട്ടി തന്റെ പ്രശ്നങ്ങളെ കുറിച്ച് മേലാൽ ആകുലപ്പെടാതിരിക്കുന്നതുപോലെ, നാം യഹോവയുടെമേൽ നമ്മുടെ ഭാരങ്ങൾ ഇട്ടാൽ മാത്രം പോരാ, പിന്നീട് അവയെക്കുറിച്ച് ആകുലപ്പെടാതിരിക്കുകയും വേണം.—യാക്കോബ് 1:6.
നാം എങ്ങനെയാണ് നമ്മുടെ ഉത്കണ്ഠകൾ യഹോവയുടെമേൽ ഇടുന്നത്? ഫിലിപ്പിയർ 4:6, 7 ഉത്തരം നൽകുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” അതേ, നമ്മുടെ തുടർച്ചയായ പ്രാർഥനകളോടും അപേക്ഷകളോടുമുള്ള പ്രതികരണം എന്ന നിലയിൽ, അനാവശ്യ ഉത്കണ്ഠകൾ നിമിത്തം ആകുലപ്പെടുന്നതിൽ നിന്ന് നമ്മുടെ മനസ്സിനെ സംരക്ഷിക്കുന്ന ആന്തരിക സമാധാനം നമുക്കു നൽകാൻ യഹോവയ്ക്കു കഴിയും.—യിരെമ്യാവു 17:7, 8; മത്തായി 6:25-34.
എന്നാൽ നമ്മുടെ പ്രാർഥനകളോടു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം നമ്മെത്തന്നെ ശാരീരികമായോ മാനസികമായോ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്തരുത്. (സദൃശവാക്യങ്ങൾ 18:1) മറിച്ച്, സ്വന്ത വിവേകത്തിൽ ആശ്രയിക്കുന്നതിനു പകരം നമ്മുടെ പ്രശ്നങ്ങളോടു ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങളും മാർഗനിർദേശങ്ങളും പരിചിന്തിക്കുന്നത് ആയിരിക്കും കരണീയം. (സദൃശവാക്യങ്ങൾ 3:5, 6) തീരുമാനങ്ങൾ എടുക്കുന്നതിനോടും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനോടും ബന്ധപ്പെട്ട സമ്പുഷ്ടമായ വിവരങ്ങൾക്കായി ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ ബൈബിളിലേക്കും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിലേക്കും തിരിയാവുന്നതാണ്. അതിനുപുറമേ ക്രിസ്തീയ സഭയിൽ, നമ്മോടു സംസാരിക്കാൻ എപ്പോഴും സന്നദ്ധരായ, ജ്ഞാനവും അനുഭവ പരിചയവുമുള്ള മൂപ്പന്മാരാലും പക്വതയുള്ള മറ്റു ക്രിസ്ത്യാനികളാലും നാം അനുഗൃഹീതരാണ്. (സദൃശവാക്യങ്ങൾ 11:14; 15:22) നമ്മുടെ പ്രശ്നങ്ങളിൽ വൈകാരികമായി ഉൾപ്പെട്ടിട്ടില്ലാത്തവരും കാര്യങ്ങൾ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണഗതി ഉള്ളവരുമായവർക്ക്, വ്യത്യസ്തമായ ഒരു വീക്ഷണ കോണത്തിൽനിന്ന് നമ്മുടെ പ്രശ്നങ്ങൾ നോക്കിക്കാണാൻ നമ്മെ സഹായിക്കാനാകും. അവർ നമുക്കു വേണ്ടി തീരുമാനങ്ങൾ എടുക്കില്ലെങ്കിലും, അവർക്കു പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും വലിയൊരു ഉറവ് ആയിരിക്കാൻ കഴിയും.
“ദൈവത്തിനായി കാത്തിരിക്കുക”
സാങ്കൽപ്പിക പ്രശ്നങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ലെങ്കിൽ പോലും, നമ്മുടെ അനുദിന ജീവിതത്തിലെ യഥാർഥ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടുവോളം സമ്മർദം ഉണ്ടെന്നുള്ളത് ആർക്കും നിഷേധിക്കാനാവില്ല. എന്തു സംഭവിച്ചേക്കാം എന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ പേടിയും അസ്വസ്ഥതയും തോന്നാൻ ഇടയാക്കുന്നെങ്കിൽ നമുക്ക് പ്രാർഥനയിൽ യഹോവയിലേക്കു തിരിയാം. മാർഗനിർദേശത്തിനും ജ്ഞാനത്തിനും സുബോധത്തിനുമായി അവന്റെ വചനത്തിലേക്കും സംഘടനയിലേക്കും നോക്കുക. ഏതു സാഹചര്യം ഉയർന്നു വന്നാലും അതിനെ നേരിടാനുള്ള സഹായം ലഭ്യമാണെന്നു നാം കണ്ടെത്തും.
ഹൃദയം ഭാരപ്പെടുകയും അസ്വസ്ഥമാകുകയും ചെയ്തിരുന്നപ്പോൾ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക [“ദൈവത്തിനായി കാത്തിരിക്കുക,” NW]; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.” (സങ്കീർത്തനം 42:11) അതുതന്നെ ആയിരിക്കട്ടെ നമ്മുടെയും വികാരങ്ങൾ.
അതേ, ന്യായമായും പ്രതീക്ഷിക്കാവുന്നതിനായി ആസൂത്രണം ചെയ്യുക, അപ്രതീക്ഷിതമായത് യഹോവയ്ക്കു വിടുക. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:7.
[23-ാം പേജിലെ ചിത്രം]
ദാവീദിനെപ്പോലെ, നിങ്ങളുടെ ഭാരങ്ങളും ഉത്കണ്ഠകളും നിങ്ങൾ യഹോവയുടെമേൽ ഇടുന്നുവോ?